단계 88

공부

     

ശമൂവേൽ 1 20

1 ദാവീദ് രാമയിലെ നയ്യോത്തില്‍നിന്നു ഔടി യോനാഥാന്റെ അടുക്കല്‍ ചെന്നുഞാന്‍ എന്തു ചെയ്തു? എന്റെ കുറ്റം എന്തു? നിന്റെ അപ്പന്‍ എന്നെ കൊല്ലുവാന്‍ അന്വേഷിക്കേണ്ടതിന്നു അവനോടു ഞാന്‍ ചെയ്ത പാപം എന്തു എന്നു ചോദിച്ചു.

2 അവന്‍ അവനോടുഅങ്ങനെ ഭവിക്കരുതേ, നീ മരിക്കയില്ല; എന്റെ അപ്പന്‍ എന്നെ അറിയിക്കാതെ വലുതോ ചെറുതോ യാതൊന്നും ചെയ്‍വാറില്ല; പിന്നെ ഈ കാര്യം എന്നെ മറെപ്പാന്‍ സംഗതി എന്തു? അങ്ങനെ വരികയില്ല എന്നു പറഞ്ഞു.

3 ദാവീദ് പിന്നെയും അവനോടുഎന്നോടു നിനക്കു പ്രിയമാകുന്നുവെന്നു നിന്റെ അപ്പന്‍ നല്ലവണ്ണം അറികയാല്‍ യോനാഥാന്‍ ദുഃഖിക്കാതിരിക്കേണ്ടതിന്നു അവന്‍ ഇതു ഗ്രഹിക്കരുതു എന്നു അവന്‍ വിചാരിക്കുന്നു; എന്നാല്‍ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിന്നും മദ്ധ്യേ ഒരടി അകലം മാത്രമേയുള്ളു എന്നു സത്യംചെയ്തു പറഞ്ഞു.

4 അപ്പോള്‍ യോനാഥാന്‍ ദാവീദിനോടുനിന്റെ ആഗ്രഹം എന്തു? ഞാന്‍ അതു ചെയ്തുതരും എന്നു പറഞ്ഞു.

5 ദാവീദ് യോനാഥാനോടു പറഞ്ഞതുനാളെ അമാവാസ്യയാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന്നു ഇരിക്കേണ്ടതല്ലോ; എങ്കിലും മറ്റെന്നാള്‍ വൈകുന്നേരംവരെ വയലില്‍ ഒളിച്ചിരിപ്പാന്‍ എനിക്കു അനുവാദം തരേണം.

6 നിന്റെ അപ്പന്‍ എന്നെ കാണാഞ്ഞിട്ടു അന്വേഷിച്ചാല്‍ദാവീദ് സ്വന്തപട്ടണമായ ബേത്ത്ളേഹെമിലേക്കു ഒന്നു പോയിവരേണ്ടതിന്നു എന്നോടു താല്പര്യമായി അനുവാദം ചോദിച്ചു; അവന്റെ കുലത്തിന്നെല്ലാം അവിടെ വര്‍ഷാന്തരയാഗം ഉണ്ടു എന്നു ബോധിപ്പിക്കേണം.

7 കൊള്ളാമെന്നു അവന്‍ പറഞ്ഞാല്‍ അടിയന്നു ശുഭം; അല്ല, കോപിച്ചാല്‍അവന്‍ ദോഷം നിര്‍ണ്ണയിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊള്ളേണം.

8 എന്നാല്‍ അങ്ങുന്നു അടിയനോടു ദയ ചെയ്യേണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി സഖ്യത ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നില്‍ ഉണ്ടെങ്കിലോ അങ്ങുന്നു തന്നേ എന്നെ കൊല്ലുക; അപ്പന്റെ അടുക്കല്‍ എന്നെ കൊണ്ടുപോകുവാന്‍ എന്തൊരാവശ്യം?

9 അതിന്നു യോനാഥാന്‍ അങ്ങനെ നിനക്കു വരാതിരിക്കട്ടെ; എന്റെ അപ്പന്‍ നിനക്കു ദോഷം വരുത്തുവാന്‍ നിര്‍ണ്ണയിച്ചിരിക്കുന്നു എന്നു ഞാന്‍ അറിഞ്ഞാല്‍ നിന്നെ അറിയിക്കാതിരിക്കുമോ എന്നു പറഞ്ഞു.

