Paso 105

Estudio

     

രാജാക്കന്മാർ 1 14

1 ആ കാലത്തു യൊരോബെയാമിന്റെ മകനായ അബീയാവു ദീനം പിടിച്ചു കിടപ്പിലായി.

2 യൊരോബെയാം തന്റെ ഭാര്യയോടുനീ യൊരോബെയാമിന്റെ ഭാര്യ എന്നു ആരും അറിയാതവണ്ണം വേഷംമാറി ശീലോവിലേക്കു, പോകേണം; ഈ ജനത്തിന്നു ഞാന്‍ രാജാവാകും എന്നു എന്നോടു പറഞ്ഞ അഹീയാപ്രവാചകന്‍ അവിടെ ഉണ്ടല്ലോ.

3 നിന്റെ കയ്യില്‍ പത്തു അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്തു അവന്റെ അടുക്കല്‍ ചെല്ലുക. കുട്ടിയുടെ കാര്യം എന്താകും എന്നു അവന്‍ നിന്നെ അറിയിക്കും എന്നു പറഞ്ഞു.

4 യൊരോബെയാമിന്റെ ഭാര്യ അങ്ങനെ തന്നേ ചെയ്തു; അവള്‍ പുറപ്പെട്ടു ശീലോവില്‍ അഹീയാവിന്റെ വീട്ടില്‍ ചെന്നു; എന്നാല്‍ അഹീയാവിന്നു വാര്‍ദ്ധക്യം നിമിത്തം കണ്ണു മങ്ങിയിരിരുന്നതുകൊണ്ടു കാണ്മാന്‍ വഹിയാതെയിരുന്നു.

5 എന്നാല്‍ യഹോവ അഹീയാവോടുയൊരോബെയാമിന്റെ ഭാര്യ തന്റെ മകനെക്കുറിച്ചു നിന്നോടു ചോദിപ്പാന്‍ വരുന്നു; അവന്‍ ദീനമായി കിടക്കുന്നു; നീ അവളോടു ഇന്നിന്നപ്രകാരം സംസാരിക്കേണം; അവള്‍ അകത്തു വരുമ്പോള്‍ അന്യസ്ത്രീയുടെ ഭാവം നടിക്കും എന്നു അരുളിച്ചെയ്തു.

6 അവള്‍ വാതില്‍ കടക്കുമ്പോള്‍ അവളുടെ കാലൊച്ച അഹിയാവു കേട്ടിട്ടു പറഞ്ഞതെന്തെന്നല്‍യൊരോബെയാമിന്റെ ഭാര്യയേ, അകത്തു വരിക; നീ ഒരു അന്യസ്ത്രീ എന്നു നടിക്കുന്നതു എന്തിന്നു? കഠിനവര്‍ത്തമാനം നിന്നെ അറിയിപ്പാന്‍ എനിക്കു നിയോഗം ഉണ്ടു.

7 നീ ചെന്നു യൊരോബെയാമിനോടു പറയേണ്ടുന്നതു എന്തെന്നാല്‍യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ജനത്തിന്റെ ഇടയില്‍നിന്നു നിന്നെ ഉയര്‍ത്തി, എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവാക്കി.

8 രാജത്വം ദാവീദ് ഗൃഹത്തില്‍നിന്നു കീറിയെടുത്തു നിനക്കുതന്നു; എങ്കിലും എന്റെ കല്പനകളെ പ്രമാണിക്കയും എനിക്കു പ്രസാദമുള്ളതു മാത്രം ചെയ്‍വാന്‍ പൂര്‍ണ്ണമനസ്സോടുകൂടെ എന്നെ അനുസരിക്കയും ചെയ്ത എന്റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ

9 നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം ചെയ്തു; എന്നെ കോപിപ്പിക്കേണ്ടതിന്നു ചെന്നു നിനക്കു അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ നിന്റെ പുറകില്‍ എറിഞ്ഞുകളഞ്ഞു.

10 അതു കൊണ്ടു ഇതാ, ഞാന്‍ യൊരോബെയാമിന്റെ ഗൃഹത്തിന്നു അനര്‍ത്ഥം വരുത്തി, യൊരോബെയാമിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനും ആയ പുരുഷപ്രജയെ ഒക്കെയും യിസ്രായേലില്‍നിന്നു ഛേദിക്കയും കാഷ്ഠം കോരിക്കളയുന്നതു പോലെ യൊരോബെയാമിന്റെ ഗൃഹം തീരെ മുടിഞ്ഞുപോകുംവരെ അതിനെ കോരിക്കളകയും ചെയ്യും.

