Étape 113

Étudier

     

രാജാക്കന്മാർ 2 17:19-41

19 യെഹൂദയും തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ പ്രമാണിക്കാതെ യിസ്രായേല്‍ ഉണ്ടാക്കിയ ചട്ടങ്ങളെ അനുസരിച്ചു നടന്നു.

20 ആകയാല്‍ യഹോവ യിസ്രായേല്‍സന്തതിയെ മുഴുവനും തള്ളി അവരെ താഴ്ത്തി, കൊള്ളയിടുന്നവരുടെ കയ്യില്‍ ഏല്പിച്ചു, ഒടുവില്‍ അവരെ തന്റെ സന്നിധിയില്‍നിന്നു നീക്കിക്കളഞ്ഞു.

21 അവന്‍ യിസ്രായേലിനെ ദാവീദ് ഗൃഹത്തിങ്കല്‍നിന്നു പറിച്ചുകളഞ്ഞു; അവര്‍ നെബാത്തിന്റെ മകനായ യൊരോബെയാമിനെ രാജാവാക്കി; യൊരോബെയാം യിസ്രായേലിനെ യഹോവയെ വിട്ടുമാറുമാറാക്കി അവരെക്കൊണ്ടു വലിയോരു പാപം ചെയ്യിച്ചു.

22 അങ്ങനെ യിസ്രായേല്‍മക്കള്‍ യൊരോബെയാം ചെയ്ത സകലപാപങ്ങളിലും നടന്നു.

23 അവര്‍ അവയെ വിട്ടുമാറായ്കയാല്‍ യഹോവ പ്രാവചകന്മാരായ തന്റെ സകലദാസന്മാരും മുഖാന്തരം അരുളിച്ചെയ്തപ്രാകരം ഒടുവില്‍ യിസ്രായേലിനെ തന്റെ സന്നിധിയില്‍ നിന്നു നീക്കിക്കളഞ്ഞു. ഇങ്ങനെ യിസ്രായേല്‍ സ്വദേശം വിട്ടു അശ്ശൂരിലേക്കു പോകേണ്ടിവന്നു; ഇന്നുവരെ അവിടെ ഇരിക്കുന്നു.

24 അശ്ശൂര്‍ രാജാവു ബാബേല്‍, കൂഥാ, അവ്വ, ഹമാത്ത്, സെഫര്‍വ്വയീം എന്നിവിടങ്ങളില്‍നിന്നു ആളുകളെ വരുത്തി യിസ്രായേല്‍മക്കള്‍ക്കു പകരം ശമര്‍യ്യാപട്ടണങ്ങളില്‍ പാര്‍പ്പിച്ചു; അവര്‍ ശമര്‍യ്യകൈവശമാക്കി അതിന്റെ പട്ടണങ്ങളില്‍ പാര്‍ത്തു.

25 അവര്‍ അവിടെ പാര്‍പ്പാന്‍ തുടങ്ങിയപ്പോള്‍ യഹോവയെ ഭജിച്ചില്ല; അതുകൊണ്ടു യഹോവ അവരുടെ ഇടയില്‍ സിംഹങ്ങളെ അയച്ചു; അവ അവരില്‍ ചിലരെ കൊന്നുകളഞ്ഞു.

26 അപ്പോള്‍ അവര്‍ അശ്ശൂര്‍ രാജാവിനെ അറിയിച്ചതുനീ കുടിനീക്കി ശമര്‍യ്യാപട്ടണങ്ങളില്‍ പാര്‍പ്പിച്ച ജാതികള്‍ ആദേശത്തിലെ ദൈവത്തിന്റെ മാര്‍ഗ്ഗം അറിയായ്കകൊണ്ടു അവന്‍ അവരുടെ ഇടയില്‍ സിംഹങ്ങളെ അയച്ചു; അവര്‍ ആ ദേശത്തിലെ ദൈവത്തിന്റെ മാര്‍ഗ്ഗം അറിയായ്കയാല്‍ അവ അവരെ കൊന്നുകളയുന്നു.

27 അതിന്നു അശ്ശൂര്‍ രാജാവുനിങ്ങള്‍ അവിടെനിന്നു കൊണ്ടുവന്ന പുരോഹിതന്മാരില്‍ ഒരുത്തനെ അവിടേക്കു കൊണ്ടുപോകുവിന്‍ ; അവര്‍ ചെന്നു അവിടെ പാര്‍ക്കയും അവര്‍ ആ ദേശത്തെ ദൈവത്തിന്റെ മാര്‍ഗ്ഗം അവരെ ഉപദേശിക്കയും ചെയ്യട്ടെ എന്നു കല്പിച്ചു.

