चरण 106

पढाई करना

     

രാജാക്കന്മാർ 1 20:26-43

26 പിറ്റെ ആണ്ടില്‍ ബെന്‍ -ഹദദ് അരാമ്യരെ എണ്ണിനോക്കി യിസ്രായേലിനോടു യുദ്ധംചെയ്‍വാന്‍ അഫേക്കിന്നു പുറപ്പെട്ടുവന്നു.

27 യിസ്രായേല്യരെയും എണ്ണിനോക്കി; അവര്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എടുത്തു അവരുടെ നേരെ പുറപ്പെട്ടു; യിസ്രായേല്യര്‍ ആട്ടിന്‍ കുട്ടികളുടെ രണ്ടു ചെറിയ കൂട്ടംപോലെ അവരുടെ നേരെ പാളയം ഇറങ്ങി; അരാമ്യരോ ദേശത്തു നിറഞ്ഞിരുന്നു.

28 ഒരു ദൈവപുരുഷന്‍ അടുത്തുവന്നു യിസ്രായേല്‍ രാജാവിനോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയഹോവ പര്‍വ്വതദേവനാകുന്നു; താഴ്വരദേവനല്ല എന്നു അരാമ്യര്‍ പറകകൊണ്ടു ഞാന്‍ ഈ മഹാസംഘത്തെ ഒക്കെയും നിന്റെ കയ്യില്‍ ഏല്പിക്കും; ഞാന്‍ യഹോവ തന്നേ എന്നു നിങ്ങള്‍ അറിയും എന്നു പറഞ്ഞു.

29 എന്നാല്‍ അവര്‍ അവരുടെ നേരെ ഏഴുദിവസം പാളയം ഇറങ്ങിയിരുന്നു; ഏഴാം ദിവസം പടയുണ്ടായി; യിസ്രായേല്യര്‍ അരാമ്യരില്‍ ഒരു ലക്ഷം കാലാളുകളെ ഒരു ദിവസം തന്നേ കൊന്നു.

30 ശേഷിച്ചവര്‍ അഫേക്‍ പട്ടണത്തിലേക്കു ഔടിപ്പോയി; ശേഷിച്ചിരുന്ന ഇരുപത്തേഴായിരം പേരുടെമേല്‍ പട്ടണമതില്‍ വീണു. ബെന്‍ -ഹദദും ഔടി പട്ടണത്തിന്നകത്തു കടന്നു ഒരു ഉള്ളറയില്‍ ഒളിച്ചു.

31 അവന്റെ ഭൃത്യന്മാര്‍ അവനോടുയിസ്രായേല്‍ ഗൃഹത്തിലെ രാജാക്കന്മാര്‍ ദയയുള്ള രാജാക്കന്മാര്‍ എന്നു ഞങ്ങള്‍ കേട്ടിട്ടുണ്ടു; ഞങ്ങള്‍ അരെക്കു രട്ടും തലയില്‍ കയറും കെട്ടി യിസ്രായേല്‍രാജാവിന്റെ അടുക്കല്‍ ചെല്ലട്ടെ; പക്ഷേ അവന്‍ നിന്നെ ജീവനോടു രക്ഷിക്കും എന്നു പറഞ്ഞു.

32 അങ്ങനെ അവര്‍ അരെക്കു രട്ടും തലയില്‍ കയറും കെട്ടി യിസ്രായേല്‍രാജാവിന്റെ അടുക്കല്‍ ചെന്നുഎന്റെ ജീവനെ രക്ഷിക്കേണമേ എന്നു നിന്റെ ദാസനായ ബെന്‍ -ഹദദ് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവന്‍ അവന്‍ ജീവനോടെ ഇരിക്കുന്നുവോ? അവന്‍ എന്റെ സഹോദരന്‍ തന്നേ എന്നു പറഞ്ഞു.

33 ആ പുരുഷന്മാര്‍ അതു ശുഭല്കഷണം എന്നു ധരിച്ചു ബദ്ധപ്പെട്ടു അവന്റെ വാക്കു പിടിച്ചുഅതേ, നിന്റെ സഹോദരന്‍ ബെന്‍ -ഹദദ് എന്നു പറഞ്ഞു. അതിന്നു അവന്‍ നിങ്ങള്‍ ചെന്നു അവനെ കൂട്ടിക്കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. ബെന്‍ -ഹദദ് അവന്റെ അടുക്കല്‍ പുറത്തേക്കു വന്നു; അവന്‍ അവനെ രഥത്തില്‍ കയറ്റി.

