Korak 169

Studija

     

സങ്കീർത്തനങ്ങൾ 51:10-19

10 ദൈവമേ, നിര്‍മ്മലമായോരു ഹൃദയം എന്നില്‍ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നില്‍ പുതുക്കേണമേ.

11 നിന്റെ സന്നിധിയില്‍നിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നില്‍നിന്നു എടുക്കയുമരുതേ.

12 നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാല്‍ എന്നെ താങ്ങേണമേ.

13 അപ്പോള്‍ ഞാന്‍ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും; പാപികള്‍ നിങ്കലേക്കു മനംതിരിയും.

14 എന്റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തില്‍നിന്നു എന്നെ വിടുവിക്കേണമേ; എന്നാല്‍ എന്റെ നാവു നിന്റെ നീതിയെ ഘോഷിക്കും.

15 കര്‍ത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാല്‍ എന്റെ വായ് നിന്റെ സ്തുതിയെ വര്‍ണ്ണിക്കും.

16 ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കില്‍ ഞാന്‍ അര്‍പ്പിക്കുമായിരുന്നു; ഹോമയാഗത്തില്‍ നിനക്കു പ്രസാദവുമില്ല.

17 ദൈവത്തിന്റെ ഹനനയാഗങ്ങള്‍ തകര്‍ന്നിരിക്കുന്ന മനസ്സു; തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.

18 നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ;

19 അപ്പോള്‍ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സര്‍വ്വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോള്‍ നിന്റെ യാഗപീഠത്തിന്മേല്‍ കാളകളെ അര്‍പ്പിക്കും. (സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു ധ്യാനം. എദോമ്യനായ ദോവേഗ് ചെന്നു ശൌലിനോടുദാവീദ് അഹീമേലെക്കിന്റെ വീട്ടില്‍ വന്നിരുന്നു എന്നറിയിച്ചപ്പോള്‍ ചമെച്ചതു.)

സങ്കീർത്തനങ്ങൾ 52

1 വീരാ, നീ ദുഷ്ടതയില്‍ പ്രശംസിക്കുന്നതെന്തു? ദൈവത്തിന്റെ ദയ നിരന്തരമാകുന്നു.

2 ചതിവു ചെയ്യുന്നവനെ, മൂര്‍ച്ചയുള്ള ക്ഷൌരക്കത്തിപോലെ നിന്റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.

3 നീ നന്മയെക്കാള്‍ തിന്മയെയും നീതിയെ സംസാരിക്കുന്നതിനെക്കാള്‍ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. സേലാ.

4 നീ വഞ്ചനനാവും നാശകരമായ വാക്കുകളൊക്കെയും ഇഷ്ടപ്പെടുന്നു.

5 ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തില്‍നിന്നു അവന്‍ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിര്‍മ്മൂലമാക്കും. സേലാ.

6 നീതിമാന്മാര്‍ കണ്ടു ഭയപ്പെടും; അവര്‍ അവനെച്ചൊല്ലി ചിരിക്കും.

7 ദൈവത്തെ തന്റെ ശരണമാക്കാതെ തന്റെ ദ്രവ്യസമൃദ്ധിയില്‍ ആശ്രയിക്കയും ദുഷ്ടതയില്‍ തന്നെത്താന്‍ ഉറപ്പിക്കയും ചെയ്ത മനുഷ്യന്‍ അതാ എന്നു പറയും,

8 ഞാനോ, ദൈവത്തിന്റെ ആലയത്തിങ്കല്‍ തഴെച്ചിരിക്കുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; ഞാന്‍ ദൈവത്തിന്റെ ദയയില്‍ എന്നും എന്നേക്കും ആശ്രയിക്കുന്നു.

9 നീ അതു ചെയ്തിരിക്കകൊണ്ടു ഞാന്‍ നിനക്കു എന്നും സ്തോത്രം ചെയ്യും; ഞാന്‍ നിന്റെ നാമത്തില്‍ പ്രത്യാശവേക്കും; നിന്റെ ഭക്തന്മാരുടെ മുമ്പാകെ അതു നല്ലതല്ലോ. (സംഗീതപ്രമാണിക്കു; മഹലത്ത് എന്ന രാഗത്തില്‍ ദാവീദിന്റെ ധ്യാനം.)

സങ്കീർത്തനങ്ങൾ 53

1 ദൈവം ഇല്ല എന്നു മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയന്നു; അവര്‍ വഷളന്മാരായി, മ്ളേച്ഛമായ നീതികേടു പ്രവര്‍ത്തിക്കുന്നു; നന്മ ചെയ്യുന്നവന്‍ ആരുമില്ല.

2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാന്‍ ഉണ്ടോ എന്നു കാണ്മാന്‍ ദൈവം സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.

3 എല്ലാവരും പിന്‍ വാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മചെയ്യുന്നവനില്ല; ഒരുത്തന്‍ പോലും ഇല്ല.

4 നീതികേടു പ്രവര്‍ത്തിക്കുന്നവര്‍ അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവര്‍ എന്റെ ജനത്തെ തിന്നുകളയുന്നു; ദൈവത്തോടു അവര്‍ പ്രാര്‍ത്ഥിക്കുന്നില്ല.

5 ഭയമില്ലാതിരുന്നേടത്തു അവര്‍ക്കും മഹാഭയമുണ്ടായി; നിന്റെ നേരെ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ടു നീ അവരെ ലജ്ജിപ്പിച്ചു.

6 സീയോനില്‍നിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കില്‍! ദൈവം തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോള്‍ യാക്കോബ് സന്തോഷിക്കയും യിസ്രായേല്‍ ആനന്ദിക്കയും ചെയ്യും. (സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം. സീഫ്യര്‍ ചെന്നു ശൌലിനോടുദാവീദ് ഞങ്ങളുടെ അടുക്കെ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ചമെച്ചതു.)

സങ്കീർത്തനങ്ങൾ 54

1 ദൈവമേ, നിന്റെ നാമത്താല്‍ എന്നെ രക്ഷിക്കേണമേ; നിന്റെ ശക്തിയാല്‍ എനിക്കു ന്യായം പാലിച്ചുതരേണമേ.

2 ദൈവമേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; എന്റെ വായിലെ വാക്കുകളെ ശ്രദ്ധിക്കേണമേ.

3 അന്യജാതിക്കാര്‍ എന്നോടു എതിര്‍ത്തിരിക്കുന്നു; ഘോരന്മാര്‍ എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നു; അവര്‍ ദൈവത്തെ തങ്ങളുടെ മുമ്പാകെ വെച്ചിട്ടുമില്ല.

4 ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കര്‍ത്താവു എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടെ ഉണ്ടു.

5 അവന്‍ എന്റെ ശത്രുക്കള്‍ക്കു തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാല്‍ അവരെ സംഹരിച്ചുകളയേണമേ.

6 സ്വമേധാദാനത്തോടെ ഞാന്‍ നിനക്കു ഹനനയാഗം കഴിക്കും; യഹോവേ, നിന്റെ നാമം നല്ലതു എന്നു ചൊല്ലി ഞാന്‍ അതിന്നു സ്തോത്രം ചെയ്യും.

7 അവന്‍ എന്നെ സകലകഷ്ടത്തില്‍നിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടു രസിക്കും. സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം.