ნაბიჯი 252

Სწავლა

     

യേഹേസ്കേൽ 13

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

2 മനുഷ്യപുത്രാ, യിസ്രായേലില്‍ പ്രവചിച്ചുപോരുന്ന പ്രവാചകന്മാരെക്കുറിച്ചു നീ പ്രവചിച്ചു, സ്വന്തഹൃദയങ്ങളില്‍നിന്നു പ്രവചിക്കുന്നവരോടു പറയേണ്ടതുയഹോവയുടെ വചനം കേള്‍പ്പിന്‍ !

3 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസ്വന്തമനസ്സിനെയും കണ്ടിട്ടില്ലാത്ത കാര്യങ്ങളെയും പിന്തുടരുന്ന ബുദ്ധികെട്ട പ്രവാചകന്മാര്‍ക്കും അയ്യോ കഷ്ടം!

4 യിസ്രായേലേ, നിന്റെ പ്രവാചകന്മാര്‍ ശൂന്യപ്രദേശങ്ങളിലെ കുറക്കന്മാരെപ്പോലെ ആയിരിക്കുന്നു.

5 യഹോവയുടെ നാളില്‍ യുദ്ധത്തില്‍ ഉറെച്ചുനില്‍ക്കേണ്ടതിന്നു നിങ്ങള്‍ ഇടിവുകളില്‍ കയറീട്ടില്ല, യിസ്രായേല്‍ഗൃഹത്തിന്നു വേണ്ടി മതില്‍ കെട്ടീട്ടുമില്ല.

6 അവര്‍ വ്യാജവും കള്ളപ്രശ്നവും ദര്‍ശിച്ചിട്ടു യഹോവയുടെ അരുളപ്പാടു എന്നു പറയുന്നു; യഹോവ അവരെ അയച്ചില്ലെങ്കിലും വചനം നിവൃത്തിയായ്‍വരുമെന്നു അവര്‍ ആശിക്കുന്നു.

7 ഞാന്‍ അരുളിച്ചെയ്യാതിരിക്കെ യഹോവയുടെ അരുളപ്പാടു എന്നു നിങ്ങള്‍ പറയുന്നതിനാല്‍ നിങ്ങള്‍ മിത്ഥ്യാദര്‍ശനം ദര്‍ശിക്കയും വ്യാജപ്രശ്നം പറകയും അല്ലയോ ചെയ്തിരിക്കുന്നതു?

8 അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ വ്യാജം പ്രസ്താവിച്ചു ഭോഷകു ദര്‍ശിച്ചിരിക്കകൊണ്ടു ഞാന്‍ നിങ്ങള്‍ക്കു വിരോധമായിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

9 വ്യാജം ദര്‍ശിക്കയും കള്ളപ്രശ്നം പറകയും ചെയ്യുന്ന പ്രവാചകന്മാര്‍ക്കും എന്റെ കൈ വിരോധമായിരിക്കും; എന്റെ ജനത്തിന്റെ മന്ത്രിസഭയില്‍ അവര്‍ ഇരിക്കയില്ല; യിസ്രായേല്‍ഗൃഹത്തിന്റെ പേര്‍വഴിച്ചാര്‍ത്തില്‍ അവരെ എഴുതുകയില്ല; യിസ്രായേല്‍ദേശത്തില്‍ അവര്‍ കടക്കയുമില്ല; ഞാന്‍ യഹോവയായ കര്‍ത്താവു എന്നു നിങ്ങള്‍ അറിയും.

10 സമാധാനം ഇല്ലാതെയിരിക്കെ സമാധാനം എന്നു പറഞ്ഞു അവര്‍ എന്റെ ജനത്തെ ചതിച്ചിരിക്കകൊണ്ടും അതു ചുവര്‍ പണിതാല്‍ അവര്‍ കുമ്മായം പൂശിക്കളയുന്നതുകൊണ്ടും

11 അടന്നു വീഴുംവണ്ണം കുമ്മായം പൂശുന്നവരോടു നീ പറയേണ്ടതുപെരുമഴ ചൊരിയും; ഞാന്‍ ആലിപ്പഴം പൊഴിയിച്ചു കൊടുങ്കാറ്റടിപ്പിക്കും.

12 ചുവര്‍ വീണിരിക്കുന്നു; നിങ്ങള്‍ പൂശിയ കുമ്മായം എവിടെപ്പോയി എന്നു നിങ്ങളോടു പറകയില്ലയോ?

