1
രാജാവിന്റെ മനസ്സു അബ്ശാലോമിന്റെ നേരെ ചാഞ്ഞിരിക്കുന്നു എന്നു സെരൂയയുടെ മകനായ യോവാബ് അറിഞ്ഞപ്പോള്‍ തെക്കോവയിലേക്കു ആളയച്ചു
2
അവിടെനിന്നു വിവേകവതിയായ ഒരു സ്ത്രീയെ വരുത്തി അവളോടുമരിച്ചുപോയവനെക്കുറിച്ചു ഏറിയനാളായിട്ടു ദുഃഖിച്ചുകൊണ്ടിരിക്കുന്ന ഭാര്യയുടെ ഭാവത്തില്‍ നീ ദുഃഖംനടിച്ചും ദുഃഖവസ്ത്രം ധരിച്ചും തൈലം പൂശാതെയും
3
രാജാവിന്റെ അടുക്കല്‍ ചെന്നു അവനോടു ഇന്നിന്നപ്രകാരം സംസാരിക്കേണം എന്നു പറഞ്ഞു; യോവാബ് വാചകം അവള്‍ക്കു ഉപദേശിച്ചുകൊടുത്തു.
4
ഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോടു സംസാരിപ്പാന്‍ ചെന്നു സാഷ്ടാംഗം വീണു നമസ്കരിച്ചുരാജാവേ, രക്ഷിക്കേണമേ എന്നു പറഞ്ഞു.
5
രാജാവു അവളോടുനിനക്കു എന്തുവേണം എന്നു ചോദിച്ചതിന്നു അവള്‍ പറഞ്ഞതുഅടിയന്‍ ഒരു വിധവ ആകുന്നു; ഭര്‍ത്താവു മരിച്ചുപോയി.
6
എന്നാല്‍ അടിയന്നു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവര്‍ വയലില്‍വെച്ചു തമ്മില്‍ കലഹിച്ചു; അവരെ പിടിച്ചുമാറ്റുവാന്‍ ആരും ഇല്ലായ്കകൊണ്ടു ഒരുത്തന്‍ മറ്റവനെ അടിച്ചുകൊന്നു.
7
കുലം മുഴുവനും അടിയന്റെ നേരെ എഴുന്നേറ്റുസഹോദരഘാതകനെ ഏല്പിച്ചുതരിക; അവന്‍ കൊന്ന സഹോദരന്റെ ജീവന്നു പകരം അവനെ കൊന്നു അങ്ങനെ അവകാശിയെയും നശിപ്പിക്കട്ടെ എന്നു പറയുന്നു; ഇങ്ങനെ അവര്‍ എന്റെ ഭര്‍ത്താവിന്നു പേരും സന്തതിയും ഭൂമിയില്‍ വെച്ചേക്കാതെ എനിക്കു ശേഷിച്ചിരിക്കുന്ന കനലും കെടുത്തുകളവാന്‍ ഭാവിക്കുന്നു.
8
രാജാവു സ്ത്രീയോടുനിന്റെ വീട്ടിലേക്കു പോക; ഞാന്‍ നിന്റെ കാര്യത്തില്‍ കല്പന കൊടുക്കും എന്നു പറഞ്ഞു.
9
ആ തെക്കോവക്കാരത്തി രാജാവിനാടുഎന്റെ യജമാനനായ രാജാവേ, കുറ്റം എന്റെ മേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ; രാജാവിന്നും സിംഹാസനത്തിന്നും കുറ്റമില്ലാതെ ഇരിക്കട്ടെ എന്നു പറഞ്ഞു.
10
അതിന്നു രാജാവുനിന്നോടു വല്ലതും പറയുന്നവനെ എന്റെ അടുക്കല്‍ കൊണ്ടുവരിക; അവന്‍ പിന്നെ നിന്നെ തൊടുകയില്ല എന്നു പറഞ്ഞു.
11
രക്തപ്രതികാരകന്‍ അധികം സംഹാരം ചെയ്കയും എന്റെ മകനെ അവര്‍ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന്നു രാജാവു ദൈവമായ യഹോവയെ ഔര്‍ക്കേണമേ എന്നു അവള്‍ പറഞ്ഞു. അതിന്നു അവന്‍ യഹോവയാണ, നിന്റെ മകന്റെ ഒരു രോമം പോലും നിലത്തു വീഴുകയില്ല എന്നു പറഞ്ഞു.
12
അപ്പോള്‍ ആ സ്ത്രീയജമാനനായ രാജാവിനോടു അടിയന്‍ ഒരു വാക്കു ബോധിപ്പിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു. പറക എന്നു അവന്‍ പറഞ്ഞു.
