ഘട്ടം 103

പഠനം

     

രാജാക്കന്മാർ 1 9:10-28

10 ശലോമോന്‍ യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനവും ഇരുപതു സംവത്സരംകൊണ്ടു പണിതശേഷം

11 സോര്‍രാജാവായ ഹീരാം ശലോമോന്നു അവന്റെ ഇഷ്ടംപോലെ ഒക്കെയും ദേവദാരുവും സരളമരവും സ്വര്‍ണ്ണവും കൊടുത്തിരുന്നതുകൊണ്ടു ശലോമോന്‍ രാജാവു ഹീരാമിന്നു ഗലീലദേശത്തു ഇരുപതു പട്ടണം കൊടുത്തു.

12 ശലോമോന്‍ ഹീരാമിന്നു കൊടുത്ത പട്ടണങ്ങളെ കാണേണ്ടതിന്നു അവന്‍ സോരില്‍നിന്നു വന്നു; എന്നാല്‍ അവ അവന്നു ബോധിച്ചില്ല, സഹോദരാ,

13 നീ എനിക്കു തന്ന ഈ പട്ടണങ്ങള്‍ എന്തു എന്നു അവന്‍ പറഞ്ഞു. അവേക്കു ഇന്നുവരെയും കാബൂല്‍ദേശം എന്നു പേരായിരിക്കുന്നു.

14 ഹീരാമോ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നു കൊടുത്തയച്ചു.

15 ശലോമോന്‍ രാജാവു യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതില്‍, ഹാസോര്‍, മെഗിദ്ദോ, ഗേസെര്‍ എന്നിവ പണിയേണ്ടതിന്നു ഊഴിയവേല ചെയ്യിച്ച വിവരം

16 മിസ്രയീംരാജാവായ ഫറവോന്‍ ചെന്നു, ഗേസെര്‍ പിടിച്ചു തീവെച്ചു ചുട്ടുകളഞ്ഞു, അതില്‍ പാര്‍ത്തിരുന്ന കനാന്യരെ കൊന്നു, അതിനെ ശലോമോന്റെ ഭാര്യയായ തന്റെ മകള്‍ക്കു സ്ത്രീധനമായി കൊടുത്തിരുന്നു.

17 അങ്ങനെ ശലോമോന്‍ ഗേസെരും

18 താഴത്തെ ബേത്ത്-ഹോരോനും ബാലാത്തും ദേശത്തിലെ മരുഭൂമിയിലുള്ള

19 തദ്മോരും ശലോമോന്നു ഉണ്ടായിരുന്ന സകലസംഭാരനഗരങ്ങളും രഥനഗരങ്ങളും കുതിരച്ചേവകര്‍ക്കുംള്ള പട്ടണങ്ങളും ശലോമോന്‍ യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തില്‍ എല്ലാടവും പണിവാന്‍ ആഗ്രഹിച്ചതൊക്കെയും പണിതു

20 അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിങ്ങനെ യിസ്രായേല്‍മക്കളില്‍ ഉള്‍പ്പെടാത്ത ശേഷിപ്പുള്ള സകലജാതിയെയും

21 യിസ്രായേല്‍മക്കള്‍ക്കു നിര്‍മ്മൂലമാക്കുവാന്‍ കഴിയാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോന്‍ ഊഴിയവേലക്കാരാക്കി; അവര്‍ ഇന്നുവരെ അങ്ങനെ ഇരിക്കുന്നു.

22 യിസ്രായേല്‍മക്കളില്‍ നിന്നോ ശലോമോന്‍ ആരെയും ദാസ്യവേലക്കാക്കിയില്ല; അവര്‍ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും അവന്റെ രഥങ്ങള്‍ക്കും കുതിരച്ചേവകര്‍ക്കും അധിപതിമാരും ആയിരുന്നു.

23 അഞ്ഞൂറ്റമ്പതുപേര്‍ ശലോമോന്റെ വേലയെടുത്ത ജനത്തിന്നു മേധാവികളായ മേലുദ്യോഗസ്ഥന്മാരായിരുന്നു.

24 ഫറവോന്റെ മകള്‍ ദാവീദിന്റെ നഗരത്തില്‍നിന്നു ശലോമോന്‍ അവള്‍ക്കുവേണ്ടി പണിതിരുന്ന അരമനയില്‍ പാര്‍പ്പാന്‍ വന്നശേഷം അവന്‍ മില്ലോ പണിതു.

