ഘട്ടം 135

പഠനം

     

എസ്രാ 4

1 പ്രവാസികള്‍ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു മന്ദിരം പണിയുന്നു എന്നു യെഹൂദയുടെയും ബെന്യാമീന്റെയും വൈരികള്‍ കേട്ടപ്പോള്‍

2 അവര്‍ സെരുബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കല്‍ വന്നു അവരോടുഞങ്ങള്‍ നിങ്ങളോടുകൂടെ പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെന്നപോലെ ഞങ്ങളും അന്വേഷിക്കയും ഞങ്ങള്‍ അവന്നു, ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂര്‍രാജാവായ എസര്‍ഹദ്ദോന്റെ കാലംമുതല്‍ യാഗം കഴിക്കയും ചെയ്തുപോരുന്നു എന്നു പറഞ്ഞു.

3 അതിന്നു സെരുബ്ബാബേലും യേശുവയും ശേഷം യിസ്രായേല്‍പിതൃഭവനത്തലവന്മാരും അവരോടുഞങ്ങളുടെ ദൈവത്തിന്റെ ആലയം പണിയുന്നതില്‍ നിങ്ങള്‍ക്കു ഞങ്ങളുമായി കാര്യമൊന്നുമില്ല; പാര്‍സിരാജാവായ കോരെശ്രാജാവു ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങള്‍ തന്നേ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു അതു പണിതുകൊള്ളാം എന്നു പറഞ്ഞു.

4 ആകയാല്‍ ദേശനിവാസികള്‍ യെഹൂദാജനത്തിന്നു ധൈര്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന്നു അവരെ പേടിപ്പിച്ചു.

5 അവരുടെ ഉദ്ദേശം നിഷ്ഫലമാക്കേണ്ടതിന്നു അവര്‍ പാര്‍സിരാജാവായ കോരെശിന്റെ കാലത്തൊക്കെയും പാര്‍സിരാജാവായ ദാര്‍യ്യാവേശിന്റെ വാഴ്ചവരെയും അവര്‍ക്കും വിരോധമായി കാര്യസ്ഥന്മാരെ കൈക്കൂലി കൊടുത്തു വശത്താക്കി.

6 അഹശ്വേരോശിന്റെ കാലത്തു, അവന്റെ വാഴ്ചയുടെ ആരംഭത്തില്‍ തന്നേ, അവര്‍ യെഹൂദയിലെയും യെരൂശലേമിലെയും നിവാസികള്‍ക്കു വിരോധമായി അന്യായപത്രം എഴുതി അയച്ചു.

7 അര്‍ത്ഥഹ് ശഷ്ടാവിന്റെ കാലത്തു ബിശലാമും മിത്രെദാത്തും താബെയേലും ശേഷം അവരുടെ കൂട്ടക്കാരും പാസിരാജാവായ അര്‍ത്ഥഹ് ശഷ്ടാവിന്നു ഒരു പത്രിക എഴുതി അയച്ചു; പത്രിക അരാമ്യാക്ഷരത്തില്‍, അരാമ്യഭാഷയില്‍ തന്നേ എഴുതിയിരുന്നു.

8 ധര്‍മ്മാദ്ധ്യക്ഷനായ രെഹൂമും രായസക്കാരനായ ശിംശായിയും യെരൂശലേമിന്നു വിരോധമായി അര്‍ത്ഥഹ് ശഷ്ടാരാജാവിന്നു ഒരു പത്രിക എഴുതി അയച്ചു.

9 ധര്‍മ്മാദ്ധ്യക്ഷന്‍ രെഹൂമും രായസക്കാരന്‍ ശിംശായിയും ശേഷം അവരുടെ കൂട്ടക്കാരായ ദീന്യര്‍, അഫര്‍സത്യര്‍, തര്‍പ്പേല്യര്‍, അഫര്‍സ്യര്‍, അര്‍ക്കവ്യര്‍, ബാബേല്യര്‍, ശൂശന്യര്‍, ദേഹാവ്യര്‍, ഏലാമ്യര്‍ എന്നിവരും

10 മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാര്‍ പിടിച്ചുകൊണ്ടുവന്നു ശമര്‍യ്യാപട്ടണങ്ങളിലും നദിക്കു ഇക്കരെ മറ്റു ദിക്കുകളിലും പാര്‍പ്പിച്ചിരിക്കുന്ന ശേഷംജാതികളും ഇത്യാദി.

