ഘട്ടം 129

പഠനം

     

ദിനവൃത്താന്തം 2 16

1 ആസയുടെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടില്‍ യിസ്രായേല്‍രാജാവായ ബയെശായെഹൂദെക്കു നേരെ വന്നു യെഹൂദാരാജാവായ ആസയുടെ അടുക്കല്‍ വരത്തുപോക്കിന്നു ആരെയും സമ്മതിക്കാത്തവണ്ണം രാമയെ പണിതു ഉറപ്പിച്ചു.

2 അപ്പോള്‍ ആസാ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളില്‍നിന്നു വെള്ളിയും പൊന്നും എടുത്തു ദമ്മേശെക്കില്‍ വസിച്ച അരാം രാജാവായ ബെന്‍ -ഹദദിന്നു കൊടുത്തയച്ചു

3 എനിക്കും നിനക്കും എന്റെ അപ്പനും നിന്റെ അപ്പന്നും തമ്മില്‍ സഖ്യതയുണ്ടല്ലോ; ഇതാ, ഞാന്‍ നിനക്കു വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേല്‍രാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന്നു നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറഞ്ഞു.

4 ബെന്‍ -ഹദദ് ആസാരാജാവിന്റെ വാക്കു കേട്ടു തന്റെ സേനാധിപതിമാരെ യിസ്രായേല്‍പട്ടണങ്ങള്‍ക്കു നേരെ അയച്ചു; അവര്‍ ഈയോനും ദാനും ആബേല്‍-മയീമും നഫ്താലിയുടെ സകലസംഭാരനഗരങ്ങളും പിടിച്ചടക്കി.

5 ബയെശാ അതു കേട്ടപ്പോള്‍ രാമയെ പണിയുന്ന തന്റെ പ്രവൃത്തി നിര്‍ത്തിവെച്ചു.

6 അപ്പോള്‍ ആസാരാജാവു യെഹൂദ്യരെ ഒക്കെയും കൂട്ടി, ബയെശാ പണിത രാമയുടെ കല്ലും മരവും എടുത്തു കൊണ്ടുപോയിഅവന്‍ അവകൊണ്ടു ഗേബയും മിസ്പയും പണിതു ഉറപ്പിച്ചു.

7 ആ കാലത്തു ദര്‍ശകനായ ഹനാനി യെഹൂദാ രാജാവായ ആസയുടെ അടുക്കല്‍ വന്നു അവനോടു പറഞ്ഞതു എന്തെന്നാല്‍നീ നിന്റെ ദൈവമായ യഹോവയില്‍ ആശ്രയിക്കാതെ അരാംരാജാവില്‍ ആശ്രയിക്കകൊണ്ടു അരാംരാജാവിന്റെ സൈന്യം നിന്റെ കയ്യില്‍നിന്നു തെറ്റിപ്പോയിരിക്കുന്നു.

8 കൂശ്യരും ലൂബ്യരും അനവധി രഥങ്ങളോടും കുതിരച്ചേവകരോടും കൂടിയ ഒരു മഹാസൈന്യമായിരുന്നില്ലയോ? എന്നാല്‍ നീ യഹോവയില്‍ ആശ്രയിക്കകൊണ്ടു അവന്‍ അവരെ നിന്റെ കയ്യില്‍ ഏല്പിച്ചുതന്നു.

9 യഹോവയുടെ കണ്ണു തങ്കല്‍ ഏകാഗ്രചിത്തന്മാരായിരിക്കുന്നവര്‍ക്കും വേണ്ടി തന്നെത്താന്‍ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു; ഇതില്‍ നീ ഭോഷത്വം പ്രവര്‍ത്തിച്ചിരിക്കുന്നു; ഇനി നിനക്കു യുദ്ധങ്ങള്‍ ഉണ്ടാകും.

10 അപ്പോള്‍ ആസാ ദര്‍ശകനോടു ക്രുദ്ധിച്ചു അവനെ കാരാഗൃഹത്തില്‍ ആക്കി; ഈ കാര്യംനിമിത്തം അവന്നു അവനോടു ഉഗ്രകോപമുണ്ടായിരുന്നു; ആ സമയത്തു ആസാ ജനത്തില്‍ ചിലരെ പീഡിപ്പിച്ചു.

