단계 218

공부

     

യെശയ്യാ 1

1 ആമോസിന്റെ മകനായ യെശയ്യാവു യെഹൂദാരാജാക്കന്മാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നിവരുടെ കാലത്തു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദര്‍ശിച്ച ദര്‍ശനം.

2 ആകാശമേ, കേള്‍ക്ക; ഭൂമിയേ, ചെവിതരിക; യഹോവ അരുളിച്ചെയ്യുന്നുഞാന്‍ മക്കളെ പോറ്റി വളര്‍ത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു.

3 കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല.

4 അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കള്‍! അവര്‍ യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു.

5 ഇനി നിങ്ങളെ അടിച്ചിട്ടു എന്തു? നിങ്ങള്‍ അധികം അധികം പിന്മാറുകേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു.

6 അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളു; അവയെ ഞെക്കി കഴുകീട്ടില്ല, വെച്ചുകെട്ടീട്ടില്ല, എണ്ണ പുരട്ടി ശമിപ്പിച്ചിട്ടുമില്ല.

7 നിങ്ങളുടെ ദേശം ശൂന്യമായി നിങ്ങളുടെ പട്ടണങ്ങള്‍ തീക്കിരയായി; നിങ്ങള്‍ കാണ്‍കെ അന്യജാതിക്കാര്‍ നിങ്ങളുടെ നാടു തിന്നുകളയുന്നു; അതു അന്യജാതിക്കാര്‍ ഉന്മൂലനാശം ചെയ്തതു പോലെ ശൂന്യമായിരിക്കുന്നു.

8 സീയോന്‍ പുത്രി, മുന്തിരിത്തോട്ടത്തിലെ കുടില്‍ പോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും നിരോധിച്ച പട്ടണംപോലെയും ശേഷിച്ചിരിക്കുന്നു.

9 സൈന്യങ്ങളുടെ യഹോവ നമുക്കു അത്യല്പമായോരു ശേഷിപ്പു വെച്ചിരുന്നില്ലെങ്കില്‍ നാം സൊദോംപോലെ ആകുമായിരുന്നു; ഗൊമോറെക്കു സദൃശമാകുമായിരുന്നു.

10 സൊദോം അധിപതികളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ ; ഗൊമോറജനമേ, നമ്മുടെ ദൈവത്തിന്റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊള്‍വിന്‍ .

11 നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്കു എന്തിന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ടു എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്കു ഇഷ്ടമല്ല.

12 നിങ്ങള്‍ എന്റെ സന്നിധിയില്‍ വരുമ്പോള്‍ എന്റെ പ്രാകാരങ്ങളെ ചവിട്ടുവാന്‍ ഇതു നിങ്ങളോടു ചോദിച്ചതു ആര്‍?

13 ഇനി നിങ്ങള്‍ വ്യര്‍ത്ഥമായുള്ള കാഴ്ചകൊണ്ടുവരരുതു; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും--നീതികേടും ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ.

14 നിങ്ങളുടെ അമാവാസ്യകളെയും ഉത്സവങ്ങളെയും ഞാന്‍ വെറുക്കുന്നു; അവ എനിക്കു അസഹ്യം; ഞാന്‍ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു.

15 നിങ്ങള്‍ കൈമലര്‍ത്തുമ്പോള്‍ ഞാന്‍ എന്റെ കണ്ണു മറെച്ചുകളയും; നിങ്ങള്‍ എത്ര തന്നേ പ്രാര്‍ത്ഥനകഴിച്ചാലും ഞാന്‍ കേള്‍ക്കയില്ല; നിങ്ങളുടെ കൈ രക്തം കൊണ്ടു നിറഞ്ഞിരിക്കുന്നു.

16 നിങ്ങളെ കഴുകി വെടിപ്പാക്കുവിന്‍ ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പില്‍നിന്നു നീക്കിക്കളവിന്‍ ; തിന്മ ചെയ്യുന്നതു മതിയാക്കുവിന്‍ .

