Étape 223

Étudier

     

യെശയ്യാ 24:7-23

7 പുതുവീഞ്ഞു ദുഃഖിക്കുന്നു; മുന്തിരിവള്ളി വാടുന്നു; സന്തുഷ്ടമാനസന്മാരൊക്കെയും നെടുവീര്‍പ്പിടുന്നു.

8 തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം തീര്‍ന്നുപോകുന്നു; കിന്നരത്തിന്റെ ആനന്ദം ഇല്ലാതെയാകുന്നു.

9 അവര്‍ പാട്ടുപാടിക്കൊണ്ടു വീഞ്ഞു കുടിക്കയില്ല; മദ്യംകുടിക്കുന്നവര്‍ക്കും അതു കൈപ്പായിരിക്കും.

10 ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു; ആര്‍ക്കും കടന്നു കൂടാതവണ്ണം എല്ലാവീടും അടഞ്ഞുപോയിരിക്കുന്നു.

11 വീഞ്ഞില്ലായ്കയാല്‍ വീഥികളില്‍ നിലവിളികേള്‍ക്കുന്നു; സന്തോഷം ഒക്കെ ഇരുണ്ടിരിക്കുന്നു; ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു.

12 പട്ടണത്തില്‍ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു; വാതില്‍ തകര്‍ന്നു നാശമായി കിടക്കുന്നു.

13 ഒലിവു തല്ലുംപോലെയും മുന്തിരിപ്പഴം പറിച്ചു തീര്‍ന്നിട്ടു കാലാ പെറുക്കും പോലെയും ഭൂമിയുടെ മദ്ധ്യേ ജാതികളുടെ ഇടയില്‍ സംഭവിക്കുന്നു.

14 അവര്‍ ഉച്ചത്തില്‍ ആര്‍ക്കും; യഹോവയുടെ മഹിമനിമിത്തം അവര്‍ സമുദ്രത്തില്‍നിന്നു ഉറക്കെ ആര്‍ക്കും.

15 അതുകൊണ്ടു നിങ്ങള്‍ കിഴക്കു യഹോവയെയും സമുദ്രതീരങ്ങളില്‍ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്വപ്പെടുത്തുവിന്‍ .

16 നീതിമാന്നു മഹത്വം എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു കീര്‍ത്തനം പാടുന്നതു ഞങ്ങള്‍ കേട്ടു; ഞാനോഎനിക്കു ക്ഷയം, എനിക്കു ക്ഷയം, എനിക്കു അയ്യോ കഷ്ടം! എന്നു പറഞ്ഞു. ദ്രോഹികള്‍ ദ്രോഹം ചെയ്തിരിക്കുന്നു; ദ്രോഹികള്‍ മഹാദ്രോഹം ചെയ്തിരിക്കുന്നു.

17 ഭൂവാസിയേ, പേടിയും കുഴിയും കണിയും നിനക്കു നേരിട്ടിരിക്കുന്നു.

18 പേടി കേട്ടു ഔടിപ്പോകുന്നവന്‍ കുഴിയില്‍ വീഴും; കുഴിയില്‍നിന്നു കയറുന്നവന്‍ കണിയില്‍ അകപ്പെടും; ഉയരത്തിലെ കിളിവാതിലുകള്‍ തുറന്നിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങള്‍ കുലുങ്ങുന്നു.

19 ഭൂമി പൊടുപൊടെ പൊട്ടുന്നു; ഭൂമി കിറുകിറെ കീറുന്നു; ഭൂമി കിടുകിട കിടുങ്ങുന്നു.

20 ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു; കാവല്‍മാടംപോലെ ആടുന്നു; അതിന്റെ അകൃത്യം അതിന്മേല്‍ ഭാരമായിരിക്കുന്നു; അതു വീഴും, എഴുന്നേല്‍ക്കയുമില്ല.