28 അങ്ങനെ അവര്‍ ശമര്‍യ്യയില്‍നിന്നു കൊണ്ടുപോയിരുന്ന പുരോഹിതന്മാരില്‍ ഒരുത്തന്‍ വന്നു ബേഥേലില്‍ പാര്‍ത്തു; യഹോവയെ ഭജിക്കേണ്ടുന്ന വിധം അവര്‍ക്കും ഉപദേശിച്ചുകൊടുത്തു.

29 എങ്കിലും അതതു ജാതി താന്താന്റെ ദേവന്മാരെ ഉണ്ടാക്കി, ഔരോ ജാതി പാര്‍ത്തുവന്ന പട്ടണങ്ങളില്‍ ശമര്‍യ്യര്‍ ഉണ്ടാക്കിയിരുന്ന പൂജാഗിരിക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചു.

30 ബാബേല്‍കാര്‍ സുക്കോത്ത്-ബെനോത്തിനെ ഉണ്ടാക്കി; കൂഥക്കാര്‍ നേര്‍ഗാലിനെ ഉണ്ടാക്കി; ഹമാത്ത്കാര്‍ അശീമയെ ഉണ്ടാക്കി;

31 അവ്വക്കാര്‍ നിബ്ഹസിനെയും തര്‍ത്തക്കിനെയും ഉണ്ടാക്കി; സെഫര്‍വ്വക്കാര്‍ സെഫര്‍വ്വയീംദേവന്മാരായ അദ്രമേലെക്കിന്നും അനമേലെക്കിന്നും തങ്ങളുടെ മക്കളെ അഗ്നിപ്രവേശനം ചെയ്യിച്ചു.

32 അവര്‍ യഹോവയെ ഭജിക്കയും തങ്ങളുടെ ഇടയില്‍നിന്നു തന്നേ പൂജാഗിരിപുരോഹിതന്മാരെ നിയമിക്കയും അവര്‍ അവര്‍ക്കും വേണ്ടി പൂജാഗിരിക്ഷേത്രങ്ങളില്‍ യാഗം കഴിക്കയും ചെയ്യും.

33 അങ്ങനെ അവര്‍ യഹോവയെ ഭജിക്കയും തങ്ങള്‍ വിട്ടു പുറപ്പെട്ടു പോന്ന ജാതികളുടെ മര്യാദപ്രകാരം സ്വന്ത ദേവന്മാരെ സേവിക്കയും ചെയ്തുപോന്നു.

34 ഇന്നുവരെയും അവര്‍ മുമ്പിലത്തെ മര്യാദപ്രകാരം തന്നേ ചെയ്യുന്നു; യഹോവയെ ഭജിക്കുന്നില്ല; തങ്ങളുടെ സ്വന്തചട്ടങ്ങളെയും മാര്‍ഗ്ഗവിധികളെയും ആകട്ടെ, യഹോവ യിസ്രായേല്‍ എന്നു പേര്‍വിളിച്ച യക്കോബിന്റെ മക്കളോടു കല്പിച്ച ന്യായപ്രമാണത്തെയും കല്പനയെയുമാകട്ടെ അനുസരിച്ചുനടക്കുന്നതുമില്ല.

35 യഹോവ അവരോടു ഒരു നിയമം ചെയ്തു കല്പിച്ചതു എന്തെന്നാല്‍നിങ്ങള്‍ അന്യദൈവങ്ങളെ ഭജിക്കയും അവേക്കു യാഗംകഴിക്കയും ചെയ്യാതെ

36 നിങ്ങളെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മാത്രം ഭജിക്കയും അവനെ മാത്രം നമസ്കരിക്കയും അവന്നു മാത്രം യാഗംകഴിക്കയും വേണം.

37 അവന്‍ നിങ്ങള്‍ക്കു എഴുതിത്തന്ന ചട്ടങ്ങളെയും ന്യായങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും നിങ്ങള്‍ എല്ലാനാളും പ്രമാണിച്ചുനടക്കേണം; അന്യദൈവങ്ങളെ ഭജിക്കരുതു.

38 ഞാന്‍ നിങ്ങളോടു ചെയ്ത നിയമം നിങ്ങള്‍ മറക്കരുതു; അന്യ ദൈവങ്ങളെ ഭജിക്കയുമരുതു.

