ഘട്ടം 136

പഠനം

     

എസ്രാ 8

1 അര്‍ത്ഥഹ് ശഷ്ടാരാജാവിന്റെ കാലത്തു ബാബേലില്‍നിന്നു എന്നോടുകൂടെ പോന്ന പിതൃഭവനത്തലവന്മാരും അവരുടെ വംശാവലികളുമാവിതു

2 ഫീനെഹാസിന്റെ പുത്രന്മാരില്‍ ഗേര്‍ശോം; ഈഥാമാരിന്റെ പുത്രന്മാരില്‍ ദാനീയേല്‍; ദാവീദിന്റെ പുത്രന്മാരില്‍ ഹത്തൂശ്;

3 ശെഖന്യാവിന്റെ പുത്രന്മാരില്‍ പറോശിന്റെ പുത്രന്മാരില്‍ സെഖര്‍യ്യാവും അവനോടുകൂടെ വംശാവലിയില്‍ എഴുതിയിരുന്ന നൂറ്റമ്പതു പുരുഷന്മാരും.

4 പഹത്ത്-മോവാബിന്റെ പുത്രന്മാരില്‍ സെരഹ്യാവിന്റെ മകനായ എല്യെഹോവേനായിയും അവനോടുകൂടെ ഇരുനൂറു പുരുഷന്മാരും,

5 ശെഖന്യാവിന്റെ പുത്രന്മാരില്‍ യഹസീയേലിന്റെ മകനും അവനോടുകൂടെ മുന്നൂറു പുരുഷന്മാരും.

6 ആദീന്റെ പുത്രന്മാരില്‍ യോനാഥാന്റെ മകനായ ഏബെദും അവനോടു കൂടെ അമ്പതു പുരുഷന്മാരും.

7 ഏലാമിന്റെ പുത്രന്മാരില്‍ അഥല്യാവിന്റെ മകനായ യെശയ്യാവും അവനോടുകൂടെ എഴുപതു പുരുഷന്മാരും.

8 ശെഫത്യാവിന്റെ പുത്രന്മാരില്‍ മീഖായേലിന്റെ മകനായ സെബദ്യാവും അവനോടുകൂടെ എണ്പതു പുരുഷന്മാരും.

9 യോബാവിന്റെ പുത്രന്മാരില്‍ യെഹീയേലിന്റെ മകനായ ഔബദ്യാവും അവനോടുകൂടെ ഇരുനൂറ്റിപതിനെട്ടു പുരുഷന്മാരും.

10 ശെലോമീത്തിന്റെ പുത്രന്മാരില്‍ യോസിഫ്യാവിന്റെ മകനും അവനോടുകൂടെ നൂറ്ററുപതു പുരുഷന്മാരും.

11 ബേബായിയുടെ പുത്രന്മാരില്‍ ബേബായിയുടെ മകനായ സെഖര്‍യ്യാവും അവനോടുകൂടെ ഇരുപത്തെട്ടു പുരുഷന്മാരും.

12 അസാദിന്റെ പുത്രന്മാരില്‍ ഹക്കാതാന്റെ മകനായ യോഹാനാനും അവനോടുകൂടെ നൂറ്റിപ്പത്തു പുരുഷന്മാരും.

13 അദോനീക്കാമിന്റെ ഒടുവിലത്തെ പുത്രന്മാരില്‍ എലീഫേലെത്ത്, യെയീയേല്‍, ശെമയ്യാവു എന്നിവരും അവരോടുകൂടെ അറുപതു പുരുഷന്മാരും.

14 ബിഗ്വായുടെ പുത്രന്മാരില്‍ ഊഥായിയും സബൂദും അവരോടുകൂടെ എഴുപതു പുരുഷന്മാരും.

15 ഇവരെ ഞാന്‍ അഹവായിലേക്കു ഒഴുകുന്ന ആറ്റിന്നരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങള്‍ മൂന്നു ദിവസം പാളയമടിച്ചു പാര്‍ത്തു; ഞാന്‍ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചുനോക്കിയപ്പോള്‍ ലേവ്യരില്‍ ആരെയും അവിടെ കണ്ടില്ല.

