ഘട്ടം 107

പഠനം

     

രാജാക്കന്മാർ 2 1

1 ആഹാബ് മരിച്ചശേഷം മോവാബ്യര്‍ യിസ്രായേലിനോടു മത്സരിച്ചു.

2 അഹസ്യാവു ശമര്‍യ്യയിലെ തന്റെ മാളികയുടെ കിളിവാതിലില്‍കൂടി വീണു ദീനംപിടിച്ചു; അവന്‍ ദൂതന്മാരെ അയച്ചുഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു എക്രോനിലെ ദേവനായ ബാല്‍ സെബൂബിനോടു ചെന്നു ചോദിപ്പിന്‍ എന്നു അവരോടു കല്പിച്ചു.

3 എന്നാല്‍ യഹോവയുടെ ദൂതന്‍ തിശ്ബ്യനായ ഏലീയാവോടു കല്പിച്ചതുനീ എഴുന്നേറ്റു ശമര്‍യ്യാരാജാവിന്റെ ദൂതന്മാരെ എതിരേറ്റുചെന്നു അവരോടുയിസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങള്‍ എക്രോനിലെ ദേവനായ ബാല്‍ സെബൂബിനോടു അരുളപ്പാടു ചോദിപ്പാന്‍ പോകുന്നതു?

4 ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്‍നിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. അങ്ങനെ ഏലീയാവു പോയി.

5 ദൂതന്മാര്‍ മടങ്ങിവന്നാറെ അവന്‍ അവരോടുനിങ്ങള്‍ മടങ്ങിവന്നതു എന്തു എന്നു ചോദിച്ചു.

6 അവര്‍ അവനോടു പറഞ്ഞതുഒരാള്‍ ഞങ്ങളെ എതിരേറ്റുവന്നു ഞങ്ങളോടുനിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്റെ അടുക്കല്‍ മടങ്ങിച്ചെന്നുയിസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാല്‍സെബൂബിനോടു അരുളപ്പാടു ചോദിപ്പാന്‍ അയക്കുന്നതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്‍നിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു അവനോടു പറവിന്‍ എന്നു പറഞ്ഞു.

7 അവന്‍ അവരോടുനിങ്ങളെ എതിരേറ്റുവന്നു ഈ വാക്കു നിങ്ങളോടു പറഞ്ഞ ആളുടെ വേഷം എന്തു എന്നു ചോദിച്ചു.

8 അവന്‍ രോമവസ്ത്രം ധരിച്ചു അരെക്കു തോല്‍വാറു കെട്ടിയ ആളായിരുന്നു എന്നു അവര്‍ അവനോടു പറഞ്ഞു. അവന്‍ തിശ്ബ്യനായ ഏലീയാവു തന്നേ എന്നു അവന്‍ പറഞ്ഞു.

9 പിന്നെ രാജാവു അമ്പതുപേര്‍ക്കും അധിപതിയായ ഒരുവനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കല്‍ അയച്ചു; അവന്‍ അവന്റെ അടുക്കല്‍ ചെന്നു; അവന്‍ ഒരു മലമുകളില്‍ ഇരിക്കയായിരുന്നു; അവന്‍ അവനോടുദൈവപുരുഷാ, ഇറങ്ങിവരുവാന്‍ രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു.

10 ഏലീയാവു അമ്പതുപേര്‍ക്കും അധിപതിയായവനോടുഞാന്‍ ദൈവപുരുഷനെങ്കില്‍ ആകശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു. ഉടനെ ആകാശത്തുനിന്നു തീ ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു.

11 അവന്‍ അമ്പതുപേര്‍ക്കും അധിപതിയായ മറ്റൊരുത്തനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കല്‍ അയച്ചു; അവനും അവനോടുദൈവപുരുഷാ, വേഗത്തില്‍ ഇറങ്ങിവരുവാന്‍ രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു.

12 ഏലീയാവു അവനോടുഞാന്‍ ദൈവപുരുഷനെങ്കില്‍ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നുത്തരം പറഞ്ഞു; ഉടനെ ദൈവത്തിന്റെ തീ ആകാശത്തുനിന്നു ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു.

13 മൂന്നാമതും അവന്‍ അമ്പതുപേര്‍ക്കും അധിപതിയായ ഒരുത്തനെയും അവന്റെ അമ്പതു ആളെയും അയച്ചു; ഈ മൂന്നാമത്തെ അമ്പതുപേര്‍ക്കും അധിപതിയായവന്‍ ചെന്നു ഏലീയാവിന്റെ മുമ്പില്‍ മുട്ടുകുത്തി അവനോടുദൈവപുരുഷനായുള്ളോവേ, എന്റെ പ്രാണനെയും നിന്റെ ദാസന്മാരായ ഈ അമ്പതു ആളുടെ പ്രാണനെയും ആദരിക്കേണമേ.