13 അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ എന്റെ ക്രോധത്തില്‍ ഒരു കൊടുങ്കാറ്റടിക്കുമാറാക്കും; എന്റെ കോപത്തില്‍ പെരുമഴ പെയ്യിക്കും; എന്റെ ക്രോധത്തില്‍ മുടിച്ചുകളയുന്ന വലിയ ആലിപ്പഴം പൊഴിക്കും.

14 നിങ്ങള്‍ കുമ്മായം പൂശിയ ചുവരിനെ ഞാന്‍ ഇങ്ങനെ ഇടിച്ചു നിലത്തു തള്ളിയിട്ടു അതിന്റെ അടിസ്ഥാനം വെളിപ്പെടുത്തും; അതു വീഴും; നിങ്ങള്‍ അതിന്റെ നടുവില്‍ മുടിഞ്ഞു പോകും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

15 അങ്ങനെ ഞാന്‍ ചുവരിന്മേലും അതിന്നു കുമ്മായം പൂശിയവരുടെ മേലും എന്റെ ക്രോധത്തെ നിവൃത്തിയാക്കീട്ടു നിങ്ങളോടു

16 ഇനി ചുവരില്ല; അതിന്നു കുമ്മായം പൂശിയവരായി, യെരൂശലേമിനെക്കുറിച്ചു പ്രവചിച്ചു, സമാധാനമില്ലാതിരിക്കെ അതിന്നു സമാധാനദര്‍ശനങ്ങളെ ദര്‍ശിക്കുന്ന യിസ്രായേലിന്റെ പ്രവാചകന്മാരും ഇല്ല എന്നു പറയും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

17 നീയോ, മനുഷ്യപുത്രാ, സ്വന്തവിചാരം പ്രവചിക്കുന്നവരായ നിന്റെ ജനത്തിന്റെ പുത്രിമാരുടെനേരെ നിന്റെ മുഖം തിരിച്ചു അവര്‍ക്കും വിരോധമായി പ്രവചിച്ചു പറയേണ്ടതെന്തെന്നാല്‍

18 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുദേഹികളെ വേട്ടയാടേണ്ടതിന്നു കയ്യേപ്പുകള്‍ക്കു ഒക്കെയും രക്ഷകളും ഏതു പൊക്കത്തിലും ഉള്ളവരുടെ തലെക്കുതക്ക മൂടുപടങ്ങളും ഉണ്ടാക്കുന്ന സ്ത്രീകള്‍ക്കു അയ്യോ കഷ്ടം! നിങ്ങള്‍ എന്റെ ജനത്തില്‍ ചില ദേഹികളെ വേട്ടയാടി കൊല്ലുകയും നിങ്ങളുടെ ആദായത്തിന്നായി ചില ദേഹികളെ ജീവനോടെ രക്ഷിക്കയും ചെയ്യുന്നു.

19 മരിക്കരുതാത്ത ദേഹികളെ കൊല്ലേണ്ടതിന്നും ജീവിച്ചിരിക്കരുതാത്ത ദേഹികളെ ജീവനോടെ രക്ഷിക്കേണ്ടതിന്നും നിങ്ങള്‍, ഭോഷകു കേള്‍ക്കുന്ന എന്റെ ജനത്തോടു ഭോഷകുപറയുന്നതിനാല്‍ എന്റെ ജനത്തിന്റെ ഇടയില്‍ ഒരു പിടി യവത്തിന്നും ഒരു അപ്പക്കഷണത്തിന്നും വേണ്ടി എന്നെ അശുദ്ധമാക്കിയിരിക്കുന്നു.

20 അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുദേഹികളെ പറവ ജാതികളെപ്പോലെ വേട്ടയാടുന്ന നിങ്ങളുടെ രക്ഷകള്‍ക്കു ഞാന്‍ വിരോധമായിരിക്കുന്നു; ഞാന്‍ അവയെ നിങ്ങളുടെ ഭുജങ്ങളില്‍നിന്നു പറിച്ചുകീറി, ദേഹികളേ, നിങ്ങള്‍ പറവജാതികളെപ്പോലെ വേട്ടയാടുന്ന ദേഹികളെ തന്നേ വിടുവിക്കും

21 നിങ്ങളുടെ മൂടുപടങ്ങളെയും ഞാന്‍ പറിച്ചുകീറി എന്റെ ജനത്തെ നിങ്ങളുടെ കയ്യില്‍നിന്നു വിടുവിക്കും; അവര്‍ ഇനി നിങ്ങളുടെ കൈക്കല്‍ വേട്ടയായിരിക്കയില്ല; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