10 ദാവീദ് യോനാഥാനോടുനിന്റെ അപ്പന്‍ നിന്നോടു കഠിനമായി ഉത്തരം പറഞ്ഞാലോ അതു ആര്‍ എന്നെ അറിയിക്കും എന്നു ചോദിച്ചു.

11 യോനാഥാന്‍ ദാവീദിനോടുവരിക, നമുക്കു വയലിലേക്കു പോകാം എന്നു പറഞ്ഞു; അവര്‍ ഇരുവരും വയലിലേക്കു പോയി.

12 പിന്നെ യോനാഥാന്‍ ദാവീദിനോടു പറഞ്ഞതുയിസ്രായേലിന്റെ ദൈവമായ യഹോവ സാക്ഷിനാളെ ഈ നേരത്തോ മറ്റെന്നാളോ എന്റെ അപ്പന്റെ അന്തര്‍ഗ്ഗതമറിഞ്ഞു നിനക്കു ഗുണമെന്നു കണ്ടാല്‍ ഞാന്‍ ആളയച്ചു നിന്നെ അറിയിക്കാതിരിക്കുമോ?

13 എന്നാല്‍ നിന്നോടു ദോഷം ചെയ്‍വാനാകുന്നു എന്റെ അപ്പന്റെ ഭാവമെങ്കില്‍ ഞാന്‍ അതു നിന്നെ അറിയിച്ചു നീ സമാധാനത്തോടെ പോകേണ്ടതിന്നു നിന്നെ പറഞ്ഞയക്കാതിരുന്നാല്‍ യഹോവ യോനാഥാനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യഹോവ എന്റെ അപ്പനോടുകൂടെ ഇരുന്നതുപോലെ നിന്നോടു കൂടെയും ഇരിക്കുമാറാകട്ടെ.

14 ഞാന്‍ ഇനി ജീവനോടിരിക്കയാകുന്നു എങ്കില്‍ ഞാന്‍ മരിക്കാതവണ്ണം യഹോവയുടെ ദയ നീ കാണിക്കേണ്ടതു എന്നോടു മാത്രമല്ല;

15 എന്റെ ഗൃഹത്തോടും നിന്റെ ദയ ഒരിക്കലും അറ്റുപോകരുതു; യഹോവ ദാവീദിന്റെ ശത്രുക്കളെ ഒട്ടൊഴിയാതെ ഭൂതലത്തില്‍നിന്നു ഛേദിച്ചുകളയുംകാലത്തും അറ്റുപോകരുതു.

16 ഇങ്ങനെ യോനാഥാന്‍ ദാവീദിന്റെ ഗൃഹത്തോടെ സഖ്യതചെയ്തു. ദാവീദിന്റെ ശത്രുക്കളോടു യഹോവ ചോദിച്ചുകൊള്ളും.

17 യോനാഥാന്‍ സ്വന്തപ്രാണനെപ്പോലെ ദാവീദിനെ സ്നേഹിക്കയാല്‍ തന്നോടുള്ള സ്നേഹത്തെച്ചൊല്ലി അവനെക്കൊണ്ടു പിന്നെയും സത്യംചെയ്യിച്ചു.

18 പിന്നെ യോനാഥാന്‍ ദാവീദിനോടു പറഞ്ഞതുനാളെ അമാവാസ്യയാകുന്നുവല്ലോ; നിന്റെ ഇരിപ്പിടം ഒഴിഞ്ഞിരിക്കുമ്പോള്‍ നീ ഇല്ലെന്നു കാണും.

19 മൂന്നു ദിവസം കഴിഞ്ഞിട്ടു കാര്യം നടന്ന അന്നു നീ ഒളിച്ചിരുന്ന സ്ഥലത്തേക്കു വേഗത്തില്‍ ഇറങ്ങിവന്നു ഏസെല്‍കല്ലിന്റെ അരികെ താമസിക്കേണം.