11 അവര്‍ അര്‍ത്ഥഹ് ശഷ്ടാരാജാവിന്നു അയച്ച പത്രികയുടെ പകര്‍പ്പു എന്തെന്നാല്‍നദിക്കു ഇക്കരെയുള്ള നിന്റെ ദാസന്മാരായ പുരുഷന്മാര്‍ ഇത്യാദിരാജാവു ബോധിപ്പാന്‍

12 തിരുമുമ്പില്‍നിന്നു പുറപ്പെട്ടു ഞങ്ങളുടെ അടുക്കല്‍ യെരൂശലേമില്‍ വന്നിരിക്കുന്ന യെഹൂദന്മാര്‍ മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം പണികയും അതിന്റെ മതിലുകള്‍ കെട്ടുകയും അടിസ്ഥാനങ്ങള്‍ നന്നാക്കുകയും ചെയ്യുന്നു.

13 പട്ടണം പണിതു മതിലുകള്‍ കെട്ടിത്തീര്‍ന്നാല്‍ അവര്‍ കരമോ നികുതിയോ ചുങ്കമോ ഒന്നും അടെക്കയില്ല; അങ്ങനെ ഒടുവില്‍ അവര്‍ രാജാക്കന്മാര്‍ക്കും നഷ്ടം വരുത്തും എന്നു രാജാവിന്നു ബോധിച്ചിരിക്കേണം.

14 എന്നാല്‍ ഞങ്ങള്‍ കോവിലകത്തെ ഉപ്പു തിന്നുന്നവരാകയാലും രാജാവിന്നു അപമാനം വരുന്നതു കണ്ടുകൊണ്ടിരിക്കുന്നതു ഞങ്ങള്‍ക്കു ഉചിതമല്ലായ്കയാലും ഞങ്ങള്‍ ആളയച്ചു രാജാവിനെ ഇതു ബോധിപ്പിച്ചുകൊള്ളുന്നു.

15 അവിടത്തെ പിതാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ നോക്കിയാല്‍ ഈ പട്ടണം മത്സരവും രാജാക്കന്മാര്‍ക്കും സംസ്ഥാനങ്ങള്‍ക്കും ഉപദ്രവവും ഉള്ള പട്ടണം എന്നും അതില്‍ അവര്‍ പുരാതനമേ കലഹം ഉണ്ടാക്കിയതിനാല്‍ ഈ പട്ടണം നശിച്ചുകിടക്കുന്നു എന്നും വൃത്താന്തപുസ്തകത്തില്‍നിന്നു അറിവാകും.

16 ഈ പട്ടണം പണികയും അതിന്റെ മതിലുകള്‍ കെട്ടിത്തീരുകയും ചെയ്താല്‍ അതു നിമിത്തം അവിടത്തേക്കു നദിക്കു ഇക്കരെ ഒരു അവകാശവും ഉണ്ടായിരിക്കയില്ലെന്നു രാജാവിനെ ഉണര്‍ത്തിച്ചുകൊള്ളുന്നു.

17 അതിന്നു രാജാവു ധര്‍മ്മാദ്ധ്യക്ഷനായ രെഹൂമിന്നും രായസക്കാരനായ ശിംശായിക്കും ശമര്‍യ്യാനിവാസികളായ അവരുടെ കൂട്ടക്കാര്‍ക്കും നദിക്കും അക്കരെയുള്ള ശേഷംപേര്‍ക്കും മറുപടി എഴുതി അയച്ചതു എന്തെന്നാല്‍നിങ്ങള്‍ക്കു കുശലം ഇത്യാദി;

18 നിങ്ങള്‍ കൊടുത്തയച്ച പത്രിക നമ്മുടെ സന്നിധിയില്‍ വ്യക്തമായി വായിച്ചുകേട്ടു.

19 നാം കല്പന കൊടുത്തിട്ടു അവര്‍ ശോധനചെയ്തു നോക്കിയപ്പോള്‍ ആ പട്ടണം പുരാതനമേ രാജാക്കന്മാരോടു എതിര്‍ത്തുനിലക്കുന്നതു എന്നും അതില്‍ മത്സരവും കലഹവും ഉണ്ടായിരുന്നു എന്നും

20 യെരൂശലേമില്‍ ബലവാന്മാരായ രാജാക്കന്മാര്‍ ഉണ്ടായിരുന്നു; അവര്‍ നദിക്കു അക്കരെയുള്ള നാടൊക്കെയും വാണു കരവും നികുതിയും ചുങ്കവും വാങ്ങിവന്നു എന്നും കണ്ടിരിക്കുന്നു.

21 ആകയാല്‍ നാം മറ്റൊരു കല്പന അയക്കുന്നതുവരെ അവര്‍ പട്ടണം പണിയുന്നതു നിര്‍ത്തിവെക്കേണ്ടതിന്നു ആജ്ഞാപിപ്പിന്‍ .

22 നിങ്ങള്‍ അതില്‍ ഉപേക്ഷചെയ്യാതെ ജാഗ്രതയായിരിപ്പിന്‍ ; രാജാക്കന്മാര്‍ക്കും നഷ്ടവും ഹാനിയും വരരുതു.

