Passo 104

Studio

     

രാജാക്കന്മാർ 1 11:26-43

26 സെരേദയില്‍നിന്നുള്ള എഫ്രയീമ്യനായ നെബാത്തിന്റെ മകന്‍ യൊരോബെയാം എന്ന ശലോമോന്റെ ദാസനും രാജാവിനോടു മത്സരിച്ചു; അവന്റെ അമ്മ സെരൂയാ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു.

27 അവന്‍ രാജാവിനോടു മത്സരിപ്പാനുള്ള കാരണം എന്തെന്നാല്‍ശലോമോന്‍ മില്ലോ പണിതു, തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീര്‍ത്തു.

28 എന്നാല്‍ യൊരോബെയാം ബഹു പ്രാപ്തിയുള്ള പുരുഷന്‍ ആയിരുന്നു; ഈ യൌവനക്കാരന്‍ പരിശ്രമശീലന്‍ എന്നു കണ്ടിട്ടു ശലോമോന്‍ യോസേഫ്ഗൃഹത്തിന്റെ കാര്യാദികളൊക്കെയും അവന്റെ വിചാരണയില്‍ ഏല്പിച്ചു.

29 ആ കാലത്തു ഒരിക്കല്‍ യൊരോബെയാം യെരൂശലേമില്‍നിന്നു വരുമ്പോള്‍ ശിലോന്യനായ അഹിയാപ്രവാചകന്‍ വഴിയില്‍വെച്ചു അവനെ കണ്ടു; അവന്‍ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടുപേരും വയലില്‍ തനിച്ചായിരുന്നു.

30 അഹിയാവു താന്‍ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ചു പന്ത്രണ്ടു ഖണ്ഡമായി കീറി

31 യൊരോബെയാമിനോടു പറഞ്ഞതെന്തെന്നാല്‍പത്തു ഖണ്ഡം നീ എടുത്തുകൊള്‍ക; യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ ഞാന്‍ രാജത്വം ശലോമോന്റെ കയ്യില്‍നിന്നു പറിച്ചുകീറി, പത്തു ഗോത്രം നിനക്കു തരുന്നു.

32 എന്നാല്‍ എന്റെ ദാസനായ ദാവീദിന്‍ നിമിത്തവും ഞാന്‍ എല്ലായിസ്രായേല്‍ഗോത്രങ്ങളില്‍നിന്നും തിരഞ്ഞെടുത്ത യെരൂശലേം നഗരം നിമിത്തവും ഒരു ഗോത്രം അവന്നു ഇരിക്കും.

33 അവര്‍ എന്നെ ഉപേക്ഷിച്ചു, സീദോന്യദേവിയായ അസ്തോരെത്തിനെയും മോവാബ്യദേവനായ കെമോശിനെയും അമ്മോന്യദേവനായ മില്‍ക്കോമിനെയും നമസ്കരിക്കയും അവന്റെ അപ്പനായ ദാവീദ് എന്നപോലെ എനിക്കു പ്രസാദമായുള്ളതു ചെയ്‍വാനും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും അവര്‍ എന്റെ വഴികളില്‍ നടക്കാതെ ഇരിക്കയും ചെയ്തതു കൊണ്ടു തന്നേ.

34 എന്നാല്‍ രാജത്വം മുഴുവനും ഞാന്‍ അവന്റെ കയ്യില്‍നിന്നു എടുക്കയില്ല; ഞാന്‍ തിരഞ്ഞെടുത്തവനും എന്റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്റെ ദാസന്‍ ദാവീദ് നിമിത്തം ഞാന്‍ അവനെ അവന്റെ ജീവകാലത്തൊക്കെയും പ്രഭുവായി വെച്ചേക്കും.

35 എങ്കിലും അവന്റെ മകന്റെ കയ്യില്‍നിന്നു ഞാന്‍ രാജത്വം എടുത്തു നിനക്കു തരും; പത്തു ഗോത്രങ്ങളെ തന്നേ.

36 എന്റെ നാമം സ്ഥാപിക്കേണ്ടതിന്നു ഞാന്‍ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തില്‍ എന്റെ മുമ്പാകെ എന്റെ ദാസനായ ദാവീദിന്നു എന്നേക്കും ഒരു ദീപം ഉണ്ടായിരിക്കത്തക്കവണ്ണം ഞാന്‍ അവന്റെ മകന്നു ഒരു ഗോത്രത്തെ കൊടുക്കും.

