ഘട്ടം 85

പഠനം

     

ശമൂവേൽ 1 14:43-52

43 ശൌല്‍ യോനാഥാനോടുനീ എന്തു ചെയ്തു? എന്നോടു പറക എന്നു പറഞ്ഞു. യോനാഥാന്‍ അവനോടുഞാന്‍ എന്റെ വടിയുടെ അറ്റംകൊണ്ടു അല്പം തേന്‍ ആസ്വദിച്ചതേയുള്ളു; അതുകൊണ്ടു ഇതാ, ഞാന്‍ മരിക്കേണ്ടിവന്നിരിക്കുന്നു എന്നു പറഞ്ഞു.

44 അതിന്നു ശൌല്‍ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ യോനാഥാനേ, നീ മരിക്കേണം എന്നു ഉത്തരം പറഞ്ഞു.

45 എന്നാല്‍ ജനം ശൌലിനോടുയിസ്രായേലില്‍ ഈ മഹാരക്ഷ പ്രവര്‍ത്തിച്ചിരിക്കുന്ന യോനാഥാന്‍ മരിക്കേണമോ? ഒരിക്കലും അരുതു; യഹോവയാണ, അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവന്‍ ഇന്നു ദൈവത്തോടുകൂടെയല്ലോ പ്രവര്‍ത്തിച്ചിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ വീണ്ടെടുത്തു; അവന്‍ മരിക്കേണ്ടിവന്നതുമില്ല.

46 ശൌല്‍ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങിപ്പോയി; ഫെലിസ്ത്യരും തങ്ങളുടെ സ്ഥലത്തേക്കു പോയി.

47 ശൌല്‍ യിസ്രായേലില്‍ രാജത്വം ഏറ്റശേഷം മോവാബ്യര്‍, അമ്മോന്യര്‍, എദോമ്യര്‍, സോബാരാജാക്കന്മാര്‍, ഫെലിസ്ത്യര്‍ എന്നിങ്ങനെ ചുറ്റുമുള്ള സകലജാതികളോടും യുദ്ധംചെയ്തു; അവന്‍ ചെന്നേടത്തൊക്കെയും ജയംപ്രാപിച്ചു.

48 അവന്‍ ശൌര്യം പ്രവര്‍ത്തിച്ചു അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവര്‍ച്ചക്കാരുടെ കയ്യില്‍നിന്നു വിടുവിക്കയും ചെയ്തു.

49 എന്നാല്‍ ശൌലിന്റെ പുത്രന്മാര്‍ യോനാഥാന്‍ , യിശ്വി, മല്‍ക്കീശുവ എന്നിവര്‍ ആയിരുന്നു; അവന്റെ രണ്ടു പുത്രിമാര്‍ക്കോ, മൂത്തവള്‍ക്കു മേരബ് എന്നും ഇളയവള്‍ക്കു മീഖാള്‍ എന്നും പേരായിരുന്നു.

50 ശൌലിന്റെ ഭാര്യെക്കു അഹീനോവം എന്നു പേര്‍ ആയിരുന്നു; അവള്‍ അഹീമാസിന്റെ മകള്‍. അവന്റെ സേനാധിപതിക്കു അബ്നേര്‍ എന്നു പേര്‍; അവന്‍ ശൌലിന്റെ ഇളയപ്പനായ നേരിന്റെ മകന്‍ ആയിരുന്നു.

51 ശൌലിന്റെ അപ്പനായ കീശും അബ്നേരിന്റെ അപ്പനായ നേരും അബീയേലിന്റെ മക്കള്‍ ആയിരുന്നു.

52 ശൌലിന്റെ കാലത്തൊക്കെയും ഫെലിസ്ത്യരോടു കഠിനയുദ്ധം ഉണ്ടായിരുന്നു; എന്നാല്‍ ശൌല്‍ യാതൊരു വീരനെയോ ശൂരനെയോ കണ്ടാല്‍ അവനെ തന്റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും.