39 നിങ്ങളുടെ ദൈവമായ യഹോവയെ മാത്രം നിങ്ങള്‍ ഭജിക്കേണം; എന്നാല്‍ അവന്‍ നിങ്ങളെ നിങ്ങളുടെ സകലശത്രുക്കളുടെയും കയ്യില്‍നിന്നു വിടുവിക്കും.

40 എങ്കിലും അവര്‍ കേള്‍ക്കാതെ തങ്ങളുടെ പണ്ടത്തെ മര്യാദ അനുസരിച്ചു നടന്നു.

41 അങ്ങനെ ഈ ജാതികള്‍ യഹോവയെ ഭജിക്കയും തങ്ങളുടെ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തു; പിതാക്കന്മാര്‍ ചെയ്തതുപോലെ പുത്രന്മാരും പൌത്രന്മാരും ഇന്നുവരെ ചെയ്തുവരുന്നു.

രാജാക്കന്മാർ 2 18

1 യിസ്രയേല്‍രാജാവായ ഏലയുടെ മകനായ ഹോശേയയുടെ മൂന്നാം ആണ്ടില്‍ യെഹൂദാരാജാവായ ആഹാസിന്റെ മകന്‍ ഹിസ്കീയാവു രാജാവായി.

2 അവന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ ഇരുപത്തൊമ്പതു സംവത്സരം വാണു. അവന്റെ അമ്മെക്കു അബി എന്നു പേര്‍; അവള്‍ സെഖര്‍യ്യാവിന്റെ മകള്‍ ആയിരുന്നു.

3 അവന്‍ തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ ഒക്കെയും യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.

4 അവന്‍ പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകര്‍ത്തു അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസര്‍പ്പത്തെയും ഉടെച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേല്‍മക്കള്‍ അതിന്നു ധൂപം കാട്ടിവന്നു; അതിന്നു നെഹുഷ്ഠാന്‍ എന്നു പേരായിരുന്നു.

5 അവന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയില്‍ ആശ്രയിച്ചു; അവന്നു മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാരാജാക്കന്മാരിലും ആരും അവനോടു തുല്യനായിരുന്നില്ല.

6 അവന്‍ യഹോവയോടു ചേര്‍ന്നിരുന്നു അവനെ വിട്ടു പിന്മാറാതെ യഹോവ മോശെയോടു കല്പിച്ച അവന്റെ കല്പനകളെ പ്രമാണിച്ചുനടന്നു.

7 യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്‍ ചെന്നേടത്തൊക്കെയും കൃതാര്‍ത്ഥനായ്‍വന്നു; അവന്‍ അശ്ശൂര്‍രാജാവിനോടു മത്സരിച്ചു അവനെ സേവിക്കാതിരുന്നു.

8 അവന്‍ ഫെലിസ്ത്യരെ ഗസ്സയോളം തോല്പിച്ചു; കാവല്‍ക്കാരുടെ ഗോപുരംമുതല്‍ ഉറപ്പുള്ള പട്ടണംവരെയുള്ള അതിന്റെ പ്രദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.

9 യിസ്രായേല്‍രാജാവായ ഏലയുടെ മകന്‍ ഹോശേയയുടെ ഏഴാം ആണ്ടായി ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടില്‍ അശ്ശൂര്‍രാജാവായ ശല്മനേസെര്‍ ശമര്‍യ്യയുടെ നേരെ പുറപ്പെട്ടു വന്നു അതിനെ നിരോധിച്ചു.

10 മൂന്നു സംവത്സരം കഴിഞ്ഞശേഷം അവര്‍ അതു പിടിച്ചു; ഹിസ്കീയാവിന്റെ ആറം ആണ്ടില്‍, യിസ്രായേല്‍രാജാവായ ഹോശേയയുടെ ഒമ്പതാം ആണ്ടില്‍ തന്നേ, ശമര്‍യ്യ പിടിക്കപ്പെട്ടു.

11 അശ്ശൂര്‍രാജാവു യിസ്രായേലിനെ അശ്ശൂരിലേക്കു പിടിച്ചുകൊണ്ടുപോയി ഹലഹിലും ഗോസാന്‍ നദീതീരത്തുള്ള ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാര്‍പ്പിച്ചു.