11 യൊരോബെയാമിന്റെ സന്തതിയില്‍ പട്ടണത്തില്‍വെച്ചു മരിക്കുന്നവനെ നായ്ക്കള്‍ തിന്നും; വയലില്‍ വെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികള്‍ തിന്നും; യഹോവ അതു അരുളിച്ചെയ്തിരിക്കുന്നു.

12 ആകയാല്‍ നീ എഴുന്നേറ്റു വീട്ടിലേക്കു പോക; നിന്റെ കാല്‍ പട്ടണത്തിന്നകത്തു ചവിട്ടുമ്പോള്‍ കുട്ടി മരിച്ചു പോകും.

13 യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലപിച്ചു അവനെ അടക്കം ചെയ്യും; യെരോബെയാമിന്റെ ഗൃഹത്തില്‍വെച്ചു അവനില്‍മാത്രം യിസ്രായേലിന്റെ ദൈവമായ യഹോവേക്കു പ്രസാദമുള്ള കാര്യം അല്പം കാണുകയാല്‍ യൊരോബെയാമിന്റെ സന്തതിയില്‍ അവനെ മാത്രം കല്ലറയില്‍ അടക്കം ചെയ്യും.

14 യഹോവ തനിക്കു യിസ്രായേലില്‍ ഒരു രാജാവിനെ എഴുന്നേല്പിക്കും; അവന്‍ അന്നു യൊരോബെയാമിന്റെ ഗൃഹത്തെ ഛേദിച്ചുകളയും; എന്നാല്‍ ഇപ്പോള്‍ തന്നേ എന്തു?

15 യിസ്രായേല്‍ അശേരാപ്രതിഷ്ഠകളെ ഉണ്ടാക്കി യഹോയെ കോപിപ്പിച്ചതുകൊണ്ടു ഔട വെള്ളത്തില്‍ ആടുന്നതുപോലെ അവര്‍ ആടത്തക്കവണ്ണം യഹോവ അവരെ ആടിച്ചു അവരുടെ പിതാക്കന്മാര്‍ക്കും താന്‍ കൊടുത്ത ഈ നല്ല ദേശത്തുനിന്നു യിസ്രായേലിനെ പറിച്ചെടുത്തു നദിക്കക്കരെ ചിതറിച്ചുകളയും.

16 പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്റെ പാപംനിമിത്തം അവന്‍ യിസ്രായേലിനെ ഉപേക്ഷിച്ചുകളയും.

17 എന്നാറെ യൊരോബെയാമിന്റെ ഭാര്യ എഴുന്നേറ്റു പുറപ്പെട്ടു തിര്‍സ്സയില്‍വന്നു; അവള്‍ അരമനയുടെ ഉമ്മരപ്പടി കടക്കുമ്പോള്‍ കുട്ടി മരിച്ചു.

18 യഹോവ തന്റെ ദാസനായ അഹീയാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവര്‍ അവനെ അടക്കം ചെയ്തു. യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലാപം കഴിച്ചു.

19 യൊരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

20 യൊരോബെയാം വാണകാലം ഇരുപത്തുരണ്ടു സംവത്സരം ആയിരുന്നു; അവന്‍ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ നാദാബ് അവന്നു പകരം രാജാവായി.

21 ശലോമോന്റെ മകനായ രെഹബെയാം യെഹൂദയില്‍ വാണു. രെഹബെയാം വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിപ്പാന്‍ എല്ലായിസ്രായേല്‍ഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്ത നഗരമായ യെരൂശലേമില്‍ അവന്‍ പതിനേഴു സംവത്സരം വാണു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നുപേര്‍.

22 യെഹൂദാ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; അവര്‍ ചെയ്ത പാപങ്ങള്‍കൊണ്ടു അവരുടെ പിതാക്കന്മാര്‍ ചെയ്തതിനെക്കാള്‍ അധികം അവനെ ക്രുദ്ധിപ്പിച്ചു.

23 എങ്ങനെയെന്നാല്‍ അവര്‍ ഉയര്‍ന്ന കുന്നിന്മേലൊക്കെയും പച്ചമരത്തിന്‍ കീഴിലൊക്കെയും പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി.

24 പുരുഷമൈഥുനക്കാരും ദേശത്തു ഉണ്ടായിരുന്നു; യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ സകലമ്ളേച്ഛതളും അവര്‍ അനുകരിച്ചു.

25 എന്നാല്‍ രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടില്‍ മിസ്രയീംരാജാവായ ശീശക്‍ യെരൂശലേമിന്റെ നേരെ വന്നു,

26 യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനയിലെ ഭണ്ഡാരവും എല്ലാം കവര്‍ന്നു; അവന്‍ ആസകലം കവര്‍ന്നു; ശലോമോന്‍ ഉണ്ടാക്കിയ പൊന്‍ പരിചകളും എടുത്തുകൊണ്ടുപോയി.