21 അന്നാളില്‍ യഹോവ ഉയരത്തില്‍ ഉന്നതന്മാരുടെ സൈന്യത്തെയും ഭൂമിയില്‍ ഭൂപാലന്മാരെയും സന്ദര്‍ശിക്കും.

22 കുണ്ടറയില്‍ വിലങ്ങുകാരെപ്പോലെ അവരെ ഒന്നിച്ചു കൂട്ടി കാരാഗൃഹത്തില്‍ അടെക്കയും ഏറിയനാള്‍ കഴിഞ്ഞിട്ടു അവരെ സന്ദര്‍ശിക്കയും ചെയ്യും.

23 സൈന്യങ്ങളുടെ യഹോവ സീയോന്‍ പര്‍വ്വതത്തിലും യെരൂശലേമിലും വാഴുകയാലും അവന്റെ മൂപ്പന്മാരുടെ മുമ്പില്‍ തേജസ്സുണ്ടാകയാലും ചന്ദ്രന്‍ നാണിക്കയും സൂര്യന്‍ ലജ്ജിക്കയും ചെയ്യും.

യെശയ്യാ 25

1 യഹോവേ നീ എന്റെ ദൈവമാകുന്നു; ഞാന്‍ നിന്നെ പുകഴ്ത്തും; ഞാന്‍ നിന്റെ നാമത്തെ സ്തുതിക്കും; നീ അത്ഭുതമായി പണ്ടേയുള്ള ആലോചനകളെ വിശ്വസ്തതയോടും സത്യത്തോടും കൂടെ അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.

2 നീ നഗരത്തെ കല്‍ക്കുന്നും ഉറപ്പുള്ള പട്ടണത്തെ ശൂന്യവും അന്യന്മാരുടെ അരമനകളെ നഗരമല്ലാതവണ്ണവും ആക്കിത്തീര്‍ത്തു; അതു ഒരു നാളും പണികയില്ല.

3 അതുകൊണ്ടു ബലമുള്ള ജാതി നിന്നെ മഹത്വപ്പെടുത്തും; ഭയങ്കരജാതികളുടെ പട്ടണം നിന്നെ ഭയപ്പെടും.

4 ഭയങ്കരന്മാരുടെ ചീറ്റല്‍ മതിലിന്റെ നേരെ കൊടുങ്കാറ്റുപോലെ അടിക്കുമ്പോള്‍, നീ എളിയവന്നു ഒരു ദുര്‍ഗ്ഗവും ദരിദ്രന്നു അവന്റെ കഷ്ടത്തില്‍ ഒരു കോട്ടയും കൊടുങ്കാറ്റില്‍ ഒരു ശരണവും ഉഷ്ണത്തില്‍ ഒരു തണലും ആയിരിക്കുന്നു.

5 വരണ്ട നിലത്തിലെ ഉഷ്ണത്തെപ്പോലെ നീ അന്യന്മാരുടെ ആരവത്തെ അടക്കിക്കളയുന്നു; മേഘത്തിന്റെ തണല്‍കൊണ്ടു ഉഷ്ണം എന്നപോലെ നിഷ്കണ്ടകന്മാരുടെ പാട്ടു ഒതുങ്ങിപ്പോകും.

6 സൈന്യങ്ങളുടെ യഹോവ ഈ പര്‍വ്വതത്തില്‍ സകലജാതികള്‍ക്കും മൃഷ്ടഭോജനങ്ങള്‍കൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സുനിറഞ്ഞ മൃഷ്ടഭോജനങ്ങള്‍ കൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടും ഉള്ള വിരുന്നു തന്നേ.

7 സകലവംശങ്ങള്‍ക്കും ഉള്ള മൂടുപടവും സകലജാതികളുടെയും മേല്‍ കിടക്കുന്ന മറവും അവന്‍ ഈ പര്‍വ്വതത്തില്‍വെച്ചു നശിപ്പിച്ചുകളയും.

8 അവന്‍ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കര്‍ത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീര്‍ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.