12 അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം കേട്ടനുസരിക്കാതെ അവന്റെ നിയമവും യഹോവയുടെ ദാസനായ മോശെ കല്പിച്ചതൊക്കെയും ലംഘിച്ചുകളകയാല്‍ തന്നേ; അവര്‍ അതു കേള്‍ക്കയോ അനുസരിക്കയോ ചെയ്തിരുന്നില്ല.

13 യെഹൂദാരാജാവായ ഹിസ്കീയാവിന്റെ പതിന്നാലാം ആണ്ടില്‍ അശ്ശൂര്‍രാജാവായ സന്‍ ഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു.

14 അപ്പോള്‍ യെഹൂദാരാജാവായ ഹിസ്കീയാവു ലാഖീശില്‍ അശ്ശൂര്‍രാജാവിന്റെ അടുക്കല്‍ ആളയച്ചുഞാന്‍ കുറ്റം ചെയ്തു; എന്നെ വിട്ടു മടങ്ങിപ്പോകേണം; നീ എനിക്കു കല്പിക്കുന്ന പിഴ ഞാന്‍ അടെച്ചു കൊള്ളാം എന്നു പറയിച്ചു. അശ്ശൂര്‍രാജാവു യെഹൂദാരാജാവായ ഹിസ്കീയാവിന്നു മുന്നൂറു താലന്തു വെള്ളിയും മുപ്പതു താലന്ത് പൊന്നും പിഴ കല്പിച്ചു.

15 ഹിസ്കീയാവു യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയൊക്കെയും കൊടുത്തു.

16 ആ കാലത്തു യെഹൂദാരാജാവായ ഹിസ്കീയാവു യഹോവയുടെ മന്ദിരത്തിന്റെ വാതിലുകളിലും കട്ടളകളിലും താന്‍ പൊതിഞ്ഞിരുന്ന പൊന്നും പറിച്ചെടുത്തു അശ്ശൂര്‍രാജാവിന്നു കൊടുത്തയച്ചു.

17 എങ്കിലും അശ്ശൂര്‍ രാജാവു തര്‍ത്ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കേയെയും ലാഖീശില്‍നിന്നു ഹിസ്കീയാരാജാവിന്റെ അടുക്കല്‍ ഒരു വലിയ സൈന്യവുമായി യെരൂശലേമിന്റെ നേരെ അയച്ചു; അവര്‍ പുറപ്പെട്ടു യെരൂശലേമില്‍ വന്നു. അവിടെ എത്തിയപ്പോള്‍ അവര്‍ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികെ ചെന്നുനിന്നു.

18 അവര്‍ രാജാവിനെ വിളിച്ചപ്പോള്‍ ഹില്‍ക്കീയാവിന്റെ മകന്‍ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്റെ മകന്‍ യോവാഹ് എന്ന മന്ത്രിയും അവരുടെ അടുക്കല്‍ പുറത്തു ചെന്നു.

19 റബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാല്‍നിങ്ങള്‍ ഫിസ്കീയാവോടു പറയേണ്ടതുമഹാരാജാവായ അശ്ശൂര്‍രാജാവു ഇപ്രകാരം കല്പിക്കുന്നുനീ ആശ്രിയിച്ചിരിക്കുന്ന ഈ ആശ്രയം എന്തു?

20 യുദ്ധത്തിന്നു വേണ്ടുന്ന ആലോചനയും ബലവും ഉണ്ടെന്നു നീ പറയുന്നതു വെറും വാക്കത്രേ. ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നതു?

21 ചതെഞ്ഞ ഔടക്കോലായ ഈ മിസ്രയീമിലല്ലോ നീ ആശ്രയിക്കുന്നതു; അതിന്മേല്‍ ഒരുത്തന്‍ ഊന്നിയാല്‍ അതു അവന്റെ ഉള്ളംകയ്യില്‍ തറെച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോന്‍ തന്നില്‍ ആശ്രയിക്കുന്ന ഏവര്‍ക്കും അങ്ങനെ തന്നേയാകുന്നു.

22 അല്ല, നിങ്ങള്‍ എന്നോടുഞങ്ങളുടെ ദൈവമായ യഹോവയില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു എന്നു പറയുന്നു എങ്കില്‍, അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവു നീക്കിക്കളഞ്ഞിട്ടല്ലോ യെഹൂദായോടും യെരൂശലേമ്യരോടും യെരൂശലേമിലുള്ള ഈ യാഗപീഠത്തിന്റെ മുമ്പില്‍ നമസ്കരിപ്പിന്‍ എന്നു കല്പിച്ചതു.

