Korak 92

Studija

     

ശമൂവേൽ 2 6:12-23

12 ദൈവത്തിന്റെ പെട്ടകം നിമിത്തം യഹോവ ഔബേദ്-എദോമിന്റെ കുടുംബത്തെയും അവന്നുള്ള സകലത്തെയും അനുഗ്രഹിച്ചു എന്നു ദാവീദ് രാജാവിന്നു അറിവു കിട്ടിയപ്പോള്‍ ദാവീദ് പുറപ്പെട്ടു ദൈവത്തിന്റെ പെട്ടകം ഔബേദ്-എദോമിന്റെ വീട്ടില്‍ നിന്നു ദാവീദിന്റെ നഗരത്തിലേക്കു സന്തോഷത്തോടെ കൊണ്ടുവന്നു.

13 യഹോവയുടെ പെട്ടകം ചുമന്നവര്‍ ആറു ചുവടു നടന്നശേഷം അവന്‍ ഒരു കാളയെയും തടിപ്പിച്ച കിടാവിനെയും യാഗംകഴിച്ചു.

14 ദാവീദ് പഞ്ഞിനൂലങ്കി ധരിച്ചുകൊണ്ടു പൂര്‍ണ്ണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.

15 അങ്ങനെ ദാവീദും യിസ്രായേല്‍ ഗൃഹമൊക്കെയും ആര്‍പ്പോടും കാഹളനാദത്തോടുംകൂടെ യാഹോവയുടെ പെട്ടകം കൊണ്ടുവന്നു.

16 എന്നാല്‍ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തില്‍ കടക്കുമ്പോള്‍ ശൌലിന്റെ മകളായ മീഖള്‍ കിളിവാതിലില്‍കൂടി നോക്കി, ദാവീദ് രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തില്‍ അവനെ നിന്ദിച്ചു.

17 അവര്‍ യഹോവയുടെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്റെ നടുവില്‍ അതിന്റെ സ്ഥാനത്തുവെച്ചു; പിന്നെ ദാവീദ് യഹോവയുടെ സന്നിധിയില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.

18 ദാവീദ്, ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു തീര്‍ന്നശേഷം അവന്‍ ജനത്തെ സൈന്യങ്ങളുടെ യഹോവയുടെ നാമത്തില്‍ അനുഗ്രഹിച്ചു.

19 പിന്നെ അവന്‍ യിസ്രായേലിന്റെ സര്‍വ്വസംഘവുമായ സകലജനത്തിലും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം പങ്കിട്ടുകൊടുത്തു, ജനമൊക്കെയും താന്താന്റെ വീട്ടിലേക്കു പോയി.

20 അനന്തരം ദാവീദ് തന്റെ കുടുംബത്തെ അനുഗ്രഹിക്കേണ്ടതിന്നു മടങ്ങിവന്നപ്പോള്‍ ശൌലിന്റെ മകളായ മീഖള്‍ ദാവീദിനെ എതിരേറ്റു ചെന്നുനിസ്സാരന്മാരില്‍ ഒരുത്തന്‍ തന്നെത്താന്‍ അനാവൃതനാക്കുന്നതുപോലെ ഇന്നു തന്റെ ദാസന്മാരുടെ ദാസികള്‍ കാണ്‍കെ തന്നെത്താന്‍ അനാവൃതനാക്കിയ യിസ്രായേല്‍ രാജാവു ഇന്നു എത്ര മഹത്വമുള്ളവന്‍ എന്നു പറഞ്ഞു.

21 ദാവീദ് മീഖളിനോടുയഹോവയുടെ ജനമായ യിസ്രായേലിന്നു പ്രഭുവായിനിയമിപ്പാന്‍ തക്കവണ്ണം നിന്റെ അപ്പനിലും അവന്റെ സകലഗൃഹത്തിലും ഉപരിയായി എന്നെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവയുടെ മുമ്പാകെ, അതേ, യഹോവയുടെ മുമ്പാകെ ഞാന്‍ നൃത്തം ചെയ്യും.

