Krok 39

Studie

     

ലേവ്യപുസ്തകം 24

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍

2 ദീപങ്ങള്‍ നിത്യം കത്തിക്കൊണ്ടിരിക്കേണ്ടതിന്നു യിസ്രായേല്‍മക്കള്‍ നിലവിളക്കിന്നു ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കല്‍ കൊണ്ടുവരേണമെന്നു അവരോടു കല്പിക്ക.

3 സാമാഗമനക്കുടാരത്തില്‍ സാക്ഷ്യത്തിന്റെ തിരശ്ശീലെക്കു പുറത്തു വൈകുന്നേരം മുതല്‍ രാവിലെവരെ കത്തേണ്ടതിന്നു അഹരോന്‍ അതു യഹോവയുടെ സന്നിധിലയില്‍ നിത്യം ഒരുക്കിവെക്കേണം; ഇതു തലമുറതലമുറയായി നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടം ആകുന്നു.

4 അവന്‍ നിത്യവും യഹോവയുടെ സന്നിധിയില്‍ തങ്കനിലവിളക്കിന്മേല്‍ ദീപങ്ങള്‍ ഒരുക്കിവെക്കേണം.

5 നീ നേരിയ മാവു എടുത്തു അതുകൊണ്ടു പന്ത്രണ്ടു ദോശ ചുടേണം; ഔരോ ദോശ രണ്ടിടങ്ങഴി മാവുകൊണ്ടു ആയിരിക്കേണം.

6 അവയെ യഹോവയുടെ സന്നിധിയില്‍ തങ്കമേശമേല്‍ രണ്ടു അടുക്കായിട്ടു ഔരോ അടുക്കില്‍ ആറാറുവീതം വെക്കേണം.

7 ഔരോ അടുക്കിന്മേല്‍ നിര്‍മ്മലമായ കുന്തുരുക്കം വെക്കേണം; അതു അപത്തിന്മേല്‍ നിവേദ്യമായി യഹോവേക്കു ദഹനയാഗമായിരിക്കേണം.

8 അവന്‍ അതു നിത്യനിയമമായിട്ടു യിസ്രായേല്‍മക്കളോടു വാങ്ങി ശബ്ബത്തുതോറും യഹോവയുടെ സന്നിധിയില്‍ നിരന്തരമായി അടുക്കിവെക്കേണം.

9 അതു അഹരോന്നും പുത്രന്മാര്‍ക്കും ഉള്ളതായിരിക്കേണം; അവര്‍ അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു തിന്നേണം; അതു അവന്നു ശാശ്വതാവകാശമായി യഹോവയുടെ ദഹനയാഗങ്ങളില്‍ അതിവിശുദ്ധം ആകുന്നു.

10 അനന്തരം ഒരു യിസ്രായേല്യ സ്ത്രീയുടെയും ഒരു മിസ്രയീമ്യന്റെയും മകനായ ഒരുത്തന്‍ യിസ്രായേല്‍മക്കളുടെ മദ്ധ്യേ പുറപ്പെട്ടു; യിസ്രായേല്യസ്ത്രീയുടെ ഈ മകനും ഒരു യിസ്രാല്യേനും തമ്മില്‍ പാളയത്തില്‍വെച്ചു ശണ്ഠയിട്ടു.

11 യിസ്രയേല്യസ്ത്രീയുടെ മകന്‍ തിരുനാമം ദുഷിച്ചു ശപിച്ചു; അതുകൊണ്ടു അവര്‍ അവനെ മോശെയുടെ അടുക്കല്‍ കൊണ്ടു വന്നു; അവന്റെ അമ്മെക്കു ശെലോമിത്ത് എന്നു പേര്‍. അവള്‍ ദാന്‍ ഗോത്രത്തില്‍ ദിബ്രി എന്നൊരുവന്റെ മകളായിരുന്നു.