23 ആകട്ടെ എന്റെ യജമാനനായ അശ്ശൂര്‍രാജാവുമായി വാതുകെട്ടുക; നിനക്കു കുതിരച്ചേവകരെ കയറ്റുവാന്‍ കഴിയുമെങ്കില്‍ ഞാന്‍ നിനക്കു രണ്ടായിരം കുതിരയെ തരാം.

24 നീ പിന്നെ എങ്ങനെ എന്റെ യജമാനന്റെ എളിയ ദാസന്മാരില്‍ ഒരു പട നായകനെയെങ്കിലും മടക്കും? രഥങ്ങള്‍ക്കായിട്ടും കുതിരച്ചേവകര്‍ക്കായിട്ടും നീ മിസ്രയീമില്‍ ആശ്രയിക്കുന്നുവല്ലോ.

25 ഞാന്‍ ഇപ്പോള്‍ ഈ സ്ഥലം നശിപ്പിപ്പാന്‍ യഹോവയെ കൂടാതെയോ അതിന്റെ നേരെ പുറപ്പെട്ടുവന്നിരിക്കുന്നതു? യഹോവ എന്നോടുഈ ദേശത്തിന്റെ നേരെ പുറപ്പെട്ടുചെന്നു അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു.

26 അപ്പോള്‍ ഹില്‍ക്കീയാവിന്റെ മകനായ എല്യാക്കീമും ശെബ്നയും യോവാഹും റബ്-ശാക്കേയോടുഅടിയങ്ങളോടു അരാംഭാഷയില്‍ സംസാരിക്കേണമേ; അതു ഞങ്ങള്‍ക്കു അറിയാം; മതിലിന്മേലുള്ള ജനം കേള്‍ക്കെ ഞങ്ങളോടു യെഹൂദാഭാഷയില്‍ സംസാരിക്കരുതേ എന്നു പറഞ്ഞു.

27 റബ്-ശാക്കേ അവരോടുനിന്റെ യജമാനനോടും നിന്നോടും ഈ വാക്കു പറവാനോ എന്റെ യജമാനന്‍ എന്നെ അയച്ചിരിക്കുന്നതു? നിങ്ങളോടുകൂടെ സ്വന്ത മലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്‍വാന്‍ മതിലിന്മേല്‍ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കല്‍ അല്ലയോ എന്നു പറഞ്ഞു.

28 അങ്ങനെ റബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയില്‍ ഉറക്കെ വിളിച്ചുപറഞ്ഞതു എന്തെന്നാല്‍മഹാരാജാവായ അശ്ശൂര്‍രാജാവിന്റെ വാക്കു കേള്‍പ്പിന്‍ .

29 രാജാവു ഇപ്രകാരം കല്പിക്കുന്നുഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; നിങ്ങളെ എന്റെ കയ്യില്‍ നിന്നു വിടുവിപ്പാന്‍ അവന്നു കഴികയില്ല.

30 യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂര്‍രാജാവിന്റെ കയ്യില്‍ ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ യഹോവയില്‍ ആശ്രയിക്കുമാറാക്കുകയും അരുതു.

31 ഹിസ്കീയാവിന്നു നിങ്ങള്‍ ചെവികൊടുക്കരുതു; അശ്ശൂര്‍രാജാവു ഇപ്രകാരം കല്പിക്കുന്നുനിങ്ങള്‍ എന്നോടു സന്ധി ചെയ്തു എന്റെ അടുക്കല്‍ പുറത്തുവരുവിന്‍ ; നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം തിന്നുകയും താന്താന്റെ കിണറ്റിലെ വെള്ളം കുടിക്കയും ചെയ്തുകൊള്‍വിന്‍ .

32 പിന്നെ ഞാന്‍ വന്നു നിങ്ങളുടെ ദേശത്തിന്നു തുല്യമായി ധാന്യവും വിഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഒലിവെണ്ണയും തേനും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകും; എന്നാല്‍ നിങ്ങള്‍ മരിക്കാതെ ജീവിച്ചിരിക്കും; യഹോവ നമ്മെ വിടുവിക്കും എന്നു പറഞ്ഞു നിങ്ങളെ ചതിക്കുന്ന ഹിസ്കീയാവിന്നു ചെവികൊടുക്കരുതു.

