ნაბიჯი 28

Სწავლა

     

പുറപ്പാടു് 33

1 അനന്തരം യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാല്‍ നീയും മിസ്രയീംദേശത്തുനിന്നു നീ കൊണ്ടുവന്ന ജനവും ഇവിടെ നിന്നു പുറപ്പെട്ടു, നിന്റെ സന്തതിക്കു കൊടുക്കുമെന്നു ഞാന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു,

2 പാലും തേനും ഒഴുകുന്ന ദേശത്തേക്കു, തന്നേ, പോകുവിന്‍ . ഞാന്‍ ഒരു ദൂതനെ നിനക്കു മുമ്പായി അയക്കും; കനാന്യന്‍ , അമോര്‍യ്യന്‍ , ഹിത്യന്‍ , പെരിസ്യന്‍ , ഹിവ്യന്‍ , യെബൂസ്യന്‍ എന്നിവരെ ഞാന്‍ ഔടിച്ചുകളയും.

3 വഴിയില്‍വെച്ചു ഞാന്‍ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു ഞാന്‍ നിന്റെ നടുവില്‍ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.

4 ദോഷകരമായ ഈ വചനം കേട്ടപ്പോള്‍ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല.

5 നിങ്ങള്‍ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാന്‍ ഒരു നിമിഷനേരം നിന്റെ നടുവില്‍ നടന്നാല്‍ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാന്‍ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേല്‍ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.

6 അങ്ങനെ ഹോരേബ് പര്‍വ്വതത്തിങ്കല്‍ തുടങ്ങി യിസ്രായേല്‍മക്കള്‍ ആഭരണം ധരിച്ചില്ല.

7 മോശെ കൂടാരം എടുത്തു പാളയത്തിന്നു പുറത്തു പാളയത്തില്‍നിന്നു ദൂരത്തു അടിച്ചു; അതിന്നു സമാഗമനക്കുടാരം എന്നു പേര്‍ ഇട്ടു. യഹോവയെ അന്വേഷിക്കുന്നവനെല്ലാം പുറപ്പെട്ടു പാളയത്തിന്നു പുറത്തുള്ള സമാഗമന കൂടാരത്തിലേക്കു ചെന്നു.

8 മോശെ കൂടാരത്തിലേക്കു പോകുമ്പോള്‍ ജനം ഒക്കെയും എഴുന്നേറ്റു ഒരോരുത്തന്‍ താന്താന്റെ കൂടാരവാതില്‍ക്കല്‍ നിന്നു, മോശെ കൂടാരത്തിന്നകത്തു കടക്കുവേളം അവനെ നോക്കിക്കൊണ്ടിരുന്നു.

9 മോശെ കൂടാരത്തില്‍ കടക്കുമ്പോള്‍ മേഘസ്തംഭം ഇറങ്ങി കൂടാരവാതില്‍ക്കല്‍ നില്‍ക്കയും യഹോവ മോശെയോടു സംസാരിക്കയും ചെയ്തു.

10 ജനം എല്ലാം കൂടാരവാതില്‍ക്കല്‍ മേഘസ്തംഭം നിലക്കുന്നതു കണ്ടു. ജനം എല്ലാം എഴുന്നേറ്റു ഔരോരുത്തന്‍ താന്താന്റെ കൂടാരവാതില്‍ക്കല്‍വെച്ചു നമസ്കരിച്ചു.

11 ഒരുത്തന്‍ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതു പോലെ യഹോവ മോശെയോടു അഭിമുഖമായി സംസാരിച്ചു. പിന്നെ അവന്‍ പാളയത്തിലേക്കു മടങ്ങിവന്നു; അവന്റെ ശുശ്രൂഷക്കാരനായ നൂന്റെ പുത്രനായ യോശുവ എന്ന ബാല്യക്കാരനോ കൂടാരത്തെ വിട്ടുപിരിയാതിരുന്നു.

12 മോശെ യഹോവയോടു പറഞ്ഞതു എന്തെന്നാല്‍ഈ ജനത്തെ കൂട്ടിക്കൊണ്ടു പോക എന്നു നീ എന്നോടു കല്പിച്ചുവല്ലോ; എങ്കിലും ആരെ എന്നോടുകൂടെ അയക്കുമെന്നു അറിയിച്ചുതന്നില്ല; എന്നാല്‍ഞാന്‍ നിന്നെ അടുത്തു അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു എന്നു നീ അരുളിച്ചെയ്തിട്ടുണ്ടല്ലോ.

