ഘട്ടം 154

പഠനം

     

സങ്കീർത്തനങ്ങൾ 114

1 യഹോവയെ സ്തുതിപ്പിന്‍ . യിസ്രായേല്‍ മിസ്രയീമില്‍നിന്നും യാക്കോബിന്‍ ഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയില്‍നിന്നും പുറപ്പെട്ടപ്പോള്‍

2 യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും യിസ്രായേല്‍ അവന്റെ ആധിപത്യവുമായി തീര്‍ന്നു.

3 സമുദ്രം കണ്ടു ഔടി; യോര്‍ദ്ദാന്‍ പിന്‍ വാങ്ങിപ്പോയി.

4 പര്‍വ്വതങ്ങള്‍ മുട്ടാടുകളെപ്പോലെയും കുന്നുകള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളി.

5 സമുദ്രമേ, നീ ഔടുന്നതെന്തു? യോര്‍ദ്ദാനേ, നീ പിന്‍ വാങ്ങുന്നതെന്തു?

6 പര്‍വ്വതങ്ങളേ; നിങ്ങള്‍ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതു എന്തു.

7 ഭൂമിയേ, നീ കര്‍ത്താവിന്റെ സന്നിധിയില്‍, യാക്കോബിന്‍ ദൈവത്തിന്റെ സന്നിധിയില്‍ വിറെക്ക.

8 അവന്‍ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 115

1 ഞങ്ങള്‍ക്കല്ല, യഹോവേ, ഞങ്ങള്‍ക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ.

2 അവരുടെ ദൈവം ഇപ്പോള്‍ എവിടെ എന്നു ജാതികള്‍ പറയുന്നതെന്തിന്നു?

3 നമ്മുടെ ദൈവമോ സ്വര്‍ഗ്ഗത്തില്‍ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവന്‍ ചെയ്യുന്നു.

4 അവരുടെ വിഗ്രഹങ്ങള്‍ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ.

5 അവേക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല.

6 അവേക്കു ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ല; മൂകൂണ്ടെങ്കിലും മണക്കുന്നില്ല.

7 അവേക്കു കയ്യുണ്ടെങ്കിലും സ്പര്‍ശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല.

8 അവയെ ഉണ്ടാക്കുന്നവര്‍ അവയെപ്പോലെ ആകുന്നു; അവയില്‍ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.

9 യിസ്രായേലേ, യഹോവയില്‍ ആശ്രയിക്ക; അവന്‍ അവരുടെ സഹായവും പരിചയും ആകുന്നു;

10 അഹരോന്‍ ഗൃഹമേ, യഹോവയില്‍ ആശ്രയിക്ക. അവന്‍ അവരുടെ സഹായവും പരിചയും ആകുന്നു.

11 യഹോവാഭക്തന്മാരേ, യഹോവയില്‍ ആശ്രയിപ്പിന്‍ ; അവന്‍ അവരുടെ സഹായവും പരിചയും ആകുന്നു.

12 യഹോവ നമ്മെ ഔര്‍ത്തിരിക്കുന്നു; അവന്‍ അനുഗ്രഹിക്കും; അവന്‍ യിസ്രായേല്‍ഗൃഹത്തെ അനുഗ്രഹിക്കും; അവന്‍ അഹരോന്‍ ഗൃഹത്തെ അനുഗ്രഹിക്കും.

13 അവന്‍ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.

14 യഹോവ നിങ്ങളെ മേലക്കുമേല്‍ വര്‍ദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ.

15 ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാല്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആകുന്നു.

16 സ്വര്‍ഗ്ഗം യഹോവയുടെ സ്വര്‍ഗ്ഗമാകുന്നു; ഭൂമിയെ അവന്‍ മനുഷ്യര്‍ക്കും കൊടുത്തിരിക്കുന്നു.

17 മരിച്ചവരും മൌനതയില്‍ ഇറങ്ങിയവര്‍ ആരും യഹോവയെ സ്തുതിക്കുന്നില്ല,

18 നാമോ, ഇന്നുമുതല്‍ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിന്‍ .

