Стъпка 287

Проучване

     

മത്തായി 14:13-36

13 അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകില്‍ കയറി നിര്‍ജ്ജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളില്‍ നിന്നു കാല്‍നടയായി അവന്റെ പിന്നാലെ ചെന്നു.

14 അവന്‍ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരില്‍ മനസ്സലിഞ്ഞു അവരുടെ രോഗികളെ സൌഖ്യമാക്കി.

15 വൈകുന്നേരമായപ്പോള്‍ ശിഷ്യന്മാര്‍ അവന്റെ അടുക്കല്‍ ചെന്നുഈ സ്ഥലം മരുഭൂമിയല്ലോ; നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളില്‍ പോയി ഭക്ഷണസാധനങ്ങള്‍ കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.

16 യേശു അവരോടു“അവര്‍ പോകുവാന്‍ ആവശ്യമില്ല; നിങ്ങള്‍ അവര്‍ക്കും ഭക്ഷിപ്പാന്‍ കൊടുപ്പിന്‍ ” എന്നു പറഞ്ഞു.

17 അവര്‍ അവനോടുഅഞ്ചു അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങള്‍ക്കു ഇവിടെ ഒന്നു ഇല്ല എന്നു പറഞ്ഞു.

18 “അതു ഇങ്ങുകൊണ്ടുവരുവിന്‍ ” എന്നു അവന്‍ പറഞ്ഞു.

19 പിന്നെ പുരുഷാരം പുല്ലിന്മേല്‍ ഇരിപ്പാന്‍ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വര്‍ഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാര്‍ പുരുഷാരത്തിന്നും കൊടുത്തു.

20 എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.

21 തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാര്‍ ആയിരുന്നു.

22 ഉടനെ യേശു താന്‍ പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയില്‍ ശിഷ്യന്മാര്‍ പടകില്‍ കയറി, തനിക്കുമുമ്പായി അക്കരെക്കു പേകുവാന്‍ അവരെ നിര്‍ബന്ധിച്ചു.

23 അവന്‍ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാര്‍ത്ഥിപ്പാന്‍ തനിയെ മലയില്‍ കയറിപ്പോയി; വൈകുന്നേരം ആയപ്പോള്‍ ഏകനായി അവിടെ ഇരുന്നു.

24 പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതിക്കുലമാകകൊണ്ടു തിരകളാല്‍ വലഞ്ഞിരുന്നു.

25 രാത്രിയിലെ നാലാം യാമത്തില്‍ അവന്‍ കടലിന്മേല്‍ നടന്നു അവരുടെ അടുക്കല്‍ വന്നു.

26 അവന്‍ കടലിന്മേല്‍ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാര്‍ ഭ്രമിച്ചുഅതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.

27 ഉടനെ യേശു അവരോടു“ധൈര്യപ്പെടുവിന്‍ ; ഞാന്‍ ആകുന്നു; പേടിക്കേണ്ടാ” എന്നു പറഞ്ഞു.

28 അതിന്നു പത്രൊസ്കര്‍ത്താവേ, നീ ആകുന്നു എങ്കില്‍ ഞാന്‍ വെള്ളത്തിന്മേല്‍ നിന്റെ അടുക്കെ വരേണ്ടതിന്നു കല്പിക്കേണം എന്നു പറഞ്ഞു.

29 “വരിക” എന്നു അവന്‍ പറഞ്ഞു. പത്രൊസ് പടകില്‍ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കല്‍ ചെല്ലുവാന്‍ വെള്ളത്തിന്മേല്‍ നടന്നു.

30 എന്നാല്‍ അവന്‍ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാല്‍കര്‍ത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.

31 യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു“അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു” എന്നു പറഞ്ഞു.

32 അവര്‍ പടകില്‍ കയറിയപ്പോള്‍ കാറ്റു അമര്‍ന്നു.

33 പടകിലുള്ളവര്‍നീ ദൈവപുത്രന്‍ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.