12 യഹോവയുടെ അരുളപ്പാടു കിട്ടേണ്ടതിന്നു അവര്‍ അവനെ തടവില്‍ വെച്ചു.

13 അപ്പോള്‍ യഹോവ മോശെയോടു അരുളിച്ചെയ്തതു

14 ശപിച്ചവനെ പാളയത്തിന്നു പുറത്തു കൊണ്ടുപോക; കേട്ടവര്‍ എല്ലാവരും അവന്റെ തലയില്‍ കൈവെച്ചശേഷം സഭയൊക്കെയും അവനെ കല്ലെറിഞ്ഞു കൊല്ലേണം.

15 എന്നാല്‍ യിസ്രായേല്‍മക്കളോടു നി പറയേണ്ടതു എന്തെന്നാല്‍ആരെങ്കിലും തന്റെ ദൈവത്തെ ശപിച്ചാല്‍ അവന്‍ തന്റെ പാപം വഹിക്കും.

16 യഹോവയുടെ നാമം ദുഷിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടേ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.

17 മനുഷ്യനെ കൊല്ലുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.

18 മൃഗത്തെ കൊല്ലുന്നവന്‍ മൃഗത്തിന്നു പകരം മൃഗത്തെ കൊടുക്കേണം.

19 ഒരുത്തന്‍ കൂട്ടുകാരന്നു കേടു വരുത്തിയാല്‍ അവന്‍ ചെയ്തതുപോലെ തന്നേ അവനോടു ചെയ്യേണം.

20 ഒടിവിന്നു പകരം ഒടിവു, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു; ഇങ്ങനെ അവന്‍ മറ്റേവന്നു കേടുവരുത്തിയതുപോലെ തന്നേ അവന്നും വരുത്തേണം.

21 മൃഗത്തെ കൊല്ലുന്നവന്‍ അതിന്നു പകരം കൊടുക്കേണം; മനുഷ്യനെ കൊല്ലുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.

22 നിങ്ങള്‍ക്കു പരദേശിക്കും സ്വദേശിക്കും ഒരു പ്രമാണം തന്നേ ആയിരിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

23 ദുഷിച്ചവനെ പാളയത്തിന്നു പുറത്തുകൊണ്ടുപൊയി കല്ലെറിയേണമെന്നു മോശെ യിസ്രായേല്‍മക്കളോടു പറഞ്ഞു. യഹോവ മോശെയോടു കല്പിച്ചതു പോലെ യിസ്രായേല്‍മക്കള്‍ ചെയ്തു.

ലേവ്യപുസ്തകം 25

1 യഹോവ സീനായിപര്‍വ്വതത്തില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതതുശബ്ബത്തു ആചരിക്കേണം.

2 ആറു സംവത്സരം നിന്റെ നിലം വിതെക്കേണം; അവ്വണ്ണം ആറു സംവത്സരം നിന്റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ചു അനുഭവം എടുക്കേണം.

3 ഏഴാം സംവത്സരത്തിലോ ദേശത്തിന്നു സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്റെ നിലം വിതെക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുതു.

4 ദേശത്തിന്റെ ശബ്ബത്തില്‍ താനേ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കേണം; നിനക്കും നിന്റെ ദാസന്നും ദാസിക്കും കൂലിക്കാരന്നും നിന്നോടുകൂടെ പാര്‍ക്കുംന്ന പരദേശിക്കും

5 നിന്റെ കന്നുകാലിക്കും കാട്ടുമൃഗത്തിന്നും അതിന്റെ അനുഭവം ഒക്കെയും ആഹാരമായിരിക്കേണം.

6 പിന്നെ ഏഴു ശബ്ബത്താണ്ടായ ഏഴേഴുസംവത്സരം എണ്ണേണം; അങ്ങനെ ഏഴു സബ്ബത്താണ്ടായ നാല്പത്തൊമ്പതു സംവത്സരം കഴിയേണം.