23 അര്‍ത്ഥഹ് ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകര്‍പ്പു രെഹൂമും രായസക്കാരനായ ശിംശായിയും അവരുടെ കൂട്ടക്കാരും വായിച്ചു കേട്ടശേഷം അവര്‍ യെരൂശലേമില്‍ യെഹൂദന്മാരുടെ അടുക്കല്‍ ബദ്ധപ്പെട്ടു ചെന്നു ബലാല്‍ക്കാരത്തോടെ അവരെ ഹേമിച്ചു പണിമുടക്കി.

24 അങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്റെ പണി മുടങ്ങി; പാര്‍സിരാജാവായ ദാര്‍യ്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ പണി മുടങ്ങിക്കിടന്നു.

എസ്രാ 5

1 എന്നാല്‍ ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്റെ മകന്‍ സെഖര്‍യ്യാവും എന്ന പ്രവാചകന്മാര്‍ യെഹൂദയിലും യെരൂശലേമിലും ഉള്ള യെഹൂദന്മാരോടു തങ്ങളുടെമേല്‍ വിളിക്കപ്പെട്ട യിസ്രായേലിന്റെ ദൈവത്തിന്റെ നാമത്തില്‍ പ്രവചിച്ചു.

2 അങ്ങനെ ശെയല്‍തീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും എഴുന്നേറ്റു യെരൂശലേമിലെ ദൈവാലയം പണിവാന്‍ തുടങ്ങി; ദൈവത്തിന്റെ പ്രവാചകന്മാര്‍ അവരോടുകൂടെ ഇരുന്നു അവരെ സഹായിച്ചു.

3 ആ കാലത്തു നദിക്കു ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥര്‍-ബോസ്നായിയും അവരുടെ കൂട്ടക്കാരും അവരുടെ അടുക്കല്‍ വന്നു അവരോടുഈ ആലയം പണിവാനും ഈ മതില്‍ കെട്ടുവാനും നിങ്ങള്‍ക്കു ആര്‍ കല്പന തന്നു എന്നു ചോദിച്ചു.

4 ഈ കെട്ടിടം പണിയുന്ന ആളുകളുടെ പേരെന്തു എന്നും അവരോടു ചോദിച്ചു.

5 എന്നാല്‍ ദൈവം യെഹൂദന്മാരുടെ മൂപ്പന്മാരെ കടാക്ഷിച്ചതുകൊണ്ടു ഈ കാര്യം ദാര്‍യ്യാവേശിന്റെ സന്നിധിയില്‍ ബോധിപ്പിച്ചു മറുപടി വരുംവരെ അവര്‍ അവരുടെ പണി മുടക്കിയില്ല.

6 നദിക്കു ഇക്കരെ ദേശാധിപതിയായ തത്നായിയും ശെഥര്‍-ബോസ്നായിയും നദിക്കു ഇക്കരെയുള്ള അഫര്‍സ്യരായ അവന്റെ കൂട്ടക്കാരും ദാര്‍യ്യാവേശ്രാജാവിന്നു എഴുതി അയച്ച പത്രികയുടെ പകര്‍പ്പു;

7 അവര്‍ അവന്നു ഒരു പത്രിക കൊടുത്തയച്ചു, അതില്‍ എഴുതിയതു എന്തെന്നാല്‍ദാര്‍യ്യാവേശ് രാജാവിന്നു സര്‍വ്വമംഗലവും ഭവിക്കട്ടെ.

8 രാജാവിനെ ബോധിപ്പിപ്പാന്‍ ഞങ്ങള്‍ യെഹൂദാസംസ്ഥാനത്തില്‍ മഹാദൈവത്തിന്റെ ആലയത്തിലേക്കു ചെന്നു; അതു അവര്‍ വലിയ കല്ലുകൊണ്ടു പണിയുന്നു. ചുവരിന്മേല്‍ ഉത്തരം കയറ്റുന്നു; അവര്‍ ജാഗ്രതയായി പണിനടത്തുന്നു; അവര്‍ക്കും സാധിച്ചും വരുന്നു.

9 ഞങ്ങള്‍ ആ മൂപ്പന്മാരോടുഈ ആലയം പണിവാനും ഈ മതില്‍ കെട്ടുവാനും നിങ്ങള്‍ക്കു കല്പന തന്നതു ആരെന്നു ചോദിച്ചു.

10 അവരുടെ ഇടയില്‍ തലവന്മാരായ ആളുകളുടെ പേരുകളെ എഴുതി സന്നിധാനത്തില്‍ അയക്കേണ്ടതിന്നു ഞങ്ങള്‍ അവരുടെ പേരും അവരോടു ചോദിച്ചു.

