Passo 318

Studio

     

യോഹന്നാൻ 14:12-31

12 ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു; ഞാന്‍ ചെയ്യുന്ന പ്രവൃത്തി എന്നില്‍ വിശ്വസിക്കുന്നവനും ചെയ്യും; ഞാന്‍ പിതാവിന്റെ അടുക്കല്‍ പോകുന്നതുകൊണ്ടു അതില്‍ വലിയതും അവന്‍ ചെയ്യും.

13 നിങ്ങള്‍ എന്റെ നാമത്തില്‍ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനില്‍ മഹത്വപ്പെടേണ്ടതിന്നു ഞാന്‍ ചെയ്തുതരും.

14 നിങ്ങള്‍ എന്റെ നാമത്തില്‍ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാന്‍ ചെയ്തുതരും.

15 നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു എങ്കില്‍ എന്റെ കല്പനകളെ കാത്തുകൊള്ളും.

16 എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും; അവന്‍ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങള്‍ക്കു തരും.

17 ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാല്‍ അതിന്നു അവനെ ലഭിപ്പാന്‍ കഴികയില്ല; നിങ്ങളോ അവന്‍ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളില്‍ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.

18 ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും.

19 കുറഞ്ഞോന്നു കഴിഞ്ഞാല്‍ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാന്‍ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.

20 ഞാന്‍ എന്റെ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലും എന്നു നിങ്ങള്‍ അന്നു അറിയും.

21 എന്റെ കല്പനകള്‍ ലഭിച്ചു പ്രമാണിക്കുന്നവന്‍ എന്നെ സ്നേഹിക്കുന്നവന്‍ ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവു സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹിച്ചു അവന്നു എന്നെത്തന്നേ വെളിപ്പെടുത്തും.

22 ഈസ്കര്‍യ്യോത്താവല്ലാത്ത യൂദാ അവനോടുകര്‍ത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിന്നല്ല ഞങ്ങള്‍ക്കത്രേ നിന്നെ വെളിപ്പെടുത്തുവാന്‍ പോകുന്നതു എന്നു ചോദിച്ചു.

23 യേശു അവനോടു എന്നെ സ്നേഹിക്കുന്നവന്‍ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങള്‍ അവന്റെ അടുക്കല്‍ വന്നു അവനോടുകൂടെ വാസം ചെയ്യും.

24 എന്നെ സ്നേഹിക്കാത്തവന്‍ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങള്‍ കേള്‍ക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.

25 ഞാന്‍ നിങ്ങളോടുകൂടെ വസിക്കുമ്പോള്‍ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.

26 എങ്കിലും പിതാവു എന്റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയും ഞാന്‍ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഔര്‍മ്മപ്പെടുത്തുകയും ചെയ്യും.

27 സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാന്‍ നിങ്ങള്‍ക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.

28 ഞാന്‍ പോകയും നിങ്ങളുടെ അടുക്കല്‍ മടങ്ങിവരിയും ചെയ്യും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു എങ്കില്‍ ഞാന്‍ പിതാവിന്റെ അടുക്കല്‍ പോകുന്നതിനാല്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാള്‍ വലിയവനല്ലോ.

29 അതു സംഭവിക്കുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നു ഞാന്‍ ഇപ്പോള്‍ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറഞ്ഞിരിക്കുന്നു.

30 ഞാന്‍ ഇനി നിങ്ങളോടു വളരെ സംസാരിക്കയില്ല; ലോകത്തിന്റെ പ്രഭു വരുന്നു; അവന്നു എന്നോടു ഒരു കാര്യവുമില്ല.

31 എങ്കിലും ഞാന്‍ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാന്‍ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. എഴുന്നേല്പിന്‍ ; നാം പോക.

യോഹന്നാൻ 15

1 ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു.

2 എന്നില്‍ കായ്ക്കാത്ത കൊമ്പു ഒക്കെയും അവന്‍ നീക്കിക്കളയുന്നു; കായക്കുന്നതു ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന്നു ചെത്തി വെടിപ്പാക്കുന്നു.

3 ഞാന്‍ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങള്‍ ഇപ്പോള്‍ ശുദ്ധിയുള്ളവരാകുന്നു.

4 എന്നില്‍ വസിപ്പിന്‍ ; ഞാന്‍ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരവള്ളിയില്‍ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാന്‍ കഴിയാത്തതുപോലെ എന്നില്‍ വസിച്ചിട്ടല്ലാതെ നിങ്ങള്‍ക്കു കഴികയില്ല.

