ഘട്ടം 168

പഠനം

     

യെശയ്യാ 13:17-22

17 ഞാന്‍ മേദ്യരെ അവര്‍ക്കും വിരോധമായി ഉണര്‍ത്തും; അവര്‍ വെള്ളിയെ കാര്യമാക്കുകയില്ല; പൊന്നില്‍ അവര്‍ക്കും താല്പര്യവുമില്ല.

18 അവരുടെ വില്ലുകള്‍ യുവാക്കളെ തകര്‍ത്തുകളയും; ഗര്‍ഭഫലത്തോടു അവകൂ കരുണ തോന്നുകയില്ല; പൈതങ്ങളെയും അവര്‍ ആദരിക്കയില്ല.

19 രാജ്യങ്ങളുടെ മഹത്വവും കല്ദയരുടെ പ്രശംസാലങ്കാരവുമായ ബാബേല്‍, ദൈവം സൊദോമിനെയും ഗൊമോറയെയും മറിച്ചുകളഞ്ഞതുപോലെ ആയിത്തീരും.

20 അതില്‍ ഒരുനാളും കുടിപാര്‍പ്പുണ്ടാകയില്ല; തലമുറതലമുറയോളം അതില്‍ ആരും വസിക്കയുമില്ല; അറബിക്കാരന്‍ അവിടെ കൂടാരം അടിക്കയില്ല; ഇടയന്മാര്‍ അവിടെ ആടുകളെ കിടത്തുകയും ഇല്ല.

21 മരുമൃഗങ്ങള്‍ അവിടെ കിടക്കും; അവരുടെ വീടുകളില്‍ മൂങ്ങാ നിറയും; ഒട്ടകപ്പക്ഷികള്‍ അവിടെ പാര്‍ക്കും; ഭൂതങ്ങള്‍ അവിടെ നൃത്തം ചെയ്യും.

22 അവരുടെ അരമനകളില്‍ ചെന്നായ്ക്കളും അവരുടെ മനോഹരമന്ദിരങ്ങളില്‍ കുറുനരികളും ഔളിയിടും; അതിന്റെ സമയം അടുത്തിരിക്കുന്നു; അതിന്റെ കാലം ദീര്‍ഘിച്ചുപോകയുമില്ല.

യെശയ്യാ 14

1 യഹോവ യാക്കോബിനോടു മനസ്സലിഞ്ഞു യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്തു അവരെ പാര്‍പ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബ് ഗൃഹത്തോടു ചേര്‍ന്നുകൊള്ളും.

2 ജാതികള്‍ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്കു കൊണ്ടുവരും; യിസ്രായേല്‍ഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും അടക്കിക്കൊള്ളും; തങ്ങളെ ബദ്ധന്മാരാക്കിയവരെ അവര്‍ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരെ വാഴുകയും ചെയ്യും.

3 യഹോവ നിന്റെ വ്യസനവും നിന്റെ കഷ്ടതയും നീ ചെയ്യണ്ടിവന്ന നിന്റെ കഠിനദാസ്യവും നീക്കി നിനക്കു വിശ്രാമം നലകുന്ന നാളില്‍

4 നീ ബാബേല്‍രാജാവിനെക്കുറിച്ചു ഈ പാട്ടു ചൊല്ലുംപീഡിപ്പിക്കുന്നവന്‍ എങ്ങനെ ഇല്ലാതെയായി! സ്വര്‍ണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി!

5 യഹോവ ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു.

6 വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കയും ആര്‍ക്കും അടത്തുകൂടാത്ത ഉപദ്രവത്താല്‍ ജാതികളെ കോപത്തോടെ ഭരിക്കയും ചെയ്തവനെ തന്നേ.

7 സര്‍വ്വഭൂമിയും വിശ്രമിച്ചു സ്വസ്ഥമായിരിക്കുന്നു; അവര്‍ ആര്‍ത്തു പാടുന്നു.

8 സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചുനീ വീണുകിടന്നതുമുതല്‍ ഒരു വെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല എന്നു പറയുന്നു.

