Чекор 91

Студија

     

ശമൂവേൽ 2 1

1 ശൌല്‍ മരിക്കയും ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ളാഗില്‍ രണ്ടു ദിവസം പാര്‍ക്കയും ചെയ്ത ശേഷം

2 മൂന്നാം ദിവസം ഒരു ആള്‍ വസ്ത്രം കീറിയും തലയില്‍ പൂഴി വാരിയിട്ടുംകൊണ്ടു ശൌലിന്റെ പാളയത്തില്‍നിന്നു വന്നു, ദാവീദിന്റെ അടുക്കല്‍ എത്തി സാഷ്ടാംഗം വീണു നമസ്കരിച്ചു.

3 ദാവീദ് അവനോടുനീ എവിടെ നിന്നു വരുന്നു എന്നു ചോദിച്ചതിന്നുഞാന്‍ യിസ്രായേല്‍ പാളയത്തില്‍നിന്നു ഔടിപ്പോരികയാകുന്നു എന്നു അവന്‍ പറഞ്ഞു.

4 ദാവീദ് അവനോടുകാര്യം എന്തായി? പറക എന്നു ചോദിച്ചു. അതിന്നു അവന്‍ ജനം പടയില്‍ തോറ്റോടി; ജനത്തില്‍ അനേകര്‍ പട്ടുവീണു; ശൌലും അവന്റെ മകനായ യോനാഥാനുംകൂടെ പട്ടുപോയി എന്നു ഉത്തരം പറഞ്ഞു.

5 വര്‍ത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു ദാവീദ്ശൌലും അവന്റെ മകനായ യോനാഥാനും പട്ടുപോയതു നീ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചതിന്നു

6 വര്‍ത്തമാനം കൊണ്ടുവന്ന ബാല്യക്കാരന്‍ പറഞ്ഞതുഞാന്‍ യദൃച്ഛയാ ഗില്‍ബോവപര്‍വ്വതത്തിലേക്കു ചെന്നപ്പോള്‍ ശൌല്‍ തന്റെ കുന്തത്തിന്മേല്‍ ചാരിനിലക്കുന്നതും തേരും കുതിരപ്പടയും അവനെ തുടര്‍ന്നടുക്കുന്നതും കണ്ടു;

7 അവന്‍ പിറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചുഅടിയന്‍ ഇതാ എന്നു ഞാന്‍ ഉത്തരം പറഞ്ഞു.

8 നീ ആരെന്നു അവന്‍ എന്നോടു ചോദിച്ചതിന്നുഞാന്‍ ഒരു അമാലേക്യന്‍ എന്നു ഉത്തരം പറഞ്ഞു.

9 അവന്‍ എന്നോടുനീ അടുത്തുവന്നു എന്നെ കൊല്ലേണം; എന്റെ ജീവന്‍ മുഴുവനും എന്നില്‍ ഇരിക്കകൊണ്ടു എനിക്കു പരിഭ്രമം പിടിച്ചിരിക്കുന്നു എന്നു പറഞ്ഞു.

10 അതുകൊണ്ടു ഞാന്‍ അടുത്തുചെന്നു അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവന്‍ ജീവിക്കയില്ല എന്നു ഞാന്‍ അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കടകവും ഞാന്‍ എടുത്തു ഇവിടെ യജമാനന്റെ അടുക്കല്‍ കൊണ്ടുവന്നിരിക്കുന്നു.

11 ഉടനെ ദാവീദ് തന്റെ വസ്ത്രം പറിച്ചുകീറി; കൂടെയുള്ളവരും അങ്ങനെ തന്നെ ചെയ്തു.

12 അവര്‍ ശൌലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേല്‍ഗൃഹത്തെയും കുറിച്ചു അവര്‍ വാളാല്‍ വീണുപോയതുകൊണ്ടു വിലപിച്ചു കരഞ്ഞു സന്ധ്യവരെ ഉപവസിച്ചു.

13 ദാവീദ് വര്‍ത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടുനീ എവിടുത്തുകാരന്‍ എന്നു ചോദിച്ചതിന്നുഞാന്‍ ഒരു അന്യജാതിക്കാരന്റെ മകന്‍ , ഒരു അമാലേക്യന്‍ എന്നു അവന്‍ ഉത്തരം പറഞ്ഞു.

14 ദാവീദ് അവനോടുയഹോവയുടെ അഭിഷിക്തനെ സംഹരിക്കേണ്ടതിന്നു കയ്യോങ്ങുവാന്‍ നിനക്കു ഭയം തോന്നാഞ്ഞതു എങ്ങനെ എന്നു പറഞ്ഞു.

15 പിന്നെ ദാവീദ് ബാല്യക്കാരില്‍ ഒരുത്തനെ വിളിച്ചുനീ ചെന്നു അവനെ വെട്ടിക്കളക എന്നു പറഞ്ഞു.

16 അവന്‍ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോടുനിന്റെ രക്തം നിന്റെ തലമേല്‍; യഹോവയുടെ അഭിഷിക്തനെ ഞാന്‍ കൊന്നു എന്നു നീ നിന്റെ വായ് കൊണ്ടു തന്നെ നിനക്കു വിരോധമായി സാക്ഷീകരിച്ചുവല്ലോ എന്നു പറഞ്ഞു.

17 അനന്തരം ദാവീദ് ശൌലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ചു ഈ വിലാപഗീതം ചൊല്ലി--

18 അവന്‍ യെഹൂദാമക്കളെ ഈ ധനുര്‍ഗ്ഗീതം അഭ്യസിപ്പിപ്പാന്‍ കല്പിച്ചു; അതു ശൂരന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ:-

19 യിസ്രായേലേ, നിന്റെ പ്രതാപമായവര്‍ നിന്റെ ഗിരികളില്‍ നിഹതന്മാരായി; വീരന്മാര്‍ പട്ടുപോയതു എങ്ങനെ!

20 ഗത്തില്‍ അതു പ്രസിദ്ധമാക്കരുതേ; അസ്കലോന്‍ വീഥികളില്‍ ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാര്‍ സന്തോഷിക്കരുതേ; അഗ്രചര്‍മ്മികളുടെ കന്യകമാര്‍ ഉല്ലസിക്കരുതേ.

21 ഗില്‍ബോവപര്‍വ്വതങ്ങളേ, നിങ്ങളുടെ മേല്‍ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങള്‍ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞതു; ശൌലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നേ.