27 ഇവേക്കു പകരം രെഹബെയാംരാജാവു താമ്രം കൊണ്ടു പരിചകള്‍ ഉണ്ടാക്കി രാജധാനിയുടെ വാതില്‍ കാക്കുന്ന അകമ്പടിനായകന്മാരുടെ കയ്യില്‍ ഏല്പിച്ചു.

28 രാജാവു യഹോവയുടെ ആലയത്തില്‍ ചെല്ലുമ്പോള്‍ അകമ്പടികള്‍ അവയെ ധരിക്കയും പിന്നെ അകമ്പടികളുടെ അറയില്‍ തിരികെ കൊണ്ടുചെന്നു വെക്കുകയും ചെയ്യും.

29 രെഹബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ?

30 രെഹബെയാമിന്നും യൊരോബെയാമിന്നും തമ്മില്‍ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.

31 രെഹെബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തില്‍ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നു പേര്‍. അവന്റെ മകനായ അബീയാം അവന്നു പകരം രാജാവായി.

രാജാക്കന്മാർ 1 15

1 നെബാത്തിന്റെ മകനായ യൊരോബെയാം രാജാവിന്റെ പതിനെട്ടാം ആണ്ടില്‍ അബിയാം യെഹൂദയില്‍ വാണുതുടങ്ങി.

2 അവന്‍ മൂന്നു സംവത്സരം യെരൂശലേമില്‍ വാണു; അവന്റെ അമ്മെക്കു മയഖാ എന്നു പേര്‍; അവള്‍ അബീശാലോമിന്റെ മകള്‍ ആയിരുന്നു.

3 തന്റെ അപ്പന്‍ മുമ്പെ ചെയ്തിരുന്ന സകലപാപങ്ങളിലും അവന്‍ നടന്നു; അവന്റെ ഹൃദയം അവന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ അവന്റെ ദൈവമായ യഹോവയിങ്കല്‍ ഏകാഗ്രമായിരുന്നില്ല.

4 എങ്കിലും ദാവീദിന്‍ നിമിത്തം അവന്റെ ദൈവമായ യഹോവ അവന്റെ മകനെ അവന്റെ അനന്തരവനായി ഉയര്‍ത്തിയും യെരൂശലേമിനെ നിലനിര്‍ത്തിയുംകൊണ്ടു അവന്നു യെരൂശലേമില്‍ ഒരു ദീപം നല്കി.

5 ദാവീദ് യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു; ഹിത്യനായ ഊരീയാവിന്റെ കാര്യത്തില്‍ മാത്രമല്ലാതെ അവന്‍ തന്നോടു കല്പിച്ചതില്‍ ഒന്നും തന്റെ ആയുഷ്കാലത്തൊരിക്കലും വിട്ടുമാറീട്ടില്ല.

6 രെഹബെയാമും യൊരോബെയാമും തമ്മില്‍ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.

7 അബീയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ. അബീയാമും യൊരോബെയാമും തമ്മിലും യുദ്ധം ഉണ്ടായിരുന്നു.

8 അബിയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവര്‍ ദാവീദിന്റെ നഗരത്തില്‍ അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവന്നു പകരം രാജാവായി.

9 യിസ്രായേല്‍രാജാവായ യൊരോബെയാമിന്റെ ഇരുപതാം ആണ്ടില്‍ ആസാ യെഹൂദയില്‍ രാജാവായി.

10 അവന്‍ നാല്പത്തൊന്നു സംവത്സരം യെരൂശലേമില്‍ വാണു; അവന്റെ അമ്മെക്കു മയഖാ എന്നു പേര്‍; അവള്‍ അബിശാലോമിന്റെ മകള്‍ ആയിരുന്നു.

11 ആസാ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.

12 അവന്‍ പുരുഷമൈഥുനക്കാരെ ദേശത്തുനിന്നു പുറത്താക്കി, തന്റെ പിതാക്കന്മാര്‍ ഉണ്ടാക്കിയിരുന്ന സകലവിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു.

13 തന്റെ അമ്മയായ മയഖ അശേരെക്കു ഒരു മ്ളേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതു കൊണ്ടു അവന്‍ അവളെ രാജ്ഞിസ്ഥാനത്തില്‍നിന്നു നീക്കിക്കളഞ്ഞു; ആസാ അവളുടെ മ്ളേച്ഛവിഗ്രഹം വെട്ടിമുറിച്ചു കിദ്രോന്‍ തോട്ടിന്നരികെവെച്ചു ചുട്ടുകളഞ്ഞു.

