Krok 256

Studie

     

യേഹേസ്കേൽ 25

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

2 മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരെ മുഖംതിരിച്ചു അവരെക്കുറിച്ചു പ്രവചിച്ചു അമ്മോന്യരോടു പറയേണ്ടതു

3 യഹോവയായ കര്‍ത്താവിന്റെ വചനം കേള്‍പ്പിന്‍ ; യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ വിശുദ്ധമന്ദിരം അശുദ്ധമായ്തീര്‍ന്നപ്പോള്‍ നീ അതിനെയും, യിസ്രായേല്‍ദേശം ശൂന്യമായ്തീര്‍ന്നപ്പോള്‍ അതിനെയും, യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോള്‍ അവരെയും ചൊല്ലി നന്നായി എന്നു പറഞ്ഞതുകൊണ്ടു

4 ഞാന്‍ നിന്നെ കിഴക്കുള്ളവര്‍ക്കും കൈവശമാക്കിക്കൊടുക്കും; അവര്‍ നിങ്കല്‍ പാളയമടിച്ചു, നിവാസങ്ങളെ ഉണ്ടാക്കും; അവര്‍ നിന്റെ ഫലം തിന്നുകയും നിന്റെ പാല്‍ കുടിക്കയും ചെയ്യും.

5 ഞാന്‍ രബ്ബയെ ഒട്ടകങ്ങള്‍ക്കു കിടപ്പിടവും അമ്മോന്യരെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു താവളവും ആക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

6 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ ദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാല്‍കൊണ്ടു ചവിട്ടി സര്‍വ്വനിന്ദയോടുംകൂടെ ഹൃദയപൂര്‍വ്വം സന്തോഷിച്ചചതുകൊണ്ടു,

7 ഞാന്‍ നിന്റെ നേരെ കൈ നീട്ടി നിന്നെ ജാതികള്‍ക്കു കവര്‍ച്ചയായി കൊടുക്കും; ഞാന്‍ നിന്നെ വംശങ്ങളില്‍നിന്നു ഛേദിച്ചു ദേശങ്ങളില്‍ നിന്നു മുടിച്ചു നശപ്പിച്ചുകളയും; ഞാന്‍ യഹോവ എന്നു നീ അറിയും.

8 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയെഹൂദാഗൃഹം സകല ജാതികളെയുംപോലെയത്രേ എന്നു മോവാബും സേയീരും പറയുന്നതുകൊണ്ടു,

9 ഞാന്‍ മോവാബിന്റെ പാര്‍ശ്വത്തെ അതിന്റെ അതൃത്തികളിലുള്ള പട്ടണങ്ങളായി ദേശത്തിന്റെ മഹത്വമായ ബേത്ത്-യെശീമോത്ത്, ബാല്‍- മെയോന്‍ , കീര്‍യ്യഥയീം എന്നീ പട്ടണങ്ങള്‍മുതല്‍ തുറന്നുവെച്ചു

10 അവയെ അമ്മോന്യര്‍ ജാതികളുടെ ഇടയില്‍ ഔര്‍ക്കപ്പെടാതെ ഇരിക്കേണ്ടതിന്നു അമ്മോന്യരോടുകൂടെ കഴിക്കുള്ളവര്‍ക്കും കൈവശമാക്കിക്കൊടുക്കും.

11 ഇങ്ങനെ ഞാന്‍ മോവാബില്‍ ന്യായവിധി നടത്തും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.

12 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഏദോം യെഹൂദാഗൃഹത്തോടു പ്രതികാരം ചെയ്തു പകരം വീട്ടി ഏറ്റവും കുറ്റം ചെയ്തിരിക്കുന്നു.

13 അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന്‍ ഏദോമിന്റേ നേരെ കൈ നീട്ടി അതില്‍നിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ചു അതിനെ ശൂന്യമാക്കിക്കളയും; തേമാന്‍ മുതല്‍ ദേദാന്‍ വരെ അവര്‍ വാളിനാല്‍ വീഴും.