22 ഞാന്‍ ദുഃഖിപ്പിക്കാത്ത നീതിമാന്റെ ഹൃദയത്തെ നിങ്ങള്‍ വ്യാജങ്ങളെക്കൊണ്ടു ദുഃഖിപ്പിക്കയും തന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിഞ്ഞു ജീവരക്ഷ പ്രാപിക്കാതവണ്ണം ദുഷ്ടനെ നിങ്ങള്‍ ധൈര്യപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ടു

23 നിങ്ങള്‍ ഇനി വ്യാജം ദര്‍ശിക്കയോ പ്രശ്നം പറകയോ ചെയ്കയില്ല; ഞാന്‍ എന്റെ ജനത്തെ നിങ്ങളുടെ കയ്യില്‍നിന്നു വിടുവിക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

യേഹേസ്കേൽ 14

1 യിസ്രായേല്‍മൂപ്പന്മാരില്‍ ചിലര്‍ എന്റെ അടുക്കല്‍ വന്നു എന്റെ മുമ്പില്‍ ഇരുന്നു.

2 അപ്പോള്‍ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

3 മനുഷ്യപുത്രാ, ഈ പുരുഷന്മാര്‍ തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തില്‍ സ്മരിച്ചു തങ്ങളുടെ അകൃത്യഹേതു തങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു; അവര്‍ ചോദിച്ചാല്‍ ഞാന്‍ ഉത്തരമരുളുമോ?

4 അതുകൊണ്ടു നീ അവരോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ഗൃഹത്തില്‍ തന്റെ വിഗ്രഹങ്ങളെ ഹൃദയത്തില്‍ സ്മരിച്ചും തന്റെ അകൃത്യഹേതു തന്റെ മുമ്പില്‍ വെച്ചുംകൊണ്ടു പ്രവാചകന്റെ അടുക്കല്‍ വരുന്ന ഏവനോടും

5 യഹോവയായ ഞാന്‍ തന്നേ യിസ്രായേല്‍ഗൃഹത്തെ അവരുടെ ഹൃദയത്തില്‍ പിടിക്കേണ്ടതിന്നു അവന്റെ വിഗ്രഹങ്ങളുടെ ബാഹുല്യത്തിന്നു തക്കവണ്ണം ഉത്തരം അരുളും; അവര്‍ എല്ലാവരും തങ്ങളുടെ വിഗ്രഹങ്ങള്‍നിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ.

6 ആകയാല്‍ നീ യിസ്രായേല്‍ഗൃഹത്തോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ അനുതപിച്ചു നിങ്ങളുടെ വിഗ്രഹങ്ങളെ വിട്ടുതിരിവിന്‍ ; നിങ്ങളുടെ സകല മ്ളേച്ഛബിംബങ്ങളിലുംനിന്നു നിങ്ങളുടെ മുഖം തിരിപ്പിന്‍ .

7 യിസ്രായേല്‍ഗൃഹത്തിലും യിസ്രായേലില്‍ വന്നുപാര്‍ക്കുംന്ന പരദേശികളിലും എന്നെ വിട്ടകന്നു തന്റെ വിഗ്രഹങ്ങളെ ഹൃദയത്തില്‍ സ്മരിച്ചും തന്റെ അകൃത്യഹേതു മുമ്പില്‍ വെച്ചുകൊണ്ടു പ്രവാചകന്റെ അടുക്കല്‍ അരുളപ്പാടു ചോദിപ്പാന്‍ വരുന്ന ഏവനോടും യഹോവയായ ഞാന്‍ തന്നേ ഉത്തരം അരുളും.

8 ഞാന്‍ ആ മനുഷ്യന്റെനേരെ മുഖംതിരിച്ചു അവനെ ഒരടയാളവും പഴഞ്ചൊല്ലും ആക്കും; ഞാന്‍ അവനെ എന്റെ ജനത്തിന്റെ നടുവില്‍നിന്നു ഛേദിച്ചുകളയും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

9 എന്നാല്‍ പ്രവാചകന്‍ വശീകരിക്കപ്പെട്ടിട്ടു ഒരു വാക്കു പ്രസ്താവിച്ചാല്‍ യഹോവയായ ഞാന്‍ ആ പ്രവാചകനെ വശീകരിച്ചിരിക്കുന്നു; ഞാന്‍ അവന്റെ നേരെ കൈ നീട്ടി അവനെ യിസ്രായേല്‍ജനത്തില്‍നിന്നു സംഹരിച്ചുകളയും.