13 ആകയാല്‍ എന്നോടു കൃപയുണ്ടെങ്കില്‍ നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്കു എന്നോടു കൃപയുണ്ടാകുവാന്തക്കവണ്ണം ഞാന്‍ നിന്നെ അറിയുമാറാകട്ടെ; ഈ ജാതി നിന്റെ ജനം എന്നു ഔര്‍ക്കേണമേ.

14 അതിന്നു അവന്‍ എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാന്‍ നിനക്കു സ്വസ്ഥത നലകും എന്നു അരുളിച്ചെയ്തു.

15 അവന്‍ അവനോടുതിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കില്‍ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ.

16 എന്നോടും നിന്റെ ജനത്തോടും കൃപ ഉണ്ടെന്നുള്ളതു ഏതിനാല്‍ അറിയും? നീ ഞങ്ങളോടുകൂടെ പോരുന്നതിനാലല്ലയോ? അങ്ങനെ ഞാനും നിന്റെ ജനവും ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു വിശേഷതയുള്ളവരായിരിക്കും എന്നു പറഞ്ഞു.

17 യഹോവ മോശെയോടുനീ പറഞ്ഞ ഈ വാക്കുപോലെ ഞാന്‍ ചെയ്യും; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു; ഞാന്‍ നിന്നെ അടുത്തു അറിഞ്ഞുമിരിക്കുന്നു എന്നു അരുളിച്ചെയ്തു.

18 അപ്പോള്‍ അവന്‍ നിന്റെ തേജസ്സു എനിക്കു കാണിച്ചു തരേണമേ എന്നപേക്ഷിച്ചു.

19 അതിന്നു അവന്‍ ഞാന്‍ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും; കൃപ ചെയ്‍വാന്‍ എനിക്കു മനസ്സുള്ളവനോടു ഞാന്‍ കൃപ ചെയ്യും; കരുണ കാണിപ്പാന്‍ എനിക്കു മനസ്സുള്ളവന്നു ഞാന്‍ കരുണ കാണിക്കും എന്നരുളിച്ചെയ്തു.

20 നിനക്കു എന്റെ മുഖം കാണ്മാന്‍ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവന്‍ കല്പിച്ചു.

21 ഇതാ, എന്റെ അടുക്കല്‍ ഒരു സ്ഥലം ഉണ്ടു; അവിടെ ആ പാറമേല്‍ നീ നില്‍ക്കേണം.

22 എന്റെ തേജസ്സു കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നെ പാറയുടെ ഒരു പിളര്‍പ്പില്‍ ആക്കി ഞാന്‍ കടന്നുപോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറെക്കും.

23 പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിന്‍ ഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.

പുറപ്പാടു് 34

1 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്‍മുമ്പിലത്തേവ പോലെ രണ്ടു കല്പലക ചെത്തിക്കൊള്‍ക; എന്നാല്‍ നീ പൊട്ടിച്ചുകളഞ്ഞ മുമ്പിലത്തെ പലകയില്‍ ഉണ്ടായിരുന്ന വചനങ്ങളെ ഞാന്‍ ആ പലകയില്‍ എഴുതും.

2 നീ രാവിലേ ഒരുങ്ങി രാവിലേ തന്നേ സീനായിപര്‍വ്വതത്തില്‍ കയറി; പര്‍വ്വതത്തിന്റെ മുകളില്‍ എന്റെ സന്നിധിയില്‍ വരേണം.

3 നിന്നോടു കൂടെ ആരും കയറരുതു. പര്‍വ്വതത്തിലെങ്ങും ആരെയും കാണരുതു. പര്‍വ്വതത്തിന്‍ അരികെ ആടുകളോ കന്നുകാലികളോ മേയുകയും അരുതു.

4 അങ്ങനെ മോശെ മുമ്പിലത്തേവ പോലെ രണ്ടു കല്പലക ചെത്തി, അതികാലത്തു എഴുന്നേറ്റു യഹോവ തന്നോടു കല്പിച്ചതുപോല സീനായിപര്‍വ്വതത്തില്‍ കയറി; കാല്പലക രണ്ടും കയ്യില്‍ എടുത്തുകൊണ്ടു പോയി

5 അപ്പോള്‍ യഹോവ മേഘത്തില്‍ ഇറങ്ങി അവിടെ അവന്റെ അടുക്കല്‍ നിന്നു യഹോവയുടെ നാമത്തെ ഘോഷിച്ചു.