16 ആകയാല്‍ ഞാന്‍ എലീയേസെര്‍, അരീയേല്‍, ശെമയ്യാവു, എല്‍നാഥാന്‍ , യാരീബ്, എല്‍നാഥാന്‍ നാഥാന്‍ , സെഖര്‍യ്യാവു, മെശുല്ലാം എന്നീ തലവന്മാരെയും യോയാരീബ്, എല്‍നാഥാന്‍ എന്ന ഉപാദ്ധ്യായന്മാരെയും വിളിപ്പിച്ചു,

17 കാസിഫ്യാ എന്ന സ്ഥലത്തിലെ പ്രധാനിയായ ഇദ്ദോവിന്റെ അടുക്കല്‍ അയച്ചു; നമ്മുടെ ദൈവത്തിന്റെ ആലയത്തിന്നു ശുശ്രൂഷകന്മാരെ ഞങ്ങളുടെ അടുക്കല്‍ കൊണ്ടുവരേണ്ടതിന്നു അവര്‍ കാസിഫ്യയിലെ ഇദ്ദോവോടും അവന്റെ സഹോദരന്മാരായ ദൈവാലയദാസന്മാരോടും പറയേണ്ടുന്ന വാക്കുകളെ അവര്‍ക്കും ഉപദേശിച്ചുകൊടുത്തു.

18 ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങള്‍ക്കു അനുകൂലമായിരുന്നതിനാല്‍ അവര്‍ യിസ്രായേലിന്റെ മകനായ ലേവിയുടെ മകനായ മഹ്ളിയുടെ പുത്രന്മാരില്‍ വിവേകമുള്ളോരു പുരുഷന്‍ ശേരബ്യാവു, അവന്റെ പുത്രന്മാര്‍, സഹോദരന്മാര്‍

19 ഇങ്ങനെ പതിനെട്ടുപേരെയും മെരാരിപുത്രന്മാരില്‍, ഹശബ്യാവു അവനോടുകൂടെ യെശയ്യാവു, അവന്റെ പുത്രന്മാര്‍, സഹോദരന്മാര്‍

20 ഇങ്ങനെ ഇരുപതുപേരെയും ദാവീദും പ്രഭുക്കന്മാരും ലേവ്യര്‍ക്കും ശുശ്രൂഷക്കാരായികൊടുത്ത ദൈവാലയദാസന്മാരില്‍ ഇരുനൂറ്റിരുപതുപേരേയും ഞങ്ങളുടെ അടുക്കല്‍ കൂട്ടി കൊണ്ടുവന്നു; അവരുടെ പേരൊക്കെയും കുറിച്ചുവെച്ചിരുന്നു.

21 അനന്തരം ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയില്‍ ഞങ്ങളെത്തന്നേ താഴ്ത്തേണ്ടതിന്നും ഞങ്ങള്‍ക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികള്‍ക്കും ഞങ്ങളുടെ സകലസമ്പത്തിന്നും വേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിന്നും ഞാന്‍ അവിടെ അഹവാആറ്റിന്റെ അരികെവെച്ചു ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.

22 ഞങ്ങളുടെ ദൈവത്തിന്റെ കൈ അവനെ അന്വേഷിക്കുന്ന ഏവര്‍ക്കും അനുകൂലമായും അവനെ ഉപേക്ഷിക്കുന്ന ഏവര്‍ക്കും പ്രതിക്കുലമായും ഇരിക്കുന്നു എന്നു ഞങ്ങള്‍ രാജാവിനോടു പറഞ്ഞിരുന്നതുകൊണ്ടു വഴിയില്‍ ശത്രുവിന്റെ നേരെ ഞങ്ങള്‍ക്കു തുണയായിരിക്കേണ്ടതിന്നു പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോടു ചോദിപ്പാന്‍ ഞാന്‍ ലജ്ജിച്ചിരുന്നു.

23 അങ്ങനെ ഞങ്ങള്‍ ഉപവസിച്ചു ഞങ്ങളുടെ ദൈവത്തോടു അതിനെക്കുറിച്ചു പ്രാര്‍ത്ഥിച്ചു; അവന്‍ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു.

24 പിന്നെ ഞാന്‍ പുരോഹിതന്മാരുടെ പ്രധാനികളില്‍വെച്ചു ശേരെബ്യാവെയും ഹശബ്യാവെയും അവരോടുകൂടെ അവരുടെ സഹോദരന്മാരില്‍ പത്തുപേരെയും ഇങ്ങനെ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു.

25 രാജാവും അവന്റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള യിസ്രായേല്യരൊക്കെയും നമ്മുടെ ദൈവത്തിന്റെ ആലയംവകെക്കു അര്‍പ്പിച്ചിരുന്ന വഴിപാടായ വെള്ളിയും പൊന്നും ഉപകരണങ്ങളും ഞാന്‍ അവര്‍ക്കും തൂക്കിക്കൊടുത്തു.