10 യിസ്രായേല്‍ഗൃഹം ഇനിമേല്‍ എന്നെ വിട്ടു തെറ്റിപ്പോകയും സകലവിധ ലംഘനങ്ങളുംകൊണ്ടു അശുദ്ധരായിത്തീരുകയും ചെയ്യാതെ അവര്‍ എനിക്കു ജനവും ഞാന്‍ അവര്‍ക്കും ദൈവവും ആയിരിക്കേണ്ടതിന്നു

11 അവര്‍ തങ്ങളുടെ അകൃത്യം വഹിക്കും; ചോദിക്കുന്നവന്റെ അകൃത്യവും പ്രവാചകന്റെ അകൃത്യവും ഒരുപോലെ ആയിരിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

12 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

13 മനുഷ്യപുത്രാ ഒരു ദേശം എന്നോടു ദ്രോഹിച്ചു പാപം ചെയ്യുമ്പോള്‍ ഞാന്‍ അതിന്റെനേരെ കൈ നീട്ടി, അപ്പം എന്ന കോല്‍ ഒടിച്ചു, ക്ഷാമം വരുത്തി, മനുഷ്യനെയും മൃഗത്തെയും അതില്‍ നിന്നു ഛേദിച്ചുകളയും.

14 നോഹ, ദാനീയേല്‍, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാര്‍ അതില്‍ ഉണ്ടായിരുന്നാലും അവര്‍ തങ്ങളുടെ നീതിയാല്‍ സ്വന്തജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

15 ഞാന്‍ ദുഷ്ടമൃഗങ്ങളെ ദേശത്തു വരുത്തുകയും ആ മൃഗങ്ങളെ പേടിച്ചു ആരും വഴിപോകാതവണ്ണം അവ അതിനെ നിര്‍ജ്ജനമാക്കീട്ടു അതു ശൂന്യമാകയും ചെയ്താല്‍,

16 ആ മൂന്നു പുരുഷന്മാര്‍ അതില്‍ ഉണ്ടായിരുന്നാലും എന്നാണ, അവര്‍ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ അവര്‍ മാത്രമേ രക്ഷപ്പെടുകയുള്ളു; ദേശമോ ശൂന്യമായിപ്പോകുമെന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

17 അല്ലെങ്കില്‍ ഞാന്‍ ആ ദേശത്തില്‍ വാള്‍ വരുത്തി വാളേ, നീ ദേശത്തുകൂടി കടക്കുക എന്നു കല്പിച്ചു മനുഷ്യരെയും മൃഗങ്ങളെയും

18 അതില്‍നിന്നു ഛേദിച്ചുകളഞ്ഞാല്‍ ആ മൂന്നു പുരുഷന്മാര്‍ അതില്‍ ഉണ്ടായിരുന്നാലും, എന്നാണ, അവര്‍ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ, അവര്‍ മാത്രമേ രക്ഷപ്പെടുകയുള്ളു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

19 അല്ലെങ്കില്‍ ഞാന്‍ ആ ദേശത്തു മഹാമാരി അയച്ചു, അതില്‍നിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളവാന്‍ തക്കവണ്ണം എന്റെ ക്രോധം രക്തരൂപേണ അതിന്മേല്‍ പകര്‍ന്നാല്‍

20 നോഹയും ദാനീയേലും ഇയ്യോബും അതില്‍ ഉണ്ടായിരുന്നാലും, എന്നാണ, അ:വര്‍ പുത്രനെയോ പുത്രിയെയോ രക്ഷിക്കാതെ തങ്ങളുടെ നീതിയാല്‍ സ്വന്ത ജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

21 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ യെരൂശലേമില്‍നിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളയേണ്ടതിന്നു വാള്‍, ക്ഷാമം ദുഷ്ടമൃഗം, മഹാമാരി എന്നിങ്ങനെ അനര്‍ത്ഥകരമായ ന്യായവിധികള്‍ നാലും കൂടെ അയച്ചാലോ?

22 എന്നാല്‍ പുറപ്പെട്ടു പോരുവാനുള്ള പുത്രന്മാരും പുത്രിമാരും ആയ ഒരു രക്ഷിതഗണം അതില്‍ ശേഷിച്ചിരിക്കും; അവര്‍ പുറപ്പെട്ടു നിങ്ങളുടെ അടുക്കല്‍ വരും; നിങ്ങള്‍ അവരുടെ നടപ്പും പ്രവൃത്തികളും കണ്ടു, ഞാന്‍ യെരൂശലേമിന്നു വരുത്തിയ അനര്‍ത്ഥവും അതിന്നു വരുത്തിയ സകലവും ചൊല്ലി ആശ്വാസം പ്രാപിക്കും.