11 ആസയുടെ വൃത്താന്തങ്ങള്‍ ആദ്യാവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

12 ആസെക്കു തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടില്‍ കാലില്‍ ദീനംപിടിച്ചു; ദീനം അതികഠിനമായിരുന്നു; എന്നാല്‍ അവന്‍ തന്റെ ദീനത്തില്‍ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചതു.

13 ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു തന്റെ വാഴ്ചയുടെ നാല്പത്തൊന്നാം ആണ്ടില്‍ മരിച്ചു.

14 അവന്‍ ദാവീദിന്റെ നഗരത്തില്‍ തനിക്കായിട്ടു വെട്ടിച്ചിരുന്ന സ്വന്ത കല്ലറയില്‍ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ യോഗപ്രകാരം ഉണ്ടാക്കിയ സുഗന്ധവര്‍ഗ്ഗവും പലതരം പരിമളസാധനങ്ങളും നിറെച്ചിരുന്ന ശയ്യമേല്‍ അവനെ കിടത്തുകയും അവന്നു വേണ്ടി എത്രയും വലിയോരു ദഹനം കഴിക്കയും ചെയ്തു.

ദിനവൃത്താന്തം 2 17

1 അവന്റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി; അവന്‍ യിസ്രായേലിന്നെതിരെ പ്രബലനായ്തീര്‍ന്നു.

2 അവന്‍ യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും സൈന്യങ്ങളെ ആക്കി; യെഹൂദാദേശത്തും തന്റെ അപ്പനായ ആസാ പിടിച്ച എഫ്രയീംപട്ടണങ്ങളിലും കാവല്പട്ടാളങ്ങളെയും ആക്കി.

3 യെഹോശാഫാത്ത് തന്റെ പിതാവായ ദാവീദിന്റെ ആദ്യത്തെ വഴികളില്‍ നടക്കയും ബാല്‍വിഗ്രഹങ്ങളെ ആശ്രയിക്കാതെ

4 തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു

5 യഹോവ അവന്നു രാജത്വം ഉറപ്പിച്ചു കൊടുത്തു; എല്ലായെഹൂദയും യെഹോശാഫാത്തിന്നു കാഴ്ച കൊണ്ടുവന്നു; അവന്നു ധനവും മാനവും വളരെ ഉണ്ടായി.

6 അവന്റെ ഹൃദയം യഹോവയുടെ വഴികളില്‍ ധൈര്യപ്പെട്ടിട്ടു അവന്‍ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും യെഹൂദയില്‍നിന്നു നീക്കിക്കളഞ്ഞു.

7 അവന്‍ തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടില്‍ യെഹൂദാനഗരങ്ങളില്‍ ഉപദേശിപ്പാനായിട്ടു ബെന്‍ -ഹയീല്‍, ഔബദ്യാവു, സെഖര്‍യ്യാവു, നെഥനയേല്‍, മീഖാ എന്നീ തന്റെ പ്രഭുക്കന്മാരെയും

8 അവരോടുകൂടെ ശെമയ്യാവു, നെഥന്യാവു, സെബദ്യാവു, അസായേല്‍, ശെമീരാമോത്ത്, യെഹോനാഥാന്‍ , അദോനീയാവു, തോബീയാവു, തോബ്-അദോനീയാവു എന്നീ ലേവ്യരെയും അവരോടുകൂടെ എലീശാമാ, യെഹോരാം എന്നീ പുരോഹിതന്മാരെയും അയച്ചു.

9 അവര്‍ യെഹൂദയില്‍ ഉപദേശിച്ചു; യഹോവയുടെ ന്യായപ്രമാണപുസ്തകവും അവരുടെ കയ്യില്‍ ഉണ്ടായിരുന്നു; അവര്‍ യെഹൂദാനഗരങ്ങളിലൊക്കെയും സഞ്ചരിച്ചു ജനത്തെ ഉപദേശിച്ചു.