26 ഞാന്‍ അവരുടെ കയ്യില്‍ അറുനൂറ്റമ്പതു താലന്ത് വെള്ളിയും നൂറു താലന്ത് വെള്ളിയുപകരണങ്ങളും നൂറു താലന്ത് പൊന്നും

27 ആയിരം തങ്കക്കാശു വിലയുള്ള ഇരുപതു പൊന്‍ പാത്രങ്ങളും പൊന്നുപോലെ വിലയുള്ളതായി മിനുക്കിയ നല്ല താമ്രംകൊണ്ടുള്ള രണ്ടു പാത്രങ്ങളും തൂക്കിക്കൊടുത്തു.

28 ഞാന്‍ അവരോടുനിങ്ങള്‍ ദൈവത്തിന്നു വിശുദ്ധന്മാരാകുന്നു; ഉപകരണങ്ങളും വിശുദ്ധം തന്നേ; വെള്ളിയും പൊന്നും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേക്കു ഔദാര്യ ദാനമാകുന്നു;

29 നിങ്ങള്‍ അവയെ യെരൂശലേമില്‍ യഹോവയുടെ ആലയത്തിലെ അറകളില്‍ പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രധാനികള്‍ക്കും യിസ്രായേലിന്റെ പിതൃഭവനപ്രഭുക്കന്മാര്‍ക്കും തൂക്കി ഏല്പിക്കുംവരെ ജാഗരിച്ചു കാത്തുകൊള്‍വിന്‍ എന്നു പറഞ്ഞു.

30 അങ്ങനെ പുരോഹിതന്മാരും ലേവ്യരും ആ വെള്ളിയും പൊന്നും ഉപകരണങ്ങളും യെരൂശലേമില്‍ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുപോകേണ്ടതിന്നു തൂക്കപ്രകാരം ഏറ്റുവാങ്ങി.

31 യെരൂശലേമിന്നു പോകുവാന്‍ ഞങ്ങള്‍ ഒന്നാം മാസം പന്ത്രണ്ടാം തിയ്യതി അഹവാ ആറ്റിങ്കല്‍നിന്നു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങള്‍ക്കു അനുകൂലമായിരുന്നു; അവന്‍ ശത്രുവിന്റെ കയ്യില്‍നിന്നും വഴിയില്‍ പതിയിരിക്കുന്നവന്റെ കയ്യില്‍ നിന്നും ഞങ്ങളെ കാത്തു രക്ഷിച്ചു.

32 അങ്ങനെ ഞങ്ങള്‍ യെരൂശലേമില്‍ എത്തി അവിടെ മൂന്നു ദിവസം പാര്‍ത്തു.

33 നാലാം ദിവസം ഞങ്ങള്‍ ആ വെള്ളിയും പൊന്നും ഉപകരണങ്ങളും നമ്മുടെ ദൈവത്തിന്റെ ആലയത്തില്‍ ഊരീയാപുരോഹിതന്റെ മകനായ മെരേമോത്തിന്റെ കയ്യില്‍ തൂക്കിക്കൊടുത്തു; അവനോടു കൂടെ ഫീനെഹാസിന്റെ മകനായ എലെയാസാരും അവരോടുകൂടെ യേശുവയുടെ മകനായ യോസാബാദ്, ബിന്നൂവിയുടെ മകനായ നോവദ്യാവു എന്നീ ലേവ്യരും ഉണ്ടായിരുന്നു.

34 എല്ലാം എണ്ണപ്രകാരവും തൂക്കപ്രകാരവും കൊടുത്തു; തൂക്കം ഒക്കെയും ആ സമയം തന്നേ എഴുതിവെച്ചു.

35 പ്രവാസത്തില്‍നിന്നു മടങ്ങിവന്ന പ്രവാസികള്‍ യിസ്രായേലിന്റെ ദൈവത്തിന്നു ഹോമയാഗങ്ങള്‍ക്കായിട്ടു എല്ലാ യിസ്രായേലിന്നും വേണ്ടി പന്ത്രണ്ടു കാളയെയും തൊണ്ണൂറ്റാറു ആട്ടുകൊറ്റനെയും എഴുപത്തേഴു കുഞ്ഞാടിനെയും പാപയാഗത്തിന്നായിട്ടു പന്ത്രണ്ടു വെള്ളാട്ടുകൊറ്റനെയും അര്‍പ്പിച്ചു; അതൊക്കെയും യഹോവേക്കു ഹോമയാഗം ആയിരുന്നു.