6 യഹോവ അവന്റെ മുമ്പാകെ കടന്നു ഘോഷിച്ചതു എന്തെന്നാല്‍യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവന്‍ ; ദീര്‍ഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവന്‍ .

7 ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവന്‍ ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവന്‍ ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദര്‍ശിക്കുന്നവന്‍ .

8 എന്നാറെ മോശെ ബദ്ധപ്പെട്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു

9 കര്‍ത്താവേ, നിനക്കു എന്നോടു കൃപയുണ്ടെങ്കില്‍ കര്‍ത്താവു ഞങ്ങളുടെ മദ്ധ്യേ നടക്കേണമേ. ഇതു ദുശ്ശാഠ്യമുള്ള ജനം തന്നേ എങ്കിലും ഞങ്ങളുടെ അകൃത്യവും പാപവും ക്ഷമിച്ചു ഞങ്ങളെ നിന്റെ അവകാശമാക്കേണമേ എന്നു പറഞ്ഞു.

10 അതിന്നു അവന്‍ അരുളിച്ചെയ്തതെന്തെന്നാല്‍ഞാന്‍ ഒരു നിയമം ഉണ്ടാക്കുന്നു. ഭൂമിയിലെങ്ങും ഒരു ജാതിയിലും സംഭവിച്ചിട്ടില്ലാത്ത അത്ഭുതങ്ങള്‍ നിന്റെ സര്‍വ്വജനത്തിന്നും മുമ്പാകെ ഞാന്‍ ചെയ്യും; നീ സഹവാസം ചെയ്തുപോരുന്ന ജനം ഒക്കെയും യഹോവയുടെ പ്രവൃത്തിയെ കാണും; ഞാന്‍ നിന്നോടു ചെയ്‍വാനിരിക്കുന്നതു ഭയങ്കരമായുള്ളതു തന്നേ.

11 ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്നതു സൂക്ഷിച്ചുകൊള്‍ക; അമോര്‍യ്യന്‍ , കനാന്യന്‍ , ഹിത്യന്‍ , പെരിസ്യന്‍ , ഹിവ്യന്‍ , യെബൂസ്യന്‍ എന്നിവരെ ഞാന്‍ നിന്റെ മുമ്പില്‍ നിന്നു ഔടിച്ചുകളയും.

12 നീ ചെല്ലുന്ന ദേശത്തിലെ നിവാസികളോടു നീ ഒരു ഉടമ്പടി ചെയ്യാതിരിപ്പാന്‍ കരുതിക്കൊള്‍ക; അല്ലാഞ്ഞാല്‍ അതു നിന്റെ മദ്ധ്യേ ഒരു കണിയായിരിക്കും.

13 നിങ്ങള്‍ അവരുടെ ബലി പീഠങ്ങളെ ഇടിച്ചു വിഗ്രഹങ്ങളെ തകര്‍ത്തു അശേരപ്രതിഷ്ഠകളെ വെട്ടിക്കളയേണം.

14 അന്യദൈവത്തെ നമസ്കരിക്കരുതു; യഹോവയുടെ നാമം തീക്ഷ്ണന്‍ എന്നാകുന്നു; അവന്‍ തീക്ഷ്ണതയുള്ള ദൈവം തന്നേ.

15 ആ ദേശത്തിലെ നിവാസികളോടു ഉടമ്പടി ചെയ്കയും അവരുടെ ദേവന്മാരോടു അവര്‍ പരസംഗം ചെയ്തു അവരുടെ ദേവന്മാര്‍ക്കും ബലി കഴിക്കുമ്പോള്‍ നിന്നെ വിളിക്കയും നീ ചെന്നു അവരുടെ ബലികള്‍ തിന്നുകയും

16 അവരുടെ പുത്രിമാരില്‍നിന്നു നിന്റെ പുത്രന്മാര്‍ക്കും ഭാര്യമാരെ എടുക്കയും അവരുടെ പുത്രിമാര്‍ തങ്ങളുടെ ദേവന്മാരോടു പരസംഗം ചെയ്യുമ്പോള്‍ നിന്റെ പുത്രന്മാരെക്കൊണ്ടു അവരുടെ ദേവന്മാരോടു പരസംഗം ചെയ്യിക്കയും ചെയ്‍വാന്‍ ഇടവരരുതു.

17 ദേവന്മാരെ വാര്‍ത്തുണ്ടാക്കരുതു.