20 അപ്പോള്‍ ഞാന്‍ അതിന്റെ ഒരുവശത്തു ഒരു ലാക്കിന്നു എയ്യുന്നഭാവത്തില്‍ മൂന്നു അമ്പു എയ്യും.

21 നീ ചെന്നു അമ്പു നോക്കി എടുത്തുകൊണ്ടു വരിക എന്നു പറഞ്ഞു ഒരു ബാല്യക്കാരനെ അയക്കും. അമ്പുകള്‍ നിന്റെ ഇപ്പുറത്തു ഇതാ, എടുത്തുകൊണ്ടു വരിക എന്നു ഞാന്‍ ബാല്യക്കാരനോടു പറഞ്ഞാല്‍ നീ അവ എടുത്തുകൊണ്ടു വരിക; യഹോവയാണ, നിനക്കു ശുഭമല്ലാതെ മറ്റൊന്നും വരികയില്ല.

22 എന്നാല്‍ ഞാന്‍ ബാല്യക്കാരനോടുഅമ്പു നിന്റെ അപ്പുറത്തു അതാ എന്നു പറഞ്ഞാല്‍ നിന്റെ വഴിക്കു പൊയ്ക്കൊള്‍ക; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു.

23 ഞാനും നീയും തമ്മില്‍ പറഞ്ഞിരിക്കുന്ന കാര്യത്തിലോ, യഹോവ എനിക്കും നിനക്കും മദ്ധ്യേ എന്നേക്കും സാക്ഷി.

24 ഇങ്ങനെ ദാവീദ് വയലില്‍ ഒളിച്ചു; അമാവാസ്യയായപ്പോള്‍ രാജാവു പന്തിഭോജനത്തിന്നു ഇരുന്നു.

25 രാജാവു പതിവുപോലെ ചുവരിന്നരികെയുള്ള തന്റെ ആസനത്തിന്മേല്‍ ഇരുന്നു; യോനാഥാന്‍ എഴുന്നേറ്റുനിന്നു. അബ്നേര്‍ ശൌലിന്റെ അരികെ ഇരുന്നു; ദാവീദിന്റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു.

26 അന്നു ശൌല്‍ ഒന്നും പറഞ്ഞില്ല; അവന്നു എന്തോ ഭവിച്ചു അവന്നു ശുദ്ധിയില്ലായിരിക്കും; അതേ, അവന്നു ശുദ്ധിയില്ല എന്നു അവന്‍ വിചാരിച്ചു.

27 അമാവാസ്യയുടെ പിറ്റെന്നാളും ദാവീദിന്റെ സ്ഥലം ഒഴിഞ്ഞുകിടന്നു; ശൌല്‍ തന്റെ മകനായ യോനാഥാനോടുയിശ്ശായിയുടെ മകന്‍ ഇന്നലെയും ഇന്നും പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്തു എന്നു ചോദിച്ചു.

28 യോനാഥാന്‍ ശൌലിനോടുദാവീദ് ബേത്ത്ളേഹെമില്‍ പോകുവാന്‍ എന്നോടു താല്പര്യമായി അനുവാദം ചോദിച്ചു

29 ഞങ്ങളുടെ കുലത്തിന്നു പട്ടണത്തില്‍ ഒരു യാഗമുള്ളതുകൊണ്ടു എന്നെ വിട്ടയക്കേണമേ; എന്റെ ജ്യേഷ്ഠന്‍ തന്നേ എന്നോടു കല്പിച്ചിരിക്കുന്നു; ആകയാല്‍ നിനക്കു എന്നോടു കൃപയുണ്ടെങ്കില്‍ ഞാന്‍ എന്റെ സഹോദരന്മാരെ ചെന്നുകാണ്മാന്‍ അനുവദിക്കേണമേ എന്നു പറഞ്ഞു. അതുകൊണ്ടാകുന്നു അവന്‍ രാജാവിന്റെ പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്നുത്തരം പറഞ്ഞു.