14 ആകാശത്തുനിന്നു തീ ഇറങ്ങി അമ്പതുപേര്‍ക്കധിപതിമാരായ മുമ്പിലത്തെ രണ്ടുപേരെയും അവരുടെ അമ്പതീതു ആളെയും ദഹിപ്പിച്ചുകളഞ്ഞുവല്ലോ; എന്നാല്‍ എന്റെ പ്രാണനെ ആദരിക്കേണമേ എന്നു അപേക്ഷിച്ചു.

15 അപ്പോള്‍ യഹോവയുടെ ദൂതന്‍ ഏലീയാവോടുഇവനോടുകൂടെ പോക; അവനെ ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അങ്ങനെ അവന്‍ എഴുന്നേറ്റു അവനോടുകൂടെ രാജാവിന്റെ അടുക്കല്‍ ചെന്നു.

16 അവനോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു അരുളപ്പാടു ചോദിപ്പാന്‍ യിസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാല്‍സെബൂബിനോടു അരുളപ്പാടു ചോദിപ്പാന്‍ ദൂതന്മാരെ അയച്ചതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്‍നിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും.

17 ഏലീയാവു പറഞ്ഞ യഹോവയുടെ വചനപ്രകാരം തന്നേ അവന്‍ മരിച്ചു പോയി; അവന്നു മകനില്ലായ്കകൊണ്ടു അവന്നു പകരം യെഹോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടില്‍ രാജാവായി.

18 അഹസ്യാവു ചെയ്ത മറ്റുള്ള വൃത്താന്തങ്ങള്‍ യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

രാജാക്കന്മാർ 2 2

1 യഹോവ ഏലീയാവെ ചുഴലിക്കാറ്റില്‍ സ്വര്‍ഗ്ഗത്തിലേക്കു എടുത്തുകൊള്‍വാന്‍ ഭാവിച്ചിരിക്കുമ്പോള്‍ ഏലീയാവു എലീശയോടു കൂടെ ഗില്‍ഗാലില്‍നിന്നു പുറപ്പെട്ടു.

2 ഏലീയാവു എലീശയോടുനീ ഇവിടെ താമസിച്ചു കൊള്‍കയഹോവ എന്നെ ബേഥേലിലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു. എലീശാ അവനോടുയഹോവയാണ, നിന്റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര്‍ ബേഥേലിലേക്കു പോയി.

3 ബേഥേലിലെ പ്രവാചകശിഷ്യന്മാര്‍ എലീശയുടെ അടുക്കല്‍ പുറത്തുവന്നു അവനോടുയഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കല്‍നിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന്‍ അതേ, ഞാന്‍ അറിയുന്നു; നിങ്ങള്‍ മിണ്ടാതിരിപ്പിന്‍ എന്നു പറഞ്ഞു.

4 ഏലീയാവു അവനോടുഎലീശയേ, നീ ഇവിടെ താമസിച്ചുകൊള്‍ക; യഹോവ എന്നെ യെരീഹോവിലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവന്‍ യഹോവയാണ, നിന്റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര്‍ യെരീഹോവിലേക്കു പോയി.

5 യെരീഹോവിലെ പ്രവാചകശിഷ്യന്മാര്‍ എലീശയുടെ അടുക്കല്‍ വന്നു അവനോടുയഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കല്‍നിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അതിന്നു അവന്‍ അതേ, ഞാന്‍ അറിയുന്നു; നിങ്ങള്‍ മിണ്ടാതിരിപ്പിന്‍ എന്നു പറഞ്ഞു.

6 ഏലീയാവു അവനോടുനീ ഇവിടെ താമസിച്ചുകൊള്‍ക; യഹോവ എന്നെ യോര്‍ദ്ദാങ്കലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു; അതിന്നു അവന്‍ യഹോവയാണ, നിന്റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര്‍ ഇരുവരുംകൂടെ പോയി.

7 പ്രവാചകശിഷ്യന്മാരില്‍ അമ്പതുപേര്‍ ചെന്നു അവര്‍ക്കെതിരെ ദൂരത്തു നിന്നു; അവര്‍ ഇരുവരും യോര്‍ദ്ദാന്നരികെ നിന്നു.