34 അവന്‍ അവനോടുഎന്റെ അപ്പന്‍ നിന്റെ അപ്പനോടു പിടിച്ചടക്കിയ പട്ടണങ്ങളെ ഞാന്‍ മടക്കിത്തരാം; എന്റെ അപ്പന്‍ ശമര്യയില്‍ ഉണ്ടാക്കിയതു പോലെ നീ ദമ്മേശെക്കില്‍ നിനക്കു തെരുവീഥികളെ ഉണ്ടാക്കിക്കൊള്‍ക എന്നു പറഞ്ഞു. അതിന്നു ആഹാബ്ഈ ഉടമ്പടിയിന്മേല്‍ ഞാന്‍ നിന്നെ വിട്ടയക്കാം എന്നു പറഞ്ഞു. അങ്ങനെ അവന്‍ അവനോടു ഉടമ്പടി ചെയ്തു അവനെ വിട്ടയച്ചു.

35 എന്നാല്‍ പ്രവാചകശിഷ്യന്മാരില്‍ ഒരുത്തന്‍ യഹോവയുടെ കല്പനപ്രകാരം തന്റെ ചങ്ങാതിയോടുഎന്നെ അടിക്കേണമേ എന്നു പറഞ്ഞു. എന്നാല്‍ അവന്നു അവനെ അടിപ്പാന്‍ മനസ്സായില്ല.

36 അവന്‍ അവനോടുനീ യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു നീ എന്നെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം നിന്നെ കൊല്ലും എന്നു പറഞ്ഞു. അവന്‍ അവനെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം അവനെ കണ്ടു കൊന്നുകളഞ്ഞു.

37 പിന്നെ അവന്‍ മറ്റൊരുത്തനെ കണ്ടുഎന്നെ അടിക്കേണമേ എന്നു പറഞ്ഞു. അവന്‍ അവനെ അടിച്ചു മുറിവേല്പിച്ചു.

38 പ്രവാചകന്‍ ചെന്നു വഴിയില്‍ രാജാവിനെ കാത്തിരുന്നു; അവന്‍ തലപ്പാവു കണ്ണുവരെ താഴ്ത്തിക്കെട്ടി വേഷംമാറിനിന്നു.

39 രാജാവു കടന്നു പോകുമ്പോള്‍ അവന്‍ രാജാവിനോടു വിളിച്ചുപറഞ്ഞതുഅടിയന്‍ പടയുടെ നടുവില്‍ ചെന്നിരുന്നു; അപ്പോള്‍ ഇതാ, ഒരുത്തന്‍ തിരിഞ്ഞു എന്റെ അടുക്കല്‍ ഒരാളെ കൊണ്ടുവന്നുഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെപോയാല്‍ നിന്റെ ജീവന്‍ അവന്റെ ജീവന്നു പകരം ഇരിക്കും; അല്ലെങ്കില്‍ നീ ഒരു താലന്ത് വെള്ളി തൂക്കി തരേണ്ടിവരും എന്നു പറഞ്ഞു.

40 എന്നാല്‍ അടിയന്‍ അങ്ങുമിങ്ങും ബദ്ധപ്പാടായിരിക്കുമ്പോള്‍ അവനെ കാണാതെപോയി. അതിന്നു യിസ്രായേല്‍രാജാവു അവനോടുനിന്റെ വിധി അങ്ങനെ തന്നേ ആയിരിക്കട്ടെ; നീ തന്നേ തീര്‍ച്ചയാക്കിയല്ലോ എന്നു പറഞ്ഞു.

41 തല്‍ക്ഷണം അവന്‍ കണ്ണിന്മേല്‍ നിന്നു തലപ്പാവു നീക്കി; അപ്പോള്‍ അവന്‍ ഒരു പ്രവാചകനെന്നു യിസ്രായേല്‍രാജാവു അറിഞ്ഞു.

42 അവന്‍ അവനോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനാശത്തിന്നായിട്ടു ഞാന്‍ നിയമിച്ച ആളെ നീ വിട്ടയച്ചുകളകകൊണ്ടു നിന്റെ ജീവന്‍ അവന്റെ ജീവന്നും നിന്റെ ജനം അവന്റെ ജനത്തിന്നും പകരമായിരിക്കും എന്നു പറഞ്ഞു.