22 നിഹതന്മാരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ടു യോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല; ശൌലിന്റെ വാള്‍ വൃഥാ പോന്നതുമില്ല.

23 ശൌലും യോനാഥാനും ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു; മരണത്തിലും അവര്‍ വേര്‍പിരിഞ്ഞില്ല. അവര്‍ കഴുകനിലും വേഗവാന്മാര്‍. സിംഹത്തിലും വീര്യവാന്മാര്‍.

24 യിസ്രായേല്‍പുത്രിമാരേ, ശൌലിനെച്ചൊല്ലി കരവിന്‍ അവന്‍ നിങ്ങളെ ഭംഗിയായി രക്താംബരം ധരിപ്പിച്ചു നിങ്ങളുടെ വസ്ത്രത്തിന്മേല്‍ പൊന്നാഭരണം അണിയിച്ചു.

25 യുദ്ധമദ്ധ്യേ വീരന്മാര്‍ പട്ടുപോയതെങ്ങിനെ! നിന്റെ ഗിരികളില്‍ യോനാഥാന്‍ നിഹതനായല്ലോ.

26 യോനാഥാനേ, എന്റെ സഹോദരാ, നിന്നെച്ചൊല്ലി ഞാന്‍ ദുഃഖിക്കുന്നു; നീ എനിക്കു അതിവത്സലന്‍ ആയിരുന്നു; നിന്‍ പ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയതു.

27 വീരന്മാര്‍ പട്ടുപോയതു എങ്ങനെ; യുദ്ധായുധങ്ങള്‍ നശിച്ചുപോയല്ലോ!

ശമൂവേൽ 2 2

1 അനന്തരം ദാവീദ് യഹോവയോടുഞാന്‍ യെഹൂദ്യനഗരങ്ങളില്‍ ഒന്നിലേക്കു ചെല്ലേണമോ എന്നു ചോദിച്ചു. യഹോവ അവനോടുചെല്ലുക എന്നു കല്പിച്ചു. ഞാന്‍ എവിടേക്കു ചെല്ലേണ്ടു എന്നു ദാവീദ് ചോദിച്ചതിന്നുഹെബ്രോനിലേക്കു എന്നു അരുളപ്പാടുണ്ടായി.

2 അങ്ങനെ ദാവീദ് യിസ്രെയേല്‍ക്കാരത്തി അഹീനോവം, കര്‍മ്മേല്യന്‍ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍ എന്നീ രണ്ടു ഭാര്യമാരുമായി അവിടേക്കു ചെന്നു.

3 ദാവീദ് തന്നോടുകൂടെ ഉണ്ടായിരുന്ന ആളുകളെ ഒക്കെയും കുടുംബസഹിതം കൂട്ടിക്കൊണ്ടുപോയി; അവര്‍ ഹെബ്രോന്യപട്ടണങ്ങളില്‍ പാര്‍ത്തു.

4 അപ്പോള്‍ യെഹൂദാപുരുഷന്മാര്‍ വന്നു അവിടെവെച്ചു ദാവീദിനെ യെഹൂദാഗൃഹത്തിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.

5 ഗിലെയാദിലെ യാബേശ് നിവാസികള്‍ ആയിരുന്നു ശൌലിനെ അടക്കംചെയ്തതു എന്നു ദാവീദിന്നു അറിവുകിട്ടി. ദാവീദ്, ഗിലെയാദിലെ യാബേശ് നിവാസികളുടെ അടുക്കല്‍ ദൂതന്മാരെ അയച്ചുനിങ്ങളുടെ യജമാനനായ ശൌലിനോടു ഇങ്ങനെ ദയകാണിച്ചു അവനെ അടക്കം ചെയ്കകൊണ്ടു നിങ്ങള്‍ യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവര്‍.

6 യഹോവ നിങ്ങളോടു ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ; നിങ്ങള്‍ ഈ കാര്യം ചെയ്തിരിക്കകൊണ്ടു ഞാനും നിങ്ങള്‍ക്കു നന്മ ചെയ്യും.

7 ആകയാല്‍ നിങ്ങള്‍ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിന്‍ ; നിങ്ങളുടെ യജമാനനായ ശൌല്‍ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ തങ്ങള്‍ക്കു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു എന്നു പറയിച്ചു.

8 എന്നാല്‍ ശൌലിന്റെ സേനാപതിയായ നേരിന്റെ മകന്‍ അബ്നേര്‍ ശൌലിന്റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി,

9 അവനെ ഗിലെയാദ്, അശൂരി, യിസ്രെയേല്‍, എഫ്രയീം, ബെന്യാമീന്‍ എന്നിങ്ങനെ എല്ലായിസ്രായേല്യര്‍ക്കും രാജാവാക്കി,

10 ശൌലിന്റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലില്‍ രാജാവായപ്പോള്‍ അവന്നു നാല്പതു വയസ്സായിരുന്നു; അവന്‍ രണ്ടു സംവത്സരം വാണു. യെഹൂദാഗൃഹമോ ദാവീദിനോടു ചേര്‍ന്നുനിന്നു.

11 ദാവീദ് ഹെബ്രോനില്‍ യെഹൂദാഗൃഹത്തിന്നു രാജാവായിരുന്ന കാലം ഏഴു സംവത്സരവും ആറു മാസവും തന്നേ.

12 നേരിന്റെ മകന്‍ അബ്നേരും ശൌലിന്റെ മകനായ ഈശ്-ബേശെത്തിന്റെ ചേവകരും മഹനയീമില്‍നിന്നു ഗിബെയോനിലേക്കു വന്നു.

13 അപ്പോള്‍ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ചേവകരും പുറപ്പെട്ടു ഗിബെയോനിലെ കുളത്തിന്നരികെവെച്ചു അവരെ നേരിട്ടു; അവര്‍ കുളത്തിന്റെ ഇപ്പുറത്തും മറ്റേവര്‍ കുളത്തിന്റെ അപ്പുറത്തും ഇരുന്നു.

14 അബ്നേര്‍ യോവാബിനോടുബാല്യക്കാര്‍ എഴുന്നേറ്റു നമ്മുടെ മുമ്പാകെ ഒന്നു കളിക്കട്ടെ എന്നു പറഞ്ഞു.

15 അങ്ങനെയാകട്ടെ എന്നു യോവാബും പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ഭാഗത്തുനിന്നു പന്ത്രണ്ടുപേരും ദാവീദിന്റെ ചേവകരില്‍ പന്ത്രണ്ടുപേരും എണ്ണമൊത്തു എഴുന്നേറ്റു തമ്മില്‍ അടുത്തു.