9 അന്നാളില്‍ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവന്‍ നമ്മെ രക്ഷിക്കും; അവന്‍ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയില്‍ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം എന്നു അവര്‍ പറയും.

10 യഹോവയുടെ കൈ ഈ പര്‍വ്വതത്തില്‍ ആവസിക്കുമല്ലോ; എന്നാല്‍ വൈക്കോല്‍ ചാണകകൂഴിയിലെ വെള്ളത്തില്‍ ഇട്ടു ചവിട്ടുന്നതുപോലെ മോവാബ് സ്വസ്ഥാനത്തു തന്നേ മെതിക്കപ്പെടും.

11 നീന്തുന്നവന്‍ നീന്തുവാന്‍ കൈ നീട്ടുന്നതുപോലെ അവന്‍ അതിന്റെ നടുവില്‍ കൈ നീട്ടും; എങ്കിലും അവന്റെ ഗര്‍വ്വവും കൈമിടുക്കും അവന്‍ താഴ്ത്തിക്കളയും.

12 നിന്റെ ഉറപ്പും ഉയരവും ഉള്ള മതിലുകളെ അവന്‍ താഴെ നിലത്തു തള്ളിയിട്ടു പൊടിയാക്കിക്കളയും.

യെശയ്യാ 26

1 അന്നാളില്‍ അവര്‍ യെഹൂദാദേശത്തു ഈ പാട്ടു പാടുംനമുക്കു ബലമുള്ളോരു പട്ടണം ഉണ്ടു; അവന്‍ രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കിവെക്കുന്നു.

2 വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജാതി പ്രവേശിക്കേണ്ടതിന്നു വാതിലുകളെ തുറപ്പിന്‍ .

3 സ്ഥിരമാനസന്‍ നിന്നില്‍ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂര്‍ണ്ണസമാധാനത്തില്‍ കാക്കുന്നു.

4 യഹോവയാം യാഹില്‍ ശാശ്വതമായോരു പാറ ഉള്ളതിനാല്‍ യഹോവയില്‍ എന്നേക്കും ആശ്രയിപ്പിന്‍ .

5 അവന്‍ ഉയരത്തില്‍ പാര്‍ക്കുംന്നവരെ ഉന്നതനഗരത്തെതന്നേ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയില്‍ ഇട്ടു കളഞ്ഞിരിക്കുന്നു.

6 കാല്‍ അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നേ.

7 നീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു; നീ നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു.

8 അതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയില്‍ ഞങ്ങള്‍ നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിന്നായിട്ടും നിന്റെ സ്മരണക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു.

9 എന്റെ ഉള്ളം കൊണ്ടു ഞാന്‍ രാത്രിയില്‍ നിന്നെ ആഗ്രഹിച്ചു ഉള്ളില്‍ എന്റെ ആത്മാവുകൊണ്ടു തന്നേ ഞാന്‍ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്റെ ന്യായവിധികള്‍ ഭൂമിയില്‍ നടക്കുമ്പോള്‍ ഭൂവാസികള്‍ നീതിയെ പഠിക്കും.

10 ദുഷ്ടന്നു കൃപ കാണിച്ചാലും അവന്‍ നീതി പഠിക്കയില്ല; നേരുള്ള ദേശത്തു അവന്‍ അന്യായം പ്രവര്‍ത്തിക്കും; യഹോവയുടെ മഹത്വം അവന്‍ കാണുകയുമില്ല.

11 യഹോവേ, നിന്റെ കൈ ഉയര്‍ന്നിരിക്കുന്നു; അവരോ കാണുന്നില്ല; എങ്കിലും ജനത്തെക്കുറിച്ചുള്ള നിന്റെ തീക്ഷണത അവര്‍ കണ്ടു ലജ്ജിക്കും; നിന്റെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും.

12 യഹോവേ, നീ ഞങ്ങള്‍ക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകലപ്രവൃത്തികളെയും നീ ഞങ്ങള്‍ക്കു വേണ്ടി നിവര്‍ത്തിച്ചിരിക്കുന്നുവല്ലോ.