43 അതുകൊണ്ടു യിസ്രായേല്‍രാജാവു വ്യസനവും നീരസവും ഉള്ളവനായി അരമനയിലേക്കു പുറപ്പെട്ടു ശമര്യയില്‍ എത്തി.

രാജാക്കന്മാർ 1 21

1 അതിന്റെ ശേഷം സംഭവിച്ചതുയിസ്രെയേല്യനായ നാബോത്തിന്നു യിസ്രെയേലില്‍ ശമര്യരാജാവായ ആഹാബിന്റെ അരമനയുടെ സമീപത്തു ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.

2 ആഹാബ് നാബോത്തിനോടുനിന്റെ മുന്തിരിത്തോട്ടം എനിക്കു ചീരത്തോട്ടം ആക്കുവാന്‍ തരേണം; അതു എന്റെ അരമനെക്കു സമീപമല്ലോ. അതിന്നു പകരം ഞാന്‍ അതിനെക്കാള്‍ വിശേഷമായോരു മുന്തിരിത്തോട്ടം നിനക്കു തരാം; അല്ല, നിനക്കു സമ്മതമെങ്കില്‍ ഞാന്‍ അതിന്റെ വില നിനക്കു പണമായിട്ടു തരാം എന്നു പറഞ്ഞു.

3 നാബോത്ത് ആഹാബിനോടുഞാന്‍ എന്റെ പിതാക്കന്മാരുടെ അവകാശം നിനക്കു തരുവാന്‍ യഹോവ സംഗതിവരുത്തരുതേ എന്നു പറഞ്ഞു.

4 യിസ്രെയേല്യനായ നാബോത്ത്എന്റെ പിതാക്കന്മാരുടെ അവകാശം ഞാന്‍ നിനക്കു തരികയില്ല എന്നു തന്നോടു പറഞ്ഞ വാക്കുനിമിത്തം ആഹാബ് വ്യസനവും നീരസവും പൂണ്ടു തന്റെ അരമനയിലേക്കു ചെന്നു; ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേല്‍ മുഖം തിരിച്ചു കിടന്നു.

5 അപ്പോള്‍ അവന്റെ ഭാര്യ ഈസേബെല്‍ അവന്റെ അടുക്കല്‍ വന്നുഭക്ഷണം ഒന്നും കഴിക്കാതെ ഇത്ര വ്യസനിച്ചിരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.

6 അവന്‍ അവളോടുഞാന്‍ യിസ്രെയേല്യനായ നാബോത്തിനോടുനിന്റെ മുന്തിരിത്തോട്ടം എനിക്കു വിലെക്കു തരേണം; അല്ല, നിനക്കു സമ്മതമെങ്കില്‍ അതിന്നു പകരം വേറെ മുന്തിരത്തോട്ടം ഞാന്‍ നിനക്കു തരാമെന്നു പറഞ്ഞു; എന്നാല്‍ അവന്‍ ഞാന്‍ എന്റെ മുന്തിരിത്തോട്ടം നിനക്കു തരികയില്ല എന്നു പറഞ്ഞതുകൊണ്ടത്രേ എന്നു പറഞ്ഞു.

7 അവന്റെ ഭാര്യ ഈസേബെല്‍ അവനോടുനീ ഇന്നു യിസ്രായേലില്‍ രാജ്യഭാരം വഹിക്കുന്നുവോ? എഴുന്നേറ്റു ഭക്ഷണം കഴിക്ക; നിന്റെ മനസ്സു തെളിയട്ടെ; യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാന്‍ നിനക്കു തരും എന്നു പറഞ്ഞു.

8 അങ്ങനെ അവള്‍ ആഹാബിന്റെ പേര്‍വെച്ചു എഴുത്തു എഴുതി അവന്റെ മുദ്രകൊണ്ടു മുദ്രയിട്ടു; എഴുത്തു നാബോത്തിന്റെ പട്ടണത്തില്‍ പാര്‍ക്കുംന്ന മൂപ്പന്മാര്‍ക്കും പ്രധാനികള്‍ക്കും അയച്ചു.

9 എഴുത്തില്‍ അവള്‍ എഴുതിയിരുന്നതെന്തെന്നാല്‍നിങ്ങള്‍ ഒരു ഉപവാസം പ്രസിദ്ധമാക്കി നാബോത്തിനെ ജനത്തിന്റെ ഇടയില്‍ പ്രധാനസ്ഥലം കൊടുത്തു ഇരുത്തുവിന്‍ .

