Чекор 57

Студија

     

ആവർത്തനം 6:16-25

16 നിങ്ങള്‍ മസ്സയില്‍വെച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു.

17 നിങ്ങളുടെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും നിങ്ങള്‍ ജാഗ്രതയോടെ പ്രമാണിക്കേണം.

18 നിനക്കു നന്നായിരിക്കേണ്ടതിന്നും യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത നല്ലദേശം നീ ചെന്നു കൈവശമാക്കേണ്ടതിന്നും യഹോവ അരുളിച്ചെയ്തതുപോലെ

19 നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പില്‍നിന്നു ഔടിച്ചുകളയേണ്ടതിന്നും നീ യഹോവയുടെ മുമ്പാകെ ന്യായവും ഹിതവുമായുള്ളതിനെ ചെയ്യേണം.

20 നമ്മുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും എന്തു എന്നു നാളെ നിന്റെ മകന്‍ നിന്നോടു ചോദിക്കുമ്പോള്‍ നീ നിന്റെ മകനോടു പറയേണ്ടതു എന്തെന്നാല്‍

21 ഞങ്ങള്‍ മിസ്രയീമില്‍ ഫറവോന്നു അടിമകള്‍ ആയിരുന്നു; എന്നാല്‍ യഹോവ ബലമുള്ള കൈകൊണ്ടു ഞങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു.

22 മിസ്രയീമിന്റെയും ഫറവോന്റെയും അവന്റെ സകലകുടുംബത്തിന്റെയും മേല്‍ ഞങ്ങള്‍ കാണ്‍കെ യഹോവ മഹത്തും ഉഗ്രവുമായുള്ള അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിച്ചു.

23 ഞങ്ങളേയോ താന്‍ നമ്മുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം തരുവാന്‍ അതില്‍ കൊണ്ടുവന്നാക്കേണ്ടതിന്നു അവിടെ നിന്നു പുറപ്പെടുവിച്ചു

24 എല്ലായ്പോഴും നമുക്കു നന്നായിരിക്കേണ്ടതിന്നും ഇന്നത്തെപ്പോലെ അവന്‍ നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിന്നുമായി നാം നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടുവാനും ഈ എല്ലാ ചട്ടങ്ങളെയും ആചരിപ്പാനും യഹോവ നമ്മോടു കല്പിച്ചു.

25 നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം അവന്റെ മുമ്പാകെ ഈ സകലകല്പനകളും ആചരിപ്പാന്‍ തക്കവണ്ണം കാത്തുകൊള്ളുന്നു എങ്കില്‍ നാം നീതിയുള്ളവരായിരിക്കും.

ആവർത്തനം 7

1 നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാള്‍ പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യര്‍, ഗിര്‍ഗ്ഗശ്യര്‍, അമോര്‍യ്യര്‍, കനാന്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ഏഴു മഹാജാതികളെ നിന്റെ മുമ്പില്‍നിന്നു നീക്കിക്കളകയും

2 നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യില്‍ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോള്‍ അവരെ നിര്‍മ്മൂലമാക്കിക്കളയേണം; അവരോടു ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുതു.

3 അവരുമായി വിവാഹസംബന്ധം ചെയ്യരുതു; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കും കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാര്‍ക്കും എടുക്കയോ ചെയ്യരുതു.

4 അന്യദൈവങ്ങളെ സേവിപ്പാന്‍ തക്കവണ്ണം അവര്‍ നിന്റെ പുത്രന്മാരെ എന്നോടു അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങള്‍ക്കു വിരോധമായി ജ്വലിച്ചു നിങ്ങളെ വേഗത്തില്‍ നശിപ്പിക്കും.

5 ആകയാല്‍ നിങ്ങള്‍ അവരോടു ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങള്‍ ഇടിക്കേണം; അവരുടെ ബിംബങ്ങളെ തകര്‍ക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങളെ തീയില്‍ ഇട്ടു ചുട്ടുകളയേണം.

6 നിന്റെ ദൈവമായ യഹോവേക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.

7 നിങ്ങള്‍ സംഖ്യയില്‍ സകലജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ടു തിരഞ്ഞെടുത്തതു; നിങ്ങള്‍ സകലജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നതു.

8 യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു താന്‍ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കയ്യാല്‍ പുറപ്പെടുവിച്ചു അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്റെ കയ്യില്‍നിന്നു വീണ്ടെടുത്തതു.

9 ആകയാല്‍ നിന്റെ ദൈവമായ യഹോവ തന്നേ ദൈവം; അവന്‍ തന്നേ സത്യദൈവം എന്നു നീ അറിയേണംഅവന്‍ തന്നെ സ്നേഹിച്ചു തന്റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്കും ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു.