22 ഞാന്‍ ഇനിയും ഇതിലധികം ഹീനനും എന്റെ കാഴ്ചെക്കു എളിയവനും ആയിരിക്കും; നീ പറഞ്ഞ ദാസികളാലോ എനിക്കു മഹത്വമുണ്ടാകും എന്നു പറഞ്ഞു.

23 എന്നാല്‍ ശൌലിന്റെ മകളായ മീഖളിന്നു ജീവപര്യന്തം ഒരു കുട്ടിയും ഉണ്ടായില്ല.

ശമൂവേൽ 2 7

1 യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി രാജാവിന്നു സ്വസ്ഥത നല്കിയശേഷം രാജാവു തന്റെ അരമനയില്‍ വസിക്കുംകാലത്തു

2 ഒരിക്കല്‍ രാജാവു നാഥാന്‍ പ്രവാചകനോടുഇതാ, ഞാന്‍ ദേവദാരുകൊണ്ടുള്ള അരമനയില്‍ വസിക്കുന്നു; ദൈവത്തിന്റെ പെട്ടകമോ തിരശ്ശീലെക്കകത്തു ഇരിക്കുന്നു എന്നു പറഞ്ഞു.

3 നാഥാന്‍ രാജാവിനോടുനീ ചെന്നു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തുകൊള്‍ക; യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.

4 എന്നാല്‍ അന്നു രാത്രി യഹോവയുടെ അരുളപ്പാടു നാഥാന്നു ഉണ്ടായതു എന്തെന്നാല്‍

5 എന്റെ ദാസനായ ദാവീദിനോടു നീ ചെന്നു പറകയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അധിവസിക്കേണ്ടതിന്നു നീ എനിക്കു ഒരു ആലയം പണിയുമോ?

6 ഞാന്‍ യിസ്രായേല്‍ മക്കളെ മിസ്രയീമില്‍ നിന്നു പുറപ്പെടുവിച്ച നാള്‍മുതല്‍ ഇന്നുവരെയും ഞാന്‍ ഒരു ആലയത്തില്‍ അധിവസിക്കാതെ കൂടാരത്തിലും നിവാസത്തിലുമല്ലോ സഞ്ചരിച്ചുവരുന്നതു.

7 എന്റെ ജനമായ യിസ്രായേലിനെ മേയ്പാന്‍ ഞാന്‍ കല്പിച്ചാക്കിയ യിസ്രായേല്‍ ഗോത്രങ്ങളില്‍ ഒന്നിനോടു എനിക്കു ദേവദാരുകൊണ്ടു ഒരു ആലയം പണിയാതിരിക്കുന്നതു എന്തു എന്നു എല്ലായിസ്രായേല്‍മക്കളോടുംകൂടെ ഞാന്‍ സഞ്ചരിച്ചുവന്ന സ്ഥലങ്ങളില്‍ എവിടെ വെച്ചെങ്കിലും ഒരു വാക്കു കല്പിച്ചിട്ടുണ്ടോ?

8 ആകയാല്‍ നീ എന്റെ ദാസനായ ദാവീദിനോടു പറയേണ്ടതെന്തെന്നാല്‍സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ജനമായ യിസ്രായേലിന്മേല്‍ പ്രഭുവായിരിക്കേണ്ടതിന്നു ഞാന്‍ നിന്നെ പുല്പുറത്തു നിന്നു ആടുകളെ നോക്കിനടക്കുമ്പോള്‍ തന്നേ എടുത്തു.

9 നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാന്‍ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പില്‍നിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേര്‍ പോലെ ഞാന്‍ നിന്റെ പേര്‍ വലുതാക്കും.

10 ഞാന്‍ എന്റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവര്‍ സ്വന്തസ്ഥലത്തു പാര്‍ത്തു അവിടെനിന്നു ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്നു ഞാന്‍ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാര്‍ അവരെ പീഡിപ്പിക്കയില്ല.