13 ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കര്‍ത്താക്കന്മാര്‍ ഞങ്ങളുടെമേല്‍ കര്‍ത്തൃത്വം നടത്തീട്ടുണ്ടു; എന്നാല്‍ നിന്നെ മാത്രം, നിന്റെ നാമത്തെ തന്നേ, ഞങ്ങള്‍ സ്വീകരിക്കുന്നു.

14 മരിച്ചവര്‍ ജീവിക്കുന്നില്ല; മൃതന്മാര്‍ എഴുന്നേലക്കുന്നില്ല; അതിന്നായിട്ടല്ലോ നീ അവരെ സന്ദര്‍ശിച്ചു സംഹരിക്കയും അവരുടെ ഔര്‍മ്മയെ അശേഷം ഇല്ലാതാക്കുകയും ചെയ്തതു.

15 നീ ജനത്തെ വര്‍ദ്ധിപ്പിച്ചു; യഹോവേ, ജനത്തെ നീ വര്‍ദ്ധിപ്പിച്ചു; നീ മഹത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്റെ അതിരുകളെയെല്ലാം നീ വിസ്താരമാക്കിയിരിക്കുന്നു.

16 യഹോവേ, കഷ്ടതയില്‍ അവര്‍ നിന്നെ നോക്കുകയും നിന്റെ ശിക്ഷ അവര്‍ക്കും തട്ടിയപ്പോള്‍ ജപംകഴിക്കയും ചെയ്തു.

17 യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗര്‍ഭണി നോവുകിട്ടി തന്റെ വേദനയില്‍ നിലവിളിക്കുന്നതുപോലെ ഞങ്ങള്‍ നിന്റെ മുമ്പാകെ ആയിരുന്നു.

18 ഞങ്ങള്‍ ഗര്‍ഭം ധരിച്ചു നോവുകിട്ടി പ്രസവിച്ചാറെ, കാറ്റിനെ പ്രസവിച്ചതുപോലെ ഇരുന്നു; ദേശത്തു ഒരു രക്ഷയും ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ല; ഭൂവാസികള്‍ പിറന്നുവീണതുമില്ല.

19 നിന്റെ മൃതന്മാര്‍ ജീവിക്കും; എന്റെ ശവങ്ങള്‍ എഴുന്നേലക്കും; പൊടിയില്‍ കിടക്കുന്നവരേ, ഉണര്‍ന്നു ഘോഷിപ്പിന്‍ ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.

20 എന്റെ ജനമേ, വന്നു നിന്റെ അറകളില്‍ കടന്നു വാതിലുകളെ അടെക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക.

21 യഹോവ ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം സന്ദര്‍ശിപ്പാന്‍ തന്റെ സ്ഥലത്തുനിന്നു ഇതാ, വരുന്നു. ഭൂമി താന്‍ കുടിച്ച രക്തം ഒക്കെയും വെളിപ്പെടുത്തും; തന്നിലുള്ള ഹതന്മാരെ ഇനി മൂടിവെക്കയുമില്ല.

യെശയ്യാ 27

1 അന്നാളില്‍ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാള്‍കൊണ്ടു വിദ്രുതസര്‍പ്പമായ ലിവ്യാഥാനെയും വക്രസര്‍പ്പമായ ലിവ്യാഥാനെയും സന്ദര്‍ശിക്കും; സമുദ്രത്തിലെ മഹാസര്‍പ്പത്തെ അവന്‍ കൊന്നുകളയും.

2 അന്നു നിങ്ങള്‍ മനോഹരമായോരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടു പാടുവിന്‍ .

3 യഹോവയായ ഞാന്‍ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാന്‍ അതിനെ നനെക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിന്നു ഞാന്‍ അതിനെ രാവും പകലും സൂക്ഷിക്കും.