10 യഹോവയിങ്കല്‍നിന്നു ഒരു ഭീതി യെഹൂദെക്കു ചുറ്റുമുള്ള ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വീണിരുന്നതു കൊണ്ടു അവര്‍ യെഹോശാഫാത്തിനോടു യുദ്ധം ചെയ്തില്ല.

11 ഫെലിസ്ത്യരിലും ചിലര്‍ യെഹോശാഫാത്തിന്നു കാഴ്ചയും കപ്പമായി വെള്ളിയും കൊണ്ടുവന്നു; അരാബ്യരും അവന്നു ഏഴായിരത്തെഴുനൂറു ആട്ടുകൊറ്റനും ഏഴായിരത്തെഴുനൂറു വെള്ളാട്ടുകൊറ്റനുമുള്ള ആട്ടിന്‍ കൂട്ടത്തെ കൊണ്ടുവന്നു.

12 യെഹോശാഫാത്ത് മേലക്കുമേല്‍ പ്രബലനായ്തീര്‍ന്നു, യെഹൂദയില്‍ കോട്ടകളെയും സംഭാരനഗരങ്ങളെയും പണിതു.

13 അവന്നു യെഹൂദാനഗരങ്ങളില്‍ വളരെ പ്രവൃത്തി ഉണ്ടായിരുന്നു; പരാക്രമശാലികളായ യോദ്ധാക്കള്‍ യെരൂശലേമില്‍ ഉണ്ടായിരുന്നു.

14 പിതൃഭവനംപിതൃഭവനമായുള്ള അവരുടെ എണ്ണമാവിതുയെഹൂദയുടെ സഹസ്രാധിപന്മാര്‍അദ്നാപ്രഭു, അവനോടുകൂടെ മൂന്നുലക്ഷം പരാക്രമശാലികള്‍;

15 അവന്റെശേഷം യെഹോഹാനാന്‍ പ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തെണ്പതിനായിരം പേര്‍;

16 അവന്റെ ശേഷം തന്നെത്താന്‍ മന:പൂര്‍വ്വമായി യഹോവേക്കു ഭരമേല്പിച്ചവനായ സിക്രിയുടെ മകന്‍ അമസ്യാവു അവനോടുകൂടെ രണ്ടുലക്ഷം പരാക്രമശാലികള്‍;

17 ബെന്യാമീനില്‍നിന്നു പരാക്രമശാലിയായ എല്യാദാ അവനോടുകൂടെ വില്ലും പരിചയും ധരിച്ച രണ്ടുലക്ഷം പേര്‍;

18 അവന്റെ ശേഷം യെഹോസാബാദ്, അവനോടുകൂടെ യുദ്ധസന്നദ്ധരായ ലക്ഷത്തെണ്പതിനായിരം പേര്‍.

19 രാജാവു യെഹൂദയിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളില്‍ ആക്കിയിരുന്നവരെ കൂടാതെ രാജാവിന്നു സേവ ചെയ്തുവന്നവര്‍ ഇവര്‍ തന്നേ.

ദിനവൃത്താന്തം 2 18

1 യെഹോശാഫാത്തിന്നു ധനവും മാനവും വളരെ ഉണ്ടായിരുന്നു; അവന്‍ ആഹാബിനോടു സംബന്ധം കൂടി.

2 ചില സംവത്സരം കഴിഞ്ഞശേഷം അവന്‍ ശമര്‍യ്യയില്‍ ആഹാബിന്റെ അടുക്കല്‍ ചെന്നു; ആഹാബ് അവന്നും കൂടെയുണ്ടായിരുന്ന ജനത്തിന്നും വേണ്ടി വളരെ ആടുകളെയും കാളകളെയും അറുത്തു; ഗിലെയാദിലെ രാമോത്തിലേക്കു തന്നോടുകൂടെ ചെല്ലേണ്ടതിന്നു അവനെ വശീകരിച്ചു.