8 അപ്പോള്‍ ഏലീയാവു തന്റെ പുതപ്പു എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവര്‍ ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെക്കു കടന്നു.

9 അവര്‍ അക്കരെ കടന്നശേഷം ഏലീയാവു എലീശയോടുഞാന്‍ നിങ്കല്‍നിന്നു എടുത്തുകൊള്ളപ്പെടുംമുമ്പെ ഞാന്‍ നിനക്കു എന്തു ചെയ്തു തരേണം? ചോദിച്ചുകൊള്‍ക എന്നു പറഞ്ഞു. അതിന്നു എലീശാനിന്റെ ആത്മാവില്‍ ഇരട്ടി പങ്കു എന്റെമേല്‍ വരുമാറാകട്ടെ എന്നു പറഞ്ഞു.

10 അതിന്നു അവന്‍ നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചതു; ഞാന്‍ നിങ്കല്‍നിന്നു എടുത്തുകൊള്ളപ്പെടുമ്പോള്‍ നീ എന്നെ കാണുന്നുവെങ്കില്‍ നിനക്കു അങ്ങനെ ഉണ്ടാകും; അല്ലെന്നുവരികില്‍ ഉണ്ടാകയില്ല എന്നു പറഞ്ഞു.

11 അവര്‍ സംസാരിച്ചുകൊണ്ടു നടക്കുമ്പോള്‍ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മില്‍ വേര്‍പിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റില്‍ സ്വര്‍ഗ്ഗത്തിലേക്കു കയറി.

12 എലീശാ അതു കണ്ടിട്ടുഎന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും എന്നു നിലവിളിച്ചു, പിന്നെ അവനെ കണ്ടില്ല; അപ്പോള്‍ അവന്‍ തന്റെ വസ്ത്രം പിടിച്ചു രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു.

13 പിന്നെ അവന്‍ ഏലീയാവിന്മേല്‍നിന്നു വീണ പുതപ്പു എടുത്തു മടങ്ങിച്ചെന്നു യോര്‍ദ്ദാന്നരികെ നിന്നു.

14 ഏലീയാവിന്മേല്‍നിന്നു വീണ പുതപ്പുകൊണ്ടു അവന്‍ വെള്ളത്തെ അടിച്ചുഏലീയാവിന്റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവന്‍ വെള്ളത്തെ അടിച്ചപ്പോള്‍ അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു. എലീശാ ഇക്കരെക്കു കടന്നു.

15 യെരീഹോവില്‍ അവന്നെതിരെ നിന്നിരുന്നു പ്രവാചകശിഷ്യന്മാര്‍ അവനെ കണ്ടിട്ടുഏലീയാവിന്റെ ആത്മാവു എലീശയുടെ മേല്‍ അധിവസിക്കുന്നു എന്നു പറഞ്ഞു അവനെ എതിരേറ്റുചെന്നു അവന്റെ മുമ്പില്‍ സാഷ്ടാംഗം വീണു.

16 അവര്‍ അവനോടുഇതാ, അടിയങ്ങളോടുകൂടെ അമ്പതു ബലശാലികള്‍ ഉണ്ടു; അവര്‍ ചെന്നു നിന്റെ യജമാനനെ അന്വേഷിക്കട്ടെ; പക്ഷേ യഹോവയുടെ ആത്മാവു അവനെ എടുത്തു വല്ല മലയിലോ താഴ്വരയിലോ എങ്ങാനും ഇട്ടിട്ടുണ്ടായിരിക്കും എന്നു പറഞ്ഞു. അതിന്നു അവന്‍ നിങ്ങള്‍ അയക്കരുതു എന്നു പറഞ്ഞു.

17 അവര്‍ അവനെ അത്യന്തം നിര്‍ബ്ബന്ധിച്ചപ്പോള്‍ അവന്‍ എന്നാല്‍ അയച്ചുകൊള്‍വിന്‍ എന്നു പറഞ്ഞു. അവര്‍ അമ്പതുപേരെ അയച്ചു; അവര്‍ മൂന്നുദിവസം അന്വേഷിച്ചിട്ടും അവനെ കണ്ടെത്തിയില്ല.

18 അവന്‍ യെരീഹോവില്‍ പാര്‍ത്തിരുന്നതുകൊണ്ടു അവര്‍ അവന്റെ അടുക്കല്‍ മടങ്ങിവന്നു; അവന്‍ അവരോടുപോകരുതു എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.