36 അവര്‍ രാജാവിന്റെ ആജ്ഞാപത്രങ്ങള്‍ നദിക്കു ഇക്കരെ രാജാവിന്റെ സംസ്ഥാനപതിമാര്‍ക്കും നാടുവാഴികള്‍ക്കും കൊടുത്തുഅവര്‍ ജനത്തിന്നും ദൈവത്തിന്റെ ആലയത്തിന്നും വേണ്ടുന്ന സഹായം ചെയ്തു.

എസ്രാ 9

1 അതിന്റെശേഷം പ്രഭുക്കന്മാര്‍ എന്റെ അടുക്കല്‍വന്നുയിസ്രായേല്‍ജനവും പുരോഹിതന്മാരും ലേവ്യരും ദേശനിവാസികളോടു വേര്‍പെടാതെ കനാന്യര്‍, ഹിത്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, അമ്മോന്യര്‍, മോവാബ്യര്‍, മിസ്രയീമ്യര്‍, അമോര്‍യ്യര്‍ എന്നിവരുടെ മ്ളേച്ഛതകളെ ചെയ്തുവരുന്നു.

2 അവരുടെ പുത്രിമാരെ അവര്‍ തങ്ങള്‍ക്കും തങ്ങളുടെ പുത്രന്മാര്‍ക്കും ഭാര്യമാരായി എടുത്തതുകൊണ്ടു വിശുദ്ധസന്തതി ദേശനിവാസികളോടു ഇടകലര്‍ന്നു പോയി; പ്രഭുക്കന്മാരുടെയും പ്രമാണികളുടെയും കൈ തന്നേ ഈ അകൃത്യത്തില്‍ ഒന്നാമതായിരിക്കുന്നു എന്നും പറഞ്ഞു.

3 ഈ വര്‍ത്തമാനം കേട്ടപ്പോള്‍ ഞാന്‍ എന്റെ വസ്ത്രവും മേലങ്കിയും കീറി എന്റെ തലയിലും താടിയിലുമുള്ള രോമം വലിച്ചു പറിച്ചു സ്തംഭിച്ചു കുത്തിയിരുന്നു.

4 പ്രവാസികളുടെ അകൃത്യംനിമിത്തം യിസ്രായേലിന്‍ ദൈവത്തിന്റെ വചനത്തിങ്കല്‍ വിറെക്കുന്നവരൊക്കെയും എന്റെ അടുക്കല്‍ വന്നുകൂടി; എന്നാല്‍ ഞാന്‍ സന്ധ്യായാഗംവരെ സ്തംഭിച്ചു കുത്തിയിരുന്നു.

5 സന്ധ്യായാഗത്തിന്റെ സമയത്തു ഞാന്‍ എന്റെ ആത്മതപനം വിട്ടു എഴുന്നേറ്റു കീറിയ വസ്ത്രത്തോടും മേലങ്കിയോടും കൂടെ മുട്ടുകുത്തി എന്റെ മുട്ടുകുത്തി എന്റെ ദൈവമായ യഹോവയിങ്കലേക്കു കൈമലര്‍ത്തി പറഞ്ഞതെന്തെന്നാല്‍

6 എന്റെ ദൈവമേ, ഞാന്‍ എന്റെ മുഖം എന്റെ ദൈവമായ നിങ്കലേക്കു ഉയര്‍ത്തുവാന്‍ ലജ്ജിച്ചു നാണിച്ചിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങളുടെ തലെക്കുമീതെ പെരുകി കവിഞ്ഞിരിക്കുന്നു; ഞങ്ങളുടെ കുറ്റം ആകാശത്തോളം വളര്‍ന്നിരിക്കുന്നു.

7 ഞങ്ങളുടെ പിതാക്കന്മാരുടെ കാലംമുതല്‍ ഇന്നുവരെയും ഞങ്ങള്‍ വലിയ കുറ്റക്കാരായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങള്‍നിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇന്നുള്ളതുപോലെ വിദേശരാജാക്കന്മാരുടെ കയ്യില്‍ വാളിന്നും പ്രവാസത്തിന്നും കവര്‍ച്ചെക്കും അപമാനത്തിന്നും ഏല്പിക്കപ്പെട്ടിരിക്കുന്നു.

