ഘട്ടം 125

പഠനം

     

ദിനവൃത്താന്തം 2 1

1 ദാവീദിന്റെ മകനായ ശലോമോന്‍ തന്റെ രാജത്വത്തില്‍ സ്ഥിരപ്പെട്ടു; അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരുന്നു അവനെ അത്യന്തം മഹത്വപ്പെടുത്തി.

2 ശലോമോന്‍ എല്ലായിസ്രായേലിനോടും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ന്യായാധിപന്മാരോടും എല്ലായിസ്രായേലിന്റെയും പിതൃഭവനത്തലവന്മാരായ സകല പ്രഭുക്കന്മാരോടും

3 സംസാരിച്ചിട്ടു ശലോമോന്‍ സര്‍വ്വസഭയുമായി ഗിബെയോനിലെ പൂജാഗിരിക്കു പോയി. യഹോവയുടെ ദാസനായ മോശെ മരുഭൂമിയില്‍വെച്ചു ഉണ്ടാക്കിയ ദൈവത്തിന്റെ സമാഗമനക്കുടാരം അവിടെ ആയിരുന്നു.

4 എന്നാല്‍ ദൈവത്തിന്റെ പെട്ടകം ദാവീദ് കിര്‍യ്യത്ത്-യെയാരീമില്‍നിന്നു താന്‍ അതിന്നായി ഒരുക്കിയിരുന്ന സ്ഥലത്തേക്കു കൊണ്ടുപോന്നു; അവന്‍ അതിന്നായി യെരൂശലേമില്‍ ഒരു കൂടാരം അടിച്ചിട്ടുണ്ടായിരുന്നു.

5 ഹൂരിന്റെ മകനായ ഊരിയുടെ മകന്‍ ബെസലേല്‍ ഉണ്ടാക്കിയ താമ്രയാഗപീഠവും അവിടെ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പില്‍ ഉണ്ടായിരുന്നു; അവിടെ ശലോമോനും സഭയും അവനോടു പ്രാര്‍ത്ഥിച്ചു.

6 ശലോമോന്‍ അവിടെ യഹോവയുടെ സന്നിധിയില്‍ സമാഗമനക്കുടാരത്തിലെ താമ്രയാഗപീഠത്തിങ്കലേക്കു ചെന്നു അതിന്മേല്‍ ആയിരം ഹോമയാഗം കഴിച്ചു.

7 അന്നു രാത്രി ദൈവം ശലോമോന്നു പ്രത്യക്ഷനായി അവനോടുഞാന്‍ നിനക്കു എന്തു തരേണം; ചോദിച്ചുകൊള്‍ക എന്നരുളിച്ചെയ്തു.

8 ശലോമോന്‍ ദൈവത്തോടു പറഞ്ഞതുഎന്റെ അപ്പനായ ദാവീദിനോടു നീ മഹാദയകാണിച്ചു അവന്നു പകരം എന്നെ രാജാവാക്കിയിരിക്കുന്നു.

9 ആകയാല്‍ യഹോവയായ ദൈവമേ എന്റെ അപ്പനായ ദാവീദിനോടുള്ള നിന്റെ വാഗ്ദാനം നിവൃത്തിയായ്‍വരുമാറാകട്ടെ; ഭൂമിയിലെ പൊടിപോലെ അസംഖ്യമായുള്ള ജനത്തിന്നു നീ എന്നെ രാജാവാക്കിയിരിക്കുന്നുവല്ലോ.

10 ആകയാല്‍ ഈ ജനത്തിന്നു നായകനായിരിക്കേണ്ടതിന്നു എനിക്കു ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‍വാന്‍ ആര്‍ക്കും കഴിയും?

11 അതിന്നു ദൈവം ശലോമോനോടുഇതു നിന്റെ താല്പര്യമായിരിക്കയാലും ധനം, സമ്പത്തു, മാനം, ശത്രുനിഗ്രഹം എന്നിവയോ ദീര്‍ഘായുസ്സോ ചോദിക്കാതെ ഞാന്‍ നിന്നെ രാജാവാക്കിവെച്ച എന്റെ ജനത്തിന്നു ന്യായപാലനം ചെയ്യേണ്ടതിന്നു ജ്ഞാനവും വിവേകവും ചോദിച്ചിരിക്കയാലും

12 ജ്ഞാനവും വിവേകവും നിനക്കു നല്കിയിരിക്കുന്നു; അതല്ലാതെ നിനക്കു മുമ്പുള്ള രാജാക്കന്മാരില്‍ ആര്‍ക്കും ലഭിച്ചിട്ടില്ലാത്തതും നിന്റെ ശേഷം ആര്‍ക്കും ലഭിക്കാത്തതുമായ ധനവും സമ്പത്തും മാനവും ഞാന്‍ നിനക്കു തരും എന്നു അരുളിച്ചെയ്തു.