19 അനന്തരം ആ പട്ടണക്കാര്‍ എലീശയോടുഈ പട്ടണത്തിന്റെ ഇരിപ്പു മനോഹരമായതെന്നു യജമാനന്‍ കാണുന്നുവല്ലോ; എന്നാല്‍ വെള്ളം ചീത്തയും ദേശം ഗര്‍ഭനാശകവും ആകുന്നു എന്നു പറഞ്ഞു.

20 അതിന്നു അവന്‍ ഒരു പുതിയ തളിക കൊണ്ടുവന്നു അതില്‍ ഉപ്പു ഇടുവിന്‍ എന്നു പറഞ്ഞു. അവര്‍ അതു അവന്റെ അടുക്കല്‍ കൊണ്ടുവന്നു.

21 അവന്‍ നീരുറവിന്റെ അടുക്കല്‍ ചെന്നു അതില്‍ ഉപ്പു ഇട്ടു. ഞാന്‍ ഈ വെള്ളം പഥ്യമാക്കിയിരിക്കുന്നു; ഇനി ഇതിനാല്‍ മരണവും ഗര്‍ഭനാശവും ഉണ്ടാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

22 എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നേ ഇരിക്കുന്നു.

23 പിന്നെ അവന്‍ അവിടെനിന്നു ബേഥേലിലേക്കു പോയി; അവന്‍ വഴിയില്‍ നടക്കുമ്പോള്‍ ബാലന്മാര്‍ പട്ടണത്തില്‍നിന്നു പുറപ്പെട്ടു വന്നു അവനെ പരിഹസിച്ചു അവനോടുമൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ; എന്നു പറഞ്ഞു.

24 അവന്‍ പിന്നോക്കം തിരിഞ്ഞു അവനെ നോക്കി യഹോവനാമത്തില്‍ അവരെ ശപിച്ചു; അപ്പോള്‍ കാട്ടില്‍നിന്നു രണ്ടു പെണ്‍കരടി ഇറങ്ങിവന്നു അവരില്‍ നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു.

25 അവന്‍ അവിടംവിട്ടു കര്‍മ്മേല്‍പര്‍വ്വതത്തിലേക്കു പോയി; അവിടെനിന്നു ശമര്‍യ്യയിലേക്കു മടങ്ങിപ്പോന്നു.

രാജാക്കന്മാർ 2 3

1 യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനെട്ടാം ആണ്ടില്‍ ആഹാബിന്റെ മകനായ യെഹോരാം ശമര്‍യ്യയില്‍ യിസ്രായേലിന്നു രാജാവായി; അവന്‍ പന്ത്രണ്ടു സംവത്സരം വാണു.

2 അവന്‍ യഹോവേക്കു അനിഷ്ടമായതു ചെയ്തു; തന്റെ അപ്പനെയും അമ്മയേയും പോലെ അല്ലതാനും; തന്റെ അപ്പന്‍ ഉണ്ടാക്കിയ ബാല്‍വിഗ്രഹം അവന്‍ നീക്കിക്കളഞ്ഞു.

3 എന്നാലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ അവന്‍ വിട്ടുമാറാതെ മുറുകെ പിടിച്ചു.

4 മോവാബ് രാജാവായ മേശെക്കു അനവധി ആടുണ്ടായിരുന്നു; അവന്‍ യിസ്രായേല്‍രാജാവിന്നു ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നു.

5 എന്നാല്‍ ആഹാബ് മരിച്ചശേഷം മോവാബ് രാജാവു യിസ്രായേല്‍രാജാവിനോടു മത്സരിച്ചു.

6 ആ കാലത്തു യെഹോരാം രാജാവു ശമര്‍യ്യയില്‍നിന്നു പുറപ്പെട്ടു യിസ്രായേലിനെ ഒക്കെയും എണ്ണിനോക്കി.

7 പിന്നെ അവന്‍ മോവാബ്രാജാവു എന്നോടു മത്സരിച്ചിരിക്കുന്നു; മോവാബ്യരോടു യുദ്ധത്തിന്നു നീ കൂടെ പോരുമോ എന്നു യെഹൂദാരാജാവായ യെഹോശാഫാത്തിനോടു ആളയച്ചു ചോദിപ്പിച്ചു. അതിന്നു അവന്‍ ഞാന്‍ പോരാം; നീയും ഞാനും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.

8 നാം ഏതു വഴിയായി പോകേണം എന്നു അവന്‍ ചോദിച്ചതിന്നുഎദോംമരുഭൂമിവഴിയായി തന്നേ എന്നു അവന്‍ പറഞ്ഞു.