16 ഔരോരുത്തന്‍ താന്താന്റെ എതിരാളിയെ മുടിക്കു പിടിച്ചു വിലാപ്പുറത്തു വാള്‍ കുത്തിക്കടത്തി ഒരുമിച്ചു വീണു; അതുകൊണ്ടു ഗിബെയോനിലെ ആ സ്ഥലത്തിന്നു ഹെല്‍ക്കത്ത്-ഹസ്സൂരീം എന്നു പേരായി.

17 അന്നു യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്റെ ചേവകരോടു തോറ്റുപോയി.

18 അവിടെ യോവാബ്, അബീശായി, അസാഹേല്‍ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേല്‍ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു.

19 അസാഹേല്‍ അബ്നേരിനെ പിന്തുടര്‍ന്നു; അബ്നേരിനെ പിന്തുടരുന്നതില്‍ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല.

20 അബ്നേര്‍ പിറകോട്ടു നോക്കിനീ അസാഹേലോ എന്നു ചോദിച്ചതിന്നുഅതേ എന്നു അവന്‍ ഉത്തരം പറഞ്ഞു.

21 അബ്നേര്‍ അവനോടുനീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞു, ബാല്യക്കാരില്‍ ഒരുത്തനെ പിടിച്ചു അവന്റെ ആയുധവര്‍ഗ്ഗം എടുത്തുകൊള്‍ക എന്നു പറഞ്ഞു. എങ്കിലും അസാഹേലിന്നു അവനെ വിട്ടുമാറുവാന്‍ മനസ്സായില്ല.

22 അബ്നേര്‍ അസാഹേലിനോടുഎന്നെ വിട്ടുപോക; ഞാന്‍ നിന്നെ വെട്ടിവീഴിക്കുന്നതു എന്തിന്നു? പിന്നെ ഞാന്‍ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്തു എങ്ങനെ നോക്കും എന്നു പറഞ്ഞു.

23 എന്നാറെയും വിട്ടുമാറുവാന്‍ അവന്നു മനസ്സായില്ല; അബ്നേര്‍ അവനെ കുന്തംകൊണ്ടു പിറകോട്ടു വയറ്റത്തു കുത്തി; കുന്തം മറുവശത്തു പുറപ്പെട്ടു; അവന്‍ അവിടെ തന്നെ വീണു മരിച്ചു. അസാഹേല്‍ മരിച്ചുകിടന്നേടത്തു വന്നവര്‍ ഒക്കെയും നിന്നുപോയി.

24 യോവാബും അബീശായിയും അബ്നോരിനെ പിന്തുടര്‍ന്നു; അവര്‍ ഗിബെയോന്‍ മരുഭൂമിയിലെ വഴിയരികെ ഗീഹിന്റെ മുമ്പിലുള്ള അമ്മാക്കുന്നില്‍ എത്തിയപ്പോള്‍ സൂര്യന്‍ അസ്തമിച്ചു.

25 ബെന്യാമീന്യര്‍ അബ്നേരിന്റെ അടുക്കല്‍ ഒരേ കൂട്ടമായി കൂടി ഒരു കുന്നിന്‍ മുകളില്‍നിന്നു.

26 അപ്പോള്‍ അബ്നേര്‍ യോവാബിനോടുവാള്‍ എന്നും സംഹരിച്ചുകൊണ്ടിരിക്കേണമോ? ഒടുവില്‍ കൈപ്പുണ്ടാകുമെന്നു നീ അറിയുന്നില്ലയോ? സഹോരദന്മാരെ പിന്തുടരുന്നതു മതിയാക്കേണ്ടതിന്നു ജനത്തോടു കല്പിപ്പാന്‍ നീ എത്രത്തോളം താമസിക്കും എന്നു വിളിച്ചു പറഞ്ഞു.

27 അതിന്നു യോവാബ്ദൈവത്താണ, നീ പറഞ്ഞില്ലെങ്കില്‍ ജനം രാവിലെ തങ്ങളുടെ സഹോദരന്മാരെ പിന്തുടരാതെ മടങ്ങിപ്പോകുമായിരുന്നു എന്നു പറഞ്ഞു.

28 ഉടനെ യോവാബ് കാഹളം ഊതിച്ചു, ജനം ഒക്കെയും നിന്നു, യിസ്രായേലിനെ പിന്തുടര്‍ന്നില്ല പൊരുതതുമില്ല.

29 അബ്നേരും അവന്റെ ആളുകളും അന്നു രാത്രിമുഴുവനും അരാബയില്‍കൂടി നടന്നു യോര്‍ദ്ദാന്‍ കടന്നു ബിത്രോനില്‍കൂടി ചെന്നു മഹനയീമില്‍ എത്തി.

30 യോവാബും അബ്നേരിനെ പിന്തുടരുന്നതു വിട്ടു മടങ്ങി, ജനത്തെ ഒക്കെയും ഒന്നിച്ചു കൂട്ടിയപ്പോള്‍ ദാവീദിന്റെ ചേവരകരില്‍ പത്തൊമ്പതുപേരും അസാഹേലും ഇല്ലായിരുന്നു.

31 എന്നാല്‍ ദാവീദിന്റെ ചേവകര്‍ ബെന്യാമീന്യരെയും അബ്നേരിന്റെ ആളുകളെയും തോല്പിക്കയും അവരില്‍ മുന്നൂറ്ററുപതുപേരെ സംഹരിക്കയും ചെയ്തിരുന്നു.

32 അസാഹേലിനെ അവര്‍ എടുത്തു ബേത്ത്ളേഹെമില്‍ അവന്റെ അപ്പന്റെ കല്ലറയില്‍ അടക്കം ചെയ്തു; യോവാബും അവന്റെ ആളുകളും രാത്രി മുഴുവനും നടന്നു പുലര്‍ച്ചെക്കു ഹെബ്രോനില്‍ എത്തി.

ശമൂവേൽ 2 3

1 ശൌലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മില്‍ ദീര്‍ഘകാലം യുദ്ധം നടന്നു; എന്നാല്‍ ദാവീദിന്നു ബലം കൂടിക്കൂടിയും ശൌലിന്റെ ഗൃഹം ക്ഷയിച്ചു ക്ഷയിച്ചും വന്നു.