33 ജാതികളുടെ ദേവന്മാര്‍ ആരെങ്കിലും തന്റെ ദേശത്തെ അശ്ശൂര്‍രാജാവിന്റെ കയ്യില്‍നിന്നു വിടുവിച്ചിട്ടുണ്ടോ?

34 ഹമാത്തിലെയും അര്‍പ്പാദിലെയും ദേവന്മാര്‍ എവിടെ? സെഫര്‍വ്വയീമിലെയും ഹേനയിലെയും ഇവ്വയിലേയും ദേവന്മാര്‍ എവിടെ? ശമര്‍യ്യയെ അവര്‍ എന്റെ കയ്യില്‍നിന്നു വിടുവിച്ചിട്ടുണ്ടോ?

35 യഹോവ യെരൂശലേമിനെ എന്റെ കയ്യില്‍നിന്നു വിടുവിപ്പാന്‍ ആ ദേശങ്ങളിലെ സകലദേവന്മാരിലും വെച്ചു ഒരുത്തന്‍ തന്റെ ദേശത്തെ എന്റെ കയ്യില്‍ നിന്നു വിടുവിച്ചുവോ?

36 എന്നാല്‍ ജനം മിണ്ടാതിരുന്നു അവനോടു ഒന്നും ഉത്തരം പറഞ്ഞില്ല; അവനോടു ഉത്തരം പറയരുതെന്നു കല്പന ഉണ്ടായിരുന്നു.

37 ഹില്‍ക്കീയാവിന്റെ മകനായ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്റെ മകനായ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കല്‍ വന്നു റബ്-ശാക്കേയുടെ വാക്കു അവനോടു അറിയിച്ചു.

രാജാക്കന്മാർ 2 19:1-24

1 ഹിസ്കീയാരാജാവു അതു കേട്ടപ്പോള്‍ വസ്ത്രം കീറി രട്ടുടുത്തുകെണ്ടു യഹോവയുടെ ആലയത്തില്‍ ചെന്നു.

2 പിന്നെ അവന്‍ രാജധാനിവിചാരകനായ എല്യാക്കീമിനെയും രായസക്കാരനായ ശെബ്നയെയും പുരോഹിതന്മാരുടെ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കല്‍ അയച്ചു.

3 അവര്‍ അവനോടു പറഞ്ഞതുഹിസ്കീയാവു ഇപ്രകാരം പറയുന്നുഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസം അത്രേ; കുഞ്ഞുങ്ങള്‍ ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല.

4 ജീവനുള്ള ദൈവത്തെ നിന്ദിപ്പാന്‍ റബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂര്‍രാജാവു അയച്ചു പറയിക്കുന്ന വാക്കു ഒക്കെയും നിന്റെ ദൈവമായ യഹോവ പക്ഷെ കേള്‍ക്കും; നിന്റെ ദൈവമായ യഹോവ കേട്ട വാക്കിന്നു പ്രതികാരം ചെയ്യും; ആകയാല്‍ ഇനിയും ശേഷിച്ചിരിക്കുന്നവര്‍ക്കും വേണ്ടി പക്ഷവാദം കഴിക്കേണമേ.

5 ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാര്‍ യെശയ്യാവിന്റെ അടുക്കല്‍ വന്നപ്പോള്‍ യെശയ്യാവു അവരോടു പറഞ്ഞതു

6 നിങ്ങള്‍ നിങ്ങളുടെ യജമാനനോടു പറയേണ്ടതെന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅശ്ശൂര്‍രാജാവിന്റെ ഭൃത്യന്മാര്‍ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കുകള്‍നിമിത്തം ഭയപ്പെടേണ്ടാ.

7 ഞാന്‍ അവന്നു ഒരു മനോവിഭ്രമം വരുത്തും; അവന്‍ ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാന്‍ അവനെ അവന്റെ സ്വന്തദേശത്തുവെച്ചു വാള്‍കൊണ്ടു വീഴുമാറാക്കും.

8 റബ്-ശാക്കേ മടങ്ങിച്ചെന്നു അശ്ശൂര്‍രാജാവു ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നതു കണ്ടു; അവന്‍ ലാഖീശ് വിട്ടു പോയി എന്നു അവന്‍ കേട്ടിരുന്നു.

9 കൂശ്രാജാവായ തിര്‍ഹാകൂ തന്റെ നേരെ യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ടു അവന്‍ പിന്നെയും ഹിസ്കീയാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു പറയിച്ചതെന്തെന്നാല്‍

10 നിങ്ങള്‍ യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടതുയെരൂശലേം അശ്ശൂര്‍ രാജാവിന്റെ കയ്യില്‍ ഏല്പിച്ചുകളകയില്ല എന്നു നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുതു.