7 അപ്പോള്‍ ഏഴാം മാസം പത്താം തിയ്യതി മഹാധ്വനികാഹളം ധ്വനിപ്പിക്കേണം; പാപപരിഹാരദിവസത്തില്‍ നിങ്ങള്‍ നിങ്ങളുടെ ദേശത്തു എല്ലാടവും കാഹളം ധ്വനിപ്പിക്കേണം.

8 അമ്പതാം സംവത്സരത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലാടവും സകലനിവാസികള്‍ക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കേണം; അതു നിങ്ങള്‍ക്കു യോബേല്‍സംവത്സരമായിരിക്കേണംനിങ്ങള്‍ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം; ഔരോരുത്തന്‍ താന്താന്റെ കുടുംബത്തിലേക്കും മടങ്ങിപ്പോകേണം.

9 അമ്പതാം സംവത്സരം നിങ്ങള്‍ക്കു യോബേല്‍ സംവത്സരമായിരിക്കേണം; അതില്‍ നിങ്ങള്‍ വിതെക്കയോ പടുവിളവു കൊയ്കയോ വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കയോ ചെയ്യരുതു.

10 അതു യോബേല്‍സംവത്സരം ആകുന്നു; അതു നിങ്ങള്‍ക്കു വിശുദ്ധമായിരിക്കേണം; ആയാണ്ടത്തെ അനുഭവം നിങ്ങള്‍ വയലില്‍ നിന്നുതന്നേ എടുത്തു തിന്നേണം.

11 ഇങ്ങനെയുള്ള യോബേല്‍ സംവത്സരത്തില്‍ നിങ്ങള്‍ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം.

12 കൂട്ടുകാരന്നു എന്തെങ്കിലും വില്‍ക്കയോ കൂട്ടുകാരനോടു എന്തെങ്കിലും വാങ്ങുകയോ ചെയ്താല്‍ നിങ്ങള്‍ തമ്മില്‍ തമ്മില്‍ അന്യായം ചെയ്യരുതു.

13 യോബേല്‍സംവത്സരത്തിന്റെ പിമ്പുള്ള സംവത്സരങ്ങളുടെ സംഖ്യകൂ ഒത്തവണ്ണം നിന്റെ കൂട്ടുകാരനോടു വാങ്ങേണം; അനുഭവമുള്ള സംവത്സരങ്ങളുടെ സംഖ്യെക്കു ഒത്തവണ്ണം അവന്‍ നിനക്കു വില്‍ക്കേണം.

14 സംവത്സരങ്ങള്‍ ഏറിയിരുന്നാല്‍ വില ഉയര്‍ത്തേണം; സംവത്സരങ്ങള്‍ കുറഞ്ഞിരുന്നാല്‍ വില താഴ്ത്തേണം; അനുഭവത്തിന്റെ കാലസംഖ്യെക്കു ഒത്തവണ്ണം അവന്‍ നിനക്കു വിലക്കുന്നു.

15 ആകയാല്‍ നിങ്ങള്‍ തമ്മില്‍ തമ്മില്‍ അന്യായം ചെയ്യരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണംഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

16 അതു കൊണ്ടു നിങ്ങള്‍ എന്റെ കല്പനകള്‍ അനുസരിച്ചു എന്റെ വിധികള്‍ പ്രമാണിച്ചു ആചരിക്കേണം; എന്നാല്‍ നിങ്ങള്‍ ദേശത്തു നിര്‍ഭയം വസിക്കും.

17 ഭൂമി അതിന്റെ ഫലം തരും; നിങ്ങള്‍ തൃപ്തിയായി ഭക്ഷിച്ചു അതില്‍ നിര്‍ഭയം വസിക്കും.

