Étape 139

Étudier

     

നെഹെമ്യാവു 8:9-18

9 ദേശാധിപതിയായ നെഹെമ്യാവും ശാസ്ത്രിയായ എസ്രാപുരോഹിതനും ജനത്തെ ഉപദേശിച്ചു പോന്ന ലേവ്യരും സകലജനത്തോടുംഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവേക്കു വിശുദ്ധമാകുന്നു; നിങ്ങള്‍ ദുഃഖിക്കരുതു കരകയും അരുതു എന്നു പറഞ്ഞു. ജനമെല്ലാം ന്യായപ്രമാണവാക്യങ്ങളെ കേട്ടപ്പോള്‍ കരഞ്ഞുപോയിരുന്നു.

10 അനന്തരം അവര്‍ അവരോടുനിങ്ങള്‍ ചെന്നു മൃഷ്ടാന്നഭോജനവും മധുരപാനീയവും കഴിച്ചു തങ്ങള്‍ക്കായി വട്ടംകൂട്ടീട്ടില്ലാത്തവര്‍ക്കും പകര്‍ച്ച കൊടുത്തയപ്പിന്‍ ; ഈ ദിവസം നമ്മുടെ കര്‍ത്താവിന്നു വിശുദ്ധമാകുന്നു; നിങ്ങള്‍ ദുഃഖിക്കരുതു; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ എന്നു പറഞ്ഞു.

11 അവ്വണ്ണം ലേവ്യരും നിങ്ങള്‍ മിണ്ടാതിരിപ്പിന്‍ ; ഈ ദിവസം വിശുദ്ധമല്ലോ; നിങ്ങള്‍ ദുഃഖിക്കരുതു എന്നു പറഞ്ഞു സര്‍വ്വജനത്തെയും സാവധാനപ്പെടുത്തി.

12 തങ്ങളോടു പറഞ്ഞ വചനം ബോദ്ധ്യമായതുകൊണ്ടു ജനമെല്ലാം പോയി തിന്നുകയും കുടിക്കയും പകര്‍ച്ച കൊടുത്തയക്കയും അത്യന്തം സന്തോഷിക്കയും ചെയ്തു.

13 പിറ്റെന്നാള്‍ സകലജനത്തിന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ന്യായപ്രമാണവാക്യങ്ങളെ കേള്‍ക്കേണ്ടതിന്നു എസ്രാശാസ്ത്രിയുടെ അടുക്കല്‍ ഒന്നിച്ചുകൂടി.

14 യഹോവ മോശെമുഖാന്തരം കല്പിച്ച ന്യായപ്രമാണത്തില്‍യിസ്രായേല്‍മക്കള്‍ ഏഴാം മാസത്തിലെ ഉത്സവത്തില്‍ കൂടാരങ്ങളില്‍ പാര്‍ക്കേണം എന്നും എഴുതിയിരിക്കുന്നതുപോലെ

15 കൂടാരങ്ങള്‍ ഉണ്ടാക്കേണ്ടതിന്നു നിങ്ങള്‍ മലയില്‍ ചെന്നു ഒലിവുകൊമ്പു, കാട്ടൊലിവുകൊമ്പു, കൊഴുന്തുകൊമ്പു, ഈന്തമടല്‍, തഴെച്ച വൃക്ഷങ്ങളുടെ കൊമ്പു എന്നിവ കൊണ്ടുവരുവിന്‍ എന്നു തങ്ങളുടെ എല്ലാ പട്ടണങ്ങളിലും യെരൂശലേമിലും അറിയിച്ചു പ്രസിദ്ധപ്പെടുത്തേണമെന്നും എഴുതിയിരിക്കുന്നതായി അവര്‍ കണ്ടു.

16 അങ്ങനെ ജനം ചെന്നു ഒരോരുത്തന്‍ താന്താന്റെ വീട്ടിന്റെ മുകളിലും മുറ്റത്തും ദൈവാലയത്തിന്റെ പ്രാകാരങ്ങളിലും നീര്‍വ്വാതില്‍ക്കലെ വിശാലസ്ഥലത്തും എഫ്രയീംവാതില്‍ക്കലെ വിശാലസ്ഥലത്തും കൂടാരങ്ങളുണ്ടാക്കി.

17 പ്രവാസത്തില്‍ നിന്നു മടങ്ങിവന്നവരുടെ സര്‍വ്വസഭയും കൂടാരങ്ങള്‍ ഉണ്ടാക്കി കൂടാരങ്ങളില്‍ പാര്‍ത്തു; നൂന്റെ മകനായ യോശുവയുടെ കാലംമുതല്‍ അന്നുവരെ യിസ്രായേല്‍മക്കള്‍ അങ്ങനെ ചെയ്യാതിരുന്നതുകൊണ്ടു അന്നു ഏറ്റവും വലിയ സന്തോഷം ഉണ്ടായി.