17 നന്മ ചെയ്‍വാന്‍ പഠിപ്പിന്‍ ; ന്യായം അന്വേഷിപ്പിന്‍ ; പീഡിപ്പിക്കുന്നവനെ നേര്‍വ്വഴിക്കാക്കുവിന്‍ ; അനാഥന്നു ന്യായം നടത്തിക്കൊടുപ്പിന്‍ ; വിധവേക്കു വേണ്ടി വ്യവഹരിപ്പിന്‍ .

18 വരുവിന്‍ , നമുക്കു തമ്മില്‍ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങള്‍ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.

19 നിങ്ങള്‍ മനസ്സുവെച്ചു കേട്ടനുസരിക്കുന്നുവെങ്കില്‍ ദേശത്തിലെ നന്മ അനുഭവിക്കും.

20 മറുത്തു മത്സരിക്കുന്നു എങ്കിലോ നിങ്ങള്‍ വാളിന്നിരയായ്തീരും; യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.

21 വിശ്വസ്തനഗരം വേശ്യയായി തീര്‍ന്നിരിക്കുന്നതു എങ്ങനെ! അതില്‍ ന്യായം നിറഞ്ഞിരുന്നു; നീതി വസിച്ചിരുന്നു; ഇപ്പോഴോ, കുലപാതകന്മാര്‍.

22 നിന്റെ വെള്ളി കീടമായും നിന്റെ വീഞ്ഞു വെള്ളം ചേര്‍ന്നും ഇരിക്കുന്നു.

23 നിന്റെ പ്രഭുക്കന്മാര്‍ മത്സരികള്‍; കള്ളന്മാരുടെ കൂട്ടാളികള്‍ തന്നേ; അവര്‍ ഒക്കെയും സമ്മാനപ്രിയരും പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; അവര്‍ അനാഥന്നു ന്യായം നടത്തിക്കൊടുക്കുന്നില്ല; വിധവയുടെ വ്യവഹാരം അവരുടെ അടുക്കല്‍ വരുന്നതുമില്ല.

24 അതുകൊണ്ടു യിസ്രായേലിന്റെ വല്ലഭനായി സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നുഹാ, ഞാന്‍ എന്റെ വൈരികളോടു പകവീട്ടി എന്റെ ശത്രുക്കളോടു പ്രതികാരം നടത്തും.

25 ഞാന്‍ എന്റെ കൈ നിന്റെ നേരെ തിരിച്ചു നിന്റെ കീടം തീരെ ഉരുക്കിക്കളകയും നിന്റെ വെള്ളീയം ഒക്കെയും നീക്കിക്കളകയും ചെയ്യും.

26 ഞാന്‍ നിന്റെ ന്യായാധിപന്മാരെ ആദിയിങ്കല്‍ എന്നപോലെയും നിന്റെ ആലോചനക്കാരെ ആരംഭത്തിങ്കല്‍ എന്നപോലെയും ആക്കും; അതിന്റെശേഷം നീ നീതിപുരം എന്നും വിശ്വസ്തനഗരം എന്നും വിളിക്കപ്പെടും.

27 സീയോന്‍ ന്യായത്താലും അതില്‍ മനം തിരിയുന്നവര്‍ നീതിയാലും വീണ്ടെടുക്കപ്പെടും.

28 എന്നാല്‍ അതിക്രമികള്‍ക്കും പാപികള്‍ക്കും ഒരുപോലെ നാശം ഭവിക്കും; യഹോവയെ ഉപേക്ഷിക്കുന്നവര്‍ മുടിഞ്ഞുപോകും.

29 നിങ്ങള്‍ താല്പര്യം വെച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; നിങ്ങള്‍ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങള്‍നിമിത്തം ലജ്ജിക്കും.

30 നിങ്ങള്‍ ഇല പൊഴിഞ്ഞ കരുവേലകംപോലെയും വെള്ളമില്ലാത്ത തോട്ടംപോലെയും ഇരിക്കും.