9 നിന്റെ വരവിങ്കല്‍ നിന്നെ എതിരേല്പാന്‍ താഴേ പാതാളം നിന്റെ നിമിത്തം ഇളകിയിരിക്കുന്നു; അതു നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണര്‍ത്തുകയും ജാതികളുടെ സകലരാജാക്കന്മാരെയും സിംഹാസനങ്ങളില്‍നിന്നു എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു.

10 അവരൊക്കെയും നിന്നോടുനീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങള്‍ക്കു തുല്യനായ്തീര്‍ന്നുവോ? എന്നു പറയും.

11 നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്കു ഇറങ്ങിപ്പോയി; നിന്റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികള്‍ നിനക്കു പുതെപ്പായിരിക്കുന്നു.

12 അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു!

13 “ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കു മീതെ വേക്കും; ഉത്തരദിക്കിന്റെ അതൃത്തിയില്‍ സമാഗമപര്‍വ്വതത്തിന്മേല്‍ ഞാന്‍ ഇരുന്നരുളും;

14 ഞാന്‍ മേഘോന്നതങ്ങള്‍ക്കു മീതെ കയറും; ഞാന്‍ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തില്‍ പറഞ്ഞതു.

15 എന്നാല്‍ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.

16 നിന്നെ കാണുന്നവര്‍ നിന്നെ ഉറ്റുനോക്കിഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും

17 ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും അതിലെ പട്ടണങ്ങളെ ഇടിച്ചുകളകയും തന്റെ ബദ്ധന്മാരെ വീട്ടിലേക്കു അഴിച്ചുവിടാതിരിക്കയും ചെയ്തവന്‍ ഇവനല്ലയോ എന്നു നിരൂപിക്കും.

18 ജാതികളുടെ സകലരാജാക്കന്മാരും ഒട്ടൊഴിയാതെ താന്താന്റെ ഭവനത്തില്‍ മഹത്വത്തോടെ കിടന്നുറങ്ങുന്നു.

19 നിന്നെയോ നിന്ദ്യമായോരു ചുള്ളിയെപ്പോലെയും വാള്‍കൊണ്ടു കുത്തേറ്റു മരിച്ചു കുഴിയിലെ കല്ലുകളോളം ഇറങ്ങിയവരെക്കൊണ്ടു പൊതിഞ്ഞിരിക്കുന്നവനായി ചവിട്ടിമെതിച്ച ശവംപോലെയും നിന്റെ കല്ലറയില്‍നിന്നു എറിഞ്ഞുകളഞ്ഞിരിക്കുന്നു.

20 നീ നിന്റെ ദേശത്തെ നശിപ്പിച്ചു, നിന്റെ ജനത്തെ കൊന്നുകളഞ്ഞതുകൊണ്ടു നിനക്കു അവരെപ്പോലെ ശവസംസ്കാരം ഉണ്ടാകയില്ല; ദുഷ്ടന്മാരുടെ സന്തതിയുടെ പേര്‍ എന്നും നിലനില്‍ക്കയില്ല.

21 അവന്റെ മക്കള്‍ എഴുന്നേറ്റു ഭൂമിയെ കൈവശമാക്കുകയും ഭൂതലത്തിന്റെ ഉപരിഭാഗത്തെ പട്ടണങ്ങള്‍കൊണ്ടു നിറെക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവര്‍ക്കും അവരുടെ പിതാക്കന്മാരുടെ അകൃത്യംനിമിത്തം ഒരു കുലനിലം ഒരുക്കിക്കൊള്‍വിന്‍ .

22 ഞാന്‍ അവര്‍ക്കും വിരോധമായി എഴുന്നേലക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ബാബേലില്‍നിന്നു പേരിനെയും ശേഷിപ്പിനെയും പുത്രനെയും പൌത്രനെയും ഛേദിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.