10 തന്നെ പകെക്കുന്നവരെ നശിപ്പിപ്പാന്‍ അവര്‍ക്കും നേരിട്ടു പകരം കൊടുക്കുന്നു; തന്നെ പകെക്കുന്നവന്നു അവന്‍ താമസിയാതെ നേരിട്ടു പകരം കൊടുക്കും.

11 ആകയാല്‍ ഞാന്‍ ഇന്നു നിന്നോടു കല്പിക്കുന്ന കല്പനകളും ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചുനടക്കേണം.

12 നിങ്ങള്‍ ഈ വിധികള്‍ കേട്ടു പ്രമാണിച്ചു നടന്നാല്‍ നിന്റെ ദൈവമായ യഹോവ നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത നിയമവും ദയയും നിനക്കായിട്ടു പാലിക്കും.

13 അവന്‍ നിന്നെ സ്നേഹിച്ചു അനുഗ്രഹിച്ചു വര്‍ദ്ധിപ്പിക്കും; അവന്‍ നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു നിന്റെ ഗര്‍ഭഫലവും നിന്റെ കൃഷിഫലവും ധാന്യവും വീഞ്ഞും എണ്ണയും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കും.

14 നീ സകലജാതികളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും വന്ധ്യയും നിങ്ങളിലാകട്ടെ നിന്റെ നാല്‍ക്കാലികളിലാകട്ടെ ഉണ്ടാകയില്ല.

15 യഹോവ സകലരോഗവും നിങ്കല്‍നിന്നു അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ ദുര്‍വ്വ്യാധികളില്‍ ഒന്നും അവന്‍ നിന്റെ മേല്‍ വരുത്താതെ നിന്നെ ദ്വേഷിക്കുന്ന എല്ലാവര്‍ക്കും അവയെ കൊടുക്കും.

16 നിന്റെ ദൈവമായ യഹോവ നിന്റെ കയ്യില്‍ ഏല്പിക്കുന്ന സകലജാതികളെയും നീ മുടിച്ചുകളയേണം; നിനക്കു അവരോടു കനിവു തോന്നരുതു; അവരുടെ ദേവന്മാരെ നീ സേവിക്കരുതു; അതു നിനക്കു കണിയായിത്തീരും.

17 ഈ ജാതികള്‍ എന്നെക്കാള്‍ പെരുപ്പം ഉള്ളവര്‍; അവരെ നീക്കിക്കളവാന്‍ എനിക്കു എങ്ങനെ കഴിയും എന്നു നീ നിന്റെ ഹൃദയത്തില്‍ പറയുമായിരിക്കും എന്നാല്‍ അവരെ ഭയപ്പെടരുതു;

18 നിന്റെ ദൈവമായ യഹോവ ഫറവോനോടും എല്ലാ മിസ്രയീമ്യരോടും ചെയ്തതായി

19 നിന്റെ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും അത്ഭുതങ്ങളും നിന്റെ ദൈവമായ യഹോവ നിന്നെ പുറപ്പെടുവിച്ച ബലമുള്ള കയ്യും നീട്ടിയ ഭുജവും നീ നല്ലവണ്ണം ഔര്‍ക്കേണം; നീ പേടിക്കുന്ന സകലജാതികളോടും നിന്റെ ദൈവമായ യഹോവ അങ്ങനെ ചെയ്യും.

20 അത്രയുമല്ല, ശേഷിച്ചിരിക്കുന്നവരും നിന്റെ മുമ്പില്‍നിന്നു ഒളിച്ചുകൊള്ളുന്നവരും നശിച്ചുപോകുംവരെ നിന്റെ ദൈവമായ യഹോവ അവരുടെ ഇടയില്‍ കടുന്നലിനെ അയക്കും.

21 നീ അവരെക്കണ്ടു ഭ്രമിക്കരുതു; നിന്റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മദ്ധ്യേ ഉണ്ടു.

22 ആ ജാതികളെ നിന്റെ ദൈവമായ യഹോവ കുറേശ്ശ കുറേശ്ശയായി നിന്റെ മുമ്പില്‍നിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങള്‍ പെരുകി നിനക്കു ഉപദ്രവമാകാതിരിപ്പാന്‍ അവരെ ക്ഷണത്തില്‍ നശിപ്പിച്ചുകൂടാ.

23 നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യില്‍ ഏല്പിക്കയും അവര്‍ നശിച്ചുപോകുംവരെ അവര്‍ക്കും മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കയ്യില്‍ ഏല്പിക്കും; നീ അവരുടെ പേര്‍ ആകാശത്തിന്‍ കീഴില്‍നിന്നു ഇല്ലാതെയാക്കേണം.