2 ദാവീദിന്നു ഹെബ്രോനില്‍വെച്ചു പുത്രന്മാര്‍ ജനിച്ചു; യിസ്രെയേല്‍ക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോന്‍ അവന്റെ ആദ്യജാതന്‍ .

3 കര്‍മ്മേല്യന്‍ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍ പ്രസവിച്ച കിലെയാബ് രണ്ടാമത്തവന്‍ ; ഗെശൂര്‍രാജാവായ തല്‍മയിയുടെ മകള്‍ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവന്‍ ;

4 ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നാലാമത്തവന്‍ ; അബീതാലിന്റെ മകനായ ശെഫത്യാവു അഞ്ചാമത്തവന്‍ ;

5 ദാവീദിന്റെ ഭാര്യയായ എഗ്ളാ പ്രസവിച്ച യിത്രെയാം ആറാമത്തവന്‍ . ഇവരാകുന്നു ഹെബ്രോനില്‍വെച്ചു ദാവീദിന്നു ജനിച്ചവര്‍.

6 ശൌലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മില്‍ യുദ്ധം ഉണ്ടായിരുന്ന കാലത്തു അബ്നേര്‍ ശൌലിന്റെ ഗൃഹത്തില്‍ തന്നെത്താന്‍ ബലപ്പെടുത്തിയിരുന്നു.

7 എന്നാല്‍ ശൌലിന്നു അയ്യാവിന്റെ മകളായി രിസ്പാ എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; ഈശ്-ബോശെത്ത് അബ്നേരിനോടുനീ എന്റെ അപ്പന്റെ വെപ്പാട്ടിയുടെ അടുക്കല്‍ ചെന്നതു എന്തു എന്നു ചോദിച്ചു.

8 അബ്നേര്‍ ഈശ്-ബോശെത്തിന്റെ വാക്കുനിമിത്തം ഏറ്റവും കോപിച്ചു പറഞ്ഞതുഞാന്‍ യെഹൂദാ പക്ഷത്തിലുള്ള ഒരു നായ്ത്തലയോ? ഇന്നു ഞാന്‍ നിന്റെ അപ്പനായ ശൌലിന്റെ ഗൃഹത്തോടും അവന്റെ സഹോദരന്മാരോടും സ്നേഹിതന്മാരോടും ദയ കാണിക്കയും നിന്നെ ദാവീദിന്റെ കയ്യില്‍ ഏല്പിക്കാതിരിക്കയും ചെയ്തിരിക്കെ ഇന്നു ഈ സ്ത്രീ നിമിത്തം നീ എന്നെ കുറ്റം ചുമത്തുന്നുവോ?

9 ശൌലിന്റെ ഗൃഹത്തില്‍നിന്നു രാജത്വം മാറ്റുകയും ദാവീദിന്റെ സിംഹാസനം ദാന്‍ മുതല്‍ ബേര്‍-ശേബവരെ യിസ്രായേലിലും യെഹൂദയിലും സ്ഥാപിക്കയും ചെയ്‍വാന്‍ തക്കവണ്ണം

10 യഹോവ ദാവീദിനോടു സത്യം ചെയ്തതുപോലെ ഞാന്‍ അവന്നു സാധിപ്പിച്ചുകൊടുക്കാതിരുന്നാല്‍ ദൈവം അബ്നേരിനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ.

11 അവന്‍ അബ്നേരിനെ ഭയപ്പെടുകകൊണ്ടു അവനോടു പിന്നെ ഒരു വാക്കും പറവാന്‍ കഴിഞ്ഞില്ല.

12 അനന്തരം അബ്നേര്‍ ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുദേശം ആര്‍ക്കുംള്ളതു? എന്നോടു ഉടമ്പടി ചെയ്ക; എന്നാല്‍ എല്ലായിസ്രായേലിനെയും നിന്റെ പക്ഷത്തില്‍ വരുത്തേണ്ടതിന്നു എന്റെ സഹായം നിനക്കു ഉണ്ടാകും എന്നു പറയിച്ചു.

13 അതിന്നു അവന്‍ നല്ലതു; ഉടമ്പടി ചെയ്യാം; എന്നാല്‍ ഞാന്‍ ഒരു കാര്യം നിന്നോടു ആവശ്യപ്പെടുന്നുനീ എന്നെ കാണ്മാന്‍ വരുമ്പോള്‍ ആദ്യം തന്നേ ശൌലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടു വരാതിരുന്നാല്‍ നീ എന്റെ മുഖം കാണ്‍കയില്ല എന്നു പറഞ്ഞു.

14 ദാവീദ് ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഞാന്‍ വിവാഹനിശ്ചയത്തിന്നു ഫെലിസ്ത്യരുടെ നൂറു അഗ്രചര്‍മ്മംകൊടുത്തു വാങ്ങിയ എന്റെ ഭാര്യയായ മീഖളിനെ ഏല്പിച്ചുതരിക എന്നു പറയിച്ചു.

15 ഈശ്-ബോശെത്ത് അവളെ ലയീശിന്റെ മകനായി അവളുടെ ഭര്‍ത്താവായ ഫല്തിയേലിന്റെ അടുക്കല്‍നിന്നു വരുത്തി.

16 അവളുടെ ഭര്‍ത്താവു കരഞ്ഞുംകൊണ്ടു ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. അബ്നേര്‍ അവനോടുനീ മടങ്ങിപ്പോക എന്നു പറഞ്ഞു.

17 അവന്‍ മടങ്ങിപ്പോയി, എന്നാല്‍ അബ്നേര്‍ യിസ്രായേല്‍മൂപ്പന്മാരോടു സംസാരിച്ചുദാവീദിനെ രാജാവായി കിട്ടുവാന്‍ കുറെ കാലമായല്ലോ നിങ്ങള്‍ അന്വേഷിക്കുന്നതു.

18 ഇപ്പോള്‍ അങ്ങനെ ചെയ്‍വിന്‍ ; ഞാന്‍ എന്റെ ദാസനായ ദാവീദിന്റെ കൈകൊണ്ടു എന്റെ ജനമായ യിസ്രായേലിനെ ഫെലിസ്ത്യര്‍ മുതലായ സകലശത്രുക്കളുടെ കയ്യില്‍നിന്നും രക്ഷിക്കുമെന്നു യഹോവ ദാവീദിനെക്കുറിച്ചു അരുളിച്ചെയ്തിരിക്കുന്നുവല്ലൊ എന്നു പറഞ്ഞു.