23 ഞാന്‍ അതിനെ മുള്ളന്‍ പന്നിയുടെ അവകാശവും നീര്‍പ്പൊയ്കകളും ആക്കും; ഞാന്‍ അതിനെ നാശത്തിന്റെ ചൂലുകൊണ്ടു തൂത്തുവാരും എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

24 സൈന്യങ്ങളുടെ യഹോവ ആണയിട്ടു അരുളിച്ചെയ്യുന്നതുഞാന്‍ വിചാരിച്ചതുപോലെ സംഭവിക്കും; ഞാന്‍ നിര്‍ണ്ണയിച്ചതുപോലെ നിവൃത്തിയാകും.

25 എന്റെ ദേശത്തുവെച്ചു ഞാന്‍ അശ്ശൂരിനെ തകര്‍ക്കും; എന്റെ പര്‍വ്വതങ്ങളില്‍വെച്ചു അവനെ ചവിട്ടിക്കളയും; അങ്ങനെ അവന്റെ നുകം അവരുടെമേല്‍ നിന്നു നീങ്ങും; അവന്റെ ചുമടു അവരുടെ തോളില്‍നിന്നു മാറിപ്പോകും.

26 സര്‍വ്വഭൂമിയെയും കുറിച്ചു നിര്‍ണ്ണയിച്ചിരിക്കുന്ന നിര്‍ണ്ണയം ഇതാകുന്നു; സകലജാതികളുടെയും മേല്‍ നീട്ടിയിരിക്കുന്ന കൈ ഇതു തന്നേ.

27 സൈന്യങ്ങളുടെ യഹോവ നിര്‍ണ്ണയിച്ചിരിക്കുന്നു; അതു ദുര്‍ബ്ബലമാക്കുന്നവനാര്‍? അവന്റെ കൈ നീട്ടിയിരിക്കുന്നു; അതു മടക്കുന്നവനാര്‍?

28 ആഹാസ്രാജാവു മരിച്ച ആണ്ടില്‍ ഈ പ്രവാചകം ഉണ്ടായി

29 സകലഫെലിസ്ത്യ ദേശവുമായുള്ളോവേ, നിന്നെ അടിച്ചവന്റെ വടി ഒടിഞ്ഞിരിക്കകൊണ്ടു നീ സന്തോഷിക്കേണ്ടാ; സര്‍പ്പത്തിന്റെ വേരില്‍നിന്നു ഒരു അണലി പുറപ്പെടും; അതിന്റെ ഫലം, പറക്കുന്ന അഗ്നിസര്‍പ്പമായിരിക്കും.

30 എളിയവരുടെ ആദ്യജാതന്മാര്‍ മേയും; ദരിദ്രന്മാര്‍ നിര്‍ഭയമായി കിടക്കും; എന്നാല്‍ നിന്റെ വേരിനെ ഞാന്‍ ക്ഷാമംകൊണ്ടു മരിക്കുമാറാക്കും; നിന്റെ ശേഷിപ്പിനെ അവന്‍ കൊല്ലും.

31 വാതിലേ, അലറുക; പട്ടണമേ നിലവിളിക്ക; സകല ഫെലിസ്ത്യദേശവുമായുള്ളോവേ, നീ അലിഞ്ഞുപോയി; വടക്കുനിന്നു ഒരു പുകവരുന്നു; അവന്റെ ഗണങ്ങളില്‍ ഉഴന്നുനടക്കുന്ന ഒരുത്തനും ഇല്ല. 32 ജാതികളുടെ ദൂതന്മാര്‍ക്കും കിട്ടുന്ന മറുപടിയോയഹോവ സീയോനെ സ്ഥാപിച്ചിരിക്കുന്നു; അവിടെ അവന്റെ ജനത്തിലെ അരിഷ്ടന്മാര്‍ ശരണം പ്രാപിക്കും എന്നത്രേ.

യെശയ്യാ 15

1 മോവാബിനെക്കുറിച്ചുള്ള പ്രവാചകംഒരു രാത്രിയില്‍ മോവാബിലെ ആര്‍പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; ഒരു രാത്രിയില്‍ മോവാബിലെ കീര്‍പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു.