ശമൂവേൽ 1 15

1 അനന്തരം ശമൂവേല്‍ ശൌലിനോടു പറഞ്ഞതെന്തെന്നാല്‍യഹോവ നിന്നെ തന്റെ ജനമായ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകംചെയ്‍വാന്‍ എന്നെ നിയോഗിച്ചുവല്ലോ; അതുകൊണ്ടു ഇപ്പോള്‍ യഹോവയുടെ വചനങ്ങളെ കേട്ടുകൊള്‍ക.

2 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടുവരുമ്പോള്‍ വഴിയില്‍വെച്ചു അമാലേക്‍ അവരെ ആക്രമിച്ചു അവരോടു ചെയ്തതിനെ ഞാന്‍ കുറിച്ചുവെച്ചിരിക്കുന്നു.

3 ആകയാല്‍ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവര്‍ക്കുംള്ളതൊക്കെയും നിര്‍മ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക.

4 എന്നാറെ ശൌല്‍ ജനത്തെ ഒന്നിച്ചുകൂട്ടി തെലായീമില്‍ വെച്ചു അവരെ എണ്ണി; യെഹൂദാഗോത്രക്കാരായ പതിനായിരം പേര്‍ ഒഴികെ രണ്ടുലക്ഷം കാലാള്‍ ഉണ്ടായിരുന്നു.

5 പിന്നെ ശൌല്‍ അമാലേക്യരുടെ പ്രധാന നഗരംവരെ ചെന്നു തോട്ടിന്നരികെ പതിയിരിപ്പാക്കി.

6 എന്നാല്‍ ശൌല്‍ കേന്യരോടുഞാന്‍ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവരുടെ ഇടയില്‍നിന്നു പുറപ്പെട്ടുപോകുവിന്‍ ; യിസ്രായേല്‍ മക്കള്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടുവന്നപ്പോള്‍ നിങ്ങള്‍ അവര്‍ക്കും ദയചെയ്തുവല്ലോ എന്നു പറഞ്ഞു. അങ്ങനെ കേന്യര്‍ അമാലേക്യരുടെ ഇടയില്‍നിന്നു പുറപ്പെട്ടുപോയി.

7 പിന്നെ ശൌല്‍ ഹവീലാമുതല്‍ മിസ്രയീമിന്നു കിഴക്കുള്ള ശൂര്‍വരെ അമാലേക്യരെ സംഹരിച്ചു.

8 അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിച്ചു, ജനങ്ങളെ ഒക്കെയും വാളിന്റെ വായ്ത്തലയാല്‍ നിര്‍മ്മൂലമാക്കി.

9 എന്നാല്‍ ശൌലും ജനവും ആഗാഗിനെയും ആടു, മാടു, തടിച്ചമൃഗം എന്നിവയില്‍ മേത്തരമായവയെയും കുഞ്ഞാടുകളെയും ഉത്തമമായവയെ ഒക്കെയും നിര്‍മ്മൂലമാക്കുവാന്‍ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; ഹീനവും നിസ്സാരവുമായവയെ ഒക്കെയും അവര്‍ നിര്‍മ്മൂലമാക്കിക്കളഞ്ഞു.

10 അപ്പോള്‍ യഹോവയുടെ അരുളപ്പാടു ശമൂവേലിന്നുണ്ടായതു എന്തെന്നാല്‍

11 ഞാന്‍ ശൌലിനെ രാജാവായി വാഴിച്ചതിനാല്‍ എനിക്കു മനസ്താപമായിരിക്കുന്നു; അവന്‍ എന്നെ വിട്ടുമാറിയിരിക്കുന്നു; എന്റെ കല്പനകളെ നിവൃത്തിച്ചതുമില്ല. ഇതിങ്കല്‍ ശമൂവേലിന്നു വ്യസനമായി; അവന്‍ രാത്രി മുഴുവനും യഹോവയോടു നിലവിളിച്ചു.

12 ശമൂവേല്‍ ശൌലിനെ എതിരേല്പാന്‍ അതികാലത്തു എഴുന്നേറ്റപ്പോള്‍ ശൌല്‍ കര്‍മ്മേലില്‍ എത്തിയെന്നും ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിച്ചു തിരിഞ്ഞു ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന്നു അറിവുകിട്ടി.