14 ഞാന്‍ എന്റെ ജനമായ യിസ്രായേല്‍മുഖാന്തരം എദോമിനോടു പ്രതികാരം നടത്തും; അവര്‍ എന്റെ കോപത്തിന്നും എന്റെ ക്രോധത്തിന്നും തക്കവണ്ണം എദോമിനോടു ചെയ്യും; അപ്പോള്‍ അവര്‍ എന്റെ പ്രതികാരം അറിയും എന്നു യഹേഅവയായ കര്‍ത്താവിന്റെ അരുളപ്പാടു.

15 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഫെലിസ്ത്യര്‍ പ്രതികാരം ചെയ്തു പൂര്‍വ്വദ്വേഷത്തോടും നാശം വരുത്തുവാന്‍ നിന്ദാഹൃദയത്തോടും കൂടെ പകരം വീട്ടിയിരിക്കകൊണ്ടു

16 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഫെലിസ്ത്യരുടെ നേരെ കൈ നീട്ടി ക്രേത്യരെ സംഹരിച്ചു കടല്‍ക്കരയില്‍ ശേഷിപ്പുള്ളവരെ നശിപ്പിച്ചുകളയും.

17 ഞാന്‍ ക്രോധശിക്ഷകളോടുകൂടെ അവരോടു മഹാപ്രതികാരം നടത്തും; ഞാന്‍ പ്രതികാരം അവരോടു നടത്തുമ്പോള്‍, ഞാന്‍ യഹോവ എന്നു അവര്‍ അറിയും.

യേഹേസ്കേൽ 26

1 പതിനൊന്നാം ആണ്ടു ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

2 മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ചുനന്നായി, ജാതികളുടെ വാതിലായിരുന്നവള്‍ തകര്‍ന്നുപോയി; അവര്‍ എങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവള്‍ ശൂന്യമായ്തീര്‍ന്നിരിക്കയാല്‍ ഞാന്‍ നിറയും എന്നു സോര്‍ പറയുന്നതുകൊണ്ടു

3 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസോരേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു; സമുദ്രം തന്റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാന്‍ അനേകം ജാതികളെ നിന്റെ നേരെ പുറപ്പെട്ടുവരുമാറാക്കും.

4 അവര്‍ സോരിന്റെ മതിലുകളെ നശിപ്പിച്ചു, അതിന്റെ ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാന്‍ അതിന്റെ പൊടി അടിച്ചുവാരിക്കളഞ്ഞു അതിനെ വെറും പാറയാക്കും.

5 അതു സമുദ്രത്തിന്റെ നടുവില്‍ വലവിരിക്കുന്നതിന്നുള്ള സ്ഥലമായ്തീരും; ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; അതു ജാതികള്‍ക്കു കവര്‍ച്ചയായ്തീരും.

6 നാട്ടുപുറത്തുള്ള അതിന്റെ പുത്രിമാരെ വാള്‍കൊണ്ടു കൊല്ലും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.

7 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ വടക്കുനിന്നു രാജാധിരാജാവായ നെബൂഖദ്നേസര്‍ എന്ന ബാബേല്‍രാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടും കൂടെ സോരിന്നുനേരെ വരുത്തും.

8 അവന്‍ നാട്ടുപുറത്തുള്ള നിന്റെ പുത്രിമാരെ വാള്‍കൊണ്ടു കൊല്ലും; അവന്‍ നിന്റെ നേരെ കൊത്തളം പണിതു വാടകോരി നിന്റെ നേരെ ഒരു മറ നിര്‍ത്തും.

9 അവന്‍ നിന്റെ മതിലുകളുടെ നേരെ യന്ത്രമുട്ടികളെ വെച്ചു കോടാലികൊണ്ടു നിന്റെ ഗോപുരങ്ങളെ തകര്‍ത്തുകളയും.