5 ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ കൊമ്പുകളും ആകുന്നു; ഒരുത്തന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എങ്കില്‍ അവന്‍ വളരെ ഫലം കായക്കും; എന്നെ പിരിഞ്ഞു നിങ്ങള്‍ക്കു ഒന്നും ചെയ്‍വാന്‍ കഴികയില്ല.

6 എന്നില്‍ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ടു അവന്‍ ഉണങ്ങിപ്പോകുന്നു; ആ വക ചേര്‍ത്തു തീയില്‍ ഇടുന്നു;

7 അതു വെന്തുപോകും. നിങ്ങള്‍ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാല്‍ നിങ്ങള്‍ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിന്‍ ; അതു നിങ്ങള്‍ക്കു കിട്ടും.

8 നിങ്ങള്‍ വളരെ ഫലം കായക്കുന്നതിനാല്‍ എന്റെ പിതാവു മഹത്വപ്പെടുന്നു; അങ്ങനെ നിങ്ങള്‍ എന്റെ ശിഷ്യന്മാര്‍ ആകും.

9 പിതാവു എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തില്‍ വസിപ്പിന്‍ .

10 ഞാന്‍ എന്റെ പിതാവിന്റെ കല്പനകള്‍ പ്രമാണിച്ചു അവന്റെ സ്നേഹത്തില്‍ വസിക്കുന്നതുപോലെ നിങ്ങള്‍ എന്റെ കല്പനകള്‍ പ്രമാണിച്ചാല്‍ എന്റെ സ്നേഹത്തില്‍ വസിക്കും.

11 എന്റെ സന്തോഷം നിങ്ങളില്‍ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകുവാനും ഞാന്‍ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.

12 ഞാന്‍ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന.

13 സ്നേഹിതന്മാര്‍ക്കുംവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആര്‍ക്കും ഇല്ല.

14 ഞാന്‍ നിങ്ങളോടു കല്പിക്കുന്നതു ചെയ്താല്‍ നിങ്ങള്‍ എന്റെ സ്നേഹിതന്മാര്‍ തന്നേ

15 യജമാനന്‍ ചെയ്യുന്നതു ദാസന്‍ അറിയായ്കകൊണ്ടു ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു ഇനി പറയുന്നില്ല; ഞാന്‍ എന്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതു കൊണ്ടു നിങ്ങളെ സ്നേഹിതന്മാര്‍ എന്നു പറഞ്ഞിരിക്കുന്നു.

16 നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങള്‍ പോയി ഫലം കായ്ക്കേണ്ടതിന്നു നിങ്ങളുടെ ഫലം നിലനില്‍ക്കേണ്ടതിന്നും നിങ്ങളേ ആക്കിവെച്ചുമിരിക്കുന്നു; നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവന്‍ നിങ്ങള്‍ക്കു തരുവാനായിട്ടു തന്നേ.

17 നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്നേഹിക്കേണ്ടതിന്നു ഞാന്‍ ഇതു നിങ്ങളോടു കല്പിക്കുന്നു.

18 ലോകം നിങ്ങളെ പകെക്കുന്നു എങ്കില്‍ അതു നിങ്ങള്‍ക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിന്‍ .

19 നിങ്ങള്‍ ലോകക്കാര്‍ ആയിരുന്നു എങ്കില്‍ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാല്‍ നിങ്ങള്‍ ലോകക്കാരായിരിക്കാതെ ഞാന്‍ നിങ്ങളെ ലോകത്തില്‍ നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.

20 ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞ വാക്കു ഔര്‍പ്പിന്‍ . അവര്‍ എന്നെ ഉപദ്രവിച്ചു എങ്കില്‍ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കില്‍ നിങ്ങളുടേതും പ്രമാണിക്കും.

21 എങ്കിലും എന്നെ അയച്ചവനെ അവര്‍ അറിയായ്കകൊണ്ടു എന്റെ നാമം നിമിത്തം ഇതു ഒക്കെയും നിങ്ങളോടു ചെയ്യും.

22 ഞാന്‍ വന്നു അവരോടു സംസാരിക്കാതിരുന്നെങ്കില്‍ അവര്‍ക്കും പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവരുടെ പാപത്തിന്നു ഒഴികഴിവില്ല.

23 എന്നെ പകെക്കുന്നവന്‍ എന്റെ പിതാവിനെയും പകെക്കുന്നു.

24 മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികളെ ഞാന്‍ അവരുടെ ഇടയില്‍ ചെയ്തിരുന്നില്ല എങ്കില്‍ അവര്‍ക്കും പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവര്‍ എന്നെയും എന്റെ പിതാവിനെയും കാണ്‍കയും പകെക്കുകയും ചെയ്തിരിക്കുന്നു.