8 ഇപ്പോഴോ, ഞങ്ങളുടെ ദൈവം ഞങ്ങളുടെ കണ്ണുകളെ പ്രകാശിപ്പിക്കേണ്ടതിന്നും ഞങ്ങളുടെ ദാസ്യസ്ഥിതിയില്‍ ഞങ്ങള്‍ക്കു കുറഞ്ഞോരു ജീവശക്തി നല്കേണ്ടതിന്നും ഞങ്ങളില്‍ ഒരു ശേഷിപ്പിനെ രക്ഷിച്ചു തന്റെ വിശുദ്ധസ്ഥലത്തു ഞങ്ങള്‍ക്കു ഒരു പാര്‍പ്പിടം തരുവാന്‍ തക്കവണ്ണം ഞങ്ങള്‍ക്കു ഒരു ക്ഷണനേരത്തേക്കു ഞങ്ങളുടെ ദൈവമായ യഹോവ കൃപ കാണിച്ചിരിക്കുന്നു.

9 ഞങ്ങള്‍ ദാസന്മാരാകുന്നു സത്യം; എങ്കിലും ഞങ്ങളുടെ ദാസ്യസ്ഥിതിയില്‍ ഞങ്ങളുടെ ദൈവം ഞങ്ങളെ ഉപേക്ഷിക്കാതെ, ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണികയും അതിന്റെ ശൂന്യങ്ങളെ നന്നാക്കുകയും ചെയ്യേണ്ടതിന്നു ഞങ്ങള്‍ക്കു ജീവശക്തി നലകുവാനും യെഹൂദയിലും യെരൂശലേമിലും ഞങ്ങള്‍ക്കു ഒരു സങ്കേതം തരുവാനും പാര്‍സിരാജാക്കന്മാരുടെ ഭൃഷ്ടിയില്‍ ഞങ്ങള്‍ക്കു ദയ ലഭിക്കുമാറാക്കിയിരിക്കുന്നു.

10 ഇപ്പോള്‍ ഞങ്ങളുടെ ദൈവമേ, ഇതിന്നു ഞങ്ങള്‍ എന്തുപകാരം പറയേണ്ടു?

11 നിങ്ങള്‍ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശം ദേശനിവാസികളുടെ മലിനതയാലും ഒരു അറ്റംമുതല്‍ മറ്റെ അറ്റംവരെ അവര്‍ നിറെച്ചിരിക്കുന്ന മ്ളേച്ഛതയാലും അവരുടെ അശുദ്ധിയാലും മലിനപ്പെട്ടിരിക്കുന്ന ദേശമത്രേ.

12 ആകയാല്‍ നിങ്ങള്‍ ശക്തിപ്പെട്ടു ദേശത്തിന്റെ നന്മ അനുഭവിച്ചു അതു എന്നേക്കും നിങ്ങളുടെ മക്കള്‍ക്കു അവകാശമായി വെച്ചേക്കേണ്ടതിന്നു നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കും കൊടുക്കാതെയും അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കും എടുക്കാതെയും അവരുടെ സമാധാനവും നന്മയും ഒരിക്കലും കരുതാതെയും ഇരിക്കേണം എന്നിങ്ങനെ നിന്റെ ദാസന്മാരായ പ്രവാചകന്മാര്‍മുഖാന്തരം നീ അരുളിച്ചെയ്ത കല്പനകളെ ഞങ്ങള്‍ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.

13 ഇപ്പോള്‍ ഞങ്ങളുടെ ദുഷ്പ്രവൃത്തികളും മഹാപാതകവും ഹേതുവായി ഇതെല്ലാം ഞങ്ങളുടെ മേല്‍ വന്നശേഷം ഞങ്ങളുടെ ദൈവമേ, നീ ഞങ്ങളുടെ അകൃത്യങ്ങള്‍ക്കു തക്കവണ്ണം ഞങ്ങളെ ശിക്ഷിക്കാതെ ഞങ്ങള്‍ക്കു ഇങ്ങനെ ഒരു ശേഷിപ്പിനെ തന്നിരിക്കെ

14 ഞങ്ങള്‍ നിന്റെ കല്പനകളെ വീണ്ടും ലംഘിക്കയും ഈ മ്ളേച്ഛത ചെയ്യുന്ന ജാതികളോടു സംബന്ധം കൂടുകയും ചെയ്യാമോ? ചെയ്താല്‍ ഒരു ശേഷിപ്പോ തെറ്റി ഒഴിഞ്ഞവരോ ഉണ്ടാകാതവണ്ണം നീ ഞങ്ങളെ മുടിച്ചുകളയുവോളം ഞങ്ങളോടു കോപിക്കയില്ലയോ?