18 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം നീ ആചരിക്കേണം. ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തില്‍ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ആബീബ് മാസത്തിലല്ലോ നീ മിസ്രയീമില്‍നിന്നു പുറപ്പെട്ടുപോന്നതു.

19 ആദ്യം ജനിക്കുന്നതൊക്കെയും നിന്റെ ആടുകളുടെയും കന്നുകാലികളുടെയും കൂട്ടത്തില്‍ കടിഞ്ഞൂലായ ആണ്‍ഒക്കെയും എനിക്കുള്ളതു ആകുന്നു.

20 എന്നാല്‍ കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിന്‍ കുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളേണം. വീണ്ടുകൊള്ളുന്നില്ലെങ്കില്‍ അതിന്റെ കഴുത്തു ഒടിച്ചുകളയേണം. നിന്റെ പുത്രന്മാരില്‍ ആദ്യജാതനെ ഒക്കെയും വീണ്ടുകൊള്ളേണം. വെറുങ്കയ്യോടെ നിങ്ങള്‍ എന്റെ മുമ്പാകെ വരരുതു.

21 ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം സ്വസ്ഥമായിരിക്കേണം; വിതകാലമോ കൊയ്ത്തുകാലമോ ആയാലും സ്വസ്ഥമായിരിക്കേണം.

22 കോതമ്പുകെയ്ത്തിലെ ആദ്യഫലോത്സവമായ വാരോത്സവവും ആണ്ടറുതിയില്‍ കായ്കനിപ്പെരുനാളും നീ ആചരിക്കേണം.

23 സംവത്സരത്തില്‍ മൂന്നു പ്രാവശ്യം പുരുഷന്മാരൊക്കയും യിസ്രായേലിന്റെ ദൈവമായി യഹോവയായ കര്‍ത്താവിന്റെ മുമ്പാകെ വരേണം.

24 ഞാന്‍ ജാതികളെ നിന്റെ മുമ്പില്‍നിന്നു ഔടിച്ചുകളഞ്ഞു നിന്റെ അതൃത്തികളെ വിശാലമാക്കും; നീ സംവത്സരത്തില്‍ മൂന്നു പ്രാവശ്യം നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ചെല്ലുവാന്‍ കയറിപ്പോയിരിക്കുമ്പോള്‍ ഒരു മനുഷ്യനും നിന്റെ ദേശം മോഹിക്കയില്ല.

25 എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അര്‍പ്പിക്കരുതു. പെസഹപെരുനാളിലെ യാഗം പ്രഭാതകാലംവരെ വെച്ചേക്കരുതു.

26 നിന്റെ നിലത്തിലെ ആദ്യവിളവിന്റെ ആദ്യഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തില്‍ കൊണ്ടുവരേണം. കോലാട്ടിന്‍ കുട്ടിയെ അതിന്റെ തള്ളയുടെ പാലില്‍ പാകം ചെയ്യരുതു.

27 യഹോവ പിന്നെയും മോശെയോടുഈ വചനങ്ങളെ എഴുതിക്കൊള്‍ക; ഈ വചനങ്ങള്‍ ആധാരമാക്കി ഞാന്‍ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു.

28 അവന്‍ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പതു പകലും നാല്പതു രാവും യഹോവയോടു കൂടെ ആയിരുന്നു; അവന്‍ പത്തു കല്പനയായ നിയമത്തിന്റെ വചനങ്ങളെ പലകയില്‍ എഴുതിക്കൊടുത്തു.

29 അവന്‍ തന്നോടു അരുളിച്ചെയ്തതു നിമിത്തം തന്റെ മുഖത്തിന്റെ ത്വക്ക്‍ പ്രകാശിച്ചു എന്നു മോശെ സാക്ഷ്യത്തിന്റെ പലക രണ്ടും കയ്യില്‍ പടിച്ചുകൊണ്ടു സീനായിപര്‍വ്വതത്തില്‍നിന്നു ഇറങ്ങുമ്പോള്‍ അറിഞ്ഞില്ല.

30 അഹരോനും യിസ്രായേല്‍മക്കള്‍ എല്ലാവരും മോശെയെ നോക്കിയപ്പോള്‍ അവന്റെ മുഖത്തിന്റെ ത്വക്ക്‍ പ്രകാശിക്കുന്നതു കണ്ടു; അതു കൊണ്ടു അവര്‍ അവന്റെ അടുക്കല്‍ ചെല്ലുവാന്‍ ഭയപ്പെട്ടു.