18 ആദ്യദിവസം മുതല്‍ അവസാനദിവസംവരെ അവന്‍ ദിവസേന ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം വായിച്ചു കേള്‍പ്പിച്ചു; അങ്ങനെ അവര്‍ ഏഴു ദിവസം ഉത്സവം ആചരിച്ചു; എട്ടാം ദിവസം നിയമപ്രകാരം വിശുദ്ധസഭായോഗം കൂടുകയും ചെയ്തു.

നെഹെമ്യാവു 9

1 എന്നാല്‍ ഈ മാസം ഇരുപത്തിനാലാം തിയ്യതി യിസ്രായേല്‍മക്കള്‍ ഉപവസിച്ചും രട്ടുടുത്തും തലയില്‍ പൂഴി വാരിയിട്ടുംകൊണ്ടു കൂടിവന്നു.

2 യിസ്രായേല്‍സന്തതിയായവര്‍ സകല അന്യജാതിക്കാരില്‍നിന്നും വേറുതിരിഞ്ഞു നിന്നു തങ്ങളുടെ പാപങ്ങളെയും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളെയും ഏറ്റു പറഞ്ഞു.

3 പിന്നെ അവര്‍ തങ്ങളുടെ നിലയില്‍ തന്നേ എഴുന്നേറ്റുനിന്നു, അന്നു ഒരു യാമത്തോളം തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണപുസ്തകം വായിച്ചു കേള്‍ക്കയും പിന്നെ ഒരു യാമത്തോളം പാപങ്ങളെ ഏറ്റുപറഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കയും ചെയ്തു.

4 ലേവ്യരില്‍ യേശുവ, ബാനി, കദ്മീയേല്‍ ശെബന്യാവു, ബുന്നി, ശേരെബ്യാവു, ബാനി, കെനാനി എന്നിവര്‍ ലേവ്യര്‍ക്കും നില്പാനുള്ള പടികളിന്മേല്‍ നിന്നുകൊണ്ടു തങ്ങളുടെ ദൈവമായ യഹോവയോടു ഉറക്കെ നിലവിളിച്ചു.

5 പിന്നെ യേശുവ, കദ്മീയേല്‍, ബാനി, ഹശബ്ന്യാവു, ശേരെബ്യാവു, ഹോദീയാവു, ശെബന്യാവു, പെദഹ്യാവു, എന്നീ ലേവ്യര്‍ പറഞ്ഞതെന്തെന്നാല്‍നിങ്ങള്‍ എഴുന്നേറ്റു നിങ്ങളുടെ ദൈവമായ യഹോവയെ എന്നെന്നേക്കും വാഴ്ത്തുവിന്‍ . സകലപ്രശംസെക്കും സ്തുതിക്കും മീതെ ഉയര്‍ന്നിരിക്കുന്ന നിന്റെ മഹത്വമുള്ള നാമം വാഴ്ത്തപ്പെടുമാറാകട്ടെ.

6 നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.

7 അബ്രാമിനെ തിരഞ്ഞെടുത്തു അവനെ കല്‍ദയപട്ടണമായ ഊരില്‍നിന്നു കൊണ്ടുവന്നു അവന്നു അബ്രാഹാം എന്നു പേരിട്ട ദൈവമായ യഹോവ നീ തന്നേ.

8 നീ അവന്റെ ഹൃദയം നിന്റെ മുമ്പാകെ വിശ്വസ്തമായി കണ്ടു; കനാന്യര്‍, ഹിത്യര്‍, അമോര്‍യ്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, ഗിര്‍ഗ്ഗസ്യര്‍ എന്നിവരുടെ ദേശം കൊടുക്കും, അവന്റെ സന്തതിക്കു തന്നെ കൊടുക്കും എന്നു നീ അവനോടു ഒരു നിയമം ചെയ്തു; നീ നീതിമാനായിരിക്കയാല്‍ നിന്റെ വചനങ്ങളെ നിവൃത്തിച്ചുമിരിക്കുന്നു.

9 മിസ്രയീമില്‍ ഞങ്ങളുടെ പിതാക്കന്മാരുടെ പീഡയെ നീ കാണ്‍കയും ചെങ്കടലിന്റെ അരികെവെച്ചു അവരുടെ നിലവിളിയെ കേള്‍ക്കയും

10 ഫറവോനിലും അവന്റെ സകലദാസന്മാരിലും അവന്റെ ദേശത്തിലെ സകലജനത്തിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കയും ചെയ്തു; അവര്‍ അവരോടു ഡംഭം കാണിച്ചതു നീ അറിഞ്ഞിരുന്നുവല്ലോ; അങ്ങനെ ഇന്നും ഉള്ളതുപോലെ നീ നിനക്കു ഒരു നാമം സമ്പാദിച്ചിരിക്കുന്നു.

