രാജാക്കന്മാർ 2 1

Estudio

   

1 ആഹാബ് മരിച്ചശേഷം മോവാബ്യര്‍ യിസ്രായേലിനോടു മത്സരിച്ചു.

2 അഹസ്യാവു ശമര്‍യ്യയിലെ തന്റെ മാളികയുടെ കിളിവാതിലില്‍കൂടി വീണു ദീനംപിടിച്ചു; അവന്‍ ദൂതന്മാരെ അയച്ചുഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു എക്രോനിലെ ദേവനായ ബാല്‍ സെബൂബിനോടു ചെന്നു ചോദിപ്പിന്‍ എന്നു അവരോടു കല്പിച്ചു.

3 എന്നാല്‍ യഹോവയുടെ ദൂതന്‍ തിശ്ബ്യനായ ഏലീയാവോടു കല്പിച്ചതുനീ എഴുന്നേറ്റു ശമര്‍യ്യാരാജാവിന്റെ ദൂതന്മാരെ എതിരേറ്റുചെന്നു അവരോടുയിസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങള്‍ എക്രോനിലെ ദേവനായ ബാല്‍ സെബൂബിനോടു അരുളപ്പാടു ചോദിപ്പാന്‍ പോകുന്നതു?

4 ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്‍നിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. അങ്ങനെ ഏലീയാവു പോയി.

5 ദൂതന്മാര്‍ മടങ്ങിവന്നാറെ അവന്‍ അവരോടുനിങ്ങള്‍ മടങ്ങിവന്നതു എന്തു എന്നു ചോദിച്ചു.

6 അവര്‍ അവനോടു പറഞ്ഞതുഒരാള്‍ ഞങ്ങളെ എതിരേറ്റുവന്നു ഞങ്ങളോടുനിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്റെ അടുക്കല്‍ മടങ്ങിച്ചെന്നുയിസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാല്‍സെബൂബിനോടു അരുളപ്പാടു ചോദിപ്പാന്‍ അയക്കുന്നതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്‍നിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു അവനോടു പറവിന്‍ എന്നു പറഞ്ഞു.

7 അവന്‍ അവരോടുനിങ്ങളെ എതിരേറ്റുവന്നു ഈ വാക്കു നിങ്ങളോടു പറഞ്ഞ ആളുടെ വേഷം എന്തു എന്നു ചോദിച്ചു.

8 അവന്‍ രോമവസ്ത്രം ധരിച്ചു അരെക്കു തോല്‍വാറു കെട്ടിയ ആളായിരുന്നു എന്നു അവര്‍ അവനോടു പറഞ്ഞു. അവന്‍ തിശ്ബ്യനായ ഏലീയാവു തന്നേ എന്നു അവന്‍ പറഞ്ഞു.

9 പിന്നെ രാജാവു അമ്പതുപേര്‍ക്കും അധിപതിയായ ഒരുവനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കല്‍ അയച്ചു; അവന്‍ അവന്റെ അടുക്കല്‍ ചെന്നു; അവന്‍ ഒരു മലമുകളില്‍ ഇരിക്കയായിരുന്നു; അവന്‍ അവനോടുദൈവപുരുഷാ, ഇറങ്ങിവരുവാന്‍ രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു.

10 ഏലീയാവു അമ്പതുപേര്‍ക്കും അധിപതിയായവനോടുഞാന്‍ ദൈവപുരുഷനെങ്കില്‍ ആകശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു. ഉടനെ ആകാശത്തുനിന്നു തീ ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു.

11 അവന്‍ അമ്പതുപേര്‍ക്കും അധിപതിയായ മറ്റൊരുത്തനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കല്‍ അയച്ചു; അവനും അവനോടുദൈവപുരുഷാ, വേഗത്തില്‍ ഇറങ്ങിവരുവാന്‍ രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു.

12 ഏലീയാവു അവനോടുഞാന്‍ ദൈവപുരുഷനെങ്കില്‍ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നുത്തരം പറഞ്ഞു; ഉടനെ ദൈവത്തിന്റെ തീ ആകാശത്തുനിന്നു ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു.

13 മൂന്നാമതും അവന്‍ അമ്പതുപേര്‍ക്കും അധിപതിയായ ഒരുത്തനെയും അവന്റെ അമ്പതു ആളെയും അയച്ചു; ഈ മൂന്നാമത്തെ അമ്പതുപേര്‍ക്കും അധിപതിയായവന്‍ ചെന്നു ഏലീയാവിന്റെ മുമ്പില്‍ മുട്ടുകുത്തി അവനോടുദൈവപുരുഷനായുള്ളോവേ, എന്റെ പ്രാണനെയും നിന്റെ ദാസന്മാരായ ഈ അമ്പതു ആളുടെ പ്രാണനെയും ആദരിക്കേണമേ.

14 ആകാശത്തുനിന്നു തീ ഇറങ്ങി അമ്പതുപേര്‍ക്കധിപതിമാരായ മുമ്പിലത്തെ രണ്ടുപേരെയും അവരുടെ അമ്പതീതു ആളെയും ദഹിപ്പിച്ചുകളഞ്ഞുവല്ലോ; എന്നാല്‍ എന്റെ പ്രാണനെ ആദരിക്കേണമേ എന്നു അപേക്ഷിച്ചു.

15 അപ്പോള്‍ യഹോവയുടെ ദൂതന്‍ ഏലീയാവോടുഇവനോടുകൂടെ പോക; അവനെ ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അങ്ങനെ അവന്‍ എഴുന്നേറ്റു അവനോടുകൂടെ രാജാവിന്റെ അടുക്കല്‍ ചെന്നു.

16 അവനോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു അരുളപ്പാടു ചോദിപ്പാന്‍ യിസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാല്‍സെബൂബിനോടു അരുളപ്പാടു ചോദിപ്പാന്‍ ദൂതന്മാരെ അയച്ചതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്‍നിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും.

17 ഏലീയാവു പറഞ്ഞ യഹോവയുടെ വചനപ്രകാരം തന്നേ അവന്‍ മരിച്ചു പോയി; അവന്നു മകനില്ലായ്കകൊണ്ടു അവന്നു പകരം യെഹോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടില്‍ രാജാവായി.

18 അഹസ്യാവു ചെയ്ത മറ്റുള്ള വൃത്താന്തങ്ങള്‍ യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.