37 നീയോ നിന്റെ ഇഷ്ടംപോലെ ഒക്കെയും വാണു യിസ്രായേലിന്നു രാജാവായിരിക്കേണ്ടതിന്നു ഞാന്‍ നിന്നെ എടുത്തിരിക്കുന്നു.

38 ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ കേട്ടു എന്റെ വഴികളില്‍ നടന്നു എന്റെ ദാസനായ ദാവീദ് ചെയ്തതു പോലെ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു കൊണ്ടു എനിക്കു പ്രസാദമായുള്ളതു ചെയ്താല്‍ ഞാന്‍ നിന്നോടുകൂടെ ഇരിക്കും; ഞാന്‍ ദാവീദിന്നു പണിതതുപോലെ നിനക്കു സ്ഥിരമായോരു ഗൃഹം പണിതു യിസ്രായേലിനെ നിനക്കു തരും.

39 ദാവീദിന്റെ സന്തതിയെയോ ഞാന്‍ ഇതു നിമിത്തം താഴ്ത്തും; സദാകാലത്തേക്കല്ലതാനും.

40 അതുകൊണ്ടു ശലോമോന്‍ യൊരോബെയാമിനെ കൊല്ലുവാന്‍ അന്വേഷിച്ചു. എന്നാല്‍ യൊരോബെയാം എഴുന്നേറ്റു മിസ്രയീമില്‍ ശീശക്ക്‍ എന്ന മിസ്രയീംരാജാവിന്റെ അടുക്കല്‍ ഔടിപ്പോയി; ശലോമോന്റെ മരണംവരെ അവന്‍ മിസ്രയീമില്‍ ആയിരുന്നു.

41 ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്റെ ജ്ഞാനവും ശലോമോന്റെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

42 ശലോമോന്‍ യെരൂശലേമില്‍ എല്ലാ യിസ്രായേലിനെയും വാണകാലം നാല്പതു സംവത്സരം ആയിരുന്നു.

43 ശലോമോന്‍ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ അപ്പനായ ദാവീദിന്റെ നഗരത്തില്‍ അവനെ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.

രാജാക്കന്മാർ 1 12

1 രെഹബെയാമിനെ രാജാവാക്കേണ്ടതിന്നു എല്ലായിസ്രായേലും ശെഖേമില്‍ വന്നിരുന്നതുകൊണ്ടു അവനും ശെഖേമില്‍ ചെന്നു.

2 നെബാത്തിന്റെ മകനായ യൊരോബെയാം മിസ്രയീമില്‍ അതു കേട്ടാറെ ശലോമോന്‍ രാജാവിന്റെ സന്നിധിയില്‍നിന്നു യൊരോബെയാം മിസ്രയീമില്‍ ഔടിപ്പോയി അവിടെ പാര്‍ത്തിരിക്കുമ്പോള്‍

3 അവര്‍ ആളയച്ചു അവനെ വിളിപ്പിച്ചിരുന്നു--യൊരോബെയാമും യിസ്രായേല്‍സഭയൊക്കെയും വന്നു രെഹബെയാമിനോടു സംസാരിച്ചു

4 നിന്റെ അപ്പന്‍ ഭാരമുള്ള നുകം ഞങ്ങളുടെമേല്‍ വെച്ചു; നിന്റെ അപ്പന്റെ കഠിനവേലയും അവന്‍ ഞങ്ങളുടെമേല്‍ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചുതരേണം; എന്നാല്‍ ഞങ്ങള്‍ നിന്നെ സേവിക്കാം എന്നു പറഞ്ഞു.

5 അവന്‍ അവരോടുനിങ്ങള്‍ പോയി മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കല്‍ വരുവിന്‍ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.

6 രെഹബെയാം രാജാവു തന്റെ അപ്പനായ ശലോമോന്റെ ജീവകാലത്തു അവന്റെ സന്നിധിയില്‍ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചുഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങള്‍ എന്താലോചന പറയുന്നു എന്നു ചോദിച്ചു.

7 അതിന്നു അവര്‍ അവനോടുനീ ഇന്നു ഈ ജനത്തിന്നു വഴിപ്പെട്ടു അവരെ സേവിച്ചു അവരോടു നല്ലവാക്കു പറഞ്ഞാല്‍ അവര്‍ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.

