ഘട്ടം 268

പഠനം

     

വെളിപ്പാടു 5

1 ഞാന്‍ സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ വലങ്കയ്യില്‍ അകത്തും പുറത്തും എഴുത്തുള്ളതായി ഏഴു മുദ്രയാല്‍ മുദ്രയിട്ടൊരു പുസ്തകം കണ്ടു.

2 ആ പുസ്തകം തുറപ്പാനും അതിന്റെ മുദ്ര പൊട്ടിപ്പാനും യോഗ്യന്‍ ആരുള്ളു എന്നു അത്യുച്ചത്തില്‍ ഘോഷിക്കുന്ന ശക്തനായോരു ദൂതനെയും കണ്ടു.

3 പുസ്തകം തുറപ്പാനോ നോക്കുവാനോ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ആര്‍ക്കും കഴിഞ്ഞില്ല.

4 പുസ്തകം തുറന്നു വായിപ്പാനെങ്കിലും അതു നോക്കുവാനെങ്കിലും യോഗ്യനായി ആരെയും കാണായ്കകൊണ്ടു ഞാന്‍ ഏറ്റവും കരഞ്ഞു.

5 അപ്പോള്‍ മൂപ്പന്മാരില്‍ ഒരുത്തന്‍ എന്നോടുകരയേണ്ട; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവന്‍ പുസ്തകവും അതിന്റെ ഏഴുമുദ്രയും തുറപ്പാന്‍ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.

6 ഞാന്‍ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നിലക്കുന്നതു കണ്ടുഅതിന്നു ഏഴു കൊമ്പും സര്‍വ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കള്‍ ആയ ഏഴു കണ്ണും ഉണ്ടു.

7 അവന്‍ വന്നു സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ വലങ്കയ്യില്‍ നിന്നു പുസ്തകം വാങ്ങി.

8 വാങ്ങിയപ്പോള്‍ നാലുജീവികളും ഇരുപത്തുനാലു മൂപ്പന്മാരും ഔരോരുത്തന്‍ വീണയും വിശുദ്ധന്മാരുടെ പ്രാര്‍ത്ഥന എന്ന ധൂപവര്‍ഗ്ഗം നിറഞ്ഞ പൊന്‍ കലശവും പിടിച്ചുകൊണ്ടു കുഞ്ഞാടിന്റെ മുമ്പാകെ വീണു.

9 പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യന്‍ ; നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സര്‍വ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി;

10 ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവര്‍ ഭൂമിയില്‍ വാഴുന്നു എന്നൊരു പുതിയ പാട്ടു അവര്‍ പാടുന്നു.

11 പിന്നെ ഞാന്‍ ദര്‍ശനത്തില്‍ സിംഹാസനത്തിന്റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു.

12 അവര്‍ അത്യുച്ചത്തില്‍അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാന്‍ യോഗ്യന്‍ എന്നു പറഞ്ഞു.

13 സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതു ഒക്കെയുംസിംഹാസനത്തില്‍ ഇരിക്കുന്നവന്നു കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാന്‍ കേട്ടു.

14 നാലു ജീവികളുംആമേന്‍ എന്നു പറഞ്ഞു; മൂപ്പന്മാര്‍ വീണു നമസ്കരിച്ചു.

വെളിപ്പാടു 6

1 കുഞ്ഞാടു മുദ്രകളില്‍ ഒന്നു പൊട്ടിച്ചപ്പോള്‍നീ വരിക എന്നു നാലു ജീവികളില്‍ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാന്‍ കേട്ടു.

2 അപ്പോള്‍ ഞാന്‍ ഒരു വെള്ളകൂതിരയെ കണ്ടു; അതിന്മേല്‍ ഇരിക്കുന്നവന്റെ കയ്യില്‍ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവന്‍ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു.

3 അവന്‍ രണ്ടാം മുദ്ര പൊട്ടിച്ചപ്പോള്‍വരിക എന്നു രണ്ടാം ജീവി പറയുന്നതു ഞാന്‍ കേട്ടു.

4 അപ്പോള്‍ ചുവന്നതായ മറ്റൊരു കുതിര പുറപ്പെട്ടു; അതിന്റെ പുറത്തു ഇരിക്കുന്നവന്നു മനുഷ്യര്‍ അന്യോന്യം കൊല്ലുവാന്‍ തക്കവണ്ണം ഭൂമിയില്‍ നിന്നു സമാധാനം എടുത്തുകളയേണ്ടതിന്നു അധികാരം ലഭിച്ചു; ഒരു വലിയ വാളും അവന്നു കിട്ടി.