23 നിങ്ങള്‍ അവരുടെ നടപ്പും പ്രവൃത്തികളും കാണുമ്പോള്‍ നിങ്ങള്‍ക്കു ആശ്വാസമായിരിക്കും; ഞാന്‍ അതില്‍ ചെയ്തിരിക്കുന്നതൊക്കെയും വെറുതെയല്ല ചെയ്തതു എന്നു നിങ്ങള്‍ അറിയും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

യേഹേസ്കേൽ 15

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

2 മനുഷ്യപുത്രാ, കാട്ടിലെ വൃക്ഷങ്ങളുടെ ഇടയില്‍ ഒരു ചെടിയായിരിക്കുന്ന മുന്തിരിവള്ളിക്കു മറ്റു മരത്തെക്കാള്‍ എന്തു വിശേഷതയുള്ളു?

3 വല്ല പണിക്കും കൊള്ളിപ്പാന്‍ അതില്‍നിന്നു മരം എടുക്കാമോ? എല്ല സാധനവും തൂക്കിയിടേണ്ടതിന്നു അതുകൊണ്ടു ഒരാണി ഉണ്ടാക്കാമോ?

4 അതിനെ തീക്കു ഇരയായി കൊടുക്കുന്നു; തീ അതിന്റെ രണ്ടു അറ്റവും ദഹിപ്പിച്ചിരിക്കുന്നു; അതിന്റെ നടുമുറിയും വെന്തിരിക്കുന്നു ഇനി അതു വല്ല പണിക്കും കൊള്ളുമോ?

5 അതു മുഴുവനായിരുന്നപ്പോള്‍തന്നേ ഒരു പണിക്കും കൊള്ളാതിരുന്നു; തീ അതിനെ ദഹിപ്പിക്കയും അതു ദഹിച്ചുപോകയും ചെയ്തശേഷം വല്ല പണിക്കും കൊള്ളുമോ?

6 അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുകാട്ടിലെ വൃക്ഷങ്ങളില്‍ ഞാന്‍ തീക്കിരിയാക്കിക്കൊടുത്ത മുന്തിരിവള്ളിയെപ്പോലെ ഞാന്‍ യെരൂശലേം നിവാസികളെയും ആക്കും.

7 ഞാന്‍ അവര്‍ക്കും വിരോധമായി മുഖം തിരിക്കും; അവര്‍ തീയില്‍നിന്നു പുറപ്പെട്ടിരിക്കുന്നു എങ്കിലും അവര്‍ തീക്കു ഇരയായിത്തീരും; ഞാന്‍ അവര്‍ക്കും വിരോധമായി മുഖം തിരിക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

8 അവര്‍ ദ്രോഹം ചെയ്കകൊണ്ടു ഞാന്‍ ദേശത്തെ ശൂന്യമാക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു

യേഹേസ്കേൽ 16:1-43

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

2 മനുഷ്യപുത്രാ, നീ യെരൂശലേമിനോടു അതിന്റെ മ്ളേച്ഛതകളെ അറിയിച്ചു പറയേണ്ടതു;

3 യഹോവയായ കര്‍ത്താവു യെരൂശലേമിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ ഉല്പത്തിയും നിന്റെ ജനനവും കനാന്‍ ദേശത്താകുന്നു; നിന്റെ അപ്പന്‍ അമോര്‍യ്യനും അമ്മ ഹിത്യസ്ത്രീയും അത്രേ.

4 നിന്റെ ജനനവസ്തുതയോ--ജനിച്ചനാളില്‍ നിന്റെ പൊക്കിള്‍ മുറിച്ചില്ല; നിന്നെ വെള്ളത്തില്‍ കുളിപ്പിച്ചു വെടിപ്പാക്കിയില്ല; ഉപ്പു തേച്ചില്ല, തുണി ചുറ്റിയതുമില്ല.

5 നിന്നോടു മനസ്സലിവു തോന്നീട്ടു ഇവയില്‍ ഒന്നെങ്കിലും നിനക്കു ചെയ്തുതരുവാന്‍ ഒരു കണ്ണിന്നും നിന്നോടു കനിവുണ്ടായില്ല; നീ ജനിച്ചനാളില്‍ തന്നേ അവര്‍ക്കും നിന്നോടു വെറുപ്പുതോന്നിയതുകൊണ്ടു നിന്നെ വെളിന്‍ പ്രദേശത്തു ഇട്ടുകളഞ്ഞു.

6 എന്നാല്‍ ഞാന്‍ നിന്റെ സമീപത്തു കൂടി കടന്നുപോകുമ്പോള്‍ നീ രക്തത്തില്‍ കിടന്നുരുളുന്നതു കണ്ടു നിന്നോടുനീ രക്തത്തില്‍ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു കല്പിച്ചു; അതേ, നീ രക്തത്തില്‍ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു ഞാന്‍ നിന്നോടു കല്പിച്ചു.