2 ബയീത്തും ദീബോനും കരയേണ്ടതിന്നു പൂജാഗിരികളില്‍ കയറിപ്പോയിരിക്കുന്നു; നെബോവിലും മേദെബയിലും മോവാബ് നിലവിളിക്കുന്നു; അവരുടെ തലയൊക്കെയും മൊട്ടയടിച്ചും താടിയൊക്കെയും കത്രിച്ചും ഇരിക്കന്നു.

3 അവരുടെ വീഥികളില്‍ അവര്‍ രട്ടുടുത്തു നടക്കുന്നു; അവരുടെ പുരമുകളിലും വിശാലസ്ഥലങ്ങളിലും എല്ലാവരും മുറയിട്ടു കരയുന്നു.

4 ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു; അവരുടെ ഒച്ച യഹസ്വരെ കേള്‍ക്കുന്നു; അതുകൊണ്ടു മോവാബിന്റെ ആയുധപാണികള്‍ അലറുന്നു; അവന്റെ പ്രാണന്‍ അവന്റെ ഉള്ളില്‍ നടങ്ങുന്നു.

5 എന്റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; അതിലെ കുലീനന്മാര്‍ സോവാരിലേക്കും എഗ്ളത്ത് ശെളീശീയയിലേക്കും ഔടിപ്പോകുന്നു ലൂഹീത്തിലേക്കുള്ള കയറ്റത്തില്‍ കൂടി അവര്‍ കരഞ്ഞുംകൊണ്ടു കയറിച്ചെല്ലുന്നു; ഹോരോനയീമിലേക്കുള്ള വഴിയില്‍ അവര്‍ നാശത്തിന്റെ നിലവിളി കൂട്ടുന്നു.

6 നിമ്രീമിലെ ജലാശയങ്ങള്‍ വരണ്ടിരിക്കുന്നു; അതുകൊണ്ടു പുല്ലുണങ്ങി, ഇളമ്പുല്ലു വാടി, പച്ചയായതൊക്കെയും ഇല്ലാതെയായിരിക്കുന്നു.

7 ആകയാല്‍ അവര്‍ സ്വരൂപിച്ച സമ്പത്തും സംഗ്രഹിച്ചുവെച്ചതും അലരിത്തോട്ടിന്നക്കരെക്കു എടുത്തു കൊണ്ടുപോകുന്നു.

8 നിലവിളി മോവാബിന്റെ അതൃത്തികളെ ചുറ്റിയിരിക്കുന്നു; അലര്‍ച്ച എഗ്ളയീംവരെയും കൂക്കല്‍ ബേര്‍-ഏലീംവരെയും എത്തിയിരിക്കുന്നു.

9 ദീമോനിലെ ജലാശയങ്ങള്‍ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാന്‍ ദീമോന്റെ മേല്‍ ഇതിലധികം വരുത്തും; മോവാബില്‍നിന്നു ചാടിപ്പോയവരുടെമേലും ദേശത്തില്‍ ശേഷിച്ചവരുടെമേലും ഞാന്‍ ഒരു സിംഹത്തെ വരുത്തും.

യെശയ്യാ 16

1 നിങ്ങള്‍ ദേശാധിപതിക്കു വേണ്ടിയുള്ള കുഞ്ഞാടുകളെ സേലയില്‍നിന്നു മരുഭൂമിവഴിയായി സീയോന്‍ പുത്രിയുടെ പര്‍വ്വതത്തിലേക്കു കൊടുത്തയപ്പിന്‍ .

2 മോവാബിന്റെ പുത്രിമാര്‍ കൂടു വിട്ടലയുന്ന പക്ഷികളെപ്പോലെ അര്‍ന്നോന്റെ കടവുകളില്‍ ഇരിക്കും.

