Чекор 69

Студија

     

യോശുവ 11:10-23

10 യോശുവ ആ സമയം തിരിഞ്ഞു ഹാസോര്‍ പിടിച്ചു അതിലെ രാജാവിനെ വാള്‍കൊണ്ടു കൊന്നു; ഹാസോര്‍ മുമ്പെ ആ രാജ്യങ്ങള്‍ക്കു ഒക്കെയും മൂലസ്ഥാനമായിരുന്നു.

11 അവര്‍ അതിലെ സകലമനുഷ്യരെയും വാളിന്റെ വായ്ത്തലയാല്‍ വെട്ടി നിര്‍മ്മൂലമാക്കി; ആരും ജീവനോടെ ശേഷിച്ചില്ല; അവന്‍ ഹാസോരിനെ തീകൊടുത്തു ചുട്ടുകളഞ്ഞു.

12 ആ രാജാക്കന്മാരുടെ എല്ലാപട്ടണങ്ങളെയും അവയിലെ രാജാക്കന്മാരെ ഒക്കെയും യോശുവ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍ വെട്ടി നിര്‍മ്മൂലമാക്കിക്കളഞ്ഞു. യഹോവയുടെ ദാസനായ മോശെ കല്പിച്ചതുപോലെ തന്നേ.

13 എന്നാല്‍ കുന്നുകളിലെ പട്ടണങ്ങള്‍ ഒന്നും യിസ്രായേല്‍ ചുട്ടുകളഞ്ഞില്ല; ഹാസോര്‍ മാത്രമേ യോശുവ ചുട്ടുകളഞ്ഞുള്ളു.

14 ഈ പട്ടണങ്ങളിലെ കൊള്ള ഒക്കെയും കന്നുകാലികളെയും യിസ്രായേല്‍മക്കള്‍ തങ്ങള്‍ക്കുതന്നേ എടുത്തു; എങ്കിലും മനുഷ്യരെ ഒക്കെയും അവര്‍ വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചു; ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല.

15 യഹോവ തന്റെ ദാസനായ മോശെയോടു കല്പിച്ചതുപോലെ മോശെ യോശുവയോടു കല്പിച്ചു; യോശുവ അങ്ങനെ തന്നേ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതില്‍ ഒന്നും അവന്‍ ചെയ്യാതെ വിട്ടില്ല.

16 ഇങ്ങനെ മലനാടും തെക്കേദേശമൊക്കെയും ഗോശേന്‍ ദേശം ഒക്കെയും താഴ്വീതിയും അരാബയും യിസ്രായേല്‍മലനാടും അതിന്റെ താഴ്വീതിയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെര്‍മ്മോന്‍ പര്‍വ്വതത്തിന്റെ അടിവാരത്തുള്ള ലെബാനോന്‍ താഴ്വരയിലെ ബാല്‍-ഗാദ്വരെയുള്ള ദേശമൊക്കെയും യോശുവ പിടിച്ചു.

17 അവിടങ്ങളിലെ സകലരാജാക്കന്മാരെയും അവന്‍ പിടിച്ചു വെട്ടിക്കൊന്നു.

18 ആ രാജാക്കന്മാരോടു ഒക്കെയും യോശുവ ഏറിയ കാലം യുദ്ധംചെയ്തിരുന്നു.

19 ഗിബയോന്‍ നിവാസികളായ ഹിവ്യര്‍ ഒഴികെ ഒരു പട്ടണക്കാരും യിസ്രായേല്‍മക്കളോടു സഖ്യതചെയ്തില്ല; ശേഷമൊക്കെയും അവര്‍ യുദ്ധത്തില്‍ പിടിച്ചടക്കി.

20 യഹോവ മോശെയോടു കല്പിച്ചതുപോലെ അവരെ നിര്‍മ്മൂലമാക്കുകയും കരുണകൂടാതെ നശിപ്പിക്കയും ചെയ്‍വാന്‍ തക്കവണ്ണം അവര്‍ നെഞ്ചുറപ്പിച്ചു യിസ്രായേലിനോടു യുദ്ധത്തിന്നു പുറപ്പെടേണ്ടതിന്നു യഹോവ സംഗതിവരുത്തിയിരുന്നു.