10 അവന്റെ കുതിരകളുടെ പെരുപ്പംകൊണ്ടു കിളരുന്ന പൊടി നിന്നെ മൂടും; മതില്‍ ഇടിഞ്ഞുകിടക്കുന്ന പട്ടണത്തിലേക്കു കടക്കുന്നതുപോലെ അവന്‍ നിന്റെ ഗോപുരങ്ങളില്‍കൂടി കടക്കുമ്പോള്‍ കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ടു നിന്റെ മതിലുകള്‍ കുലുങ്ങിപ്പോകും.

11 തന്റെ കുതിരകളുടെ കുളമ്പുകൊണ്ടു അവന്‍ നിന്റെ സകലവീഥികളെയും മെതിച്ചുകളയും; നിന്റെ ജനത്തെ അവന്‍ വാള്‍കൊണ്ടു കൊല്ലും; നിന്റെ ബലമുള്ള തൂണുകള്‍ നിലത്തു വീണുകിടക്കും.

12 അവര്‍ നിന്റെ സമ്പത്തു കവര്‍ന്നു നിന്റെ ചരകൂ കൊള്ളയിട്ടു നിന്റെ മതിലുകള്‍ ഇടിച്ചു നിന്റെ മനോഹരഭവനങ്ങള്‍ നശിപ്പിക്കും; നിന്റെ കല്ലും മരവും മണ്ണും എല്ലാം അവര്‍ വെള്ളത്തില്‍ ഇട്ടുകളയും.

13 നിന്റെ പാട്ടുകളുടെ ഘോഷം ഞാന്‍ ഇല്ലാതാക്കും; നിന്റെ വീണകളുടെ നാദം ഇനി കേള്‍ക്കയുമില്ല.

14 ഞാന്‍ നിന്നെ വെറുമ്പാറയാക്കും; നീ വലവിരിപ്പാനുള്ള സ്ഥലമായ്തീരും; നിന്നെ ഇനി പണികയില്ല; യഹോവയായ ഞാന്‍ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

15 യഹോവയായ കര്‍ത്താവു സോരിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നുനിഹതന്മാര്‍ ഞരങ്ങുമ്പോഴും നിന്റെ നടുവില്‍ സംഹാരം നടക്കുമ്പോഴും നിന്റെ വീഴ്ചയുടെ ഒച്ചയാല്‍ ദ്വീപുകള്‍ നടുങ്ങിപ്പോകയില്ലയോ?

16 അപ്പോള്‍ സമുദ്രത്തിലെ സകലപ്രഭുക്കന്മാരും സിംഹാസനം വിട്ടിറങ്ങി, അങ്കികളെ നീക്കി വിചിത്രവസ്ത്രങ്ങളെ അഴിച്ചുവേക്കും; അവര്‍ വിറയല്‍ പൂണ്ടു നിലത്തിരുന്നു മാത്രതോറും വിറെച്ചുകൊണ്ടു നിന്നെക്കുറിച്ചു സ്തംഭിച്ചുപോകും.

17 അവര്‍ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു പറയുംസമുദ്രസഞ്ചാരികള്‍ പാര്‍ത്തതും കീര്‍ത്തിപ്പെട്ടതുമായ പട്ടണമേ, നീ എങ്ങനെ നശിച്ചിരിക്കുന്നു; നീയും നിന്റെ നിവാസികളും സമുദ്രത്തില്‍ പ്രാബല്യം പ്രാപിച്ചിരുന്നു അതിലെ സകലനിവാസികള്‍ക്കും നിങ്ങളെ പേടിയായിരുന്നുവല്ലോ!

18 ഇപ്പോള്‍ നിന്റെ വീഴ്ചയുടെ നാളില്‍ ദ്വീപുകള്‍ വിറെക്കും; അതെ, സമുദ്രത്തിലെ ദ്വീപുകള്‍ നിന്റെ നിര്യാണത്തിങ്കല്‍ ഭ്രമിച്ചുപോകും.