11 ഞാന്‍ നിന്റെ സകലശത്രുക്കളെയും അടക്കി നിനക്കു സ്വസ്ഥത നലകും. അത്രയുമല്ല, യഹോവ നിനക്കു ഒരു ഗൃഹം ഉണ്ടാക്കുമെന്നു യഹോവ നിന്നോടു അറിയിക്കുന്നു.

12 നിന്റെ ഉദരത്തില്‍നിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോള്‍ ഞാന്‍ നിനക്കു പിന്തുടര്‍ച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.

13 അവന്‍ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാന്‍ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.

14 ഞാന്‍ അവന്നു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും; അവന്‍ കുറ്റം ചെയ്താല്‍ ഞാന്‍ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.

15 എങ്കിലും നിന്റെ മുമ്പില്‍നിന്നു ഞാന്‍ തള്ളിക്കളഞ്ഞ ശൌലിങ്കല്‍നിന്നു ഞാന്‍ എന്റെ ദയ നീക്കിയതുപോലെ അതു അവങ്കല്‍നിന്നു നീങ്ങിപ്പോകയില്ല.

16 നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.

17 ഈ സകലവാക്കുകള്‍ക്കും ദര്‍ശനത്തിന്നും ഒത്തവണ്ണം നാഥാന്‍ ദാവീദിനോടു സംസാരിച്ചു.

18 അപ്പോള്‍ ദാവീദ്‍രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയില്‍ ഇരുന്നു പറഞ്ഞതെന്തെന്നാല്‍കര്‍ത്താവായ യഹോവേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാന്‍ ഞാന്‍ ആര്‍? എന്റെ ഗൃഹവും എന്തുള്ളു?

19 കര്‍ത്താവായ യഹോവേ, ഇതും പോരാ എന്നു നിനക്കു തോന്നീട്ടു വരുവാനുള്ള ദീര്‍ഘകാലത്തേക്കു അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്തിരിക്കുന്നു. കര്‍ത്താവായ യഹോവേ, ഇതു മനുഷ്യര്‍ക്കും ഉപദേശമല്ലോ?

20 ദാവീദ് ഇനി നിന്നോടു എന്തു പറയേണ്ടു? കര്‍ത്താവായ യഹോവേ, നീ അടിയനെ അറിയുന്നു.

21 നിന്റെ വചനംനിമിത്തവും നിന്റെ പ്രസാദപ്രകാരവും അല്ലോ നീ ഈ വന്‍ കാര്യം ഒക്കെയും ചെയ്തു അടിയനെ അറിയിച്ചിരിക്കുന്നതു.

22 അതുകൊണ്ടു കര്‍ത്താവായ യഹോവേ, നീ വലിയവന്‍ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങള്‍ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഔര്‍ത്താല്‍ നീ അല്ലാതെ ഒരു ദൈവവും ഇല്ല.

23 നിനക്കു ജനമായി വീണ്ടെടുപ്പാനും നിനക്കു ഒരു നാമം സമ്പാദിപ്പാനും നീ ചെന്നിരിക്കുന്ന നിന്റെ ജനമായ യിസ്രായേലിന്നു തുല്യമായി ഭൂമിയില്‍ ഏതൊരു ജാതിയുള്ളു? ദൈവമേ, നീ മിസ്രയീമില്‍നിന്നും ജാതികളുടെയും അവരുടെ ദേവന്മാരുടെയും കൈവശത്തുനിന്നും നിനക്കായി വീണ്ടെടുത്തിരിക്കുന്ന നിന്റെ ജനം കാണ്‍കെ അവര്‍ക്കുംവേണ്ടി വന്‍ കാര്യവും അവരുടെ ദേശത്തിന്നുവേണ്ടി ഭയങ്കരകാര്യങ്ങളും പ്രവര്‍ത്തിച്ചുവല്ലോ.

24 നിന്റെ ജനമായ യിസ്രായേലിനെ നിനക്കു എന്നേക്കും ജനമായിരിപ്പാന്‍ നീ നിനക്കായി സ്ഥിരപ്പെടുത്തി, യഹോവേ, നീ അവര്‍ക്കും ദൈവമായ്തീര്‍ന്നുമിരിക്കുന്നു.