18 എന്നാല്‍ ഏഴാം സംവത്സരത്തില്‍ ഞങ്ങള്‍ എന്തു ഭക്ഷിക്കും? ഞങ്ങള്‍ വിതെക്കയും ഞങ്ങളുടെ അനുഭവമെടുക്കയും ചെയ്യരുതല്ലോ എന്നു നിങ്ങള പറയുന്നുവെങ്കില്‍

19 ഞാന്‍ ആറാം സംവത്സരത്തില്‍ നിങ്ങള്‍ക്കു എന്റെ അനുഗ്രഹം അരുളുകയും അതു മൂന്നു സംവത്സരത്തേക്കുള്ള അനുഭവം തരികയും ചെയ്യും.

20 നിലം ജന്മം വില്‍ക്കരുതു; ദേശം എനിക്കുള്ളതു ആകുന്നു; നിങ്ങള്‍ എന്റെ അടുക്കല്‍ പരദേശികളും വന്നു പാര്‍ക്കുംന്നവരും അത്രേ.

21 നിങ്ങളുടെ അവകാശമായ ദേശത്തൊക്കെയും നിലത്തിന്നു വീണ്ടെടുപ്പു സമ്മതിക്കേണം.

22 നിന്റെ സഹോദരന്‍ ദിരദ്രനായ്തീര്‍ന്നു തന്റെ അവകാശത്തില്‍ ഏതാനും വിറ്റാല്‍ അവന്റെ അടുത്ത ചാര്‍ച്ചക്കാരന്‍ വന്നു സഹോദരന്‍ വിറ്റതു വീണ്ടുകൊള്ളേണം.

23 എന്നാല്‍ വീണ്ടുകൊള്ളുവാന്‍ അവന്നു ആരും ഇല്ലാതിരിക്കയും താന്‍ തന്നേ വകയുള്ളവനായി വീണ്ടുകൊള്ളുവാന്‍ പ്രാപ്തനാകയും ചെയ്താല്‍

24 അവന്‍ അതു വിറ്റശേഷമുള്ള സംവത്സരം കണക്കുകൂട്ടി മിച്ചമുള്ളതു അതു വാങ്ങിയിരുന്ന ആള്‍ക്കു മടക്കിക്കൊടുത്തു തന്റെ അവകാശത്തിലേക്കു മടങ്ങിവരേണം.

25 എന്നാല്‍ മടക്കിക്കൊടുപ്പാന്‍ അവന്നു പ്രാപ്തിയില്ല എങ്കില്‍ വിറ്റുപോയ യോബേല്‍ സംവത്സരംവരെ വാങ്ങിയവന്റെ കയ്യില്‍ ഇരിക്കേണം; യോബേല്‍സംവത്സരത്തില്‍ അതു ഒഴിഞ്ഞുകൊടുക്കയും അവന്‍ തന്റെ അവകാശത്തിലേക്കു മടങ്ങിവരികയും വേണം.

26 ഒരുത്തന്‍ മതിലുള്ള പട്ടണത്തില്‍ ഒരു വീടു വിറ്റാല്‍ വിറ്റശേഷം ഒരു സംവത്സരത്തിന്നകം അവന്നു അതു വീണ്ടുകൊള്ളാം; വീണ്ടുകൊള്ളുവാന്‍ ഒരു സംവത്സരത്തെ അവധി ഉണ്ടു.

27 ഒരു സംവത്സരം മുഴുവനും തികയുവോളം വീണ്ടുകൊണ്ടില്ലെങ്കില്‍ മതിലുള്ള പട്ടണത്തിലെ വീടു, വാങ്ങിയവന്നു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കേണം; യോബേല്‍സംവത്സരത്തില്‍ അതു ഒ ഴുഞ്ഞുകൊടുക്കേണ്ടാ.

28 മതിലില്ലാത്ത ഗ്രാമങ്ങളിലെ വീടുകളോ ദേശത്തുള്ള നിലത്തിന്നു സമമായി വിചാരിക്കേണം; അവേക്കു വീണ്ടെടുപ്പു ഉണ്ടു; യോബേല്‍സംവത്സരത്തില്‍ അവയെ ഒഴിഞ്ഞുകൊടുക്കേണം.