14 എന്നാല്‍ പൂജാഗിരികള്‍ക്കു നീക്കംവന്നില്ല. എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലത്തൊക്കെയും യഹോവയിങ്കല്‍ ഏകാഗ്രമായിരുന്നു.

15 വെള്ളി, പൊന്നു, ഉപകരണങ്ങള്‍ എന്നിങ്ങനെ തന്റെ അപ്പന്‍ നിവേദിച്ചതും താന്‍ തന്നേ നിവേദിച്ചതുമായ വസ്തുക്കളെ അവന്‍ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു.

16 ആസയും യിസ്രായേല്‍രാജാവായ ബയെശയും തമ്മില്‍ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.

17 യിസ്രായേല്‍രാജാവായ ബയെശാ യെഹൂദയുടെ നേരെ വന്നു, യെഹൂദാരാജാവായ ആസയുടെ അടുക്കല്‍ പോക്കുവരുത്തിന്നു ആരെയും സമ്മതിക്കാതിരിക്കേണ്ടതിന്നു രാമയെ പണിതു ഉറപ്പിച്ചു.

18 അപ്പോള്‍ ആസാ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍ ശേഷിച്ചിരുന്ന എല്ലാ വെള്ളിയും പൊന്നും രാജധാനിയിലെ ഭണ്ഡാരവും എടുത്തു തന്റെ ഭൃത്യന്മാരുടെ കയ്യില്‍ ഏല്പിച്ചു; ആസാരാജാവു ദമ്മേശെക്കില്‍ പാര്‍ത്ത ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകന്‍ ബെന്‍ -ഹദദ് എന്ന അരാംരാജാവിന്നു അവയെ കൊടുത്തയച്ചു

19 എനിക്കും നിനക്കും, എന്റെ അപ്പന്നും നിന്റെ അപ്പന്നും തമ്മില്‍ സഖ്യത ഉണ്ടല്ലോ; ഇതാ, ഞാന്‍ നിനക്കു സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രയേല്‍രാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന്നു നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറയിച്ചു.

20 ബെന്‍ -ഹദദ് ആസാരാജാവിന്റെ അപേക്ഷകേട്ടു, തന്റെ സേനാപതികളെ യിസ്രായേല്‍പട്ടണങ്ങള്‍ക്കു നേരെ അയച്ചു ഈയോനും ദാനും ആബേല്‍-ബേത്ത്-മയഖയും കിന്നെരോത്ത് മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി.

21 ബയെശാ അതു കേട്ടപ്പോള്‍ രാമാ പണിയുന്നതു നിര്‍ത്തി തിര്‍സ്സയില്‍ തന്നേ പാര്‍ത്തു.

22 ആസാരാജാവു ഒരു വിളംബരം പ്രസിദ്ധമാക്കി ഒട്ടൊഴിയാതെ യെഹൂദയെ മുഴുവനും വിളിച്ചുകൂട്ടി; അവര്‍ ചെന്നു ബയെശാ പണിതു ഉറപ്പിച്ച രാമയുടെ കല്ലും മരവും എടുത്തു കൊണ്ടുവന്നു; ആസാരാജാവു അവകൊണ്ടു ബെന്യാമീനിലെ ഗേബയും മിസ്പയും പണിതു ഉറപ്പിച്ചു.

23 ആസയുടെ മറ്റുള്ള സകല വൃത്താന്തങ്ങളും അവന്റെ സകലപരാക്രമപ്രവൃത്തികളും അവന്‍ ചെയ്തതൊക്കെയും അവന്‍ പട്ടണങ്ങള്‍ പണിതതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ. എന്നാല്‍ അവന്റെ വാര്‍ദ്ധക്യകാലത്തു അവന്റെ കാലുകള്‍ക്കു ദീനംപിടിച്ചു.

24 ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്റെ പിതാവായ ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി.

25 യെഹൂദാരാജാവായ ആസയുടെ രണ്ടാം ആണ്ടില്‍ യൊരോബെയാമിന്റെ മകനായ നാദാബ് യിസ്രായേലില്‍ രാജാവായി; അവന്‍ രണ്ടു സംവത്സരം യിസ്രായേലില്‍ വാണു.

26 അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; തന്റെ അപ്പന്റെ വഴിയിലും അവന്‍ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.

27 എന്നാല്‍ യിസ്സാഖാര്‍ഗോത്രക്കാരനായ അഹിയാവിന്റെ മകനായ ബയെശാ അവന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; ഫെലിസ്ത്യര്‍ക്കുംള്ള ഗിബ്ബെഥോനില്‍വെച്ചു അവനെ കൊന്നു; നാദാബും എല്ലാ യിസ്രായേലും ഗിബ്ബെഥോനെ വളഞ്ഞിരിക്കയായിരുന്നു.