19 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന്‍ നിന്നെ നിവാസികള്‍ ഇല്ലാത്ത പട്ടണങ്ങളെപ്പോലെ ശൂന്യപട്ടണം ആക്കുമ്പോഴും ഞാന്‍ നിന്റെമേല്‍ ആഴിയെ വരുത്തി പെരുവെള്ളം നിന്നെ മൂടുമ്പോഴും,

20 ഞാന്‍ നിന്നെ കുഴിയില്‍ ഇറങ്ങുന്നവരോടു കൂടെ പുരാതനജനത്തിന്റെ അടുക്കല്‍ ഇറക്കുകയും നിനക്കു നിവാസികള്‍ ഇല്ലാതെയിരിക്കേണ്ടതിന്നും നീ ജീവനുള്ളവരുടെ ദേശത്തു നിലനില്‍ക്കാതെയിരിക്കേണ്ടതിന്നും ഞാന്‍ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളില്‍ പുരാതനശൂന്യങ്ങളില്‍ തന്നേ, കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ പാര്‍പ്പിക്കയും ചെയ്യും.

21 ഞാന്‍ നിന്നെ ശീഘ്രനാശത്തിന്നു ഏല്പിക്കും; നീ ഇല്ലാതെ ആയ്പോകും; നിന്നെ അന്വേഷിച്ചാലും ഇനി ഒരിക്കലും നിന്നെ കണ്ടെത്തുകയില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

യേഹേസ്കേൽ 27

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

2 മനുഷ്യപുത്രാ, നീ സോരിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി സോരിനോടു പറയേണ്ടതു

3 തുറമുഖങ്ങളില്‍ പാര്‍ക്കുംന്നവളും ഏറിയ ദ്വീപുകളിലെ ജാതികളുടെ വ്യാപാരിയും ആയുള്ളോവേ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസോരേ, ഞാന്‍ പൂര്‍ണ്ണസുന്ദരിയാകുന്നു എന്നു നീ പറഞ്ഞിരിക്കുന്നു.

4 നിന്റെ രാജ്യം സമുദ്രമദ്ധ്യേ ഇരിക്കുന്നു; നിന്നെ പണിതവര്‍ നിന്റെ സൌന്ദര്യത്തെ പരിപൂര്‍ണ്ണമാക്കിയിരിക്കുന്നു.

5 സെനീരിലെ സരളമരംകൊണ്ടു അവര്‍ നിന്റെ പാര്‍ശ്വം ഒക്കെയും പണിതു; നിനക്കു പാമരം ഉണ്ടാക്കേണ്ടതിന്നു അവര്‍ ലെബാനോനില്‍നിന്നു ദേവദാരുക്കളെ കൊണ്ടുവന്നു.

6 ബാശാനിലെ കരുവേലംകൊണ്ടു അവര്‍ നിന്റെ തണ്ടുകളെ ഉണ്ടാക്കി; കിത്തീംദ്വീപുകളില്‍നിന്നുള്ള പുന്നമരത്തില്‍ ആനക്കൊമ്പു പതിച്ചു നിനക്കു തട്ടുണ്ടാക്കിയിരിക്കുന്നു.

7 നിനക്കു കൊടിയായിരിക്കേണ്ടതിന്നു നിന്റെ കപ്പല്‍പായ് മിസ്രയീമില്‍നിന്നുള്ള വിചിത്രശണപടംകൊണ്ടു ഉണ്ടാക്കിയതായിരുന്നു; എലീശാദ്വീപുകളില്‍നിന്നുള്ള ധൂമ്രപടവും രക്താംബരവും നിന്റെ വിതാനമായിരുന്നു.

8 സീദോനിലെയും സര്‍വ്വാദിലെയും നിവാസികള്‍ നിന്റെ തണ്ടേലന്മാരായിരുന്നു; സോരേ, നിന്നില്‍ ഉണ്ടായിരുന്ന ജ്ഞാനികള്‍ നിന്റെ മാലുമികള്‍ ആയിരുന്നു.