3 യിസ്രായേല്‍രാജാവായ ആഹാബ് യെഹൂദാരാജാവായ യെഹോശാഫാത്തിനോടുനീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു പോരുമോ എന്നു ചോദിച്ചു. അവന്‍ അവനോടുഞാനും നീയും എന്റെ ജനവും നിന്റെ ജനവും ഒരുപോലെയല്ലോ; ഞങ്ങള്‍ നിന്നോടുകൂടെ യുദ്ധത്തിന്നു പോരാം എന്നു പറഞ്ഞു.

4 യെഹോശാഫാത്ത് യിസ്രായേല്‍രാജാവിനോടുഇന്നു യഹോവയുടെ അരുളപ്പാടു ചോദിച്ചാലും എന്നു പറഞ്ഞു.

5 യിസ്രായേല്‍രാജാവു നാനൂറു പ്രവാചകന്മാരെ വരുത്തി അവരോടുഞങ്ങള്‍ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവര്‍പുറപ്പെടുക; ദൈവം അതു രാജാവിന്റെ കയ്യില്‍ ഏല്പിക്കും എന്നു പറഞ്ഞു.

6 എന്നാല്‍ യെഹോശാഫാത്ത്നാം അരുളപ്പാടു ചോദിക്കേണ്ടതിന്നു ഇവിടെ യഹോവയുടെ പ്രവാചകനായിട്ടു ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.

7 അതിന്നു യിസ്രായേല്‍രാജാവു യെഹോശാഫാത്തിനോടുനാം യഹോവയോടു അരുളപ്പാടു ചോദിപ്പാന്‍ തക്കവണ്ണം ഇനി ഒരുത്തനുണ്ടു; എന്നാല്‍ അവന്‍ എന്നെക്കുറിച്ചു ഒരിക്കലും ഗുണമല്ല എല്ലായ്പോഴുംദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനെ ഇഷ്ടമില്ല; അവന്‍ യിമ്ളയുടെ മകനായ മീഖായാവു എന്നു പറഞ്ഞു. രാജാവു അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.

8 അങ്ങനെ യിസ്രായേല്‍രാജാവു ഒരു ഷണ്ഡനെ വിളിച്ചുയിമ്ളയുടെ മകനായ മീഖായാവെ വേഗം കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.

9 യിസ്രായേല്‍രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമര്‍യ്യയുടെ പടിവാതില്‍ പ്രവേശനത്തിങ്കല്‍ ഒരു വിശാലസ്ഥലത്തു താന്താന്റെ സിംഹാസനത്തില്‍ ഇരുന്നു; പ്രവാചകന്മാര്‍ ഒക്കെയും അവരുടെ സന്നിധിയില്‍ പ്രവചിച്ചുകൊണ്ടിരുന്നു.

10 കെനയനയുടെ മകനായ സിദെക്കീയാവു തനിക്കു ഇരിമ്പുകൊണ്ടു കൊമ്പുണ്ടാക്കിനീ ഇവകൊണ്ടു അരാമ്യരെ അവര്‍ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

11 പ്രവാചകന്മാര്‍ ഒക്കെയും അങ്ങനെ തന്നേ പ്രവചിച്ചുഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാര്‍ത്ഥനാകും; യഹോവ അതു രാജാവിന്റെ കയ്യില്‍ ഏല്പിക്കും എന്നു പറഞ്ഞു.

12 മീഖായാവെ വിളിപ്പാന്‍ പോയ ദൂതന്‍ അവനോടുനോകൂ, പ്രവാചകന്മാരുടെ വാക്കുകള്‍ ഒരുപോലെ രാജാവിന്നു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരില്‍ ഒരുത്തന്റേതുപോലെ ഇരിക്കട്ടെ; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു.

13 അതിന്നു മീഖായാവുയഹോവയാണ, എന്റെ ദൈവം അരുളിച്ചെയ്യുന്നതു തന്നേ ഞാന്‍ പ്രസ്താവിക്കും എന്നു പറഞ്ഞു.

14 അവന്‍ രാജാവിന്റെ അടുക്കല്‍ വന്നപ്പോള്‍ രാജാവു അവനോടുമീഖായാവേ, ഞങ്ങള്‍ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവന്‍ പുറപ്പെടുവിന്‍ ; നിങ്ങള്‍ കൃതാര്‍ത്ഥരാകും; അവര്‍ നിങ്ങളുടെ കയ്യില്‍ ഏല്പിക്കപ്പെടും എന്നു പറഞ്ഞു.

