Чекор 155

Студија

     

സങ്കീർത്തനങ്ങൾ 5:8-12

8 യഹോവേ, എന്റെ ശത്രുക്കള്‍നിമിത്തം നിന്റെ നീതിയാല്‍ എന്നെ നടത്തേണമേ; എന്റെ മുമ്പില്‍ നിന്റെ വഴിയെ നിരപ്പാക്കേണമേ.

9 അവരുടെ വായില്‍ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നേ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ടു അവര്‍ മധുരവാക്കു പറയുന്നു.

10 ദൈവമേ അവരെ കുറ്റംവിധിക്കേണമേ; തങ്ങളുടെ ആലോചനകളാല്‍ തന്നേ അവര്‍ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വംനിമിത്തം അവരെ തള്ളിക്കളയേണമേ; നിന്നോടല്ലോ അവര്‍ മത്സരിച്ചിരിക്കുന്നതു.

11 എന്നാല്‍ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ടു അവര്‍ എപ്പോഴും ആനന്ദിച്ചാര്‍ക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവര്‍ നിന്നില്‍ ഉല്ലസിക്കും;

12 യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ടു അവനെ മറെക്കും;

സങ്കീർത്തനങ്ങൾ 6

1 യഹോവേ, നിന്റെ കോപത്തില്‍ എന്നെ ശിക്ഷിക്കരുതേ; നിന്റെ ക്രോധത്തില്‍ എന്നെ ദണ്ഡിപ്പിക്കരുതേ.

2 യഹോവേ, ഞാന്‍ തളര്‍ന്നിരിക്കുന്നു; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ അസ്ഥികള്‍ ഭ്രമിച്ചിരിക്കുന്നു. എന്നെ സൌഖ്യമാക്കേണമേ.

3 എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; നീയോ, യഹോവേ, എത്രത്തോളം?

4 യഹോവേ, തിരിഞ്ഞു എന്റെ പ്രാണനെ വിടുവിക്കേണമേ. നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ.

5 മരണത്തില്‍ നിന്നെക്കുറിച്ചു ഓര്‍മ്മയില്ലല്ലോ; പാതാളത്തില്‍ ആര്‍ നിനക്കു സ്തോത്രം ചെയ്യും?

6 എന്റെ ഞരക്കംകൊണ്ടു ഞാന്‍ തകര്‍ന്നിരിക്കുന്നു; രാത്രിമുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീര്‍കൊണ്ടു ഞാന്‍ എന്റെ കട്ടിലിനെ നനെക്കുന്നു.

7 ദുഃഖംകൊണ്ടു എന്റെ കണ്ണു കുഴിഞ്ഞിരിക്കുന്നു; എന്റെ സകലവൈരികളും ഹേതുവായി ക്ഷീണിച്ചുമിരിക്കുന്നു.

8 നീതികേടു പ്രവര്‍ത്തിക്കുന്ന ഏവരുമേ എന്നെ വിട്ടുപോകുവിന്‍ ; യഹോവ എന്റെ കരച്ചലിന്റെ ശബ്ദം കേട്ടിരിക്കുന്നു.

9 യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാര്‍ത്ഥന കൈക്കൊള്ളും.

10 എന്റെ ശത്രുക്കള്‍ എല്ലാവരും ലജ്ജിച്ചു ഭ്രമിക്കും; അവര്‍ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചു പോകും.

സങ്കീർത്തനങ്ങൾ 7

1 എന്റെ ദൈവമായ യഹോവേ, നിന്നെ ഞാന്‍ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കയ്യില്‍ നിന്നു എന്നെ രക്ഷിച്ചു വിടുവിക്കേണമേ.

2 അവന്‍ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാന്‍ ആരുമില്ലാതിരിക്കുമ്പോള്‍ എന്നെ ചീന്തിക്കളയരുതേ.

3 എന്റെ ദൈവമായ യഹോവേ, ഞാന്‍ ഇതു ചെയ്തിട്ടുണ്ടെങ്കില്‍, എന്റെ പക്കല്‍ നീതികേടുണ്ടെങ്കില്‍,

4 എനിക്കു ബന്ധുവായിരുന്നവനോടു ഞാന്‍ ദോഷം ചെയ്തിട്ടുണ്ടെങ്കില്‍, - ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാന്‍ വിടുവിച്ചുവല്ലോ -

5 ശത്രു എന്റെ പ്രാണനെ പിന്തുടര്‍ന്നു പിടിക്കട്ടെ; അവന്‍ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയില്‍ തള്ളിയിടട്ടെ. സേലാ.

6 യഹോവേ, കോപത്തോടെ എഴുന്നേല്‍ക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു എതിര്‍ത്തുനില്‍ക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.

7 ജാതികളുടെ സംഘം നിന്നെ ചുറ്റിനില്‍ക്കട്ടെ; നീ അവര്‍ക്കും മീതെ കൂടി ഉയരത്തിലേക്കു മടങ്ങേണമേ.