25 ഇപ്പോഴും കര്‍ത്താവായ യഹോവേ, നീ അടിയനെയും അടിയന്റെ ഗൃഹത്തെയും കുറിച്ചു അരുളിച്ചെയ്ത വചനത്തെ എന്നേക്കും ഉറപ്പാക്കി അരുളപ്പാടുപോലെ ചെയ്യേണമേ.

26 സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്നു ദൈവം എന്നിങ്ങനെ നിന്റെ നാമം എന്നേക്കും മഹത്വീകരിക്കപ്പെടുമാറാകട്ടെ; നിന്റെ ദാസനായ ദാവീദിന്റെ ഗൃഹം നിന്റെ മുമ്പാകെ സ്ഥരിമായിരിക്കട്ടെ.

27 ഞാന്‍ നിനക്കു ഒരു ഗൃഹം പണിയുമെന്നു നീ അടിയന്നു വെളിപ്പെടുത്തിയതുകൊണ്ടു, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, നിന്നോടു ഈ പ്രാര്‍ത്ഥന കഴിപ്പാന്‍ അടിയന്‍ ധൈര്യം പ്രാപിച്ചു.

28 കര്‍ത്താവായ യഹോവേ, നീ തന്നേ ദൈവം; നിന്റെ വചനങ്ങള്‍ സത്യം ആകുന്നു; അടിയന്നു ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.

29 ആകയാല്‍ അടിയന്റെ ഗൃഹം തിരുമുമ്പില്‍ എന്നേക്കും ഇരിക്കേണ്ടതിന്നു പ്രസാദം തോന്നി അനുഗ്രഹിക്കേണമേ; കര്‍ത്താവായ യഹോവേ, നീ അങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ; നിന്റെ അനുഗ്രഹത്താല്‍ അടിയന്റെ ഗൃഹം എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കും.

ശമൂവേൽ 2 8

1 അനന്തരം ദാവീദ് ഫെലിസ്ത്യരെ ജയിച്ചടക്കി, മൂലസ്ഥാനത്തിന്റെ ഭരണം ഫെലിസ്ത്യരുടെ കയ്യില്‍നിന്നു കരസ്ഥമാക്കി.

2 അവന്‍ മോവാബ്യരെയും തോല്പിച്ചു അവരെ നിലത്തു കിടത്തി ചരടുകൊണ്ടു അളന്നു; കൊല്ലുവാന്‍ രണ്ടു ചരടും ജീവനോടെ രക്ഷിപ്പാന്‍ ഒരു ചരടുമായി അവന്‍ അളന്നു. അങ്ങനെ മോവാബ്യര്‍ ദാവീദിന്നു ദാസന്മാരായി കപ്പം കൊടുത്തുവന്നു.

3 രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെര്‍ നദീതീരത്തുള്ള തന്റെ ആധിപത്യം യഥാസ്ഥാനപ്പെടുത്തുവാന്‍ പോയപ്പോള്‍ ദാവീദ് അവനെ തോല്പിച്ചു.

4 അവന്റെ വക ആയിരത്തെഴുനൂറു കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; രഥകൂതിരകളില്‍ നൂറു മാത്രംവെച്ചുംകൊണ്ടു ശേഷം കുതിരകളെ ഒക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.

5 സോബരാജാവായ ഹദദേസെരിനെ സഹായിപ്പാന്‍ ദമ്മേശെക്കിനോടു ചേര്‍ന്ന അരാമ്യര്‍ വന്നപ്പോള്‍ ദാവീദ് അരാമ്യരില്‍ ഇരുപത്തീരായിരംപേരെ സംഹരിച്ചു.

6 പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേര്‍ന്ന അരാമില്‍ കാവല്പട്ടാളങ്ങളെ പാര്‍പ്പിച്ചു; അരാമ്യരും ദാവീദിന്നു ദാസന്മാരായിത്തീര്‍ന്നു കപ്പം കൊടുത്തുവന്നു. ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.