21 അക്കാലത്തു യോശുവ ചെന്നു മലനാടായ ഹെബ്രോന്‍ , ദെബീര്‍, അനാബ്, യെഹൂദാ മലനാടു, യിസ്രായേല്യമലനാടു എന്നീ ഇടങ്ങളില്‍നിന്നൊക്കെയും അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിര്‍മ്മൂലമാക്കി.

22 ഗസ്സയിലും ഗത്തിലും അസ്തോദിലും മാത്രമല്ലാതെ യിസ്രായേല്‍മക്കളുടെ ദേശത്തെങ്ങും ഒരു അനാക്യനും ശേഷിച്ചിരുന്നില്ല.

23 യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യോശുവ ദേശം മുഴുവനും പിടിച്ചു; യോശുവ അതിനെ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീര്‍ന്നു ദേശത്തിന്നു സ്വസ്ഥത വന്നു.

യോശുവ 12

1 യിസ്രായേല്‍മക്കള്‍ യോര്‍ദ്ദാന്നക്കരെ കിഴക്കു അര്‍ന്നോന്‍ താഴ്വരമുതല്‍ ഹെര്‍മ്മോന്‍ പര്‍വ്വതംവരെയുള്ള രാജ്യവും കിഴക്കെ അരാബ മുഴുവനും കൈവശമാക്കുകയില്‍ സംഹരിച്ചു കളഞ്ഞ തദ്ദേശരാജാക്കന്മാര്‍ ഇവര്‍ ആകുന്നു.

2 ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്‍യ്യരാജാവായ സീഹോന്‍ ; അവന്‍ അര്‍ന്നോന്‍ ആറ്റുവക്കത്തുള്ള അരോവേര്‍മുതല്‍ താഴ്വരയുടെ മദ്ധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക്‍ നദിവരെയും

3 കിന്നെരോത്ത് കടലും അരാബയിലെ കടലായ ഉപ്പുകടലും വരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും പിസ്ഗച്ചരിവിന്റെ താഴെ തേമാനും വാണിരുന്നു.

4 ബാശാന്‍ രാജാവായ ഔഗിന്റെ ദേശവും അവര്‍ പിടിച്ചടക്കി; മല്ലന്മാരില്‍ ശേഷിച്ച ഇവര്‍ അസ്തരോത്തിലും എദ്രെയിലും പാര്‍ത്തു,

5 ഹെര്‍മ്മോന്‍ പര്‍വ്വതവും സല്‍ക്കയും ബാശാന്‍ മുഴുവനും ഗെശൂര്‍യ്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോന്‍ രാജാവായ സീഹോന്റെ അതിര്‍വരെയും വാണിരുന്നു.

6 അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേല്‍മക്കളുംകൂടെ സംഹരിച്ചു; യഹോവയുടെ ദാസനായ മോശെ അവരുടെ ദേശം രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും അവകാശമായി കൊടുത്തു.

7 എന്നാല്‍ യോശുവയും യിസ്രായേല്‍മക്കളും യോര്‍ദ്ദാന്നിക്കരെ പടിഞ്ഞാറു ലെബാനോന്റെ താഴ്വരയിലെ ബാല്‍-ഗാദ് മുതല്‍ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാര്‍ ഇവര്‍ ആകുന്നു.

8 മലനാട്ടിലും താഴ്വീതിയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യന്‍ , അമോര്‍യ്യന്‍ , കനാന്യന്‍ , പെരിസ്യന്‍ , ഹിവ്യന്‍ , യെബൂസ്യന്‍ എന്നിവര്‍തന്നേ.

9 യെരീഹോരാജാവു ഒന്നു; ബേഥേലിന്നരികെയുള്ള ഹായിരാജാവു ഒന്നു;

10 യെരൂശലേംരാജാവു ഒന്നു; ഹെബ്രോന്‍ രാജാവു ഒന്നു;

11 യര്‍മ്മൂത്ത് രാജാവു ഒന്നു; ലാഖീശിലെ രാജാവു ഒന്നു;

12 എഗ്ളോനിലെ രാജാവു ഒന്നു; ഗേസര്‍ രാജാവു ഒന്നു;

13 ദെബീര്‍രാജാവു ഒന്നു; ഗേദെര്‍രാജാവു ഒന്നു

14 ഹോര്‍മ്മരാജാവു ഒന്നു; ആരാദ്‍രാജാവു ഒന്നു;

15 ലിബ്നരാജാവു ഒന്നു; അദുല്ലാംരാജാവു ഒന്നു;