25 ശലോമോന്‍ യഹോവേക്കു പണിതിരുന്ന യാഗപീഠത്തിന്മേല്‍ അവര്‍ ആണ്ടില്‍ മൂന്നു പ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു യഹോവയുടെ സന്നിധിയില്‍ ധൂപം കാട്ടും. ഇങ്ങനെ അവന്‍ യഹോവയുടെ ആലയം തീര്‍ത്തു.

26 ശലോമോന്‍ രാജാവു എദോംദേശത്തു ചെങ്കടല്കരയില്‍ ഏലോത്തിന്നു സമീപത്തുള്ള എസ്യോന്‍ -ഗേബെരില്‍വെച്ചു കപ്പലുകള്‍ പണിതു.

27 ആ കപ്പലുകളില്‍ ശലോമോന്റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പല്‍ക്കാരായ തന്റെ ദാസന്മാരെ അയച്ചു.

28 അവര്‍ ഔഫീരിലേക്കു ചെന്നു അവിടെനിന്നു നാനൂറ്റിരുപതു താലന്തു പൊന്നു ശലോമോന്‍ രാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു.

രാജാക്കന്മാർ 1 10

1 ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ചു ശലോമോന്നുള്ള കീര്‍ത്തികേട്ടിട്ടു കടമൊഴികളാല്‍ അവനെ പരീക്ഷിക്കേണ്ടതിന്നു വന്നു.

2 അവള്‍ അതിമഹത്തായ പരിവാരത്തോടും സുഗന്ധവര്‍ഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകളങ്ങളോടുംകൂടെ യെരൂശലേമില്‍വന്നു; അവള്‍ ശലോമോന്റെ അടുക്കല്‍ വന്നശേഷം തന്റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു.

3 അവളുടെ സകലചോദ്യങ്ങള്‍ക്കും ശലോമോന്‍ സമാധാനം പറഞ്ഞു. സമാധാനം പറവാന്‍ കഴിയാതെ ഒന്നും രാജാവിന്നു മറപൊരുളായിരുന്നില്ല.

4 ശെബാരാജ്ഞി ശലോമോന്റെ സകലജ്ഞാനവും അവന്‍ പണിത അരമനയും

5 അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.

6 അവള്‍ രാജാവിനോടു പറഞ്ഞതു എന്തെന്നാല്‍നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാന്‍ എന്റെ ദേശത്തുവെച്ചു കേട്ട വര്‍ത്തമാനം സത്യം തന്നേ.

7 ഞാന്‍ വന്നു എന്റെ കണ്ണുകൊണ്ടു കാണുന്നതുവരെ ആ വര്‍ത്തമാനം വിശ്വസിച്ചില്ല. എന്നാല്‍ പാതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ കേട്ട കീര്‍ത്തിയെക്കാള്‍ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു.

8 നിന്റെ ഭാര്യമാര്‍ ഭാഗ്യവതികള്‍; നിന്റെ മുമ്പില്‍ എപ്പോഴും നിന്നു നിന്റെ ജ്ഞാനം കേള്‍ക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാര്‍.

9 നിന്നെ യിസ്രായേലിന്റെ രാജാസനത്തില്‍ ഇരുത്തുവാന്‍ നിന്നില്‍ പ്രസാദിച്ച നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ ; യഹോവ യിസ്രായേലിനെ എന്നേക്കും സ്നേഹിക്കകൊണ്ടു നീതിയും ന്യായവും നടത്തേണ്ടതിന്നു നിന്നെ രാജാവാക്കിയിരിക്കുന്നു.

10 അവള്‍ രാജാവിന്നു നൂറ്റിരുപതു താലന്ത് പൊന്നും അനവധി സുഗന്ധവര്‍ഗ്ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോന്‍ രാജാവിന്നു കൊടുത്ത സുഗന്ധവര്‍ഗ്ഗംപോലെ അത്ര വളരെ പിന്നെ ഒരിക്കലും വന്നിട്ടില്ല.

11 ഔഫീരില്‍നിന്നു പൊന്നു കൊണ്ടുവന്ന ഹീരാമിന്റെ കപ്പലുകള്‍ ഔഫീരില്‍നിന്നു അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു.

12 രാജാവു ചന്ദനംകൊണ്ടു യഹോവയുടെ ആലയത്തിന്നും രാജധാനിക്കും അഴികളും സംഗീതക്കാര്‍ക്കും കിന്നരങ്ങളും വീണകളും ഉണ്ടാക്കി; അങ്ങനെയുള്ള ചന്ദനമരം ഇന്നുവരെ വന്നിട്ടില്ല, കണ്ടിട്ടുമില്ല.