11 എന്നാല്‍ അവര്‍ ഞങ്ങളോടുഞങ്ങള്‍ സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും ദൈവമായിരിക്കുന്നവന്റെ ശുശ്രൂഷക്കാരാകുന്നു; ഏറിയ സംവത്സരം മുമ്പെ പണിതിരുന്ന ആലയം ഞങ്ങള്‍ പണിയുന്നു. അതു യിസ്രായേലിന്റെ ഒരു മഹാരാജാവു പണിതതായിരുന്നു.

12 എങ്കിലും ഞങ്ങളുടെ പിതാക്കന്മാര്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തെ കോപിപ്പിച്ചതുകൊണ്ടു അവന്‍ അവരെ ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ എന്ന കല്‍ദയന്റെ കയ്യില്‍ ഏല്പിച്ചു; അവന്‍ ഈ ആലയം നശിപ്പിച്ചു ജനത്തെ ബാബേലിലേക്കു കൊണ്ടുപോയി.

13 എന്നാല്‍ ബാബേല്‍ രാജാവായ കോരെശിന്റെ ഒന്നാം ആണ്ടില്‍ കോരെശ്രാജാവു ഈ ദൈവാലയം പണിവാന്‍ കല്പന തന്നു.

14 നെബൂഖദ് നേസര്‍ യെരൂശലേമിലെ മന്ദിരത്തില്‍നിന്നു എടുത്തു ബാബേലിലെ ക്ഷേത്രത്തില്‍ കൊണ്ടുപോയി വെച്ചിരുന്ന ദൈവാലയംവക പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളെ കോരെശ് രാജാവു ബാബേലിലെ ക്ഷേത്രത്തില്‍നിന്നു എടുപ്പിച്ചു താന്‍ നിയമിച്ചിരുന്ന ശേശ്ബസ്സര്‍ എന്നു പേരുള്ള ദേശാധിപതിക്കു ഏല്പിച്ചുകൊടുത്തു അവനോടു

15 ഈ ഉപകരണങ്ങള്‍ നീ എടുത്തു യെരൂശലേമിലെ മന്ദിരത്തിലേക്കു കൊണ്ടുചെല്ലുക; ദൈവാലയം അതിന്റെ സ്ഥാനത്തു പണിയട്ടെ എന്നു കല്പിച്ചു.

16 അങ്ങനെ ശേശ്ബസ്സര്‍ വന്നു യെരൂശലേമിലെ ദൈവാലയത്തിന്റെ അടിസ്ഥാനം ഇട്ടു; അന്നുമുതല്‍ ഇന്നുവരെ അതു പണിതുവരുന്നു; ഇതുവരെ അതു തീര്‍ന്നിട്ടില്ല എന്നു അവര്‍ ഉത്തരം പറഞ്ഞിരിക്കുന്നു.

17 ആകയാല്‍ രാജാവു തിരുമനസ്സായി യെരൂശലേമിലെ ഈ ദൈവാലയം പണിവാന്‍ കോരെശ് രാജാവു കല്പന കൊടുത്തതു വാസ്തവമോ എന്നു ബാബേലിലെ രാജഭണ്ഡാരഗൃഹത്തില്‍ ശോധന കഴിച്ചു ഇതിനെക്കുറിച്ചു തിരുവുള്ളം എന്തെന്നു ഞങ്ങള്‍ക്കു എഴുതി അയച്ചുതരേണമെന്നു അപേക്ഷിക്കുന്നു.

എസ്രാ 6

1 ദാര്‍യ്യവേശ്രാജാവു കല്പന കൊടുത്ത പ്രകാരം അവര്‍ ബാബേലില്‍ ഭണ്ഡാരം സംഗ്രഹിച്ചുവെച്ചിരിക്കുന്ന രേഖാശാലയില്‍ പരിശോധന കഴിച്ചു.

2 അവര്‍ മേദ്യസംസ്ഥാനത്തിലെ അഹ്മെഥാരാജാധാനിയില്‍ ഒരു ചുരുള്‍ കണ്ടെത്തി; അതില്‍ ജ്ഞാപകമായിട്ടു എഴുതിയിരുന്നതെന്തെന്നാല്‍

3 കോരെശ്രാജാവിന്റെ ഒന്നാം ആണ്ടില്‍ കോരെശ്രാജാവു കല്പന കൊടുത്തതുയെരൂശലേമിലെ ദൈവാലയം യാഗം കഴിക്കുന്ന സ്ഥലമായി പണിയേണംഅതിന്റെ അടിസ്ഥാനങ്ങള്‍ ഉറപ്പായിട്ടു ഇടേണം; അതിന്നു അറുപതു മുഴം ഉയരവും അറുപതു മുഴം വീതയും ഉണ്ടായിരിക്കേണം.