31 ബലവാന്‍ ചണനാരുപോലെയും അവന്റെ പണി തീപ്പൊരിപോലെയും ആകും; കെടുത്തുവാന്‍ ആരുമില്ലാതെ രണ്ടും ഒരുമിച്ചു വെന്തുപോകും.

യെശയ്യാ 2

1 ആമോസിന്റെ മകനായ യെശയ്യാവു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദര്‍ശിച്ച വചനം.

2 അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പര്‍വ്വതം പര്‍വ്വതങ്ങളുടെ ശിഖരത്തില്‍ സ്ഥാപിതവും കുന്നുകള്‍ക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും.

3 അനേകവംശങ്ങളും ചെന്നുവരുവിന്‍ , നമുക്കു യഹോവയുടെ പര്‍വ്വതത്തിലേക്കു, യാക്കോബിന്‍ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവന്‍ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളില്‍ നടക്കയും ചെയ്യും എന്നു പറയും. സീയോനില്‍നിന്നു ഉപദേശവും യെരൂശലേമില്‍നിന്നു യഹോവയുടെ വചനവും പുറപ്പെടും.

4 അവന്‍ ജാതികളുടെ ഇടയില്‍ ന്യായം വിധിക്കയും ബഹുവംശങ്ങള്‍ക്കു വിധികല്പിക്കയും ചെയ്യും; അവര്‍ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീര്‍ക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവര്‍ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.

5 യാക്കോബ്ഗൃഹമേ, വരുവിന്‍ ; നമുക്കു യഹോവയുടെ വെളിച്ചത്തില്‍ നടക്കാം.

6 എന്നാല്‍ നീ യാക്കോബ്ഗൃഹമായ നിന്റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; അവര്‍ പൂര്‍വ്വദേശക്കാരുടെ മര്യാദകളാല്‍ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു കയ്യടിച്ചവരായും ഇരിക്കുന്നു.

7 അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങള്‍ക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകള്‍ നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങള്‍ക്കും എണ്ണമില്ല.

8 അവരുടെ ദേശത്തു വിഗ്രഹങ്ങള്‍ നിറഞ്ഞിരിക്കുന്നു; സ്വവിരല്‍കൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവര്‍ നമസ്കരിക്കുന്നു.

9 മനുഷ്യന്‍ വണങ്ങുന്നു, പുരുഷന്‍ കുനിയുന്നു; ആകയാല്‍ നീ അവരോടു ക്ഷമിക്കരുതേ.

10 യഹോവയുടെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയില്‍ കടന്നു മണ്ണില്‍ ഒളിച്ചുകൊള്‍ക.

11 മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളില്‍ ഉന്നതനായിരിക്കും.

12 സൈന്യങ്ങളുടെ യഹോവയുടെ നാള്‍ ഗര്‍വ്വവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും;

13 അവ താണുപോകും. ലെബാനോനിലെ പൊക്കവും ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും ബാര്‍ശാനിലെ എല്ലാകരുവേലകങ്ങളിന്മേലും ഉയര്‍ന്നിരിക്കുന്ന

14 സകലപര്‍വ്വതങ്ങളിന്മേലും ഉയരമുള്ള എല്ലാകന്നുകളിന്മേലും

15 ഉന്നതമായ സകലഗോപുരത്തിന്മേലും

16 ഉറപ്പുള്ള എല്ലാമതിലിന്മേലും എല്ലാതര്‍ശീശ് കപ്പലിന്മേലും മനോഹരമായ സകലശൃംഗാര ഗോപുരത്തിന്മേലും വരും.

17 അപ്പോള്‍ മനുഷ്യന്റെ ഗര്‍വ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം അന്നാളില്‍ ഉന്നതനായിരിക്കും.

18 മിത്ഥ്യാമൂര്‍ത്തികളോ അശേഷം ഇല്ലാതെയാകും.

