Чекор 112

Студија

     

രാജാക്കന്മാർ 2 14:11-29

11 ആകയാല്‍ യിസ്രായേല്‍ രാജാവായ യെഹോവാശ് പുറപ്പെട്ടുചെന്നു, യെഹൂദെക്കുള്ള ബേത്ത്-ശേമെശില്‍വെച്ചു അവനും യെഹൂദാരാജാവായ അമസ്യാവും തമ്മില്‍ നേരിട്ടു.

12 യെഹൂദാ യിസ്രായേലിനോടു തോറ്റു ഔരോരുത്തന്‍ താന്താന്റെ കൂടാരത്തിലേക്കു ഔടിപ്പോയി.

13 അഹസ്യാവിന്റെ മകനായ യെഹോവാശിന്റെ മകന്‍ അമസ്യാവു എന്ന യെഹൂദാരാജാവിനെ യിസ്രായേല്‍രാജാവായ യെഹോവാശ് ബേത്ത്-ശേമെശില്‍വെച്ചു പിടിച്ചിട്ടു യെരൂശലേമിലേക്കു വന്നു, യെരൂശലേമിന്റെ മതില്‍ എഫ്രയീംപടിവാതില്‍മുതല്‍ കോണ്‍പടിവാതില്‍വരെ നാനൂറു മുഴം ഇടിച്ചുകളഞ്ഞു.

14 അവന്‍ യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയുമൊക്കെയും സകലഉപകരങ്ങളും എടുത്തു ജാമ്യക്കാരെയും പിടിച്ചുകൊണ്ടു ശമര്‍യ്യയിലേക്കു മടങ്ങിപ്പോയി.

15 യെഹോവാശ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവന്‍ യെഹൂദാരാജാവായ അമസ്യാവോടു യുദ്ധംചെയ്തതും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

16 പിന്നെ യെഹോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. അവനെ ശമര്‍യ്യയില്‍ യിസ്രായേല്‍രാജാക്കന്മാരുടെ അടുക്കല്‍ അടക്കംചെയ്തു; അവന്റെ മകനായ യൊരോബെയാം അവന്നു പകരം രാജാവായി.

17 യിസ്രായേല്‍രാജാവായ യെഹോവാഹാസിന്റെ മകനായ യെഹോവാശിന്റെ മരണശേഷം യെഹൂദാരാജാവായ യോവാശിന്റെ മകന്‍ അമസ്യാവു പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു.

18 അമസ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

19 യെരൂശലേമില്‍ അവന്നു വിരോധമായി ഒരു കൂട്ടുകെട്ടുണ്ടായിട്ടു അവന്‍ ലാഖീശിലേക്കു ഔടിപ്പോയി; എന്നാല്‍ അവര്‍ അവന്റെ പിന്നാലെ ലാഖീശിലേക്കു ആളയച്ചു അവിടെവെച്ചു അവനെ കൊന്നുകളഞ്ഞു.

20 അവനെ കുതിരപ്പുറത്തുവെച്ചു കൊണ്ടുവന്നു യെരൂശലേമില്‍ ദാവീദിന്റെ നഗരത്തില്‍ തന്റെ പിതാക്കന്മാരുടെ അടുക്കല്‍ അടക്കം ചെയ്തു.

21 യെഹൂദാജനമൊക്കെയും പതിനാറു വയസ്സു പ്രായമുള്ള അസര്‍യ്യാവെ കൊണ്ടുവന്നു അവന്റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി.

22 രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലത്ത് പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ഇവന്‍ തന്നേ.

23 യെഹൂദാരാജാവായ യോവാശിന്റെ മകന്‍ അമസ്യാവിന്റെ പതിനഞ്ചാം ആണ്ടില്‍ യിസ്രായേല്‍രാജാവായ യോവാശിന്റെ മകന്‍ യൊരോബെയാം രാജാവായി ശമര്‍യ്യയില്‍ നാല്പത്തൊന്നു സംവത്സരം വാണു.

24 അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളൊന്നും വിട്ടുമാറിയില്ല.

25 ഗത്ത്-ഹേഫര്‍കാരനായ അമിത്ഥായിയുടെ മകനായ യോനാപ്രവാചകന്‍ എന്ന തന്റെ ദാസന്‍ മുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവന്‍ ഹമാത്തിന്റെ അതിര്‍മുതല്‍ അരാബയിലെ കടല്‍വരെ യിസ്രായേലിന്റെ ദേശത്തെ വീണ്ടും സ്വാധീനമാക്കി.