28 ബയെശാ അവനെ യെഹൂദാ രാജാവായ ആസയുടെ മൂന്നാം ആണ്ടില്‍ കൊന്നു; അവന്നു പകരം രാജാവായി.

29 അവന്‍ രാജാവായ ഉടനെ യൊരോബെയാം ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; യഹോവ ശിലോന്യനായ അഹിയാവു എന്ന തന്റെ ദാസന്‍ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവന്‍ യൊരോബെയാമിന്നു ശ്വാസമുള്ള ഒന്നിനെയും ശേഷിപ്പിക്കാതെ അശേഷം മുടിച്ചുകളഞ്ഞു.

30 യൊരോബെയാം ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങള്‍ നിമിത്തവും അവന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചതുനിമിത്തവും തന്നേ.

31 നാദാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

32 ആസയും യിസ്രായേല്‍രാജാവായ ബയെശയും തമ്മില്‍ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.

33 യെഹൂദാരാജാവായ ആസയുടെ മൂന്നാം ആണ്ടില്‍ അഹീയാവിന്റെ മകനായ ബയെശാ എല്ലായിസ്രായേലിന്നും രാജാവായി തിര്‍സ്സയില്‍ ഇരുപത്തുനാലു സംവത്സരം വാണു.

34 അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു. യൊരോബെയാമിന്റെ വഴിയിലും അവന്‍ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.

രാജാക്കന്മാർ 1 16

1 ബയെശകൂ വിരോധമായി ഹനാനിയുടെ മകന്‍ യേഹൂവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍

2 ഞാന്‍ നിന്നെ പൊടിയില്‍നിന്നു ഉയര്‍ത്തി എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവാക്കിവെച്ചു; നീയോ യൊരോബെയാമിന്റെ വഴിയില്‍ നടക്കയും തങ്ങളുടെ പാപങ്ങളാല്‍ എന്നെ കോപിപ്പിക്കത്തക്കവണ്ണം എന്റെ ജനമായ യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്കയാല്‍

3 ഇതാ ഞാന്‍ ബയെശയെയും അവന്റെ ഗൃഹത്തെയും അശേഷം അടിച്ചുവാരിക്കളയും; നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെ ആക്കും.

4 ബയെശയുടെ സന്തതിയില്‍ പട്ടണത്തില്‍വെച്ചു മരിക്കുന്നവനെ നായ്ക്കള്‍ തിന്നും; വയലില്‍വെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികള്‍ തിന്നും.

5 ബയെശയുടെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതും അവന്റെ പരാക്രമപ്രവൃത്തികളും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

6 ബയെശാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തിര്‍സ്സയില്‍ അടക്കംചെയ്തു; അവന്റെ മകന്‍ ഏലാ അവന്നു പകരം രാജാവായി.

7 ബയെശാ യൊരോബെയാംഗൃഹത്തെപ്പോലെ ഇരുന്നു തന്റെ കൈകളുടെ പ്രവൃത്തിയാല്‍ യഹോവയെ ക്രുദ്ധിപ്പിച്ചു യഹോവേക്കു അനിഷ്ടമായുള്ളതൊക്കെയും ചെയ്കയും അവരെ കൊന്നുകളകയും ചെയ്തതുകൊണ്ടു അവന്നും അവന്റെ ഗൃഹത്തിന്നും വിരോധമായി ഹനാനിയുടെ മകനായ യേഹൂപ്രവാചകന്‍ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായിരുന്നു.

8 യെഹൂദാരാജാവായ ആസയുടെ ഇരുപത്താറാം ആണ്ടില്‍ ബയെശയുടെ മകന്‍ ഏലാ യിസ്രായേലില്‍ രാജാവായി തിര്‍സ്സയില്‍ രണ്ടു സംവത്സരം വാണു.

9 എന്നാല്‍ രഥങ്ങളില്‍ പകുതിക്കു അധിപതിയായ സിമ്രി എന്ന അവന്റെ ഭൃത്യന്‍ അവന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി, അവന്‍ തിര്‍സ്സയില്‍ തിര്‍സ്സാരാജധാനിവിചാരകനായ അര്‍സ്സയുടെ വീട്ടില്‍ കുടിച്ചു ലഹരിപിടിച്ചിരിക്കുമ്പോള്‍

10 സിമ്രി അകത്തു കടന്നു യെഹൂദാരാജാവായ ആസയുടെ ഇരുപത്തേഴാം ആണ്ടില്‍ അവനെ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.