9 ഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും നിന്റെ ഔരായപ്പണിക്കാരായിരുന്നു; സമുദ്രത്തിലെ എല്ലാകപ്പലുകളും അവയുടെ കപ്പല്‍ക്കാരും നിന്റെ കച്ചവടം നടത്തേണ്ടതിന്നു നിന്നില്‍ ഉണ്ടായിരുന്നു.

10 പാര്‍സികളും ലൂദ്യരും പൂത്യരും യോദ്ധാക്കളായി നിന്റെ സൈന്യത്തില്‍ ഉണ്ടായിരുന്നു; അവര്‍ പരിചയും തലക്കോരികയും നിന്നില്‍ തൂക്കി നിനക്കു ഭംഗി പിടിപ്പിച്ചു.

11 അര്‍വ്വാദ്യര്‍ നിന്റെ സൈന്യത്തോടുകൂടെ ചുറ്റും നിന്റെ മതിലുകളിന്മേലും ഗമ്മാദ്യര്‍ നിന്റെ ഗോപുരങ്ങളിലും ഉണ്ടായിരുന്നു; അവര്‍ നിന്റെ മതിലുകളിന്മേല്‍ ചുറ്റും ചരിപ തൂക്കി നിന്റെ സൌന്ദര്യത്തെ പരിപൂര്‍ണ്ണമാക്കി.

12 തര്‍ശീശ് സകലവിധസമ്പത്തിന്റെയും പെരുപ്പംനിമിത്തം നിന്റെ വ്യാപാരിയായിരുന്നു; വെള്ളി, ഇരിമ്പു, വെള്ളീയം, കാരീയം എന്നിവ അവര്‍ നിന്റെ ചരക്കിന്നു പകരം തന്നു.

13 യാവാന്‍ , തൂബാല്‍, മേശക്‍ എന്നിവര്‍ നിന്റെ വ്യാപാരികള്‍ ആയിരുന്നു; അവര്‍ ആളുകളെയും താമ്രസാധനങ്ങളെയും നിന്റെ ചരക്കിന്നു പകരം തന്നു.

14 തോഗര്‍മ്മാഗൃഹക്കാര്‍ നിന്റെ ചരക്കിന്നു പകരം കുതിരകളെയും പടകൂതിരകളെയും കോവര്‍കഴുതകളെയും തന്നു.

15 ദെദാന്യര്‍ നിന്റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകള്‍ നിന്റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവര്‍ ആനക്കൊമ്പും കരിമരവും നിനക്കു കപം കൊണ്ടുവന്നു.

16 നിന്റെ പണിത്തരങ്ങളുടെ പ്പെരുപ്പംനിമിത്തം അരാം നിന്റെ വ്യാപാരി ആയിരുന്നു; അവര്‍ മരതകവും ധൂമ്രവസ്ത്രവും വിചിത്രവസ്ത്രവും ശണപടവും പവിഴവും പത്മരാഗവും നിന്റെ ചരക്കിന്നു പകരം തന്നു.

17 യെഹൂദയും യിസ്രായേല്‍ദേശവും നിന്റെ വ്യാപാരികളായിരുന്നു; അവര്‍ മിന്നീത്തിലെ കോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും നിന്റെ ചരക്കിന്നു പകരം തന്നു.

18 ദമ്മേശേക്‍ നിന്റെ പണിത്തരങ്ങളുടെ പെരുപ്പം നിമിത്തവും സകലവിധസമ്പത്തിന്റെയും പെരുപ്പം നിമിത്തവും ഹെല്‍ബോനിലെ വീഞ്ഞും വെളുത്ത ആട്ടുരോമവുംകൊണ്ടു നിന്റെ വ്യാപാരി ആയിരുന്നു.