26 യിസ്രായേലിന്റെ കഷ്ടത എത്രയും കഠിനം, സ്വതന്ത്രനോ അസ്വതന്ത്രനോ ഇല്ല, യിസ്രായേലിന്നു സഹായം ചെയ്യുന്നവനുമില്ല എന്നു യഹോവ കണ്ടിട്ടു,

27 യിസ്രായേലിന്റെ പേര്‍ ആകാശത്തിന്‍ കീഴില്‍നിന്നു മായിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യാതെ യോവാശിന്റെ മകനായ യൊരോബെയാംമുഖാന്തരം അവരെ രക്ഷിച്ചു.

28 യൊരോബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്‍ യുദ്ധംചെയ്തതും യെഹൂദെക്കു ഉണ്ടായിരുന്ന ദമ്മേശെക്കും ഹമാത്തും യിസ്രായേലിന്നു വീണ്ടുകൊണ്ടതില്‍ അവന്‍ കാണിച്ച പരാക്രമവും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

29 യൊരോബെയാം യിസ്രായേല്‍രാജാക്കന്മാരായ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ സെഖര്‍യ്യാവു അവന്നു പകരം രാജാവായി.

രാജാക്കന്മാർ 2 15

1 യിസ്രായേല്‍രാജാവായ യൊരോബെയാമിന്റെ ഇരുപത്തേഴാം ആണ്ടില്‍ യെഹൂദാരാജാവായ അമസ്യാവിന്റെ മകന്‍ അസര്‍യ്യാവു രാജാവായി.

2 അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു പതിനാറു വയസ്സായിരുന്നു; അവന്‍ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമില്‍ വാണു; യെരൂശലേംകാരത്തിയായ അവന്റെ അമ്മെക്കു യെഖോല്യാ എന്നു പേര്‍.

3 അവന്‍ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.

4 എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനംപൂജാഗിരികളില്‍ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.

5 എന്നാല്‍ യഹോവ ഈ രാജാവിനെ ബാധിച്ചു. അവന്‍ ജീവപര്യന്തം കുഷ്ഠരോഗിയായി ഒരു പ്രത്യേകശാലയില്‍ പാര്‍ത്തിരുന്നു; രാജകുമാരനായ യോഥാം രാജധാനിക്കു വിചാരകനായി ദേശത്തെ ജനത്തിന്നു ന്യായപാലനം ചെയ്തു.

6 അസര്‍യ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

7 അസര്‍യ്യാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവര്‍ അവനെ ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അടക്കംചെയ്തു; അവന്റെ മകനായ യോഥാം അവന്നു പകരം രാജാവായി.

8 യെഹൂദാരാജാവായ അസര്‍യ്യാവിന്റെ മുപ്പത്തെട്ടാം ആണ്ടില്‍ യൊരോബെയാമിന്റെ മകനായ സെഖര്‍യ്യാവു യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ ആറു മാസം വാണു.

9 അവന്‍ തന്റെ പിതാക്കന്മാരെപ്പോലെ യഹോവേക്കു അനിഷ്ടമായുള്ളതുചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയില്ല.

10 യാബേശിന്റെ മകനായ ശല്ലൂം അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്റെ മുമ്പില്‍വെച്ചു അവനെ വെട്ടിക്കൊന്നു അവന്നുപകരം രാജാവായി.

11 സെഖര്‍യ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

12 യഹോവ യേഹൂവോടുനിന്റെ പുത്രന്മാര്‍ നാലാം തലമുറവരെ യിസ്രായേലിന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു അരുളിച്ചെയ്ത വചനം ഇതാകുന്നു; അങ്ങനെ തന്നേ സംഭവിച്ചു.

13 യെഹൂദാരാജാവായ ഉസ്സീയാവിന്റെ മുപ്പത്തൊമ്പതാം ആണ്ടില്‍ യാബേശിന്റെ മകനായ ശല്ലൂം രാജാവായി ശമര്‍യ്യയില്‍ ഒരു മാസം വാണു.

14 എന്നാല്‍ ഗാദിയുടെ മകനായ മെനഹേം തിസ്സയില്‍നിന്നു പുറപ്പെട്ടു ശമര്‍യ്യയില്‍ വന്നു, യാബേശിന്റെ മകനായ ശല്ലൂമിനെ ശമര്‍യ്യയില്‍വെച്ചു വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.