24 അവരെ സംഹരിച്ചുതീരുവോളം ഒരു മനുഷ്യനും നിന്റെ മുമ്പില്‍ നില്‍ക്കയില്ല.

25 അവരുടെ ദേവപ്രതിമകളെ തീയില്‍ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാന്‍ അവയിന്മേലുള്ള വെള്ളിയും പൊന്നും മോഹിച്ചു എടുത്തുകൊള്ളരുതു; അതു നിന്റെ ദൈവമായ യഹോവേക്കു അറെപ്പാകുന്നു.

26 നീയും അതുപോലെ ശാപമായ്തീരാതിരിക്കേണ്ടതിന്നു അറെപ്പായുള്ളതു നിന്റെ വീട്ടില്‍ കൊണ്ടുപോകരുതു; അതു നിനക്കു തീരെ അറെപ്പും വെറുപ്പുമായിരിക്കേണം; അതു ശാപഗ്രസ്തമല്ലോ.

ആവർത്തനം 8

1 നിങ്ങള്‍ ജീവിച്ചിരിക്കയും വര്‍ദ്ധിക്കയും യഹോവ നിങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം ചെന്നു കൈവശമാക്കുകയും ചെയ്യേണ്ടതിന്നു ഞാന്‍ ഇന്നു നിങ്ങളോടു കല്പിക്കുന്ന സകലകല്പനകളും നിങ്ങള്‍ പ്രമാണിച്ചുനടക്കേണം.

2 നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകള്‍ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചു നിന്റെ ഹൃദയത്തില്‍ ഇരിക്കുന്നതു അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയില്‍ നടത്തിയ വിധമൊക്കെയും നീ ഔര്‍ക്കേണം.

4 ഈ നാല്പതു സംവത്സരം നീ ധരിച്ചവസ്ത്രം ജീര്‍ണ്ണിച്ചുപോയില്ല; നിന്റെ കാല്‍ വീങ്ങിയതുമില്ല.

5 ഒരു മനുഷ്യന്‍ തന്റെ മകനെ ശിക്ഷിച്ചുവളര്‍ത്തുന്നതു പോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ചുവളര്‍ത്തുന്നു എന്നു നീ മനസ്സില്‍ ധ്യാനിച്ചുകൊള്ളേണം.

6 ആകയാല്‍ നിന്റെ ദൈവമായ യഹോവയുടെ വഴികളില്‍ നടന്നു അവനെ ഭയപ്പെട്ടു അവന്റെ കല്പനകള്‍ പ്രമാണിക്കേണം.

7 നിന്റെ ദൈവമായ യഹോവ നല്ലോരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നതു; അതു താഴ്വരയില്‍നിന്നും മലയില്‍നിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം;

8 കോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം;

9 ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിയാകുന്നതും ഒന്നിന്നും കുറവില്ലാത്തതുമായ ദേശം; കല്ലു ഇരിമ്പായിരിക്കുന്നതും മലകളില്‍ നിന്നു താമ്രം വെട്ടി എടുക്കുന്നതുമായ ദേശം.

10 നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോള്‍ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ചു നീ അവന്നു സ്തോത്രം ചെയ്യേണം.

11 നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാന്‍ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും,

12 നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകള്‍ പണിതു അവയില്‍ പാര്‍ക്കുംമ്പോഴും

13 നിന്റെ ആടുമാടുകള്‍ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതു ഒക്കെയും വദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതാരിപ്പാനും,

14 നിന്നെ അടിമവീടായ മിസ്രയീമില്‍നിന്നു പുറപ്പെടുവിക്കയും

15 അഗ്നിസര്‍പ്പവും തേളും വെള്ളമില്ലാതെ വരള്‍ച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയില്‍ കൂടി നിന്നെ കൊണ്ടുവരികയും തീക്കല്പാറയില്‍നിന്നു നിനക്കു വെള്ളം പുറപ്പെടുവിക്കയും

16 നിന്നെ താഴ്ത്തി പരീക്ഷിച്ചു പിന്‍ കാലത്തു നിനക്കു നന്മ ചെയ്യേണ്ടതിന്നു മരുഭൂമിയില്‍ നിന്നെ നിന്റെ പിതാക്കന്മാര്‍ അറിയാത്ത മന്നകൊണ്ടു പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറന്നു

17 എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തില്‍ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം.

18 നിന്റെ ദൈവമായ യഹോവയെ നീ ഔര്‍ക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന്നു അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാന്‍ ശക്തിതരുന്നതു.