8 യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാര്‍ത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ;

9 ദുഷ്ടന്റെ ദുഷ്ടത തീര്‍ന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നുവല്ലോ.

10 എന്റെ പരിച ദൈവത്തിന്റെ പക്കല്‍ ഉണ്ടു; അവന്‍ ഹൃദയപരമാര്‍ത്ഥികളെ രക്ഷിക്കുന്നു.

11 ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു.

12 മനം തിരിയുന്നില്ലെങ്കില്‍ അവന്‍ തന്റെ വാളിന്നു മൂര്‍ച്ചകൂട്ടും; അവന്‍ തന്റെ വില്ലു കുലെച്ചു ഒരുക്കിയിരിക്കുന്നു.

13 അവന്‍ മരണാസ്ത്രങ്ങളെ അവന്റെ നേരെ തൊടുത്തു. തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീര്‍ത്തിരിക്കുന്നു.

14 ഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു; അവന്‍ കഷ്ടത്തെ ഗര്‍ഭം ധരിച്ചു വഞ്ചനയെ പ്രസവിക്കുന്നു.

15 അവന്‍ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയില്‍ താന്‍ തന്നേ വീണു.

16 അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്റെ ബലാല്‍ക്കാരം അവന്റെ നെറുകയില്‍ തന്നേ വീഴും.

17 ഞാന്‍ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും.

സങ്കീർത്തനങ്ങൾ 8

1 ഞങ്ങളുടെ കര്‍ത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തില്‍ നിന്റെ തേജസ്സു വെച്ചിരിക്കുന്നു.

2 നിന്റെ വൈരികള്‍നിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാന്‍ തന്നേ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായില്‍നിന്നു ബലം നിയമിച്ചിരിക്കുന്നു.

3 നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോള്‍,

4 മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന്നു അവന്‍ എന്തു? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന്നു അവന്‍ എന്തുമാത്രം?

5 നീ അവനെ ദൈവത്തെക്കാള്‍ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.

6 നിന്റെ കൈകളുടെ പ്രവൃത്തികള്‍ക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാല്‍കീഴെയാക്കിയിരിക്കുന്നു;

7 ആടുകളെയും കാളകളെയും എല്ലാം കാട്ടിലെ മൃഗങ്ങളെയൊക്കെയും

8 ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുന്ന സകലത്തെയും തന്നേ.

9 ഞങ്ങളുടെ കര്‍ത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!

സങ്കീർത്തനങ്ങൾ 9

1 ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാന്‍ വര്‍ണ്ണിക്കും.

2 ഞാന്‍ നിന്നില്‍ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാന്‍ നിന്റെ നാമത്തെ കീര്‍ത്തിക്കും.

3 എന്റെ ശത്രുക്കള്‍ പിന്‍ വാങ്ങുകയില്‍ ഇടറിവീണു, നിന്റെ സന്നിധിയില്‍ നശിച്ചുപോകും.

4 നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ടു സിംഹാസനത്തില്‍ ഇരിക്കുന്നു;

5 നീ ജാതികളെ ശാസിച്ചു ദുഷ്ടനെ നശിപ്പിച്ചു; അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.

6 ശത്രുക്കള്‍ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓര്‍മ്മകൂടെ ഇല്ലാതെയായിരിക്കുന്നു.

7 എന്നാല്‍ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവന്‍ സിംഹാസനം ഒരുക്കിയിരിക്കുന്നു.

8 അവന്‍ ലോകത്തെ നീതിയോടെ വിധിക്കും; ജാതികള്‍ക്കു നേരോടെ ന്യായപാലനം ചെയ്യും.

9 യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ.

10 നിന്റെ നാമത്തെ അറിയുന്നവര്‍ നിങ്കല്‍ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.

11 സീയോനില്‍ വസിക്കുന്ന യഹോവേക്കു സ്തോത്രം പാടുവിന്‍ ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയില്‍ ഘോഷിപ്പിന്‍ .

12 രക്തപാതകത്തിന്നു പ്രതികാരം ചെയ്യുന്നവന്‍ അവരെ ഓര്‍ക്കുന്നു; എളിയവരുടെ നിലവിളിയെ അവന്‍ മറക്കുന്നതുമില്ല.

13 യഹോവേ, എന്നോടു കരുണയുണ്ടാകേണമേ; മരണവാതിലുകളില്‍നിന്നു എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകെക്കുന്നവരാല്‍ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ.

14 ഞാന്‍ സീയോന്‍പുത്രിയുടെ പടിവാതിലുകളില്‍ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയില്‍ സന്തോഷിക്കേണ്ടതിന്നു തന്നേ.

15 ജാതികള്‍ തങ്ങള്‍ ഉണ്ടാക്കിയ കുഴിയില്‍ താണു പോയി; അവര്‍ ഒളിച്ചുവെച്ച വലയില്‍ അവരുടെ കാല്‍ തന്നേ അകപ്പെട്ടിരിക്കുന്നു.