34 അവര്‍ അക്കരയെത്തി, ഗെന്നേസരെത്തു ദേശത്തു ചെന്നു.

35 അവിടത്തെ ജനങ്ങള്‍ അവന്‍ ആരെന്നു അറിഞ്ഞു ചുറ്റുമുള്ള നാട്ടില്‍ എല്ലാം ആളയച്ചു ദീനക്കാരെ ഒക്കെയും അവന്റെ അടുക്കല്‍ കൊണ്ടുവന്നു.

36 അവന്റെ വസ്ത്രത്തിന്റെ തൊങ്ങല്‍ മാത്രം തൊടുവാന്‍ അനുവാദം ചോദിച്ചു. തൊട്ടവര്‍ക്കും ഒക്കെയും സൌഖ്യം വന്നു.

മത്തായി 15

1 അനന്തരം യെരൂശലേമില്‍നിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ അടുക്കല്‍ വന്നു

2 നിന്റെ ശിഷ്യന്മാര്‍ പൂര്‍വന്മാരുടെ സന്പ്രദായം ലംഘിക്കുന്നതു എന്തു? അവര്‍ ഭക്ഷിക്കുമ്പോള്‍ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു

3 അവന്‍ അവരോടു ഉത്തരം പറഞ്ഞതു“നിങ്ങളുടെ സന്പ്രദായംകൊണ്ടു നിങ്ങള്‍ ദൈവകല്പന ലംഘിക്കുന്നതു എന്തു?

4 അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവന്‍ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.

5 നിങ്ങളോ ഒരുത്തന്‍ അപ്പനോടു എങ്കിലും അമ്മയോടു എങ്കിലുംനിനക്കു എന്നാല്‍ ഉപകാരമായി വരേണ്ടതു വഴിപാടു എന്നു പറഞ്ഞാല്‍

6 അവന്‍ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സന്പ്രദായത്താല്‍ നിങ്ങള്‍ ദൈവവചനത്തെ ദുര്‍ബ്ബലമാക്കിയിരിക്കുന്നു.

7 കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു:”

8 "ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു.

9 മാനുഷകല്പനകളായ ഉപദേശങ്ങളെ അവര്‍ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു" “എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.”

10 പിന്നെ അവന്‍ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു പറഞ്ഞതു“കേട്ടു ഗ്രഹിച്ചു കൊള്‍വിന്‍ .

11 മനുഷ്യന്നു അശുദ്ധിവരുത്തുന്നതു വായിക്കകത്തു ചെല്ലുന്നതു അല്ല, വായില്‍ നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.”

12 അപ്പോള്‍ ശിഷ്യന്മാര്‍ അടുക്കെ വന്നുപരീശന്മാര്‍ ഈ വാക്കു കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു.

13 അതിന്നു അവന്‍ “സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈഒക്കെയും വേരോടെ പറിഞ്ഞുപോകും.

14 അവരെ വിടുവിന്‍ ; അവര്‍ കുരുടന്മാരായ വഴികാട്ടികള്‍ അത്രേ; കുരുടന്‍ കുരുടനെ വഴിനടത്തിയാല്‍ ഇരുവരും കുഴിയില്‍ വീഴും എന്നു ഉത്തരം പറഞ്ഞു.

15 പത്രൊസ് അവനോടുആ ഉപമ ഞങ്ങള്‍ക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു.

16 അതിന്നു അവന്‍ പറഞ്ഞതു“നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ?

17 വായിക്കകത്തു കടക്കുന്നതു എല്ലാം വയറ്റില്‍ ചെന്നിട്ടു മറപ്പുരയില്‍ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ?

18 വായില്‍ നിന്നു പുറപ്പെടുന്നതോ ഹൃദയത്തില്‍നിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.

19 എങ്ങനെയെന്നാല്‍ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തില്‍ നിന്നു പുറപ്പെട്ടുവരുന്നു.

20 മനുഷ്യനെ അശുദ്ധമാക്കുന്നതു ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.”

21 യേശു അവിടം വിട്ടു, സോര്‍ സീദോന്‍ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി.