11 നീ കടലിനെ അവരുടെ മുമ്പില്‍ വിഭാഗിച്ചു; അവര്‍ കടലിന്റെ നടുവില്‍ ഉണങ്ങിയ നിലത്തുകൂടി കടന്നു; അവരെ പിന്തുടര്‍ന്നവരെ നീ പെരുവെള്ളത്തില്‍ ഒരു കല്ലുപോലെ ആഴത്തില്‍ എറിഞ്ഞുകളഞ്ഞു.

12 നീ പകല്‍ സമയത്തു മേഘസ്തംഭം കൊണ്ടും രാത്രിസമയത്തു അവര്‍ പോകുന്ന വഴിക്കു വെളിച്ചംകൊടുപ്പാന്‍ അഗ്നിസ്തംഭംകൊണ്ടും അവരെ വഴിനടത്തി.

13 നീ സീനായിമലമേല്‍ ഇറങ്ങി ആകാശത്തുനിന്നു അവരോടു സംസാരിച്ചു അവകൂ ന്യായമായുള്ള വിധികളും സത്യമായുള്ള ന്യായപ്രമാണങ്ങളും നല്ല ചട്ടങ്ങളും കല്പനകളും കൊടുത്തു.

14 നിന്റെ വിശുദ്ധ ശബ്ബത്ത് നീ അവരെ അറിയിച്ചു, നിന്റെ ദാസനായ മോശെമുഖാന്തരം അവര്‍ക്കും കല്പനകളും ചട്ടങ്ങളും ന്യായപ്രമാണവും കല്പിച്ചു കൊടുത്തു.

15 അവരുടെ വിശപ്പിന്നു നീ അവര്‍ക്കും ആകാശത്തുനിന്നു അപ്പം കൊടുത്തു; അവരുടെ ദാഹത്തിന്നു നീ അവര്‍ക്കും പാറയില്‍ നിന്നു വെള്ളം പുറപ്പെടുവിച്ചു. നീ അവര്‍ക്കും കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവാന്‍ ചെല്ലേണ്ടതിന്നു അവരോടു കല്പിച്ചു.

16 എങ്കിലും അവരും ഞങ്ങളുടെ പിതാക്കന്മാരും അഹങ്കരിച്ചു ദുശ്ശാഠ്യം കാണിച്ചു, നിന്റെ കല്പനകളെ കേള്‍ക്കാതിരുന്നു.

17 അനുസരിപ്പാന്‍ അവര്‍ക്കും മനസ്സില്ലാതിരുന്നു; നീ അവരില്‍ ചെയ്ത അത്ഭുതങ്ങളെ അവര്‍ ഔര്‍ക്കാതെ ദുശ്ശാഠ്യം കാണിച്ചു തങ്ങളുടെ അടിമപ്പാടിലേക്കു മടങ്ങിപ്പോകത്തക്കവണ്ണം തങ്ങളുടെ മത്സരത്തില്‍ ഒരു തലവനെ നിയമിച്ചു നീയോ ക്ഷമിപ്പാന്‍ ഒരുക്കവും കൃപയും കരുണയും ദീര്‍ഘക്ഷമയും ദയാസമൃദ്ധിയും ഉള്ള ദൈവം ആകയാല്‍ അവരെ കൈ വിട്ടുകളഞ്ഞില്ല.

18 അവര്‍ തങ്ങള്‍ക്കു ഒരു കാളക്കിടാവിനെ വാര്‍ത്തുണ്ടാക്കി; ഇതു നിന്നെ മിസ്രയീമില്‍നിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു പറഞ്ഞു മഹാകോപഹേതുക്കള്‍ ഉണ്ടാക്കിയാറെയും

19 നീ നിന്റെ മഹാകരുണനിമിത്തം അവരെ മരുഭൂമിയില്‍ വിട്ടുകളഞ്ഞില്ല; പകലില്‍ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രിയില്‍ അവര്‍ക്കും വെളിച്ചം കൊടുത്തു അവര്‍ നടക്കേണ്ടുന്ന വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല.

20 അവരെ ഉപദേശിക്കേണ്ടതിന്നു നീ നിന്റെ നല്ല ആത്മാവിനെ കൊടുത്തു; അവരുടെ കൊറ്റിന്നു മുട്ടു വരാതെ നിന്റെ മന്നയെയും അവരുടെ ദാഹത്തിന്നു വെള്ളത്തെയും കൊടുത്തു.

21 ഇങ്ങനെ നീ അവരെ നാല്പതു സംവത്സരം മരുഭൂമിയില്‍ പുലര്‍ത്തിഅവര്‍ക്കും ഒന്നും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല, അവരുടെ കാല്‍ വീങ്ങിയതുമില്ല.

22 നീ അവര്‍ക്കും രാജ്യങ്ങളെയും ജാതികളെയും അതിര്‍തിരിച്ചു വിഭാഗിച്ചു കൊടുത്തു; അവര്‍ ഹെശ്ബോന്‍ രാജാവായ സീഹോന്റെ ദേശവും ബാശാന്‍ രാജാവായ ഔഗിന്റെ ദേശവും കൈവശമാക്കി.