13
ആ സ്ത്രീ പറഞ്ഞതുഇങ്ങനെയുള്ള കാര്യം നീ ദൈവത്തിന്റെ ജനത്തിന്നു വിരോധമായി വിചാരിക്കുന്നതു എന്തു? രാജാവു തന്റെ ഭ്രഷ്ടനെ മടക്കി വരുത്താഞ്ഞതിനാല്‍ ഇപ്പോള്‍ കല്പിച്ച വചനംകൊണ്ടു രാജാവു തന്നേ കുറ്റക്കാരനെന്നു വന്നുവല്ലോ.
14
നാം മരിക്കേണ്ടുന്നവരല്ലോനിലത്തു ഒഴിച്ചുകളഞ്ഞതും വീണ്ടും ചേര്‍ത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവന്‍ തനിക്കു ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാര്‍ഗ്ഗം ചിന്തിക്കുന്നു.
15
ഞാന്‍ ഇപ്പോള്‍ യജമാനനായ രാജാവിനെ ഈ കാര്യം ഉണര്‍ത്തിപ്പാന്‍ വന്നതു ജനം എന്നെ ഭയപ്പെടുത്തുകകൊണ്ടാകുന്നു; അതുകൊണ്ടു ഇപ്പോള്‍ രാജാവിനെ ഉണര്‍ത്തിക്കട്ടെ. പക്ഷേ രാജാവു അടിയന്റെ അപേക്ഷ പ്രകാരം ചെയ്യുമായിരിക്കും;
16
രാജാവു കേട്ടു എന്നെയും എന്റെ മകനെയും ഒന്നിച്ചു ദൈവത്തിന്റെ അവകാശത്തില്‍നിന്നു നശിപ്പിപ്പാന്‍ ഭാവിക്കുന്നവന്റെ കയ്യില്‍നിന്നു വിടുവിക്കുമല്ലോ എന്നു അടിയന്‍ വിചാരിച്ചു.
17
യജമാനനായ രാജാവിന്റെ കല്പന ആശ്വാസമായിരിക്കട്ടെ; ഗുണവും ദോഷവും തിരിച്ചറിവാന്‍ യജമാനനായ രാജാവു ഒരു ദൈവദൂതനെപ്പോലെ ഇരിക്കുന്നു എന്നും അടിയന്‍ വിചാരിച്ചു. അതുകൊണ്ടു നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.
18
രാജാവു സ്ത്രീയോടുഞാന്‍ നിന്നോടു ഒരു കാര്യം ചോദിക്കുന്നു; അതു എന്നോടു മറെച്ചുവെക്കരുതു എന്നു പറഞ്ഞു. യജമാനനായ രാജാവു കല്പിച്ചാലും എന്നു സ്ത്രീ പറഞ്ഞു.
19
അപ്പോള്‍ രാജാവുഇതിലൊക്കെയും യോവാബിന്റെ കൈ ഇല്ലയോ എന്നു ചോദിച്ചതിന്നു സ്ത്രീ ഉത്തരം പറഞ്ഞതുയജമാനനായ രാജാവേ, നിന്റെ ജീവനാണ, യജമാനനായ രാജാവു അരുളിച്ചെയ്താല്‍ വലത്തോട്ടോ ഇടത്തോട്ടോ ആര്‍ക്കും മാറിക്കൂടാ; നിന്റെ ഭൃത്യനായ യോവാബ് തന്നേ ആകുന്നു ഇതു അടിയനോടു കല്പിച്ചതു; അവന്‍ തന്നേ ഈ വാചകമൊക്കെയും അടിയന്നു ഉപദേശിച്ചുതന്നതു.
20
കാര്യത്തിന്റെ രൂപം മാറ്റേണ്ടതിന്നു നിന്റെ ഭൃത്യനായ യോവാബ് ഇതു ചെയ്തിരിക്കുന്നു; എന്നാല്‍ ഭൂമിയിലുള്ളതൊക്കെയും അറിവാന്‍ ഒരു ദൈവദൂതന്റെ ജ്ഞാനത്തിന്നൊത്തവണ്ണം എന്റെ യജമാനന്‍ ജ്ഞാനമുള്ളവനാകുന്നു.
21
രാജാവു യോവാബിനോടുഞാന്‍ ഈ കാര്യം സമ്മതിച്ചിരിക്കുന്നു; അതുകൊണ്ടു നീ ചെന്നു അബ്ശാലോംകുമാരനെ കൊണ്ടുവരിക എന്നു കല്പിച്ചു.
22
യോവാബ് സാഷ്ടാംഗം വീണു നമസ്കരിച്ചു രാജാവിനെ അഭിനന്ദിച്ചുയജമാനനായ രാജാവേ, അടിയന്റെ വാക്കു പോലെ രാജാവു ചെയ്തതുകൊണ്ടു അടിയന്നു തിരുമുമ്പില്‍ കൃപ ലഭിച്ചു എന്നു അടിയന്‍ ഇന്നു അറിയുന്നു എന്നു യോവാബ് പറഞ്ഞു.