19 വെദാന്യരും ഊസാലിലെ യാവാന്യരും നിന്റെ ചരക്കുകൊണ്ടു വ്യാപാരം ചെയ്തു; മിനുസമുള്ള ഇരിമ്പും വഴനത്തോലും വയമ്പും നിന്റെ ചരക്കിന്റെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

20 ദെദാന്‍ കുതിരപ്പുറത്തിടുന്ന വിശിഷ്ടപടം കൊണ്ടു നിന്റെ വ്യാപാരിയായിരുന്നു;

21 അരബികളും കേദാര്‍പ്രഭുക്കന്മാരൊക്കെയും നിനക്കധീനരായ വ്യാപാരികള്‍ ആയിരുന്നു; കുഞ്ഞാടുകള്‍, ആട്ടുകൊറ്റന്മാര്‍, കോലാടുകള്‍ എന്നിവകൊണ്ടു അവര്‍ നിന്റെ കച്ചവടക്കാരായിരുന്നു;

22 ശെബയിലെയും രമയിലെയും വ്യാപാരികള്‍ നിന്റെ കച്ചവടക്കാരായിരുന്നു; അവര്‍ മേത്തരമായ സകലവിധ പരിമളതൈലവും സകലവിധ രത്നങ്ങളും പൊന്നും നിന്റെ ചരക്കിന്നു പകരം തന്നു.

23 ഹാരാനും കല്നെയും ഏദെനും ശെബാവ്യാപാരികളും അശ്ശൂരും കില്മദും നിന്റെ കച്ചവടക്കാരായിരുന്നു.

24 അവര്‍ വിശിഷ്ടസാധനങ്ങളും ചിത്രത്തയ്യലുള്ള ധൂമ്രപ്പുതെപ്പുകളും പരവതാനികളും ബലത്തില്‍ പിരിച്ച കയറുകളും നിന്റെ ചരക്കിന്നു പകരം തന്നു.

25 തര്‍ശീശ് കപ്പലുകള്‍ നിനക്കു ചരകൂ കൊണ്ടു വന്നു; നീ പരിപൂര്‍ണ്ണയും സമുദ്രമദ്ധ്യേ അതിധനികയും ആയിത്തീര്‍ന്നു.

26 നിന്റെ തണ്ടേലന്മാര്‍ നിന്നെ പുറങ്കടലിലേക്കു കൊണ്ടു പോയി; കിഴക്കന്‍ കാറ്റു സമുദ്രമദ്ധ്യേവെച്ചു നിന്നെ ഉടെച്ചുകളഞ്ഞു.

27 നിന്റെ സമ്പത്തും ചരക്കും കച്ചവടവും കപ്പല്‍ക്കാരും മാലുമികളും ഔരായപ്പണിക്കാരും കുറ്റിക്കാരും നിന്നിലുള്ള സകല യോദ്ധാക്കളും നിന്റെ അകത്തുള്ള സര്‍വ്വജനസമൂഹത്തോടും കൂടെ നിന്റെ വീഴ്ചയുടെ നാളില്‍ സമുദ്രമദ്ധ്യേ വീഴും.

28 നിന്റെ മാലുമികളുടെ നിലവിളികൊണ്ടു കപ്പല്‍കൂട്ടങ്ങള്‍ നടുങ്ങിപ്പോകും.

29 തണ്ടേലന്മാരൊക്കെയും കപ്പല്‍ക്കാരും കടലിലെ മാലുമികള്‍ എല്ലാവരും കപ്പലുകളില്‍നിന്നു ഇറങ്ങി കരയില്‍ നിലക്കും.

30 അവര്‍ കൈപ്പോടെ ഉറക്കെ നിലവിളിച്ചു തലയല്‍ പൂഴി വാരിയിട്ടു ചാരത്തില്‍ കിടന്നുരുളുകയും

31 നിന്നെച്ചൊല്ലി മൊട്ടയടിച്ച രട്ടുടുക്കയും നിന്നെക്കുറിച്ചു മനോവ്യസനത്തോടും കൈപ്പുള്ള വിലാപത്തോടും കൂടെ കരകയും ചെയ്യും.

32 തങ്ങളുടെ ദുഃഖത്തില്‍ അവര്‍ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു വിലപിക്കുന്നതുസമുദ്രമദ്ധ്യേ നശിച്ചുപോയ സോരിനെപ്പോലെ ഏതൊരു നഗരമുള്ളു?