19 യഹോവ ഭൂമിയെ നടുക്കുവാന്‍ എഴുന്നേലക്കുമ്പോള്‍ അവര്‍ അവന്റെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗുഹകളിലും മണ്ണിലെ പോതുകളിലും കടക്കും.

20 യഹോവ ഭൂമിയെ നടുക്കുവാന്‍ എഴുന്നേലക്കുമ്പോള്‍ അവന്റെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗഹ്വരങ്ങളിലും പൊട്ടിയ പാറകളുടെ വിള്ളലുകളിലും കടക്കേണ്ടതിന്നു

21 തങ്ങള്‍ നമസ്കരിപ്പാന്‍ വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ മിത്ഥ്യാമൂര്‍ത്തികളെ മനുഷ്യര്‍ ആ നാളില്‍ തുരപ്പനെലിക്കും നരിച്ചീറിന്നും എറിഞ്ഞുകളയും

22 മൂക്കില്‍ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിവിന്‍ ; അവനെ എന്തു വിലമതിപ്പാനുള്ളു?

യെശയ്യാ 3

1 സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു യെരൂശലേമില്‍നിന്നും യെഹൂദയില്‍നിന്നും ആധാരവും ആശ്രയവും, അപ്പം എന്ന ആധാരമൊക്കെയും വെള്ളം എന്ന ആധാരമൊക്കെയും

2 വീരന്‍ , യോദ്ധാവു, ന്യായാധിപതി, പ്രവാചകന്‍ , പ്രശ്നക്കാരന്‍ , മൂപ്പന്‍ ,

3 അമ്പതുപേര്‍ക്കും അധിപതി, മാന്യന്‍ , മന്ത്രി, കൌശലപ്പണിക്കാരന്‍ , മന്ത്രവാദി എന്നിവരെയും നീക്കിക്കളയും.

4 ഞാന്‍ ബാലന്മാരെ അവര്‍ക്കും പ്രഭുക്കന്മാരാക്കി വേക്കും; ശിശുക്കള്‍ അവരെ വാഴും.

5 ഒരുത്തന്‍ മറ്റൊരുവനെയും ഒരാള്‍ തന്റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; ബാലന്‍ വൃദ്ധനോടും നീചന്‍ മാന്യനോടും കയര്‍ക്കും.

6 ഒരുത്തന്‍ തന്റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചുനിനക്കു മേലങ്കിയുണ്ടു; നീ ഞങ്ങളുടെ അധിപതി ആയിരിക്ക; ഈ ശൂന്യ ശിഷ്ടം നിന്റെ കൈവശം ഇരിക്കട്ടെ എന്നു പറയും.

7 അവന്‍ അന്നു കൈ ഉയര്‍ത്തിക്കൊണ്ടുവൈദ്യനായിരിപ്പാന്‍ എനിക്കു മനസ്സില്ല; എന്റെ വീട്ടില്‍ ആഹാരവുമില്ല, വസ്ത്രവുമില്ല; എന്നെ ജനത്തിന്നു അധിപതിയാക്കരുതു എന്നു പറയും.

8 യഹോവയുടെ തേജസ്സുള്ള കണ്ണിന്നു വെറുപ്പുതോന്നുവാന്‍ തക്കവണ്ണം അവരുടെ നാവുകളും പ്രവൃത്തികളും അവന്നു വിരോധമായിരിക്കയാല്‍ യെരൂശലേം ഇടിഞ്ഞുപോകും; യെഹൂദാ വീണുപോകും.

9 അവരുടെ മുഖഭാവം അവര്‍ക്കും വിരോധമായി സാക്ഷീകരിക്കുന്നു; അവര്‍ സൊദോംപോലെ തങ്ങളുടെ പാപത്തെ പരസ്യമാക്കുന്നു; അതിനെ മറെക്കുന്നതുമില്ല; അവര്‍ക്കും അയ്യോ കഷ്ടം! അവര്‍ തങ്ങള്‍ക്കു തന്നേ ദോഷം വരുത്തുന്നു.