7 ഹദദേസെരിന്റെ ഭൃധത്യന്മാര്‍ക്കും ഉണ്ടായിരുന്ന പൊന്‍ പരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.

8 ഹദദേസെരിന്റെ പട്ടണങ്ങളായ ബേതഹില്‍നിന്നും ബെരോതായില്‍നിന്നും ദാവീദ്‍രാജാവു അനവധി താമ്രവും കൊണ്ടുവന്നു.

9 ദാവീദ് ഹദദേസെരിന്റെ സര്‍വ്വസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത്രാജാവായ തോയി കേട്ടപ്പോള്‍

10 ദാവീദ്‍രാജാവിനോടു കുശലം ചോദിപ്പാനും അവന്‍ ഹദദേസെരിനോടു യുദ്ധംചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തോയി തന്റെ മകന്‍ യോരാമിനെ രാജാവിന്റെ അടുക്കല്‍ അയച്ചു; ഹദദേസെരിന്നു തോയിയോടു കൂടക്കൂടെ യുദ്ധമുണ്ടായിരുന്നു. യോരാം വെള്ളി, പൊന്നു, താമ്രം എന്നിവകൊണ്ടുള്ള സാധനങ്ങളെ കൊണ്ടുവന്നു.

11 ദാവീദ്‍രാജാവു ഇവയെ അരാമ്യര്‍, മോവാബ്യര്‍, അമ്മോന്യര്‍, ഫെലിസ്ത്യര്‍, അമാലേക്യര്‍ എന്നിങ്ങനെ താന്‍ കീഴടക്കിയ സകല ജാതികളുടെയും പക്കല്‍നിന്നും

12 രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെരിന്റെ കൊള്ളയില്‍നിന്നും എടുത്തു വിശുദ്ധീകരിച്ച വെള്ളിയോടും പൊന്നിനോടും കൂടെ യഹോവേക്കു വിശുദ്ധീകരിച്ചു.

13 പിന്നെ ദാവീദ് ഉപ്പുതാഴ്വരയില്‍വെച്ചു പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോള്‍ തനിക്കു കീര്‍ത്തി സമ്പാദിച്ചു.

14 അവന്‍ എദോമില്‍ കാവല്പട്ടാളങ്ങളെ ആക്കി; എദോമില്‍ എല്ലാടത്തും അവന്‍ കാവല്പട്ടാളങ്ങളെ പാര്‍പ്പിച്ചു; എദോമ്യരൊക്കെയും ദാവീദിന്നു ദാസന്മാരായിത്തീര്‍ന്നു; ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.

15 ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിനെയും വാണു; ദാവീദ് തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിക്കൊടുത്തു.

16 സെരൂയയുടെ മകന്‍ യോവാബ് സേനാധിപതിയും അഹീലൂദിന്റെ മകന്‍ യെഹോശാഫാത് മന്ത്രിയും ആയിരുന്നു.

17 അഹീതൂബിന്റെ മകന്‍ സാദോക്കും അബ്യാഥാരിന്റെ മകന്‍ അഹീമേലെക്കും പുരോഹിതന്മാരും സെരായാ രായസക്കാരനും ആയിരുന്നു.

18 യഹോയാദയുടെ മകന്‍ ബെനായാവു ക്രേത്യര്‍ക്കും പ്ളേത്യര്‍ക്കും അധിപതി ആയിരുന്നു; ദാവീദിന്റെ പുത്രന്മാരോ പുരോഹിതന്മാരായിരുന്നു.

ശമൂവേൽ 2 9

1 അനന്തരം ദാവീദ്ഞാന്‍ യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിന്നു ശൌലിന്റെ കുടുംബത്തില്‍ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ എന്നു അന്വേഷിച്ചു.