16 മക്കേദാരാജാവു ഒന്നു; ബേഥേല്‍രാജാവു ഒന്നു;

17 തപ്പൂഹരാജാവു ഒന്നു; ഹേഫെര്‍രാജാവു ഒന്നു;

18 അഫേക്രാജാവു ഒന്നു; ശാരോന്‍ രാജാവു ഒന്നു;

19 മാദോന്‍ രാജാവു ഒന്നു; ഹാസോര്‍രാജാവു ഒന്നു; ശിമ്രോന്‍ -മെരോന്‍ രാജാവു ഒന്നു;

20 അക്ശാപ്പുരാജാവു ഒന്നു; താനാക്രാജാവു ഒന്നു;

21 മെഗിദ്ദോ രാജാവു ഒന്നു; കാദേശ് രാജാവു ഒന്നു;

22 കര്‍മ്മേലിലെ യൊക്നെയാംരാജാവു ഒന്നു;

23 ദോര്‍മേട്ടിലെ ദോര്‍രാജാവു ഒന്നു; ഗില്ഗാലിലെ ജാതികളുടെ രാജാവു ഒന്നു;

24 തിര്‍സാരാജാവു ഒന്നു; ആകെ മുപ്പത്തൊന്നു രാജാക്കന്മാര്‍.

യോശുവ 13

1 യോശുവ വയസ്സുചെന്നു വൃദ്ധനായപ്പോള്‍ യഹോവ അവനോടു അരുളിച്ചെയ്തതുനീ വയസ്സുചെന്നു വൃദ്ധനായിരിക്കുന്നു; ഇനി ഏറ്റവും വളരെ ദേശം കൈവശമാക്കുവാനുണ്ടു.

2 ഇനിയും ശേഷിച്ചിരിക്കുന്ന ദേശം ഏതെന്നാല്‍മിസ്രയീമിന്റെ കിഴക്കുള്ള സീഹോര്‍മുതല്‍ വടക്കോട്ടു കനാന്യര്‍ക്കുംള്ളതെന്നു എണ്ണിവരുന്ന എക്രോന്റെ അതിര്‍വരെയുള്ള ഫെലിസ്ത്യദേശങ്ങള്‍ ഒക്കെയും ഗെശൂര്‍യ്യരും;

3 ഗസ്സാത്യന്‍ , അസ്തോദ്യന്‍ , അസ്കലോന്യന്‍ , ഗിത്ത്യന്‍ , എക്രോന്യന്‍ എന്നീ അഞ്ചു ഫെലിസ്ത്യ പ്രഭുക്കന്മാരും;

4 തെക്കുള്ള അവ്യരും അഫേക്വരെയും അമോര്‍യ്യരുടെ അതിര്‍വരെയുമുള്ള കനാന്യരുടെ ദേശം ഒക്കെയും

5 സീദോന്യര്‍ക്കുംള്ള മെയാരയും ഗിബെല്യരുടെ ദേശവും കിഴക്കു ഹെര്‍മ്മോന്‍ പര്‍വ്വതത്തിന്റെ അടിവരാത്തിലെ ബാല്‍-ഗാദ് മുതല്‍ ഹമാത്തിലേക്കു തിരിയുന്ന സ്ഥലംവരെയുള്ള ലെബാനോന്‍ ഒക്കെയും;

6 ലെബാനോന്‍ മുതല്‍ മിസ്രെഫോത്ത് മയീംവരെയുള്ള പര്‍വ്വതവാസികള്‍ ഒക്കെയും എല്ലാസീദോന്യരും തന്നേ; ഇവരെ ഞാന്‍ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നീക്കിക്കളയും; ഞാന്‍ നിന്നോടു കല്പിച്ചതുപോലെ നീ യിസ്രായേലിന്നു അതു അവകാശമായി വിഭാഗിച്ചാല്‍ മതി.

7 ആകയാല്‍ ഈ ദേശം ഒമ്പതു ഗോത്രങ്ങള്‍ക്കും മനശ്ശെയുടെ പാതിഗോത്രത്തിന്നും അവകാശമായി വിഭാഗിക്ക.