13 പിന്നെ ശമൂവേല്‍ ശൌലിന്റെ അടുക്കല്‍ എത്തിയപ്പോള്‍ ശൌല്‍ അവനോടുയഹോവയാല്‍ നീ അനുഗ്രഹിക്കപ്പെട്ടവന്‍ ; ഞാന്‍ യഹോവയുടെ കല്പന നിവര്‍ത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു.

14 അതിന്നു ശമൂവേല്‍എന്റെ ചെവിയില്‍ എത്തുന്ന ആടുകളുടെ ഈ കരച്ചലും ഞാന്‍ കേള്‍ക്കുന്ന കാളകളുടെ മുക്കുറയും എന്തു എന്നു ചോദിച്ചു.

15 അവയെ അമാലേക്യരുടെ പക്കല്‍നിന്നു അവര്‍ കൊണ്ടുവന്നതാകുന്നു; ജനം ആടുകളിലും കാളകളിലും മേത്തരമായവയെ നിന്റെ ദൈവമായ യഹോവേക്കു യാഗംകഴിപ്പാന്‍ ജീവനോടെ സൂക്ഷിച്ചു; ശേഷമുള്ളവയെ ഞങ്ങള്‍ നിര്‍മ്മൂലമാക്കിക്കളഞ്ഞു എന്നു ശൌല്‍ പറഞ്ഞു.

16 ശമൂവേല്‍ ശൌലിനോടുനില്‍ക്ക; യഹോവ ഈ കഴിഞ്ഞ രാത്രി എന്നോടു അരുളിച്ചെയ്തതു ഞാന്‍ നിന്നെ അറിയിക്കും എന്നു പറഞ്ഞു. അവന്‍ അവനോടുപറഞ്ഞാലും എന്നു പറഞ്ഞു.

17 അപ്പോള്‍ ശമൂവേല്‍ പറഞ്ഞതുനിന്റെ സ്വന്തകാഴ്ചയില്‍ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേല്‍ ഗോത്രങ്ങള്‍ക്കു തലവനാക്കുകയും യിസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം കഴിക്കയും ചെയ്തില്ലയോ?

18 പിന്നെ യഹോവ നിന്നെ ഒരു വഴിക്കു അയച്ചുനീ ചെന്നു അമാലേക്യരായ പാപികളെ നിര്‍മ്മൂലമാക്കുകയും അവര്‍ നശിക്കുംവരെ അവരോടു പൊരുതുകയും ചെയ്ക എന്നു കല്പിച്ചു.

19 അങ്ങനെയിരിക്കെ നീ യഹോവയുടെ കല്പന അനുസരിക്കാതെ കൊള്ളെക്കു ചാടി യഹോവേക്കു അനിഷ്ടമായതു ചെയ്തതെന്തു?

20 ശൌല്‍ ശമൂവേലിനോടുഞാന്‍ യഹോവയുടെ കല്പന അനുസരിച്ചു യഹോവ എന്നെ അയച്ചവഴിക്കു പോയി അമാലേക്രാജാവായ ആഗാഗിനെ കൊണ്ടുവന്നു അമാലേക്യരെ നിര്‍മ്മൂലമാക്കിക്കളഞ്ഞു.

21 എന്നാല്‍ ജനം ശപഥാര്‍പ്പിതവസ്തുക്കളില്‍ വിശേഷമായ ആടുമാടുകളെ കൊള്ളയില്‍നിന്നു എടുത്തു ഗില്ഗാലില്‍ നിന്റെ ദൈവമായ യഹോവേക്കു യാഗം കഴിപ്പാന്‍ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു.

22 ശമൂവേല്‍ പറഞ്ഞതുയഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവേക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു.

23 മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു അവന്‍ നിന്നെയും രാജസ്ഥാനത്തില്‍നിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.

24 ശൌല്‍ ശമൂവേലിനോടുഞാന്‍ ജനത്തെ ഭയപ്പെട്ടു അവരുടെ വാക്കു അനുസരിച്ചതിനാല്‍ യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ചു പാപം ചെയ്തിരിക്കുന്നു.

25 എങ്കിലും എന്റെ പാപം ക്ഷമിച്ചു ഞാന്‍ യഹോവയെ നമസ്കരിക്കേണ്ടതിന്നു എന്നോടുകൂടെ പോരേണമേ എന്നു പറഞ്ഞു.