30 അപ്പോള്‍ ശൌലിന്റെ കോപം യോനാഥാന്റെ നേരെ ജ്വലിച്ചു; അവന്‍ അവനോടുവക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നിന്റെ സ്വന്തലജ്ജെക്കും നിന്റെ അമ്മയുടെ നഗ്നതയുടെ ലജ്ജെക്കുമായി നീ യിശ്ശായിയുടെ മകനോടു കൂടിയിരിക്കുന്നു എന്നു എനിക്കു അറിഞ്ഞുകൂടയോ?

32 യോനാഥാന്‍ തന്റെ അപ്പനായ ശൌലിനോടുഅവനെ എന്തിന്നു കൊല്ലുന്നു? അവന്‍ എന്തു ചെയ്തു എന്നു ചോദിച്ചു.

33 അപ്പോള്‍ ശൌല്‍ അവനെ കൊല്ലുവാന്‍ അവന്റെ നേരെ കുന്തം ചാടി; അതിനാല്‍ തന്റെ അപ്പന്‍ ദാവീദിനെ കൊല്ലുവാന്‍ നിര്‍ണ്ണയിച്ചിരിക്കുന്നു എന്നു യോനാഥാന്‍ അറിഞ്ഞു.

34 യോനാഥാന്‍ അതികോപത്തോടെ പന്തിഭോജനത്തില്‍നിന്നു എഴുന്നേറ്റു; അമാവാസ്യയുടെ പിറ്റെന്നാള്‍ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്റെ അപ്പന്‍ ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവന്‍ വ്യസനിച്ചിരുന്നു.

35 പിറ്റെന്നാള്‍ രാവിലെ, ദാവീദുമായി നിശ്ചയിച്ചിരുന്ന സമയത്തു, യോനാഥാന്‍ ഒരു ചെറിയ ബാല്യക്കാരനോടുകൂടെ വയലിലേക്കു പോയി.

36 അവന്‍ തന്റെ ബാല്യക്കാരനോടുഔടിച്ചെന്നു ഞാന്‍ എയ്യുന്ന അമ്പു എടുത്തുകൊണ്ടുവാ എന്നു പറഞ്ഞു. ബാല്യക്കാരന്‍ ഔടുമ്പോള്‍ അവന്റെ അപ്പുറത്തേക്കു ഒരു അമ്പു എയ്തു.

37 യോനാഥാന്‍ എയ്ത അമ്പു വീണേടത്തു ബാല്യക്കാരന്‍ എത്തിയപ്പോള്‍ യോനാഥാന്‍ ബാല്യക്കാരനോടുഅമ്പു നിന്റെ അപ്പുറത്തല്ലയോ എന്നു വിളിച്ചു പറഞ്ഞു.

38 പിന്നെയും യോനാഥാന്‍ ബാല്യക്കാരനോടുബദ്ധപ്പെട്ടു ഔടിവരിക, നില്‍ക്കരുതു എന്നു വിളിച്ചുപറഞ്ഞു. യോനാഥാന്റെ ബാല്യക്കാരന്‍ അമ്പുകളെ പെറുക്കി യജമാനന്റെ അടുക്കല്‍ കൊണ്ടുവന്നു.

39 എന്നാല്‍ യോനാഥാനും ദാവീദും അല്ലാതെ ബാല്യക്കാരന്‍ കാര്യം ഒന്നും അറിഞ്ഞില്ല.

40 പിന്നെ യോനാഥാന്‍ തന്റെ ആയുധങ്ങളെ ബാല്യക്കാരന്റെ പക്കല്‍ കൊടുത്തുപട്ടണത്തിലേക്കു കൊണ്ടുപോക എന്നു പറഞ്ഞു.

41 ബാല്യക്കാരന്‍ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്നു എഴുന്നേറ്റുവന്നു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവര്‍ തമ്മില്‍ ചുംബനംചെയ്തു കരഞ്ഞു; ദാവീദോ ഉച്ചത്തില്‍ കരഞ്ഞുപോയി.

42 യോനാഥാന്‍ ദാവീദിനോടുയഹോവ എനിക്കും നിനക്കും എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തില്‍ സത്യം ചെയ്തിരിക്കകൊണ്ടു സമാധാനത്തോടെ പോക എന്നു പറഞ്ഞു. അങ്ങനെ അവന്‍ എഴുന്നേറ്റു പോയി; യോനാഥാനോ പട്ടണത്തിലേക്കു പോന്നു.