3 ആലോചന പറഞ്ഞുതരിക; മദ്ധ്യസ്ഥം ചെയ്ക; നിന്റെ നിഴലിനെ നട്ടുച്ചെക്കു രാത്രിയെപ്പോലെ ആക്കുക; ഭ്രഷ്ടന്മാരെ ഒളിപ്പിക്ക; അലഞ്ഞു നടക്കുന്നവനെ കാണിച്ചുകൊടുക്കരുതു.

4 മോവാബിന്റെ ഭ്രഷ്ടന്മാര്‍ നിന്നോടുകൂടെ പാര്‍ത്തുകൊള്ളട്ടെ; കവര്‍ച്ചക്കാരന്റെ മുമ്പില്‍ നീ അവര്‍ക്കും ഒരു മറവായിരിക്ക; എന്നാല്‍ പീഡകന്‍ ഇല്ലാതെയാകും; കവര്‍ച്ച അവസാനിക്കും; ചവിട്ടിക്കളയുന്നവര്‍ ദേശത്തുനിന്നു മുടിഞ്ഞുപോകും.

5 അങ്ങനെ ദയയാല്‍ സിംഹാസനം സ്ഥിരമായ്‍വരും; അതിന്മേല്‍ ദാവീദിന്റെ കൂടാരത്തില്‍നിന്നു ഒരുത്തന്‍ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതിനടത്തുവാന്‍ വേഗതയുള്ളവനായും നേരോടെ ഇരിക്കും.

6 ഞങ്ങള്‍ മോവാബിന്റെ ഗര്‍വ്വത്തെക്കുറിച്ചു കേട്ടിട്ടുണ്ടു; അവന്‍ മഹാഗര്‍വ്വിയാകുന്നു; അവന്റെ നിഗളത്തെയും ഡംഭത്തെയും ക്രോധത്തെയും വ്യര്‍ത്ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ടു.

7 അതുകൊണ്ടു മോവാബിനെപ്പറ്റി മോവാബ് തന്നേ മുറയിടും; എല്ലാവരും മുറയിടും; കീര്‍-ഹരേശെത്തിന്റെ മുന്തിരിയടകളെക്കുറിച്ചു നിങ്ങള്‍ കേവലം ദുഃഖിതന്മാരായി വിലപിക്കും.

8 ഹെശ്ബേന്‍ വയലുകളും ശിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; അതിലെ മേത്തരമായ വള്ളിയെ ജാതികളുടെ പ്രഭുക്കന്മാര്‍ ഒടിച്ചു കളഞ്ഞു; അതു യസേര്‍വരെ നീണ്ടു മരുഭൂമിയിലോളം പടര്‍ന്നിരുന്നു; അതിന്റെ ശാഖകള്‍ പടര്‍ന്നു കടല്‍ കടന്നിരുന്നു.

9 അതുകൊണ്ടു ഞാന്‍ യസേരിനോടുകൂടെ ശിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു കരയും; ഹെശ്ബോനേ, എലെയാലേ, ഞാന്‍ നിന്നെ എന്റെ കണ്ണുനീരുകൊണ്ടു നനെക്കും; നിന്റെ വേനല്‍ക്കനികള്‍ക്കും നിന്റെ കൊയ്ത്തിന്നും പോര്‍ വിളി നേരിട്ടിരിക്കുന്നു.

10 സന്തോഷവും ആനന്ദവും വിളനിലത്തുനിന്നു പോയ്പോയിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളില്‍ പാട്ടില്ല, ഉല്ലാസഘോഷവുമില്ല; ചവിട്ടുകാര്‍ ചക്കുകളില്‍ മുന്തിരിങ്ങാ ചവിട്ടുകയുമില്ല; മുന്തിരിക്കൊയ്ത്തിന്റെ ആര്‍പ്പുവിളി ഞാന്‍ നിര്‍ത്തിക്കളഞ്ഞിരിക്കുന്നു.

11 അതുകൊണ്ടു എന്റെ ഉള്ളം മോവാബിനെക്കുറിച്ചും എന്റെ അന്തരംഗം കീര്‍ഹേരെശിനെക്കുറിച്ചും കിന്നരംപോലെ മുഴങ്ങുന്നു.