13 ശലോമോന്‍ രാജാവു സ്വമേധയാ ശെബാരാജ്ഞിക്കു രാജൌചിത്യംപോലെ കൊടുത്തതുകൂടാതെ അവള്‍ ആഗ്രഹിച്ചു ചോദിച്ചതുമെല്ലാം ശലോമോന്‍ രാജാവു അവള്‍ക്കു കൊടുത്തു. അങ്ങനെ അവള്‍ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.

14 ശലോമോന്നു സഞ്ചാരവ്യാപാരികളാലും വര്‍ത്തകന്മാരുടെ കച്ചവടത്താലും സമ്മിശ്രജാതികളുടെ സകലരാജാക്കന്മാരാലും ദേശാധിപതിമാരാലും വന്നതു കൂടാതെ

15 ആണ്ടുതോറും വന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തായിരുന്നു.

16 ശലോമോന്‍ രാജാവു, അടിച്ചുപരത്തിയ പൊന്നുകൊണ്ടു ഇരുനൂറു വന്‍ പരിച ഉണ്ടാക്കി; ഔരോ പരിചെക്കു അറുനൂറുശേക്കല്‍ പൊന്നു ചെലവായി.

17 അടിച്ചുപരത്തിയ പൊന്നുകൊണ്ടു അവന്‍ മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഔരോ ചെറു പരിചെക്കു മൂന്നു മാനേ പൊന്നു ചെലവായി; അവയെ രാജാവു ലെബാനോന്‍ വനഗൃഹത്തില്‍ വെച്ചു.

18 രാജാവു ദന്തംകൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.

19 സിംഹാസനത്തിന്നു ആറു പതനം ഉണ്ടായിരുന്നു. സിംഹാസനത്തിന്റെ തലപുറകോട്ടു വളഞ്ഞിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും കൈത്താങ്ങലും കൈത്താങ്ങലിന്നരികെ നിലക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.

20 ആറു പതനത്തില്‍ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടാക്കിയിരുന്നില്ല.

21 ശലോമോന്‍ രാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോന്‍ വനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; ഒന്നും വെള്ളികൊണ്ടല്ല; അതിന്നു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു.

22 രാജാവിന്നു സമുദ്രത്തില്‍ ഹീരാമിന്റെ കപ്പലുകളോടുകൂടെ തര്‍ശീശ് കപ്പലുകള്‍ ഉണ്ടായിരുന്നു; തര്‍ശീശ് കപ്പലുകള്‍ മൂന്നു സംവത്സരത്തില്‍ ഒരിക്കല്‍ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയില്‍ എന്നിവ കൊണ്ടുവന്നു.

23 ഇങ്ങനെ ശലോമോന്‍ രാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.

24 ദൈവം ശലോമോന്റെ ഹൃദയത്തില്‍ കൊടുത്ത ജ്ഞാനം കേള്‍ക്കേണ്ടതിന്നു സകലദേശക്കാരും അവന്റെ മുഖദര്‍ശനം അന്വേഷിച്ചുവന്നു.

25 അവരില്‍ ഔരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായി വെള്ളിപ്പാത്രം, പൊന്‍ പാത്രം, വസ്ത്രം, ആയുധം, സുഗന്ധവര്‍ഗ്ഗം, കുതിര, കോവര്‍കഴുത എന്നിവ കൊണ്ടുവന്നു.

26 ശലോമോന്‍ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചുഅവന്നു ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. അവരെ അവന്‍ രാജാവിന്റെ രഥനഗരങ്ങളിലും യെരൂശലേമില്‍ രാജാവിന്റെ അടുക്കലും പാര്‍പ്പിച്ചിരുന്നു.

27 രാജാവു യെരൂശലേമില്‍ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയുമാക്കി.

28 ശലോമോന്നു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമില്‍നിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാര്‍ അവയെ കൂട്ടമായിട്ടു വിലെക്കു വാങ്ങിക്കൊണ്ടുവരും.

29 അവര്‍ മിസ്രയീമില്‍നിന്നു രഥം ഒന്നിന്നു അറുനൂറും കുതിര ഒന്നിന്നു നൂറ്റമ്പതും വെള്ളിശേക്കല്‍ വില കൊടുത്തു വാങ്ങികൊണ്ടുവരും; അങ്ങനെ തന്നേ അവര്‍ ഹിത്യരുടെ സകലരാജാക്കന്മാര്‍ക്കും അരാംരാജാക്കന്മാര്‍ക്കും കൊണ്ടുവന്നു കൊടുക്കും.