10 നീചന്മാരായ രണ്ടാളുകളെ അവന്നെതിരെ നിര്‍ത്തിഅവന്‍ ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്നു അവന്നു വിരോധമായി സാക്ഷ്യം പറയിപ്പിന്‍ ; പിന്നെ നിങ്ങള്‍ അവനെ പുറത്തു കൊണ്ടുചെന്നു കല്ലെറിഞ്ഞുകൊല്ലേണം.

11 അവന്റെ പട്ടണത്തില്‍ പാര്‍ക്കുംന്ന മൂപ്പന്മാരും പ്രധാനികളുമായ പൌരന്മാര്‍ ഈസേബെല്‍ പറഞ്ഞയച്ചതു പോലെയും അവള്‍ കൊടുത്തയച്ച എഴുത്തില്‍ എഴുതിയിരുന്നതുപോലെയും ചെയ്തു.

12 അവര്‍ ഉപവാസം പ്രസിദ്ധംചെയ്തു, നാബോത്തിനെ ജനത്തിന്റെ ഇടയില്‍ പ്രധാനസ്ഥലത്തിരുത്തി.

13 നീചന്മാരായ രണ്ടു ആളുകള്‍ വന്നു അവന്റെ നേരെ ഇരുന്നു; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്നു ആ നീചന്മാര്‍ ജനത്തിന്റെ മുമ്പില്‍ അവന്നു വിരോധമായി, നാബോത്തിന്നു വിരോധമായി തന്നേ, സാക്ഷ്യം പറഞ്ഞു. അവര്‍ അവനെ പട്ടണത്തിന്നു പുറത്തു കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നുകളഞ്ഞു.

14 നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്നു അവര്‍ ഈസേബെലിന്നു വര്‍ത്തമാനം പറഞ്ഞയച്ചു.

15 നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്നു ഈസേബെല്‍ കേട്ടപ്പോള്‍ അവള്‍ ആഹാബിനോടുനീ എഴുന്നേറ്റു നിനക്കു വിലെക്കു തരുവാന്‍ മനസ്സില്ലാത്ത യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കിക്കൊള്‍ക; നാബോത്ത് ജീവനോടെയില്ല; മരിച്ചുപോയി എന്നു പറഞ്ഞു.

16 നാബോത്ത് മരിച്ചു എന്നു കേട്ടപ്പോള്‍ ആഹാബ് എഴുന്നേറ്റു യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാന്‍ അവിടേക്കു പോയി.

17 എന്നാല്‍ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന്നുണ്ടായതെന്തെന്നാല്‍

18 നീ എഴുന്നേറ്റു ശമര്യയിലെ യിസ്രായേല്‍രാജാവായ ആഹാബിനെ എതിരേല്പാന്‍ ചെല്ലുക; ഇതാ, അവന്‍ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാന്‍ അവിടേക്കു പോയിരിക്കുന്നു.

19 നീ അവനോടുനീ കുലചെയ്കയും കൈവശമാക്കുകയും ചെയ്തുവോ എന്നു യഹോവ ചോദിക്കന്നു. നായ്ക്കള്‍ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തു വെച്ചു തന്നേ നിന്റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു എന്നു നീ അവനോടു പറക.

20 ആഹാബ് ഏലീയാവോടുഎന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ എന്നു പറഞ്ഞു. അതിന്നു അവന്‍ പറഞ്ഞതെന്തെന്നാല്‍അതേ, ഞാന്‍ കണ്ടെത്തി. യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ നീ നിന്നെ വിറ്റുകളഞ്ഞതുകൊണ്ടു

21 ഞാന്‍ നിന്റെ മേല്‍ അനര്‍ത്ഥം വരുത്തും; നിന്നെ അശേഷം നിര്‍മ്മൂലമാക്കി യിസ്രായേലില്‍ അഹാബിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെ ഒക്കെയും ഞാന്‍ നിഗ്രഹിച്ചുകളയും.

22 നീ എന്നെ കോപിപ്പിക്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്തതുകൊണ്ടു ഞാന്‍ നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.

23 ഈസേബെലിനെക്കുറിച്ചു യഹോവ അരുളിച്ചെയ്തതുനായ്ക്കള്‍ ഈസേബെലിനെ യിസ്രെയേലിന്റെ മതിലരികെവെച്ചു തിന്നുകളയും.