23 അവരുടെ മക്കളെ നീ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിച്ചു; ചെന്നു കൈവശമാക്കുവാന്‍ നീ അവരുടെ പിതാക്കന്മാരോടു അരുളിച്ചെയ്തിരുന്ന ദേശത്തേക്കു അവരെ എത്തിച്ചു.

24 അങ്ങനെ മക്കള്‍ ചെന്നു ദേശത്തെ കൈവശമാക്കി; ദേശനിവാസികളായ കനാന്യരെ നീ അവര്‍ക്കും കീഴടക്കി അവരെയും അവരുടെ രാജാക്കന്മാരെയും ദേശത്തുള്ള ജാതികളെയും തങ്ങള്‍ക്കു ബോധിച്ചതുപോലെ ചെയ്‍വാന്‍ അവരുടെ കയ്യില്‍ ഏല്പിച്ചുകൊടുത്തു.

25 അവര്‍ ഉറപ്പുള്ള പട്ടണങ്ങളും പുഷ്ടിയുള്ള ദേശവും പിടിച്ചു എല്ലാനല്ലവസ്തുക്കളും നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും അനവധി ഫലവൃക്ഷങ്ങളും കൈവശമാക്കി; അവര്‍ തിന്നു തൃപ്തിപ്പെട്ടു പുഷ്ടിയുള്ളവരായി നിന്റെ വലിയ നന്മയില്‍ സുഖിച്ചുകൊണ്ടിരുന്നു.

26 എന്നിട്ടും അവര്‍ അനുസരണക്കേടു കാണിച്ചു നിന്നോടു മത്സരിച്ചു നിന്റെ ന്യായപ്രമാണം തങ്ങളുടെ പുറകില്‍ എറിഞ്ഞുകളഞ്ഞു; അവരെ നിങ്കലേക്കു തിരിപ്പാന്‍ അവരോടു സാക്ഷ്യംപറഞ്ഞ നിന്റെ പ്രവാചകന്മാരെ അവര്‍ കൊന്നു മഹാകോപഹേതുക്കള്‍ ഉണ്ടാക്കി.

27 ആകയാല്‍ നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യില്‍ ഏല്പിച്ചു, അവര്‍ അവരെ പീഡിപ്പിച്ചു; അവരുടെ കഷ്ടകാലത്തു അവര്‍ നിന്നോടു നിലവിളിച്ചപ്പോള്‍ നീ സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ടു നിന്റെ മഹാകരുണനിമിത്തം അവര്‍ക്കും രക്ഷകന്മാരെ കൊടുത്തു; അവര്‍ അവരുടെ ശത്രുക്കളുടെ കയ്യില്‍നിന്നു അവരെ രക്ഷിച്ചു.

28 അവര്‍ക്കും സ്വസ്ഥത ഉണ്ടായപ്പോള്‍ അവര്‍ വീണ്ടും നിനക്കു അനിഷ്ടമായതു ചെയ്തു; അതുകൊണ്ടു നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യില്‍ ഏല്പിക്കയും അവര്‍ അവരുടെമേല്‍ കര്‍ത്തവ്യം നടത്തുകയും ചെയ്തു; അവര്‍ തിരിഞ്ഞു നിന്നോടു നിലവിളിച്ചപ്പോള്‍ നീ സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു അവരെ നിന്റെ കരുണപ്രകാരം പലപ്രാവശ്യവും വിടുവിച്ചു.

29 അവരെ നിന്റെ ന്യായപ്രമാണത്തിലേക്കു തിരിച്ചു വരുത്തേണ്ടതിന്നു നീ അവരോടു സാക്ഷീകരിച്ചു; എന്നിട്ടും അവര്‍ അഹങ്കരിക്കയും ഒരുത്തന്‍ അനുസരിച്ചു നടന്നു ജീവിക്കാകുന്ന നിന്റെ കല്പനകള്‍ കേള്‍ക്കാതെ നിന്റെ വിധികള്‍ക്കു വിരോധമായി പാപം ചെയ്കയും എതിര്‍ത്തുനിന്നു ദുശ്ശാഠ്യം കാണിക്കയും ചെയ്തു അനുസരണം ഇല്ലാതിരുന്നു.

30 നീ ഏറിയ സംവത്സരം അവരോടു ക്ഷമിച്ചു നിന്റെ ആത്മാവിനാല്‍ നിന്റെ പ്രവാചകന്മാര്‍മുഖാന്തരം അവരോടു സാക്ഷീകരിച്ചു; എന്നാല്‍ അവര്‍ ശ്രദ്ധിച്ചില്ല; അതുകൊണ്ടു നീ അവരെ ദേശത്തെ ജാതികളുടെ കയ്യില്‍ ഏല്പിച്ചുകൊടുത്തു.