9 അങ്ങനെ യിസ്രായേല്‍രാജാവു യെഹൂദാരാജാവും എദോംരാജാവുമായി പുറപ്പെട്ടു; അവര്‍ ഏഴു ദിവസത്തെ വഴി ചുറ്റിനടന്നശേഷം അവരോടുകൂടെയുള്ള സൈന്യത്തിന്നും മൃഗങ്ങള്‍ക്കും വെള്ളം കിട്ടാതെയായി.

10 അപ്പോള്‍ യിസ്രായേല്‍രാജാവുഅയ്യോ, ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയതു അവരെ മോവാബ്യരുടെ കയ്യില്‍ ഏല്പിക്കേണ്ടതിന്നോ എന്നു പറഞ്ഞു.

11 എന്നാല്‍ യഹോശാഫാത്ത്നാം യഹോവയോടു അരുളപ്പാടു ചോദിക്കേണ്ടതിന്നു ഇവിടെ യഹോവയുടെ പ്രവാചകന്‍ ആരുമില്ലയോ എന്നു ചോദിച്ചതിന്നു യിസ്രായേല്‍ രാജാവിന്റെ ഭൃത്യന്മാരില്‍ ഒരുത്തന്‍ ഏലീയാവിന്റെ കൈകൂ വെള്ളം ഒഴിച്ച ശാഫാത്തിന്റെ മകന്‍ എലീശാ ഇവിടെ ഉണ്ടു എന്നു പറഞ്ഞു.

12 അവന്റെ പക്കല്‍ യഹോവയുടെ അരുളപ്പാടു ഉണ്ടു എന്നു യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേല്‍രാജാവും യെഹോശാഫാത്തും എദോംരാജാവും കൂടെ അവന്റെ അടുക്കല്‍ ചെന്നു.

13 എലീശാ യിസ്രായേല്‍ രാജാവിനോടുഎനിക്കും നിനക്കും തമ്മില്‍ എന്തു? നീ നിന്റെ അപ്പന്റെ പ്രവാചകന്മാരുടെ അടുക്കലും നിന്റെ അമ്മയുടെ പ്രവാചകന്മാരുടെ അടുക്കലും ചെല്ലുക എന്നു പറഞ്ഞു. അതിന്നു യിസ്രായേല്‍രാജാവു അവനോടുഅങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കയ്യില്‍ ഏല്പിക്കേണ്ടതിന്നു യഹോവ അവരെ വിളിച്ചുവരുത്തിയിരിക്കുന്നു.

14 അതിന്നു എലീശാഞാന്‍ സേവിച്ചുനിലക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മുഖം ഞാന്‍ ആദരിച്ചില്ല എങ്കില്‍ ഞാന്‍ നിന്നെ നോക്കുകയോ കടാക്ഷിക്കയോ ഇല്ലായിരുന്നു;

15 എന്നാല്‍ ഇപ്പോള്‍ ഒരു വീണക്കാരനെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. വീണക്കാരന്‍ വായിക്കുമ്പോള്‍ യഹോവയുടെ കൈ അവന്റെമേല്‍ വന്നു.

16 അവന്‍ പറഞ്ഞതു എന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഈ താഴ്വരയില്‍ അനേകം കുഴികള്‍ വെട്ടുവിന്‍ .

17 നിങ്ങള്‍ കാറ്റു കാണുകയില്ല, മഴയും കാണുകയില്ല; എന്നാല്‍ നിങ്ങളും നിങ്ങളുടെ ആടുമാടുകളും നിങ്ങളുടെ മൃഗവാഹനങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്വര വെള്ളംകൊണ്ടു നിറയും.

18 ഇതു പോരാ എന്നു യഹോവേക്കു തോന്നീട്ടു അവന്‍ മോവാബ്യരെയും നിങ്ങളുടെ കയ്യില്‍ ഏല്പിച്ചുതരും.

19 നിങ്ങള്‍ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളുമെല്ലാം ജയിച്ചടക്കുകയും നല്ലവൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടെച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ലുവാരിയിട്ടു ചീത്തയാക്കുകയും ചെയ്യും.

20 പിറ്റെന്നാള്‍ രാവിലെ ഭോജനയാഗത്തിന്റെ സമയത്തു വെള്ളം എദോംവഴിയായി വരുന്നതുകണ്ടു; ദേശം വെള്ളംകൊണ്ടു നിറഞ്ഞു.