15 ശല്ലൂമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

16 മെനഹേം തിപ്സഹും അതിലുള്ള സകലവും തിര്‍സ്സാതൊട്ടു അതിന്നു ചേര്‍ന്ന പ്രദേശങ്ങളും ശൂന്യമാക്കി; അവര്‍ പട്ടണവാതില്‍ തുറന്നു കൊടുക്കായ്കയാല്‍ അവന്‍ അതിനെ ശൂന്യമാക്കുകയും അതിലെ ഗര്‍ഭിണികളെയൊക്കെയും പിളര്‍ന്നുകളകയും ചെയ്തു.

17 യെഹൂദാരാജാവായ അസര്‍യ്യാവിന്റെ മുപ്പത്തൊമ്പതാം ആണ്ടില്‍ ഗാദിയുടെ മകന്‍ മെനഹേം യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ പത്തു സംവത്സരം വാണു.

18 അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ ജീവപര്യന്തം വിട്ടുമാറിയതുമില്ല.

19 അശ്ശൂര്‍ രാജാവായ പൂല്‍ ദേശത്തെ ആക്രമിച്ചു; പൂല്‍ തന്നെ സഹായിക്കേണ്ടതിന്നും രാജത്വം തനിക്കു ഉറക്കേണ്ടതിന്നുമായി മെനഹേം അവന്നു ആയിരം താലന്തു വെള്ളികൊടുത്തു.

20 അശ്ശൂര്‍ രാജാവിന്നു കൊടുപ്പാന്‍ മെനഹേം ഈ ദ്രവ്യം യിസ്രായേലിലെ ധനവാന്മാരോടൊക്കെയും അമ്പതു ശേക്കെല്‍ വെള്ളിവീതം പിരിപ്പിച്ചു; അങ്ങനെ അശ്ശൂര്‍രാജാവു ദേശത്തു താമസിക്കാതെ മടങ്ങിപ്പോയി.

21 മെനഹേമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

22 മെനഹേം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ പെക്കഹ്യാവു അവന്നു പകരം രാജാവായി.

23 യെഹൂദാരാജാവായ അസര്‍യ്യാവിന്റെ അമ്പതാം ആണ്ടില്‍ മെനഹേമിന്റെ മകനായ പെക്കഹ്യാവു യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ രണ്ടു സംവത്സരം വാണു.

24 അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല.

25 എന്നാല്‍ അവന്റെ അകമ്പടിനായകനായി രെമല്യാവിന്റെ മകനായ പേക്കഫ് അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, ഗിലെയാദ്യരില്‍ അമ്പതുപേരെ തുണകൂട്ടി ശമര്‍യ്യാരാജധാനിയുടെ കോട്ടയില്‍വെച്ചു അവനെ അര്ഗ്ഗോബിനോടും അര്‍യ്യേയോടുംകൂടെ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.

26 പെക്കഹ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

27 യെഹൂദാരാജാവായ അസര്‍യ്യാവിന്റെ അമ്പത്തിരണ്ടാം ആണ്ടില്‍ രെമല്യാവിന്റെ മകനായ പേക്കഹ് യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ ഇരുപതു സംവത്സരം വാണു.

28 അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല.

29 യിസ്രായേല്‍രാജാവായ പേക്കഹിന്റെ കാലത്തു അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസര്‍ വന്നു ഈയോനും ആബേല്‍-ബേത്ത്-മയഖയും യാനോവഹും കേദെശൂം ഹാസോരും ഗിലെയാദും ഗെലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി.

30 എന്നാല്‍ ഏലാവിന്റെ മകനായ ഹോശേയരെമല്യാവിന്റെ മകനായ പേക്കഹിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാം ആണ്ടില്‍ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.

31 പേക്കഹിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

32 യിസ്രായേല്‍രാജാവായ രെമല്യാവിന്റെ മകനായ പേക്കഹിന്റെ രണ്ടാം ആണ്ടില്‍ യെഹൂദാരാജാവായ ഉസ്സീയാവിന്റെ മകന്‍ യോഥാം രാജാവായി.

33 അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ പതിനാറു സംവത്സരം വാണു; അവന്റെ അമ്മെക്കു യെരൂശാ എന്നു പേര്‍; അവള്‍ സാദോക്കിന്റെ മകള്‍ ആയിരുന്നു.

34 അവന്‍ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ അപ്പനായ ഉസ്സീയാവു ചെയ്തതുപോലെ ഒക്കെയും ചെയ്തു.