ശമൂവേൽ 1 21

1 ദാവീദ് നോബില്‍ പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കല്‍ ചെന്നു; അഹീമേലെക്‍ ദാവീദിനെ സംഭ്രമത്തോടെ എതിരേറ്റു അവനോടുആരും കൂടെ ഇല്ലാതെ തനിച്ചുവരുന്നതു എന്തു എന്നു ചോദിച്ചു.

2 ദാവീദ് പുരോഹിതനായ അഹീമേലെക്കിനോടുരാജാവു എന്നെ ഒരു കാര്യം ഏല്പിച്ചുഞാന്‍ നിന്നെ അയക്കുന്നതും നിന്നോടു കല്പിക്കുന്നതുമായ കാര്യം ഒന്നും ആരും അറിയരുതു എന്നു കല്പിച്ചിരിക്കുന്നു. എന്റെ ബാല്യക്കാര്‍ ഇന്ന സ്ഥലത്തു വരേണമെന്നു ഞാന്‍ ചട്ടം കെട്ടിയിരിക്കുന്നു.

3 ആകയാല്‍ നിന്റെ കൈവശം വല്ലതും ഉണ്ടോ? ഒരഞ്ചപ്പം അല്ലെങ്കില്‍ തല്‍ക്കാലം കൈവശമുള്ളതെന്തെങ്കിലും എനിക്കു തരേണം എന്നു പറഞ്ഞു.

4 അതിന്നു പുരോഹിതന്‍ ദാവീദിനോടുവിശുദ്ധമായ അപ്പം അല്ലാതെ സാമാന്യമായതു കൈവശം ഇല്ല; ബാല്യക്കാര്‍ സ്ത്രീകളോടു അകന്നിരിക്കുന്നു എങ്കില്‍ തരാമെന്നു ഉത്തരം പറഞ്ഞു.

5 ദാവീദ് പുരോഹിതനോടുഈ മൂന്നു ദിവസമായി സ്ത്രീകള്‍ ഞങ്ങളോടു അകന്നിരിക്കുന്നു. ഇതു ഒരു സാമാന്യയാത്ര എങ്കിലും ഞാന്‍ പുറപ്പെടുമ്പേള്‍ തന്നേ ബാല്യക്കാരുടെ യാത്രക്കോപ്പുകള്‍ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകള്‍ എത്ര അധികം ശുദ്ധമായിരിക്കും എന്നു പറഞ്ഞു.

6 അങ്ങനെ പുരോഹിതന്‍ അവന്നു വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വെക്കേണ്ടതിന്നു യഹോവയുടെ സന്നിധിയില്‍ നിന്നു നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു.

7 എന്നാല്‍ അന്നു ശൌലിന്റെ ഭൃത്യന്മാരില്‍ ദോവേഗ് എന്നു പേരുള്ള ഒരു എദോമ്യനെ അവിടെ യഹോവയുടെ സന്നിധിയില്‍ അടെച്ചിട്ടിരുന്നു; അവന്‍ ശൌലിന്റെ ഇടയന്മാര്‍ക്കും പ്രമാണി ആയിരുന്നു.

8 ദാവീദ് അഹീമേലെക്കിനോടുഇവിടെ നിന്റെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവിന്റെ കാര്യം തിടുക്കമായിരുന്നതുകൊണ്ടു ഞാന്‍ എന്റെ വാളും ആയുധങ്ങളും കൊണ്ടുപോന്നില്ല, എന്നു പറഞ്ഞു.

9 അപ്പോള്‍ പുരോഹിതന്‍ ഏലാ താഴ്വരയില്‍വെച്ചു നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാള്‍ ഏഫോദിന്റെ പുറകില്‍ ഒരു ശീലയില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നു; അതു വേണമെങ്കില്‍ എടുത്തുകൊള്‍ക; അതല്ലാതെ വേറെ ഒന്നുമില്ല എന്നു പറഞ്ഞു. അതിന്നു തുല്യം മറ്റൊന്നുമില്ല; അതു എനിക്കു തരേണം എന്നു ദാവീദ് പറഞ്ഞു.