4 ക്രോധം എനിക്കില്ല; യുദ്ധത്തില്‍ പറക്കാരയും മുള്‍പടര്‍പ്പും എനിക്കു വിരോധമായിരുന്നെങ്കില്‍ കൊള്ളായിരുന്നു; ഞാന്‍ അവയുടെ നേരെ ചെന്നു അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു.

5 അല്ലെങ്കില്‍ അവന്‍ എന്നെ അഭയം പ്രാപിച്ചു എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ; അതേ, അവന്‍ എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ.

6 വരും കാലത്തു യാക്കോബ് വേരൂന്നുകയും യിസ്രായേല്‍ തളിര്‍ത്തുപൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂര്‍ണ്ണമാകയും ചെയ്യും.

7 അവനെ അടിച്ചവരേ അടിച്ചതുപോലെയോ അവന്‍ അവനെ അടിച്ചതു? അവനെ കൊന്നവരെ കൊന്നതുപോലെയോ അവന്‍ കൊല്ലപ്പെട്ടിരിക്കുന്നതു?

8 അവരെ ഉപേക്ഷിച്ചതിനാല്‍ നീ മിതമായിട്ടു അവളോടു വാദിച്ചു; കിഴക്കന്‍ കാറ്റുള്ള നാളില്‍ അവന്‍ കൊടുങ്കാറ്റുകൊണ്ടു പാറ്റിക്കളഞ്ഞു.

9 ഇതുകൊണ്ടു യാക്കോബിന്റെ അകൃത്യത്തിന്നു പരിഹാരം വരും; അവന്റെ പാപത്തെ നീക്കിക്കളഞ്ഞതിന്റെ ഫലമെല്ലാം ഇതാകുന്നു; അവന്‍ ബലിപീഠത്തിന്റെ കല്ലു ഒക്കെയും ഇടിച്ചുതകര്‍ത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോള്‍ അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും ഇനി നിവിര്‍ന്നുനില്‍ക്കയില്ല.

10 ഉറപ്പുള്ള പട്ടണം ഏകാന്തവും മരുഭൂമിപോലെ നിര്‍ജ്ജനവും ശൂന്യവും ആയിരിക്കും; അവിടെ കാളക്കിടാവു മേഞ്ഞുകിടന്നു അവിടെയുള്ള തളിരുകളെ തിന്നുകളയും.

11 അതിലെ കൊമ്പുകള്‍ ഉണങ്ങുമ്പോള്‍ ഒടിഞ്ഞുവീഴും; സ്ത്രീകള്‍ വന്നു അതു പെറുക്കി തീ കത്തിക്കും; അതു തിരിച്ചറിവില്ലാത്ത ഒരു ജാതിയല്ലോ; അതുകൊണ്ടു അവരെ നിര്‍മ്മിച്ചവന്നു അവരോടു കരുണ തോന്നുകയില്ല; അവരെ മനെഞ്ഞവന്‍ അവര്‍ക്കും കൃപ കാണിക്കയുമില്ല.

12 അന്നാളില്‍ യഹോവ നദിമുതല്‍ മിസ്രയീം തോടുവരെ കറ്റ മെതിക്കും; യിസ്രായേല്‍ മക്കളേ, നിങ്ങളെ ഔരോന്നായി പെറുക്കി എടുക്കും.

13 അന്നാളില്‍ മഹാകാഹളം ഊതും; അശ്ശൂര്‍ ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു ഭ്രഷ്ടരായവരും വന്നു യെരൂശലേമിലെ വിശുദ്ധപര്‍വ്വതത്തില്‍ യഹോവയെ നമസ്കരിക്കും.

യെശയ്യാ 28:1-22

1 എഫ്രയീമിലെ കുടിയാന്മാരുടെ ഡംഭകിരീടത്തിന്നും വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവരുടെ ഫലവത്തായ താഴ്വരയിലെ കുന്നിന്മേല്‍ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരത്തിന്നും അയ്യോ, കഷ്ടം!