16 യഹോവ തന്നെത്താന്‍ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടന്‍ സ്വന്തകൈകളുടെ പ്രവൃത്തിയില്‍ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.

17 ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു തിരിയും.

18 ദരിദ്രനെ എന്നേക്കും മറന്നു പോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല.

19 യഹോവേ, എഴുന്നേല്‍ക്കേണമേ, മര്‍ത്യന്‍ പ്രബലനാകരുതേ; ജാതികള്‍ നിന്റെ സന്നിധിയില്‍ വിധിക്കപ്പെടുമാറാകട്ടെ.

20 യഹോവേ, തങ്ങള്‍ മര്‍ത്യരത്രേ എന്നു ജാതികള്‍ അറിയേണ്ടതിന്നു അവര്‍ക്കും ഭയം വരുത്തേണമേ. സേലാ.

സങ്കീർത്തനങ്ങൾ 10

1 യഹോവേ, നീ ദൂരത്തു നില്‍ക്കുന്നതെന്തു? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്തു?

2 ദുഷ്ടന്റെ അഹങ്കാരത്താല്‍ എളിയവന്‍ തപിക്കുന്നു; അവര്‍ നിരൂപിച്ച ഉപായങ്ങളില്‍ അവര്‍ തന്നേ പിടിപെടട്ടെ.

3 ദുഷ്ടന്‍ തന്റെ മനോരഥത്തില്‍ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ചു നിന്ദിക്കുന്നു.

4 ദുഷ്ടന്‍ ഉന്നതഭാവത്തോടെഅവന്‍ ചോദിക്കയില്ല എന്നു പറയുന്നു; ദൈവം ഇല്ല എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും.

5 അവന്റെ വഴികള്‍ എല്ലായ്പോഴും സഫലമാകുന്നു; നിന്റെ ന്യായവിധികള്‍ അവന്‍ കാണാതവണ്ണം ഉയരമുള്ളവ; തന്റെ സകലശത്രുക്കളോടും അവന്‍ ചീറുന്നു.

6 ഞാന്‍ കുലുങ്ങുകയില്ല, ഒരുനാളും അനര്‍ത്ഥത്തില്‍ വീഴുകയുമില്ല എന്നു അവന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു.

7 അവന്റെ വായില്‍ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്റെ നാവിന്‍ കീഴില്‍ ദോഷവും അതിക്രമവും ഇരിക്കുന്നു.

8 അവന്‍ ഗ്രാമങ്ങളുടെ ഒളിവുകളില്‍ പതിയിരിക്കുന്നു; മറവിടങ്ങളില്‍വെച്ചു അവന്‍ കുറ്റമില്ലാത്തവനെ കൊല്ലുന്നു; അവന്‍ രഹസ്യമായി അഗതിയുടെമേല്‍ കണ്ണു വെച്ചിരിക്കുന്നു.

9 സിംഹം മുറ്റുകാട്ടില്‍ എന്നപോലെ അവന്‍ മറവിടത്തില്‍ പതുങ്ങുന്നു; എളിയവനെ പിടിപ്പാന്‍ അവന്‍ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയില്‍ ചാടിച്ചു പിടിക്കുന്നു.

10 അവന്‍ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു; അഗതികള്‍ അവന്റെ ബലത്താല്‍ വീണു പോകുന്നു.

11 ദൈവം മറന്നിരിക്കുന്നു, അവന്‍ തന്റെ മുഖം മറെച്ചിരിക്കുന്നു; അവന്‍ ഒരുനാളും കാണുകയില്ല എന്നു അവന്‍ ഹൃദയത്തില്‍ പറയുന്നു.

12 യഹോവേ, എഴുന്നേല്‍ക്കേണമേ, ദൈവമേ, തൃക്കൈ ഉയര്‍ത്തേണമേ; എളിയവരെ മറക്കരുതേ.

13 ദുഷ്ടന്‍ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്നു തന്റെ ഉള്ളില്‍ പറയുന്നതും എന്തിന്നു?

14 നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ടു പകരം ചെയ്‍വാന്‍ ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; അഗതി തന്നെത്താന്‍ നിങ്കല്‍ ഏല്പിക്കുന്നു; അനാഥന്നു നീ സഹായി ആകുന്നു.

15 ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കേണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം അതിന്നു പ്രതികാരം ചെയ്യേണമേ.

16 യഹോവ എന്നെന്നേക്കും രാജാവാകുന്നു; ജാതികള്‍ അവന്റെ ദേശത്തുനിന്നു നശിച്ചു പോയിരിക്കുന്നു.

17 ഭൂമിയില്‍നിന്നുള്ള മര്‍ത്യന്‍ ഇനി ഭയപ്പെടുത്താതിരിപ്പാന്‍ നീ അനാഥന്നും പീഡിതന്നും ന്യായപാലനം ചെയ്യേണ്ടതിന്നു

18 യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കയും നിന്റെ ചെവി ചായിച്ചു കേള്‍ക്കയും ചെയ്യുന്നു.