31 എങ്കിലും നിന്റെ മഹാ കരുണ നിമിത്തം നീ അവരെ നിര്‍മ്മൂലമാക്കിയില്ല, ഉപേക്ഷിച്ചുകളഞ്ഞതുമില്ല; നീ കൃപയും കരുണയുമുള്ള ദൈവമല്ലോ.

32 ആകയാല്‍ ദൈവമേ, നിയമവും കൃപയും പാലിക്കുന്നവനായി വലിയവനും ബലവാനും ഭയങ്കരനുമായ ഞങ്ങളുടെ ദൈവമേ, അശ്ശൂര്‍രാജാക്കന്മാരുടെ കാലംമുതല്‍ ഇന്നുവരെ ഞങ്ങള്‍ക്കും ഞങ്ങളുടെ രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും ഞങ്ങളുടെ പിതാക്കന്മാര്‍ക്കും നിന്റെ സര്‍വ്വജനത്തിന്നും നേരിട്ട കഷ്ടങ്ങളൊക്കെയും നിനക്കു ലഘുവായി തോന്നരുതേ.

33 എന്നാല്‍ ഞങ്ങള്‍ക്കു ഭവിച്ചതില്‍ ഒക്കെയും നീ നീതിമാന്‍ തന്നേ; നീ വിശ്വസ്തത കാണിച്ചിരിക്കുന്നു; ഞങ്ങളോ ദുഷ്ടത പ്രവര്‍ത്തിച്ചിരിക്കുന്നു.

34 ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും ഞങ്ങളുടെ പിതാക്കന്മാരും നിന്റെ ന്യായപ്രമാണം അനുസരിച്ചു നടന്നിട്ടില്ല; നിന്റെ കല്പനകളും നീ അവരോടു സാക്ഷീകരിച്ച നിന്റെ സാക്ഷ്യങ്ങളും പ്രമാണിച്ചിട്ടുമില്ല.

35 അവര്‍ തങ്ങളുടെ രാജത്വത്തിലും നീ അവര്‍ക്കും കൊടുത്ത നിന്റെ വലിയ നന്മകളിലും നീ അവര്‍ക്കും അധീനമാക്കിക്കൊടുത്ത വിശാലതയും പുഷ്ടിയുമുള്ള ദേശത്തിലും നിന്നെ സേവിച്ചിട്ടില്ല; തങ്ങളുടെ ദുഷ്പ്രവൃത്തികളെ വിട്ടു തിരിഞ്ഞിട്ടുമില്ല.

36 ഇതാ, ഞങ്ങള്‍ ഇന്നു ദാസന്മാര്‍; നീ ഞങ്ങളുടെ പിതാക്കന്മാര്‍ക്കും ഫലവും ഗുണവും അനുഭവിപ്പാന്‍ കൊടുത്ത ഈ ദേശത്തു തന്നേ ഇതാ, ഞങ്ങള്‍ ദാസന്മാരായിരിക്കുന്നു.

37 ഞങ്ങളുടെ പാപങ്ങള്‍നിമിത്തം നീ ഞങ്ങളുടെ മേല്‍ ആക്കിയിരിക്കുന്ന രാജാക്കന്മാര്‍ക്കും അതു വളരെ അനുഭവം കൊടുക്കുന്നു; അവര്‍ തങ്ങള്‍ക്കു ബോധിച്ചതുപോലെ ഞങ്ങളുടെ ദേഹത്തിന്മേലും ഞങ്ങളുടെ കന്നുകാലികളിന്മേലും അധികാരം നടത്തുന്നു; ഞങ്ങള്‍ വലിയ കഷ്ടത്തിലും ആയിരിക്കുന്നു.

38 ഇതൊക്കെയും ഔര്‍ത്തു ഞങ്ങള്‍ സ്ഥിരമായോരു നിയമം ചെയ്തു എഴുതുന്നു; ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിന്നു മുദ്രയിടുന്നു.

നെഹെമ്യാവു 10

1 മുദ്രയിട്ടവര്‍ ആരെല്ലാമെന്നാല്‍ഹഖല്യാവിന്റെ മകനായ ദേശാധിപതി നെഹെമ്യാവു,

2 സിദെക്കീയാവു, സെരായാവു, അസര്‍യ്യാവു,

3 യിരെമ്യാവു, പശ്ഹൂര്‍, അമര്‍യ്യാവു,

4 മല്‍ക്കീയാവു, ഹത്തൂശ്, ശെബന്യാവു, മല്ലൂക്,

5 ,6 ഹരീം, മെരേമോത്ത്, ഔബദ്യാവു, ദാനീയേല്‍,

6 ഗിന്നെഥോന്‍ , ബാരൂക്, മെശുല്ലാം,

7 അബീയാവു, മീയാമീന്‍ , മയസ്യാവു, ബില്‍ഗായി, ശെമയ്യാവു; ഇവര്‍ പുരോഹിതന്മാര്‍.