15 യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ നീതിമാന്‍ ; ഞങ്ങളോ ഇന്നുള്ളതു പോലെ തെറ്റി ഒഴിഞ്ഞ ഒരു ശേഷിപ്പത്രേ; ഞങ്ങളുടെ പാതകത്തോടുകൂടെ ഇതാ, ഞങ്ങള്‍ നിന്റെ മുമ്പാകെ ഇരിക്കുന്നു; അതു നിമിത്തം നിന്റെ മുമ്പാകെ നില്പാന്‍ ആര്‍ക്കും കഴിവില്ല.

എസ്രാ 10

1 എസ്രാ ഇങ്ങനെ ദൈവാലയത്തിന്നു മുമ്പില്‍ വീണുകിടന്നു കരഞ്ഞുപ്രാര്‍ത്ഥിക്കയും ഏറ്റുപറകയും ചെയ്തപ്പോള്‍ പുരുഷന്മാരും സ്ത്രീകളും പൈതങ്ങളുമായി യിസ്രായേല്യരുടെ ഏറ്റവും വലിയോരു സഭ അവന്റെ അടുക്കല്‍ വന്നുകൂടി; ജനവും വളരെ കരഞ്ഞു.

2 അപ്പോള്‍ ഏലാമിന്റെ പുത്രന്മാരില്‍ ഒരുവനായ യെഹീയേലിന്റെ മകന്‍ ശെഖന്യാവു എസ്രയോടു പറഞ്ഞതുനാം നമ്മുടെ ദൈവത്തോടു ദ്രോഹം ചെയ്തു ദേശനിവാസികളില്‍നിന്നു അന്യജാതിക്കാരത്തികളെ വിവാഹം ചെയ്തിരിക്കുന്നു; എങ്കിലും ഈ കാര്യത്തില്‍ യിസ്രായേലിന്നു വേണ്ടി ഇനിയും പ്രത്യാശയുണ്ടു.

3 ഇപ്പോള്‍ ആ സ്ത്രീകളെ ഒക്കെയും അവരില്‍നിന്നു ജനിച്ചവരെയും യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കല്പനയിങ്കല്‍ വിറെക്കുന്നവരുടെയും നിര്‍ണ്ണയപ്രകാരം നീക്കിക്കളവാന്‍ നമ്മുടെ ദൈവത്തോടു നാം ഒരു നിയമം ചെയ്യുക; അതു ന്യായപ്രമാണത്തിന്നു അനുസാരമായി നടക്കട്ടെ.

4 എഴുന്നേല്‍ക്ക; ഇതു നീ നിര്‍വ്വഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങള്‍ നിനക്കു തുണയായിരിക്കും; ധൈര്യപ്പെട്ടു പ്രവര്‍ത്തിക്ക.

5 അങ്ങനെ എസ്രാ എഴുന്നേറ്റു ഈ വാക്കു പോലെ ചെയ്യേണ്ടതിന്നു പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രഭുക്കന്മാരെയും എല്ലായിസ്രായേല്യരെയുംകൊണ്ടു സത്യം ചെയ്യിച്ചു; അവര്‍ സത്യം ചെയ്തു.

6 എസ്രാ ദൈവാലയത്തിന്റെ മുമ്പില്‍നിന്നു എഴുന്നേറ്റു എല്യാശീബിന്റെ മകനായ യെഹോഹാനാന്റെ അറയില്‍ ചെന്നു പ്രവാസികളുടെ ദ്രോഹംനിമിത്തം അവന്‍ ദുഃഖിച്ചുകൊണ്ടു അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയും അവിടെ രാപാര്‍ത്തു.

7 അനന്തരം അവര്‍ സകലപ്രവാസികളും യെരൂശലേമില്‍ വന്നുകൂടേണം എന്നു

8 പ്രഭുക്കന്മാരുടെയും മൂപ്പന്മാരുടെയും നിര്‍ണ്ണയപ്രകാരം മൂന്നു ദിവസത്തിന്നകം ആരെങ്കിലും വരാതെയിരുന്നാല്‍ അവന്റെ വസ്തുവക ഒക്കെയും കണ്ടുകെട്ടിയെടുക്കയും അവനെ പ്രവാസികളുടെ സഭയില്‍ നിന്നു പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദയിലും യെരൂശലേമിലും പ്രസിദ്ധമാക്കി.