10 പിന്നെ ദാവീദ് പുറപ്പെട്ടു അന്നു തന്നേ ശൌലിന്റെ നിമിത്തം ഗത്ത്രാജാവായ ആഖീശിന്റെ അടുക്കല്‍ ഔടിച്ചെന്നു.

11 എന്നാല്‍ ആഖീശിന്റെ ഭൃത്യന്മാര്‍ അവനോടുഇവന്‍ ദേശത്തിലെ രാജാവായ ദാവീദ് അല്ലയോ? ശൌല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു അവര്‍ നൃത്തങ്ങളില്‍ ഗാനപ്രതിഗാനം ചെയ്തതു ഇവനെക്കുറിച്ചല്ലയോ എന്നു പറഞ്ഞു.

12 ദാവീദ് ഈ വാക്കുകളെ മനസ്സിലാക്കീട്ടു ഗത്ത് രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു.

13 അവരുടെ മുമ്പാകെ തന്റെ പ്രകൃതി മാറ്റി, അവരുടെ കൈകളില്‍ ഇരിക്കെ ബുദ്ധിഭ്രമം നടിച്ചു വാതിലിന്റെ കതകുകളില്‍ വരെച്ചു താടിമേല്‍ തുപ്പല്‍ ഒലിപ്പിച്ചുകൊണ്ടിരുന്നു.

14 ആഖീശ് തന്റെ ഭൃത്യന്മാരോടുഈ മനുഷ്യന്‍ ഭ്രാന്തന്‍ എന്നു നിങ്ങള്‍ കാണുന്നില്ലയോ? അവനെ എന്റെ അടുക്കല്‍ കൊണ്ടുവന്നതു എന്തിന്നു?

15 എന്റെ മുമ്പാകെ ഭ്രാന്തു കളിപ്പാന്‍ ഇവനെ കൊണ്ടുവരേണ്ടതിന്നു എനിക്കു ഇവിടെ ഭ്രാന്തന്മാര്‍ കുറവുണ്ടോ? എന്റെ അരമനയിലോ ഇവന്‍ വരേണ്ടതു എന്നു പറഞ്ഞു.

ശമൂവേൽ 1 22

1 അങ്ങനെ ദാവീദ് അവിടം വിട്ടു അദുല്ലാംഗുഹയിലേക്കു ഔടിപ്പോയി; അവന്റെ സഹോദരന്മാരും അവന്റെ പിതൃഭവനമൊക്കെയും അതു കേട്ടു അവന്റെ അടുക്കല്‍ ചെന്നു.

2 ഞെരുക്കമുള്ളവര്‍, കടമുള്ളവര്‍, സന്തുഷ്ടിയില്ലാത്തവര്‍ എന്നീവകക്കാര്‍ ഒക്കെയും അവന്റെ അടുക്കല്‍ വന്നുകൂടി; അവന്‍ അവര്‍ക്കും തലവനായിത്തീര്‍ന്നു; അവനോടുകൂടെ ഏകദേശം നാനൂറുപേര്‍ ഉണ്ടായിരുന്നു.

3 അനന്തരം ദാവീദ് അവിടം വിട്ടു മോവാബിലെ മിസ്പയില്‍ ചെന്നു, മോവാബ്രാജാവിനോടുദൈവം എനിക്കു വേണ്ടി എന്തുചെയ്യും എന്നു അറിയുവോളം എന്റെ അപ്പനും അമ്മയും നിങ്ങളുടെ അടുക്കല്‍ വന്നു പാര്‍പ്പാന്‍ അനുവദിക്കേണമേ എന്നു അപേക്ഷിച്ചു.

4 അവന്‍ അവരെ മോവാബ്രാജാവിന്റെ സന്നിധിയില്‍ കൊണ്ടുചെന്നു; ദാവീദ് ദുര്‍ഗ്ഗത്തില്‍ താമസിച്ച കാലമൊക്കെയും അവര്‍ അവിടെ പാര്‍ത്തു.