സങ്കീർത്തനങ്ങൾ 116

1 യഹോവ എന്റെ പ്രാര്‍ത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാന്‍ അവനെ സ്നേഹിക്കുന്നു.

2 അവന്‍ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു ഞാന്‍ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും

3 മരണപാശങ്ങള്‍ എന്നെ ചുറ്റി, പാതാള വേദനകള്‍ എന്നെ പിടിച്ചു; ഞാന്‍ കഷ്ടവും സങ്കടവും അനുഭവിച്ചു.

4 അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാന്‍ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.

5 യഹോവ കൃപയും നീതിയും ഉള്ളവന്‍ ; നമ്മുടെ ദൈവം കരുണയുള്ളവന്‍ തന്നേ.

6 യഹോവ അല്പബുദ്ധികളെ പാലിക്കുന്നു; ഞാന്‍ എളിമപ്പെട്ടു, അവന്‍ എന്നെ രക്ഷിച്ചു.

7 എന്‍ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്കു ഉപകാരം ചെയ്തിരിക്കുന്നു.

8 നീ എന്റെ പ്രാണനെ മരണത്തില്‍നിന്നും എന്റെ കണ്ണിനെ കണ്ണുനീരില്‍നിന്നും എന്റെ കാലിനെ വീഴ്ചയില്‍നിന്നും രക്ഷിച്ചിരിക്കുന്നു.

9 ഞാന്‍ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.

10 ഞാന്‍ വലിയ കഷ്ടതയില്‍ ആയി എന്നു പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചു.

11 സകലമനുഷ്യരും ഭോഷകു പറയുന്നു എന്നു ഞാന്‍ എന്റെ പരിഭ്രമത്തില്‍ പറഞ്ഞു.

12 യഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങള്‍ക്കും ഞാന്‍ അവന്നു എന്തു പകരം കൊടുക്കും?

13 ഞാന്‍ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

14 യഹോവേക്കു ഞാന്‍ എന്റെ നേര്‍ച്ചകളെ അവന്റെ സകലജനവും കാണ്‍കെ കഴിക്കും.

15 തന്റെ ഭക്തന്മാരുടെ മരണം യഹോവേക്കു വിലയേറിയതാകുന്നു.

16 യഹോവേ, ഞാന്‍ നിന്റെ ദാസന്‍ ആകുന്നു; നിന്റെ ദാസനും നിന്റെ ദാസിയുടെ മകനും തന്നേ; നീ എന്റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു.

17 ഞാന്‍ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

18 യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്റെ നടുവിലും

19 ഞാന്‍ യഹോവേക്കു എന്റെ നേര്‍ച്ചകളെ അവന്റെ സകലജനവും കാണ്‍കെ കഴിക്കും. യഹോവയെ സ്തുതിപ്പിന്‍ .

സങ്കീർത്തനങ്ങൾ 117

1 സകലജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിന്‍ ; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിന്‍ .

2 നമ്മോടുള്ള അവന്റെ ദയ വലുതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളതു. യഹോവയെ സ്തുതിപ്പിന്‍ .

സങ്കീർത്തനങ്ങൾ 118:1-9

1 യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.

2 അവന്റെ ദയ എന്നേക്കുമുള്ളതു എന്നു യിസ്രായേല്‍ പറയട്ടെ.

3 അവന്റെ ദയ എന്നേക്കുമുള്ളതു എന്നു അഹരോന്‍ ഗൃഹം പറയട്ടെ.

4 അവന്റെ ദയ എന്നേക്കുമുള്ളതു എന്നു യഹോവാഭക്തര്‍ പറയട്ടെ.

5 ഞെരുക്കത്തില്‍ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.

6 യഹോവ എന്റെ പക്ഷത്തുണ്ടു; ഞാന്‍ പേടിക്കയില്ല; മനുഷ്യന്‍ എന്നോടു എന്തു ചെയ്യും?

7 എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ടു; ഞാന്‍ എന്നെ പകെക്കുന്നവരെ കണ്ടു രസിക്കും.

8 മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നതു നല്ലതു.

9 പ്രഭുക്കന്മാരില്‍ ആശ്രയിക്കുന്നതിനേക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നതു നല്ലതു.