8 എന്നാല്‍ വൃദ്ധന്മാര്‍ തന്നോടു പറഞ്ഞ ആലോചന അവന്‍ ത്യജിച്ചു, തന്നോടുകൂടെ വളര്‍ന്നവരായി തന്റെ മുമ്പില്‍ നിലക്കുന്ന യൌവ്വനക്കാരോടു ആലോചിച്ചു

9 നിന്റെ അപ്പന്‍ ഞങ്ങളുടെ മേല്‍ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടു നാം ഉത്തരം പറയേണ്ടതിന്നു നിങ്ങള്‍ എന്താലോചന പറയുന്നു എന്നു അവരോടു ചോദിച്ചു.

10 അവനോടുകൂടെ വളര്‍ന്നിരുന്ന യൌവ്വനക്കാര്‍ അവനോടുനിന്റെ അപ്പന്‍ ഭാരമുള്ള നുകം ഞങ്ങളുടെമേല്‍ വെച്ചു; നീ അതു ഞങ്ങള്‍ക്കു ഭാരം കുറെച്ചുതരേണമെന്നു നിന്നോടു പറഞ്ഞ ഈ ജനത്തോടുഎന്റെ ചെറുവിരല്‍ എന്റെ അപ്പന്റെ അരയെക്കാള്‍ വണ്ണമുള്ളതായിരിക്കും.

11 എന്റെ അപ്പന്‍ നിങ്ങളുടെമേല്‍ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാന്‍ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പന്‍ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.

12 മൂന്നാം ദിവസം എന്റെ അടുക്കല്‍ വീണ്ടും വരുവിന്‍ എന്നു രാജാവു പറഞ്ഞതുപോലെ യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കല്‍ ചെന്നു.

13 എന്നാല്‍ രാജാവു ജനത്തോടു കഠിനമായി ഉത്തരം പറഞ്ഞു; വൃദ്ധന്മാര്‍ തന്നോടു പറഞ്ഞ ആലോചനയെ അവന്‍ ത്യജിച്ചു.

14 യൌവ്വനക്കാരുടെ ആലോചനപോലെ അവരോടുഎന്റെ അപ്പന്‍ ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വെച്ചു; ഞാനോ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പന്‍ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നു ഉത്തരം പറഞ്ഞു.

15 ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശിലോന്യനായ അഹിയാവുമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം യഹോവയുടെ ഹിതത്താല്‍ സംഭവിച്ചു.

16 രാജാവു തങ്ങളുടെ അപേക്ഷ കേള്‍ക്കയില്ലെന്നു എല്ലായിസ്രായേലും കണ്ടപ്പോള്‍ ജനം രാജാവിനോടുദാവീദിങ്കല്‍ ഞങ്ങള്‍ക്കു എന്തു ഔഹരി ഉള്ളു? യിശ്ശായിയുടെ മകങ്കല്‍ ഞങ്ങള്‍ക്കു അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊള്‍വിന്‍ ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊള്‍ക എന്നുത്തരം പറഞ്ഞു, യിസ്രായേല്‍ തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.

17 യെഹൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന യിസ്രായേല്യര്‍ക്കോ രെഹബെയാം രാജാവായ്തീര്‍ന്നു.

18 പിന്നെ രെഹബെയാംരാജാവു ഊഴിയവേലെക്കു മേല്‍വിചാരകനായ അദോരാമിനെ അയച്ചു; എന്നാല്‍ യിസ്രായേലൊക്കെയും അവനെ കല്ലെറിഞ്ഞു കൊന്നുകളഞ്ഞു; രെഹബെയാംരാജാവോ വേഗത്തില്‍ രഥം കയറി യെരൂശലേമിലേക്കു ഔടിപ്പോന്നു.

19 ഇങ്ങനെ യിസ്രായേല്‍ ഇന്നുവരെ ദാവീദ് ഗൃഹത്തോടു മതസരിച്ചു നിലക്കുന്നു.

20 യൊരോബെയാം മടങ്ങിവന്നു എന്നു യിസ്രായേലൊക്കെയും കേട്ടപ്പോള്‍ അവര്‍ ആളയച്ചു അവനെ സഭയിലേക്കു വിളിപ്പിച്ചു അവനെ എല്ലായിസ്രായേലിന്നും രാജാവാക്കി; യെഹൂദാഗോത്രം മാത്രം അല്ലാതെ മറ്റാരും ദാവീദ് ഗൃഹത്തിന്റെ പക്ഷം ചേര്‍ന്നില്ല.