21 എന്നാല്‍ ഈ രാജാക്കന്മാര്‍ തങ്ങളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടുവന്നു എന്നു മോവാബ്യരൊക്കെയും കേട്ടപ്പോള്‍ അവര്‍ ആയുധം ധരിപ്പാന്‍ തക്ക പ്രായത്തിലും മേലോട്ടുമുള്ളവരെ വിളിച്ചുകൂട്ടി അതിരിങ്കല്‍ ചെന്നുനിന്നു.

22 രാവിലെ അവര്‍ എഴുന്നേറ്റപ്പോള്‍ സൂര്യന്‍ വെള്ളത്തിന്മേല്‍ ഉദിച്ചിട്ടു മോവാബ്യര്‍ക്കും തങ്ങളുടെ നേരെയുള്ള വെള്ളം രക്തംപോലെ ചുവപ്പായി തോന്നി

23 അതു രക്തമാകുന്നു; ആ രാജാക്കന്മാര്‍ തമ്മില്‍ പൊരുതു അന്യോന്യം സംഹരിച്ചുകളഞ്ഞു; ആകയാല്‍ മോവാബ്യരേ, കൊള്ളെക്കു വരുവിന്‍ എന്നു അവര്‍ പറഞ്ഞു.

24 അവര്‍ യിസ്രായേല്‍പാളയത്തിങ്കല്‍ എത്തിയപ്പോള്‍ യിസ്രായേല്യര്‍ എഴുന്നേറ്റു മോവാബ്യരെ തോല്പിച്ചോടിച്ചു; അവര്‍ ദേശത്തില്‍ കടന്നുചെന്നു മോവാബ്യരെ പിന്നെയും തോല്പിച്ചുകളഞ്ഞു.

25 പട്ടണങ്ങളെ അവര്‍ ഇടിച്ചു നല്ലനിലമൊക്കെയും ഔരോരുത്തന്‍ ഔരോ കല്ലു ഇട്ടു നികത്തി നീരുറവുകളെല്ലാം അടെച്ചു നല്ലവൃക്ഷങ്ങളെല്ലാം മുറിച്ചുകളഞ്ഞു; കീര്‍ഹരേശെത്തില്‍ മാത്രം അവര്‍ അതിന്റെ കല്ലു അങ്ങനെ തന്നേ വിട്ടേച്ചു. എന്നാല്‍ കവിണക്കാര്‍ അതിനെ വളഞ്ഞു നശിപ്പിച്ചുകളഞ്ഞു.

26 മോവാബ്രാജാവു പട തനിക്കു അതിവിഷമമായി എന്നു കണ്ടപ്പോള്‍ എദോംരാജാവിനെ അണിമുറിച്ചാക്രമിക്കേണ്ടതിന്നു എഴുനൂറു ആയുധ പാണികളെ കൂട്ടിക്കൊണ്ടു ചെന്നു; എങ്കിലും സാധിച്ചില്ല.

27 ആകയാല്‍ അവന്‍ തന്റെ ശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ചു മതിലിന്മേല്‍ ദഹനയാഗം കഴിച്ചു. അപ്പോള്‍ യിസ്രായേല്യരുടെമേല്‍ മഹാകോപം വന്നതുകൊണ്ടു അവര്‍ അവനെ വിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോന്നു.

രാജാക്കന്മാർ 2 4:1-28

1 പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരില്‍ ഒരുത്തി എലീശയോടു നിലവിളിച്ചുനിന്റെ ദാസനായ എന്റെ ഭര്‍ത്താവു മരിച്ചുപോയി; നിന്റെ ദാസന്‍ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോള്‍ കടക്കാരന്‍ എന്റെ രണ്ടു മക്കളെ പിടിച്ചു അടിമകളാക്കുവാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.

2 എലീശ അവളോടുഞാന്‍ നിനക്കു വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടില്‍ നിനക്കു എന്തുള്ളു എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടില്‍ മറ്റൊന്നും ഇല്ല എന്നു അവള്‍ പറഞ്ഞു.

3 അതിന്നു അവന്‍ നീ ചെന്നു നിന്റെ അയല്‍ക്കാരോടൊക്കെയും വെറുമ്പാത്രങ്ങള്‍ വായ്പ വാങ്ങുക; പാത്രങ്ങള്‍ കുറവായിരിക്കരുതു.

4 പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതില്‍ അടെച്ചു പാത്രങ്ങളിലൊക്കെയും പകര്‍ന്നു, നിറഞ്ഞതു നിറഞ്ഞതു ഒരു ഭാഗത്തുമാറ്റിവെക്കുക എന്നു പറഞ്ഞു.