രാജാക്കന്മാർ 1 11:1-25

1 ശലോമോന്‍ രാജാവു ഫറവോന്റെ മകളെ കൂടാതെ മോവാബ്യര്‍, അമ്മോന്യര്‍, എദോമ്യര്‍, സീദോന്യര്‍, ഹിത്യര്‍ എന്നിങ്ങനെ അന്യാജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു.

2 നിങ്ങള്‍ക്കു അവരോടു കൂടിക്കലര്‍ച്ച അരുതു; അവര്‍ക്കും നിങ്ങളോടും കൂടിക്കലര്‍ച്ച അരുതു; അവര്‍ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്നു യഹോവ യിസ്രായേല്‍മക്കളോടു അരുളിച്ചെയ്ത അന്യജാതികളില്‍നിന്നുള്ളവരെ തന്നേ; അവരോടു ശലോമോന്‍ സ്നേഹത്താല്‍ പറ്റിച്ചേര്‍ന്നിരുന്നു.

3 അവന്നു എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു.

4 എങ്ങനെയെന്നാല്‍ശലോമോന്‍ വയോധികനായപ്പോള്‍ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കല്‍ ഏകാഗ്രമായിരുന്നില്ല.

5 ശലോമോന്‍ സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മില്‍ക്കോമിനെയും ചെന്നു സേവിച്ചു

6 തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂര്‍ണ്ണമായി അനുസരിക്കാതെ ശലോമോന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.

7 അന്നു ശലോമോന്‍ യെരൂശലേമിന്നു എതിരെയുള്ള മലയില്‍ മോവാബ്യരുടെ മ്ളേച്ഛവിഗ്രഹമായ കെമോശിന്നും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മോലേക്കിന്നും ഔരോ പൂജാഗിരി പണിതു.

8 തങ്ങളുടെ ദേവന്മാര്‍ക്കും ധൂപം കാട്ടിയും ബലികഴിച്ചുംപോന്ന അന്യജാതിക്കാരത്തികളായ സകലഭാര്യമാര്‍ക്കും വേണ്ടി അവന്‍ അങ്ങനെ ചെയ്തു.

9 തനിക്കു രണ്ടുപ്രാവശ്യം പ്രത്യക്ഷനാകയും അന്യദേവന്മാരെ ചെന്നു സേവിക്കരുതെന്ന കാര്യത്തെക്കുറിച്ചു തന്നോടു കല്പിക്കയും ചെയ്തിരുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയെ വിട്ടു ശലോമോന്‍ തന്റെ ഹൃദയം തിരിക്കയും

10 യഹോവ കല്പിച്ചതു പ്രമാണിക്കാതെ ഇരിക്കയും ചെയ്കകൊണ്ടു യഹോവ അവനോടു കോപിച്ചു.

11 യഹോവ ശലോമോനോടു അരുളിച്ചെയ്തതു എന്തെന്നാല്‍എന്റെ നിയമവും ഞാന്‍ നിന്നോടു കല്പിച്ച കല്പനകളും നീ പ്രമാണിച്ചില്ല എന്നുള്ള സംഗതി നിന്റെ പേരില്‍ ഇരിക്കകൊണ്ടു ഞാന്‍ രാജത്വം നിങ്കല്‍ നിന്നു നിശ്ചയമായി പറിച്ചു നിന്റെ ദാസന്നു കൊടുക്കും.

12 എങ്കിലും നിന്റെ അപ്പനായ ദാവീദിന്‍ നിമിത്തം ഞാന്‍ നിന്റെ ജീവകാലത്തു അതു ചെയ്കയില്ല; എന്നാല്‍ നിന്റെ മകന്റെ കയ്യില്‍നിന്നു അതിനെ പറിച്ചുകളയും.

13 എങ്കിലും രാജത്വം മുഴുവനും പറിച്ചുകളയാതെ എന്റെ ദാസനായ ദാവീദിന്‍ നിമിത്തവും ഞാന്‍ തിരഞ്ഞെടുത്ത യെരൂശലേമിന്‍ നിമിത്തവും ഒരു ഗോത്രത്തെ ഞാന്‍ നിന്റെ മകന്നു കൊടുക്കും.

14 യഹോവ എദോമ്യനായ ഹദദ് എന്ന ഒരു പ്രതിയോഗിയെ ശലോമോന്റെ നേരെ എഴുന്നേല്പിച്ചു. അവന്‍ എദോം രാജസന്തതിയില്‍ ഉള്ളവന്‍ ആയിരുന്നു.