15 രാജാവു അവനോടുനീ യഹോവയുടെ നാമത്തില്‍ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്നു എത്ര പ്രാവശ്യം ഞാന്‍ നിന്നോടു സത്യംചെയ്തു പറയേണം എന്നു ചോദിച്ചു.

16 അതിന്നു അവന്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേലൊക്കെയും പര്‍വ്വതങ്ങളില്‍ ചിതറിയിരിക്കുന്നതു ഞാന്‍ കണ്ടു; അപ്പോള്‍ യഹോവഇവര്‍ക്കും നാഥനില്ല; ഇവന്‍ ഔരോരുത്തന്‍ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു.

17 അപ്പോള്‍ യിസ്രായേല്‍രാജാവു യെഹോശാഫാത്തിനോടുഇവന്‍ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ല എന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.

18 അതിന്നു അവന്‍ പറഞ്ഞതുഎന്നാല്‍ യഹോവയുടെ വചനം കേട്ടുകൊള്‍വിന്‍ ! യഹോവ തന്റെ സിംഹാസനത്തില്‍ ഇരിക്കുന്നതും സ്വര്‍ഗ്ഗത്തിലെ സൈന്യമെല്ലാം അവന്റെ വലത്തും ഇടത്തും നിലക്കുന്നതും ഞാന്‍ കണ്ടു.

19 യിസ്രായേല്‍രാജാവായ ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തില്‍ പട്ടുപോകേണ്ടതിന്നു അവനെ ആര്‍ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന്നു ഒരുത്തന്‍ ഇങ്ങനെയും ഒരുത്തന്‍ അങ്ങനെയും പറഞ്ഞു.

20 എന്നാറെ ഒരു ആത്മാവു മുമ്പോട്ടു വന്നു യഹോവയുടെ സന്നിധിയില്‍ നിന്നുഞാന്‍ അവനെ വശീകരിക്കും എന്നു പറഞ്ഞു. യഹോവ അവനോടുഏതിനാല്‍ എന്നു ചോദിച്ചു.

21 അതിന്നു അവന്‍ ഞാന്‍ ചെന്നു അവന്റെ സകല പ്രവാചകന്മാരുടെയും വായില്‍ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും; നിനക്കു സാധിക്കും; നീ ചെന്നു അങ്ങനെ ചെയ്ക എന്നു അവന്‍ കല്പിച്ചു.

22 ആകയല്‍ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ പ്രവാചകന്മാരുടെ വായില്‍ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ചു അനര്‍ത്ഥം കല്പിച്ചുമിരിക്കുന്നു.

23 അപ്പോള്‍ കെനയനയുടെ മകനായ സിദെക്കീയാവു അടുത്തുചെന്നു മീഖായാവെ ചെകിട്ടത്തു അടിച്ചുനിന്നോടു സംസാരിപ്പാന്‍ യഹോവയുടെ ആത്മാവു എന്നെ വിട്ടു ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു.

24 അതിന്നു മീഖായാവുനീ ഒളിക്കേണ്ടതിന്നു അറ തേടിനടക്കുന്ന ദിവസത്തില്‍ നീ കാണും എന്നു പറഞ്ഞു.

25 അപ്പോള്‍ യിസ്രായേല്‍രാജാവു പറഞ്ഞതുനിങ്ങള്‍ മീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കല്‍ കൊണ്ടുചെന്നു

26 ഇവനെ കാരാഗൃഹത്തില്‍ ആക്കി, ഞാന്‍ സമാധാനത്തോടെ മടങ്ങിവരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവുംകൊണ്ടു പോക്ഷിപ്പിക്കേണ്ടതിന്നു രാജാവു കല്പിച്ചിരിക്കുന്നു എന്നു പറവിന്‍ .

27 അതിന്നു മീഖായാവുനീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കില്‍ യഹോവ ഞാന്‍ മുഖാന്തരം അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകലജാതികളുമായുള്ളോരേ, കേട്ടുകൊള്‍വിന്‍ എന്നും അവന്‍ പറഞ്ഞു.