29 എന്നാല്‍ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യര്‍ക്കും എപ്പോഴെങ്കിലും വീണ്ടുകൊള്ളാം.

30 ലേവ്യരില്‍ ഒരുത്തന്‍ വീണ്ടുകൊള്ളുന്നു എങ്കില്‍ വിറ്റുപോയ വീടും അവന്റെ അവകാശമായ പട്ടണവും യോബേല്‍സംവത്സരത്തില്‍ ഒഴിഞ്ഞുകൊടുക്കേണം; ലേവ്യരുടെ പട്ടണങ്ങളിലെ വീടുകള്‍ യിസ്രായേല്‍ മക്കളുടെ ഇടയില്‍ അവര്‍ക്കുംള്ള അവകാശമല്ലോ.

31 എന്നാല്‍ അവരുടെ പട്ടണങ്ങളോടു ചേര്‍ന്നിരിക്കുന്ന പുല്പുറമായ ഭൂമി വില്‍ക്കരുതു; അതു അവര്‍ക്കും ശാശ്വതാവകാശം ആകുന്നു.

32 നിന്റെ സഹോദരന്‍ ദരിദ്രനായ്തീര്‍ന്നു നിന്റെ അടുക്കല്‍ വെച്ചു ക്ഷയിച്ചുപോയാല്‍ നീ അവനെ താങ്ങേണം; അന്യനും പരദേശിയും എന്നപോലെ അവന്‍ നിന്റെ അടുക്കല്‍ പാര്‍ക്കേണം.

33 അവനോടു പലിശയും ലാഭവും വാങ്ങരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; നിന്റെ സഹോദരന്‍ നിന്റെ അടുക്കല്‍ പാര്‍ക്കേണം.

34 നിന്റെ പണം പലിശെക്കു കൊടുക്കരുതു; നിന്റെ ആഹാരം അവന്നു ലാഭത്തിന്നായി കൊടുക്കയും അരുതു.

35 ഞാന്‍ നിങ്ങള്‍ക്കു കനാന്‍ ദേശം തരുവാനും നിങ്ങളുടെ ദൈവമായിരിപ്പാനും നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

36 നിന്റെ സഹോദരന്‍ ദരിദ്രനായ്തീര്‍ന്നു തന്നെത്താന്‍ നിനക്കു വിറ്റാല്‍ അവനെ കൊണ്ടു അടിമവേല ചെയ്യിക്കരുതു.

37 കൂലിക്കാരന്‍ എന്നപോലെയും വന്നുപാര്‍ക്കുംന്നവന്‍ എന്നപോലെയും അവന്‍ നിന്റെ അടുക്കല്‍ ഇരുന്നു യോബേല്‍സംവത്സരംവരെ നിന്നെ സേവിക്കേണം.

38 പിന്നെ അവന്‍ തന്റെ മക്കളുമായി നിന്നെ വിട്ടുതന്റെ കുടുംബത്തിലേക്കു മടങ്ങിപ്പോകേണം; തന്റെ പിതാക്കന്മാരുടെ അവകാശത്തിലേക്കു അവന്‍ മടങ്ങിപ്പോകേണം.

39 അവര്‍ മിസ്രയീംദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന എന്റെ ദാസന്മാര്‍ ആകകൊണ്ടു അവരെ അടിമകളായി വില്‍ക്കരുതു.

40 അവനോടു കാഠിന്യം പ്രവര്‍ത്തിക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം.

41 നിന്റെ അടിയാരും അടിയാട്ടികളും നിങ്ങള്‍ക്കു ചുറ്റുമുള്ള ജാതികളില്‍നിന്നു ആയിരിക്കേണം; അവരില്‍നിന്നു അടിയാരെയും അടയാട്ടികളെയും കൊള്ളേണം.

