Paso 362

Estudio

     

വെളിപ്പാടു 1

1 യേശുക്രിസ്തുവിന്റെ വെളിപ്പാടുവേഗത്തില്‍ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവന്‍ അതു തന്റെ ദൂതന്‍ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദര്‍ശിപ്പിച്ചു.

2 അവന്‍ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താന്‍ കണ്ടതു ഒക്കെയും സാക്ഷീകരിച്ചു.

3 ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേള്‍പ്പിക്കുന്നവനും കേള്‍ക്കുന്നവരും അതില്‍ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാര്‍; സമയം അടുത്തിരിക്കുന്നു.

4 യോഹന്നാന്‍ ആസ്യയിലെ ഏഴു സഭകള്‍ക്കും എഴുതുന്നതുഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കല്‍ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കല്‍നിന്നും

5 വിശ്വസ്തസാക്ഷിയും മരിച്ചവരില്‍ ആദ്യജാതനും ഭൂരാജാക്കന്മാര്‍ക്കും അധിപതിയും ആയ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

6 നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താല്‍ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീര്‍ത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേന്‍ .

7 ഇതാ, അവന്‍ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങള്‍ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേന്‍ .

8 ഞാന്‍ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവു അരുളിച്ചെയ്യുന്നു.

9 നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാന്‍ എന്ന ഞാന്‍ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപില്‍ ആയിരുന്നു.

10 കര്‍ത്തൃദിവസത്തില്‍ ഞാന്‍ ആത്മവിവശനായി

11 നീ കാണുന്നതു ഒരു പുസ്തകത്തില്‍ എഴുതി എഫെസൊസ്, സ്മുര്‍ന്നാ; പെര്‍ഗ്ഗമൊസ്, തുയഥൈര, സര്‍ദ്ദീസ്, ഫിലദെല്‍ഫ്യ, ലവൊദിക്ക്യാ എന്ന ഏഴു സഭകള്‍ക്കും അയക്കുക എന്നിങ്ങനെ കാഹളത്തിന്നൊത്ത ഒരു മഹാനാദം എന്റെ പുറകില്‍ കേട്ടു.

12 എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാന്‍ ഞാന്‍ തിരിഞ്ഞു.

13 തിരിഞ്ഞപ്പോള്‍ ഏഴു പൊന്‍ നിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവില്‍ നിലയങ്കി ധരിച്ചു മാറത്തു പൊന്‍ കച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.

14 അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും

15 കാല്‍ ഉലയില്‍ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചല്‍പോലെയും ആയിരുന്നു. അവന്റെ വലങ്കയ്യില്‍ ഏഴു നക്ഷത്രം ഉണ്ടു;

16 അവന്റെ വായില്‍ നിന്നു മൂര്‍ച്ചയേറിയ ഇരുവായ്ത്തലയുള്ള വാള്‍ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യന്‍ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു.

17 അവനെ കണ്ടിട്ടു ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്‍ക്കല്‍ വീണു. അവന്‍ വലങ്കൈ എന്റെ മേല്‍ വെച്ചുഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.

18 ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോല്‍ എന്റെ കൈവശമുണ്ടു.

19 നീ കണ്ടതും ഇപ്പോള്‍ ഉള്ളതും ഇനി സംഭവിപ്പാനിരിക്കുന്നതും

20 എന്റെ വലങ്കയ്യില്‍ കണ്ട ഏഴു നക്ഷത്രത്തിന്റെ മര്‍മ്മവും ഏഴു പൊന്‍ നിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളകൂ ഏഴു സഭകള്‍ ആകുന്നു എന്നു കല്പിച്ചു.

വെളിപ്പാടു 2

1 എഫെസൊസിലെ സഭയുടെ ദൂതന്നു എഴുതുകഏഴു നക്ഷത്രം വലങ്കയ്യില്‍ പിടിച്ചും കൊണ്ടു ഏഴു പൊന്‍ നിലവിളക്കുകളുടെ നടുവില്‍ നടക്കുന്നവന്‍ അരുളിച്ചെയ്യുന്നതു

2 ഞാന്‍ നിന്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണുതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങള്‍ അപ്പൊസ്തലന്മാര്‍ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാര്‍ എന്നു കണ്ടതും,

3 നിനക്കു സഹിഷ്ണുതയുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളന്നുപോകാഞ്ഞതും ഞാന്‍ അറിയുന്നു.

4 എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ടു.