2 ഇതാ, ശക്തിയും ബലവുമുള്ള ഒരുത്തന്‍ കര്‍ത്താവിങ്കല്‍നിന്നു വരുന്നു; തകര്‍ത്ത കൊടുങ്കാറ്റോടുകൂടിയ കന്മഴപോലെയും കവിഞ്ഞൊഴുകുന്ന മഹാ ജലപ്രവാഹം പോലെയും അവന്‍ അവരെ വെറുങ്കൈകൊണ്ടു നിലത്തു തള്ളിയിടും.

3 എഫ്രയീമിലെ കുടിയാന്മാരുടെ ഡംഭകിരീടം അവന്‍ കാല്‍കൊണ്ടു ചവിട്ടിക്കളയും.

4 ഫലവത്തായ താഴ്വരയിലെ കുന്നിന്മേല്‍ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരം ഫലശേഖരകാലത്തിന്നു മുമ്പെ പഴുത്തതും കാണുന്നവന്‍ ഉടനെ പറിഞ്ഞുതിന്നുകളയുന്നതുമായ അത്തിപ്പഴം പോലെ ഇരിക്കും.

5 അന്നാളില്‍ സൈന്യങ്ങളുടെ യഹോവ തന്റെ ജനത്തിന്റെ ശേഷിപ്പിന്നു മഹത്വമുള്ളോരു കിരീടവും ഭംഗിയുള്ളോരു മുടിയും

6 ന്യായവിസ്താരം കഴിപ്പാന്‍ ഇരിക്കുന്നവന്നു ന്യായത്തിന്റെ ആത്മാവും പട്ടണവാതില്‍ക്കല്‍വെച്ചു പടയെ മടക്കിക്കളയുന്നവര്‍ക്കും വീര്യബലവും ആയിരിക്കും.

7 എന്നാല്‍ ഇവരും വീഞ്ഞു കുടിച്ചു ചാഞ്ചാടുകയും മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; പുരോഹിതനും പ്രവാചകനും മദ്യപാനം ചെയ്തു ചാഞ്ചാടുകയും വീഞ്ഞുകുടിച്ചു മത്തരാകയും മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; അവര്‍ ദര്‍ശനത്തില്‍ പിഴെച്ചു ന്യായവിധിയില്‍ തെറ്റിപ്പോകുന്നു.

8 മേശകള്‍ ഒക്കെയും ഛര്‍ദ്ദിയും അഴുക്കുംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഒരു സ്ഥലവും ശേഷിപ്പില്ല.

9 “ആര്‍ക്കാകുന്നു ഇവന്‍ പരിജ്ഞാനം ഉപദേശിപ്പാന്‍ പോകുന്നതു? ആരെയാകുന്നു അവന്‍ പ്രസംഗം ഗ്രഹിപ്പിപ്പാന്‍ പോകുന്നതു? പാലുകുടി മാറിയവരെയോ? മുലകുടി വിട്ടവരെയോ?

10 ചട്ടത്തിന്മേല്‍ ചട്ടം, ചട്ടത്തിന്മേല്‍ ചട്ടം; സൂത്രത്തിന്മേല്‍ സൂത്രം, സൂത്രത്തിന്മേല്‍ സൂത്രം; ഇവിടെ അല്പം, അവിടെ അല്പം” എന്നു അവര്‍ പറയുന്നു അതേ,

11 വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവന്‍ ഈ ജനത്തോടു സംസാരിക്കും.

12 ഇതാകുന്നു സ്വസ്ഥത; ക്ഷീണിച്ചിരിക്കുന്നവന്നു സ്വസ്ഥത കൊടുപ്പിന്‍ ; ഇതാകുന്നു വിശ്രാമം എന്നു അവര്‍ അവരോടു അരുളിച്ചെയ്തു എങ്കിലും കേള്‍പ്പാന്‍ അവര്‍ക്കും മനസ്സില്ലായിരുന്നു.