4 വലിയ കല്ലുകൊണ്ടു മൂന്നുവരിയും പുതിയ ഉത്തരങ്ങള്‍കൊണ്ടു ഒരു വരിയും ഉണ്ടായിരിക്കേണം; ചെലവു രാജാവിന്റെ ഭണ്ഡാരഗൃഹത്തില്‍നിന്നു കൊടുക്കേണം.

5 അതു കൂടാതെ നെബൂഖദ് നേസര്‍ യെരൂശലേമിലെ ദൈവാലയത്തില്‍നിന്നു എടുത്തു ബാബേലിലേക്കു കൊണ്ടുവന്ന ദൈവാലയംവക പൊന്നും വെള്ളിയുംകൊണ്ടുള്ള ഉപകരണങ്ങള്‍ മടക്കിക്കൊടുക്കയും അവ യെരൂശലേമിലെ മന്ദിരത്തില്‍ അതതിന്റെ സ്ഥലത്തു വരുവാന്തക്കവണ്ണം ദൈവാലയത്തില്‍ വെക്കുകയും വേണം.

6 ആകയാല്‍ നദിക്കു അക്കരെ ദേശാധിപതിയായ തത്നായിയേ, ശെഥര്‍-ബോസ്നയേ, നിങ്ങളും നദിക്കു അക്കരെയുള്ള അഫര്‍സ്യരായ നിങ്ങളുടെ കൂട്ടക്കാരും അവിടെനിന്നു അകന്നു നില്‍ക്കേണം.

7 ഈ ദൈവാലയത്തിന്റെ പണിക്കാര്യത്തില്‍ നിങ്ങള്‍ ഇടപെടരുതു; യെഹൂദന്മാരുടെ ദേശാധിപതിയും യെഹൂദന്മാരുടെ മൂപ്പന്മാരും ഈ ദൈവാലയം അതിന്റെ സ്ഥാനത്തു തന്നേ പണിയട്ടെ.

8 ഈ ദൈവാലയം പണിയേണ്ടതിന്നു നിങ്ങള്‍ യെഹൂദന്മാരുടെ മൂപ്പന്മാര്‍ക്കും ചെയ്യേണ്ടതിനെക്കുറിച്ചു ഞാന്‍ കല്പിക്കുന്നതെന്തെന്നാല്‍നദിക്കു അക്കരെ പിരിയുന്ന കരമായ രാജാവിന്റെ മുതലില്‍നിന്നു ആ ആളുകള്‍ക്കു കാലതാമസം കൂടാതെ കൃത്യമായി ചെലവും കൊടുക്കേണ്ടതാകുന്നു.

9 അവര്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്നു സൌരഭ്യവാസനയുള്ള യാഗം അര്‍പ്പിക്കേണ്ടതിന്നും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും ക്ഷേമത്തിന്നുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിന്നും

10 സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്നു ഹോമയാഗം കഴിപ്പാന്‍ അവര്‍ക്കും ആവശ്യമുള്ള കാളക്കിടാക്കള്‍, ആട്ടുകൊറ്റന്മാര്‍, കുഞ്ഞാടുകള്‍, കോതമ്പു, ഉപ്പു, വീഞ്ഞു, എണ്ണ എന്നിവയും യെരൂശലേമിലെ പുരോഹിതന്മാര്‍ പറയുംപോലെ ദിവസംപ്രതി കുറവു കൂടാതെ കൊടുക്കേണ്ടതാകുന്നു.

11 ആരെങ്കിലും ഈ കല്പന മാറ്റിയാല്‍ അവന്റെ വീട്ടിന്റെ ഒരു ഉത്തരം വലിച്ചെടുത്തു നാട്ടി അതിന്മേല്‍ അവനെ തൂക്കിക്കളകയും അവന്റെ വിടു അതുനിമിത്തം കുപ്പക്കുന്നു ആക്കിക്കളകയും വേണം എന്നും ഞാന്‍ കല്പന കൊടുക്കുന്നു.

12 ഇതു മാറ്റുവാനും യെരൂശലേമിലെ ഈ ദൈവാലയം നശിപ്പിപ്പാനും തുനിയുന്ന ഏതു രാജാവിന്നു ജനത്തിന്നും തന്റെ നാമം അവിടെ വസിക്കുമാറാക്കിയ ദൈവം നിര്‍മ്മൂലനാശം വരുത്തും. ദാര്‍യ്യാവേശായ ഞാന്‍ കല്പന കൊടുക്കുന്നു; ഇതു ജാഗ്രതയോടെ നിവര്‍ത്തിക്കേണ്ടതാകുന്നു.

13 അപ്പോള്‍ നദിക്കു ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥര്‍-ബോസ്നായിയും അവരുടെ കൂട്ടക്കാരും ദാര്‍യ്യാവേശ്രാജാവു കല്പനയയച്ചതുപോലെ തന്നേ ജാഗ്രതയോടെ ചെയ്തു.