5 നീ ഏതില്‍നിന്നു വീണിരിക്കുന്നു എന്നു ഔര്‍ത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാല്‍ ഞാന്‍ വരികയും നീ മാനസാന്തരപ്പെടാഞ്ഞാല്‍ നിന്റെ നിലവിളകൂ അതിന്റെ നിലയില്‍നിന്നു നീക്കുകയും ചെയ്യും.

6 എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകെക്കുന്നു എന്നൊരു നന്മ നിനക്കുണ്ടു.

7 അതു ഞാനും പകെക്കുന്നു. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു ഞാന്‍ ദൈവത്തിന്റെ പരദീസയില്‍ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാന്‍ കൊടുക്കും.

8 സ്മൂര്‍ന്നയിലെ സഭയുടെ ദൂതന്നു എഴുതുകമരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവന്‍ അരുളിച്ചെയ്യുന്നതു

9 ഞാന്‍ നിന്റെ കഷ്ടതയും ദാരിദ്ര്യവും — നീ ധനവാനാകുന്നു താനും — തങ്ങള്‍ യെഹൂദര്‍ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ല, സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു.

10 പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളില്‍ ചിലരെ തടവില്‍ ആക്കുവാന്‍ പോകുന്നു; പത്തു ദിവസം നിങ്ങള്‍ക്കു ഉപദ്രവം ഉണ്ടാകും; മരണ പര്യന്തം വിശ്വസ്തനായിരിക്ക; എന്നാല്‍ ഞാന്‍ ജീവ കിരീടം നിനക്കു തരും.

11 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു രണ്ടാം മരണത്താല്‍ ദോഷം വരികയില്ല.

12 പെര്‍ഗ്ഗമൊസിലെ സഭയുടെ ദൂതന്നു എഴുതുകമൂര്‍ച്ചയേറിയ ഇരുവായ്ത്തലവാള്‍ ഉള്ളവന്‍ അരുളിച്ചെയ്യുന്നതു

13 നീ എവിടെ പാര്‍ക്കുംന്നു എന്നും അതു സാത്താന്റെ സിംഹാസനം ഉള്ളേടം എന്നും ഞാന്‍ അറിയുന്നു; നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയില്‍, സാത്താന്‍ പാര്‍ക്കുംന്നേടത്തു തന്നേ, എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തുപോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.

14 എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാന്‍ ഉണ്ടു; യിസ്രായേല്‍മക്കള്‍ വിഗ്രഹാര്‍പ്പിതം തിന്നേണ്ടതിന്നും ദുര്‍ന്നടപ്പു ആചരിക്കേണ്ടതിന്നും അവരുടെ മുമ്പില്‍ ഇടര്‍ച്ചവെപ്പാന്‍ ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവര്‍ അവിടെ നിനക്കുണ്ടു.

15 അവ്വണ്ണം നിക്കൊലാവ്യരുടെ ഉപദേശം കൈക്കൊള്ളുന്നവര്‍ നിനക്കും ഉണ്ടു.

16 ആകയാല്‍ മാനസാന്തരപ്പെടുക; അല്ലാഞ്ഞാല്‍ ഞാന്‍ വേഗത്തില്‍ വന്നു എന്റെ വായിലെ വാളുകൊണ്ടു അവരോടു പോരാടും.

17 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു ഞാന്‍ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാന്‍ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേല്‍ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.

18 തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുകഅഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രന്‍ അരുളിച്ചെയ്യുന്നതു

19 ഞാന്‍ നിന്റെ പ്രവൃത്തിയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണുത എന്നിവയും നിന്റെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു.

20 എങ്കിലും താന്‍ പ്രവാചകി എന്നു പറഞ്ഞു ദുര്‍ന്നടപ്പു ആചരിപ്പാനും വിഗ്രഹാര്‍പ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസബേല്‍ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാന്‍ ഉണ്ടു.

21 ഞാന്‍ അവള്‍ക്കു മാനസാന്തരപ്പെടുവാന്‍ സമയം കൊടുത്തിട്ടും ദുര്‍ന്നടപ്പുവിട്ടു മാനസാന്തരപ്പെടുവാന്‍ അവള്‍ക്കു മനസ്സില്ല.

22 ഞാന്‍ അവളെ കിടപ്പിലും അവളുമായി വ്യഭിചരിക്കുന്നവരെ അവളുടെ നടപ്പു വിട്ടു മാനസാന്തരപ്പെടാതിരുന്നാല്‍ വലിയ കഷ്ടതയിലും ആക്കിക്കളയും.