9 അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്നാം ദിവസത്തിന്നകം യെരൂശലേമില്‍ വന്നുകൂടി; അതു ഒമ്പതാം മാസം ഇരുപതാം തിയ്യതി ആയിരുന്നു; സകലജനവും ആ കാര്യം ഹേതുവായിട്ടും വന്മഴനിമിത്തവും വിറെച്ചുംകൊണ്ടു ദൈവാലയത്തിന്റെ മുറ്റത്തു ഇരുന്നു.

10 അപ്പോള്‍ എസ്രാപുരോഹിതന്‍ എഴുന്നേറ്റു അവരോടുനിങ്ങള്‍ ദ്രോഹംചെയ്തു യിസ്രായേലിന്റെ കുറ്റത്തെ വര്‍ദ്ധിപ്പിക്കേണ്ടതിന്നു അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്നു.

11 ആകയാല്‍ ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവന്റെ ഇഷ്ടം അനുസരിച്ചു ദേശനിവാസികളോടും അന്യജാതിക്കാരത്തികളോടും വേര്‍പെടുകയും ചെയ്‍വിന്‍ എന്നു പറഞ്ഞു.

12 അതിന്നു സര്‍വ്വസഭയും ഉറക്കെ ഉത്തരം പറഞ്ഞതുനീ ഞങ്ങളോടു പറഞ്ഞ വാക്കുപോലെ തന്നേ ഞങ്ങള്‍ ചെയ്യേണ്ടതാകന്നു.

13 എങ്കിലും ജനം വളരെയും ഇതു വര്‍ഷകാലവും ആകുന്നു; വെളിയില്‍ നില്പാന്‍ ഞങ്ങള്‍ക്കു കഴിവില്ല; ഈ കാര്യത്തില്‍ ഞങ്ങള്‍ അനേകരും ലംഘനം ചെയ്തിരിക്കയാല്‍ ഇതു ഒരു ദിവസംകൊണ്ടോ രണ്ടു ദിവസംകൊണ്ടോ തീരുന്ന സംഗതിയുമല്ല.

14 ആകയാല്‍ ഞങ്ങളുടെ പ്രഭുക്കന്മാര്‍ സര്‍വ്വസഭെക്കും പ്രതിനിധികളായി നില്‍ക്കട്ടെ; ഈ കാര്യം നിമിത്തം നമ്മുടെ ദൈവത്തിന്നുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളില്‍ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളില്‍ വരികയും ചെയ്യട്ടെ.

15 അതിന്നു അസാഹേലിന്റെ മകനായ യോനാഥാനും തിക്ക്വയുടെ മകനായ യഹ്സെയാവും മാത്രം വിരോധം പറഞ്ഞു; മെശുല്ലാമും ശബ്ബെഥായി എന്ന ലേവ്യനും അവരെ താങ്ങിപ്പറഞ്ഞു.

16 പ്രവാസികളോ അങ്ങനെ തന്നേ ചെയ്തു, എസ്രാപുരോഹിതനെയും പിതൃഭവനം പിതൃഭവനമായി ചില പിതൃഭവനത്തലവന്മാരെയും പേരുപേരായി തിരഞ്ഞെടുത്തു, അവര്‍ ഈ കാര്യം വിസ്തരിപ്പാന്‍ പത്താം മാസം ഒന്നാം തിയ്യതി യോഗംകൂടി.

17 അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്ന സകലപുരുഷന്മാരുടെയും കാര്യം അവര്‍ ഒന്നാം മാസം ഒന്നാം തിയ്യതികൊണ്ടു തീര്‍ത്തു.

18 പുരോഹിതന്മാരുടെ പുത്രന്മാരിലും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരുണ്ടായിരുന്നു; അവരാരെന്നാല്‍യോസാദാക്കിന്റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്റെ സഹോദരന്മാരിലും; മയശേയാവു, എലീയേസെര്‍, യാരീബ്, ഗെദല്യാവു എന്നിവര്‍ തന്നേ.

19 ഇവര്‍ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാം എന്നു കയ്യടിച്ചു; അവര്‍ കുറ്റക്കാരായതുകൊണ്ടു തങ്ങളുടെ കുറ്റത്തിന്നായി ഔരോ ആട്ടുകൊറ്റനെ യാഗം കഴിച്ചു.