13 പിന്നെ ശലോമോന്‍ ഗിബെയോനിലെ പൂജാഗിരിയില്‍നിന്നു, സമാഗമനക്കുടാരത്തിന്റെ മുമ്പില്‍നിന്നു തന്നേ, യെരൂശലേമിലേക്കു വന്നു യിസ്രായേലില്‍ വാണു.

14 ശലോമോന്‍ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു; അവന്നു ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവന്‍ രഥനഗരങ്ങളിലും യെരൂശലേമില്‍ രാജാവിന്റെ അടുക്കലും പാര്‍പ്പിച്ചു.

15 രാജാവു യെരൂശലേമില്‍ പൊന്നും വെള്ളിയും പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരു താഴ്വീതിയിലെ കാട്ടത്തിമരം പോലെയും ആക്കി.

16 ശലോമോന്നു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമില്‍നിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാര്‍ അവയെ കൂട്ടമായി വിലെക്കു വാങ്ങിക്കൊണ്ടുവരും.

17 അവര്‍ മിസ്രയീമില്‍ നിന്നു രഥമൊന്നിന്നു അറുനൂറും കുതിര ഒന്നിന്നു നൂറ്റമ്പതും വെള്ളിശെക്കല്‍ വിലകൊടുത്തു വാങ്ങിക്കൊണ്ടുവരും; അങ്ങനെതന്നെ അവര്‍ ഹിത്യരുടെ സകലരാജാക്കന്മാര്‍ക്കും അരാംരാജാക്കന്മാര്‍ക്കും കൊണ്ടുവന്നു കൊടുക്കും.

ദിനവൃത്താന്തം 2 2

1 അനന്തരം ശലോമോന്‍ യഹോവയുടെ നാമത്തിന്നു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയുവാന്‍ നിശ്ചയിച്ചു.

2 ശലോമോന്‍ എഴുപതിനായിരം ചുമട്ടുകാരെയും മലയില്‍ എണ്പതിനായിരം കല്ലുവെട്ടുകാരെയും അവര്‍ക്കും മേല്‍വിചാരകന്മാരായി മൂവായിരത്തറുനൂറുപേരെയും നിയമിച്ചു.

3 പിന്നെ ശലോമോന്‍ സോര്‍രാജാവായ ഹൂരാമിന്റെ അടുക്കല്‍ ആളയച്ചു പറയിച്ചതു എന്തെന്നാല്‍എന്റെ അപ്പനായ ദാവീദ് തനിക്കു പാര്‍പ്പാന്‍ ഒരു അരമന പണിയേണ്ടതിന്നു അവന്നു ദേവദാരു കൊടുത്തയച്ചതില്‍ നീ അവനോടു പെരുമാറിയതുപോലെ എന്നോടു ചെയ്യേണം.

4 ഞാന്‍ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരാലയം പണിവാന്‍ പോകുന്നു; അതു അവന്നു പ്രതിഷ്ഠിച്ചിട്ടു അതില്‍ അവന്റെ സന്നിധിയില്‍ സുഗന്ധ ധൂപം കാട്ടുവാനും നിരന്തരമായ കാഴ്ചയപ്പം ഒരുക്കുവാനും കാലത്തും വൈകുന്നേരത്തും ശബ്ബത്തുകളിലും അമാവാസ്യകളിലും ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവങ്ങളിലും ഹോമയാഗം കഴിപ്പാനും തന്നേ. ഇതു യിസ്രായേലിന്നു ഒരു ശാശ്വതനിയമം ആകുന്നു.

5 ഞങ്ങളുടെ ദൈവം സകലദേവന്മാരെക്കാളും വലിയവനാകയാല്‍ ഞാന്‍ പണിവാന്‍ പോകുന്ന ആലയം വലിയതു.

6 എന്നാല്‍ അവന്നു ആലയം പണിവാന്‍ പ്രാപ്തിയുള്ളവന്‍ ആര്‍? സ്വര്‍ഗ്ഗത്തിലും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തിലും അവന്‍ അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്റെ സന്നിധിയില്‍ ധൂപം കാട്ടുവാനല്ലാതെ അവന്നു ഒരു ആലയം പണിയേണ്ടതിന്നു ഞാന്‍ ആര്‍?