26 ശമൂവേല്‍ ശൌലിനോടുഞാന്‍ പോരികയില്ല; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു യഹോവ നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.

27 പിന്നെ ശമൂവേല്‍ പോകുവാന്‍ തിരിഞ്ഞപ്പോള്‍ അവന്‍ അവന്റെ നിലയങ്കിയുടെ വിളുമ്പു പിടിച്ചു വലിച്ചു; അതു കീറിപ്പോയി.

28 ശമൂവേല്‍ അവനോടുയഹോവ ഇന്നു യിസ്രായേലിന്റെ രാജത്വം നിങ്കല്‍ നിന്നു കീറി നിന്നെക്കാള്‍ ഉത്തമനായ നിന്റെ കൂട്ടുകാരന്നു കൊടുത്തിരിക്കുന്നു.

29 യിസ്രായേലിന്റെ മഹത്വമായവന്‍ ഭോഷകു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യനല്ല എന്നു പറഞ്ഞു.

30 അപ്പോള്‍ അവന്‍ ഞാന്‍ പാപം ചെയ്തിരിക്കുന്നു; എങ്കിലും ജനത്തിന്റെ മൂപ്പന്മാരുടെയും യിസ്രായേലിന്റെയും മുമ്പാകെ ഇപ്പോള്‍ എന്നെ മാനിച്ചു, ഞാന്‍ നിന്റെ ദൈവമായ യഹോവയെ നമസ്കരിക്കേണ്ടതിന്നു എന്നോടു കൂടെ പോരേണമേ എന്നു അപേക്ഷിച്ചു.

31 അങ്ങനെ ശമൂവേല്‍ ശൌലിന്റെ പിന്നാലെ ചെന്നു; ശൌല്‍ യഹോവയെ നമസ്കരിച്ചു.

32 അനന്തരം ശമൂവേല്‍അമാലേക്രാജാവായ ആഗാഗിനെ ഇവിടെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു കല്പിച്ചു. ആഗാഗ് സന്തോഷഭാവത്തോടെ അവന്റെ അടുക്കല്‍ വന്നുമരണഭീതി നീങ്ങപ്പോയി എന്നു ആഗാഗ് പറഞ്ഞു.

33 നിന്റെ വാള്‍ സ്ത്രീകളെ മക്കളില്ലാത്തവരാക്കിയതുപോലെ നിന്റെ അമ്മയും സ്ത്രീകളുടെ ഇടയില്‍ മക്കളില്ലാത്തവളാകും എന്നു ശമൂവേല്‍ പറഞ്ഞു, ഗില്ഗാലില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ ആഗാഗിനെ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു.

34 പിന്നെ ശമൂവേല്‍ രാമയിലേക്കു പോയി; ശൌലും ശൌലിന്റെ ഗിബെയയില്‍ അരമനയിലേക്കു പോയി.

35 ശമൂവേല്‍ ജീവപര്യന്തം ശൌലിനെ പിന്നെ കണ്ടില്ല; എങ്കിലും ശമൂവേല്‍ ശൌലിനെക്കുറിച്ചു ദുഃഖിച്ചു; യഹോവയും താന്‍ ശൌലിനെ യിസ്രായേലിന്നു രാജാവാക്കിയതുകൊണ്ടു അനുതപിച്ചു.

ശമൂവേൽ 1 16

1 അനന്തരം യഹോവ ശമൂവേലിനോടുയിസ്രായേലിലെ രാജസ്ഥാനത്തില്‍നിന്നു ഞാന്‍ ശൌലിനെ തള്ളിയെന്നറിഞ്ഞിരിക്കെ നീ അവനെക്കുറിച്ചു എത്രത്തോളം ദുഃഖിക്കും? കൊമ്പില്‍ തൈലം നിറെച്ചു പുറപ്പെടുക; ഞാന്‍ നിന്നെ ബേത്ത്ളേഹെമ്യനായ യിശ്ശായിയുടെ അടുക്കല്‍ അയക്കും; അവന്റെ മക്കളില്‍ ഞാന്‍ ഒരു രാജാവിനെ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.