5 അവള്‍ അവനെ വിട്ടു ചെന്നു തന്റെ മക്കളോടുകൂടെ അകത്തു കടന്നു വാതില്‍ അടെച്ചു; അവര്‍ അവളുടെ അടുക്കല്‍ പാത്രങ്ങളെ വെച്ചുകൊടുക്കയും അവള്‍ പകരുകയും ചെയ്തു.

6 പാത്രങ്ങള്‍ നിറഞ്ഞശേഷം അവള്‍ തന്റെ മകനോടുഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവന്‍ അവളോടുപാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോള്‍ എണ്ണ നിന്നുപോയി.

7 അവള്‍ ചെന്നു ദൈവപുരുഷനോടു വസ്തുത അറിയിച്ചു. നീ പോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനും കഴിച്ചുകൊള്‍ക എന്നു പറഞ്ഞു.

8 ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായോരു സ്ത്രി ഉണ്ടായിരുന്നു; അവള്‍ അവനെ ഭക്ഷണത്തിന്നു വരേണം എന്നു നിര്‍ബ്ബന്ധിച്ചു. പിന്നെത്തേതില്‍ അവന്‍ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന്നു അവിടെ കയറും.

9 അവള്‍ തന്റെ ഭര്‍ത്താവിനോടുനമ്മുടെ വഴിയായി കൂടക്കൂടെ കടന്നുപോകുന്ന ഈയാള്‍ വിശുദ്ധനായോരു ദൈവപുരുഷന്‍ എന്നു ഞാന്‍ കാണുന്നു.

10 നാം ചുവരോടുകൂടിയ ചെറിയോരു മാളികമുറി പണിതുണ്ടാക്കുക; അതില്‍ അവന്നു ഒരു കട്ടിലും ഒരു മേശയും ഒരു നാല്‍ക്കാലിയും ഒരു നിലവിളക്കും വേക്കും; അവന്‍ നമ്മുടെ അടുക്കല്‍ വരുമ്പോള്‍ അവന്നു അവിടെ കയറി പാര്‍ക്കാമല്ലോ എന്നു പറഞ്ഞു.

11 പിന്നെ ഒരു ദിവസം അവന്‍ അവിടെ വരുവാന്‍ ഇടയായി; അവന്‍ ആ മാളികമുറിയില്‍ കയറി അവിടെ കിടന്നുറങ്ങി.

12 അവന്‍ തന്റെ ബാല്യക്കാരനായ ഗേഹസിയോടുശൂനേംകാരത്തിയെ വിളിക്ക എന്നു പറഞ്ഞു. അവന്‍ അവളെ വിളിച്ചു. അവള്‍ അവന്റെ മുമ്പില്‍ വന്നുനിന്നു.

13 അവന്‍ അവനോടുനീ ഇത്ര താല്പര്യത്തോടെയൊക്കെയും ഞങ്ങള്‍ക്കു വേണ്ടി കരുതിയല്ലോ? നിനക്കു വേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കു വേണ്ടി വല്ലതും പറയേണ്ടതുണ്ടോ എന്നു നീ അവളോടു ചോദിക്ക എന്നു പറഞ്ഞു. അതിന്നു അവള്‍ഞാന്‍ സ്വജനത്തിന്റെ മദ്ധ്യേ വസിക്കുന്നു എന്നു പറഞ്ഞു.

14 എന്നാല്‍ അവള്‍ക്കു വേണ്ടി എന്തുചെയ്യാമെന്നു അവന്‍ ചോദിച്ചതിന്നു ഗേഹസിഅവള്‍ക്കു മകനില്ലല്ലോ; അവളുടെ ഭര്‍ത്താവു വൃദ്ധനും ആകുന്നു എന്നു പറഞ്ഞു.

15 അവളെ വിളിക്ക എന്നു അവന്‍ പറഞ്ഞു. അവന്‍ അവളെ വിളിച്ചപ്പോള്‍ അവള്‍ വാതില്‍ക്കല്‍ വന്നുനിന്നു.

16 അപ്പോള്‍ അവന്‍ വരുന്ന ആണ്ടില്‍ ഈ സമയമാകുമ്പോഴേക്കു നീ ഒരു മകനെ അണെച്ചുകൊള്ളും എന്നു പറഞ്ഞു. അതിന്നു അവള്‍അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ഭോഷകു പറയരുതേ എന്നു പറഞ്ഞു.