10 നീതിമാനെക്കുറിച്ചുഅവന്നു നന്മവരും എന്നു പറവിന്‍ ; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവര്‍ അനുഭവിക്കും.

11 ദുഷ്ടന്നു അയ്യോ കഷ്ടം! അവന്നു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.

12 എന്റെ ജനമോ, കുട്ടികള്‍ അവരെ പീഡിപ്പിക്കുന്നു; സ്ത്രീകള്‍ അവരെ വാഴുന്നു; എന്റെ ജനമേ, നിന്നെ നടത്തുന്നവര്‍ നിന്നെ വഴിതെറ്റിക്കുന്നു; നീ നടക്കേണ്ടുന്ന വഴി അവര്‍ നശിപ്പിക്കുന്നു.

13 യഹോവ വ്യവഹരിപ്പാന്‍ എഴുന്നേറ്റു വംശങ്ങളെ വിധിപ്പാന്‍ നിലക്കുന്നു.

14 യഹോവ തന്റെ ജനത്തിന്റെ മൂപ്പന്മാരോടും പ്രഭുക്കന്മാരോടും ന്യായവിസ്താരത്തില്‍ പ്രവേശിക്കും; നിങ്ങള്‍ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; എളിയവരോടു കവര്‍ന്നെടുത്തതു നിങ്ങളുടെ വീടുകളില്‍ ഉണ്ടു;

15 എന്റെ ജനത്തെ തകര്‍ത്തുകളവാനും എളിയവരെ ദുഃഖിപ്പിപ്പാനും നിങ്ങള്‍ക്കു എന്തു കാര്യം എന്നും സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

16 യഹോവ പിന്നെയും അരുളിച്ചെയ്തതെന്തെന്നാല്‍സീയോന്‍ പുത്രിമാര്‍ നിഗളിച്ചു കഴുത്തു നീട്ടിയും എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കയും തത്തിത്തത്തി നടക്കയും കാല്‍കൊണ്ടു ചിലമ്പൊലി കേള്‍പ്പിക്കുകയും ചെയ്യുന്നു.

17 ഇതുനിമിത്തം യഹോവ സീയോന്‍ പുത്രിമാരുടെ നെറുകെക്കു ചൊറി പിടിപ്പിക്കും; യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും.

18 അന്നു കര്‍ത്താവു അവരുടെ കാല്‍ച്ചിലമ്പുകളുടെ അലങ്കാരം,

19 അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവണി,

20 തലപ്പാവു, കാല്‍ത്തള, പട്ടുകച്ച, പരിമളപ്പെട്ടി,

21 , 22 തകിട്ടുകൂടു, മോതിരം, മൂകൂത്തി, ഉത്സവ വസ്ത്രം, മേലാട, ശാല്വാ, ചെറുസഞ്ചി, ദര്‍പ്പണം, ക്ഷോമപടം,

22 കല്ലാവു, മൂടുപടം എന്നിവ നീക്കിക്കളയും.

23 അപ്പോള്‍ സുഗന്ധത്തിന്നു പകരം ദുര്‍ഗ്ഗന്ധവും അരക്കച്ചെക്കു പകരം കയറും പുരികുഴലിന്നു പകരം കഷണ്ടിയും ഉടയാടെക്കു പകരം രട്ടും സൌന്ദര്യത്തിന്നു പകരം കരിവാളിപ്പും ഉണ്ടാകും.

24 നിന്റെ പുരുഷന്മാര്‍ വാളിനാലും നിന്റെ വീരന്മാര്‍ യുദ്ധത്തിലും വീഴും.

25 അതിന്റെ വാതിലുകള്‍ വിലപിച്ചു ദുഃഖിക്കും; അതു ശൂന്യമായി നിലത്തു കിടക്കും.