2 എന്നാല്‍ ശൌലിന്റെ ഗൃഹത്തില്‍ സീബാ എന്നു പേരുള്ള ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു; അവനെ ദാവീദിന്റെ അടുക്കല്‍ വിളിച്ചുവരുത്തി; രാജാവു അവനോടുനീ സീബയോ എന്നു ചോദിച്ചു. അടിയന്‍ എന്നു അവന്‍ പറഞ്ഞു.

3 ഞാന്‍ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന്നു ശൌലിന്റെ കുടുംബത്തില്‍ ആരെങ്കിലും ഉണ്ടോ എന്നു രാജാവു ചോദിച്ചതിന്നുരണ്ടു കാലും മുടന്തായിട്ടു യോനാഥാന്റെ ഒരു മകന്‍ ഉണ്ടു എന്നു സീബാ രാജാവിനോടു പറഞ്ഞു.

4 അവന്‍ എവിടെ എന്നു രാജാവു ചോദിച്ചതിന്നുലോദെബാരില്‍ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ടു എന്നു സീബാ രാജാവിനോടു പറഞ്ഞു.

5 അപ്പോള്‍ ദാവീദ് രാജാവു ആളയച്ചു, ലോദെബാരില്‍ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടില്‍ നിന്നു അവനെ വരുത്തി.

6 ശൌലിന്റെ മകനായ യോനാഥാന്റെ മകന്‍ മെഫീബോശെത്ത് ദാവീദിന്റെ അടുക്കല്‍ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്മെഫീബോശെത്തേ എന്നു വിളിച്ചതിന്നു അടിയന്‍ എന്നു അവന്‍ പറഞ്ഞു.

7 ദാവീദ് അവനോടുഭയപ്പെടേണ്ടാ; നിന്റെ അപ്പനായ യോനാഥാന്റെ നിമിത്തം ഞാന്‍ നിന്നോടു ദയകാണിച്ചു നിന്റെ അപ്പനായ ശൌലിന്റെ നിലം ഒക്കെയും നിനക്കു മടക്കിത്തരുന്നു; നീയോ നിത്യം എന്റെ മേശയിങ്കല്‍ ഭക്ഷണം കഴിച്ചുകൊള്ളേണം എന്നു പറഞ്ഞു.

8 അവന്‍ നമസ്കരിച്ചുംകൊണ്ടുചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ നീ കടാക്ഷിപ്പാന്‍ അടിയന്‍ എന്തുള്ളു എന്നു പറഞ്ഞു.

9 അപ്പോള്‍ രാജാവു ശൌലിന്റെ ഭൃത്യനായ സീബയെ വിളിപ്പിച്ചു അവനോടു കല്പിച്ചതുശൌലിന്നു അവന്റെ സകലഗൃഹത്തിന്നുമുള്ളതൊക്കെയും ഞാന്‍ നിന്റെ യജമാനന്റെ മകന്നു കൊടുത്തിരിക്കുന്നു.

10 നീയും നിന്റെ പുത്രന്മാരും വേലക്കാരും നിന്റെ യജമാനന്റെ മകന്നു ഭക്ഷിപ്പാന്‍ ആഹാരമുണ്ടാകേണ്ടതിന്നു അവന്നുവേണ്ടി ആ നിലം കൃഷിചെയ്തു അനുഭവം എടുക്കേണം; നിന്റെ യജമാനന്റെ മകനായ മെഫീബോശെത്ത് നിത്യം എന്റെ മേശയിങ്കല്‍ ഭക്ഷണം കഴിച്ചുകൊള്ളും. എന്നാല്‍ സീബെക്കു പതിനഞ്ചുപുത്രന്മാരും ഇരുപതു വേലക്കാരും ഉണ്ടായിരുന്നു.

11 രാജാവായ യജമാനന്‍ അടിയനോടു കല്പിക്കുന്നതൊക്കെയും അടിയന്‍ ചെയ്യും എന്നു സീബാ രാജാവിനോടു പറഞ്ഞു. മെഫീബോശെത്തോ രാജകുമാരന്മാരില്‍ ഒരുത്തന്‍ എന്നപോലെ ദാവീദിന്റെ മേശയിങ്കല്‍ ഭക്ഷണം കഴിച്ചുപോന്നു.