15 ദാവീദ് എദോമ്യരെ നിഗ്രഹിച്ചകാലത്തു സേനാധിപതിയായ യോവാബ് പട്ടുപോയവരെ അടക്കംചെയ്‍വാന്‍ ചെന്നു എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിച്ചപ്പോള്‍--

16 എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിക്കുവോളം യോവാബും എല്ലായിസ്രായേലും അവിടെ ആറുമാസം പാര്‍ത്തിരുന്നു--

17 ഹദദ് എന്നവന്‍ തന്റെ അപ്പന്റെ ഭൃത്യന്മാരില്‍ ചില എദോമ്യരുമായി മിസ്രയീമിലേക്കു ഔടിപ്പോയി; ഹദദ് അന്നു പൈതല്‍ ആയിരുന്നു.

18 അവര്‍ മിദ്യാനില്‍ നിന്നു പുറപ്പെട്ടു പാറാനില്‍ എത്തി; പാറാനില്‍നിന്നു ആളുകളെയും കൂട്ടിക്കൊണ്ടു മിസ്രയീമില്‍ മിസ്രയീംരാജാവായ ഫറവോന്റെ അടുക്കല്‍ ചെന്നു; അവന്‍ അവന്നു ഒരു വീടു കൊടുത്തു ആഹാരം കല്പിച്ചു ഒരു ദേശവും കൊടുത്തു.

19 ഫറവോന്നു ഹദദിനോടു വളരെ ഇഷ്ടം തോന്നി; അതുകൊണ്ടു അവന്‍ തന്റെ ഭാര്യയായ തഹ്പെനേസ്രാജ്ഞിയുടെ സഹോദരിയെ അവന്നു ഭാര്യയായി കൊടുത്തു.

20 തഹ്പെനേസിന്റെ സഹോദരി അവന്നു ഗെനൂബത്ത് എന്നൊരു മകനെ പ്രസവിച്ചു; അവനെ തഹ്പെനേസ് മുലകുടി മാറ്റി ഫറവോന്റെ അരമനയില്‍ വളര്‍ത്തി; അങ്ങനെ ഗെനൂബത്ത് ഫറവോന്റെ അരമനയില്‍ ഫറവോന്റെ പുത്രന്മാരോടുകൂടെ ആയിരുന്നു.

21 ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു എന്നും സേനാധിപതിയായ യോവാബും മരിച്ചു എന്നും ഹദദ് മിസ്രയീമില്‍ കേട്ടിട്ടു ഫറവോനോടുഞാന്‍ എന്റെ ദേശത്തേക്കു യാത്രയാകേണ്ടതിന്നു എന്നെ അയക്കേണം എന്നു പറഞ്ഞു.

22 ഫറവോന്‍ അവനോടുനീ സ്വദേശത്തേക്കു പോകുവാന്‍ താല്പര്യപ്പെടേണ്ടതിന്നു എന്റെ അടുക്കല്‍ നിനക്കു എന്തു കുറവുള്ള എന്നു ചോദിച്ചു; അതിന്നു അവന്‍ ഒന്നുമുണ്ടായിട്ടല്ല; എങ്കിലും എന്നെ ഒന്നയക്കേണം എന്നു പറഞ്ഞു.

23 ദൈവം അവന്റെ നേരെ എല്യാദാവിന്റെ മകനായ രെസോന്‍ എന്ന മറ്റൊരു പ്രതിയോഗിയെയും എഴുന്നേല്പിച്ചു; അവന്‍ സോബാരാജാവായ ഹദദേസര്‍ എന്ന തന്റെ യജമാനനെ വിട്ടു ഔടിപ്പോയിരുന്നു.

24 ദാവീദ് സോബക്കാരെ നിഗ്രഹിച്ചപ്പോള്‍ അവന്‍ തനിക്കു ആളുകളെ ശേഖരിച്ചു അവരുടെ കൂട്ടത്തിന്നു നായകനായ്തീര്‍ന്നു; അവര്‍ ദമ്മേശെക്കില്‍ ചെന്നു അവിടെ പാര്‍ത്തു ദമ്മേശെക്കില്‍ വാണു.

25 ഹദദ് ചെയ്ത ദോഷം കൂടാതെ ഇവനും ശലോമോന്റെ കാലത്തൊക്കെയും യിസ്രായേലിന്നു പ്രതിയോഗി ആയിരുന്നു; അവന്‍ യിസ്രായേലിനെ വെറുത്തു അരാമില്‍ രാജാവായിവാണു.