24 ആഹാബിന്റെ സന്തതിയില്‍ പട്ടണത്തില്‍ വെച്ചു മരിക്കുന്നവനെ നായ്ക്കള്‍ തിന്നും; വയലില്‍വെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികള്‍ തിന്നും.

25 എന്നാല്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ തന്നെത്താന്‍ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല; അവന്റെ ഭാര്യ ഈസേബെല്‍ അവനെ അതിന്നായി ഉത്സാഹിപ്പിച്ചിരുന്നു.

26 യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നീക്കക്കളഞ്ഞ അമോര്യര്‍ ചെയ്തതുപോലെയൊക്കെയും അവന്‍ വിഗ്രഹങ്ങളെ ചെന്നു സേവിച്ചു മഹാമ്ളേച്ഛത പ്രവര്‍ത്തിച്ചു.

27 ആഹാബ് ആ വാക്കു കേട്ടപ്പോള്‍ വസ്ത്രം കീറി, തന്റെ ദേഹം പറ്റെ രട്ടുടുത്തുകൊണ്ടു ഉപവസിച്ചു, രട്ടില്‍ തന്നേ കിടക്കുകയും സാവധാനമായി നടക്കയും ചെയ്തു.

28 അപ്പോള്‍ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന്നു ഉണ്ടായി

29 ആഹാബ് എന്റെ മുമ്പാകെ തന്നെത്താന്‍ താഴ്ത്തിയതു കണ്ടുവോ? അവന്‍ എന്റെ മുമ്പാകെ തന്നെത്താന്‍ താഴ്ത്തിയതുകൊണ്ടു ഞാന്‍ അവന്റെ ജീവകാലത്തു അനര്‍ത്ഥം വരുത്താതെ അവന്റെ മകന്റെ കാലത്തു അവന്റെ ഗൃഹത്തിന്നു അനര്‍ത്ഥം വരുത്തും എന്നു കല്പിച്ചു.

രാജാക്കന്മാർ 1 22

1 അരാമും യിസ്രായേലും മൂന്നു സംവത്സരം തമ്മില്‍ യുദ്ധം കൂടാതെ പാര്‍ത്തു.

2 മൂന്നാം ആണ്ടിലോ യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേല്‍രാജാവിന്റെ അടുക്കല്‍ ചെന്നു.

3 യിസ്രായേല്‍രാജാവു തന്റെ ഭൃത്യന്മാരോടുഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങള്‍ അറിയുന്നുവോ? നാം അതിനെ അരാംരാജാവിന്റെ കയ്യില്‍ നിന്നു പിടിക്കാതെ അടങ്ങിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

4 അവന്‍ യെഹോശാഫാത്തിനോടുനീ എന്നോടുകൂടെ ഗിലെയാദിലെരാമോത്തില്‍ യുദ്ധത്തിന്നു പോരുമോ? എന്നു ചോദിച്ചു. അതിന്നു യെഹോശാഫാത്ത് യിസ്രായേല്‍രാജാവിനോടുഞാനും നീയും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.

5 എന്നാല്‍ യെഹോശാഫാത്ത് യിസ്രായേല്‍രാജാവിനോടുഇന്നു യഹോവയുടെ അരുളപ്പാടു ചോദിച്ചാലും എന്നു പറഞ്ഞു.

6 അങ്ങനെ യിസ്രായേല്‍രാജാവു ഏകദേശം നാനൂറു പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോടുഞാന്‍ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവര്‍ പുറപ്പെടുക; കര്‍ത്താവു അതു രാജാവിന്റെ കയ്യില്‍ ഏല്പിക്കും എന്നു പറഞ്ഞു.

7 എന്നാല്‍ യെഹോശാഫാത്ത്നാം അരുളപ്പാടു ചോദിക്കേണ്ടതിന്നു യഹോവയുടെ പ്രവാചകനായിട്ടു ഇവിടെ ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.

8 അതിന്നു യിസ്രായേല്‍രാജാവു യെഹോശാഫാത്തിനോടുനാം യഹോവയോടു അരുളപ്പാടു ചോദിപ്പാന്‍ തക്കവണ്ണം ഇനി യിമ്ളയുടെ മകനായ മീഖായാവു എന്നൊരുത്തന്‍ ഉണ്ടു. എന്നാല്‍ അവന്‍ എന്നെക്കുറിച്ചു ഗണമല്ല ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനോടു ഇഷ്ടമില്ല എന്നു പറഞ്ഞു. രാജാവു അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.