35 എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളില്‍ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു; അവന്‍ യഹോവയുടെ ആലയത്തിന്റെ മേലത്തെ വാതില്‍ പണിതു.

36 യോഥാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

37 ആ കാലത്തു യഹോവ അരാംരാജാവായ രെസീനെയും രെമല്യാവിന്റെ മകനായ പേക്കഹിനെയും യെഹൂദെക്കു നേരെ അയച്ചുതുടങ്ങി.

38 യോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവന്നു പകരം രാജാവായി.

രാജാക്കന്മാർ 2 16

1 രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാം ആണ്ടില്‍ യെഹൂദാരാജാവായ യോഥാമിന്റെ മകന്‍ ആഹാസ് രാജാവായി.

2 ആഹാസ് വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപതു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ പതിനാറു സംവത്സരം വാണു, തന്റെ പിതാവായ ദാവീദ്, ചെയ്തതുപോലെ തന്റെ ദൈവമായ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തില്ല.

3 അവന്‍ യിസ്രായേല്‍രാജാക്കന്മാരുടെ വഴിയില്‍ നടന്നു; യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍ നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകള്‍ക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു.

4 അവന്‍ പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിന്‍ കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു.

5 അക്കാലത്തു അരാംരാജാവായ രെസീനും യിസ്രായേല്‍രാജാവായ രെമല്യാവിന്റെ മകന്‍ പേക്കഹും യെരൂശലേമിന്നു നേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു ആഹാസിനെ നിരോധിച്ചു; എന്നാല്‍ അവനെ ജയിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.

6 അന്നു അരാംരാജാവായ രെസീന്‍ ഏലത്ത് വീണ്ടെടുത്തു അരാമിനോടു ചേര്‍ത്തു യെഹൂദന്മാരെ ഏലത്തില്‍നിന്നു നീക്കിക്കളഞ്ഞു; അരാമ്യര്‍ ഏലത്തില്‍ വന്നു ഇന്നുവരെയും അവിടെ പാര്‍ക്കുംന്നു.

7 ആഹാസ് അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസരിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഞാന്‍ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്നു എന്നോടു എതിര്‍ത്തിരിക്കുന്ന അരാംരാജാവിന്റെ കയ്യില്‍നിന്നും യിസ്രായേല്‍രാജാവിന്റെ കയ്യില്‍നിന്നും എന്നെ രക്ഷിക്കേണമെന്നു പറയിച്ചു.

8 അതിന്നായിട്ടു ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയും പൊന്നും എടുത്തു അശ്ശൂര്‍ രാജാവിന്നു സമ്മാനമായി കൊടുത്തയച്ചു.

9 അശ്ശൂര്‍രാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂര്‍രാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.

10 ആഹാസ്രാജാവു അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസരിനെ എതിരേല്പാന്‍ ദമ്മേശെക്കില്‍ ചെന്നു, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ്രാജാവു ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാപണിയോടുംകൂടിയുള്ള മാതൃകയും ഊരീയാപുരോഹിതന്നു കൊടുത്തയച്ചു.

11 ഊരീയാപുരോഹിതന്‍ ഒരു യാഗപീഠം പണിതു; ആഹാസ് രാജാവു ദമ്മേശെക്കില്‍നിന്നു അയച്ചപ്രകാരമൊക്കെയും ആഹാസ്രാജാവു ദമ്മേശെക്കില്‍നിന്നു വരുമ്പോഴെക്കു ഊരീയാപുരോഹിതന്‍ അതു പണിതിരുന്നു.

12 രാജാവു ദമ്മേശെക്കില്‍നിന്നു വന്നപ്പോള്‍ ആ യാഗപീഠം കണ്ടു; രാജാവു യാഗപീഠത്തിങ്കല്‍ ചെന്നു അതിന്മേല്‍ കയറി.

13 ഹോമയാഗവും ഭോജനയാഗവും ദഹിപ്പിച്ചു പാനീയയാഗവും പകര്‍ന്നു സമാധാനയാഗങ്ങളുടെ രക്തവും യാഗപീഠത്തിന്മേല്‍ തളിച്ചു.

14 യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവന്‍ ആലയത്തിന്റെ മുന്‍ വശത്തു തന്റെ യാഗപീഠത്തിന്നും യഹോവയുടെ ആലയത്തിന്നും മദ്ധ്യേനിന്നു നീക്കി തന്റെ യാഗപീഠത്തിന്റെ വടക്കുവശത്തു കൊണ്ടു പോയി വെച്ചു.