12 മെഫീബോശെത്തിന്നു ഒരു ചെറിയ മകന്‍ ഉണ്ടായിരുന്നു; അവന്നു മീഖാ എന്നു പേര്‍. സീബയുടെ വീട്ടിലുള്ളവരൊക്കെയും മെഫീബോശെത്തിന്നു ഭൃത്യന്മാരായ്തീര്‍ന്നു.

13 ഇങ്ങനെ മെഫീബോശെത്ത് യെരൂശലേമില്‍ തന്നേ വസിച്ചു രാജാവിന്റെ മേശയിങ്കല്‍ ഭക്ഷണം കഴിച്ചുപോന്നു; അവന്നു കാലു രണ്ടും മുടന്തായിരുന്നു.

ശമൂവേൽ 2 10

1 അതിന്റെ ശേഷം അമ്മോന്യരുടെ രാജാവു മരിച്ചു; അവന്റെ മകനായ ഹാനൂന്‍ അവന്നു പകരം രാജാവായി.

2 അപ്പോള്‍ ദാവീദ്ഹാനൂന്റെ അപ്പനായ നാഹാശ് എനിക്കു ദയ ചെയ്തതുപോലെ അവന്റെ മകന്നു ഞാനും ദയ ചെയ്യും എന്നു പറഞ്ഞു അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാന്‍ തന്റെ ഭൃത്യന്മാരെ പറഞ്ഞയച്ചു.

3 ദാവീദിന്റെ ഭൃത്യന്മാര്‍ അമ്മോന്യരുടെ ദേശത്തു എത്തിയപ്പോള്‍ അമ്മോന്യപ്രഭുക്കന്മാര്‍ തങ്ങളുടെ യജമാനനായ ഹാനൂനോടുദാവീദ് നിന്റെ അപ്പനെ ബഹുമാനിച്ചിട്ടാകുന്നു ആശ്വസിപ്പിക്കുന്നവരെ നിന്റെ അടുക്കല്‍ അയച്ചതു എന്നു തോന്നുന്നുവോ? പട്ടണത്തെ ശോധനചെയ്തു ഒറ്റുനോക്കുവാനും അതിനെ നശിപ്പിച്ചുകളവാനും അല്ലയോ ദാവീദ് ഭൃത്യന്മാരെ നിന്റെ അടുക്കല്‍ അയച്ചതു എന്നു പറഞ്ഞു.

4 അപ്പോള്‍ ഹാനൂന്‍ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു അവരുടെ താടിയെ പാതി ചിരപ്പിച്ചു അവരുടെ അങ്കികളെ നടുവില്‍ ആസനംവരെ മുറിപ്പിച്ചു അവരെ അയച്ചു.

5 ദാവീദ് രാജാവു ഇതു അറിഞ്ഞപ്പോള്‍ ആ പുരുഷന്മാര്‍ ഏറ്റവും ലജ്ജിച്ചിരുന്നതുകൊണ്ടു അവരുടെ അടുക്കല്‍ ആളയച്ചുനിങ്ങളുടെ താടി വളരുംവരെ യെരീഹോവില്‍ താമസിപ്പിന്‍ ; പിന്നെ മടങ്ങിവരാം എന്നു പറയിച്ചു.

6 തങ്ങള്‍ ദാവീദിന്നു വെറുപ്പുള്ളവരായ്തീര്‍ന്നു എന്നു അമ്മോന്യര്‍ കണ്ടപ്പോള്‍ അവര്‍ ആളയച്ചു ബേത്ത്-രെഹോബിലെ അരാമ്യരില്‍നിന്നും സോബയിലെ അരാമ്യരില്‍നിന്നും ഇരുപതിനായിരം കാലാളുകളെയും ആയിരംപേരുമായി മാഖാരാജാവിനെയും തോബില്‍നിന്നു പന്തീരായിരംപേരെയും കൂലിക്കു വരുത്തി.