21 രെഹബെയാം യെരൂശലേമില്‍ വന്നശേഷം യിസ്രായേല്‍ഗൃഹത്തോടു യുദ്ധംചെയ്തു രാജത്വം ശലോമോന്റെ മകനായ രെഹബെയാമിന്നു വീണ്ടുകൊള്ളേണ്ടതിന്നു അവന്‍ യെഹൂദാഗൃഹം മുഴുവനിലും ബെന്യാമീന്റെ ഗോത്രത്തിലുംനിന്നു ശ്രേഷ്ഠയോദ്ധാക്കളായ ഒരു ലക്ഷത്തെണ്പതിനായിരംപേരെ ശേഖരിച്ചു.

22 എന്നാല്‍ ദൈവപുരുഷനായ ശെമയ്യാവിന്നു ദൈവത്തിന്റെ അരുളപ്പാടുണ്ടായതെന്തെന്നാല്‍

23 നീ ശലോമോന്റെ മകനായി യെഹൂദാരാജാവായ രെഹബെയാമിനോടും യെഹൂദയുടെയും ബെന്യാമീന്റെയും സകലഗൃഹത്തോടും ശേഷം ജനത്തോടും പറക; നിങ്ങള്‍ പുറപ്പെടരുതു;

24 നിങ്ങളുടെ സഹോദരന്മാരായ യിസ്രായേല്‍മക്കളോടു യുദ്ധം ചെയ്കയുമരുതു; ഔരോരുത്തന്‍ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിന്‍ ; ഈ കാര്യം എന്റെ ഹിതത്താല്‍ ഉണ്ടായിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവര്‍ യഹോവയുടെ അരുളപ്പാടു അനുസരിച്ചു യഹോവയുടെ കല്പനപ്രകാരം മടങ്ങിപ്പോയി.

25 അനന്തരം യൊരോബെയാം എഫ്രയീംമലനാട്ടില്‍ ശെഖേം പണിതു അവിടെ പാര്‍ത്തു. അവന്‍ അവിടെനിന്നു പുറപ്പെട്ടു പെനൂവേലും പണിതു.

26 എന്നാല്‍ യൊരോബെയാം തന്റെ മനസ്സില്‍രാജത്വം വീണ്ടും ദാവീദ്ഗൃഹത്തിന്നു ആയിപ്പോകും;

27 ഈ ജനം യെരൂശലേമില്‍ യഹോവയുടെ ആലയത്തില്‍ യാഗം കഴിപ്പാന്‍ ചെന്നാല്‍ ഈ ജനത്തിന്റെ ഹൃദയം യെഹൂദാരാജാവായ രെഹബെയാം എന്ന തങ്ങളുടെ യജമാനങ്കലേക്കു തിരികയും അവര്‍ എന്നെ കൊന്നു യെഹൂദാരാജാവായ രെഹബെയാമിന്റെ പക്ഷം ചേരുകയും ചെയ്യും എന്നു പറഞ്ഞു.

28 ആകയാല്‍ രാജാവു ആലോചിച്ചു പൊന്നുകൊണ്ടു രണ്ടു കാളകൂട്ടിയെ ഉണ്ടാക്കി; നിങ്ങള്‍ യെരൂശലേമില്‍ പോയതു മതി; യിസ്രായേലേ, ഇതാ നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു അവരോടു പറഞ്ഞു.

29 അവന്‍ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.

30 ഈ കാര്യം പാപഹേതുവായിത്തീര്‍ന്നു; ജനം ഒന്നിന്റെ മുമ്പില്‍ നമസ്കരിപ്പാന്‍ ദാന്‍ വരെ ചെന്നു.

31 അവന്‍ പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി സര്‍വ്വജനത്തില്‍നിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു.

32 യെഹൂദയില്‍ ആചരിച്ചുവന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തിയ്യതി ഒരു ഉത്സവം നിശ്ചയിച്ചു യാഗപീഠത്തിങ്കല്‍ ചെന്നു; താന്‍ ഉണ്ടാക്കിയ കാളകൂട്ടികള്‍ക്കു യാഗം കഴിക്കേണ്ടതിന്നു അവന്‍ ബേഥേലിലും അങ്ങനെ തന്നേ ചെയ്തു; താന്‍ നിയമിച്ച പൂജാഗിരിപുരോഹിതന്മാരെ അവന്‍ ബേഥേലില്‍ ആക്കി.