11 അവന്‍ രാജാവായി സിംഹാസനത്തില്‍ ഇരുന്ന ഉടനെ ബയെശയുടെ ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; അവന്നാകട്ടെ അവന്റെ ചാര്‍ച്ചക്കാര്‍ക്കാകട്ടെ പുരുഷപ്രജയായ ഒന്നിനെയും അവന്‍ ശേഷിപ്പിച്ചില്ല.

12 അങ്ങനെ ബയെശയും അവന്റെ മകന്‍ ഏലയും തങ്ങളുടെ മിത്ഥ്യാമൂര്‍ത്തികളാല്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു, തങ്ങള്‍ ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ സകല പാപങ്ങളും നിമിത്തം

13 യഹോവ യേഹൂപ്രവാചകന്‍ മുഖാന്തരം ബയെശകൂ വിരോധമായി അരുളിച്ചെയ്ത വചനപ്രകാരം സിമ്രി ബയെശയുടെ ഭവനത്തെ മുഴുവനും നിഗ്രഹിച്ചുകളഞ്ഞു.

14 ഏലയുടെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

15 യെഹൂദാരാജാവായ ആസയുടെ ഇരുപത്തേഴാം ആണ്ടില്‍ സിമ്രി തിര്‍സ്സയില്‍ ഏഴു ദിവസം രാജാവായിരുന്നു; അന്നു പടജ്ജനം ഫെലിസ്ത്യര്‍ക്കുംള്ള ഗിബ്ബെഥോന്‍ നിരോധിച്ചിരിക്കയായിരുന്നു.

16 സിമ്രി കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ കൊന്നുകളഞ്ഞു എന്നു പാളയം ഇറങ്ങിയിരുന്ന പടജ്ജനം കേട്ടപ്പോള്‍ എല്ലായിസ്രായേലും അന്നു തന്നേ പാളയത്തില്‍വെച്ചു സേനാധിപതിയായ ഒമ്രിയെ യിസ്രായേലിന്നു രാജാവാക്കി വാഴിച്ചു.

17 ഉടനെ ഒമ്രി എല്ലായിസ്രായേലുമായി ഗിബ്ബെഥോന്‍ വിട്ടുചെന്നു തിര്‍സ്സയെ നിരോധിച്ചു.

18 പട്ടണം പിടിപെട്ടു എന്നു സിമ്രി കണ്ടപ്പോള്‍ രാജധാനിയുടെ ഉള്‍മുറിയില്‍ കടന്നു രാജധാനിക്കു തീവെച്ചു അതില്‍ മരിച്ചുകളഞ്ഞു.

19 അവന്‍ യെരോബെയാമിന്റെ വഴിയിലും അവന്‍ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു യഹോവേക്കു അനിഷ്ടമായുള്ളതു പ്രവൃത്തിച്ചു, ഇങ്ങനെ താന്‍ ചെയ്ത പാപങ്ങള്‍നിമിത്തം തന്നേ.

20 സിമ്രിയുടെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേല്‍ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

21 അന്നു യിസ്രായേല്‍ ജനം രണ്ടു ഭാഗമായി പിരിഞ്ഞു; പാതി ജനം ഗീനത്തിന്റെ മകനായ തിബ്നിയെ രാജാവാക്കേണ്ടതിന്നു അവന്റെ പക്ഷം ചേര്‍ന്നു; പാതി ജനം ഒമ്രിയുടെ പക്ഷം ചേര്‍ന്നു.

22 എന്നാല്‍ ഒമ്രിയുടെ പക്ഷം ചേര്‍ന്ന ജനം ഗീനത്തിന്റെ മകനായ തിബ്നിയുടെ പക്ഷം ചേര്‍ന്ന ജനത്തെ തോല്പിച്ചു; അങ്ങനെ തിബ്നി പട്ടുപോകയും ഒമ്രി രാജാവാകയും ചെയ്തു.

23 യെഹൂദാരാജാവായ ആസയുടെ മുപ്പത്തൊന്നാം ആണ്ടില്‍ ഒമ്രി യിസ്രായേലില്‍ രാജാവായി പന്ത്രണ്ടു സംവത്സരം വാണു; തിര്‍സ്സയില്‍ അവന്‍ ആറു സംവത്സരം വാണു.

24 പിന്നെ അവന്‍ ശേമെരിനോടു ശമര്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളില്‍ പട്ടണം പണിതു; താന്‍ പണിത പട്ടണത്തിന്നു മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിന്‍ പ്രകാരം ശമര്യാ എന്നു പേരിട്ടു.

25 ഒമ്രി യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം പ്രവര്‍ത്തിച്ചു.