9 അങ്ങനെ യിസ്രായേല്‍രാജാവു ഒരു ഷണ്ഡനെ വിളിച്ചു, യിമ്ളയുടെ മകനായ മീഖായാവെ വേഗത്തില്‍ കൂട്ടിക്കൊണ്ടുവരുവാന്‍ കല്പിച്ചു.

10 യിസ്രായേല്‍ രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമര്യയുടെ പടിവാതില്‍ പ്രവേശനത്തിങ്കല്‍ ഒരു വിശാലസ്ഥലത്തു സിംഹാസനത്തില്‍ ഇരുന്നു; പ്രവാചകന്മാര്‍ ഒക്കെയും അവരുടെ സന്നിധിയില്‍ പ്രവചിച്ചുകൊണ്ടിരുന്നു.

11 കെനയനയുടെ മകനായ സിദെക്കീയാവു തനിക്കു ഇരിമ്പു കൊണ്ടു കൊമ്പു ഉണ്ടാക്കിഇവകൊണ്ടു നീ അരാമ്യരെ അവര്‍ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

12 പ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചുഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാര്‍ത്ഥനാകും; യഹോവ അതു രാജാവിന്റെ കയ്യില്‍ ഏല്പിക്കും എന്നു പറഞ്ഞു.

13 മീഖായാവെ വിളിപ്പാന്‍ പോയ ദൂതന്‍ അവനോടുനോകൂ, പ്രവാചകന്മാരുടെ വാക്കുകള്‍ ഒരുപോലെ രാജാവിന്നു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരില്‍ ഒരുത്തന്റേതുപോലെ ഇരിക്കേണം; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു.

14 അതിന്നു മീഖായാവുയഹോവയാണ, യഹോവ എന്നോടു അരുളിച്ചെയ്യുന്നതു തന്നേ ഞാന്‍ പ്രസ്താവിക്കും എന്നു പറഞ്ഞു.

15 അവന്‍ രാജാവിന്റെ അടുക്കല്‍ വന്നപ്പോള്‍ രാജാവു അവനോടുമീഖായാവേ, ഞങ്ങള്‍ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവന്‍ പുറപ്പെടുവിന്‍ ; നിങ്ങള്‍ കൃതാര്‍ത്ഥരാകും; യഹോവ അതു രാജാവിന്റെ കയ്യില്‍ ഏല്പിക്കും എന്നു പറഞ്ഞു.

16 രാജാവു അവനോടുനീ യഹോവയുടെ നാമത്തില്‍ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്നും എത്ര പ്രാവശ്യം ഞാന്‍ നിന്നോടു സത്യം ചെയ്തു പറയേണം എന്നു ചോദിച്ചു.

17 അതിന്നു അവന്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേല്‍ ഒക്കെയും പര്‍വ്വതങ്ങളില്‍ ചിതറിയിരിക്കുന്നതു ഞാന്‍ കണ്ടു; അപ്പോള്‍ യഹോവഇവര്‍ക്കും നാഥനില്ല; അവര്‍ ഔരോരുത്തന്‍ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു.

18 അപ്പോള്‍ യിസ്രായേല്‍രാജാവു യെഹോശാഫാത്തിനോടുഇവന്‍ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ലെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.

19 അതിന്നു അവന്‍ പറഞ്ഞതുഎന്നാല്‍ നീ യഹോവയുടെ വചനം കേള്‍ക്കയഹോവ തന്റെ സിംഹാസനത്തില്‍ ഇരിക്കുന്നതും സ്വര്‍ഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കല്‍ വലത്തും ഇടത്തും നിലക്കുന്നതും ഞാന്‍ കണ്ടു.

20 ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തില്‍വെച്ചു പട്ടുപോകത്തക്കവണ്ണം അവനെ ആര്‍ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന്നു ഒരുത്തന്‍ ഇങ്ങനെയും ഒരുത്തന്‍ അങ്ങനെയും പറഞ്ഞു.

21 എന്നാറെ ഒരു ആത്മാവു മുമ്പോട്ടു വന്നു യഹോവയുടെ സന്നിധിയില്‍ നിന്നുഞാന്‍ അവനെ വശീകരിക്കും എന്നു പറഞ്ഞു.