13 ആകയാല്‍ അവര്‍ ചെന്നു പിറകോട്ടുവീണു തകര്‍ന്നു കുടുക്കില്‍ അകപ്പെട്ടു പിടിപെടേണ്ടതിന്നു, യഹോവയുടെ വചനം അവര്‍ക്കും “ചട്ടത്തിന്മേല്‍ ചട്ടം, ചട്ടത്തിന്മേല്‍ ചട്ടം, സൂത്രത്തിന്മേല്‍ സൂത്രം, സൂത്രത്തിന്മേല്‍ സൂത്രം, ഇവിടെ അല്പം അവിടെ അല്പം” എന്നു ആയിരിക്കും.

14 അതുകൊണ്ടു യെരൂശലേമിലെ ഈ ജനത്തിന്റെ അധിപതികളായ പരിഹാസികളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ .

15 ഞങ്ങള്‍ മരണത്തോടു സഖ്യതയും പാതാളത്തോടു ഉടമ്പടിയും ചെയ്തിരിക്കുന്നു; പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോള്‍ അതു ഞങ്ങളോടു അടുത്തു വരികയില്ല; ഞങ്ങള്‍ ഭോഷ്കിനെ ശരണമാക്കി വ്യാജത്തില്‍ ഒളിച്ചിരിക്കുന്നു എന്നു നിങ്ങള്‍ പറഞ്ഞുവല്ലോ.

16 അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, ഞാന്‍ സീയോനില്‍ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവന്‍ ഔടിപ്പോകയില്ല.

17 ഞാന്‍ ന്യായത്തെ അളവുചരടും നീതിയെ തൂക്കുകട്ടയും ആക്കിവേക്കും; കന്മഴ വ്യാജശരണത്തെ നീക്കിക്കളയും; വെള്ളം ഒളിപ്പിടത്തെ ഒഴിക്കി കൊണ്ടുപോകും.

18 മരണത്തോടുള്ള നിങ്ങളുടെ സഖ്യത ദുര്‍ബ്ബലമാകും; പാതാളത്തോടുള്ള നിങ്ങളുടെ ഉടമ്പടി നിലനില്‍ക്കയില്ല; പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോള്‍ നിങ്ങള്‍ തകര്‍ന്നു പോകും.

19 അതു ആക്രമിക്കുമ്പോഴൊക്കെയും നിങ്ങളെ പിടിക്കും; അതു രാവിലെതോറും രാവും പകലും ആക്രമിക്കും; അതിന്റെ ശ്രുതി കേള്‍ക്കുന്ന മാത്രെക്കു നടുക്കം ഉണ്ടാകും.

20 കിടക്ക ഒരുത്തന്നു നിവിര്‍ന്നു കിടപ്പാന്‍ നിളം പോരാത്തതും പുതെപ്പു പുതെപ്പാന്‍ വീതി പോരാത്തതും ആകും.

21 യഹോവ തന്റെ പ്രവൃത്തിയെ തന്റെ ആശ്ചര്യപ്രവൃത്തിയെ തന്നേ, ചെയ്യേണ്ടതിന്നും തന്റെ ക്രിയയെ, തന്റെ അപൂര്‍വ്വക്രിയയെ തന്നേ നടത്തേണ്ടതിന്നും പെറാസീംമലയില്‍ എന്നപോലെ എഴുന്നേല്‍ക്കയും ഗിബെയോന്‍ താഴ്വരയില്‍ എന്നപോലെ കോപിക്കയും ചെയ്യും.

22 ആകയാല്‍ നിങ്ങളുടെ ബന്ധനങ്ങള്‍ മുറുകിപ്പോകാതെയിരിക്കേണ്ടതിന്നു നിങ്ങള്‍ പരിഹാസികള്‍ ആയിരിക്കരുതു; സര്‍വ്വഭൂമിയിലും വരുവാന്‍ നിര്‍ണ്ണയിച്ചിട്ടുള്ള ഒരു സംഹാരത്തെക്കുറിച്ചു ഞാന്‍ സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിങ്കല്‍നിന്നു കേട്ടിരിക്കുന്നു.