7 വയലിലെ സസ്യംപോലെ ഞാന്‍ നിന്നെ പെരുമാറാക്കി; നീ വളര്‍ന്നു വലിയ വളായി അതിസൌന്ദര്യം പ്രാപിച്ചു; നിനക്കു ഉന്നതസ്തനവും ദീര്‍ഘകേശവും ഉണ്ടായി; എങ്കിലും നീ നഗ്നയും അനാവൃതയും ആയിരുന്നു.

8 ഞാന്‍ നിന്റെ അരികെ കൂടി കടന്നു നിന്നെ നോക്കിയപ്പോള്‍ നിനക്കു പ്രേമത്തിന്റെ സമയമായി എന്നു കണ്ടിട്ടു എന്റെ വസ്ത്രം നിന്റെമേല്‍ വിരിച്ചു നിന്റെ നഗ്നത മറെച്ചു; ഞാന്‍ നിന്നോടു സത്യവും നിയമവും ചെയ്തു നീ എനിക്കുള്ളവള്‍ ആയിത്തീര്‍ന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

9 പിന്നെ ഞാന്‍ നിന്നെ വെള്ളത്തില്‍ കുളിപ്പിച്ചു രക്തം കഴുകിക്കളഞ്ഞു എണ്ണപൂശി.

10 ഞാന്‍ നിന്നെ വിചിത്രവസ്ത്രം ധരിപ്പിച്ചു, തഹശുതോല്‍കൊണ്ടുള്ള ചെരിപ്പിടുവിച്ചു, ശണപടംകൊണ്ടു ചുറ്റി പട്ടു പുതെപ്പിച്ചു.

11 ഞാന്‍ നിന്നെ ആഭരണം അണിയിച്ചു നിന്റെ കൈകൂ വളയും കഴുത്തില്‍ മാലയും ഇട്ടു.

12 ഞാന്‍ നിന്റെ മൂക്കിന്നു മൂകൂത്തിയും കാതില്‍ കുണുക്കും ഇട്ടു, തലയില്‍ ഭംഗിയുള്ളോരു കിരീടവും വെച്ചു.

13 ഇങ്ങനെ നീ പൊന്നും വെള്ളിയും അണിഞ്ഞു; നിന്റെ ഉടുപ്പു ശണപടവും പട്ടും വിചിത്രവസ്ത്രവും ആയിരുന്നു; നീ നേരിയ മാവം തേനും എണ്ണയും ഉപജീവിച്ചു ഏറ്റവും സൌന്ദര്യമുള്ളവളായിത്തീര്‍ന്നു; നിനക്കു രാജത്വവും സിദ്ധിച്ചു.

14 ഞാന്‍ നിന്നെ അണിയിച്ച അലങ്കാരംകൊണ്ടു നിന്റെ സൌന്ദര്യം പരിപൂര്‍ണ്ണമായതിനാല്‍ നിന്റെ കീര്‍ത്തി ജാതികളില്‍ പരന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

15 എന്നാല്‍ നീ നിന്റെ സൌന്ദര്യത്തില്‍ ആശ്രയിച്ചു, നിന്റെ കീര്‍ത്തിഹേതുവായി പരസംഗം ചെയ്തു, വഴിപോകുന്ന ഏവന്റെമേലും നിന്റെ പരസംഗം ചെലവഴിച്ചു; അതു അവന്നുള്ളതായിരുന്നു.

16 നിന്റെ വസ്ത്രങ്ങളില്‍ ചിലതു നീ എടുത്തു, പല നിറത്തില്‍ പൂജാഗിരികളെ തീര്‍ത്തലങ്കരിച്ചു, അവയുടെമേല്‍ പരസംഗം ചെയ്തു; ഈവക സംഭവിച്ചിട്ടില്ല, സംഭവിക്കയും ഇല്ല.

17 ഞാന്‍ നിനക്കു തന്ന പൊന്നും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങളെ നീ എടുത്തു, പുരുഷരൂപങ്ങളെ ഉണ്ടാക്കി അവയോടു പരസംഗം ചെയ്തു.

18 നിന്റെ വിചിത്രവസ്ത്രങ്ങളെ നീ എടുത്തു അവയെ പുതപ്പിച്ചു, എന്റെ എണ്ണയും കുന്തുരുക്കവും അവയുടെ മുമ്പില്‍ വെച്ചു.