7 ആകയാല്‍ എന്റെ അപ്പനായ ദാവീദ് കരുതിയവരായി എന്റെ അടുക്കല്‍ യെഹൂദയിലും യെരൂശലേമിലും ഉള്ള കൌശലപ്പണിക്കാരോടുകൂടെ പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, ധൂമ്രനൂല്‍, ചുവപ്പു നൂല്‍, നീലനൂല്‍ എന്നിവകൊണ്ടു പണിചെയ്‍വാന്‍ സമര്‍ത്ഥനും കൊത്തുപണി ശീലമുള്ളവനുമായ ഒരു ആളെ എന്റെ അടുക്കല്‍ അയച്ചുതരേണം.

8 ലെബാനോനില്‍നിന്നു ദേവദാരുവും സരളമരവും ചന്ദനവും കൂടെ എനിക്കു അയച്ചുതരേണം; നിന്റെ വേലക്കാര്‍ ലെബാനോനില്‍ മരംവെട്ടുവാന്‍ സമര്‍ത്ഥന്മാരെന്നു എനിക്കറിവുണ്ടു; എനിക്കു വേണ്ടുവോളം മരം ശേഖരിപ്പാന്‍ എന്റെ വേലക്കാര്‍ നിന്റെ വേലക്കാരോടുകൂടെ ഇരിക്കും.

9 ഞാന്‍ പണിവാനിരിക്കുന്ന ആലയം വലിയതും അത്ഭുതകരവും ആയിരിക്കേണം.

10 മരംവെട്ടുകാരായ നിന്റെ വേലക്കാര്‍ക്കും ഞാന്‍ ഇരുപതിനായിരം കോര്‍ കോതമ്പരിയും ഇരുപതിനായിരം കോര്‍ യവവും ഇരുപതിനായിരം ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും കൊടുക്കും.

11 സോര്‍രാജാവായ ഹൂരാം ശലോമോന്നുയഹോവ തന്റെ ജനത്തെ സ്നേഹിക്കകൊണ്ടു നിന്നെ അവര്‍ക്കും രാജാവാക്കിയിരിക്കുന്നു എന്നു മറുപടി എഴുതി അയച്ചു.

12 ഹൂരാം പിന്നെയും പറഞ്ഞതുയഹോവേക്കു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയേണ്ടതിന്നു ജ്ഞാനവും ബുദ്ധിയും വിവേകവും ഉള്ള ഒരു മകനെ ദാവീദ് രാജാവിന്നു നല്കിയവനായി ആകാശവും ഭൂമിയും ഉണ്ടാക്കിയവനായി യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ .

13 ഇപ്പോള്‍ ഞാന്‍ ജ്ഞാനവും വിവേകവുമുള്ള പുരുഷനായ ഹൂരാം-ആബിയെ അയച്ചിരിക്കുന്നു.

14 അവന്‍ ഒരു ദാന്യസ്ത്രീയുടെ മകന്‍ ; അവന്റെ അപ്പന്‍ ഒരു സോര്‍യ്യന്‍ . പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, കല്ലു, മരം, ധൂമ്രനൂല്‍, നീല നൂല്‍, ചണനൂല്‍, ചുവപ്പുനൂല്‍ എന്നിവകൊണ്ടു പണിചെയ്‍വാനും ഏതുവിധം കൊത്തുപണി ചെയ്‍വാനും നിന്റെ കൌശലപ്പണിക്കാരോടും നിന്റെ അപ്പനും എന്റെ യജമാനനുമായ ദാവീദിന്റെ കൌശലപ്പണിക്കാരോടുംകൂടെ അവന്നു ഏല്പിക്കുന്ന ഏതു കൌശലപ്പണിയും സങ്കല്പിപ്പാനും അവന്‍ സമര്‍ത്ഥന്‍ ആകുന്നു.

15 ആകയാല്‍ യജമാനന്‍ പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാര്‍ക്കും കൊടുത്തയക്കട്ടെ.

16 എന്നാല്‍ ഞങ്ങള്‍ നിന്റെ ആവശ്യംപോലെയൊക്കെയും ലെബാനോനില്‍നിന്നു മരംവെട്ടി ചങ്ങാടം കെട്ടി കടല്‍വഴിയായി യാഫോവില്‍ എത്തിച്ചുതരും; നീ അതു യെരൂശലേമിലേക്കു കൊണ്ടുപോകേണം.

17 അനന്തരം ശലോമോന്‍ യിസ്രായേല്‍ദേശത്തിലെ അന്യന്മാരെ ഒക്കെയും തന്റെ അപ്പനായ ദാവീദ് എണ്ണംനോക്കിയതുപോലെ എണ്ണം എടുത്താറെ ഒരു ലക്ഷത്തമ്പത്തിമൂവായിരത്തറുനൂറുപേര്‍ എന്നു കണ്ടു.