8 അവനോടുകൂടെ രൂബേന്യരും ഗാദ്യരും മോശെ അവര്‍ക്കും യോര്‍ദ്ദാന്നക്കരെ കിഴക്കു കൊടുത്തിട്ടുള്ള അവകാശം യഹോവയുടെ ദാസനായ മോശെ കൊടുത്തതുപോലെ തന്നേ പ്രാപിച്ചിരിക്കുന്നുവല്ലോ.

9 അര്‍ന്നോന്‍ താഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയുടെ നടുവിലുള്ള പട്ടണംമുതല്‍ ദീബോന്‍ വരെയുള്ള മേദെബാസമഭൂമി മുഴുവനും;

10 അമ്മോന്യരുടെ അതിര്‍വരെ ഹെശ്ബോനില്‍ വാണിരുന്ന അമോര്‍യ്യ രാജാവായ സീഹോന്റെ എല്ലാപട്ടണങ്ങളും;

11 ഗിലെയാദും ഗെശൂര്‍യ്യരുടെയും മാഖാത്യരുടെയും ദേശവും ഹെര്‍മ്മോന്‍ പര്‍വ്വതം ഒക്കെയും സല്‍ക്കാവരെയുള്ള ബാശാന്‍ മുഴുവനും;

12 അസ്താരോത്തിലും എദ്രെയിലും വാണവനും മല്ലന്മാരില്‍ ശേഷിച്ചവനുമായ ബാശാനിലെ ഔഗിന്റെ രാജ്യം ഒക്കെയും തന്നേ; ഇവരെ മോശെ തോല്പിച്ചു നീക്കിക്കളഞ്ഞിരുന്നു.

13 എന്നാല്‍ യിസ്രായേല്‍മക്കള്‍ ഗെശൂര്‍യ്യരെയും മാഖാത്യരെയും നീക്കിക്കളഞ്ഞില്ല; അവര്‍ ഇന്നുവരെയും യിസ്രായേല്യരുടെ ഇടയില്‍ പാര്‍ത്തുവരുന്നു.

14 ലേവിഗോത്രത്തിന്നു അവന്‍ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ദഹനയാഗങ്ങള്‍ താന്‍ അവരോടു കല്പിച്ചതുപോലെ അവരുടെ അവകാശം ആകുന്നു.

15 എന്നാല്‍ മോശെ രൂബേന്‍ ഗോത്രത്തിന്നു കുടുംബംകുടുംബമായി അവകാശം കൊടുത്തു.

16 അവരുടെ ദേശം അര്‍ന്നോന്‍ താഴ്വരയുടെ അറ്റത്തെ അരോവേരും താഴ്വരയുടെ നടുവിലെ പട്ടണവും മുതല്‍ മേദബയോടു ചേര്‍ന്ന സമഭൂമി മുഴുവനും ഹെശ്ബോനും സമഭൂമിയിലുള്ള

17 അതിന്റെ എല്ലാപട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാല്‍-മേയോനും

18 യഹ്സയും കെദേമോത്തും മേഫാത്തും കിര്‍യ്യത്തയീമും

19 സിബ്മയും സമഭൂമിയിലെ മലയിലുള്ള സേരെത്ത്-ശഹരും

20 ബേത്ത്-പെയോരും പിസ്ഗച്ചരിവുകളും ബേത്ത്-യെശീമോത്തും

21 സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഹെശ്ബോനില്‍ വാണിരുന്ന അമോര്‍യ്യരാജാവായ സീഹോന്റെ രാജ്യം ഒക്കെയും തന്നേ; അവനെയും സീഹോന്റെ പ്രഭുക്കന്മാരായി ദേശത്തു പാര്‍ത്തിരുന്ന ഏവി, രേക്കെം, സൂര്‍, ഹൂര്‍, രേബ എന്നീ മിദ്യാന്യ പ്രഭുക്കന്മാരെയും മോശെ സംഹരിച്ചു.

22 യിസ്രായേല്‍മക്കള്‍ കൊന്നവരുടെ കൂട്ടത്തില്‍ ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാള്‍കൊണ്ടു കൊന്നു.

23 രൂബേന്യരുടെ അതിര്‍ യോര്‍ദ്ദാന്‍ ആയിരുന്നു; ഈ പട്ടണങ്ങള്‍ അവയുടെ ഗ്രാമങ്ങളുള്‍പ്പെടെ രൂബേന്യര്‍ക്കും കുടുംബംകുടുംബമായി കിട്ടിയ അവകാശം.