28 അങ്ങനെ യിസ്രായേല്‍രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി.

29 എന്നാല്‍ യിസ്രായേല്‍രാജാവു യെഹോശാഫാത്തിനോടുഞാന്‍ വേഷംമാറി പടയില്‍ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊള്‍ക എന്നു പറഞ്ഞു. അങ്ങനെ യിസ്രായേല്‍രാജാവു വേഷംമാറി, അവര്‍ പടയില്‍ കടന്നു.

30 എന്നാല്‍ അരാംരാജാവു തന്റെ രഥനായകന്മാരോടുനിങ്ങള്‍ യിസ്രായേല്‍രാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുതു എന്നു കല്പിച്ചിരുന്നു.

31 ആകയാല്‍ രഥനായകന്മാര്‍ യെഹോശാഫാത്തിനെ കണ്ടപ്പോള്‍; ഇവന്‍ തന്നേ യിസ്രായേല്‍രാജാവു എന്നു പറഞ്ഞു അവനോടു പൊരുതുവാന്‍ തിരിഞ്ഞു; എന്നാല്‍ യെഹോശാഫാത്ത് നിലവിളിച്ചു; യഹോവ അവനെ സഹായിച്ചു; അവനെ വിട്ടുപോകുവാന്‍ ദൈവം അവര്‍ക്കും തോന്നിച്ചു.

32 അവന്‍ യിസ്രായേല്‍രാജാവല്ല എന്നു രഥനായകന്മാര്‍ കണ്ടിട്ടു അവര്‍ അവനെ പിന്തുടരാതെ മടങ്ങിപ്പോയി.

33 എന്നാല്‍ ഒരുത്തന്‍ യദൃച്ഛയാ വില്ലു കുലെച്ചു യിസ്രായേല്‍രാജാവിനെ കവചത്തിന്നും പതക്കത്തിന്നും ഇടെക്കു എയ്തു; അവന്‍ തന്റെ സാരഥിയോടുനിന്റെ കൈ തിരിച്ചു എന്നെ പടയില്‍നിന്നു കൊണ്ടുപോക; ഞാന്‍ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.

34 അന്നു പട കഠിനമായി തീര്‍ന്നതുകൊണ്ടു യിസ്രായേല്‍രാജാവു സന്ധ്യവരെ അരാമ്യര്‍ക്കെതിരെ രഥത്തില്‍ നിവിര്‍ന്നുനിന്നു; സൂര്യന്‍ അസ്തമിക്കുന്ന സമയത്തു അവന്‍ മരിച്ചുപോയി.

ദിനവൃത്താന്തം 2 19

1 യെഹൂദാരാജാവായ യെഹോശാഫാത്ത് യെരൂശലേമില്‍ തന്റെ അരമനയിലേക്കു സമാധാനത്തോടെ മടങ്ങിവന്നപ്പോള്‍

2 ഹനാനിയുടെ മകനായ യേഹൂദര്‍ശകന്‍ അവനെ എതിരേറ്റുചെന്നു യെഹോശാഫാത്ത് രാജാവിനോടുദുഷ്ടന്നു സഹായം ചെയ്യുന്നതു വിഹിതമോ? യഹോവയെ പകെക്കുന്നവരോടു നീ സ്നേഹം കാണിക്കുന്നുവോ അതുകൊണ്ടു യഹോവയിങ്കല്‍നിന്നു കോപം നിന്റെമേല്‍ വന്നിരിക്കുന്നു.

3 എങ്കിലും നീ അശേരാപ്രതിഷ്ഠകളെ നീക്കിക്കളകയും ദൈവത്തെ അന്വേഷിപ്പാന്‍ മനസ്സുവെക്കയും ചെയ്തതിനാല്‍ നന്മയും നിന്നില്‍ കണ്ടിരിക്കുന്നു എന്നു പറഞ്ഞു.