14 യെഹൂദന്മാരുടെ മൂപ്പന്മാര്‍ പണിതു; ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്റെ മകനായ സെഖര്‍യ്യാവും പ്രവചിച്ചതിനാല്‍ അവര്‍ക്കും സാധിച്ചും വന്നു. അവര്‍ യിസ്രായേലിന്റെ ദൈവത്തിന്റെ കല്പന പ്രകാരവും കോരെശിന്റെയും ദാര്‍യ്യാവേശിന്റെയും പാര്‍സിരാജാവായ അര്‍ത്ഥഹ് ശഷ്ടാവിന്റെയും കല്പനപ്രകാരവും അതു പണിതു തീര്‍ത്തു.

15 ദാര്‍യ്യാവേശ്രാജാവിന്റെ വാഴ്ചയുടെ ആറാം ആണ്ടില്‍ ആദാര്‍മാസം മൂന്നാം തിയ്യതി ഈ ആലയം പണിതു തീര്‍ന്നു.

16 യിസ്രായേല്‍മക്കളും പുരോഹിതന്മാരും ലേവ്യരും ശേഷം പ്രവാസികളും സന്തോഷത്തോടെ ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ കഴിച്ചു.

17 ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠെക്കു നൂറുകാളയെയും ഇരുനൂറു ആട്ടുകൊറ്റനെയും നാനൂറു കുഞ്ഞാടിനെയും യിസ്രായേല്‍ഗോത്രങ്ങളുടെ എണ്ണത്തിന്നൊത്തവണ്ണം എല്ലായിസ്രായേലിന്നും വേണ്ടി പാപയാഗത്തിന്നായി പന്ത്രണ്ടു വെള്ളാട്ടുകൊറ്റനെയും യാഗം കഴിച്ചു

18 മോശെയുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതുപോലെ അവര്‍ യെരൂശലേമിലുള്ള ദൈവത്തിന്റെ ശുശ്രൂഷെക്കു പുരോഹിതന്മാരെ ക്കുറുക്കുറായും ലേവ്യരെ തരംതരമായും നിര്‍ത്തി.

19 ഒന്നാം മാസം പതിന്നാലാം തിയ്യതി പ്രവാസികള്‍ പെസഹ ആചരിച്ചു.

20 പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നേ ഒരുപോലെ ശുദ്ധീകരിച്ചിരുന്നു; എല്ലാവരും ശുദ്ധിയുള്ളവരായിരുന്നു; അവര്‍ സകലപ്രവാസികള്‍ക്കും തങ്ങളുടെ സഹോദരന്മാരായ പുരോഹിതന്മാര്‍ക്കും തങ്ങള്‍ക്കും വേണ്ടി പെസഹ അറുത്തു.

21 അങ്ങനെ പ്രവാസത്തില്‍നിന്നു മടങ്ങിവന്ന യിസ്രായേല്‍മക്കളും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന്നു ദേശത്തെ ജാതികളുടെ അശുദ്ധിയെ വെടിഞ്ഞു വന്നവര്‍ ഒക്കെയും പെസഹ തിന്നു.

22 യഹോവ അവരെ സന്തോഷിപ്പിക്കയും യിസ്രായേലിന്‍ ദൈവമായ ദൈവത്തിന്റെ ആലയത്തിന്റെ പണിയില്‍ അവരെ സഹായിക്കേണ്ടതിന്നു അശ്ശൂര്‍രാജാവിന്റെ ഹൃദയത്തെ അവര്‍ക്കും അനുകൂലമാക്കുകയും ചെയ്തതുകൊണ്ടു അവര്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ ഏഴു ദിവസം സന്തോഷത്തോടെ ആചരിച്ചു.

എസ്രാ 7

1 അതിന്റെശേഷം പാര്‍സിരാജാവായ അര്‍ത്ഥഹ് ശഷ്ടാവിന്റെ വാഴ്ചകാലത്തു എസ്രാ ബാബേലില്‍നിന്നു വന്നു. അവന്‍ സെരായാവിന്റെ മകന്‍ ; അവന്‍ അസര്‍യ്യാവിന്റെ മകന്‍ ; അവന്‍ ഹില്‍ക്കീയാവിന്റെ മകന്‍ ;

2 അവന്‍ ശല്ലൂമിന്റെ മകന്‍ ; അവന്‍ സാദോക്കിന്റെ മകന്‍ ; അവന്‍ അഹീത്തൂബിന്റെ മകന്‍ ;

3 അവന്‍ അമര്‍യ്യാവിന്റെ മകന്‍ ; അവന്‍ അസര്‍യ്യാവിന്റെ മകന്‍ ; അവന്‍ മെരായോത്തിന്റെ മകന്‍ ;

4 അവന്‍ സെരഹ്യാവിന്റെ മകന്‍ ; അവന്‍ ഉസ്സിയുടെ മകന്‍ ;

5 അവന്‍ ബുക്കിയുടെ മകന്‍ ; അവന്‍ അബീശൂവയുടെ മകന്‍ ; അവന്‍ ഫീനെഹാസിന്റെ മകന്‍ ; അവന്‍ എലെയാസാരിന്റെ മകന്‍ ; അവന്‍ മഹാപുരോഹിതനായ അഹരോന്റെ മകന്‍ .