17 ആ സ്ത്രീ ഗര്‍ഭംധരിച്ചു പിറ്റെ ആണ്ടില്‍ എലീശാ അവളോടു പറഞ്ഞ സമയത്തു തന്നേ ഒരു മകനെ പ്രസവിച്ചു.

18 ബാലന്‍ വളര്‍ന്നപ്പോള്‍ ഒരു ദിവസം അവന്‍ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്റെ അപ്പന്റെ അടുക്കല്‍ ചെന്നു.

19 അവന്‍ അപ്പനോടുഎന്റെ തല, എന്റെ തല എന്നു പറഞ്ഞു. അവന്‍ ഒരു ബാല്യക്കാരനോടുഇവനെ എടുത്തു അമ്മയുടെ അടുക്കല്‍ കൊണ്ടു പോക എന്നു പറഞ്ഞു.

20 അവന്‍ അവനെ എടുത്തു അവന്റെ അമ്മയുടെ അടുക്കല്‍ കെണ്ടുചെന്നു; അവന്‍ ഉച്ചവരെ അവളുടെ മടിയില്‍ ഇരുന്നശേഷം മരിച്ചുപോയി.

21 അപ്പോള്‍ അവള്‍ കയറിച്ചെന്നു അവനെ ദൈവപുരുഷന്റെ കട്ടിലിന്മേല്‍ കിടത്തി വാതില്‍ അടെച്ചു പുറത്തിറങ്ങി.

22 പിന്നെ അവള്‍ തന്റെ ഭര്‍ത്താവിനെ വിളിച്ചുഞാന്‍ വേഗത്തില്‍ ദൈവപുരുഷന്റെ അടുക്കലോളം പോയിവരേണ്ടതിന്നു എനിക്കു ഒരു ബാല്യക്കാരനെയും ഒരു കഴുതയെയും അയച്ചുതരേണമേ എന്നു പറഞ്ഞു.

23 അതിന്നു അവന്‍ ഇന്നു നീ അവന്റെ അടുക്കല്‍ പോകുന്നതു എന്തിന്നു? ഇന്നു അമാവാസ്യയല്ല, ശബ്ബത്തും അല്ലല്ലോ എന്നു പറഞ്ഞു. വേണ്ടതില്ല എന്നു അവള്‍ പറഞ്ഞു.

24 അങ്ങനെ അവള്‍ കഴുതപ്പുറത്തു കോപ്പിട്ടു കയറി ബാല്യക്കാരനോടുനല്ലവണ്ണം തെളിച്ചുവിടുക; ഞാന്‍ പറഞ്ഞല്ലാതെ വഴിയില്‍ എവിടെയും നിര്‍ത്തരുതു എന്നു പറഞ്ഞു.

25 അവള്‍ ചെന്നു കര്‍മ്മേല്‍പര്‍വ്വതത്തില്‍ ദൈവപുരുഷന്റെ അടുക്കല്‍ എത്തി; ദൈവപുരുഷന്‍ അവളെ ദൂരത്തുകണ്ടപ്പോള്‍ തന്റെ ബാല്യക്കാരനായ ഗേഹസിയോടുഅതാ, ശൂനേംകാരത്തി വരുന്നു; നീ ഔടിച്ചെന്നു അവളെ എതിരേറ്റു

26 സുഖം തന്നേയോ? ഭര്‍ത്താവു സുഖമായിരിക്കുന്നുവോ? ബാലന്നു സുഖമുണ്ടോ എന്നു അവളോടു ചോദിക്കേണം എന്നു പറഞ്ഞു. സുഖം തന്നേ എന്നു അവള്‍ പറഞ്ഞു.

27 അവള്‍ പര്‍വ്വതത്തില്‍ ദൈവപുരുഷന്റെ അടുക്കല്‍ എത്തിയപ്പോള്‍ അവന്റെ കാല്‍ പിടിച്ചു; ഗേഹസി അവളെ മാറ്റുവാന്‍ അടുത്തുചെന്നാറെ ദൈവപുരുഷന്‍ അവളെ വിടുക; അവള്‍ക്കു വലിയ മനോവ്യസനം ഉണ്ടു; യഹോവ അതു എന്നെ അറിയിക്കാതെ മറെച്ചിരിക്കുന്നു എന്നു പറഞ്ഞു.

28 ഞാന്‍ യജമാനനോടു ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്നു ഞാന്‍ പറഞ്ഞില്ലയോ എന്നു അവള്‍ പറഞ്ഞു.