2 അതിന്നു ശമൂവേല്‍ഞാന്‍ എങ്ങനെ പോകും? ശൌല്‍ കേട്ടാല്‍ എന്നെ കൊല്ലും എന്നു പറഞ്ഞു. എന്നാറെ യഹോവനീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്നുഞാന്‍ യഹോവേക്കു യാഗം കഴിപ്പാന്‍ വന്നിരിക്കുന്നു എന്നു പറക.

3 യിശ്ശായിയെയും യാഗത്തിന്നു ക്ഷണിക്ക; നീ ചെയ്യേണ്ടതു എന്തെന്നു ഞാന്‍ അന്നേരം നിന്നോടു അറിയിക്കും; ഞാന്‍ പറഞ്ഞുതരുന്നവനെ നീ എനിക്കായിട്ടു അഭിഷേകം ചെയ്യേണം.

4 യഹോവ കല്പിച്ചതുപോലെ ശമൂവേല്‍ ചെയ്തു, ബേത്ത്ളേഹെമില്‍ ചെന്നു; പട്ടണത്തിലെ മൂപ്പന്മാര്‍ അവന്റെ വരവിങ്കല്‍ വിറെച്ചുകൊണ്ടു അവനെ എതിരേറ്റുനിന്റെ വരവു ശുഭം തന്നേയോ എന്നു ചോദിച്ചു.

5 അതിന്നു അവന്‍ ശുഭം തന്നേ; ഞാന്‍ യഹോവേക്കു യാഗം കഴിപ്പാന്‍ വന്നിരിക്കുന്നു; നിങ്ങളെ തന്നേ ശുദ്ധീകരിച്ചു എന്നോടുകൂടെ യാഗത്തിന്നു വരുവിന്‍ എന്നു പറഞ്ഞു. അവന്‍ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ചു അവരെയും യാഗത്തിന്നു ക്ഷണിച്ചു.

6 അവര്‍ വന്നപ്പോള്‍ അവന്‍ എലീയാബിനെ കണ്ടിട്ടുയഹോവയുടെ മുമ്പാകെ അവന്റെ അഭിഷിക്തന്‍ ഇതാ എന്നു പറഞ്ഞു.

7 യഹോവ ശമൂവേലിനോടുഅവന്റെ മുഖമോ പൊക്കമോ നോക്കരുതു; ഞാന്‍ അവനെ തള്ളിയിരിക്കുന്നു. മുനഷ്യന്‍ നോക്കുന്നതുപോലെയല്ല; മനുഷ്യന്‍ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു.

8 പിന്നെ യിശ്ശായി അബീനാദാബിനെ വിളിച്ചു ശമൂവേലിന്റെ മുമ്പില്‍ വരുത്തി; എന്നാറെ അവന്‍ യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു.

9 പിന്നെ യിശ്ശായി ശമ്മയെയും വരുത്തി. ഇവനെയും യഹോവ തിരഞ്ഞെടുത്തിട്ടില്ല എന്നു അവന്‍ പറഞ്ഞു.

10 അങ്ങനെ യിശ്ശായി ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പില്‍ വരുത്തി; എന്നാല്‍ ശമൂവേല്‍ യിശ്ശായിയോടുയഹോവ ഇവരെ തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു.

11 നിന്റെ പുത്രന്മാര്‍ എല്ലാവരുമായോ എന്നു ശമൂവേല്‍ ചോദിച്ചതിന്നു അവന്‍ ഇനി, ഉള്ളതില്‍ ഇളയവന്‍ ഉണ്ടു; അവന്‍ ആടുകളെ മേയ്ക്കയാകുന്നു എന്നു പറഞ്ഞു. ശമൂവേല്‍ യിശ്ശായിയോടുആളയച്ചു അവനെ വരുത്തുക; അവന്‍ വന്നിട്ടല്ലാതെ നാം പന്തിക്കിരിക്കയില്ല എന്നു പറഞ്ഞു.