15 ആഹാസ് രാജാവു ഊരീയാ പുരോഹിതനോടു കല്പിച്ചതുമഹായാഗപീഠത്തിന്മേല്‍ നീ രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ഭോജനയാഗവും രാജാവിന്റെ ഹോമയാഗവും ഭോജനയാഗവും ദേശത്തെ സകലജനത്തിന്റെയും ഹോമയാഗവും ഭോജനയാഗവും ദഹിപ്പിക്കയും അവരുടെ പാനീയയാഗങ്ങള്‍ കഴിക്കയും ഹോമയാഗങ്ങളുടെയും ഹനനയാഗങ്ങളുടെയും രക്തമൊക്കെയും തളിക്കയും ചെയ്യേണം; താമ്രയാഗപീഠത്തെപ്പറ്റിയോ ഞാന്‍ ആലോചിച്ചു കൊള്ളാം.

16 ആഹാസ്രാജാവു കല്പിച്ചതുപോലെ ഒക്കെയും ഊരീയാപുരോഹിതന്‍ ചെയ്തു.

17 ആഹാസ്രാജാവു പീഠങ്ങളുടെ ചട്ടപ്പലക കണ്ടിച്ചു തൊട്ടിയെ അവയുടെ മേല്‍നിന്നു നീക്കി; താമ്രക്കടലിനെയും അതിന്റെ കീഴെ നിന്ന താമ്രക്കാളപ്പുറത്തുനിന്നു ഇറക്കി ഒരു കല്ത്തളത്തിന്മേല്‍ വെച്ചു.

18 ആലയത്തിങ്കല്‍ ഉണ്ടാക്കിയിരുന്ന ശബ്ബത്ത് താഴ്വാരവും രാജാവിന്നു പ്രവേശിപ്പാനുള്ള പുറത്തെ നടയും അശ്ശൂര്‍രാജാവിനെ വിചാരിച്ചു യഹോവയുടെ ആലയത്തിങ്കല്‍നിന്നു മാറ്റിക്കളഞ്ഞു.

19 ആഹാസ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

20 ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അവനെ അടക്കംചെയ്തു; അവന്റെ മകന്‍ ഹിസ്കീയാവു അവന്നു പകരം രാജാവായി.

രാജാക്കന്മാർ 2 17:1-18

1 യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ആണ്ടില്‍ ഏലയുടെ മകനായ ഹോശേയ യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ ഒമ്പതു സംവത്സരം വാണു.

2 അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുള്ള യിസ്രായേല്‍രാജാക്കന്മാരെപ്പോലെ അല്ലതാനും.

3 അവന്റെ നേരെ അശ്ശൂര്‍ രാജാവായ ശല്‍മനേസെര്‍ പുറപ്പെട്ടു വന്നു; ഹോശേയ അവന്നു ആശ്രിതനായിത്തീര്‍ന്നു കപ്പം കൊടുത്തുവന്നു.

4 എന്നാല്‍ ഹോശേയ മിസ്രയീംരാജാവായ സോവിന്റെ അടുക്കല്‍ ദൂതന്മാരെ അയക്കയും അശ്ശൂര്‍രാജാവിന്നു ആണ്ടുതോറുമുള്ള കപ്പം കൊടുത്തയക്കാതിരിക്കയും ചെയ്തതുനിമിത്തം അശ്ശൂര്‍ രാജാവു അവനില്‍ ദ്രോഹം കണ്ടിട്ടു അവനെ പിടിച്ചു ബന്ധിച്ചു കാരാഗൃഹത്തില്‍ ആക്കി.

5 അശ്ശൂര്‍രാജാവു രാജ്യത്തു എല്ലാടവും കൂടി കടന്നു ശമര്‍യ്യയിലേക്കു വന്നു അതിനെ മൂന്നു സംവത്സരം നിരോധിച്ചു.

6 ഹോശേയയുടെ ഒമ്പതാം ആണ്ടില്‍ അശ്ശൂര്‍രാജാവു ശമര്‍യ്യയെ പിടിച്ചു യിസ്രായേലിനെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി, ഹലഹിലും ഗോസാന്‍ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാര്‍പ്പിച്ചു.