42 അവ്വണ്ണം നിങ്ങളുടെ ഇടയില്‍ വന്നു പാര്‍ക്കുംന്ന അന്യജാതിക്കാരുടെ മക്കളില്‍നിന്നും അവര്‍ നിങ്ങളുടെ ദേശത്തു ജനിപ്പിച്ചവരും നിങ്ങളോടു കൂടെ ഇരിക്കുന്നവനുമായ അവരുടെ കുടുംബങ്ങളില്‍നിന്നും നിങ്ങള്‍ വാങ്ങേണം; അവര്‍ നിങ്ങള്‍ക്കു അവകാശമായിരിക്കേണം;

43 നിങ്ങളുടെ ശേഷം നിങ്ങളുടെ മക്കള്‍ക്കും അവകാശമായിരിക്കേണ്ടതിന്നു നിലങ്ങള്‍ അവരെ അവകാശമാക്കിക്കൊള്ളേണം; അവര്‍ എന്നും നിങ്ങള്‍ക്കു അടിമകളായിരിക്കേണം; യിസ്രായേല്‍മക്കളായ നിങ്ങളുടെ സഹോദരന്മാരോടോ നിങ്ങള്‍ കാഠിന്യം പ്രവര്‍ത്തിക്കരുതു.

44 നിന്നോടുകൂടെയുള്ള പരദേശിയോ അന്യനോ സമ്പന്നനാകയും അവന്റെ അടുക്കലുള്ള നിന്റെ സഹോദരന്‍ ദരിദ്രനായ്തീര്‍ന്നു തന്നെത്താന്‍ അന്യന്നോ പരദേശിക്കോ അന്യന്റെ സന്തതിക്കോ വില്‍ക്കയും ചെയ്താല്‍

45 അവന്‍ തന്നെത്താന്‍ വിറ്റശേഷം അവനെ വീണ്ടെടുക്കാം; അവന്റെ സഹോദരന്മാരില്‍ ഒരുത്തന്നു അവനെ വീണ്ടെടുക്കാം.

46 അവന്റെ പിതൃവ്യന്നോ പിതൃവ്യന്റെ പുത്രന്നോ അവനെ വീണ്ടെടുക്കാം; അല്ലെങ്കില്‍ അവന്റെ കുടുംബത്തില്‍ അവന്റെ അടുത്ത ചാര്‍ച്ചക്കാരില്‍ ഒരുത്തന്നു അവനെ വീണ്ടെടുക്കാം; അവന്നു പ്രാപ്തിയുണ്ടെങ്കില്‍ തന്നെത്താന്‍ വീണ്ടെടുക്കാം.

47 അവന്‍ തന്നെ വിറ്റ സംവത്സരം മുതല്‍ യോബേല്‍സംവത്സരംവരെയുള്ള കാലക്കണകൂ തന്നെ വാങ്ങിയവനുമായി കൂട്ടിനോക്കേണം; അവന്റെ വില സംവത്സരസംഖ്യെക്കു ഒത്തവണ്ണം ആയിരിക്കേണം; അവന്‍ ഒരു കൂലിക്കാരന്റെ കാലത്തിന്നു ഒത്തവണ്ണം അവന്റെ അടുക്കല്‍ പാര്‍ക്കേണം.

48 സംവത്സരം ഏറെയുണ്ടെങ്കില്‍ അതിന്നു തക്കവണ്ണം അവന്‍ തന്റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തില്‍നിന്നു മടക്കിക്കൊടുക്കേണം.

49 യോബേല്‍സംവത്സരംവരെ ശേഷിക്കുന്ന സംവത്സരം കുറെ മാത്രം എങ്കില്‍ അവനുമായി കണക്കുകൂട്ടി സംവത്സരങ്ങള്‍ക്കു ഒത്തവണ്ണം തന്റെ വീണ്ടെടുപ്പുവില മടക്കിക്കൊടുക്കേണം.

50 അവന്‍ ആണ്ടോടാണ്ടു കൂലിക്കാരന്‍ എന്നപോലെ അവന്റെ അടുക്കല്‍ ഇരിക്കേണം; നീ കാണ്‍കെ അവന്‍ അവനോടു കാഠിന്യം പ്രവര്‍ത്തിക്കരുതു.