5 എന്നാല്‍ ഗാദ്പ്രവാചകന്‍ ദാവീദിനോടുദുര്‍ഗ്ഗത്തില്‍ പാര്‍ക്കാതെ യെഹൂദാദേശത്തേക്കു പൊയ്ക്കൊള്‍ക എന്നു പറഞ്ഞു. അപ്പോള്‍ ദാവീദ് പുറപ്പെട്ടു ഹേരെത്ത് കാട്ടില്‍വന്നു.

6 ദാവീദിനെയും കൂടെയുള്ളവരെയും കണ്ടിരിക്കുന്നു എന്നു ശൌല്‍ കേട്ടു; അന്നു ശൌല്‍ കയ്യില്‍ കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷത്തിന്‍ ചുവട്ടില്‍ ഇരിക്കയായിരുന്നു; അവന്റെ ഭൃത്യന്മാര്‍ എല്ലാവരും അവന്റെ ചുറ്റും നിന്നിരുന്നു.

7 ശൌല്‍ ചുറ്റും നിലക്കുന്ന തന്റെ ഭൃത്യന്മാരോടു പറഞ്ഞതുബെന്യാമീന്യരേ, കേട്ടുകൊള്‍വിന്‍ ; യിശ്ശായിയുടെ മകന്‍ നിങ്ങള്‍ക്കൊക്കെയും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തന്നു നിങ്ങളെ എല്ലാവരെയും സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ?

8 നിങ്ങള്‍ എല്ലാവരും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നു. എന്റെ മകന്‍ യിശ്ശായിയുടെ മകനോടു സഖ്യത ചെയ്തതു എന്നെ അറിയിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല. എന്റെ മകന്‍ എന്റെ ദാസനെ ഇന്നു എനിക്കായി പതിയിരിപ്പാന്‍ ഉത്സാഹിപ്പിച്ചിരിക്കുന്നതിങ്കല്‍ മനസ്താപമുള്ളവരോ അതിനെക്കുറിച്ചു എനിക്കു അറിവു തരുന്നവരോ നിങ്ങളില്‍ ആരും ഉണ്ടായിരുന്നില്ലല്ലോ.

9 അപ്പോള്‍ ശൌലിന്റെ ഭൃത്യന്മാരുടെ കൂട്ടത്തില്‍ നിന്നിരുന്ന എദോമ്യനായ ദോവേഗ്നോബില്‍ അഹീതൂബിന്റെ മകനായ അഹീമേലക്കിന്റെ അടുക്കല്‍ യിശ്ശായിയുടെ മകന്‍ വന്നതു ഞാന്‍ കണ്ടു.

10 അവന്‍ അവന്നുവേണ്ടി യഹോവയോടു അരുളപ്പാടു ചോദിച്ചു, അവന്നു ഭക്ഷണസാധനവും ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാളും കൊടുത്തു എന്നു ഉത്തരം പറഞ്ഞു.

11 ഉടനെ രാജാവു അഹീതൂബിന്റെ മകനായ അഹീമേലെക്‍ പുരോഹിതനെയും അവന്റെ പിതൃഭവനക്കാരായ നോബിലെ സകല പുരോഹിതന്മാരെയും വിളിപ്പിച്ചു; അവര്‍ എല്ലാവരും രാജാവിന്റെ അടുക്കല്‍ വന്നു.

12 അപ്പോള്‍ ശൌല്‍അഹീതൂബിന്റെ മകനേ, കേള്‍ക്ക എന്നു കല്പിച്ചു. തിരുമേനീ, അടിയന്‍ എന്നു അവന്‍ ഉത്തരം പറഞ്ഞു.

13 ശൌല്‍ അവനോടുയിശ്ശായിയുടെ മകന്‍ ഇന്നു എനിക്കായി പതിയിരിപ്പാന്‍ തുനിയത്തക്കവണ്ണം അവന്നു അപ്പവും വാളും കൊടുക്കയും അവന്നു വേണ്ടി ദൈവത്തോടു ചോദിക്കയും ചെയ്തതിനാല്‍ നീയും അവനും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയതു എന്തു എന്നു ചോദിച്ചു.