7 യിസ്രായേല്‍മക്കള്‍ തങ്ങളെ മിസ്രയീംരാജാവായ ഫറവോന്റെ കൈക്കീഴില്‍നിന്നു വിടുവിച്ചു മിസ്രയീംദേശത്തുനിന്നു പുറപ്പെടടുവിച്ചു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തു അന്യദൈവങ്ങളെ ഭജിക്കയും

8 യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേല്‍രാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു ഇങ്ങനെ സംഭവിച്ചു.

9 യിസ്രായേല്‍മക്കള്‍ തങ്ങളുടെ ദൈവമായ യഹോവേക്കു വിരോധമായി കൊള്ളരുതാത്തകാര്യങ്ങളെ രഹസ്യമായി ചെയ്തു കാവല്‍ക്കാരുടെ ഗോപുരംമുതല്‍ ഉറപ്പുള്ള പട്ടണംവരെ തങ്ങളുടെ എല്ലാപട്ടണങ്ങളിലും പൂജാഗിരികള്‍ പണിതു.

10 അവര്‍ ഉയര്‍ന്ന കുന്നിന്മേലൊക്കെയും പച്ചവൃക്ഷത്തിന്‍ കീഴിലൊക്കെയും വിഗ്രഹസ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു.

11 യഹോവ തങ്ങളുടെ മുമ്പില്‍ നിന്നു നീക്കക്കളഞ്ഞിരുന്ന ജാതികളെപ്പോലെ അവര്‍ സകലപൂജാഗിരികളിലും ധൂപം കാട്ടി യഹോവയെ കോപിപ്പിപ്പാന്‍ തക്കവണ്ണം ദോഷമായുള്ള കാര്യങ്ങളെ പ്രവര്‍ത്തിച്ചു.

12 ഈ കാര്യം ചെയ്യരുതു എന്നു യഹോവ അവരോടു വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവര്‍ ചെന്നു സേവിച്ചു.

13 എന്നാല്‍ യഹോവ സകലപ്രവാചകന്മാരും ദര്‍ശകന്മാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദയോടുംനിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെ വിട്ടു ഞാന്‍ നിങ്ങളുടെ പിതാക്കന്മാരോടു കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകന്മാര്‍മുഖാന്തരം നിങ്ങള്‍ക്കു അയച്ചുതന്നതുമായ ന്യായപ്രമാണത്തിന്നൊത്തവണ്ണമൊക്കെയും എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടപ്പിന്‍ എന്നു സാക്ഷീകരിച്ചു.

14 എങ്കിലും അവര്‍ കേള്‍ക്കാതെ തങ്ങളുടെ ദൈവമായ യഹോവയില്‍ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ ദുശ്ശാഠ്യം കാണിച്ചു,

15 അവന്റെ ചട്ടങ്ങളെയും അവരുടെ പിതാക്കന്മാരോടു അവന്‍ ചെയ്ത നിയമത്തെയും അവന്‍ അവരോടു സാക്ഷീകരിച്ച സാക്ഷ്യങ്ങളെയും നിരസിച്ചുകളഞ്ഞു; അവര്‍ വ്യാജത്തെ പിന്തുടര്‍ന്നു വ്യര്‍ത്ഥന്മാരായിത്തീര്‍ന്നു; അവരെപ്പോലെ ആചരിക്കരുതു എന്നു യഹോവ കല്പിച്ചിരുന്ന ചുറ്റുമുള്ള ജാതികളെ തന്നേ അവര്‍ പിന്തുടര്‍ന്നു.

16 അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ ഒക്കെയും ഉപേക്ഷിച്ചുകളഞ്ഞു തങ്ങള്‍ക്കു രണ്ടു കാളകൂട്ടികളുടെ വിഗ്രഹങ്ങള്‍ വാര്‍പ്പിച്ചു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; ആകാശത്തിലെ സര്‍വ്വസൈന്യത്തെയും നമസ്കരിച്ചു ബാലിനെയും സേവിച്ചുപോന്നു.

17 അവര്‍ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു പ്രശ്നവും ആഭിചാരവും പ്രയോഗിച്ചു യഹോവയെ കോപിപ്പിക്കേണ്ടതിന്നു അവന്നു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ തങ്ങളെത്തന്നേ വിറ്റുകളഞ്ഞു.

18 അതുനിമിത്തം യഹോവ യിസ്രായേലിനോടു ഏറ്റവും കോപിച്ചു അവരെ തന്റെ സന്നിധിയില്‍ നിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.