കൊലൊസ്സ്യർ 2

Studie

   

1 നിങ്ങള്‍ക്കും ലവുദിക്യയിലുള്ളവര്‍ക്കും ജഡത്തില്‍ എന്റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവര്‍ക്കും വേണ്ടി,

2 അവര്‍ ക്രിസ്തുവെന്ന ദൈവ മര്‍മ്മത്തിന്റെ പരിജ്ഞാനവും വിവേകപൂര്‍ണ്ണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തില്‍ ഏകീഭവിച്ചിട്ടു ഹൃദയങ്ങള്‍ക്കു ആശ്വാസം ലഭിക്കേണം എന്നുവെച്ചു ഞാന്‍ എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങള്‍ അറിവാന്‍ ഞാന്‍ ഇച്ഛിക്കുന്നു.

3 അവനില്‍ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങള്‍ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു.

4 വശീകരണവാക്കുകൊണ്ടു ആരും നിങ്ങളെ ചതിക്കാതിരിപ്പാന്‍ ഞാന്‍ ഇതു പറയുന്നു.

5 ഞാന്‍ ശരീരംകൊണ്ടു ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ടു നിങ്ങളോടു കൂടെയുള്ളവനായി നിങ്ങളുടെ ക്രമവും ക്രസ്തുവില്‍ നിങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ സ്ഥിരതയും കണ്ടു സന്തോഷിക്കുന്നു.

6 ആകയാല്‍ നിങ്ങള്‍ കര്‍ത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയില്‍ നടപ്പിന്‍ ;

7 അവനില്‍ വേരൂന്നിയും ആത്മികവര്‍ദ്ധന പ്രാപിച്ചും നിങ്ങള്‍ക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താല്‍ ഉറെച്ചും സ്തോത്രത്തില്‍ കവിഞ്ഞും ഇരിപ്പിന്‍ .

8 തത്വജ്ഞാനവും വെറും വഞ്ചനയും കൊണ്ടു ആരും നിങ്ങളെ കവര്‍ന്നുകളായതിരിപ്പാന്‍ സൂക്ഷിപ്പിന്‍ ; അതു മനുഷ്യരുടെ സന്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യ പാഠങ്ങള്‍ക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല.

9 അവനിലല്ലോ ദൈവത്തിന്റെ സര്‍വ്വ സമ്പൂര്‍ണ്ണതയും ദേഹരൂപമായി വസിക്കുന്നതു.

10 എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയായ അവനില്‍ നിങ്ങള്‍ പരിപൂര്‍ണ്ണരായിരിക്കുന്നു.

11 അവനില്‍ നിങ്ങള്‍ക്കു ക്രിസ്തുവിന്റെ പരിച്ഛേദനയാല്‍ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാല്‍ തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു.

12 സ്നാനത്തില്‍ നിങ്ങള്‍ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താല്‍ അവനോടുകൂടെ നിങ്ങളും ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്തു.

13 അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചര്‍മ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവന്‍ , അവനോടുകൂടെ ജീവിപ്പിച്ചു;

14 അതിക്രമങ്ങള്‍ ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാല്‍ നമുക്കു വിരോധവും പ്രതിക്കുലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശില്‍ തറെച്ചു നടുവില്‍നിന്നു നീക്കിക്കളഞ്ഞു;

15 വാഴ്ചകളെയും അധികാരങ്ങളെയും ആയുധവര്‍ഗ്ഗം വെപ്പിച്ചു ക്രൂശില്‍ അവരുടെമേല്‍ ജയോത്സവം കൊണ്ടാടിഅവരെ പരസ്യമായ കാഴ്ചയാക്കി.

16 അതുകൊണ്ടു ഭക്ഷണപാനങ്ങള്‍ സംബന്ധിച്ചോ പെരുനാള്‍ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു.

17 ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു.

18 താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദര്‍ശനങ്ങളില്‍ പ്രവേശിക്കയും തന്റെ ജഡമനസ്സിനാല്‍ വെറുതെ ചീര്‍ക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവന്‍ ആരും നിങ്ങളെ വിരുതു തെറ്റിക്കരുതു.

19 തലയായവനില്‍ നിന്നല്ലോ ശരീരം മുഴുവന്‍ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളര്‍ച്ചപ്രാപിക്കുന്നു.

20 നിങ്ങള്‍ ക്രിസ്തുവിനോടുകൂടെ ലോകത്തിന്റെ ആദ്യപാഠങ്ങള്‍ സംബന്ധിച്ചു മരിച്ചു എങ്കില്‍ ലോകത്തില്‍ ജീവിക്കുന്നവരെപ്പോലെ

21 മാനുഷകല്പനകള്‍ക്കും ഉപദേശങ്ങള്‍ക്കും അനുസരണമായിപിടിക്കരുതു, രുചിക്കരുതു, തൊടരുതു എന്നുള്ള ചട്ടങ്ങള്‍ക്കു കീഴ്പെടുന്നതു എന്തു?

22 ഇതെല്ലാം ഉപയോഗത്താല്‍ നശിച്ചു പോകുന്നതത്രേ.

23 അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവര്‍ക്കും ജ്ഞാനത്തിന്റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.