33 അവന്‍ സ്വമേധയായി നിശ്ചയിച്ച എട്ടാം മാസം പതിനഞ്ചാം തിയ്യതി താന്‍ ബേഥേലില്‍ ഉണ്ടാക്കിയ യാഗപീഠത്തിങ്കല്‍ ചെന്നു യിസ്രായേല്‍മക്കള്‍ക്കു ഒരു ഉത്സവം നിയമിച്ചു, പീഠത്തിന്നരികെ ചെന്നു ധൂപം കാട്ടി.

രാജാക്കന്മാർ 1 13

1 യൊരോബെയാം ധൂപം കാട്ടുവാന്‍ പീഠത്തിന്നരികെ നിലക്കുമ്പോള്‍ തന്നേ ഒരു ദൈവപുരുഷന്‍ യഹോവയുടെ കല്പനയാല്‍ യെഹൂദയില്‍ നിന്നു ബേഥേലിലേക്കു വന്നു.

2 അവന്‍ യഹോവയുടെ കല്പനയാല്‍ യാഗപീഠത്തോടുയാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുദാവീദ്ഗൃഹത്തിന്നു യോശീയാവു എന്നു പേരുള്ള ഒരു മകന്‍ ജനിക്കും; അവന്‍ നിന്റെ മേല്‍ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്റെമേല്‍ വെച്ചു അറുക്കയും മനുഷ്യാസ്ഥികളെ നിന്റെമേല്‍ ചുട്ടുകളകയും ചെയ്യും എന്നു വിളിച്ചുപറഞ്ഞു.

3 അവന്‍ അന്നു ഒരു അടയാളവും കൊടുത്തു; ഇതാ, ഈ യാഗപീഠം പിളര്‍ന്നു അതിന്മേലുള്ള ചാരം തൂകിപ്പോകും; ഇതു യഹോവ കല്പിച്ച അടയാളം എന്നു പറഞ്ഞു.

4 ദൈവപുരുഷന്‍ ബേഥേലിലെ യാഗപീഠത്തിന്നു വിരോധമായി വിളിച്ചുപറഞ്ഞ വചനം യൊരോബെയാംരാജാവു കേട്ടപ്പോള്‍ അവന്‍ യാഗപീഠത്തിങ്കല്‍നിന്നു കൈ നീട്ടിഅവനെ പിടിപ്പിന്‍ എന്നു കല്പിച്ചു; എങ്കിലും അവന്റെ നേരെ നിട്ടിയ കൈ വരണ്ടുപോയിട്ടു തിരികെ മടക്കുവാന്‍ കഴിവില്ലാതെ ആയി.

5 ദൈവപുരുഷന്‍ യഹോവയുടെ കല്പനയാല്‍ കൊടുത്തിരുന്ന അടയാളപ്രകാരം യാഗപീഠം പിളര്‍ന്നു ചാരം യാഗപീഠത്തില്‍നിന്നു തൂകിപ്പോയി.

6 രാജാവു ദൈവപുരുഷനോടുനീ നിന്റെ ദൈവമായ യഹോവയോടു കൃപെക്കായി അപേക്ഷിച്ചു എന്റെ കൈമടങ്ങുവാന്‍ തക്കവണ്ണം എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കേണം എന്നു പറഞ്ഞു. ദൈവപുരുഷന്‍ യഹോവയോടു അപേക്ഷിച്ചു; എന്നാറെ രാജാവിന്റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി.

7 രാജാവു ദൈവപുരുഷനോടുനീ എന്നോടുകൂടെ അരമനയില്‍ വന്നു അല്പം ആശ്വസിച്ചുകൊള്‍ക; ഞാന്‍ നിനക്കു ഒരു സമ്മാനം തരും എന്നു പറഞ്ഞു.

8 ദൈവപുരുഷന്‍ രാജാവിനോടുനിന്റെ അരമനയില്‍ പകുതി തന്നാലും ഞാന്‍ നിന്നോടുകൂടെ വരികയില്ല; ഈ സ്ഥലത്തു വെച്ചു ഞാന്‍ അപ്പം തിന്നുകയില്ല, വെള്ളം കുടിക്കയും ഇല്ല.

9 നീ അപ്പം തിന്നരുതു, വെള്ളം കുടിക്കരുതു; പോയ വഴിയായി മടങ്ങിവരികയും അരുതു എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

10 അങ്ങനെ അവന്‍ ബേഥേലിലേക്കു വന്ന വഴിയായി മടങ്ങാതെ മറ്റൊരുവഴിയായി പോയി.