19 അങ്ങനെ തന്നേ അബ്നേര്‍ ബെന്യാമീന്യരോടും പറഞ്ഞു; പിന്നെ അബ്നേര്‍ യിസ്രായേലിന്നും ബെന്യാമീന്‍ ഗൃഹത്തിന്നൊക്കെയും സമ്മതമായതെല്ലാം ദാവീദിനോടു അറിയിക്കേണ്ടതിന്നു ഹെബ്രോനില്‍ പോയി.

20 ഇങ്ങനെ അബ്നേരും അവനോടുകൂടെ ഇരുപതു പുരുഷന്മാരും ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ ചെന്നു. ദാവീദ് അബ്നേരിന്നും കൂടെയുള്ളവര്‍ക്കും വേണ്ടി ഒരു വിരുന്നു കഴിച്ചു.

21 അബ്നേര്‍ ദാവീദിനോടുഞാന്‍ ചെന്നു യിസ്രായേലൊക്കെയും യജമാനനായ രാജാവിനോടു ഉടമ്പടി ചെയ്യേണ്ടതിന്നു അവരെ നിന്റെ അടുക്കല്‍ കൂട്ടിവരുത്തും; അപ്പോള്‍ നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവര്‍ക്കും രാജാവായിരിക്കാം എന്നു പറഞ്ഞു. പിന്നെ ദാവീദ് അബ്നേരിനെ യാത്ര അയച്ചു; അവന്‍ സമാധാനത്തോടെ പോയി.

22 അപ്പേള്‍ ദാവീദിന്റെ ചേവകരും യോവാബും ഒരു കവര്‍ച്ചപ്പട കഴിഞ്ഞു വളരെ കൊള്ളയുമായി മടങ്ങിവന്നു; എന്നാല്‍ ദാവീദ് അബ്നേരിനെ യാത്രയയക്കയും അവന്‍ സമാധാനത്തോടെ പോകയും ചെയ്തിരുന്നതിനാല്‍ അവന്‍ അന്നേരം ദാവീദിന്റെ അടുക്കല്‍ ഇല്ലായിരുന്നു.

23 യോവാബും കൂടെയുള്ള സൈന്യമൊക്കെയും വന്നപ്പോള്‍നേരിന്റെ മകനായ അബ്നേര്‍ രാജാവിന്റെ അടുക്കല്‍ വന്നു, അവന്‍ അവനെ യാത്രയയച്ചു, അവന്‍ സമാധാനത്തോടെ പോയി എന്നിങ്ങനെ യോവാബിന്നു അറിവുകിട്ടി.

24 യോവാബ് രാജാവിന്റെ അടുക്കല്‍ ചെന്നുഎന്താകുന്നു ഈ ചെയ്തതു? അബ്നേര്‍ നിന്റെ അടുക്കല്‍ വന്നിരുന്നല്ലോ; അവനെ പറഞ്ഞയച്ചതെന്തു?

25 അവന്‍ പോയല്ലോ! നേരിന്റെ മകനായ അബ്നേരിനെ നീ അറികയില്ലേ? നിന്നെ ചതിപ്പാനും നിന്റെ പോക്കും വരവും ഗ്രഹിപ്പാനും നീ ചെയ്യുന്നതൊക്കെയും അറിവാനുമല്ലോ അവന്‍ വന്നതു എന്നു പറഞ്ഞു.

26 യോവാബ് ദാവീദിന്റെ അടുക്കല്‍നിന്നു പുറത്തിറങ്ങി അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു; അവര്‍ അവനെ സീരാകിണറ്റിങ്കല്‍നിന്നു മടക്കിക്കൊണ്ടുവന്നു; ദാവീദ് അതു അറിഞ്ഞില്ലതാനും.

27 അബ്നേര്‍ ഹെബ്രോനിലേക്കു മടങ്ങി വന്നപ്പോള്‍ യോവാബ് സ്വകാര്യം പറവാന്‍ അവനെ പടിവാതില്‍ക്കല്‍ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ സഹോദരനായ അസാഹേലിന്റെ രക്തപ്രതികാരത്തിന്നായി അവിടെവെച്ചു അവനെ വയറ്റത്തു കുത്തികൊന്നുകളഞ്ഞു.

28 ദാവീദ് അതു കേട്ടപ്പോള്‍ നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ചു എനിക്കും എന്റെ രാജത്വത്തിന്നും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല.

29 അതു യോവാബിന്റെ തലമേലും അവന്റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്റെ ഗൃഹത്തില്‍ സ്രവക്കാരനോ കുഷ്ഠരോഗിയോ വടികുത്തി നടക്കുന്നവനോ വാളിനാല്‍ വീഴുന്നവനോ ആഹാരത്തിന്നു മുട്ടുള്ളവനോ വിട്ടൊഴിയാതിരിക്കട്ടെ എന്നു പറഞ്ഞു.

30 അബ്നേര്‍ ഗിബെയോനിലെ യുദ്ധത്തില്‍ തങ്ങളുടെ അനുജനായ അസാഹേലിനെ കൊന്നതു നിമിത്തം യോവാബും അവന്റെ സഹോദരനായ അബീശായിയും ഇങ്ങനെ അവനെ കൊന്നുകളഞ്ഞു.

31 ദാവീദ് യോവാബിനോടും അവനോടു കൂടെയുള്ള സകലജനത്തോടുംനിങ്ങളുടെ വസ്ത്രം കീറി ചാകൂശീല ഉടുത്തു അബ്നേരിന്റെ മുമ്പില്‍ നടന്നു വിലപിപ്പിന്‍ എന്നു പറഞ്ഞു. ദാവീദ് രാജാവു ശവമഞ്ചത്തിന്റെ പിന്നാലെ നടന്നു.

32 അവര്‍ അബ്നേരിനെ ഹെബ്രോനില്‍ അടക്കം ചെയ്തപ്പോള്‍ രാജാവു അബ്നേരിന്റെ ശവകൂഴിക്കല്‍ ഉറക്കെ കരഞ്ഞു; സകലജനവും കരഞ്ഞു.

33 രാജാവു അബ്നേരിനെക്കുറിച്ചു വിലാപഗീതം ചൊല്ലിയതെന്തെന്നാല്‍അബ്നേര്‍ ഒരു നീചനെപ്പോലെയോ മരിക്കേണ്ടതു?