8 പിന്നെ ലേവ്യര്‍; അസന്യാവിന്റെ മകനായ യേശുവയും ഹെനാദാദിന്റെ പുത്രന്മാരില്‍ ബിന്നൂവിയും

9 കദ്മീയേലും അവരുടെ സഹോദരന്മാരായ ശെബന്യാവു, ഹോദീയാവു,

10 കെലീതാ, പെലായാവു, ഹാനാന്‍ , മീഖാ,

11 രെഹോബ്, ഹശബ്യാവു, സക്കൂര്‍, ശേരെബ്യാവു,

12 ശെബന്യാവു, ഹോദീയാവു, ബാനി, ബെനീനു.

13 ജനത്തിന്റെ തലവന്മാര്‍പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ,

14 ബാനി, ബുന്നി, അസാദ്, ബേബായി,

15 അദോനീയാവു, ബിഗ്വായി, ആദീന്‍ ,

16 ആതേര്‍, ഹിസ്കീയാവു, അസ്സൂര്‍,

17 ഹോദീയാവു, ഹാശും, ബേസായി,

18 ഹാരീഫ്, അനാഥോത്ത്, നേബായി,

19 മഗ്പിയാശ്, മെശുല്ലാം, ഹേസീര്‍,

20 മെശേസബെയേല്‍, സാദോക്, യദൂവ,

21 പെലത്യാവു, ഹനാന്‍ , അനായാവു,

22 ഹോശേയ, ഹനന്യാവു, ഹശ്ശൂബ്,

23 ഹല്ലോഹേശ്, പില്‍ഹാ, ശോബേക്,

24 രെഹൂം, ഹശബ്നാ, മയസേയാവു,

25 അഹീയാവു, ഹനാന്‍ , ആനാന്‍ ,

26 മല്ലൂക്, ഹാരീം, ബയനാ എന്നിവര്‍ തന്നേ.

27 ശേഷംജനത്തില്‍ പുരോഹിതന്മാരും ലേവ്യരും വാതില്‍കാവല്‍ക്കാരും സംഗീതക്കാരും ദൈവാലയദാസന്മാരും ദേശത്തെ ജാതികളോടു വേര്‍പെട്ടു ദൈവത്തിന്റെ ന്യായപ്രമാണത്തിങ്കലേക്കു തിരിഞ്ഞു വന്നവരൊക്കെയും അവരുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി പരിജ്ഞാനം തിരിച്ചറിവുള്ള ഏവരും

28 ശ്രേഷ്ഠന്മാരായ തങ്ങളുടെ സഹോദരന്മാരോടു ചേര്‍ന്നു ദൈവത്തിന്റെ ദാസനായ മോശെമുഖാന്തരം നല്കപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കുമെന്നും ഞങ്ങളുടെ കര്‍ത്താവായ യഹോവയുടെ സകലകല്പനകളും വിധികളും ചട്ടങ്ങളും പ്രമാണിച്ചു ആചരിക്കുമെന്നും

29 ഞങ്ങളുടെ പുത്രിമാരെ ദേശത്തെ ജാതികള്‍ക്കു കൊടുക്കയോ ഞങ്ങളുടെ പുത്രന്മാര്‍ക്കും അവരുടെ പുത്രിമാരെ എടുക്കയോ ചെയ്കയില്ലെന്നും

30 ദേശത്തെ ജാതികള്‍ ശബ്ബത്തുനാളില്‍ ചരക്കോ യാതൊരു ഭക്ഷണസാധനമോ വില്പാന്‍ കൊണ്ടുവന്നാല്‍ ഞങ്ങള്‍ അതു ശബ്ബത്തുനാളിലും വിശുദ്ധദിവസത്തിലും അവരോടു മേടിക്കയില്ല എന്നും ഏഴാം ആണ്ടിനെ വിമോചന സംവത്സരമായും എല്ലാകടവും ഇളെച്ചുകൊടുക്കുന്നതായും പ്രമാണിക്കുമെന്നും ശപഥവും സത്യവും ചെയ്തു.

31 ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കു വേണ്ടി കാഴ്ചയപ്പത്തിന്നും നിരന്തരഭോജനയാഗത്തിന്നും ശബ്ബത്തുകളിലെയും അമാവാസ്യകളിലെയും നിരന്തരഹോമയാഗത്തിന്നും ഉത്സവങ്ങള്‍ക്കും വിശുദ്ധസാധനങ്ങള്‍ക്കും യിസ്രായേലിന്നു വേണ്ടി പ്രായശ്ചിത്തമായി അര്‍പ്പിക്കേണ്ടുന്ന

32 പാപയാഗങ്ങള്‍ക്കും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാവേലെക്കും വേണ്ടി ആണ്ടുതോറും ശേക്കെലില്‍ മൂന്നില്‍ ഒന്നു കൊടുക്കാമെന്നും ഞങ്ങള്‍ ഒരു ചട്ടം നിയമിച്ചു.