11 ബേഥേലില്‍ വൃദ്ധനായൊരു പ്രവാചകന്‍ പാര്‍ത്തിരുന്നു; അവന്റെ പുത്രന്മാര്‍ വന്നു ദൈവപുരുഷന്‍ ബേഥേലില്‍ ചെയ്ത കാര്യമൊക്കെയും അവനോടു പറഞ്ഞു; അവന്‍ രാജാവിനോടു പറഞ്ഞ വാക്കുകളും അവര്‍ തങ്ങളുടെ അപ്പനെ അറിയിച്ചു.

12 അവരുടെ അപ്പന്‍ അവരോടുഅവന്‍ ഏതു വഴിക്കു പോയി എന്നു ചോദിച്ചു; യെഹൂദയില്‍നിന്നു വന്നു ദൈവപുരുഷന്‍ പോയ വഴി അവന്റെ പുത്രന്മാര്‍ കണ്ടിരുന്നു.

13 അവന്‍ തന്റെ പുത്രന്മാരോടുകഴുതെക്കു കോപ്പിട്ടുതരുവിന്‍ എന്നു പറഞ്ഞു, അവര്‍ കഴുതെക്കു കോപ്പിട്ടുകൊടുത്തു; അവന്‍ അതിന്റെ പുറത്തു കയറി ദൈവപുരുഷന്റെ പിന്നാലെ ചെന്നു;

14 അവന്‍ ഒരു കരുവേലകത്തിന്‍ കീഴെ ഇരിക്കുന്നതു കണ്ടുനീ യെഹൂദയില്‍നിന്നു വന്ന ദൈവപുരുഷനോ എന്നു അവനോടു ചോദിച്ചു.

15 അവന്‍ അതേ എന്നു പറഞ്ഞു. അവന്‍ അവനോടുനീ എന്നോടുകൂടെ വീട്ടില്‍ വന്നു ഭക്ഷണം കഴിക്കേണം എന്നു പറഞ്ഞു.

16 അതിന്നു അവന്‍ എനിക്കു നിന്നോടുകൂടെ പോരികയോ നിന്റെ വിട്ടില്‍ കയറുകയോ ചെയ്തുകൂടാ; ഞാന്‍ ഈ സ്ഥലത്തുവെച്ചു നിന്നോടുകൂടെ അപ്പം തിന്നുകയില്ല വെള്ളം കുടിക്കയുമില്ല.

17 നീ അവിടെവെച്ചു അപ്പം തിന്നരുതു, വെള്ളം കുടിക്കരുതു, പോയ വഴിയായി മടങ്ങിവരികയും അരുതു എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

18 അതിന്നു അവന്‍ ഞാനും നിന്നെപ്പോലെ ഒരു പ്രവാചകന്‍ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന്നു നീ അവനെ നിന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടു വരിക എന്നു ഒരു ദൂതന്‍ യഹോവയുടെ കല്പനയാല്‍ എന്നോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അവന്‍ പറഞ്ഞതോ ഭോഷ്കായിരുന്നു.

19 അങ്ങനെ അവന്‍ അവനോടുകൂടെ ചെന്നു, അവന്റെ വീട്ടില്‍വെച്ചു അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തു.

20 അവന്‍ ഭക്ഷണത്തിന്നിരിക്കുമ്പോള്‍ അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായി.

21 അവര്‍ യെഹൂദയില്‍നിന്നു വന്ന ദൈവപുരുഷനോടുനീ യഹോവയുടെ വചനം മറുത്തു നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിരുന്ന

22 കല്പന പ്രമാണിക്കാതെ അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യരുതെന്നു അവന്‍ നിന്നോടു കല്പിച്ച സ്ഥലത്തു നീ മടങ്ങിവന്നു അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തതുകൊണ്ടു നിന്റെ ശവം നിന്റെ പിതാക്കന്മാരുടെ കല്ലറയില്‍ വരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു വിളിച്ചുപറഞ്ഞു.

23 അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തശേഷം അവന്‍ താന്‍ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്നുവേണ്ടി കഴുതെക്കു കോപ്പിട്ടുകൊടുത്തു;

24 അവന്‍ പോകുമ്പോള്‍ വഴിയില്‍ ഒരു സിംഹം അവനെ കണ്ടു അവനെ കൊന്നു; അവന്റെ ശവം വഴിയില്‍ കിടന്നു, കഴുത അതിന്റെ അരികെ നിന്നു; സിംഹവും ശവത്തിന്റെ അരികെ നിന്നു.