6 ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം; എന്നാല്‍ എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു എന്നു നാലു ജീവികളുടെയും നടുവില്‍ നിന്നു ഒരു ശബ്ദം ഞാന്‍ കേട്ടു.

7 നാലാം മുദ്ര പൊട്ടിച്ചപ്പോള്‍വരിക എന്നു നാലാം ജീവി പറയുന്നതു ഞാന്‍ കേട്ടു.

8 അപ്പോള്‍ ഞാന്‍ മഞ്ഞനിറമുള്ളോരു കുതിരയെ കണ്ടു; അതിന്മേല്‍ ഇരിക്കുന്നവന്നു മരണം എന്നു പേര്‍; പാതാളം അവനെ പിന്തുടര്‍ന്നു; അവര്‍ക്കും വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളവാന്‍ ഭൂമിയുടെ കാലംശത്തിന്മേല്‍ അധികാരം ലഭിച്ചു.

9 അവന്‍ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോള്‍ദൈവവചനം നിമിത്തവും തങ്ങള്‍ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാന്‍ യാഗപീഠത്തിങ്കീഴില്‍ കണ്ടു;

10 വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയില്‍ വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവര്‍ ഉറക്കെ നിലവിളിച്ചു.

11 അപ്പോള്‍ അവരില്‍ ഔരോരുത്തന്നും വെള്ളനിലയങ്കി കൊടുത്തു; അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാര്‍ക്കേണം എന്നു അവര്‍ക്കും അരുളപ്പാടുണ്ടായി.

12 ആറാം മുദ്ര പൊട്ടിച്ചപ്പോള്‍ വലിയോരു ഭൂകമ്പം ഉണ്ടായി; സൂര്യന്‍ കരിമ്പടംപോലെ കറുത്തു; ചന്ദ്രന്‍ മുഴുവനും രക്തതുല്യമായിത്തീര്‍ന്നു.

13 അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിര്‍ക്കുംമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങള്‍ ഭൂമിയില്‍ വീണു.

14 പുസ്തകച്ചുരുള്‍ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാമലയും ദ്വീപും സ്വസ്ഥാനത്തുനിന്നു ഇളകിപ്പോയി.

15 ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധീപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും;

16 ഞങ്ങളുടെ മേല്‍ വീഴുവിന്‍ ; സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിന്‍ .

17 അവരുടെ മഹാകോപദിവസം വന്നു; ആര്‍ക്കും നില്പാന്‍ കഴിയും എന്നു പറഞ്ഞു.

വെളിപ്പാടു 7

1 അതിന്റെശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും കാറ്റു ഊതാതിരിക്കേണ്ടതിന്നു നാലു ദൂതന്മാര്‍ ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു കോണിലും നിലക്കുന്നതു ഞാന്‍ കണ്ടു.

2 മറ്റൊരു ദൂതന്‍ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവന്‍ ഭൂമിക്കും സമുദ്രത്തിന്നും കേടുവരുത്തുവാന്‍ അധികാരം ലഭിച്ച നാലു ദൂതന്മാരോടു

3 നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയില്‍ ഞങ്ങള്‍ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമൂദ്രത്തിന്നും വൃക്ഷങ്ങള്‍ക്കും കേടുവരുത്തരുതു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.

4 മുദ്രയേറ്റവരുടെ എണ്ണവും ഞാന്‍ കേട്ടു; യിസ്രായേല്‍മക്കളുടെ സകല ഗോത്രത്തിലും നിന്നു മുദ്രയേറ്റവര്‍ നൂറ്റിനാല്പത്തിനാലായിരം പേര്‍.

5 യെഹൂദാഗോത്രത്തില്‍ മുദ്രയേറ്റവര്‍ പന്തീരായിരം; രൂബേന്‍ ഗോത്രത്തില്‍ പന്തീരായിരം; ഗാദ് ഗോത്രത്തില്‍ പന്തീരായിരം;

6 ആശേര്‍ഗോത്രത്തില്‍ പന്തീരായിരം; നപ്താലിഗോത്രത്തില്‍ പന്തീരായിരം; മനശ്ശെഗോത്രത്തില്‍ പന്തീരായിരം;

7 ശിമെയോന്‍ ഗോത്രത്തില്‍ പന്തീരായിരം; യിസ്സാഖാര്‍ഗോത്രത്തില്‍ പന്തീരായിരം;

8 സെബൂലോന്‍ ഗോത്രത്തില്‍ പന്തീരായിരം; യോസേഫ് ഗോത്രത്തില്‍ പന്തീരായിരം; ബെന്യാമീന്‍ ഗോത്രത്തില്‍ മുദ്രയേറ്റവര്‍ പന്തിരായിരം പേര്‍.