23
അങ്ങനെ യോവാബ് പുറപ്പെട്ടു ഗെശൂരില്‍ ചെന്നു അബ്ശാലോമിനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു വന്നു.
24
എന്നാല്‍ രാജാവുഅവന്‍ തന്റെ വീട്ടിലേക്കു പോകട്ടെ; എന്റെ മുഖം അവന്‍ കാണരുതു എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ വീട്ടില്‍ പോയി; രാജാവിന്റെ മുഖം കണ്ടതുമില്ല.
25
എന്നാല്‍ എല്ലായിസ്രായേലിലും സൌന്ദര്യംകൊണ്ടു അബ്ശാലോമിനോളം ശ്ളാഘ്യനായ ഒരുത്തനും ഉണ്ടായിരുന്നില്ല; അടിതൊട്ടു മുടിവരെ അവന്നു ഒരു ഊനവും ഇല്ലായിരുന്നു.
26
അവന്‍ തന്റെ തലമുടി ആണ്ടുതോറും കത്രിപ്പിച്ചുകളയും; അതു തനിക്കു ഭാരമായിരിക്കയാല്‍ അത്രേ കത്രിപ്പിച്ചതു; അവന്റെ തലമുടി കത്രിച്ചാല്‍ രാജതൂക്കത്തിന്നു ഇരുനൂറു ശേക്കെല്‍ കാണും.
27
അബ്ശാലോമിന്നു മൂന്നു പുത്രന്മാരും താമാര്‍ എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു; അവള്‍ സൌന്ദര്യമുള്ള സ്ത്രീ ആയിരുന്നു.
28
രാജാവിന്റെ മുഖം കാണാതെ അബ്ശാലോം രണ്ടു സംവത്സരം മുഴുവനും യെരൂശലേമില്‍ പാര്‍ത്തു.
29
ആകയാല്‍ അബ്ശാലോം യോവാബിനെ രാജാവിന്റെ അടുക്കല്‍ അയക്കേണ്ടതിന്നു അവനെ വിളിപ്പാന്‍ ആളയച്ചു. എന്നാല്‍ അവന്‍ അവന്റെ അടുക്കല്‍ ചെന്നില്ല. രണ്ടാമതു പറഞ്ഞയച്ചിട്ടും അവന്‍ ചെന്നില്ല.
30
അതുകൊണ്ടു അവന്‍ തന്റെ ഭൃത്യന്മാരോടുഎന്റെ നിലത്തിന്നരികെ യോവാബിന്നു ഒരു നിലം ഉണ്ടല്ലോ; അതില്‍ യവം വിളഞ്ഞുകിടക്കുന്നു; നിങ്ങള്‍ ചെന്നു അതു തീവെച്ചു ചുട്ടുകളവിന്‍ എന്നു പറഞ്ഞു. അങ്ങനെ അബ്ശാലോമിന്റെ ഭൃത്യന്മാര്‍ ആ കൃഷി ചുട്ടുകളഞ്ഞു.
31
അപ്പോള്‍ യോവാബ് എഴുന്നേറ്റു അബ്ശാലോമിന്റെ വീട്ടില്‍ ചെന്നു അവനോടുനിന്റെ ഭൃത്യന്മാര്‍ എന്റെ കൃഷി ചുട്ടുകളഞ്ഞതു എന്തു എന്നു ചോദിച്ചു.
32
അബ്ശാലോം യോവാബിനോടുഞാന്‍ ഗെശൂരില്‍നിന്നു എന്തിന്നു വന്നിരിക്കുന്നു? ഞാന്‍ അവിടെത്തന്നേ പാര്‍ത്തിരുന്നെങ്കില്‍ കൊള്ളായിരുന്നു എന്നു രാജാവിനോടു പറവാന്‍ നിന്നെ അവന്റെ അടുക്കല്‍ അയക്കേണ്ടതിന്നു നീ ഇവിടെ വരേണം എന്നു ഞാന്‍ പറഞ്ഞയച്ചുവല്ലോ; എനിക്കു ഇപ്പോള്‍ രാജാവിന്റെ മുഖം കാണേണം; എന്നില്‍ കുറ്റം ഉണ്ടെങ്കില്‍ അവന്‍ എന്നെ കൊല്ലട്ടെ എന്നു പറഞ്ഞു.
33
യോവാബ് രാജാവിന്റെ അടുക്കല്‍ ചെന്നു വസ്തുത അറിയിച്ചു; അവന്‍ അബ്ശാലോമിനെ വിളിപ്പിച്ചു; അവന്‍ രാജാവിന്റെ അടുക്കല്‍ ചെന്നു രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവു അബ്ശാലോമിനെ ചുംബിച്ചു.