20 ഇമ്മേരിന്റെ പുത്രന്മാരില്‍ഹനാനി, സെബദ്യാവു.

21 ഹാരീമിന്റെ പുത്രന്മാരില്‍മയശേയാവു, ഏലീയാവു, ശെമയ്യാവു, യെഹീയേല്‍, ഉസ്സീയാവു.

22 പശ്ഹൂരിന്റെ പുത്രന്മാരില്‍എല്യോവേനായി, മയശേയാവു, യിശ്മായേല്‍, നെഥനയേല്‍, യോസാബാദ്, എലെയാസാ.

23 ലേവ്യരില്‍ യോസാബാദ്, ശിമെയി, കെലീതാ എന്നു പേരുള്ള കേലായാവു, പെഥഹ്യാവു, യെഹൂദാ, എലീയേസെര്‍.

24 സംഗീതക്കാരില്‍എല്യാശീബ്. വാതില്‍കാവല്‍ക്കാരില്‍ശല്ലൂം, തേലെം, ഊരി.

25 യിസ്രായേല്യരില്‍, പരോശിന്റെ പുത്രന്മാരില്‍രമ്യാവു, യിശ്ശീയാവു, മല്‍ക്കീയാവു, മീയാമീന്‍ , എലെയാസാര്‍, മല്‍ക്കീയാവു, ബെനായാവു.

26 ഏലാമിന്റെ പുത്രന്മാരില്‍മഥന്യാവു, സെഖര്‍യ്യാവു, യെഹീയേല്‍, അബ്ദി, യെരേമോത്ത്, ഏലീയാവു.

27 സത്ഥൂവിന്റെ പുത്രന്മാരില്‍എല്യോവേനായി, എല്യാശീബ്, മത്ഥന്യാവു, യെരേമോത്ത്, സാബാദ്, അസീസാ.

28 ബേബായിയുടെ പുത്രന്മാരില്‍യെഹോഹാനാന്‍ , ഹനന്യാവു, സബ്ബായി, അഥെലായി.

29 ബാനിയുടെ പുത്രന്മാരില്‍മെശുല്ലാം, മല്ലൂക്; അദായാവു, യാശൂബ്, ശെയാല്‍, യെരേമോത്ത്.

30 പഹത്ത് മോവാബിന്റെ പുത്രന്മാരില്‍അദ്നാ, കെലാല്‍, ബെനായാവു, മയശേയാവു, മത്ഥന്യാവു, ബെസലയേല്‍, ബിന്നൂവി, മനശ്ശെ.

31 ഹാരീമിന്റെ പുത്രന്മാരില്‍എലീയേസെര്‍, യിശ്ശീയാവു, മല്‍ക്കീയാവു, ശെമയ്യാവു, ശിമെയോന്‍ ,

32 ബെന്യാമീന്‍ , മല്ലൂക്, ശെമര്‍യ്യാവു.

33 ഹാശൂമിന്റെ പുത്രന്മാരില്‍മത്ഥെനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി.

34 ബാനിയുടെ പുത്രന്മാരില്‍

35 മയദായി, അമ്രാം, ഊവേല്‍, ബെനായാവു,

36 ബേദെയാവു, കെലൂഹൂം, വന്യാവു, മെരേമോത്ത്,

37 എല്യാശീബ്, മത്ഥന്യാവു, മെത്ഥനായി,

38 യാസൂ, ബാനി, ബിന്നൂവി,

39 ശിമെയി, ശേലെമ്യാവു, നാഥാന്‍ , അദായാവു,

40 മഖ്ന ദെബായി, ശാശായി, ശാരായി,

41 അസരെയേല്‍, ശേലെമ്യാവു, ശമര്‍യ്യാവു,

42 ശല്ലൂം, അമര്‍യ്യാവു, യോസേഫ്

43 നെബോവിന്റെ പുത്രന്മാരില്‍യെയീയേല്‍, മിത്ഥിത്ഥ്യാവു, സാബാദ്, സെബീനാ, യദ്ദായി, യോവേല്‍, ബെനായാവു.

44 ഇവര്‍ എല്ലാവരും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്നു; അവരില്‍ ചിലര്‍ക്കും മക്കളെ പ്രസവിച്ച ഭാര്യമാരും ഉണ്ടായിരുന്നു.