19 നിന്റെ ദൈവമായ യഹോവയെ നീ മറക്കയും അന്യദൈവങ്ങളെ പിന്‍ തുടര്‍ന്നു അവയെ സേവിച്ചു നമസ്കരിക്കയും ചെയ്താല്‍ നിങ്ങള്‍ നശിച്ചുപോകും എന്നു ഞാന്‍ ഇന്നു നിങ്ങളോടു സാക്ഷീകരിക്കുന്നു.

20 നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു നിങ്ങള്‍ കേള്‍ക്കാതിരുന്നതുകൊണ്ടു യഹോവ നിങ്ങളുടെ മുമ്പില്‍ നിന്നു നശിപ്പിക്കുന്ന ജാതികളെപ്പോലെ തന്നേ നിങ്ങളും നശിച്ചുപോകും.

ആവർത്തനം 9:1-21

1 യിസ്രായേലേ, കേള്‍ക്ക; നീ ഇന്നു യോര്‍ദ്ദാന്‍ കടന്നു നിന്നെക്കാള്‍ വലിപ്പവും ബലവുമുള്ള ജാതികളെയും ആകാശത്തോളം ഉയര്‍ന്ന മതിലുള്ള വലിയ പട്ടണങ്ങളെയും

2 വലിപ്പവും പൊക്കവുമുള്ള അനാക്യരെന്ന ജാതിയെയും അടക്കുവാന്‍ പോകുന്നു; നീ അവരെ അറിയുന്നുവല്ലോ; അനാക്യരുടെ മുമ്പാകെ നില്‍ക്കാകുന്നവന്‍ ആര്‍ എന്നിങ്ങനെയുള്ള ചൊല്ലു നീ കേട്ടിരിക്കുന്നു.

3 എന്നാല്‍ നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയായി നിനക്കു മുമ്പില്‍ കടന്നുപോകുന്നു എന്നു നീ ഇന്നു അറിഞ്ഞുകൊള്‍ക. അവന്‍ അവരെ നശിപ്പിക്കയും നിന്റെ മുമ്പില്‍ താഴ്ത്തുകയും ചെയ്യും; അങ്ങനെ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ നീ അവരെ നീക്കിക്കളകയും ക്ഷണത്തില്‍ നശിപ്പിക്കയും ചെയ്യും.

4 നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞശേഷംഎന്റെ നീതിനിമിത്തം ഈ ദേശം കൈവശമാക്കുവാന്‍ യഹോവ എന്നെ കൊണ്ടുവന്നു എന്നു നിന്റെ ഹൃദയത്തില്‍ പറയരുതു; ആ ജാതിയുടെ ദുഷ്ടതനിമിത്തമത്രേ യഹോവ അവരെ നിന്റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നതു.

5 നീ അവരുടെ ദേശം കൈവശമാക്കുവാന്‍ ചെല്ലുന്നതു നിന്റെ നീതിനിമിത്തവും നിന്റെ ഹൃദയപരമാര്‍ത്ഥംനിമിത്തവും അല്ല, ആ ജാതിയുടെ ദുഷ്ടതനിമിത്തവും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ പിതാക്കന്മാരോടു യഹോവ സത്യം ചെയ്ത വചനം നിവര്‍ത്തിക്കേണ്ടതിന്നും അത്രേ നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നതു.

6 ആകയാല്‍ നിന്റെ ദൈവമായ യഹോവ നിനക്കു ആ നല്ലദേശം അവകാശമായി തരുന്നതു നിന്റെ നീതിനിമിത്തം അല്ലെന്നു അറിഞ്ഞുകൊള്‍ക; നീ ദുശ്ശാഠ്യമുള്ള ജനമല്ലോ;

7 നീ മരുഭൂമിയില്‍വെച്ചു നിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്നു ഔര്‍ക്ക; മറന്നുകളയരുതു; മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാള്‍മുതല്‍ ഈ സ്ഥലത്തു വന്നതുവരെയും നിങ്ങള്‍ യഹോവയോടു മത്സരിക്കുന്നവരായിരുന്നു.

8 ഹോരേബിലും നിങ്ങള്‍ യഹോവയെ കോപിപ്പിച്ചു; അതുകൊണ്ടു യഹോവ നിങ്ങളെ നശിപ്പിപ്പാന്‍ വിചാരിക്കുംവണ്ണം നിങ്ങളോടു കോപിച്ചു.

9 യഹോവ നിങ്ങളോടു ചെയ്ത നിയമത്തിന്റെ പലകകളായ കല്പലകകളെ വാങ്ങുവാന്‍ ഞാന്‍ പര്‍വ്വതത്തില്‍കയറി നാല്പതു രാവും നാല്പതു പകലും പര്‍വ്വതത്തില്‍ താമസിച്ചുഞാന്‍ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.