9 ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആര്‍ക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യില്‍ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നിലക്കുന്നതു ഞാന്‍ കണ്ടു.

10 രക്ഷ എന്നുള്ളതു സിംഹാസനത്തില്‍ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവര്‍ അത്യുച്ചത്തില്‍ ആര്‍ത്തുകൊണ്ടിരുന്നു.

11 സകലദൂതന്മാരും സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്റെ മുമ്പില്‍ കവിണ്ണു വീണു; ആമേന്‍ ;

12 നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേന്‍ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു.

13 മൂപ്പന്മാരില്‍ ഒരുത്തന്‍ എന്നോടുവെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവര്‍ ആര്‍? എവിടെ നിന്നു വന്നു എന്നു ചോദിച്ചു.

14 യജമാനന്‍ അറിയുമല്ലോ എന്നു ഞാന്‍ പറഞ്ഞതിന്നു അവന്‍ എന്നോടു പറഞ്ഞതുഇവര്‍ മഹാകഷ്ടത്തില്‍നിന്നു വന്നവര്‍; കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.

15 അതുകൊണ്ടു അവര്‍ ദൈവത്തിന്റെ സിംഹാസനത്തിന്‍ മുമ്പില്‍ ഇരുന്നു അവന്റെ ആലയത്തില്‍ രാപ്പകല്‍ അവനെ ആരാധിക്കുന്നു; സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ അവര്‍ക്കും കൂടാരം ആയിരിക്കും.

16 ഇനി അവര്‍ക്കും വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേല്‍ തട്ടുകയുമില്ല.

17 സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താന്‍ അവരുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ എല്ലാം തുടെച്ചുകളകയും ചെയ്യും.

വെളിപ്പാടു 8

1 അവന്‍ ഏഴാം മുദ്രപൊട്ടിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ഏകദേശം അര മണിക്ക്കുറോളം മൌനത ഉണ്ടായി.

2 അപ്പോള്‍ ദൈവസന്നിധിയില്‍ ഏഴു ദൂതന്മാര്‍ നിലക്കുന്നതു ഞാന്‍ കണ്ടു; അവര്‍ക്കും ഏഴു കാഹളം ലഭിച്ചു.

3 മറ്റൊരു ദൂതന്‍ ഒരു സ്വര്‍ണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിന്നരികെ നിന്നു. സീംഹാസനത്തിന്‍ മുമ്പിലുള്ള സ്വര്‍ണ്ണപീഠത്തിന്‍ മേല്‍ സകലവിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനയോടു ചേര്‍ക്കേണ്ടതിന്നു വളരെ ധൂപവര്‍ഗ്ഗം അവന്നു കൊടുത്തു.

4 ധൂപവര്‍ഗ്ഗത്തിന്റെ പൂക വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനയോടുകൂടെ ദൂതന്റെ കയ്യില്‍നിന്നു ദൈവസന്നിധിയിലേക്കു കയറി.

5 ദൂതന്‍ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനല്‍ നിറെച്ചു ഭൂമിയിലേക്കു എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.

6 ഏഴു കാഹളമുള്ള ദൂതന്മാര്‍ ഏഴുവരും കാഹളം ഊതുവാന്‍ ഒരുങ്ങിനിന്നു.

7 ഒന്നാമത്തവന്‍ ഊതി; അപ്പോള്‍ രക്തം കലര്‍ന്ന കല്മഴയും തീയും ഭൂമിമേല്‍ ചൊരിഞ്ഞിട്ടു ഭൂമിയില്‍ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളില്‍ മൂന്നിലൊന്നു വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി.

8 രണ്ടാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ തീ കത്തുന്ന വന്‍ മലപോലെയൊന്നു സമുദ്രത്തിലേക്കു എറിഞ്ഞിട്ടു കടലില്‍ മൂന്നിലൊന്നു രക്തമായിത്തീര്‍ന്നു.