25 വഴിപോകുന്ന ആളുകള്‍ ശവം വഴിയില്‍ കിടക്കുന്നതും ശവത്തിന്റെ അരികെ സിംഹം നിലക്കുന്നതും കണ്ടു; വൃദ്ധനായ പ്രവാചകന്‍ പാര്‍ക്കുംന്ന പട്ടണത്തില്‍ ചെന്നു അറിയിച്ചു.

26 അവനെ വഴിയില്‍ നിന്നു കൂട്ടിക്കൊണ്ടു വന്ന പ്രവാചകന്‍ അതു കേട്ടപ്പോള്‍അവന്‍ യഹോവയുടെ വചനം മറുത്ത ദൈവപുരുഷന്‍ തന്നേ; യഹോവ അവനോടു അരുളിച്ചെയ്ത വചനപ്രകാരം യഹോവ അവനെ സിംഹത്തിന്നു ഏല്പിച്ചു; അതു അവനെ കീറി കൊന്നുകളഞ്ഞു എന്നു പറഞ്ഞു.

27 പിന്നെ അവന്‍ തന്റെ പുത്രന്മാരോടുകഴുതെക്കു കോപ്പിട്ടുതരുവിന്‍ എന്നു പറഞ്ഞു.

28 അവര്‍ കോപ്പിട്ടുകൊടുത്തു. അവന്‍ ചെന്നപ്പോള്‍ ശവം വഴിയില്‍ കിടക്കുന്നതും ശവത്തിന്റെ അരികെ കഴുതയും സിംഹവും നിലക്കുന്നതും കണ്ടു; സിംഹം ശവത്തെ തിന്നുകയോ കഴുതയെ കീറിക്കളകയോ ചെയ്തില്ല.

29 പ്രവാചകന്‍ ദൈവപുരുഷന്റെ ശവം എടുത്തു കഴുതപ്പുറത്തു വെച്ചു കൊണ്ടുവന്നു; വൃദ്ധനായ പ്രവാചകന്‍ തന്റെ പട്ടണത്തില്‍ എത്തി അവനെക്കുറിച്ചു വിലപിച്ചു അവനെ അടക്കം ചെയ്തു.

30 അവന്റെ ശവം അവന്‍ തന്റെ സ്വന്ത കല്ലറയില്‍ വെച്ചിട്ടു അവനെക്കുറിച്ചുഅയ്യോ എന്റെ സഹോദരാ, എന്നിങ്ങനെ പറഞ്ഞു അവര്‍ വിലാപം കഴിച്ചു.

31 അവനെ അടക്കം ചെയ്തശേഷം അവന്‍ തന്റെ പുത്രന്മാരോടുഞാന്‍ മരിച്ചശേഷം നിങ്ങള്‍ എന്നെ ദൈവപുരുഷനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയില്‍ തന്നേ അടക്കം ചെയ്യേണം; അവന്റെ അസ്ഥികളുടെ അരികെ എന്റെ അസ്ഥികളും ഇടേണം.

32 അവന്‍ ബേഥേലിലെ യാഗപീഠത്തിന്നും ശമര്യപട്ടണങ്ങളിലെ സകലപൂജാഗിരിക്ഷേത്രങ്ങള്‍ക്കും വിരോധമായി യഹോവയുടെ കല്പനപ്രകാരം വിളിച്ചുപറഞ്ഞ വചനം നിശ്ചയമായി സംഭവിക്കും എന്നു പറഞ്ഞു.

33 ഈ കാര്യം കഴിഞ്ഞിട്ടും യൊരോബെയാം തന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിയാതെ പിന്നെയും സര്‍വ്വജനത്തില്‍നിന്നും പൂജാഗിരിപുരോഹിതന്മാരെ നിയമിച്ചു; തനിക്കു ബോധിച്ചവരെ കരപൂരണം കഴിപ്പിച്ചു; അവര്‍ പൂജാഗിരിപുരോഹിതന്മാരായ്തീര്‍ന്നു.

34 യൊരോബെയാംഗൃഹത്തെ ഭൂമിയില്‍നിന്നു ഛേദിച്ചു മുടിച്ചുകളയത്തക്കവണ്ണം ഈ കാര്യം അവര്‍ക്കും പാപമായ്തീര്‍ന്നു.