7 ദാവീദ് അതു കേട്ടപ്പോള്‍ യോവാബിനെയും ശൂരന്മാരുടെ സകലസൈന്യത്തെയും അയച്ചു.

8 അമ്മോന്യരും പുറപ്പെട്ടു പട്ടണവാതില്‍ക്കല്‍ പടെക്കു അണിനിരന്നു; എന്നാല്‍ സോബയിലെയും രെഹോബിലെയും അരാമ്യരും തോബ്യരും മാഖ്യരും തനിച്ചു വെളിന്‍ പ്രദേശത്തായിരുന്നു.

9 തന്റെ മുമ്പിലും പിമ്പിലും പടനിരന്നിരിക്കുന്നു എന്നു കണ്ടപ്പോള്‍ യോവാബ് യിസ്രായേലിന്റെ സകലവീരന്മാരില്‍നിന്നും ഒരു കൂട്ടത്തെ തിരഞ്ഞെടുത്തു അരാമ്യരുടെ നേരെ അണിനിരത്തി.

10 ശേഷം പടജ്ജനത്തെ അമ്മോന്യരുടെ നേരെ നിരത്തേണ്ടതിന്നു തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു അവനോടു

11 അരാമ്യര്‍ എന്റെ നേരെ പ്രാബല്യം പ്രാപിച്ചാല്‍ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യര്‍ നിന്റെ നേരെ പ്രാബല്യം പ്രാപിച്ചാല്‍ ഞാന്‍ വന്നു നിനക്കു സഹായം ചെയ്യും.

12 ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങള്‍ക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.

13 പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടെക്കു അടുത്തു; അവര്‍ അവന്റെ മുമ്പില്‍നിന്നു ഔടിപ്പോയി.

14 അരാമ്യര്‍ ഔടിപ്പോയി എന്നു കണ്ടപ്പോള്‍ അമ്മോന്യരും അബീശായിയുടെ മുമ്പില്‍നിന്നു ഔടി പട്ടണത്തില്‍ കടന്നു. യോവാബ് അമ്മോന്യരെ വിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

15 തങ്ങള്‍ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യര്‍ കണ്ടിട്ടു അവര്‍ ഒന്നിച്ചുകൂടി.

16 ഹദദേസെര്‍ ആളയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; അവര്‍ ഹേലാമിലേക്കു വന്നു; ഹദദേസെരിന്റെ സേനാപതിയായ ശോബക്‍ അവരുടെ നായകനായിരുന്നു.

17 അതു ദാവീദിന്നു അറിവുകിട്ടിയപ്പോള്‍ അവന്‍ എല്ലായിസ്രായേല്യരെയും കൂട്ടിവരുത്തി യോര്‍ദ്ദാന്‍ കടന്നു ഹേലാമില്‍ചെന്നു. എന്നാറെ അരാമ്യര്‍ ദാവീദിന്റെ നേരെ അണിനിരന്നു പടയേറ്റു.

18 അരാമ്യര്‍ യിസ്രായേലിന്റെ മുമ്പില്‍ നിന്നു ഔടിപ്പോയി; ദാവീദ് അരാമ്യരില്‍ എഴുനൂറു തേരാളികളെയും നാല്പതിനായിരം കുതിരപ്പടയാളികളെയും കൊന്നു, അവരുടെ സേനാപതിയായ ശോബക്കിനെയും വെട്ടിക്കൊന്നു.

19 എന്നാല്‍ ഹദദേസെരിന്റെ ആശ്രിതന്മാരായ സകലരാജാക്കന്മാരും തങ്ങള്‍ യിസ്രായേലിനോടു തോറ്റു എന്നു കണ്ടിട്ടു യിസ്രായേല്യരുമായി സന്ധിചെയ്തു അവരെ സേവിച്ചു. അതില്‍പിന്നെ അമ്മോന്യര്‍ക്കും സഹായം ചെയ്‍വാന്‍ അരാമ്യര്‍ ഭയപ്പെട്ടു.