18 അവരില്‍ എഴുപതിനായിരംപേരെ ചുമട്ടുകാരായിട്ടും എണ്‍പതിനായിരം പേരെ മലയില്‍ കല്ലുവെട്ടുകാരായിട്ടും മൂവായിരത്തറുനൂറുപേരെ ജനത്തെക്കൊണ്ടു വേല ചെയ്യിപ്പാന്‍ മേല്‍ വിചാരകരായിട്ടും നിയമിച്ചു.

ദിനവൃത്താന്തം 2 3

1 അനന്തരം ശലോമോന്‍ യെരൂശലേമില്‍ തന്റെ അപ്പനായ ദാവീദിന്നു യഹോവ പ്രത്യക്ഷനായ മോരീയാപര്‍വ്വതത്തില്‍ യെബൂസ്യനായ ഒര്‍ന്നാന്റെ കളത്തിങ്കല്‍ ദാവീദ് വട്ടംകൂട്ടിയിരുന്ന സ്ഥലത്തു യഹോവയുടെ ആലയം പണിവാന്‍ തുടങ്ങി.

2 തന്റെ വാഴ്ചയുടെ നാലാം ആണ്ടില്‍ രണ്ടാം മാസം രണ്ടാം തീയ്യതിയായിരുന്നു അവന്‍ പണിതുടങ്ങിയതു.

3 ദൈവാലയം പണിയേണ്ടതിന്നു ശലോമോന്‍ ഇട്ട അടിസ്ഥാനത്തിന്റെ പരിമാണമോമുമ്പിലത്തെ അളവിന്‍ പ്രകാരം അതിന്റെ നീളം അറുപതുമുഴം, വീതി ഇരുപതുമുഴം.

4 മുന്‍ ഭാഗത്തുള്ള മണ്ഡപത്തിന്നു ആലയത്തിന്റെ വീതിക്കു ഒത്തവണ്ണം ഇരുപതു മുഴം നീളവും നൂറ്റിരുപതു മുഴം ഉയരവും ഉണ്ടായിരുന്നു; അതിന്റെ അകം അവന്‍ തങ്കംകൊണ്ടു പൊതിഞ്ഞു.

5 വലിയ ആലയത്തിന്നു അവന്‍ സരളമരംകൊണ്ടു മച്ചിട്ടു, അതിനെ തങ്കംകൊണ്ടു പൊതിഞ്ഞു, അതിന്മേല്‍ ഈന്തപ്പനയും ലതയും കൊത്തിച്ചു.

6 അവന്‍ ഭംഗിക്കായിട്ടു ആലയത്തെ രത്നംകൊണ്ടു അലങ്കരിച്ചു; പൊന്നോ പര്‍വ്വയീംപൊന്നു ആയിരന്നു.

7 അവന്‍ ആലയവും തുലാങ്ങളും കാലുകളും ചുവരുകളും കതകുകളും പൊന്നു കൊണ്ടു പൊതിഞ്ഞു, ചുവരിന്മേല്‍ കെരൂബുകളെയും കൊത്തിച്ചു.

8 അവന്‍ അതിവിശുദ്ധമന്ദിരവും ഉണ്ടാക്കി; അതിന്റെ നീളം ആലയത്തിന്റെ വീതിക്കു ഒത്തവണ്ണം ഇരുപതു മുഴവും, വീതി ഇരുപതു മുഴവും ആയിരുന്നു; അവന്‍ അറുനൂറു താലന്ത് തങ്കംകൊണ്ടു അതു പൊതിഞ്ഞു.

9 ആണികളുടെ തൂക്കം അമ്പതു ശേക്കെല്‍ പൊന്നു ആയിരുന്നുമാളികമുറികളും അവന്‍ പൊന്നുകൊണ്ടു പൊതിഞ്ഞു.

10 അതിവിശുദ്ധമന്ദിരത്തില്‍ അവന്‍ കൊത്തുപണിയായ രണ്ടു കെരൂബുകളെ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.

11 കെരൂബുകളുടെ ചിറകുകളുടെ നീളം ഇരുപതു മുഴം. ഒന്നിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊടുന്നതായി അഞ്ചു മുഴവും മറ്റെ ചിറകു മറ്റെ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു

12 മറ്റെ കെരൂബിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊടുന്നതായി അഞ്ചു മുഴവും മറ്റെ ചിറകു മറ്റെ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു.

13 ഈ കെരൂബുകളുടെ ചിറകുകള്‍ ഇരുപതു മുഴം നീളത്തില്‍ വിടര്‍ന്നിരുന്നു. അവ കാല്‍ ഊന്നിയും മുഖം അകത്തോട്ടു തിരിഞ്ഞും നിന്നിരുന്നു.