22 ഏതിനാല്‍ എന്നു യഹോവ ചോദിച്ചതിന്നു അവന്‍ ഞാന്‍ പുറപ്പെട്ടു അവന്റെ സകല പ്രവാചകന്മാരുടെയും വായില്‍ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും, നിനക്കും സാധിക്കും; നീ ചെന്നു അങ്ങനെ ചെയ്ക എന്നു അവന്‍ കല്പിച്ചു.

23 ആകയാല്‍ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ സകലപ്രവാചകന്മാരുടെയും വായില്‍ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ചു അനര്‍ത്ഥം കല്പിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.

24 അപ്പോള്‍ കെനയനയുടെ മകനായ സിദെക്കീയാവു അടുത്തുചെന്നു മീഖായാവിന്റെ ചെകിട്ടത്തു അടിച്ചുനിന്നോടു അരുളിച്ചെയ്‍വാന്‍ യഹോവയുടെ ആത്മാവു എന്നെ വിട്ടു ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു.

25 അതിന്നു മീഖായാവുനീ ഒളിപ്പാനായിട്ടു അറ തേടി നടക്കുന്ന ദിവസത്തില്‍ നീ കാണും എന്നു പറഞ്ഞു.

26 അപ്പോള്‍ യിസ്രായേല്‍രാജാവു പറഞ്ഞതുമീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കല്‍ കൊണ്ടുചെന്നു ഇവനെ കാരാഗൃഹത്തില്‍ ആക്കി,

27 ഞാന്‍ സമാധാനത്തോടെ വരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും കൊടുത്തു പോഷിപ്പിക്കേണ്ടതിന്നു രാജാവു കല്പിച്ചിരിക്കുന്നു എന്നു അവരോടു പറക.

28 അതിന്നു മീഖായാവുനീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കില്‍ യഹോവ എന്നെക്കൊണ്ടു അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകലജാതികളുമായുള്ളോരേ, കേട്ടുകൊള്‍വിന്‍ എന്നും അവന്‍ പറഞ്ഞു.

29 അങ്ങനെ യിസ്രായേല്‍രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി.

30 യിസ്രായേല്‍രാജാവു യെഹോശാഫാത്തിനോടുഞാന്‍ വേഷംമാറി പടയില്‍ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊള്‍ക എന്നു പറഞ്ഞു. അങ്ങനെ യിസ്രായേല്‍രാജാവു വോഷംമാറി പടയില്‍ കടന്നു.

31 എന്നാല്‍ അരാംരാജാവു തന്റെ മുപ്പത്തിരണ്ടു രഥനായകന്മാരോടുനിങ്ങള്‍ യിസ്രായേല്‍ രാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുതു എന്നു കല്പിച്ചിരുന്നു.

32 ആകയാല്‍ രഥനായകന്മാര്‍ യെഹോശാഥാത്തിനെ കണ്ടപ്പോള്‍ഇവന്‍ തന്നേ യിസ്രായേല്‍രാജാവു എന്നു പറഞ്ഞു അവനോടു പൊരുതുവാന്‍ തിരിഞ്ഞു. എന്നാല്‍ യെഹോശാഫാത്ത് നിലവിളിച്ചു.

33 അവന്‍ യിസ്രായേല്‍രാജവല്ല എന്നു രഥനായകന്മാര്‍ കണ്ടിട്ടു അവനെ വിട്ടുമാറി പോന്നു.

34 എന്നാല്‍ ഒരുത്തന്‍ യദൃച്ഛയാ വില്ലു കുലെച്ചു യിസ്രായേല്‍രാജാവിനെ കവചത്തിന്നും പതക്കത്തിന്നും ഇടെക്കു എയ്തു; അവന്‍ തന്റെ സാരഥിയോടുനിന്റെ കൈ തിരിച്ചു എന്നെ പടയില്‍ നിന്നു കൊണ്ടുപോക; ഞാന്‍ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.

35 അന്നു പട കഠിനമായി തീര്‍ന്നതുകൊണ്ടു രാജാവു അരാമ്യര്‍ക്കും എതിരെ രഥത്തില്‍ നിവിര്‍ന്നുനിന്നു; സന്ധ്യാസമയത്തു അവന്‍ മരിച്ചുപോയി. മുറിവില്‍നിന്നു രക്തം രഥത്തിന്നകത്തു ഒഴുകിയിരുന്നു.

36 സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഔരോരുത്തന്‍ താന്താന്റെ പട്ടണത്തിലേക്കും താന്താന്റെ ദേശത്തേക്കും പോകട്ടെ എന്നു പാളയത്തില്‍ ഒരു പരസ്യം പുറപ്പെട്ടു.