6 ഈ എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തില്‍ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന്നു അനുകൂലമായിരിക്കയാല്‍ രാജാവു അവന്റെ അപേക്ഷ ഒക്കെയും അവന്നു നല്കി.

7 അവനോടുകൂടെ യിസ്രായേല്‍മക്കളിലും പുരോഹിതന്മാരിലും ലേവ്യരിലും സംഗീതക്കാരിലും വാതില്‍കാവല്‍ക്കാരിലും ദൈവാലയദാസന്മാരിലും ചിലര്‍ അര്‍ത്ഥഹ് ശഷ്ടാരാജാവിന്റെ ഏഴാം ആണ്ടില്‍ യെരൂശലേമില്‍ വന്നു.

8 അഞ്ചാം മാസത്തില്‍ ആയിരുന്നു അവന്‍ യെരൂശലേമില്‍ വന്നതു; അതു രാജാവിന്റെ ഏഴാം ആണ്ടായിരുന്നു.

9 ഒന്നാം മാസം ഒന്നാം തിയ്യതി അവന്‍ ബാബേലില്‍നിന്നു യാത്ര പുറപ്പെട്ടു; തന്റെ ദൈവത്തിന്റെ കൈ തനിക്കു അനുകൂലമായിരുന്നതുകൊണ്ടു അവന്‍ അഞ്ചാം മാസം ഒന്നാം തിയ്യതി യെരൂശലേമില്‍ എത്തി.

10 യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലില്‍ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു.

11 യിസ്രായേലിനോടുള്ള യഹോവയുടെ കല്പനകളുടെയും ചട്ടങ്ങളുടെയും വാക്യങ്ങളില്‍ വിദഗ്ദ്ധശാസ്ത്രീയായ എസ്രാപുരോഹിതന്നു അര്‍ത്ഥഹ് ശഷ്ടാരാജാവു കൊടുത്ത എഴുത്തിന്റെ പകര്‍പ്പാവിതു

12 രാജാധിരാജാവായ അര്‍ത്ഥഹ് ശഷ്ടാവു സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തില്‍ ശാസ്ത്രീയായ എസ്രാപുരോഹിതന്നു എഴുതുന്നതുഇത്യാദി.

13 നമ്മുടെ രാജ്യത്തുള്ള യിസ്രായേല്‍ജനത്തിലും അവന്റെ പുരോഹിതന്മാരിലും ലേവ്യരിലും യെരൂശലേമിലേക്കു പോകുവാന്‍ മനസ്സുള്ള ഏവനും നിന്നോടുകൂടെ പോരുന്നതിന്നു ഞാന്‍ കല്പന കൊടുത്തിരിക്കുന്നു.

14 നിന്റെ കൈവശം ഇരിക്കുന്ന നിന്റെ ദൈവത്തിന്റെ ന്യായപ്രമാണപ്രകാരം യെഹൂദയിലെയും യെരൂശലേമിലെയും കാര്യം അന്വേഷിപ്പാനും രാജാവും അവന്റെ മന്ത്രിമാരും

15 യെരൂശലേമില്‍ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവത്തിന്നു ഔദാര്യമായി കൊടുത്തിരിക്കുന്ന വെള്ളിയും പൊന്നും,

16 ബാബേല്‍ സംസ്ഥാനത്തുനിന്നൊക്കെയും നിനക്കു ലഭിക്കുന്ന വെള്ളിയും പൊന്നും എല്ലാം യെരൂശലേമില്‍ തങ്ങളുടെ ദൈവത്തിന്റെ ആലയം വകെക്കു ജനവും പുരോഹിതന്മാരും തരുന്ന ഔദാര്യദാനങ്ങളോടുകൂടെ കൊണ്ടുപോകുവാനും രാജാവും അവന്റെ ഏഴു മന്ത്രിമാരും നിന്നെ അയക്കുന്നു.

17 ആകയാല്‍ നീ ജാഗ്രതയോടെ ആ ദ്രവ്യംകൊണ്ടു കാളകളെയും ആട്ടുകൊറ്റന്മാരെയും കുഞ്ഞാടുകളെയും അവേക്കു വേണ്ടുന്ന ഭോജനയാഗങ്ങളെയും പാനീയയാഗങ്ങളെയും മേടിച്ചു യെരൂശലേമിലുള്ള നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കേണം.