23 അവളുടെ മക്കളെയും ഞാന്‍ കൊന്നുകളയും; ഞാന്‍ ഉള്‍പൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവന്‍ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാന്‍ നിങ്ങള്‍ക്കു ഏവര്‍ക്കും പകരം ചെയ്യും.

24 എന്നാല്‍ ഈ ഉപദേശം കൈക്കൊള്ളാതെയും അവര്‍ പറയുംപോലെ സാത്താന്റെ ആഴങ്ങള്‍ അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോടുവേറൊരു ഭാരം ഞാന്‍ നിങ്ങളുടെ മേല്‍ ചുമത്തുന്നില്ല.

25 എങ്കിലും നിങ്ങള്‍ക്കുള്ളതു ഞാന്‍ വരുംവരെ പിടിച്ചുകൊള്‍വിന്‍ എന്നു ഞാന്‍ കല്പിക്കുന്നു.

26 ജയിക്കയും ഞാന്‍ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന്നു എന്റെ പിതാവു എനിക്കു തന്നതുപോലെ ഞാന്‍ ജാതികളുടെ മേല്‍ അധികാരം കൊടുക്കും.

27 അവന്‍ ഇരിമ്പുകോല്‍കൊണ്ടു അവരെ മേയിക്കും; അവര്‍ കുശവന്റെ പാത്രങ്ങള്‍പോലെ നുറുങ്ങിപ്പോകും.

28 ഞാന്‍ അവന്നു ഉദയനക്ഷത്രവും കൊടുക്കും.

29 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

വെളിപ്പാടു 3

1 സര്‍ദ്ദിസിലെ സഭയുടെ ദൂതന്നു എഴുതുക. ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവന്‍ അരുളിച്ചെയുന്നതുഞാന്‍ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവന്‍ എന്നു നിനക്കു പേര്‍ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു.

2 ഉണര്‍ന്നുകൊള്‍ക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാന്‍ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയില്‍ പൂര്‍ണ്ണതയുള്ളതായി കണ്ടില്ല.

3 ആകയാല്‍ നീ പ്രാപിക്കയും കേള്‍ക്കയും ചെയ്തതു എങ്ങനെ എന്നു ഔര്‍ത്തു അതു കാത്തുകൊള്‍കയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാല്‍ ഞാന്‍ കള്ളനെപ്പോലെ വരും; ഏതു നാഴികെക്കു നിന്റെമേല്‍ വരും എന്നു നീ അറികയും ഇല്ല.

4 എങ്കിലും ഉടുപ്പു മലിനമാകാത്ത കുറേ പേര്‍ സര്‍ദ്ദിസില്‍ നിനക്കുണ്ടു.

5 അവര്‍ യോഗ്യന്മാരാകയാല്‍ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവന്‍ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേര്‍ ഞാന്‍ ജീവപുസ്തകത്തില്‍നിന്നു മാച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേര്‍ ഏറ്റുപറയും.

6 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

7 ഫിലദെല്‍ഫ്യയിലെ സഭയുടെ ദൂതന്നു എഴുതുകവിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും ചെയ്യുന്നവന്‍ അരുളിച്ചെയ്യുന്നതു

8 ഞാന്‍ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ ഞാന്‍ നിന്റെ മുമ്പില്‍ ഒരു വാതില്‍ തുറന്നുവെച്ചിരിക്കുന്നു; അതു ആര്‍ക്കും അടെച്ചുകൂടാ. നിനക്കു അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല.

9 യെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാന്‍ സാത്താന്റെ പള്ളിയില്‍ നിന്നു വരുത്തും; അവര്‍ നിന്റെ കാല്‍ക്കല്‍ വന്നു നമസ്കരിപ്പാനും ഞാന്‍ നിന്നെ സ്നേഹിച്ചു എന്നു അറിവാനും സംഗതി വരുത്തും.

10 സഹിഷ്ണുതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാല്‍ ഭൂമിയില്‍ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിന്നു ഭൂതലത്തില്‍ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും.

11 ഞാന്‍ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാന്തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊള്‍ക.

12 ജയിക്കുന്നവനെ ഞാന്‍ എന്റെ ദൈവത്തിന്റെ ആലയത്തില്‍ ഒരു തൂണാക്കും; അവന്‍ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കല്‍നിന്നു, സ്വര്‍ഗ്ഗത്തില്‍നിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിന്‍ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാന്‍ അവന്റെ മേല്‍ എഴുതും.