22 ആ ദേശത്തുനിന്നു ഒരു കനാന്യ സ്ത്രീ വന്നു, അവനോടുകര്‍ത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകള്‍ക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു.

23 അവന്‍ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാര്‍ അടുക്കെ, വന്നുഅവള്‍ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു.

24 അതിന്നു അവന്‍ “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു ഉത്തരം പറഞ്ഞു.

25 എന്നാല്‍ അവള്‍ വന്നുകര്‍ത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.

26 അവനോ“മക്കളുടെ അപ്പം എടുത്തു നായകൂട്ടികള്‍ക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്നു ഉത്തരം പറഞ്ഞു.

27 അതിന്നു അവള്‍അതേ, കര്‍ത്താവേ, നായക്കുട്ടികളും ഉടയവരുടെ മേശയില്‍ നിന്നു വീഴുന്ന നുറുക്കുകള്‍ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു.

28 യേശു അവളോടു“സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ” എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതല്‍ അവളുടെ മകള്‍ക്കു സൌഖ്യം വന്നു.

29 യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയില്‍ കയറി അവിടെ ഇരുന്നു.

30 വളരെ പുരുഷാരം മുടന്തര്‍, കുരുടര്‍, ഊമര്‍, കൂനര്‍ മുതലായ പലരെയും അവന്റെ അടുക്കല്‍ കൊണ്ടുവന്നു അവന്റെ കാല്‍ക്കല്‍ വെച്ചു; അവന്‍ അവരെ സൌഖ്യമാക്കി;

31 ഊമര്‍ സംസാരിക്കുന്നതും കൂനര്‍ സൌഖ്യമാകുന്നതും മുടന്തര്‍ നടക്കുന്നതും കുരുടര്‍ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.

32 എന്നാല്‍ യേശു തന്റെ ശിഷ്യന്മാരെ അടുക്കെവിളിച്ചു“ഈ പുരുഷാരം ഇപ്പോള്‍ മൂന്നു നാളായി എന്നോടുകൂടെ പാര്‍ക്കുംന്നു; അവര്‍ക്കും ഭക്ഷിപ്പാന്‍ ഒന്നും ഇല്ലായ്കകൊണ്ടു അവരെക്കുറിച്ചു എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാന്‍ മനസ്സുമില്ല; അവര്‍ വഴിയില്‍വെച്ചു തളര്‍ന്നുപോയേക്കും” എന്നു പറഞ്ഞു.

33 ശിഷ്യന്മാര്‍ അവനോടുഇത്ര വലിയ പുരുഷാരത്തിന്നു തൃപ്തിവരുത്തുവാന്‍ മതിയായ അപ്പം ഈ കാട്ടില്‍ നമുക്കു എവിടെ നിന്നു എന്നു പറഞ്ഞു.

34 “നിങ്ങളുടെ പക്കല്‍ എത്ര അപ്പം ഉണ്ടു” എന്നു യേശു ചോദിച്ചു; ഏഴു; കുറെ ചെറുമീനും ഉണ്ടു എന്നു അവര്‍ പറഞ്ഞു.

35 അവന്‍ പുരുഷാരത്തോടു നിലത്തു ഇരിപ്പാന്‍ കല്പിച്ചു,

36 ആ ഏഴു അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാര്‍ പുരുഷാരത്തിന്നും കൊടുത്തു.

37 എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവര്‍ ഏഴു വട്ടി നിറെച്ചെടുത്തു.

38 തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാര്‍ ആയിരുന്നു.

39 പിന്നെ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പടകില്‍ കയറി മഗദാദേശത്തു എത്തി.

മത്തായി 16

1 അനന്തരം പരീശന്മാരും സദൂക്യരും അടുക്കെ വന്നുആകാശത്തുനിന്നു ഒരു അടയാളം കാണിച്ചുതരേണമെന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.