31 മോശെ അവരെ വിളിച്ചു; അപ്പോള്‍ അഹരോനും സഭയിലെ പ്രമാണികള്‍ ഒക്കെയും അവന്റെ അടുക്കല്‍ മടങ്ങി വന്നു; മോശെ അവരോടു സംസാരിചു.

32 അതിന്റെ ശേഷം യിസ്രായേല്‍മക്കള്‍ ഒക്കെയും അവന്റെ അടുക്കല്‍ ചെന്നു. സീനായി പര്‍വ്വതത്തില്‍വെച്ചു യഹോവ തന്നോടു അരുളിച്ചെയ്തതൊക്കെയും അവന്‍ അവരോടു ആജ്ഞാപിച്ചു.

33 മോശെ അവരോടു സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ തന്റെ മുഖത്തു ഒരു മൂടുപടം ഇട്ടു.

34 മോശെ യഹോവയോടു സംസാരിക്കേണ്ടതിന്നു അവന്റെ സന്നിധാനത്തില്‍ കടക്കുമ്പോള്‍ പുറത്തു വരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോടു കല്പിച്ചതു അവന്‍ പുറത്തുവന്നു യിസ്രയേല്‍മക്കളോടു പറയും.

35 യിസ്രായേല്‍മക്കള്‍ മോശെയുടെ മുഖത്തിന്റെ ത്വക്ക്‍ പ്രകാശിക്കുന്നതായി കണ്ടതുകൊണ്ടു മോശെ അവനോടു സംസാരിക്കേണ്ടതിന്നു അകത്തു കടക്കുവോളം മൂടുപടം പിന്നെയും തന്റെ മുഖത്തു ഇട്ടുകൊള്ളും.

പുറപ്പാടു് 35:1-29

1 അനന്തരം മോശെ യിസ്രായേല്‍മക്കളുടെ സംഘത്തെ ഒക്കെയും കൂട്ടി അവരോടു പറഞ്ഞതുനിങ്ങള്‍ ചെയ്‍വാന്‍ യഹോവ കല്പിച്ച വചനങ്ങള്‍ ആവിതു

2 ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങള്‍ക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവന്‍ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം.

3 ശബ്ബത്ത നാളില്‍ നിങ്ങളുടെ വാസസ്ഥലങ്ങളില്‍ എങ്ങും തീ കത്തിക്കരുതു.

4 മോശെ പിന്നെയും യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയോടും പറഞ്ഞതുയഹോവ കല്പിച്ചതു എന്തെന്നാല്‍

5 നിങ്ങളുടെ ഇടയില്‍ നിന്നു യഹോവേക്കു ഒരു വഴിപാടു എടുപ്പിന്‍ . നല്ല മനസ്സുള്ളവനെല്ലാം യഹോവേക്കു വഴിപാടു കൊണ്ടുവരേണം.

6 പൊന്നു, വെള്ളി, താമ്രം, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍, കോലാട്ടുരോമം,

7 ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍ തഹശൂതോല്‍, ഖദിരമരം,

8 വിളക്കിന്നു എണ്ണ, അഭിഷേകതൈലത്തിന്നും പരിമളധൂപത്തിന്നും സുഗന്ധവര്‍ഗ്ഗം,

9 ഗോമേദകക്കല്ലു, ഏഫോദിന്നു പതക്കത്തിന്നും പതിക്കേണ്ടുന്ന കല്ലു എന്നിവ തന്നേ.

10 നിങ്ങളില്‍ ജ്ഞാനികളായ എല്ലാവരും വന്നു യഹോവ കല്പിച്ചിരിക്കുന്നതു ഒക്കെയും ഉണ്ടാക്കേണം.

11 തിരുനിവാസം, അതിന്റെ മൂടുവരി, പുറമൂടി, കൊളുത്തുകള്‍, പലകകള്‍, അന്താഴങ്ങള്‍

12 തൂണുകള്‍, ചുവടുകള്‍, പെട്ടകം, അതിന്റെ തണ്ടുകള്‍, കൃപാസനം, മറയുടെ തിരശ്ശീല,

13 മേശ, അതിന്റെ തണ്ടുകള്‍, ഉപകരണങ്ങള്‍ ഒക്കെയും, കാഴ്ചയപ്പം,

14 വെളിച്ചത്തിന്നു നിലവിളകൂ, അതിന്റെ ഉപകരണങ്ങള്‍, അതിന്റെ ദീപങ്ങള്‍, വിളക്കിന്നു എണ്ണ,