12 ഉടനെ അവന്‍ ആളയച്ചു അവനെ വരുത്തി; എന്നാല്‍ അവന്‍ പവിഴനിറമുള്ളവനും സുനേത്രനും കോമളരൂപിയും ആയിരുന്നു. അപ്പോള്‍ യഹോവഎഴുന്നേറ്റു ഇവനെ അഭിഷേകം ചെയ്ക; ഇവന്‍ തന്നേ ആകുന്നു എന്നു കല്പിച്ചു.

13 അങ്ങനെ ശമൂവേല്‍ തൈലക്കൊമ്പു എടുത്തു അവന്റെ സഹോദരന്മാരുടെ നടുവില്‍ വെച്ചു അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവു അന്നുമുതല്‍ ദാവീദിന്മേല്‍ വന്നു. ശമൂവേല്‍ എഴുന്നേറ്റു രാമയിലേക്കു പോയി.

14 എന്നാല്‍ യഹോവയുടെ ആത്മാവു ശൌലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു.

15 അപ്പോള്‍ ശൌലിന്റെ ഭൃത്യന്മാര്‍ അവനോടുദൈവം അയച്ച ഒരു ദൂരാത്മാവു നിന്നെ ബാധിക്കുന്നുവല്ലോ.

16 ആകയാല്‍ കിന്നരവായനയില്‍ നിപുണനായ ഒരുത്തനെ അന്വേഷിപ്പാന്‍ തിരുമനസ്സുകൊണ്ടു അടിയങ്ങള്‍ക്കു കല്പന തരേണം; എന്നാല്‍ ദൈവത്തിങ്കല്‍ നിന്നു ദുരാത്മാവു തിരുമേനിമേല്‍ വരുമ്പോള്‍ അവന്‍ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു.

17 ശൌല്‍ തന്റെ ഭൃത്യന്മാരോടുകിന്നരവായനയില്‍ നിപുണനായ ഒരുത്തനെ അന്വേഷിച്ചുകൊണ്ടുവരുവിന്‍ എന്നു കല്പിച്ചു.

18 ബാല്യക്കാരില്‍ ഒരുത്തന്‍ ബേത്ത്ളേഹെമ്യനായ യിശ്ശായിയുടെ ഒരു മകനെ ഞാന്‍ കണ്ടിട്ടുണ്ടു; അവന്‍ കിന്നരവായനയില്‍ നിപുണനും പരാക്രമശാലിയും യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവയും അവനോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.

19 എന്നാറെ ശൌല്‍ യിശ്ശായിയുടെ അടുക്കല്‍ ദൂതന്മാരെ അയച്ചുആടുകളോടു കൂടെ ഇരിക്കുന്ന നിന്റെ മകന്‍ ദാവീദിനെ എന്റെ അടുക്കല്‍ അയക്കേണം എന്നു പറയിച്ചു.

20 യിശ്ശായി ഒരു കഴുതയെ വരുത്തി, അതിന്റെ പുറത്തു അപ്പം, ഒരു തുരുത്തി വീഞ്ഞു, ഒരു കോലാട്ടിന്‍ കുട്ടി എന്നിവ കയറ്റി തന്റെ മകന്‍ ദാവീദ്വശം ശൌലിന്നു കൊടുത്തയച്ചു.

21 ദാവീദ് ശൌലിന്റെ അടുക്കല്‍ ചെന്നു അവന്റെ മുമ്പാകെ നിന്നു; അവന്നു അവനോടു വളരെ സ്നേഹമായി; അവന്‍ അവന്റെ ആയുധവാഹകനായ്തീര്‍ന്നു.

22 ആകയാല്‍ ശൌല്‍ യിശ്ശായിയുടെ അടുക്കല്‍ ആളയച്ചുദാവീദിനോടു എനിക്കു ഇഷ്ടം തോന്നിയിരിക്കകൊണ്ടു അവന്‍ എന്റെ അടുക്കല്‍ താമസിക്കട്ടെ എന്നു പറയിച്ചു.

23 ദൈവത്തിന്റെ പക്കല്‍നിന്നു ദുരാത്മാവു ശൌലിന്മേല്‍ വരുമ്പോള്‍ ദാവീദ് കിന്നരം എടുത്തു വായിക്കും; ശൌലിന്നു ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവു അവനെ വിട്ടുമാറും.