2 അവരോടു അവന്‍ ഉത്തരം പറഞ്ഞതു“സന്ധ്യാസമയത്തു ആകാശം ചുവന്നുകണ്ടാല്‍ നല്ല തെളിവാകും എന്നും

3 രാവിലെ ആകാശം മൂടി ചുവന്നുകണ്ടാല്‍ ഇന്നു മഴക്കോള്‍ ഉണ്ടാകും എന്നും നിങ്ങള്‍ പറയുന്നു. ആകാശത്തിന്റെ ഭാവം വിവേചിപ്പാന്‍ നിങ്ങള്‍ അറിയുന്നു; എന്നാല്‍ കാല ലക്ഷണങ്ങളെ വിവേചിപ്പാന്‍ കഴികയില്ലയോ?

4 ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനയുടെ അടയാള മല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല;” പിന്നെ അവന്‍ അവരെ വിട്ടു പോയി.

5 ശിഷ്യന്മാര്‍ അക്കരെ പോകുമ്പോള്‍ അപ്പം എടുപ്പാന്‍ മറന്നുപോയി.

6 എന്നാല്‍ യേശു അവരോടു“നോക്കുവിന്‍ പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചു കൊള്‍വിന്‍ എന്നു പറഞ്ഞു.”

7 അപ്പം കൊണ്ടുപോരായ്കയാല്‍ ആയിരിക്കും എന്നു അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു.

8 അതു അറിഞ്ഞിട്ടു യേശു പറഞ്ഞതുഅല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാല്‍ തമ്മില്‍ തമ്മില്‍ പറയുന്നതു എന്തു?

9 ഇപ്പോഴും നിങ്ങള്‍ തിരിച്ചറിയുന്നില്ലയോ? അയ്യായിരം പേര്‍ക്കും അഞ്ചു അപ്പം കൊടുത്തിട്ടു എത്ര കൊട്ട എടുത്തു എന്നും

10 നാലായിരം പേര്‍ക്കും ഏഴു അപ്പം കൊടുത്തിട്ടു എത്ര വട്ടി എടുത്തു എന്നും ഔര്‍ക്കുംന്നില്ലയോ?

11 പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊള്ളേണം എന്നു പറഞ്ഞതു അപ്പത്തെക്കുറിച്ചല്ല എന്നു തിരിച്ചറിയാത്തതു എന്തു?

12 അങ്ങനെ അപ്പത്തിന്റെ പുളിച്ച മാവല്ല, പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശമത്രേ സൂക്ഷിച്ചുകൊള്‍വാന്‍ ” അവന്‍ പറഞ്ഞു എന്നു അവര്‍ ഗ്രഹിച്ചു.

13 യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്റെ ശിഷ്യന്മാരോടു“ജനങ്ങള്‍ മനുഷ്യപുത്രനെ ആര്‍ എന്നു പറയുന്നു?” എന്നു ചോദിച്ചു.

14 ചിലര്‍ യോഹന്നാന്‍ സ്നാപകന്‍ എന്നും മറ്റു ചിലര്‍ ഏലീയാവെന്നും വേറെ ചിലര്‍ യിരെമ്യാവോ പ്രവാചകന്മാരില്‍ ഒരുത്തനോ എന്നും പറയുന്നു എന്നു അവര്‍ പറഞ്ഞു.

15 “നിങ്ങളോ എന്നെ ആര്‍ എന്നു പറയുന്നു” എന്നു അവന്‍ ചോദിച്ചതിന്നു ശിമോന്‍ പത്രൊസ്

16 നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുഎന്നും ഉത്തരം പറഞ്ഞു.

17 യേശു അവനോടു“ബര്‍യോനാശിമോനെ, നീ ഭാഗ്യവാന്‍ ; ജഡരക്തങ്ങള്‍ അല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.

18 നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു.

19 സ്വര്‍ഗ്ഗ രാജ്യത്തിന്റെ താക്കോല്‍ ഞാന്‍ നിനക്കു തരുന്നു; നീ ഭൂമിയില്‍ കെട്ടുന്നതു ഒക്കെയും സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗ്ഗത്തില്‍ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു.