12 പിന്നെ മോവാബ് പൂജാഗിരിയില്‍ ചെന്നു പാടുപെട്ടു ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിപ്പാന്‍ കടന്നാല്‍ അവന്‍ കൃതാര്‍ത്ഥനാകയില്ല.

13 ഇതാകുന്നു യഹോവ പണ്ടു തന്നേ മോവാബിനെക്കുറിച്ചു അരുളിച്ചെയ്ത വചനം.

14 ഇപ്പോള്‍ യഹോവ അരുളിച്ചെയ്യുന്നതോകൂലിക്കാരന്റെ ആണ്ടുപോലെയുള്ള മൂന്നു ആണ്ടിന്നകം മോവാബിന്റെ മഹത്വം അവന്റെ സര്‍വ്വമഹാപുരുഷാരത്തോടുകൂടെ തുച്ഛീകരിക്കപ്പെടും; അവന്റെ ശേഷിപ്പു അത്യല്പവും അഗണ്യവും ആയിരിക്കും.

യെശയ്യാ 17

1 ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകംഇതാ, ദമ്മേശെക്‍ ഒരു പട്ടണമായിരിക്കാതവണ്ണം നീങ്ങിപ്പോയിരിക്കുന്നു; അതു ശൂന്യകൂമ്പാരമായ്തീരും.

2 അരോവേര്‍പട്ടണങ്ങള്‍ നിര്‍ജ്ജനമായിരിക്കുന്നു; അവ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു ആയിരിക്കും; ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും.

3 എഫ്രയീമില്‍ കോട്ടയും ദമ്മേശെക്കില്‍ രാജത്വവും ഇല്ലാതെയാകും; അരാമില്‍ ശേഷിച്ചവര്‍ യിസ്രായേല്‍മക്കളുടെ മഹത്വംപോലെയാകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

4 അന്നാളില്‍ യാക്കോബിന്റെ മഹത്വം ക്ഷയിക്കും; അവന്റെ ദേഹപുഷ്ടി മെലിഞ്ഞു പോകും.

5 അതു കൊയ്ത്തുകാരന്‍ വിളചേര്‍ത്തു പിടിച്ചു കൈകൊണ്ടു കതിരുകളെ കൊയ്യും പോലെയും ഒരുത്തന്‍ രഫായീംതാഴ്വരയില്‍ കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും.

6 ഒലിവു തല്ലുമ്പോള്‍ വൃക്ഷാഗ്രത്തില്‍ രണ്ടുമൂന്നു കായോ ഫലവൃക്ഷത്തിന്റെ കൊമ്പുകളില്‍ നാലഞ്ചു കായോ ഇങ്ങനെ കാലാ പറിപ്പാന്‍ ചിലതു ശേഷിച്ചിരിക്കും എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

7 അന്നാളില്‍ മനുഷ്യന്‍ തന്റെ കൈപ്പണിയായ ബലിപീഠങ്ങളിലേക്കു തിരിയാതെയും വിരലുകളാല്‍ ഉണ്ടാക്കിയ അശേരാവിഗ്രഹങ്ങളെയും സൂര്യസ്തംഭങ്ങളെയും നോക്കാതെയും

8 തന്റെ സ്രഷ്ടാവിങ്കലേക്കു തിരികയും അവന്റെ കണ്ണു യിസ്രായേലിന്റെ പരിശുദ്ധനെ നോക്കുകയും ചെയ്യും.

9 അന്നാളില്‍ അവന്റെ ഉറപ്പുള്ള പട്ടണങ്ങള്‍ അമോര്‍യ്യരും ഹിവ്യരും യിസ്രായേല്‍മക്കളുടെ മുമ്പില്‍ നിന്നു ഉപേക്ഷിച്ചുപോയ നിര്‍ജ്ജനദേശം പോലെയാകും. അവ ശൂന്യമായ്തീരും.