ശമൂവേൽ 1 17:1-25

1 അനന്തരം ഫെലിസ്ത്യര്‍ സൈന്യങ്ങളെ യുദ്ധത്തിന്നു ഒന്നിച്ചുകൂട്ടി; അവന്‍ യെഹൂദെക്കുള്ള സോഖോവില്‍ ഒരുമിച്ചുകൂടി സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമില്‍ പാളയമിറങ്ങി.

2 ശൌലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്വരയില്‍ പാളയമിറങ്ങി ഫെലിസ്ത്യരോടു പടെക്കു അണിനിരത്തി;

3 ഫെലിസ്ത്യര്‍ ഇപ്പുറത്തു ഒരു മലഞ്ചരിവിലും യിസ്രായേല്യര്‍ അപ്പുറത്തു ഒരു മലഞ്ചരിവിലും നിന്നു; അവരുടെ മദ്ധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു.

4 അപ്പോള്‍ ഫെലിസ്ത്യരുടെ പാളയത്തില്‍നിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലന്‍ പുറപ്പെട്ടു; അവന്‍ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവന്‍ ആയിരുന്നു.

5 അവന്നു തലയില്‍ ഒരു താമ്രശിരസ്ത്രം ഉണ്ടായിരുന്നു; അവന്‍ അയ്യായിരം ശേക്കെല്‍ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു.

6 അവന്നു താമ്രംകൊണ്ടുള്ള കാല്‍ചട്ടയും ചുമലില്‍ താമ്രം കൊണ്ടുള്ള ഒരു വേലും ഉണ്ടായിരുന്നു.

7 അവന്റെ കുന്തത്തിന്റെ തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലകു അറുനൂറു ശേക്കെല്‍ ഇരിമ്പു ആയിരുന്നു; ഒരു പരിചക്കാരന്‍ അവന്റെ മുമ്പെ നടന്നു.

8 അവന്‍ നിന്നു യിസ്രായേല്‍ നിരകളോടു വിളിച്ചുപറഞ്ഞതുനിങ്ങള്‍ വന്നു പടെക്കു അണിനിരന്നിരിക്കുന്നതു എന്തിന്നു? ഞാന്‍ ഫെലിസ്ത്യനും നിങ്ങള്‍ ശൌലിന്റെ ചേവകരും അല്ലയോ? നിങ്ങള്‍ ഒരുത്തനെ തിരഞ്ഞെടുത്തുകൊള്‍വിന്‍ ; അവന്‍ എന്റെ അടുക്കല്‍ ഇറങ്ങിവരട്ടെ.

9 അവന്‍ എന്നോടു അങ്കം പൊരുതു എന്നെ കൊല്ലുവാന്‍ പ്രാപ്തനായാല്‍ ഞങ്ങള്‍ നിങ്ങള്‍ക്കു അടിമകള്‍ ആകാം; ഞാന്‍ അവനെ ജയിച്ചു കൊന്നാല്‍ നിങ്ങള്‍ ഞങ്ങള്‍ക്കു അടിമകളായി ഞങ്ങളെ സേവിക്കേണം.

10 ഫെലിസ്ത്യന്‍ പിന്നെയുംഞാന്‍ ഇന്നു യിസ്രായേല്‍ നിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങള്‍ തമ്മില്‍ അങ്കം പൊരുതേണ്ടതിന്നു ഒരുത്തനെ വിട്ടു തരുവിന്‍ എന്നു പറഞ്ഞു.

11 ഫെലിസ്ത്യന്റെ ഈ വാക്കുകള്‍ ശൌലും എല്ലായിസ്രായേല്യരും കേട്ടപ്പോള്‍ ഭ്രമിച്ചു ഏറ്റവും ഭയപ്പെട്ടു.

12 എന്നാല്‍ ദാവീദ് യെഹൂദയിലെ ബേത്ത്ളേഹെമില്‍ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്റെ മകന്‍ ആയിരുന്നു; യിശ്ശായിക്കു എട്ടു മക്കള്‍ ഉണ്ടായിരുന്നു; അവന്‍ ശൌലിന്റെ കാലത്തു വയസ്സുചെന്നു വൃദ്ധനായിരുന്നു.