4 യെഹോശാഫാത്ത് യെരൂശലേമില്‍ പാര്‍ത്തു, ബേര്‍-ശേബമുതല്‍ എഫ്രയീംമലനാടുവരെ ജനത്തിന്റെ ഇടയില്‍ വീണ്ടും സഞ്ചരിച്ചു അവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിങ്കലേക്കു തിരിച്ചു വരുത്തി.

5 അവന്‍ ദേശത്തു പട്ടണംതോറും യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും ന്യായാധിപന്മാരെ നിയമിച്ചു

6 നിങ്ങള്‍ ചെയ്യുന്നതു സൂക്ഷിച്ചുകൊള്‍വിന്‍ ; നിങ്ങള്‍ മനുഷ്യര്‍ക്കല്ല, യഹോവേക്കു വേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നതു; ന്യായപാലനത്തില്‍ അവന്‍ നിങ്ങളോടുകൂടെ ഇരിക്കുന്നു.

7 ആകയാല്‍ യഹോവാഭയം നിങ്ങളില്‍ ഇരിക്കട്ടെ; സൂക്ഷിച്ചു പ്രവര്‍ത്തിച്ചുകൊള്‍വിന്‍ ; നമ്മുടെ ദൈവമായ യഹോവയുടെ പക്കല്‍ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങുന്നതും ഇല്ലല്ലോ.

8 യെരൂശലേമിലും യെഹോശാഫാത്ത് ലേവ്യരിലും പുരോഹിതന്മാരിലും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരിലും ചിലരെ യഹോവയുടെ ന്യായപാലനത്തിന്നായിട്ടും വ്യവഹാരം തീക്കേണ്ടതിന്നായിട്ടും നിയമിച്ചു; അവര്‍ യെരൂശലേമില്‍ മടങ്ങിവന്നു. അവന്‍ അവരോടു കല്പിച്ചതു എന്തെന്നാല്‍നിങ്ങള്‍ യഹോവാ ഭയത്തോടും വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ ഇങ്ങനെ പ്രവര്‍ത്തിച്ചുകൊള്ളേണം.

9 അതതു പട്ടണത്തില്‍ പാര്‍ക്കുംന്ന നിങ്ങളുടെ സഹോദരന്മാര്‍ വിവിധരക്തപാതകങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും ചട്ടങ്ങളെയും വിധികളെയും സംബന്ധിച്ചു ഏതൊരു വ്യവഹാരവും നിങ്ങളുടെ മുമ്പാകെ കൊണ്ടുവന്നാല്‍, അവര്‍ യഹോവയോടു അകൃത്യം ചെയ്തിട്ടു നിങ്ങളുടെമേലും നിങ്ങളുടെ സഹോദരന്മാരുടെമേലും ക്രോധം വരാതിരിക്കേണ്ടതിന്നു നിങ്ങള്‍ അവര്‍ക്കും ബുദ്ധിയുപദേശിച്ചുകൊടുക്കേണം; നിങ്ങള്‍ കുറ്റക്കാരാകാതിരിക്കേണ്ടതിന്നു അങ്ങനെ ചെയ്തുകൊള്‍വിന്‍ .

10 ഇതാ, മഹാപുരോഹിതനായ അമര്‍യ്യാവു യഹോവയുടെ എല്ലാകാര്യത്തിലും യെഹൂദാഗൃഹത്തിന്റെ പ്രഭുവായ യിശ്മായേലിന്റെ മകന്‍ സെബദ്യാവു രാജാവിന്റെ എല്ലാകാര്യത്തിലും നിങ്ങള്‍ക്കു തലവന്മാരായിരിക്കുന്നു; ലേവ്യരും ഉദ്യോഗസ്ഥന്മാരായി നിങ്ങള്‍ക്കു ഉണ്ടു. ധൈര്യപ്പെട്ടു പ്രവര്‍ത്തിച്ചുകൊള്‍വിന്‍ ; യഹോവ നല്ലവരോടുകൂടെ ഇരിക്കും.

ദിനവൃത്താന്തം 2 20:1-13

1 അതിന്റെ ശേഷം മോവാബ്യരും അമ്മോന്യരും അവരോടുകൂടെ മെയൂന്യരില്‍ ചിലരും യെഹോശാഫാത്തിന്റെ നേരെ യുദ്ധത്തിന്നു വന്നു.