യെശയ്യാ 4

1 അന്നു ഏഴു സ്ത്രീകള്‍ ഒരു പുരുഷനെ പിടിച്ചു; ഞങ്ങള്‍ സ്വന്തം വകകൊണ്ടു അഹോവൃത്തി കഴിക്കയും സ്വന്തവസ്ത്രം ധരിക്കയും ചെയ്തുകൊള്ളാം; നിന്റെ പേര്‍മാത്രം ഞങ്ങള്‍ക്കു ഇരിക്കട്ടെ; ഞങ്ങളുടെ നിന്ദ നീക്കിക്കളയേണമേ എന്നു പറയും.

2 അന്നാളില്‍ യഹോവയുടെ മുള ഭംഗിയും മഹത്വവും ഉള്ളതും ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിന്നു മഹിമയും അഴകും ഉള്ളതും ആയിരിക്കും.

3 കര്‍ത്താവു ന്യായവിധിയുടെ കാറ്റുകൊണ്ടും ദഹനത്തിന്റെ കാറ്റുകൊണ്ടും സീയോന്‍ പുത്രിമാരുടെ മലിനത കഴുകിക്കളകയും യെരൂശലേമിന്റെ രക്തപാതകം അതിന്റെ നടുവില്‍നിന്നു നീക്കി വെടിപ്പാക്കുകയും ചെയ്തശേഷം

4 സീയോനില്‍ മിഞ്ചിയിരിക്കുന്നവനും യെരൂശലേമില്‍ ശേഷിച്ചിരിക്കുന്നവനും, ഇങ്ങനെ യെരൂശലേമില്‍ ജീവനുള്ളവരുടെ കൂട്ടത്തില്‍ പേര്‍ എഴുതിയിരിക്കുന്ന ഏവനും തന്നേ, വിശുദ്ധന്‍ എന്നു വിളിക്കപ്പെടും.

5 യഹോവ സീയോന്‍ പര്‍വ്വതത്തിലെ സകലവാസസ്ഥലത്തിന്മേലും അതിലെ സഭായോഗങ്ങളിന്മേലും പകലിന്നു ഒരു മേഘവും പുകയും രാത്രിക്കു അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്ടിക്കും; സകലതേജസ്സിന്നും മീതെ ഒരു വിതാനം ഉണ്ടായിരിക്കും.

6 പകല്‍, വെയില്‍ കൊള്ളാതിരിപ്പാന്‍ തണലായും കൊടുങ്കാറ്റും മഴയും തട്ടാതിരിപ്പാന്‍ സങ്കേതവും മറവിടവുമായും ഒരു കൂടാരം ഉണ്ടായിരിക്കും.

യെശയ്യാ 5:1-17

1 ഞാന്‍ എന്റെ പ്രിയതമന്നു അവന്റെ മുന്തിരിത്തോട്ടത്തെക്കുറിച്ചു എന്റെ പ്രിയന്റെ പാട്ടുപാടും; എന്റെ പ്രിയതമന്നു ഏറ്റവും ഫലവത്തായോരു കുന്നിന്മേല്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.

2 അവന്‍ അതിന്നു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതില്‍ നല്ലവക മുന്തിരിവള്ളി നട്ടു, നടുവില്‍ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു, മുന്തിരിങ്ങ കായക്കും എന്നു അവന്‍ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ.

3 ആകയാല്‍ യെരൂശലേംനിവാസികളും യെഹൂദാപുരുഷന്മാരും ആയുള്ളോരേ, എനിക്കും എന്റെ മുന്തിരിത്തോട്ടത്തിന്നും മദ്ധ്യേ വിധിപ്പിന്‍ .

4 ഞാന്‍ എന്റെ മുന്തിരിത്തോട്ടത്തില്‍ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതില്‍ എന്തു ചെയ്‍വാനുള്ളു? മുന്തിരിങ്ങ കായക്കുമെന്നു ഞാന്‍ കാത്തിരുന്നാറെ അതു കാട്ടുമുന്തിരിങ്ങ കായിച്ചതു എന്തു? ആകയാല്‍ വരുവിന്‍ ;

5 ഞാന്‍ എന്റെ മുന്തിരിത്തോട്ടത്തോടു എന്തു ചെയ്യും എന്നു നിങ്ങളോടു അറിയിക്കാം; ഞാന്‍ അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നു പോകും; ഞാന്‍ അതിന്റെ മതില്‍ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും.