37 അങ്ങനെ രാജാവു മരിച്ചു; അവനെ ശമര്യയിലേക്കു കൊണ്ടുവന്നു; അവര്‍ രാജാവിനെ ശമര്യയില്‍ അടക്കം ചെയ്തു.

38 രഥം ശമര്യയിലെ കുളത്തില്‍ കഴുകിയപ്പോള്‍ യഹോവ കല്പിച്ചിരുന്ന വചനപ്രകാരം നായ്ക്കള്‍ അവന്റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു.

39 ആഹാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്‍ ആനക്കൊമ്പുകൊണ്ടു പണിത അരമനയുടെയും അവന്‍ പണിത എല്ലാ പട്ടണങ്ങളുടെയും വിവരവും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

40 ആഹാബ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.

41 ആസയുടെ മകനായ യഹോശാഫാത്ത് യിസ്രായേല്‍രാജാവായ ആഹാബിന്റെ നാലാം ആണ്ടില്‍ യെഹൂദയില്‍ രാജാവായി.

42 യെഹോശാഫാത്ത് വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു മുപ്പത്തഞ്ചു വയസ്സായിരുന്നു; അവന്‍ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമില്‍ വാണു; അവന്റെ അമ്മെക്കു അസൂബാ എന്നു പേര്‍; അവള്‍ ശില്‍ഹിയുടെ മകള്‍ ആയിരുന്നു.

43 അവന്‍ തന്റെ അപ്പനായ ആസയുടെ എല്ലാവഴിയിലും നടന്നു; അതു വിട്ടുമാറാതെ യഹോവേക്കു പ്രസാദമായതു ചെയ്തു. പൂജാഗിരികള്‍ക്കുമാത്രം നീക്കം വന്നില്ല; ജനം പൂജാഗിരികളില്‍ യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തുപോന്നു.

44 യെഹോശാഫാത്ത് യിസ്രായേല്‍രാജാവിനോടു സഖ്യത ചെയ്തു.

45 യെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവന്‍ ചെയ്ത യുദ്ധവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

46 തന്റെ അപ്പനായ ആസയുടെ കാലത്തു ശേഷിച്ചിരുന്ന പുരുഷമൈഥുനക്കാരെ അവന്‍ ദേശത്തുനിന്നു നീക്കിക്കളഞ്ഞു.

47 ആ കാലത്തു എദോമില്‍ രാജാവില്ലായ്കകൊണ്ടു ഒരു ദേശാധിപതി രാജസ്ഥാനം വഹിച്ചു.

48 ഔഫീരില്‍ പൊന്നിന്നു പോകേണ്ടതിന്നു യെഹോശാഫാത്ത് തര്‍ശീശ് കപ്പലുകളെ ഉണ്ടാക്കി; എന്നാല്‍ കപ്പലുകള്‍ എസ്യോന്‍ -ഗേബരല്‍വെച്ചു ഉടഞ്ഞുപോയതുകൊണ്ടു അവേക്കു പോകുവാന്‍ കഴിഞ്ഞില്ല.

49 അന്നേരം ആഹാബിന്റെ മകനായ അഹസ്യാവു യെഹോശാഫാത്തിനോടുഎന്റെ ദാസന്മാര്‍ നിന്റെ ദാസന്മാരോടുകൂടെ കപ്പലുകളില്‍ പോരട്ടെ എന്നു പറഞ്ഞു. എന്നാല്‍ യെഹോശാഫാത്തിന്നു മനസ്സില്ലായിരുന്നു.

50 യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരോടു കൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോരാം അവന്നു പകരം രാജാവായി.

51 ആഹാബിന്റെ മകനായ അഹസ്യാവു യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനേഴാം ആണ്ടില്‍ ശമര്യയില്‍ യിസ്രായേലിന്നു രാജാവായി; യിസ്രായേലില്‍ രണ്ടു സംവത്സരം വാണു.

52 അവന്‍ തന്റെ അപ്പന്റെ വഴിയിലും അമ്മയുടെ വഴിയിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ വഴിയിലും നടന്നു യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.

53 അവന്‍ ബാലിനെ സേവിച്ചു നമസ്കരിച്ചു; തന്റെ അപ്പന്‍ ചെയ്തതുപോലെ ഒക്കെയും യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.