33 ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേല്‍ കത്തിപ്പാന്‍ ആണ്ടുതോറും നിശ്ചിതസമയങ്ങളില്‍ പിതൃഭവനംപിതൃഭവനമായി ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ വിറകുവഴിപാട്ടു കൊണ്ടുവരേണ്ടതിന്നു ഞങ്ങള്‍ പുരോഹിതന്മാരും ലേവ്യരും ജനവുമായിട്ടു ചീട്ടിട്ടു;

34 ആണ്ടുതോറും യഹോവയുടെ ആലയത്തിലേക്കു ഞങ്ങളുടെ നിലത്തിലെ ആദ്യവിളവും സകലവിധവൃക്ഷങ്ങളുടെയും സര്‍വ്വഫലങ്ങളിലും ആദ്യഫലങ്ങളും കൊണ്ടുചെല്ലേണ്ടതിന്നും

35 ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ പുത്രന്മാരിലും മൃഗങ്ങളിലും ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ആടുമാടുകളില്‍ ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരുടെ അടുക്കല്‍ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടു ചെല്ലേണ്ടതിന്നും

36 ഞങ്ങളുടെ തരിമാവിന്റെയും ഉദര്‍ച്ചാര്‍പ്പണങ്ങളുടെയും സകലവിധവൃക്ഷങ്ങളുടെ അനുഭവമായ വീഞ്ഞിന്റെയും എണ്ണയുടെയും ആദ്യഫലം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ അറകളില്‍ പുരോഹിതന്മാരുടെ അടുക്കലും ഞങ്ങളുടെ കൃഷിയുടെ ദശാംശം ലേവ്യരുടെ അടുക്കലും കൊണ്ടുചെല്ലേണ്ടതിന്നും തന്നേ. ലേവ്യരല്ലോ കൃഷിയുള്ള നമ്മുടെ എല്ലാപട്ടണങ്ങളിലും ദശാംശം ശേഖരിക്കുന്നതു.

37 എന്നാല്‍ ലേവ്യര്‍ ദശാംശം വാങ്ങുമ്പോള്‍ അഹരോന്യനായോരു പുരോഹിതന്‍ ലേവ്യരോടുകൂടെ ഉണ്ടായിരിക്കേണം. ദശാംശത്തിന്റെ ദശാംശം ലേവ്യര്‍ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളില്‍ കൊണ്ടുചെല്ലേണം.

38 വിശുദ്ധമന്ദിരത്തിന്റെ ഉപകരണങ്ങളും അതില്‍ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരും വാതില്‍കാവല്‍ക്കാരും സംഗീതക്കാരും ഇരിക്കുന്ന അറകളിലേക്കു യിസ്രായേല്‍മക്കളും ലേവ്യരും ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ഉദര്‍ച്ചാര്‍പ്പണം കൊണ്ടുചെല്ലേണം; ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങള്‍ കൈവിടുകയില്ല.

നെഹെമ്യാവു 11:1-21

1 ജനത്തിന്റെ പ്രഭുക്കന്മാര്‍ യെരൂശലേമില്‍ പാര്‍ത്തു; ശേഷംജനം പത്തുപേരില്‍ ഒരാളെ വിശുദ്ധനഗരമായ യെരൂശലേമില്‍ പാര്‍ക്കേണ്ടതിന്നു കൊണ്ടുവരുവാനും ഒമ്പതു പേരെ മറ്റു പട്ടണങ്ങളില്‍ പാര്‍പ്പിപ്പാനും തക്കവണ്ണം ചീട്ടിട്ടു.

2 എന്നാല്‍ യെരൂശലേമില്‍ പാര്‍പ്പാന്‍ സ്വമേധയാ സമ്മതിച്ച എല്ലാവരെയും ജനം അനുഗ്രഹിച്ചു.

3 യെരൂശലേമില്‍ പാര്‍ത്ത സംസ്ഥാനത്തലവന്മാര്‍ ഇവരാകുന്നുയെഹൂദാനഗരങ്ങളില്‍ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ഔരോരുത്തന്‍ താന്താന്റെ പട്ടണത്തിലും അവകാശത്തിലും പാര്‍ത്തു.

4 യെരൂശലേമില്‍ ചില യെഹൂദ്യരും ബെന്യാമീന്യരും പാര്‍ത്തു. യെഹൂദ്യര്‍ ആരെല്ലാമെന്നാല്‍പേരെസിന്റെ പുത്രന്മാരില്‍ മഹലലേലിന്റെ മകനായ അമര്‍യ്യാവിന്റെ മകനായ സെഖര്‍യ്യാവിന്റെ മകനായ ഉസ്സീയാവിന്റെ മകന്‍ അഥായാവും

5 ശിലോന്യന്റെ മകനായ സെഖര്‍യ്യാവിന്റെ മകനായ യോയാരീബിന്റെ മകനായ അദായാവിന്റെ മകനായ ഹസായാവിന്റെ മകനായ കൊല്‍ഹോസെയുടെ മകനായ ബാരൂക്കിന്റെ മകന്‍ മയസേയാവും തന്നെ.