9 സമുദ്രത്തില്‍ പ്രാണനുള്ള സൃഷ്ടികളില്‍ മൂന്നിലൊന്നു ചത്തുപോയി; കപ്പലുകളിലും മൂന്നിലൊന്നു ചേതം വന്നു.

10 മൂന്നാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ ദീപം പോലെ ജ്വലിക്കുന്ന ഒരു മഹാ നക്ഷത്രം ആകാശത്തുനിന്നു വീണു; നദികളില്‍ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണതു.

11 ആ നക്ഷത്രത്തിന്നു കാഞ്ഞിരം എന്നു പേര്‍; വെള്ളത്തില്‍ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കൈപ്പായതിനാല്‍ മനുഷ്യരില്‍ പലരും മരിച്ചുപോയി.

12 നാലാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ സൂര്യനില്‍ മൂന്നിലൊന്നിനും ചന്ദ്രനില്‍ മൂന്നിലൊന്നിന്നും നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിന്നും ബാധ തട്ടി; അവയില്‍ മൂന്നിലൊന്നു ഇരുണ്ടുപോയി രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി.

13 അനന്തരം ഒരു കഴുകുഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികള്‍ക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ടു ആകാശമദ്ധ്യേ പറക്കുന്നതു ഞാന്‍ കാണ്‍കയും കേള്‍ക്കയും ചെയ്തു.

വെളിപ്പാടു 9:1-11

1 അഞ്ചാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയില്‍ വീണുകിടക്കുന്നതു ഞാന്‍ കണ്ടു; അവന്നു അഗാധകൂപത്തിന്റെ താക്കോല്‍ ലഭിച്ചു.

2 അവന്‍ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചൂളയിലെ പുകപോലെ കൂപത്തില്‍നിന്നു പുകപൊങ്ങി; കൂപത്തിന്റെ പുകയാല്‍ സൂര്യനും ആകാശവും ഇരുണ്ടുപോയി.

3 പുകയില്‍നിന്നു വെട്ടുക്കിളി ഭൂമിയില്‍ പുറപ്പെട്ടു അതിന്നു ഭൂമിയിലെ തേളിന്നുള്ള ശക്തി ലഭിച്ചു.

4 നെറ്റിയില്‍ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യര്‍ക്കല്ലാതെ ഭൂമിയിലെ പുല്ലിന്നും പച്ചയായതൊന്നിന്നും യാതൊരു വൃക്ഷത്തിന്നും കേടുവരുത്തരുതു എന്നു അതിന്നു കല്പന ഉണ്ടായി.

5 അവരെ കൊല്ലുവാനല്ല, അഞ്ചുമാസം ദണ്ഡിപ്പിപ്പാനത്രേ അതിന്നു അധികാരം ലഭിച്ചതു; അവരുടെ വേദന, തേള്‍ മനുഷ്യനെ കുത്തുമ്പോള്‍ ഉള്ള വേദനപോലെ തന്നേ.

6 ആ കാലത്തു മനുഷ്യര്‍ മരണം അന്വേഷിക്കും; കാണ്‍കയില്ലതാനും; മരിപ്പാന്‍ കൊതിക്കും; മരണം അവരെ വിട്ടു ഔടിപ്പോകും.

7 വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിന്നു ചമയിച്ച കുതിരെക്കു സമം; തലയില്‍ പൊന്‍ കിരീടം ഉള്ളതുപോലെയും മുഖം മാനുഷമുഖംപോലെയും ആയിരുന്നു.

8 സ്ത്രീകളുടെ മുടിപോലെ അതിന്നു മുടി ഉണ്ടു; പല്ലു സിംഹത്തിന്റെ പല്ലുപോലെ ആയിരുന്നു.

9 ഇരിമ്പുകവചംപോലെ കവചം ഉണ്ടു; ചിറകിന്റെ ഒച്ച പടെക്കു ഔടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ചപോലെ ആയിരുന്നു.

10 തേളിന്നുള്ളതുപോലെ വാലും വിഷമുള്ളും ഉണ്ടു; മനുഷ്യരെ അഞ്ചുമാസം ഉപദ്രവിപ്പാന്‍ അതിന്നുള്ള ശക്തി വാലില്‍ ആയിരുന്നു.

11 അഗാധദൂതന്‍ അതിന്നു രാജാവായിരുന്നു; അവന്നു എബ്രായഭാഷയില്‍ അബദ്ദോന്‍ എന്നും യവനഭാഷയില്‍ അപ്പൊല്ലുവോന്‍ എന്നും പേര്‍.