6 ഞാന്‍ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളെക്കാതെയും ഇരിക്കും; പറക്കാരയും മുള്ളും അതില്‍ മുളെക്കും; അതില്‍ മഴ പെയ്യിക്കരുതെന്നു ഞാന്‍ മേഘങ്ങളോടു കല്പിക്കും.

7 സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം യിസ്രായേല്‍ ഗൃഹവും അവന്റെ മനോഹരമായ നടുതല യെഹൂദാപുരുഷന്മാരും ആകുന്നു; അവന്‍ ന്യായത്തിന്നായി കാത്തിരുന്നു; എന്നാല്‍ ഇതാ, അന്യായം! നീതിക്കായി നോക്കിയിരുന്നു; എന്നാല്‍ ഇതാ ഭീതി!

8 തങ്ങള്‍ മാത്രം ദേശമദ്ധ്യേ പാര്‍ക്കത്തക്കവണ്ണം മറ്റാര്‍ക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേര്‍ക്കുംകയും വയലോടു വയല്‍ കൂട്ടുകയും ചെയ്യുന്നവര്‍ക്കും അയ്യോ കഷ്ടം!

9 ഞാന്‍ കേള്‍ക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തതുവലിയതും നല്ലതുമായിരിക്കുന്ന പല വീടുകളും ആള്‍ പാര്‍പ്പില്ലാതെ ശൂന്യമാകും നിശ്ചയം.

10 പത്തു കാണി മുന്തിരിത്തോട്ടത്തില്‍നിന്നു ഒരു ബത്തും ഒരു ഹോമര്‍ വിത്തില്‍നിന്നു ഒരു ഏഫയും മാത്രം കിട്ടും.

11 അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഔടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവര്‍ക്കും അയ്യോ കഷ്ടം!

12 അവരുടെ വിരുന്നുകളില്‍ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ടു; എന്നാല്‍ യഹോവയുടെ പ്രവൃത്തിയെ അവര്‍ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല.

13 അങ്ങനെ എന്റെ ജനം അറിവില്ലായ്കയാല്‍ പ്രവാസത്തിലേക്കു പോകുന്നു; അവരുടെ മാന്യന്മാര്‍ പട്ടിണികിടക്കുന്നു; അവരുടെ ജനസമൂഹം ദാഹത്താല്‍ വരണ്ടുപോകുന്നു.

14 അതുകൊണ്ടു പാതാളം തൊണ്ട തുറന്നു, വിസ്താരമായി വായ് പിളര്‍ന്നിരിക്കുന്നു; അവരുടെ മഹിമയും ആരവവും ഘോഷവും അവയില്‍ ഉല്ലസിക്കുന്നവരും അതിലേക്കു ഇറങ്ങിപ്പോകുന്നു.

15 അങ്ങനെ മനുഷ്യന്‍ കുനിയുകയും പുരുഷന്‍ വണങ്ങുകയും നിഗളികളുടെ കണ്ണു താഴുകയും ചെയ്യും.

16 എന്നാല്‍ സൈന്യങ്ങളുടെ യഹോവ ന്യായവിധിയില്‍ ഉന്നതനായിരിക്കയും പരിശുദ്ധദൈവം നീതിയില്‍ തന്നെത്താന്‍ പരിശുദ്ധനായി കാണിക്കയും ചെയ്യും.

17 അപ്പോള്‍ കുഞ്ഞാടുകള്‍ മേച്ചല്‍പുറത്തെന്നപോലെ മേയും; പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളെ സഞ്ചാരികള്‍ അനുഭവിക്കും.