6 യെരൂശലേമില്‍ പാര്‍ത്ത പേരെസിന്റെ മക്കള്‍ ആകെ നാനൂറ്ററുപത്തെട്ടു പരാക്രമശാലികള്‍.

7 ബെന്യാമീന്യര്‍ ആരെല്ലാമെന്നാല്‍സല്ലൂ; അവന്‍ മെശുല്ലാമിന്റെ മകന്‍ ; അവന്‍ യോവേദിന്റെ മകന്‍ ; അവന്‍ പെദായാവിന്റെ മകന്‍ ; അവന്‍ കോലായാവിന്റെ മകന്‍ ; അവന്‍ മയസേയാവിന്റെ മകന്‍ ; അവന്‍ ഇഥീയേലിന്റെ മകന്‍ അവന്‍ യെശയ്യാവിന്റെ മകന്‍ ;

8 അവന്റെശേഷം ഗബ്ബായി, സല്ലായി; ആകെ തൊള്ളായിരത്തിരുപത്തെട്ടുപേര്‍.

9 സിക്രിയുടെ മകനായ യോവേല്‍ അവരുടെ പ്രമാണിയും ഹസനൂവയുടെ മകനായ യെഹൂദാ പട്ടണത്തില്‍ രണ്ടാമനും ആയിരുന്നു.

10 പുരോഹിതന്മാരില്‍ യൊയാരീബിന്റെ മകനായ യെദായാവും യാഖീനും

11 അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്‍ക്കീയാവിന്റെ മകനായി ദൈവാലയപ്രഭുവായ സെരായാവും

12 ആലയത്തില്‍ വേല ചെയ്തുവന്ന അവരുടെ സഹോദരന്മാര്‍ എണ്ണൂറ്റിരുപത്തിരണ്ടുപേരും മല്‍ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ സെഖര്‍യ്യാവിന്റെ മകനായ അംസിയുടെ മകനായ പെലല്യാവിന്റെ മകനായ യൊരോഹാമിന്റെ മകന്‍ ആദായാവും

13 പിതൃഭവനത്തലവന്മാരായ അവന്റെ സഹോദരന്മാര്‍ ഇരുനൂറ്റിനാല്പത്തിരണ്ടുപേരും ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരേലിന്റെ മകന്‍ അമശെസായിയും

14 അവരുടെ സഹോദരന്മാരായ നൂറ്റിരുപത്തെട്ടു പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്റെ മകനായ സബ്ദീയേല്‍ ആയിരുന്നു.

15 ലേവ്യരില്‍ബൂന്നിയുടെ മകനായ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ അശ്ശൂബിന്റെ മകന്‍ ശെമയ്യാവും

16 ലേവ്യരുടെ തലവന്മാരില്‍ ദൈവാലയത്തിന്റെ പുറമെയുള്ള വേലെക്കു മേല്‍വിചാരകന്മാരായിരുന്ന ശബ്ബെത്തായിയും യോസാബാദും

17 ആസാഫിന്റെ മകനായ സബ്ദിയുടെ മകനായ മീഖയുടെ മകനായി പ്രാര്‍ത്ഥനയില്‍ സ്തോത്രം ആരംഭിക്കുന്ന തലവനായ മത്ഥന്യാവും രണ്ടാമന്‍ അവന്റെ സഹോദരന്മാരില്‍ ഒരുത്തനായ ബക്ക്ബൂക്ക്യാവും യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശമ്മൂവയുടെ മകന്‍ അബ്ദയും തന്നേ.

18 വിശുദ്ധനഗരത്തില്‍ ഉള്ള ലേവ്യര്‍ ആകെ ഇരുനൂറ്റെണ്പത്തിനാലു പേര്‍.

19 വാതില്‍കാവല്‍ക്കാരായ അക്കൂബും തല്മോനും വാതിലുകള്‍ക്കരികെ കാക്കുന്ന അവരുടെ സഹോദരന്മാരും നൂറ്റെഴുപത്തിരണ്ടുപേര്‍.

20 ശേഷം യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും യെഹൂദാനഗരങ്ങളിലൊക്കെയും ഔരോരുത്തന്‍ താന്താന്റെ അവകാശത്തില്‍ പാര്‍ത്തു.

21 ദൈവാലയദാസന്മാരോ ഔഫേലില്‍ പാര്‍ത്തു; സീഹയും ഗിശ്പയും ദൈവലായദാസന്മാരുടെ പ്രമാണികള്‍ ആയിരുന്നു.

     
    Étude de la signification intérieure
page loading graphic