34 നിന്റെ കൈ ബന്ധിച്ചിരുന്നില്ല; നിന്റെ കാലിന്നു ചങ്ങല ഇട്ടിരുന്നില്ല; നീതികെട്ടവരുടെ മുമ്പില്‍ പട്ടുപോകുമ്പോലെ നീ പട്ടുപോയല്ലോ. സകലജനവും അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.

35 നേരം വൈകുംമുമ്പേ ജനമെല്ലാം ദാവീദിനെ ഭക്ഷണം കഴിപ്പിക്കേണ്ടതിന്നു വന്നപ്പോള്‍സൂര്യന്‍ അസ്തമിക്കും മുമ്പെ ഞാന്‍ അപ്പം എങ്കിലും മറ്റു യാതൊന്നെങ്കിലും ആസ്വദിച്ചാല്‍ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു ദാവീദ് സത്യം ചെയ്തു പറഞ്ഞു.

36 ഇതു ജനമെല്ലാം അറിഞ്ഞപ്പോള്‍രാജാവു ചെയ്തതൊക്കെയും സര്‍വ്വജനത്തിന്നും ബോധിച്ചിരുന്നതുപോലെ ഇതും അവര്‍ക്കും ബോധിച്ചു.

37 നേരിന്റെ പുത്രനായ അബ്നേരിനെ കൊന്നതു രാജാവിന്റെ അറിവോടെയല്ല എന്നു സകലജനത്തിന്നും യിസ്രായേലിന്നൊക്കെയും അന്നു ബോധ്യമായി.

38 രാജാവു തന്റെ ഭൃത്യന്മാരോടുഇന്നു യിസ്രായേലില്‍ ഒരു പ്രഭുവും മഹാനുമായവന്‍ പട്ടുപോയി എന്നു നിങ്ങള്‍ അറിയുന്നില്ലയോ?

39 ഞാന്‍ രാജാഭിഷേകം പ്രാപിച്ചവന്‍ എങ്കിലും ഇന്നു ബലഹിനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാര്‍ എനിക്കു ഒതുങ്ങാത്ത കഠനിന്മാരത്രേ; ദുഷ്ടത പ്രവര്‍ത്തിച്ചവന്നു അവന്റെ ദുഷ്ടതെക്കു തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ എന്നു പറഞ്ഞു.

ശമൂവേൽ 2 4

1 അബ്നേര്‍ ഹെബ്രോനില്‍വെച്ചു മരിച്ചു പോയതു ശൌലിന്റെ മകന്‍ കേട്ടപ്പോള്‍ അവന്റെ ധൈര്യം ക്ഷയിച്ചു യിസ്രായേല്യരൊക്കെയും ഭ്രമിച്ചുപോയി.

2 എന്നാല്‍ ശൌലിന്റെ മകന്നു പടനായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു; ഒരുത്തന്നു ബാനാ എന്നും മറ്റവന്നു രേഖാബ് എന്നും പേര്‍. അവന്‍ ബെന്യാമീന്യരില്‍ ബെരോത്യനായ രിമ്മോന്റെ പുത്രന്മാര്‍ ആയിരുന്നു; ബെരോത്ത് ബെന്യാമീനില്‍ ഉള്‍പ്പെട്ടതായി വിചാരിച്ചുവരുന്നു.

3 ബെരോത്യര്‍ ഗിത്ഥയീമിലേക്കു ഔടിപ്പോയി, ഇന്നുവരെയും അവിടെ പരദേശികളായി പാര്‍ക്കുംന്നു.

4 ശൌലിന്റെ മകനായ യോനാഥാന്നു രണ്ടു കാലും മുടന്തായിട്ടു ഒരു മകന്‍ ഉണ്ടായിരുന്നു; യിസ്രെയേലില്‍നിന്നു ശൌലിന്റെയും യോനാഥാന്റെയും വര്‍ത്തമാനം എത്തിയ സമയം അവന്നു അഞ്ചു വയസ്സായിരുന്നു. അപ്പോള്‍ അവന്റെ ധാത്രി അവനെ എടുത്തുകൊണ്ടു ഔടി; അവള്‍ ബദ്ധപ്പെട്ടു ഔടുമ്പോള്‍ അവന്‍ വീണു മുടന്തനായിപ്പോയി. അവന്നു മെഫീബോശെത്ത് എന്നു പേര്‍.

5 ബെരോത്യര്‍ രിമ്മോന്റെ പുത്രന്മാരായ രേഖാബും ബാനയും വെയില്‍ മൂത്തപ്പോഴേക്കു ഈശ്-ബോശെത്തിന്റെ വീട്ടില്‍ ചെന്നെത്തി; അവന്‍ ഉച്ചസമയത്തു ആശ്വസിച്ചു കിടക്കുകയായിരുന്നു.

6 അവര്‍ കോതമ്പു എടുപ്പാന്‍ വരുന്ന ഭാവത്തില്‍ വീട്ടിന്റെ നടുവില്‍ കടന്നു അവനെ വയറ്റത്തു കുത്തി; രേഖാബും സഹോദരനായ ബാനയും ഔടിപ്പോയ്ക്കളഞ്ഞു.

7 അവര്‍ അകത്തു കടന്നപ്പോള്‍ അവന്‍ ശയനഗൃഹത്തില്‍ കട്ടിലിന്മേല്‍ കിടക്കുകയായിരുന്നുഇങ്ങനെ അവര്‍ അവനെ കുത്തിക്കൊന്നു തല വെട്ടിക്കളഞ്ഞു തലയും എടുത്തു രാത്രി മുഴുവനും അരാബയില്‍കൂടി നടന്നു

8 ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ ഈശ്-ബോശെത്തിന്റെ തല കൊണ്ടുവന്നു രാജാവിനോടുനിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കിയ നിന്റെ ശത്രുവായ ശൌലിന്റെ മകന്‍ ഈശ്-ബോശെത്തിന്റെ തല ഇതാ; ഇന്നു യജമാനനായ രാജാവിന്നു വേണ്ടി ശൌലിനോടും അവന്റെ സന്തതിയോടും യഹോവ പ്രതികാരം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.