10 ദൈവത്തിന്റെ വിരല്‍കൊണ്ടു എഴുതിയ രണ്ടു കല്പലക യഹോവ എന്റെ പക്കല്‍ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളില്‍ യഹോവ പര്‍വ്വതത്തില്‍വെച്ചു തീയുടെ നടുവില്‍നിന്നു നിങ്ങളോടു അരുളിച്ചെയ്ത സകലവചനങ്ങളും അവയില്‍ എഴുതിയിരുന്നു.

11 നാല്പതു രാവും നാല്പതു പകലും കഴിഞ്ഞപ്പോഴായിരുന്നു യഹോവ എന്റെ പക്കല്‍ നിയമത്തിന്റെ പലകകളായ ആ രണ്ടു കല്പലക തന്നതു.

12 അപ്പോള്‍ യഹോവ എന്നോടുനീ എഴുന്നേറ്റു ക്ഷണത്തില്‍ ഇവിടെനിന്നു ഇറങ്ങിച്ചെല്ലുക; നീ മിസ്രയീമില്‍നിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നേ വഷളാക്കി, ഞാന്‍ അവരോടു കല്പിച്ച വഴി വേഗത്തില്‍ വിട്ടുമാറി ഒരു വിഗ്രഹം വാര്‍ത്തുണ്ടാക്കിയിരിക്കുന്നു എന്നു കല്പിച്ചു.

13 ഞാന്‍ ഈ ജനത്തെ ദുശ്ശാഠ്യമുള്ള ജനം എന്നു കാണുന്നു;

14 എന്നെ വിടുക; ഞാന്‍ അവരെ നശിപ്പിച്ചു അവരുടെ പേര്‍ ആകാശത്തിന്‍ കീഴില്‍നിന്നു മായിച്ചുകളയും; നിന്നെ അവരെക്കാള്‍ ബലവും വലിപ്പവുമുള്ള ജാതിയാക്കും എന്നും യഹോവ എന്നോടു അരുളിച്ചെയ്തു.

15 അങ്ങനെ ഞാന്‍ തിരിഞ്ഞു പര്‍വ്വതത്തില്‍നിന്നു ഇറങ്ങി; പര്‍വ്വതം തീ കാളിക്കത്തുകയായിരുന്നു; നിയമത്തിന്റെ പലക രണ്ടും എന്റെ രണ്ടു കയ്യിലും ഉണ്ടായിരുന്നു.

16 ഞാന്‍ നോക്കിയാറെ നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പാപംചെയ്തു ഒരു കാളകൂട്ടിയെ വാര്‍ത്തുണ്ടാക്കി യഹോവ നിങ്ങളോടു കല്പിച്ച വഴി വേഗത്തില്‍ വിട്ടുമാറിയിരുന്നതു കണ്ടു.

17 അപ്പോള്‍ ഞാന്‍ പലക രണ്ടും എന്റെ രണ്ടുകയ്യില്‍നിന്നു നിങ്ങള്‍ കാണ്‍കെ എറിഞ്ഞു ഉടെച്ചുകളഞ്ഞു.

18 പിന്നെ യഹോവയെ കോപിപ്പിപ്പാന്‍ തക്കവണ്ണം നിങ്ങള്‍ അവന്നു അനിഷ്ടമായി പ്രവര്‍ത്തിച്ച നിങ്ങളുടെ സകലപാപങ്ങളും നിമിത്തം ഞാന്‍ യഹോവയുടെ സന്നിധിയില്‍ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും വീണു കിടന്നു; ഞാന്‍ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.

19 യഹോവ നിങ്ങളെ നശിപ്പിക്കുമാറു നിങ്ങളുടെ നേരെ കോപിച്ച കോപവും ക്രോധവും ഞാന്‍ ഭയപ്പെട്ടു; എന്നാല്‍ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു.

20 അഹരോനെ നശിപ്പിക്കുമാറു അവന്റെ നേരെയും യഹോവ ഏറ്റവും കോപിച്ചു; എന്നാല്‍ ഞാന്‍ അന്നു അഹരോന്നു വേണ്ടിയും അപേക്ഷിച്ചു.

21 നിങ്ങള്‍ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളകൂട്ടിയെ ഞാന്‍ എടുത്തു തീയില്‍ ഇട്ടു ചുട്ടുനന്നായി അരെച്ചു നേരിയ പൊടിയാക്കി പൊടി പര്‍വ്വതത്തില്‍നിന്നു ഇറങ്ങുന്ന തോട്ടില്‍ ഇട്ടുകളഞ്ഞു.