13 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

14 ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുകവിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേന്‍ എന്നുള്ളവന്‍ അരുളിച്ചെയുന്നതു

15 ഞാന്‍ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കില്‍ കൊള്ളായിരുന്നു.

16 ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശിതോഷ്ണവാനാകയാല്‍ നിന്നെ എന്റെ വായില്‍ നിന്നു ഉമിണ്ണുകളയും.

17 ഞാന്‍ ധനവാന്‍ ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിര്‍ഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാല്‍

18 നീ സമ്പന്നന്‍ ആകേണ്ടതിന്നു തീയില്‍ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണില്‍ എഴുതുവാന്‍ ലേപവും എന്നോടു വിലെക്കുവാങ്ങുവാന്‍ ഞാന്‍ നിന്നോടു ബുദ്ധിപറയുന്നു.

19 എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാന്‍ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാല്‍ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.

20 ഞാന്‍ വാതില്‍ക്കല്‍ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതില്‍ തുറന്നാല്‍ ഞാന്‍ അവന്റെ അടുക്കല്‍ ചെന്നു അവനോടും അവന്‍ എന്നോടും കൂടെ അത്താഴം കഴിക്കും.

21 ജയിക്കുന്നവന്നു ഞാന്‍ എന്നോടുകൂടെ എന്റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ വരം നലകും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തില്‍ ഇരുന്നതുപോലെ തന്നേ.

22 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

വെളിപ്പാടു 4

1 അനന്തരം സ്വര്‍ഗ്ഗത്തില്‍ ഒരു വാതില്‍ തുറന്നിരിക്കുന്നതു ഞാന്‍ കണ്ടു; കാഹളനാദംപോലെ എന്നോടു സംസാരിച്ചു കേട്ട ആദ്യത്തെ ശബ്ദം എന്നോടുഇവിടെ കയറിവരിക; മേലാല്‍ സംഭവിപ്പാനുള്ളതു ഞാന്‍ നിനക്കു കാണിച്ചുതരാം എന്നു കല്പിച്ചു.

2 ഉടനെ ഞാന്‍ ആത്മവിവശനായി സ്വര്‍ഗ്ഗത്തില്‍ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തില്‍ ഒരുവന്‍ ഇരിക്കുന്നതും കണ്ടു.

3 ഇരിക്കുന്നവന്‍ കാഴ്ചെക്കു സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശന്‍ ; സിംഹാസനത്തിന്റെ ചുറ്റും കാഴ്ചെക്കു മരതകത്തോടു സദൃശമായോരു പച്ചവില്ലു;

4 സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തുനാലു സിംഹാസനം; വെള്ളയുടുപ്പു ധരിച്ചുംകൊണ്ടു സിംഹാസനങ്ങളില്‍ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാര്‍; അവരുടെ തലയില്‍ പൊന്‍ കിരീടം;

5 സിംഹാസനത്തില്‍നിന്നു മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു; ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴുദീപങ്ങള്‍ സിംഹാസനത്തിന്റെ മുമ്പില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു;

6 സിംഹാസനത്തിന്റെ മുമ്പില്‍ പളുങ്കിന്നൊത്ത കണ്ണാടിക്കടല്‍; സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുറ്റിലും നാലു ജീവികള്‍; അവേക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു.

7 ഒന്നാം ജീവി സിംഹത്തിന്നു സദൃശം; രണ്ടാം ജീവി കാളെക്കു സദൃശം മൂന്നാംജീവി മനുഷ്യനെപ്പോലെ മുഖമുള്ളതും; നാലാം ജീവി പറക്കുന്ന കഴുകിന്നു സദൃശം.

8 നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സര്‍വ്വശക്തിയുള്ള കര്‍ത്താവായ ദൈവം പരിശുദ്ധന്‍ , പരിശുദ്ധന്‍ , പരിശുദ്ധന്‍ എന്നു അവര്‍ രാപ്പകല്‍ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.

9 എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തില്‍ ഇരിക്കുന്നവന്നു ആ ജീവികള്‍ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും

10 ഇരുപത്തുനാലു മൂപ്പന്മാരും സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ മുമ്പില്‍ വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു

11 കര്‍ത്താവേ, നീ സര്‍വ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാല്‍ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാല്‍ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊള്‍വാന്‍ യോഗ്യന്‍ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിന്‍ മുമ്പില്‍ ഇടും.