24 പിന്നെ മോശെ ഗാദ് ഗോത്രത്തിന്നു, കുടുംബംകുടുംബമായി ഗാദ്യര്‍ക്കും തന്നേ, അവകാശം കൊടുത്തു.

25 അവരുടെ ദേശം യസേരും ഗിലെയാദിലെ എല്ലാപട്ടണങ്ങളും രബ്ബയുടെ നേരെയുള്ള അരോവേര്‍വരെ അമ്മോന്യരുടെ പാതിദേശവും;

26 ഹെശ്ബോന്‍ മുതല്‍ രാമത്ത്-മിസ്പെയും ബെതോനീമുംവരെയും മഹനയീംമുതല്‍ ദെബീരിന്റെ അതിര്‍വരെയും;

27 താഴ്വരയില്‍ ഹെശ്ബോന്‍ രാജാവായ സീഹോന്റെ രാജ്യത്തില്‍ ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോന്‍ എന്നിവയും തന്നേ; യോര്‍ദ്ദാന്നക്കരെ കിഴക്കു കിന്നെരോത്ത് തടാകത്തിന്റെ അറുതിവരെ യോര്‍ദ്ദാന്‍ അതിന്നു അതിരായിരുന്നു.

28 ഈ പട്ടണങ്ങള്‍ അവയുടെ ഗ്രാമങ്ങളുള്‍പ്പെടെ കുടുംബംകുടുംബമായി ഗാദ്യര്‍ക്കും കിട്ടിയ അവകാശം.

29 പിന്നെ മോശെ മനശ്ശെയുടെ പാതിഗോത്രത്തിന്നു അവകാശം കൊടുത്തു; കുടുംബംകുടുംബമായി മനശ്ശെയുടെ പാതിഗോത്രത്തിന്നുള്ള അവകാശം ഇതു

30 അവരുടെ ദേശം മഹനയീംമുതല്‍ ബാശാന്‍ മുഴുവനും ബാശാന്‍ രാജാവായ ഔഗിന്റെ രാജ്യമൊക്കെയും ബാശാനില്‍ യായീരിന്റെ ഊരുകള്‍ എല്ലാംകൂടി അറുപതു പട്ടണങ്ങളും

31 പാതിഗിലെയാദും ബാശാനിലെ ഔഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്തരോത്ത്, എദ്രെയി എന്നിവയും തന്നേ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കള്‍ക്കു, മാഖീരിന്റെ മക്കളില്‍ പാതിപ്പേര്‍ക്കും തന്നേ, കുടുംബംകുടുംബമായി കിട്ടി.

32 ഇതു മോശെ യെരീഹോവിന്നു കിഴക്കു യോര്‍ദ്ദാന്നക്കരെ മോവാബ് സമഭൂമിയില്‍വെച്ചു ഭാഗിച്ചുകൊടുത്ത അവകാശം ആകുന്നു.

33 ലേവിഗോത്രത്തിന്നോ മോശെ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവ അവരോടു കല്പിച്ചതുപോലെ താന്‍ തന്നേ അവരുടെ അവകാശം ആകുന്നു.

യോശുവ 14

1 കനാന്‍ ദേശത്തു യിസ്രായേല്‍മക്കള്‍ക്കു അവകാശമായി ലഭിച്ച ദേശങ്ങള്‍ ആവിതുപുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേല്‍ഗോത്രപിതാക്കന്മാരില്‍ തലവന്മാരും ഇവ അവര്‍ക്കും വിഭാഗിച്ചുകൊടുത്തു.

2 യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ ഒമ്പതര ഗോത്രങ്ങള്‍ക്കും ചീട്ടിട്ടായിരുന്നു അവകാശം ഭാഗിച്ചുകൊടുത്തതു.

3 രണ്ടര ഗോത്രങ്ങള്‍ക്കു മോശെ യോര്‍ദ്ദാന്നക്കരെ അവകാശം കൊടുത്തിരുന്നു; ലേവ്യര്‍ക്കോ അവരുടെ ഇടയില്‍ ഒരു അവകാശവും കൊടുത്തില്ല.

4 യോസേഫിന്റെ മക്കള്‍ മനശ്ശെ, എഫ്രയീം എന്നു രണ്ടു ഗോത്രം ആയിരുന്നു. ലേവ്യര്‍ക്കും പാര്‍പ്പാന്‍ പട്ടണങ്ങളും അവരുടെ കന്നുകാലികള്‍ക്കും മൃഗസമ്പത്തിന്നും വേണ്ടി പുല്പുറങ്ങളും അല്ലാതെ ദേശത്തില്‍ ഔഹരിയൊന്നും കൊടുത്തില്ല.