14 അവന്‍ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, ചണനൂല്‍ എന്നിവകൊണ്ടു തിരശ്ശീല ഉണ്ടാക്കി അതിന്മേല്‍ കെരൂബുകളെയും നെയ്തുണ്ടാക്കി.

15 അവന്‍ ആലയത്തിന്റെ മുമ്പില്‍ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭമുണ്ടാക്കി; അവയുടെ തലെക്കലുള്ള പോതികെക്കു അയ്യഞ്ചു മുഴം ഉയരമുണ്ടായിരുന്നു.

16 അന്തര്‍മ്മന്ദിരത്തില്‍ ഉള്ളപോലെ മാലകളെ അവന്‍ ഉണ്ടാക്കി സ്തംഭങ്ങളുടെ തലെക്കല്‍ വെച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളില്‍ കോര്‍ത്തിട്ടു.

17 അവന്‍ സ്തംഭങ്ങളെ മന്ദിരത്തിന്റെ മുമ്പില്‍ ഒന്നു വലത്തും മറ്റേതു ഇടത്തും നിര്‍ത്തി; വലത്തേതിന്നു യാഖീന്‍ എന്നും ഇടത്തേതിന്നു ബോവസ് എന്നും പേര്‍ വിളിച്ചു.

ദിനവൃത്താന്തം 2 4:1-10

1 അവന്‍ താമ്രംകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി; അതിന്റെ നീളം ഇരുപതു മുഴവും വീതി ഇരുപതു മുഴവും ഉയരം പത്തു മുഴവും ആയിരുന്നു.

2 അവന്‍ ഒരു വാര്‍പ്പുകടലും ഉണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടുവകൂ പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതു മുഴം നൂലളവും ഉണ്ടായിരുന്നു.

3 അതിന്നു കീഴെ ചുറ്റിലും കുമിഴുകള്‍ മുഴത്തിന്നു പത്തുവീതം കടലിനെ ചുറ്റിയിരുന്നു. അതു വാര്‍ത്തപ്പോള്‍ തന്നേ കുമിഴുകളും രണ്ടു നിരയായി വാര്‍ത്തുണ്ടാക്കിയിരുന്നു.

4 അതു പന്ത്രണ്ടു കാളയുടെ പുറത്തു വെച്ചിരുന്നുമൂന്നു വടക്കോട്ടും മൂന്നു പടിഞ്ഞാറോട്ടും മൂന്നു തെക്കോട്ടും മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു. കടല്‍ അവയുടെ പുറത്തു വെച്ചിരുന്നു; അവയുടെ പൃഷ്ഠഭാഗമൊക്കെയും അകത്തോട്ടു ആയിരുന്നു.

5 അതിന്റെ കനം നാലു അംഗുലവും അതിന്റെ വകൂ പാനപാത്രത്തിന്റെ വകൂപോലെയും വിടര്‍ന്ന താമരപ്പൂപോലെയും ആയിരുന്നു. അതില്‍ മൂവായിരം ബത്ത് വെള്ളം കൊള്ളും.

6 അവന്‍ പത്തു തൊട്ടിയും ഉണ്ടാക്കി; കഴുകുന്ന ആവശ്യത്തിലേക്കു അഞ്ചു വലത്തുഭാഗത്തും അഞ്ചു ഇടത്തുഭാഗത്തും വെച്ചു. ഹോമയാഗത്തിന്നുള്ള സാധനങ്ങളെ അവര്‍ അവയില്‍ കഴുകും; കടലോ പുരോഹിതന്മാര്‍ക്കും കഴുകുവാനുള്ളതായിരുന്നു.

7 അവന്‍ പൊന്നുകൊണ്ടു പത്തു വിളക്കും അവയെക്കുറിച്ചുള്ള വിധിപ്രകാരം ഉണ്ടാക്കി, മന്ദിരത്തില്‍ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു.

8 അവന്‍ പത്തു മേശയും ഉണ്ടാക്കി; മന്ദിരത്തില്‍ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു; അവന്‍ പൊന്നു കൊണ്ടു നൂറു കലശവും ഉണ്ടാക്കി.

9 അവന്‍ പുരോഹിതന്മാരുടെ പ്രാകാരവും വലിയ പ്രാകാരവും പ്രാകാരത്തിന്നു വാതിലുകളും ഉണ്ടാക്കി, കതകു താമ്രംകൊണ്ടു പൊതിഞ്ഞു.

10 അവന്‍ കടലിനെ വലത്തുഭാഗത്തു തെക്കുകിഴക്കായിട്ടു വെച്ചു.