9 എന്നാറെ ദാവീദ് ബെരോത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബിനോടും അവന്റെ സഹോദരന്‍ ബാനയോടും ഉത്തരം പറഞ്ഞതുഎന്റെ പ്രാണനെ സകല ആപത്തില്‍നിന്നും വീണ്ടെടുത്ത യഹോവയാണ,

10 ശൌല്‍ മരിച്ചുപോയി എന്നു ഒരുത്തന്‍ എന്നെ അറിയിച്ചു താന്‍ ശുഭവര്‍ത്തമാനം കൊണ്ടുവന്നു എന്നു വിചാരിച്ചിരിക്കുമ്പോള്‍ ഞാന്‍ അവനെ പിടിച്ചു സിക്ളാഗില്‍വെച്ചു കൊന്നു. ഇതായിരുന്നു ഞാന്‍ അവന്റെ വര്‍ത്തമാനത്തിന്നുവേണ്ടി അവന്നു കൊടുത്ത പ്രതിഫലം.

11 എന്നാല്‍ ദുഷ്ടന്മാര്‍ ഒരു നീതിമാനെ അവന്റെ വീട്ടില്‍ മെത്തയില്‍വെച്ചു കുലചെയ്താല്‍ എത്ര അധികം? ഞാന്‍ അവന്റെ രക്തം നിങ്ങളോടു ചോദിച്ചു നിങ്ങളെ ഭൂമിയില്‍നിന്നു ഛേദിച്ചുകളയാതിരിക്കുമോ?

12 പിന്നെ ദാവീദ് തന്റെ ബാല്യക്കാര്‍ക്കും കല്പനകൊടുത്തു; അവര്‍ അവരെ കൊന്നു അവരുടെ കൈകാലുകള്‍ വെട്ടി അവരെ ഹെബ്രോനിലെ കുളത്തിന്നരികെ തൂക്കിക്കളഞ്ഞു. ഈശ്-ബോശെത്തിന്റെ തല അവര്‍ എടുത്തു ഹെബ്രോനില്‍ അബ്നേരിന്റെ ശവകൂഴിയില്‍ അടക്കംചെയ്തു.

ശമൂവേൽ 2 5

1 അനന്തരം യിസ്രായേല്‍ഗോത്രങ്ങളൊക്കെയും ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ വന്നുഞങ്ങള്‍ നിന്റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ.

2 മുമ്പു ശൌല്‍ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നടത്തിയതു നീ ആയിരുന്നു. നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു എന്നു പറഞ്ഞു.

3 ഇങ്ങനെ യിസ്രായേല്‍മൂപ്പന്മാരൊക്കെയും ഹെബ്രോനില്‍ രാജാവിന്റെ അടുക്കല്‍ വന്നു; ദാവീദ് രാജാവു ഹെബ്രോനില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ അവരോടു ഉടമ്പടി ചെയ്തു; അവര്‍ ദാവീദിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.

4 ദാവീദ് വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു മുപ്പതു വയസ്സായിരുന്നു; അവന്‍ നാല്പതു സംവത്സരം വാണു.

5 അവന്‍ ഹെബ്രോനില്‍ യെഹൂദെക്കു ഏഴു സംവത്സരവും ആറു മാസവും യെരൂശലേമില്‍ എല്ലായിസ്രായേലിന്നു യെഹൂദെക്കും മുപ്പത്തിമൂന്നു സംവത്സരവും രാജാവായി വാണു.

6 രാജാവും അവന്റെ ആളുകളും യെരൂശലേമിലേക്കു ആ ദേശത്തെ നിവാസികളായ യെബൂസ്യരുടെ നേരെ പുറപ്പെട്ടു. ദാവീദിന്നു അവിടെ കടപ്പാന്‍ കഴികയില്ലെന്നുവെച്ചു അവര്‍ ദാവീദിനോടുനീ ഇവിടെ കടക്കയില്ല; നിന്നെ തടുപ്പാന്‍ കുരുടരും മുടന്തരും മതി എന്നു പറഞ്ഞു.

7 എന്നിട്ടും ദാവീദ് സീയോന്‍ കോട്ട പിടിച്ചു; അതു തന്നെ ദാവീദിന്റെ നഗരം.

8 അന്നു ദാവീദ്ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാല്‍ അവന്‍ നീര്‍പ്പാത്തിയില്‍കൂടി കയറി ദാവീദിന്നു വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ എന്നു പറഞ്ഞു. അതു കൊണ്ടു കുരുടരും മുടന്തരും വീട്ടില്‍ വരരുതു എന്നൊരു ചൊല്ലു നടപ്പായി.

9 ദാവീദ് കോട്ടയില്‍ വസിച്ചു, അതിന്നു ദാവീദിന്റെ നഗരമെന്നു പേരിട്ടു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലോട്ടും പണിതുറപ്പിച്ചു.

10 സൈന്യങ്ങളുടെ ദൈവമായ യഹോവ തന്നോടുകൂടെയുണ്ടായിരുന്നതുകൊണ്ടു ദാവീദ് മേലക്കുമേല്‍ പ്രബലനായിത്തീര്‍ന്നു.

11 സോര്‍രാജാവായ ഹീരാം ദാവീദിന്റെ അടുക്കല്‍ ദൂതന്മാരെയും ദേവദാരുക്കളെയും ആശാരികളെയും കല്പണിക്കാരെയും അയച്ചു; അവര്‍ ദാവീദിന്നു ഒരു അരമന പണിതു.

12 ഇങ്ങനെ യഹോവ യിസ്രായേലില്‍ തന്നെ രാജാവായി സ്ഥിരപ്പെടുത്തുകയും അവന്റെ ജനമായ യിസ്രായേല്‍ നിമിത്തം തന്റെ രാജത്വം ഉന്നതമാക്കുകയും ചെയ്തു എന്നു ദാവീദ് അറിഞ്ഞു.

13 ഹെബ്രോനില്‍നിന്നു വന്നശേഷം ദാവീദ് യെരൂശലേമില്‍വെച്ചു അധികം വെപ്പാട്ടികളെയും ഭാര്യമാരെയും പരിഗ്രഹിച്ചു; ദാവീദിന്നു പിന്നെയും പുത്രന്മാരും പുത്രിമാരും ജനിച്ചു.