25 “അവര്‍ വെറുതെ എന്നെ പകെച്ചു” എന്നു അവരുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിന്നു തന്നേ.

26 ഞാന്‍ പിതാവിന്റെ അടുക്കല്‍നിന്നു നിങ്ങള്‍ക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കല്‍ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ചു സാക്ഷ്യം പറയും.

27 നിങ്ങളും ആദിമുതല്‍ എന്നോടുകൂടെ ഇരിക്കകൊണ്ടു സാക്ഷ്യം പറവിന്‍ .

യോഹന്നാൻ 16

1 നിങ്ങള്‍ ഇടറിപ്പോകാതിരിപ്പാന്‍ ഞാന്‍ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.

2 അവര്‍ നിങ്ങളെ പള്ളിഭ്രഷ്ടര്‍ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവന്‍ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.

3 അവര്‍ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും.

4 അതിന്റെ നാഴിക വരുമ്പോള്‍ ഞാന്‍ അതു നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങള്‍ ഔര്‍ക്കേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയില്‍ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ.

5 ഇപ്പോഴോ ഞാന്‍ എന്നെ അയച്ചവന്റെ അടുക്കല്‍ പോകുന്നുനീ എവിടെ പോകുന്നു എന്നു നിങ്ങള്‍ ആരും എന്നോടു ചോദിക്കുന്നില്ല.

6 എങ്കിലും ഇതു നിങ്ങളോടു സംസാരിക്കകൊണ്ടു നിങ്ങളുടെ ഹൃദയത്തില്‍ ദുഃഖം നിറഞ്ഞിരിക്കുന്നു.

7 എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും.

8 അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.

9 അവര്‍ എന്നില്‍ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും

10 ഞാന്‍ പിതാവിന്റെ അടുക്കല്‍ പോകയും നിങ്ങള്‍ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു

11 നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായ വിധിയെക്കുറിച്ചും തന്നേ.

12 ഇനിയും വളരെ നിങ്ങളോടു പറവാന്‍ ഉണ്ടു; എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല.

13 സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങള്‍ക്കു അറിയിച്ചുതരികയും ചെയ്യും.

14 അവന്‍ എനിക്കുള്ളതില്‍നിന്നു എടുത്തു നിങ്ങള്‍ക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.

15 പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവന്‍ എനിക്കുള്ളതില്‍ നിന്നു എടുത്തു നിങ്ങള്‍ക്കു അറിയിച്ചുതരും എന്നു ഞാന്‍ പറഞ്ഞതു.

16 കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണും.

17 അവന്റെ ശിഷ്യന്മാരില്‍ ചിലര്‍കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നും പിതാവിന്റെ അടുക്കല്‍ പോകുന്നു എന്നും അവന്‍ നമ്മോടു ഈ പറയുന്നതു എന്തു എന്നു തമ്മില്‍ ചോദിച്ചു.

18 കുറഞ്ഞോന്നു എന്നു ഈ പറയുന്നതു എന്താകുന്നു? അവന്‍ എന്തു സംസാരിക്കുന്നു എന്നു നാം അറിയുന്നില്ല എന്നും അവര്‍ പറഞ്ഞു.

19 അവര്‍ തന്നോടു ചോദിപ്പാന്‍ ആഗ്രഹിക്കുന്നു എന്നു അറിഞ്ഞു യേശു അവരോടു പറഞ്ഞതുകുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നു ഞാന്‍ പറകയാല്‍ നിങ്ങള്‍ തമ്മില്‍ തമ്മില്‍ ചോദിക്കുന്നുവോ?

20 ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നുനിങ്ങള്‍ കരഞ്ഞു വിലപിക്കും; ലോകമോ സന്തോഷിക്കും; നിങ്ങള്‍ ദുഃഖിക്കും; എന്നാല്‍ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും.

21 സ്ത്രീ പ്രസവിക്കുമ്പോള്‍ തന്റെ നാഴിക വന്നതു കൊണ്ടു അവള്‍ക്കു ദുഃഖം ഉണ്ടു; കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു മനുഷ്യന്‍ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷം നിമിത്തം അവള്‍ തന്റെ കഷ്ടം പിന്നെ ഔര്‍ക്കുംന്നില്ല.

22 അങ്ങനെ നിങ്ങള്‍ക്കും ഇപ്പോള്‍ ദുഃഖം ഉണ്ടു എങ്കിലും ഞാന്‍ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍ നിന്നു എടുത്തുകളകയില്ല.

23 അന്നു നിങ്ങള്‍ എന്നോടു ഒന്നും ചോദിക്കയില്ല. ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നുനിങ്ങള്‍ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവന്‍ എന്റെ നാമത്തില്‍ നിങ്ങള്‍ക്കു തരും.