13 യിശ്ശായിയുടെ മൂത്ത മക്കള്‍ മൂവരും പുറപ്പെട്ടു ശൌലിന്റെ കൂടെ യുദ്ധത്തിന്നു ചെന്നിരുന്നു. യുദ്ധത്തിന്നു പോയ മൂന്നു മക്കള്‍ ആദ്യജാതന്‍ ഏലീയാബും അവന്റെ അനുജന്‍ അബീനാദാബും മൂന്നാമത്തെവന്‍ ശമ്മയും ആയിരുന്നു.

14 ദാവീദോ എല്ലാവരിലും ഇളയവന്‍ ; മൂത്തവര്‍ മൂവരും ശൌലിന്റെ കൂടെ പോയിരുന്നു.

15 ദാവിദ് ശൌലിന്റെ അടുക്കല്‍ നിന്നു തന്റെ അപ്പന്റെ ആടുകളെ മേയിപ്പാന്‍ ബേത്ത്ളേഹെമില്‍ പോയിവരിക പതിവായിരുന്നു.

16 ആ ഫെലിസ്ത്യന്‍ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടു വന്നുനിന്നു.

17 യിശ്ശായി തന്റെ മകനായ ദാവീദിനോടു പറഞ്ഞതുഈ ഒരു പറ മലരും അപ്പം പത്തും എടുത്തു പാളയത്തില്‍ നിന്റെ സഹോദരന്മാരുടെ അടുക്കല്‍ വേഗം കൊണ്ടുചെന്നു കൊടുക്ക.

18 ഈ പാല്‍ക്കട്ട പത്തും സഹസ്രാധിപന്നു കൊടുക്ക; നിന്റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ചു ലക്ഷ്യവും വാങ്ങി വരിക.

19 ശൌലും അവരും യിസ്രായേല്യര്‍ ഒക്കെയും ഏലാതാഴ്വരയില്‍ ഫെലിസ്ത്യരോടു യുദ്ധം ചെയ്യുന്നുണ്ടു.

20 അങ്ങനെ ദാവീദ് അതികാലത്തു എഴുന്നേറ്റു ആടുകളെ കാവല്‍ക്കാരന്റെ പക്കല്‍ വിട്ടേച്ചു, യിശ്ശായി തന്നോടു കല്പിച്ചതൊക്കെയും എടുത്തുംകൊണ്ടു ചെന്നു കൈനിലയില്‍ എത്തിയപ്പോള്‍ സൈന്യം പടെക്കു ആര്‍ത്തുവിളിച്ചുകൊണ്ടു പുറപ്പെടുകയായിരുന്നു.

21 യിസ്രായേലും ഫെലിസ്ത്യരും നേര്‍ക്കുംനേരെ അണിനിരന്നുനിന്നു.

22 ദാവീദ് തന്റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്റെ പക്കല്‍ ഏല്പിച്ചുംവെച്ചു അണിയില്‍ ഔടിച്ചെന്നു തന്റെ സഹോദരന്മാരോടു കുശലം ചോദിച്ചു.

23 അവന്‍ അവരോടു സംസാരിച്ചുകൊണ്ടു നിലക്കുമ്പോള്‍ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലന്‍ ഫെലിസ്ത്യരുടെ നിരകളില്‍നിന്നു പുറപ്പെട്ടു വന്നു മുമ്പിലത്തെ വാക്കുകള്‍തന്നേ പറയുന്നതു ദാവീദ് കേട്ടു.

24 അവനെ കണ്ടപ്പോള്‍ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ടു അവന്റെ മുമ്പില്‍നിന്നു ഔടി.

25 എന്നാറെ യിസ്രായേല്യര്‍വന്നു നിലക്കുന്ന ഇവനെ കണ്ടുവോ? അവന്‍ യിസ്രായേലിനെ നിന്ദിപ്പാന്‍ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവു മഹാസമ്പന്നനാക്കുകയും തന്റെ മകളെ അവന്നു കൊടുക്കുകയും അവന്റെ പിതൃഭവനത്തിന്നു യിസ്രായേലില്‍ കരമൊഴിവു കല്പിച്ചുകൊടുക്കുകയും ചെയ്യും എന്നു പറഞ്ഞു.