18 ശേഷിപ്പുള്ള വെള്ളിയും പൊന്നുംകൊണ്ടു ചെയ്‍വാന്‍ നിനക്കും നിന്റെ സഹോദരന്മാര്‍ക്കും യുക്തമെന്നു തോന്നുംപോലെ നിങ്ങളുടെ ദൈവത്തിന്നു പ്രസാദമാകുംവണ്ണം ചെയ്തുകൊള്‍വിന്‍ .

19 നിന്റെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കായിട്ടു നിന്റെ കൈവശം തന്നിരിക്കുന്ന ഉപകരണങ്ങളും നീ യെരൂശലേമിന്റെ ദൈവത്തിന്റെ സന്നിധിയില്‍ ഏല്പിക്കേണം.

20 നിന്റെ ദൈവത്തിന്റെ ആലയത്തിന്നു പിന്നെയും ആവശ്യമുള്ളതായി കൊടുക്കേണ്ടിവരുന്നതു നീ രാജാവിന്റെ ഭണ്ഡാരഗൃഹത്തില്‍നിന്നു കൊടുത്തു കൊള്ളേണം.

21 അര്‍ത്ഥഹ് ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകലഭണ്ഡാരവിചാരകന്മാര്‍ക്കും കല്പന കൊടുക്കുന്നതെന്തെന്നാല്‍സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തില്‍ ശാസ്ത്രിയായ എസ്രാപുരോഹിതന്‍ നിങ്ങളോടു ചോദിക്കുന്നതൊക്കെയും നൂറു താലന്ത് വെള്ളിയും നൂറു കോര്‍ കോതമ്പും നൂറു ബത്ത് വീഞ്ഞും നൂറു ബത്ത് എണ്ണയുംവരെയും

22 ഉപ്പു വേണ്ടുംപോലെയും ജാഗ്രതയോടെ കൊടുക്കേണം.

23 രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും രാജ്യത്തിന്മേല്‍ ക്രോധം വരാതിരിക്കേണ്ടതിന്നു സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ കല്പനപ്രകാരം സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ ആലയത്തിന്നു അവകാശമുള്ളതൊക്കെയും കൃത്യമായി ചെയ്യേണ്ടതാകുന്നു.

24 പുരോഹിതന്മാര്‍, ലേവ്യര്‍, സംഗീതക്കാര്‍, വാതില്‍കാവല്‍ക്കാര്‍, ദൈവാലയദാസന്മാര്‍ എന്നിവര്‍ക്കും ദൈവത്തിന്റെ ഈ ആലയത്തില്‍ ശുശ്രൂഷിക്കുന്ന യാതൊരുത്തന്നും കരമോ നികുതിയോ ചുങ്കമോ ചുമത്തുന്നതു വിഹിതമല്ല എന്നും നാം നിങ്ങള്‍ക്കു അറിവുതരുന്നു.

25 നീയോ എസ്രയേ, നിനക്കു നിന്റെ ദൈവം നല്കിയ ജ്ഞാനപ്രകാരം നദിക്കക്കരെ പാര്‍ക്കുംന്ന സകലജനത്തിന്നും, നിന്റെ ദൈവത്തിന്റെ ന്യായപ്രമാണങ്ങളെ അറിയുന്ന ഏവര്‍ക്കും തന്നേ, ന്യായം പാലിച്ചുകൊടുക്കേണ്ടതിന്നു അധികാരികളെയും ന്യായാധിപന്മാരെയും നിയമിക്കേണം; അറിയാത്തവര്‍ക്കോ നിങ്ങള്‍ അവയെ ഉപദേശിച്ചുകൊടക്കേണം.

26 എന്നാല്‍ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണവും രാജാവിന്റെ ന്യയാപ്രമാണവും അനുസരിക്കാത്ത ഏവനെയും ജാഗ്രതയോടെ ന്യായം വിസ്തരിച്ചു മരണമോ പ്രവാസമോ പിഴയോ തടവോ അവന്നു കല്പിക്കേണ്ടതാകുന്നു.

27 യെരൂശലേമിലെ യഹോവയുടെ ആലയത്തെ അലങ്കരിക്കേണ്ടതിന്നു ഇങ്ങനെ രാജാവിന്നു തോന്നിക്കയും രാജാവിന്റെയും അവന്റെ മന്ത്രിമാരുടെയും രാജാവിന്റെ സകല പ്രഭുവീരന്മാരുടെയും ദയ എനിക്കു ലഭിക്കുമാറാക്കുകയും ചെയ്ത നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ .

28 ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്കു അനുകൂലമായിരുന്നതിനാല്‍ ഞാന്‍ ധൈര്യപ്പെട്ടു എന്നോടുകൂടെ പോരേണ്ടതിന്നു യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.