19 ഞാന്‍ നിനക്കു തന്ന ആഹാരമായി, നിന്റെ പോഷണത്തിന്നുള്ള നേരിയ മാവും എണ്ണയും തേനും നീ അവയുടെ മുമ്പില്‍ സൌരഭ്യവാസനയായി നിവേദിച്ചു; കാര്യം ഇങ്ങനെയായി എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

20 നീ എനിക്കു പ്രസവിച്ച നിന്റെ പുത്രന്മാരെയും പുത്രിമാരെയും നീ എടുത്തു അവേക്കു ഭോജനബലിയായി അര്‍പ്പിച്ചു.

21 നിന്റെ പരസംഗം പോരാഞ്ഞിട്ടോ നീ എന്റെ മക്കളെ അറുത്തു അഗ്നിപ്രവേശം ചെയ്യിച്ചു അവേക്കു ഏല്പിച്ചുകൊടുത്തതു?

22 എന്നാല്‍ നിന്റെ സകല മ്ളേച്ഛതകളിലും പരസംഗങ്ങളിലും നീ മുമ്പെ നഗ്നയും അനാവൃതയും ആയി രക്തത്തില്‍ കിടന്നുരുണ്ട നിന്റെ യൌവനകാലം ഔര്‍ത്തില്ല.

23 നിന്റെ ദുഷ്ടതയൊക്കെയും പ്രവര്‍ത്തിച്ചശേഷമോ--നിനക്കുകഷ്ടം, കഷ്ടം! എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു--

24 നീ ഒരു കമാനം പണിതു, സകല വീഥിയിലും ഔരോ പൂജാഗിരി ഉണ്ടാക്കി.

25 എല്ലാ വഴിത്തലക്കലും പൂജാഗിരി പണിതു, നീ നിന്റെ സൌന്ദര്യത്തെ വഷളാക്കി, വഴി പോകുന്ന ഏവന്നും നിന്റെ കാലുകളെ അകത്തി നിന്റെ പരസംഗം വര്‍ദ്ധിപ്പിച്ചു.

26 മാംസപുഷ്ടിയുള്ള മിസ്രയീമ്യരായ നിന്റെ അയല്‍ക്കാരോടും നീ പരസംഗംചെയ്തു, എന്നെ കോപിപ്പിക്കേണ്ടതിന്നു നിന്റെ പരസംഗം വര്‍ദ്ധിപ്പിച്ചു.

27 അതുകൊണ്ടു ഞാന്‍ നിന്റെ നേരെ കൈ നീട്ടി, നിന്റെ നിത്യച്ചെലവു കുറെച്ചു, നിന്നെ ദ്വേഷിക്കയും നിന്റെ ദുര്‍മ്മാര്‍ഗ്ഗത്തെക്കുറിച്ചു ലജ്ജിക്കയും ചെയ്യുന്ന ഫെലിസ്ത്യ പുത്രിമാരുടെ ഇഷ്ടത്തിന്നു നിന്നെ ഏല്പിച്ചു.

28 മതിവാരത്തവളാകയാല്‍ നീ അശ്ശൂര്‍യ്യരോടും പരസംഗം ചെയ്തു; അവരുമായി പരസംഗം ചെയ്തിട്ടും നിനക്കു തൃപ്തിവന്നില്ല.

29 നീ കനാന്‍ ദേശത്തും കല്ദയദേശംവരെയും നിന്റെ പരസംഗം വര്‍ദ്ധിപ്പിച്ചു; എന്നിട്ടും അതിനാലും നിനക്കു തൃപ്തിവന്നില്ല.

30 നാണം കെട്ട വേശ്യയുടെ പ്രവൃത്തിയായിരിക്കുന്ന ഇതൊക്കെയും ചെയ്തതില്‍, നീ എല്ലാവഴിത്തലെക്കലും കമാനം പണിതു, സമലവീഥിയിലും പൂജാഗിരി ഉണ്ടാക്കിയതില്‍,

31 നിന്റെ ഹൃദയം എത്ര മാരമാല്‍ പൂണ്ടിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; നീ കൂലി നിരസിക്കുന്നതുകൊണ്ടു വേശ്യയെപ്പോലെയല്ല.

32 ഭര്‍ത്താവിന്നു പകരം അന്യന്മാരെ പരിഗ്രഹിച്ചു വ്യഭിചാരം ചെയ്യുന്ന സ്ത്രീയേ!