5 യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേല്‍മക്കള്‍ അനുസരിച്ചു ദേശം വിഭാഗിച്ചു.

6 അനന്തരം യെഹൂദാമക്കള്‍ ഗില്ഗാലില്‍ യോശുവയുടെ അടുക്കല്‍ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകന്‍ കാലേബ് അവനോടു പറഞ്ഞതുയഹോവ എന്നെയും നിന്നെയും കുറിച്ചു ദൈവപുരുഷനായ മോശെയോടു കാദേശ് ബര്‍ന്നേയയില്‍വെച്ചു പറഞ്ഞ കാര്യം നീ അറിയുന്നുവല്ലോ.

7 യഹോവയുടെ ദാസനായ മോശെ കാദേശ്ബര്‍ന്നേയയില്‍നിന്നു ദേശത്തെ ഒറ്റുനോക്കുവാന്‍ എന്നെ അയച്ചപ്പോള്‍ എനിക്കു നാല്പതു വയസ്സായിരുന്നു; ഞാന്‍ വന്നു എന്റെ മനോബോധപ്രകാരം അവനോടു മറുപടി പറഞ്ഞു.

8 എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാര്‍ ജനത്തിന്റെ ഹൃദയം ഉരുകുമാറാക്കി; ഞാനോ എന്റെ ദൈവമായ യഹോവയോടു പൂര്‍ണ്ണമായി പറ്റിനിന്നു.

9 നീ എന്റെ ദൈവമായ യഹോവയോടു പൂര്‍ണ്ണമായി പറ്റിനിന്നതുകൊണ്ടു നീ കാല്‍വെച്ച ദേശം നിനക്കും നിന്റെ മക്കള്‍ക്കും എന്നേക്കും അവകാശമായിരിക്കും എന്നു മോശെ അന്നു സത്യംചെയ്തു പറഞ്ഞു.

10 മരുഭൂമിയില്‍ സഞ്ചരിച്ച കാലത്തു യഹോവ മോശെയോടു ഈ വാക്കു കല്പിച്ചതു മുതല്‍ ഈ നാല്പത്തഞ്ചു സംവത്സരത്തോളവും എന്നെ ഇതാ, താന്‍ അരുളിച്ചെയ്തിരുന്നതു പോലെ ജീവനോടെ വെച്ചിരിക്കുന്നു; ഇപ്പോള്‍ എനിക്കു എണ്പത്തഞ്ചു വയസ്സായി.

11 മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്കു ആരോഗ്യം ഉണ്ടു; പടവെട്ടുവാനും പോകയും വരികയും ചെയ്‍വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു.

12 ആകയാല്‍ യഹോവ അന്നു കല്പിച്ച ഈ മല ഇപ്പോള്‍ എനിക്കു തരിക; അനാക്യര്‍ അവിടെ ഉണ്ടെന്നും പട്ടണങ്ങള്‍ വലിപ്പവും ഉറപ്പും ഉള്ളവ എന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ; യഹോവ എന്നോടുകൂടെ ഉണ്ടെങ്കില്‍ താന്‍ അരുളിച്ചെയ്തതുപോലെ ഞാന്‍ അവരെ ഔടിച്ചുകളയും.

13 അപ്പോള്‍ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോന്‍ മല യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.

14 അങ്ങനെ ഹെബ്രോന്‍ ഇന്നുവരെ കെനിസ്യനായ യെഫുന്നെയുടെ മകന്‍ കാലേബിന്നു അവകാശമായിരിക്കുന്നു; അവന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂര്‍ണ്ണമായി പറ്റിനിന്നതുകൊണ്ടു തന്നേ.

15 ഹെബ്രോന്നു പണ്ടു കിര്‍യ്യത്ത്-അര്‍ബ്ബാ എന്നു പേരായിരുന്നു; അര്‍ബ്ബാ എന്നവന്‍ അനാക്യരില്‍ വെച്ചു അതിമഹാന്‍ ആയിരുന്നു. അങ്ങനെ യുദ്ധം തീര്‍ന്നു ദേശത്തിന്നു സ്വസ്ഥത വന്നു.