20 പിന്നെ താന്‍ ക്രിസ്തു ആകുന്നു എന്നു ആരോടും പറയാതിരിപ്പാന്‍ ശിഷ്യന്മാരോടു കല്പിച്ചു.

21 അന്നു മുതല്‍ യേശു താന്‍ യെരൂശലേമില്‍ ചെന്നിട്ടു, മൂപ്പന്മാര്‍, മഹാപുരോഹിതന്മാര്‍, ശാസ്ത്രിമാര്‍ എന്നിവരാല്‍ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.

22 പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയികര്‍ത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി.

23 അവനോ തിരിഞ്ഞു പത്രൊസിനോടു; “സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടര്‍ച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു” എന്നു പറഞ്ഞു.

24 പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു“ഒരുത്തന്‍ എന്റെ പിന്നാലെ വരുവാന്‍ ഇച്ഛിച്ചാല്‍ തന്നെത്താന്‍ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.

25 ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാല്‍ അതിനെ കണ്ടെത്തും.

26 ഒരു മനുഷ്യന്‍ സര്‍വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊള്‍വാന്‍ മനുഷ്യന്‍ എന്തു മറുവില കൊടുക്കും?

27 മനുഷ്യ പുത്രന്‍ തന്റെ പിതാവിന്റെ മഹത്വത്തില്‍ തന്റെ ദൂതന്മാരുമായി വരും; അപ്പോള്‍ അവന്‍ ഔരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നലകും.

28 മനുഷ്യപുത്രന്‍ തന്റെ രാജ്യത്തില്‍ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവര്‍ ചിലര്‍ ഈ നിലക്കുന്നവരില്‍ ഉണ്ടു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”

മത്തായി 17:1-13

1 ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയര്‍ന്ന മലയിലേക്കു കൊണ്ടുപോയി,.

2 അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായി തീര്‍ന്നു.

3 മോശെയും ഏലിയാവും അവനോടു സംഭാഷിക്കുന്നതായി അവര്‍ കണ്ടു.

4 അപ്പോള്‍ പത്രൊസ് യേശുവിനോടുകര്‍ത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്നു; നിനക്കു സമ്മതമെങ്കില്‍ ഞാന്‍ ഇവിടെ മൂന്നു കുടില്‍ ഉണ്ടാക്കാം ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.

5 അവന്‍ പറയുമ്പോള്‍ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേല്‍ നിഴലിട്ടു; മേഘത്തില്‍ നിന്നുഇവന്‍ എന്റെ പ്രീയ പുത്രന്‍ , ഇവങ്കല്‍ ഞാന്‍ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിന്‍ എന്നു ഒരു ശബ്ദവും ഉണ്ടായി.

6 ശിഷ്യന്മാര്‍ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.

7 യേശു അടുത്തു ചെന്നു അവരെ തൊട്ടു“എഴുന്നേല്പിന്‍ , ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു.

8 അവര്‍ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.

9 അവന്‍ മലയില്‍ നിന്നു ഇറങ്ങുമ്പോള്‍ യേശു അവരോടു“മനുഷ്യപുത്രന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേലക്കുംവരെ ഈ ദര്‍ശനം ആരോടും പറയരുതു” എന്നു കല്പിച്ചു.

10 ശിഷ്യന്മാര്‍ അവനോടുഎന്നാല്‍ ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാര്‍ പറയുന്നതു എന്തു എന്നു ചോദിച്ചു.

11 അതിന്നു അവന്‍ “ഏലീയാവു വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം.

12 എന്നാല്‍ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; എങ്കിലും അവര്‍ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങള്‍ക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാല്‍ കഷ്ടപ്പെടുവാനുണ്ടു” എന്നു ഉത്തരം പറഞ്ഞു.

13 അവന്‍ യോഹന്നാന്‍ സ്നാപകനെക്കുറിച്ചു തങ്ങളോടു പറഞ്ഞു എന്നു ശിഷ്യന്മാര്‍ ഗ്രഹിച്ചു.

     
    Проучване на вътрешния смисъл
page loading graphic