33 നിന്റെ ചരകൂ സമുദ്രത്തില്‍ നിന്നു കയറിവന്നപ്പോള്‍, നീ ഏറിയ വംശങ്ങള്‍ക്കു തൃപ്തിവരുത്തി നിന്റെ സമ്പത്തിന്റെയും വ്യാപാരത്തിന്റെയും പെരുപ്പംകൊണ്ടു ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നന്മാരാക്കി.

34 ഇപ്പോള്‍ നീ സമുദ്രത്തില്‍നിന്നു തകര്‍ന്നു പൊയ്പോയി; നിന്റെ വ്യാപാരസമ്പത്തും നിന്റെ അകത്തുള്ള ജനസമൂഹമൊക്കെയും വെള്ളത്തിന്റെ ആഴത്തില്‍ വീണിരിക്കുന്നു.

35 ദ്വീപുവാസികളൊക്കെയും നിന്നെക്കുറിച്ചു സ്തംഭിച്ചുപോകുന്നു; അവരുടെ രാജാക്കന്മാര്‍ ഏറ്റവും ഭയപ്പെട്ടു മുഖം വാടി നിലക്കുന്നു.

36 ജാതികളിലെ വ്യാപാരികള്‍ നിന്നെക്കുറിച്ചു ചൂളകുത്തുന്നുനിനക്കു ശീഘ്രനാശം ഭവിച്ചു നീ സദാകാലത്തേക്കും ഇല്ലാതെയാകും.

യേഹേസ്കേൽ 28:1-10

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

2 മനുഷ്യപുത്രാ, നീ സോര്‍പ്രഭുവിനോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല മനുഷ്യന്‍ മാത്രമായിരിക്കെഞാന്‍ ദൈവമാകുന്നു; ഞാന്‍ സമുദ്രമദ്ധ്യേ ദൈവാസനത്തില്‍ ഇരിക്കുന്നു എന്നു പറഞ്ഞു.

3 നീ ദൈവഭാവം നടിച്ചതുകൊണ്ടു--നീ ദാനീയേലിലും ജ്ഞാനിയല്ലോ; നീ അറിയാതവണ്ണം മറെച്ചുവെക്കാകുന്ന ഒരു രഹസ്യവുമില്ല;

4 നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തില്‍ സംഗ്രഹിച്ചുവെച്ചു;

5 നീ മഹാ ജ്ഞാനംകൊണ്ടു കച്ചവടത്താല്‍ ധനം വര്‍ദ്ധിപ്പിച്ചു; നിന്റെ ഹൃദയം ധനംനിമിത്തം ഗര്‍വ്വിച്ചുമിരിക്കുന്നു--

6 അതുകൊണ്ടു തന്നേ യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു

7 നീ ദൈവഭാവം നടിക്കയാല്‍ ഞാന്‍ ജാതികളില്‍ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെ നേരെ വരുത്തും; അവര്‍ നിന്റെ ജ്ഞാനശോഭയുടെ നേരെ വാളൂരി നിന്റെ പ്രഭയെ അശുദ്ധമാക്കും.

8 അവര്‍ നിന്നെ കുഴിയില്‍ ഇറങ്ങുമാറാക്കും; നീ സമുദ്രമദ്ധ്യേ നിഹതന്മാരെപ്പോലെ മരിക്കും.

9 നിന്നെ കുത്തിക്കൊല്ലുന്നവന്റെ കയ്യില്‍ നീ ദൈവമല്ല, മനുഷ്യന്‍ മാത്രം ആയിരിക്കെ, നിന്നെ കൊല്ലുന്നവന്റെ മുമ്പില്‍ഞാന്‍ ദൈവം എന്നു നീ പറയുമോ?

10 അന്യജാതിക്കാരുടെ കയ്യാല്‍ നീ അഗ്രചര്‍മ്മികളെപ്പോലെ മരിക്കും; ഞാന്‍ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.