51 ഇങ്ങനെ അവന്‍ വീണ്ടെടുക്കപ്പെടാതെയിരുന്നാല്‍ അവനും അവനോടു കൂടെ അവന്റെ മക്കളും യോബേല്‍ സംവത്സരത്തില്‍ പുറപ്പെട്ടുപോകേണം.

52 യിസ്രായേല്‍മക്കള്‍ എനിക്കു ദാസന്മാര്‍ ആകുന്നു; അവര്‍ മിസ്രയീംദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന എന്റെ ദാസന്മാര്‍; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

ലേവ്യപുസ്തകം 26:1-13

1 വിഗ്രഹങ്ങളെ ഉണ്ടാക്കരുതു; ബിംബമോ സ്തംഭമോ നാട്ടരുതു; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിപ്പാന്‍ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുതു; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

2 നിങ്ങള്‍ എന്റെ ശബ്ബത്തുകള്‍ ആചരിക്കയും എന്റെ വിശുദ്ധമന്ദിരം ബഹുമാനിക്കയും വേണം; ഞാന്‍ യഹോവ ആകുന്നു.

3 എന്റെ ചട്ടം ആചരിച്ചു എന്റെ കല്പന പ്രമാണിച്ചു അനുസരിച്ചാല്‍

4 ഞാന്‍ തക്കസമയത്തു നിങ്ങള്‍ക്കു മഴതരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.

5 നിങ്ങളുടെ മെതി മുന്തിരിപ്പഴം പറിക്കുന്നതുവരെ നിലക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതകാലംവരെയും നിലക്കും; നിങ്ങള്‍ തൃപ്തരായി അഹോവൃത്തികഴിച്ചു ദേശത്തു നിര്‍ഭയം വസിക്കും.

6 ഞാന്‍ ദേശത്തു സമാധാനം തരും; നിങ്ങള്‍ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാന്‍ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാള്‍ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല.

7 നിങ്ങളുടെ ശത്രുക്കളെ നിങ്ങള്‍ ഔടിക്കും; അവര്‍ നിങ്ങളുടെ മുമ്പില്‍ വാളിനാല്‍ വീഴും.

8 നിങ്ങളില്‍ അഞ്ചുപേര്‍ നൂറുപേരെ ഔടിക്കും; നിങ്ങളില്‍ നൂറുപേര്‍ പതിനായിരംപേരെ ഔടിക്കും; നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ മുമ്പില്‍ വാളിനാല്‍ വീഴും.

9 ഞാന്‍ നിങ്ങളെ കടാക്ഷിച്ചു സന്താനസമ്പന്നരാക്കി പെരുക്കുകയും നിങ്ങളോടുള്ള എന്റെ നിയമം സ്ഥിരമാക്കുകയും ചെയ്യും.

10 നിങ്ങള്‍ പഴയ ധാന്യം ഭക്ഷിക്കയും പുതിയതിന്റെ നിമിത്തം പഴയതു പുറത്തു ഇറക്കുകയും ചെയ്യും.

11 ഞാന്‍ എന്റെ നിവാസം നിങ്ങളുടെ ഇടയില്‍ ആക്കും; എന്റെ ഉള്ളം നിങ്ങളെ വെറുക്കയില്ല.

12 ഞാന്‍ നിങ്ങളുടെ ഇടയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാന്‍ നിങ്ങള്‍ക്കു ദൈവവും നിങ്ങള്‍ എനിക്കു ജനവും ആയിരിക്കും.

13 നിങ്ങള്‍ മിസ്രയീമ്യര്‍ക്കും അടിമകളാകാതിരിപ്പാന്‍ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാന്‍ ആകുന്നു; ഞാന്‍ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിര്‍ന്നു നടക്കുമാറാക്കിയിരിക്കുന്നു.

     
    Studovat vnitřní smysl
page loading graphic