24 ഇന്നുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിന്‍ ; എന്നാല്‍ നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകുംവണ്ണം നിങ്ങള്‍ക്കു ലഭിക്കും.

25 ഇതു ഞാന്‍ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാന്‍ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോടു അറിയിക്കുന്ന നാഴിക വരുന്നു.

26 അന്നു നിങ്ങള്‍ എന്റെ നാമത്തില്‍ അപേക്ഷിക്കും; ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാന്‍ പറയുന്നില്ല.

27 നിങ്ങള്‍ എന്നെ സ്നേഹിച്ചു, ഞാന്‍ പിതാവിന്റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു എന്നു വിശ്വസിച്ചിരിക്കകൊണ്ടു പിതാവു താനും നിങ്ങളെ സ്നേഹിക്കുന്നു.

28 ഞാന്‍ പിതാവിന്റെ അടുക്കല്‍ നിന്നു പുറപ്പെട്ടു ലോകത്തില്‍ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കല്‍ പോകുന്നു.

29 അതിന്നു അവന്റെ ശിഷ്യന്മാര്‍ഇപ്പോള്‍ നീ സദൃശം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു.

30 നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാന്‍ നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങള്‍ ഇപ്പോള്‍ അറിയുന്നു; ഇതിനാല്‍ നീ ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞു.

31 യേശു അവരോടുഇപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ?

32 നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാന്‍ ഏകനല്ല താനും.

33 നിങ്ങള്‍ക്കു എന്നില്‍ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിന്‍ ; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.

യോഹന്നാൻ 17:1-13

1 ഇതു സംസാരിച്ചിട്ടു യേശു സ്വര്‍ഗ്ഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാല്‍പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രന്‍ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ.

2 നീ അവന്നു നല്കീട്ടുള്ളവര്‍ക്കെല്ലാവര്‍ക്കും അവന്‍ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികരാം നല്‍ക്കിയിരിക്കുന്നുവല്ലോ.

3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആകുന്നു.

4 ഞാന്‍ ഭൂമിയില്‍ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്‍വാന്‍ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു.

5 ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്റെ അടുക്കല്‍ മഹത്വപ്പെടുത്തേണമേ.

6 നീ ലോകത്തില്‍നിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യര്‍ക്കും ഞാന്‍ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവര്‍ നിനക്കുള്ളവര്‍ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവര്‍ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.

7 നീ എനിക്കു തന്നതു എല്ലാം നിന്റെ പക്കല്‍ നിന്നു ആകുന്നു എന്നു അവര്‍ ഇപ്പോള്‍ അറിഞ്ഞിരിക്കുന്നു.

8 നീ എനിക്കു തന്ന വചനം ഞാന്‍ അവര്‍ക്കും കൊടുത്തു; അവര്‍ അതു കൈക്കൊണ്ടു ഞാന്‍ നിന്റെ അടുക്കല്‍ നിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ടു അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു.

9 ഞാന്‍ അവര്‍ക്കും വേണ്ടി അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവര്‍ നിനക്കുള്ളവര്‍ ആകകൊണ്ടു അവര്‍ക്കും വേണ്ടിയത്രേ ഞാന്‍ അപേക്ഷിക്കുന്നതു.

10 എന്റേതു എല്ലാം നിന്റേതും നിന്റേതു എന്റേതും ആകുന്നു; ഞാന്‍ അവരില്‍ മഹത്വപ്പെട്ടുമിരിക്കുന്നു.

11 ഇനി ഞാന്‍ ലോകത്തില്‍ ഇരിക്കുന്നില്ല; ഇവരോ ലോകത്തില്‍ ഇരിക്കുന്നു; ഞാന്‍ നിന്റെ അടുക്കല്‍ വരുന്നു. പരിശുദ്ധപിതാവേ, അവര്‍ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തില്‍ അവരെ കാത്തുകൊള്ളേണമേ.

12 അവരോടുകൂടെ ഇരുന്നപ്പോള്‍ ഞാന്‍ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തില്‍ കാത്തുകൊണ്ടിരുന്നു; ഞാന്‍ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരില്‍ ആരും നശിച്ചുപോയിട്ടില്ല.

13 ഇപ്പോഴോ ഞാന്‍ നിന്റെ അടുക്കല്‍ വരുന്നു; എന്റെ സന്തോഷം അവര്‍ക്കും ഉള്ളില്‍ പൂര്‍ണ്ണമാകേണ്ടതിന്നു ഇതു ലോകത്തില്‍വെച്ചു സംസാരിക്കുന്നു.