15 ധൂപപീഠം, അതിന്റെ തണ്ടുകള്‍, അഭിഷേകതൈലം, സുഗന്ധധൂപവര്‍ഗ്ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശന വാതിലിന്റെ മറശ്ശീല,

16 ഹോമയാഗപീഠം, അതിന്റെ താമ്രജാലം, തണ്ടുകള്‍, അതിന്റെ ഉപകരണങ്ങള്‍ ഒക്കെയും, തൊട്ടി, അതിന്റെ കാല്‍,

17 പ്രാകാരത്തിന്റെ മറശ്ശീലകള്‍, അതിന്റെ തൂണുകള്‍, ചുവടുകള്‍, പ്രാകാര വാതിലിന്റെ മറ,

18 തിരുനിവാസത്തിന്റെ കുറ്റികള്‍, പ്രാകാരത്തിന്റെ കുറ്റികള്‍,

19 അവയുടെ കയറുകള്‍, വിശുദ്ധമന്ദിരത്തില്‍ ശുശ്രൂഷ ചെയ്‍വാന്‍ വിശേഷവസ്ത്രങ്ങള്‍, പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷെക്കായി അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങള്‍ എന്നിവ തന്നേ.

20 അപ്പോള്‍ യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും മോശെയുടെ മുമ്പില്‍ നിന്നു പുറപ്പെട്ടു.

21 ഹൃദയത്തില്‍ ഉത്സാഹവും മനസ്സില്‍ താല്പര്യവും തോന്നിയവന്‍ എല്ലാം സമാഗമനക്കുടാരത്തിന്റെ പ്രവൃത്തിക്കും അതിന്റെ സകല ശുശ്രൂഷെക്കും വിശുദ്ധവസ്ത്രങ്ങള്‍ക്കും വേണ്ടി യഹോവേക്കു വഴിപാടു കൊണ്ടുവന്നു.

22 പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവര്‍ എല്ലാവരും യഹോവേക്കു പൊന്‍ വഴിപാടു കൊടുപ്പാന്‍ നിശ്ചയിച്ചവരൊക്കെയും വള, കുണുകൂ, മോതിരം, മാല മുതലായ സകലവിധ പൊന്നാഭരണങ്ങളും കൊണ്ടുവന്നു.

23 നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍, കോലാട്ടു രോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍, തഹശൂതോല്‍ എന്നിവ കൈവശമുള്ളവര്‍ അതു കൊണ്ടു വന്നു.

24 വെള്ളിയും താമ്രവും വഴിപാടുകൊടുപ്പാന്‍ നിശ്ചയിച്ചവനെല്ലാം യഹോവേക്കു വഴിപാടു കൊണ്ടുവന്നു. ശുശ്രൂഷയിലെ എല്ലാപണിക്കുമായി ഖദിരമരം കൈവശമുള്ളവന്‍ അതുകൊണ്ടുവന്നു.

25 സാമര്‍ത്ഥ്യമുള്ള സ്ത്രീകള്‍ ഒക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പു നൂലും പഞ്ഞിനൂലും കൊണ്ടുവന്നു.

26 സാമര്‍ത്ഥ്യത്താല്‍ ഹൃദയത്തില്‍ ഉത്സാഹം തോന്നിയ സ്ത്രീകള്‍ ഒക്കെയും കോലാട്ടുരോമം നൂറ്റു.

27 പ്രമാണികള്‍ ഏഫോദിന്നും പതക്കത്തിനും പതിക്കേണ്ടുന്ന കല്ലുകളും ഗോമേദകക്കല്ലുകളും

28 വെളിച്ചത്തിന്നും അഭിഷേകതൈലത്തിന്നും സുഗന്ധ ധൂപത്തിന്നുമായി പരിമളവര്‍ഗ്ഗവും എണ്ണയും കൊണ്ടു വന്നു.

29 മോശെ മുഖാന്തരം യഹോവ കല്പിച്ച സകലപ്രവൃത്തിക്കുമായി കൊണ്ടുവരുവാന്‍ യിസ്രായേല്‍മക്കളില്‍ ഔദാര്യമനസ്സുള്ള സകല പുരുഷന്മാരും സ്ത്രീകളും യഹോവേക്കു സ്വമേധാദാനം കൊണ്ടുവന്നു.