10 നിന്റെ രക്ഷയുടെ ദൈവത്തെ നീ മറന്നു നിന്റെ ബലമുള്ള പാറയെ ഔര്‍ക്കാതെയിരിക്കകൊണ്ടു നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി അവയില്‍ അന്യദേശത്തുനിന്നുള്ള വള്ളികളെ നടുന്നു.

11 നടുന്ന ദിവസത്തില്‍ നീ അതിന്നു വേലി കെട്ടുകയും രാവിലേ നിന്റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു; എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും തട്ടുന്ന ദിവസത്തില്‍ കൊയ്ത്തു പോയ്പോകും.

12 അയ്യോ, അനേകജാതികളുടെ മുഴക്കം; അവര്‍ കടലിന്റെ മുഴക്കംപോലെ മുഴങ്ങുന്നു! അയ്യോ, വംശങ്ങളുടെ ഇരെച്ചല്‍! അവര്‍ പെരുവെള്ളങ്ങളുടെ ഇരെച്ചല്‍പോലെ ഇരെക്കുന്നു.

13 വംശങ്ങള്‍ പെരുവെള്ളങ്ങളുടെ ഇരെച്ചല്‍പോലെ ഇരെക്കുന്നു; എങ്കിലും അവന്‍ അവരെ ശാസിക്കും; അപ്പോള്‍ അവര്‍ ദൂരത്തേക്കു ഔടിപ്പോകും; കാറ്റിന്മുമ്പില്‍ പര്‍വ്വതങ്ങളിലെ പതിര്‍പോലെയും കൊടുങ്കാറ്റിന്‍ മുമ്പില്‍ ചുഴന്നുപറക്കുന്ന പൊടിപോലെയും പാറിപ്പോകും.

14 സന്ധ്യാസമയത്തു ഇതാ, ഭീതി! പ്രഭാതത്തിന്നു മുമ്പെ അവന്‍ ഇല്ലാതെയായി! ഇതു നമ്മെ കൊള്ളയിടുന്നവരുടെ ഔഹരിയും നമ്മോടു പിടിച്ചുപറിക്കുന്നവരുടെ പങ്കും ആകുന്നു.

യെശയ്യാ 18

1 അയ്യോ, കൂശിലെ നദികള്‍ക്കരികെ ചിറകു കിരുകിരുക്കുന്നതും കടല്‍വഴിയായി വെള്ളത്തിന്മേല്‍ ഞാങ്ങണകൊണ്ടുള്ള തോണികളില്‍ ദൂതന്മാരെ അയക്കുന്നതും ആയദേശമേ!

2 ശീഘ്രദൂതന്മാരേ, നിങ്ങള്‍ ദീര്‍ഘകായന്മാരും മൃദുചര്‍മ്മികളുമായ ജാതിയുടെ അടുക്കല്‍, ആരംഭംമുതല്‍ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കല്‍, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികള്‍ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതിയുടെ അടുക്കല്‍ തന്നേ ചെല്ലുവിന്‍ .

3 ഭൂതലത്തിലെ സര്‍വ്വനിവാസികളും ഭൂമിയില്‍ പാര്‍ക്കുംന്നവരും ആയുള്ളോരേ, പര്‍വ്വതത്തിന്മേല്‍ കൊടി ഉയര്‍ത്തുമ്പോള്‍, നിങ്ങള്‍ നോക്കുവിന്‍ ; കാഹളം ഊതുമ്പോള്‍ കേള്‍പ്പിന്‍ .

4 യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തുവെയില്‍ തെളിഞ്ഞു മൂക്കുമ്പോള്‍, കൊയ്ത്തുകാലത്തു ഉഷ്ണത്തില്‍ മേഘം മഞ്ഞു പൊഴിക്കുമ്പോള്‍, ഞാന്‍ എന്റെ നിവാസത്തില്‍ സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.

5 കൊയ്ത്തിന്നു മുമ്പെ, മൊട്ടിട്ടു കഴിഞ്ഞു, പൂ പൊഴിഞ്ഞു മുന്തിരിങ്ങാ, മൂക്കുമ്പോള്‍, അവന്‍ അരിവാള്‍കൊണ്ടു വള്ളി മുറിച്ചു ചില്ലി ചെത്തിക്കളയും.