33 സകല വേശ്യാസ്ത്രീകളും സമ്മാനം വാങ്ങുന്നു; നീയോ നിന്റെ സകലജാരന്മാര്‍ക്കും സമ്മാനം നലകുകയും നീയുമായി പരസംഗം ചെയ്യേണ്ടതിന്നു നാലുപുറത്തുനിന്നും നിന്റെ അടുക്കല്‍ വരുവാന്‍ അവര്‍ക്കും കൈക്കൂലി കൊടുക്കയും ചെയ്യുന്നു.

34 നിന്റെ പരസംഗത്തില്‍ നിനക്കു മറ്റു സ്ത്രീകളുമായി ഒരു വൈപരീത്യം ഉണ്ടു; നിന്റെ അടുക്കല്‍ പരസംഗത്തിന്നു ആരും വരുന്നില്ല; നീ സമ്മാനം വാങ്ങുകയല്ല, സമ്മാനം കൊടുക്കുകയത്രേ ചെയ്യുന്നതു; അതിലാകുന്നു വൈപരീത്യം ഉള്ളതു.

35 ആകയാല്‍ വേശ്യാസ്ത്രീയേ, യഹോവയുടെ വചനം കേള്‍ക്ക.

36 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുജാരന്മാരുമായുള്ള നിന്റെ പരസംഗങ്ങളാല്‍ നിന്റെ പണം ചെലവഴിക്കയും നിന്റെ നഗന്ത അനാവൃതമാകയും ചെയ്കകൊണ്ടു നിന്റെ സകലമ്ളേച്ഛ വിഗ്രഹങ്ങളും നിമിത്തവും നീ അവേക്കു കൊടുത്ത നിന്റെ മക്കളുടെ രക്തംനിമിത്തവും

37 നീ രമിച്ച നിന്റെ സകലജാരന്മാരെയും നീ സ്നേഹിച്ച ഏവരെയും നീ പകെച്ച ഏവരെയും ഞാന്‍ കൂട്ടിവരുത്തും; ഞാന്‍ അവരെ നിനക്കു വിരോധമായി ചുറ്റും കൂട്ടിവരുത്തി, അവര്‍ നിന്റെ നഗ്നത ഒക്കെയും കാണത്തക്കവണ്ണം നിന്റെ നഗ്നത അവരുടെ മുമ്പില്‍ അനാവൃതമാക്കും.

38 വ്യഭിചരിക്കയും രക്തം ചിന്നുകയും ചെയ്യുന്ന സ്ത്രീകളെ വിധിക്കുന്നതുപോലെ ഞാന്‍ നിന്നെ ന്യായം വിധിച്ചു ക്രോധത്തിന്റെയും ജാരശങ്കയുടെയും രക്തം നിന്റെ മേല്‍ ചൊരിയും

39 ഞാന്‍ നിന്നെ അവരുടെ കയ്യില്‍ ഏല്പിക്കും; അവര്‍ നിന്റെ കമാനം പൊളിച്ചു, നിന്റെ പൂജാഗിരികളെ ഇടിച്ചുകളയും അവര്‍ നിന്റെ വസ്ത്രം അഴിച്ചു ആഭരണങ്ങളെ എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും.

40 അവര്‍ നിനക്കു വിരോധമായി ഒരു സഭയെ കൂട്ടിവരുത്തി നിന്നെ കല്ലെറിഞ്ഞു വാള്‍കൊണ്ടു വെട്ടിക്കളയും.

41 അവര്‍ നിന്റെ വീടുകളെ തീവെച്ചു ചുട്ടുകളയും; അനേകം സ്ത്രീകള്‍ കാണ്‍കെ നിന്റെമേല്‍ ന്യായവിധി നടത്തും; നിന്റെ പരസംഗം ഞാന്‍ നിര്‍ത്തലാക്കും; നീ ഇനി ആര്‍ക്കും കൂലി കൊടുക്കയില്ല.

42 ഇങ്ങനെ ഞാന്‍ എന്റെ ക്രോധം നിന്നില്‍ നിവര്‍ത്തിച്ചിട്ടു എന്റെ തീക്ഷണത നിന്നെ വിട്ടുമാറും; പിന്നെ ഞാന്‍ കോപിക്കാതെ അടങ്ങിയിരിക്കും.

43 നീ നിന്റെ യൌവനകാലം ഔര്‍ക്കാതെ ഇവയാല്‍ ഒക്കെയും എന്നെ കോപിപ്പിച്ചതുകൊണ്ടു, ഞാനും നിന്റെ നടപ്പിന്നു തക്കവണ്ണം നിനക്കു പകരം ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; നിന്റെ സകലമ്ളേച്ഛതകള്‍ക്കും പുറമെ നീ ഈ ദുഷ്കര്‍മ്മവും ചെയ്തിട്ടില്ലയോ.