14 യെരൂശലേമില്‍വെച്ചു അവന്നു ജനിച്ചവരുടെ പേരുകളാവിതുശമ്മൂവ, ശോബാബ്, നാഥാന്‍ , ശലോമോന്‍ ,

15 യിബ്ഹാര്‍, എലിശൂവ, നേഫെഗ്, യാഫീയ,

16 എലീശാമാ, എല്യാദാവു, എലീഫേലെത്ത്,

17 എന്നാല്‍ ദാവീദിനെ യിസ്രായേലിന്നു രാജാവായി അഭിഷേകം ചെയ്തു എന്നു ഫെലിസ്ത്യര്‍ കേട്ടപ്പോള്‍ ഫെലിസ്ത്യര്‍ ഒക്കെയും ദാവീദിനെ പിടിപ്പാന്‍ വന്നു; ദാവീദ് അതു കേട്ടിട്ടു ദുര്‍ഗ്ഗത്തില്‍ കടന്നു പാര്‍ത്തു.

18 ഫെലിസ്ത്യര്‍ വന്നു രെഫായീം താഴ്വരയില്‍ പരന്നു.

19 അപ്പോള്‍ ദാവീദ് യഹോവയോടുഞാന്‍ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യില്‍ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. പുറപ്പെടുക; ഞാന്‍ ഫെലിസ്ത്യരെ നിന്റെ കയ്യില്‍ ഏല്പിക്കും എന്നു യഹോവ ദാവീദിനോടു അരുളിച്ചെയ്തു.

20 അങ്ങനെ ദാവീദ് ബാല്‍-പെരാസീമില്‍ ചെന്നു; അവിടെവെച്ചു ദാവീദ് അവരെ തോല്പിച്ചു; വെള്ളച്ചാട്ടംപോലെ യഹോവ എന്റെ മുമ്പില്‍ എന്റെ ശത്രുക്കളെ തകര്‍ത്തുകളഞ്ഞു എന്നു പറഞ്ഞു. അതുകൊണ്ടു ആ സ്ഥലത്തിന്നു ബാല്‍-പെരാസീം എന്നു പേര്‍ പറഞ്ഞുവരുന്നു.

21 അവിടെ അവര്‍ തങ്ങളുടെ വിഗ്രഹങ്ങളെ ഇട്ടേച്ചുപോയി; ദാവീദും അവന്റെ ആളുകളും അവയെ എടുത്തു കൊണ്ടുപോന്നു.

22 ഫെലിസ്ത്യര്‍ പിന്നെയും വന്നു രെഫായീംതാഴ്വരിയില്‍ പരന്നു.

23 ദാവീദ് യഹോവയോടു ചോദിച്ചപ്പോള്‍നീ നേരെ ചെല്ലാതെ അവരുടെ പിമ്പുറത്തുകൂടി വളഞ്ഞുചെന്നു ബാഖാവൃക്ഷങ്ങള്‍ക്കു എതിരെവെച്ചു അവരെ നേരിടുക.

24 ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളില്‍കൂടി അണിനടക്കുന്ന ഒച്ചപോലെ കേള്‍ക്കും; അപ്പോള്‍ വേഗത്തില്‍ ചെല്ലുക; ഫെലിസ്ത്യസൈന്യത്തെ തോല്പിപ്പാന്‍ യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളപ്പാടുണ്ടായി .

25 യഹോവ കല്പിച്ചതുപോലെ ദാവീദ് ചെയ്തു, ഫെലിസ്ത്യരെ ഗേബമുതല്‍ ഗേസെര്‍വരെ തോല്പിച്ചു.

ശമൂവേൽ 2 6:1-11

1 അനന്തരം ദാവീദ് യിസ്രായേലില്‍നിന്നു സകലവിരുതന്മാരുമായി മുപ്പതിനായിരം പേരെ കൂട്ടിവരുത്തി

2 കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവ എന്ന നാമത്താല്‍ വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ പെട്ടകം ബാലേ-യെഹൂദയില്‍നിന്നു കൊണ്ടുവരേണ്ടതിന്നു ദാവീദും കൂടെയുള്ള സകലജനവും അവിടേക്കു പുറപ്പെട്ടു പോയി.

3 അവര്‍ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയില്‍ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടില്‍ നിന്നു കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയവണ്ടി തെളിച്ചു.

4 കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടില്‍നിന്നു അവര്‍ അതിനെ ദൈവത്തിന്റെ പെട്ടകവുമായി കൊണ്ടു പോരുമ്പോള്‍ അഹ്യോ പെട്ടകത്തിന്നു മുമ്പായി നടന്നു.

5 ദാവീദും യിസ്രായേല്‍ഗൃഹമൊക്കെയും സരളമരംകൊണ്ടുള്ള സകലവിധവാദിത്രങ്ങളോടും കിന്നരം, വീണ, തപ്പ്, മുരജം, കൈത്താളം എന്നിവയോടുംകൂടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.

6 അവര്‍ നാഖോന്റെ കളത്തിങ്കല്‍ എത്തിയപ്പോള്‍ കാള വിരണ്ടതുകൊണ്ടു ഉസ്സാ കൈ നീട്ടി ദൈവത്തിന്റെ പെട്ടകം പിടിച്ചു.

7 അപ്പോള്‍ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവന്റെ അവിവേകം നിമിത്തം ദൈവം അവിടെവെച്ചു അവനെ സംഹരിച്ചു; അവന്‍ അവിടെ ദൈവത്തിന്റെ പെട്ടകത്തിന്റെ അടുക്കല്‍വെച്ചു മരിച്ചു.

8 യഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിന്നു വ്യസനമായി അവന്‍ ആ സ്ഥലത്തിന്നു പേരെസ്-ഉസ്സാ എന്നു പേര്‍ വിളിച്ചു. അതു ഇന്നുവരെയും പറഞ്ഞുവരുന്നു.

9 അന്നു ദാവീദ് യഹോവയെ ഭയപ്പെട്ടുപോയി. യഹോവയുടെ പെട്ടകം എന്റെ അടുക്കല്‍ എങ്ങനെ കൊണ്ടുവരേണ്ടു എന്നു അവന്‍ പറഞ്ഞു.

10 ഇങ്ങനെ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തില്‍ തന്റെ അടുക്കല്‍ വരുത്തുവാന്‍ മനസ്സില്ലാതെ ദാവീദ് അതിനെ ഗിത്യനായ ഔബേദ്-എദോമിന്റെ വീട്ടില്‍ കൊണ്ടുപോയി വെച്ചു.

11 യഹോവയുടെ പെട്ടകം ഗിത്യനായ ഔബേദ്-എദോമിന്റെ വീട്ടില്‍ മൂന്നുമാസം ഇരുന്നു; യഹോവ ഔബേദ്-എദോമിനെയും അവന്റെ കുടുംബത്തെ ഒക്കെയും അനുഗ്രഹിച്ചു.