14 അഹീമേലെക്‍ രാജാവിനോടുതിരുമനസ്സിലെ സകലഭൃത്യന്മാരിലും വെച്ചു ദാവീദിനോളം വിശ്വസ്തന്‍ ആരുള്ളു? അവന്‍ രാജാവിന്റെ മരുമകനും അവിടത്തെ ആലോചനയില്‍ ചേരുന്നവനും രാജധാനിയില്‍ മാന്യനും ആകുന്നുവല്ലോ.

15 അവന്നു വേണ്ടി ദൈവത്തോടു ചോദിപ്പാന്‍ ഞാന്‍ ഇപ്പോഴോ തുടങ്ങിയതു? അങ്ങനെയല്ല. രാജാവു അടിയന്റെമേലും അടിയന്റെ പിതൃഭവനത്തിന്മേലും കുറ്റം ഒന്നും ചുമത്തരുതേ; അടിയന്‍ ഇതിലെങ്ങും യാതൊന്നും അറിഞ്ഞവനല്ല എന്നു ഉത്തരം പറഞ്ഞു.

16 അപ്പോള്‍ രാജാവുഅഹീമേലെക്കേ, നീ മരിക്കേണം; നീയും നിന്റെ പിതൃഭവനമൊക്കെയും തന്നെ എന്നു കല്പിച്ചു.

17 പിന്നെ രാജാവു അരികെ നിലക്കുന്ന അകമ്പടികളോടുചെന്നു യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവിന്‍ ; അവരും ദാവീദിനോടു ചേര്‍ന്നിരിക്കുന്നു; അവന്‍ ഔടിപ്പോയതു അവര്‍ അറിഞ്ഞിട്ടും എന്നെ അയിറിച്ചില്ലല്ലോ എന്നു കല്പിച്ചു. എന്നാല്‍ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാന്‍ കൈ നീട്ടുന്നതിന്നു രാജാവിന്റെ ഭൃത്യന്മാര്‍ തുനിഞ്ഞില്ല.

18 അപ്പോള്‍ രാജാവു ദോവേഗിനോടുനീ ചെന്നു പുരോഹിതന്മാരെ കൊല്ലുക എന്നു കല്പിച്ചു. എദോമ്യനായ ദോവേഗ് ചെന്നു പുരോഹിതന്മാരെ വെട്ടി പഞ്ഞിനൂല്‍കൊണ്ടുള്ള ഏഫോദ് ധരിച്ച എണ്പത്തഞ്ചുപേരെ അന്നു കൊന്നുകളഞ്ഞു.

19 പുരോഹിതനഗരമായ നോബിന്റെ പുരുഷന്മാര്‍, സ്ത്രീകള്‍, ബാലന്മാര്‍, ശിശുക്കള്‍, കാള, കഴുത, ആടു എന്നിങ്ങനെ ആസകലം വാളിന്റെ വായ്ത്തലയാല്‍ അവന്‍ സംഹരിച്ചുകളഞ്ഞു.

20 എന്നാല്‍ അഹീതൂബിന്റെ മകനായ അഹീമേലെക്കിന്റെ പുത്രന്മാരില്‍ അബ്യാഥാര്‍ എന്നൊരുത്തന്‍ തെറ്റിയൊഴിഞ്ഞു ദാവീദിന്റെ അടുക്കല്‍ ഔടിപ്പോയി.

21 ശൌല്‍ യഹോവയുടെ പുരോഹിതന്മാരെ കൊന്ന വിവരം അബ്യാഥാര്‍ ദാവീദിനെ അറിയിച്ചു.

22 ദാവീദ് അബ്യാഥാരിനോടുഎദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ടു അവന്‍ ശൌലിനോടു അറിയിക്കും എന്നു ഞാന്‍ അന്നു തന്നേ നിശ്ചയിച്ചു.

23 നിന്റെ പിതൃഭവനത്തിന്നൊക്കെയും ഞാന്‍ മരണത്തിന്നു കാരണമായല്ലോ. എന്റെ അടുക്കല്‍ പാര്‍ക്ക; ഭയപ്പെടേണ്ടാ; എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നവന്‍ നിനക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു; എങ്കിലും എന്റെ അടുക്കല്‍ നിനക്കു നിര്‍ഭയവാസം ഉണ്ടാകും എന്നു പറഞ്ഞു.