2 ചിലര്‍ വന്നു യെഹോശാഫാത്തിനോടുവലിയോരു ജനസമൂഹം കടലിന്നക്കരെ നിന്നു, അരാമില്‍നിന്നു നിന്റെ നേരെ വരുന്നു; ഇതാ അവര്‍ ഏന്‍ -ഗെദിയെന്ന ഹസസോന്‍ -താമാരില്‍ ഉണ്ടു എന്നു അറിയിച്ചു.

3 യെഹോശാഫാത്ത് ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാന്‍ താല്പര്യപ്പെട്ടു യെഹൂദയില്‍ ഒക്കെയും ഒരു ഉപവാസം പ്രസിദ്ധംചെയ്തു.

4 യഹോവയോടു സഹായം ചോദിപ്പാന്‍ യെഹൂദ്യര്‍ ഒന്നിച്ചുകൂടി; സകല യെഹൂദാനഗരങ്ങളിലുംനിന്നു അവര്‍ യഹോവയെ അന്വേഷിപ്പാന്‍ വന്നു.

5 യെഹോശാഫാത്ത് യഹോവയുടെ ആലയത്തില്‍ പുതിയ പ്രാകാരത്തിന്റെ മുമ്പില്‍ യെഹൂദയുടെയും യെരൂശലേമിന്റെയും സഭാമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതെന്തെന്നാല്‍

6 ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വര്‍ഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആര്‍ക്കും എതിര്‍പ്പാന്‍ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ.

7 ഞങ്ങളുടെ ദൈവമേ, നീ നിന്റെ ജനമായ യിസ്രായേലിന്റെ മുമ്പില്‍നിന്നു ഈ ദേശത്തിലെ നിവാസികളെ നീക്കിക്കളഞ്ഞു അതു നിന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിക്കു ശാശ്വതമായി കൊടുത്തുവല്ലോ.

8 അവര്‍ അതില്‍ പാര്‍ത്തു; ന്യായവിധിയുടെ വാള്‍, മഹാമാരി, ക്ഷാമം എന്നിങ്ങിനെയുള്ള വല്ല അനര്‍ത്ഥവും ഞങ്ങള്‍ക്കു വരുമ്പോള്‍, ഞങ്ങള്‍ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്നു--നിന്റെ നാമം ഈ ആലയത്തില്‍ ഉണ്ടല്ലോ--ഞങ്ങളുടെ സങ്കടത്തില്‍ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും എന്നു പറഞ്ഞു.

9 അതില്‍ തിരുനാമത്തിന്നു വേണ്ടി നിനക്കു ഒരു വിശുദ്ധമന്ദിരം പണിതു.

10 യിസ്രായേല്‍ മിസ്രയീംദേശത്തുനിന്നു വരുമ്പോള്‍ അവര്‍ അമ്മോന്യരേയും മോവാബ്യരേയും സേയീര്‍ പര്‍വ്വതക്കാരെയും ആക്രമിപ്പാന്‍ നീ അനുവാദം കൊടുത്തില്ലല്ലോ; അവര്‍ അവരെ നശിപ്പിക്കാതെ വിട്ടുമാറി.

11 ഇപ്പോള്‍ ഇതാ, നീ ഞങ്ങള്‍ക്കു കൈവശമാക്കിത്തന്ന നിന്റെ അവകാശത്തില്‍നിന്നു ഞങ്ങളെ നീക്കിക്കളവാന്‍ അവര്‍ വന്നു ഞങ്ങള്‍ക്കു ഇങ്ങനെ പ്രതിഫലം തരുന്നു.

12 ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിര്‍പ്പാന്‍ ഞങ്ങള്‍ക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകള്‍ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു.

13 അങ്ങനെ യെഹൂദ്യര്‍ ഒക്കെയും അവരുടെ കുഞ്ഞുങ്ങളോടും ഭാര്യമാരോടും മക്കളോടും കൂടെ യഹോവയുടെ സന്നിധിയില്‍ നിന്നു.