26 എങ്ങനെയെന്നാല്‍അവന്‍ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ എല്ലാവഴിയിലും യിസ്രായേലിന്റെ ദൈവമായ യഹോവയെ തങ്ങളുടെ മിത്ഥ്യാമൂര്‍ത്തികളാല്‍ കോപിപ്പിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച പാപങ്ങളിലും നടന്നു.

27 ഒമ്രി ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്ത പരാക്രമപ്രവൃത്തികളും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

28 ഒമ്രി തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ശമര്യയില്‍ അവനെ അടക്കം ചെയ്തു. അവന്റെ മകനായ ആഹാബ് അവന്നു പകരം രാജാവായി.

29 യെഹൂദാരാജാവായ ആസയുടെ മുപ്പത്തെട്ടാം ആണ്ടില്‍ ഒമ്രിയുടെ മകനായ ആഹാബ് യിസ്രായേലില്‍ രാജാവായി; ഒമ്രിയുടെ മകനായ ആഹാബ് ശമര്യയില്‍ യിസ്രായേലിനെ ഇരുപത്തുരണ്ടു സംവത്സരം വാണു.

30 ഒമ്രിയുടെ മകനായ ആഹാബ് തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.

31 നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളില്‍ നടക്കുന്നതു പോരാ എന്നു തോന്നുമാറു അവന്‍ സീദോന്യരാജാവായ എത്ത്-ബാലിന്റെ മകളായ ഈസേബെലിനെ ഭാര്യയായി പരിഗ്രഹിക്കയും ബാലിനെ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്തു.

32 താന്‍ ശമര്യയില്‍ പണിത ബാലിന്റെ ക്ഷേത്രത്തില്‍ അവന്‍ ബാലിന്നു ഒരു ബലിപീഠം ഉണ്ടാക്കി.

33 ആഹാബ് ഒരു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; അങ്ങനെ ആഹാബ് യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിക്കത്തക്കവണ്ണം തനിക്കു മുമ്പുണ്ടായിരുന്ന എല്ലായിസ്രായേല്‍രാജാക്കന്മാരെക്കാളും അധികം ദോഷം പ്രവര്‍ത്തിച്ചു.

34 അവന്റെ കാലത്തു ബേഥേല്യനായ ഹീയേല്‍ യെരീഹോ പണിതു; യഹോവ നൂന്റെ മകനായ യോശുവമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അതിന്റെ അടിസ്ഥാനം ഇട്ടപ്പോള്‍ അവന്നു അബീറാം എന്ന മൂത്തമകനും അതിന്റെ പടിവാതില്‍ വെച്ചപ്പോള്‍ ശെഗൂബു എന്ന ഇളയമകനും നഷ്ടംവന്നു.

രാജാക്കന്മാർ 1 17

1 എന്നാല്‍ ഗിലെയാദിലെ തിശ്ബിയില്‍നിന്നുള്ള തിശ്ബ്യനായ ഏലീയാവു അഹാബിനോടുഞാന്‍ സേവിച്ചുനിലക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാന്‍ പറഞ്ഞല്ലാതെ ഈയാണ്ടുകളില്‍ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.

2 പിന്നെ അവന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍

3 നീ ഇവിടെനിന്നു പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോര്‍ദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരിക്ക.

4 തോട്ടില്‍നിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാന്‍ കാക്കയോടു കല്പിച്ചിരിക്കുന്നു.

5 അങ്ങനെ അവന്‍ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; അവന്‍ ചെന്നു യോര്‍ദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ പാര്‍ത്തു.

6 കാക്ക അവന്നു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടില്‍നിന്നു അവന്‍ കുടിക്കും.

7 എന്നാല്‍ ദേശത്തു മഴ പെയ്യായ്കയാല്‍ കുറെ ദിവസം കഴിഞ്ഞശേഷം തോടു വറ്റിപ്പോയി.

8 അപ്പോള്‍ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍

9 നീ എഴുന്നേറ്റു സീദോനോടു ചേര്‍ന്ന സാരെഫാത്തിലേക്കു ചെന്നു അവിടെ പാര്‍ക്ക; നിന്നെ പുലര്‍ത്തേണ്ടതിന്നു അവിടെ ഉള്ള ഒരു വിധവയോടു ഞാന്‍ കല്പിച്ചിരിക്കുന്നു.

10 അങ്ങനെ അവന്‍ എഴുന്നേറ്റു സാരെഫാത്തിന്നു പോയി. അവന്‍ പട്ടണവാതില്‍ക്കല്‍ എത്തിയപ്പോള്‍ അവിടെ ഒരു വിധവ വിറകു പെറുക്കിക്കൊണ്ടിരുന്നു. അവന്‍ അവളെ വിളിച്ചുഎനിക്കു കുടിപ്പാന്‍ ഒരു പാത്രത്തില്‍ കുറെ വെള്ളം കൊണ്ടുവരേണമേ എന്നു പറഞ്ഞു.