11 അശ്ശൂര്‍രാജാക്കന്മാര്‍ സകലദേശങ്ങളോടും ചെയ്തതും അവേക്കു ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ ഒഴിഞ്ഞുപോകുമോ?

12 ഗോസാന്‍ , ഹാരാന്‍ , രേസെഫ്, തെലസ്സാരിലെ എദേന്യര്‍ എന്നിങ്ങനെ എന്റെ പിതാക്കന്മാര്‍ നശിപ്പിച്ചിരിക്കുന്ന ജാതികളുടെ ദേവന്മാര്‍ അവരെ വിടുവിച്ചിട്ടുണ്ടോ?

13 ഹമാത്ത് രാജാവും അര്‍പ്പാദ് രാജാവും സെഫര്‍വ്വയീംപട്ടണം ഹേന ഇവ്വ എന്നവേക്കു രാജാവായിരുന്നവനും എവിടെ?

14 ഹിസ്കീയാവു ദൂതന്മാരുടെ കയ്യില്‍നിന്നു എഴുത്തു വാങ്ങിവായിച്ചുഹിസ്കീയാവു യഹോവയുടെ ആലയത്തില്‍ ചെന്നു യഹോവയുടെ സന്നിധിയില്‍ അതു വിടര്‍ത്തി.

15 ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാര്‍ത്ഥിച്ചുപറഞ്ഞതു എന്തെന്നാല്‍കെരൂബുകള്‍ക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തന്‍ മാത്രം ഭൂമിയിലെ സകലരാജ്യങ്ങള്‍ക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.

16 യഹോവേ, ചെവിചായിച്ചു കേള്‍ക്കേണമേ; യഹോവേ, തൃക്കണ്ണുതുറന്നു നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാന്‍ അയച്ചിരിക്കുന്ന സന്‍ ഹേരീബിന്റെ വാക്കു കേള്‍ക്കേണമേ.

17 യഹോവേ, അശ്ശൂര്‍ രാജാക്കന്മാര്‍ ആ ജാതികളെയും അവരുടെ ദേശത്തെയും ശൂന്യമാക്കിയതു സത്യം തന്നേ.

18 അവരുടെ ദേവന്മാരെ അവര്‍ തീയിലിട്ടു ചുട്ടുകളഞ്ഞു; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാല്‍ അവര്‍ അവയെ നശിപ്പിച്ചുകളഞ്ഞു.

19 ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തന്‍ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യില്‍നിന്നു രക്ഷിക്കേണമേ.

20 ആമോസിന്റെ മകനായ യെശയ്യാവു ഹിസ്കീയാവിന്റെ അടുക്കല്‍ പറഞ്ഞയച്ചതു എന്തെന്നാല്‍യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ അശ്ശൂര്‍രാജാവായ സന്‍ ഹേരീബിന്‍ നിമിത്തം എന്നോടു പ്രാര്‍ത്ഥിച്ചതു ഞാന്‍ കേട്ടു.

21 അവനെക്കുറിച്ചു യഹോവ അരുളിച്ചെയ്ത വചനമാവിതുസീയോന്‍ പുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തല കുലുക്കുന്നു.

22 നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചതു? ആര്‍ക്കും വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയര്‍ത്തുകയും ചെയ്തതു? യിസ്രായേലിന്റെ പരിശുദ്ധന്നു വിരോധമായിട്ടു തന്നേയല്ലോ.

23 നിന്റെ ദൂതന്മാര്‍ മുഖാന്തരം നീ കര്‍ത്താവിനെ നിന്ദിച്ചുഎന്റെ അസംഖ്യരഥങ്ങളോടുകൂടെ ഞാന്‍ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാന്‍ മുറിക്കും; അതിന്റെ അറ്റത്തെ പാര്‍പ്പിടംവരെയും ചെഴിപ്പുള്ള കാടുവരെയും ഞാന്‍ കടന്നുചെല്ലും.

24 ഞാന്‍ അന്യജലം കുഴിച്ചെടുത്തു കുടിക്കും. എന്റെ കാലടികളാല്‍ മിസ്രയീമിലെ സകലനദികളെയും വറ്റിക്കും എന്നു പറഞ്ഞു.