6 അതു ഒക്കെയും മലയിലെ കഴുകിന്നും ഭൂമിയിലെ മൃഗത്തിന്നും ഇട്ടുകളയും; കഴുകു അതുകൊണ്ടു വേനല്‍ കഴിക്കും; ഭൂമിയിലെ സകലമൃഗവും അതു കൊണ്ടു വര്‍ഷം കഴിക്കും.

7 ആ കാലത്തു ദീര്‍ഘകായന്മാരും മൃദുചര്‍മ്മികളും ആയ ജാതി, ആരംഭംമുതല്‍ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതി, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികള്‍ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതി തന്നേ, സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോന്‍ പര്‍വ്വതത്തിലേക്കു സൈന്യങ്ങളുടെ യഹോവേക്കു തിരുമുല്‍ക്കാഴ്ചകൊണ്ടുവരും.

യെശയ്യാ 19:1-10

1 മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകംയഹോവ വേഗതയുള്ളോരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്കു വരുന്നു; അപ്പോള്‍ മിസ്രയീമിലെ മിത്ഥ്യാമൂര്‍ത്തികള്‍ അവന്റെ സന്നിധിയിങ്കല്‍ നടുങ്ങുകയും മിസ്രയീമിന്റെ ഹൃദയം അതിന്റെ ഉള്ളില്‍ ഉരുകുകയും ചെയ്യും.

2 ഞാന്‍ മിസ്രയീമ്യരെ മിസ്രയീമ്യരോടു കലഹിപ്പിക്കും; അവര്‍ ഔരോരുത്തന്‍ താന്താന്റെ സഹോദരനോടും ഔരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോടും പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും.

3 മിസ്രയീമിന്റെ ചൈതന്യം അതിന്റെ ഉള്ളില്‍ ഒഴിഞ്ഞുപോകും; ഞാന്‍ അതിന്റെ ആലോചനയെ നശിപ്പിക്കും; അപ്പോള്‍ അവര്‍ മിത്ഥ്യാമൂര്‍ത്തികളോടും മന്ത്രവാദികളോടും വെളിച്ചപ്പാടന്മാരോടും ലക്ഷണം പറയുന്നവരോടും അരുളപ്പാടു ചോദിക്കും.

4 ഞാന്‍ മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്റെ കയ്യില്‍ ഏല്പിക്കും; ഉഗ്രനായ ഒരു രാജാവു അവരെ ഭരിക്കും എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു.

5 സമുദ്രത്തില്‍ വെള്ളം ഇല്ലാതെയാകും; നദി വറ്റി ഉണങ്ങിപ്പോകും.

6 നദികള്‍ക്കു നാറ്റം പിടിക്കും; മിസ്രയീമിലെ തോടുകള്‍ വറ്റി ഉണങ്ങും; ഞാങ്ങണയും വേഴവും വാടിപ്പോകും.

7 നദിക്കരികെയും നദീതീരത്തും ഉള്ള പുല്‍പുറങ്ങളും നദീതീരത്തു വിതെച്ചതൊക്കെയും ഉണങ്ങി പറന്നു ഇല്ലാതെപോകും.

8 മീന്‍ പിടിക്കുന്നവര്‍ വിലപിക്കും; നദിയില്‍ ചൂണ്ടല്‍ ഇടുന്നവരൊക്കെയും ദുഃഖിക്കും; വെള്ളത്തില്‍ വല വീശുന്നവര്‍ വിഷാദിക്കും.

9 ചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേല ചെയ്യുന്നവരും വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചു പോകും.

10 രാജ്യത്തിന്റെ തൂണുകളായിരിക്കുന്നവര്‍ തകര്‍ന്നുപോകും; കൂലിവേലക്കാര്‍ മനോവ്യസനത്തോടെയിരിക്കും.