11 അവള്‍ കൊണ്ടുവരുവാന്‍ പോകുമ്പോള്‍ ഒരു കഷണം അപ്പവും കൂടെ നിന്റെ കയ്യില്‍ കൊണ്ടുപോരേണമേ എന്നു അവന്‍ അവളോടു വിളിച്ചുപറഞ്ഞു.

12 അതിന്നു അവള്‍നിന്റെ ദൈവമായ യഹോവയാണ, കലത്തില്‍ ഒരു പിടി മാവും തുരുത്തിയില്‍ അല്പം എണ്ണയും മാത്രമല്ലാതെ എനിക്കു ഒരു അപ്പവും ഇല്ല. ഞാന്‍ ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്നു എനിക്കും മകന്നും വേണ്ടി ഒരുക്കി അതു ഞങ്ങള്‍ തിന്നിട്ടു മരിപ്പാനിരിക്കയാകുന്നു എന്നു പറഞ്ഞു.

13 ഏലീയാവു അവളോടുഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക; എന്നാല്‍ ആദ്യം എനിക്കു ചെറിയോരു അട ഉണ്ടാക്കി കൊണ്ടുവരിക; പിന്നെ നിനക്കും നിന്റെ മകന്നും വേണ്ടി ഉണ്ടാക്കിക്കൊള്‍ക.

14 യഹോവ ഭൂമിയില്‍ മഴ പെയ്യിക്കുന്ന നാള്‍വരെ കലത്തിലെ മാവു തീര്‍ന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

15 അവള്‍ ചെന്നു ഏലീയാവു പറഞ്ഞതുപോലെ ചെയ്തു; അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാള്‍ അഹോവൃത്തികഴിച്ചു.

16 യഹോവ ഏലീയാവുമുഖാന്തരം അരുളിച്ചെയ്ത വചന പ്രകാരം കലത്തിലെ മാവു തീര്‍ന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല.

17 അനന്തരം വീട്ടുടമക്കാരത്തിയായ സ്ത്രീയുടെ മകന്‍ ദീനം പിടിച്ചു കിടപ്പിലായി; ദീനം കടുത്തിട്ടു അവനില്‍ ശ്വാസം ഇല്ലാതെയായി.

18 അപ്പോള്‍ അവള്‍ ഏലീയാവോടുഅയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്റെ പാപം ഔര്‍പ്പിക്കേണ്ടതിന്നും എന്റെ മകനെ കൊല്ലേണ്ടതിന്നും ആകുന്നുവോ നീ എന്റെ അടുക്കല്‍ വന്നതു എന്നു പറഞ്ഞു.

19 അവന്‍ അവളോടുനിന്റെ മകനെ ഇങ്ങു തരിക എന്നു പറഞ്ഞു. അവനെ അവളുടെ മടിയില്‍നിന്നെടുത്തു താന്‍ പാര്‍ത്തിരുന്ന മാളികമുറിയില്‍ കൊണ്ടുചെന്നു തന്റെ കട്ടിലിന്മേല്‍ കിടത്തി.

20 അവന്‍ യഹോവയോടുഎന്റെ ദൈവമായ യഹോവേ, ഞാന്‍ വന്നു പാര്‍ക്കുംന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാന്‍ തക്കവണ്ണം നീ അവള്‍ക്കു അനര്‍ത്ഥം വരുത്തിയോ എന്നു പ്രാര്‍ത്ഥിച്ചുപറഞ്ഞു.

21 പിന്നെ അവന്‍ കുട്ടിയുടെ മേല്‍ മൂന്നുപ്രാവശ്യം കവിണ്ണുകിടന്നുഎന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണന്‍ അവനില്‍ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാര്‍ത്ഥിച്ചു.

22 യഹോവ ഏലീയാവിന്റെ പ്രാര്‍ത്ഥന കേട്ടു; കുട്ടിയുടെ പ്രാണന്‍ അവനില്‍ മടങ്ങിവന്നു അവന്‍ ജീവിച്ചു.

23 ഏലീയാവു കുട്ടിയെ എടുത്തു മാളികയില്‍നിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്നു അവന്റെ അമ്മെക്കു കൊടുത്തുഇതാ, നിന്റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നു ഏലിയാവു പറഞ്ഞു.

24 സ്ത്രീ ഏലീയാവോടുനീ ദൈവപുരുഷന്‍ എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാന്‍ ഇതിനാല്‍ അറിയുന്നു എന്നു പറഞ്ഞു.