ഘട്ടം 140

പഠനം

     

നെഹെമ്യാവു 11:22-35

22 ദൈവാലയത്തിലെ വേലെക്കു യെരൂശലേമില്‍ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരില്‍ ഒരുത്തനായി മീഖയുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകന്‍ ഉസ്സി ആയിരുന്നു.

23 സംഗീതക്കാരെക്കുറിച്ചു രാജാവിന്റെ ഒരു കല്പനയും അവരുടെ നിത്യച്ചെലവുവകെക്കു ഒരു നിയമവും ഉണ്ടായിരുന്നു.

24 യെഹൂദയുടെ മകനായ സേരഹിന്റെ പുത്രന്മാരില്‍ മെശേസബേലിന്റെ മകനായ പെഥഹ്യാവു ജനത്തെ സംബന്ധിച്ച എല്ലാകാര്യങ്ങള്‍ക്കും രാജാവിന്റെ കാര്യസ്ഥന്‍ ആയിരുന്നു.

25 ഗ്രാമങ്ങളുടെയും അവയോടു ചേര്‍ന്ന വയലുകളുടെയും കാര്യം പറഞ്ഞാലോയെഹൂദ്യരില്‍ ചിലര്‍ കിര്‍യ്യത്ത്-അര്‍ബയിലും അതിന്റെ ഗ്രാമങ്ങളിലും ദീബോനിലും അതിന്റെ ഗ്രാമങ്ങളിലും യെക്കബ്സയേലിലും അതിന്റെ ഗ്രാമങ്ങളിലും

26 യേശുവയിലും മോലാദയിലും ബേത്ത്-പേലെതിലും ഹസര്‍-ശൂവാലിലും

27 ബേര്‍-ശേബയിലും അതിന്റെ ഗ്രാമങ്ങളിലും

28 സിക്ളാഗിലും മെഖോനിലും അതിന്റെ ഗ്രാമങ്ങളിലും ഏന്‍ -രിമ്മോനിലും

29 ,3ഠ സോരയിലും യാര്‍മൂത്തിലും സനോഹയിലും അദുല്ലാമിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്റെ വയലുകളിലും അസേക്കയിലും അതിന്റെ ഗ്രാമങ്ങളിലും പാര്‍ത്തു; അവര്‍ ബേര്‍-ശേബമുഥല്‍ ഹിന്നോം താഴ്വരവരെ പാര്‍ത്തു.

30 ബെന്യാമീന്യര്‍ ഗേബമുതല്‍ മിക്മാശ്വരെയും അയ്യയിലും ബേഥേലിലും അവയുടെ ഗ്രാമങ്ങളിലും

31 അനാഥോത്തിലും നോബിലും അനന്യാവിലും

32 ഹാസോരിലും രാമയിലും ഗിത്ഥായീമിലും

33 ഹാദീദിലും സെബോയീമിലും നെബല്ലാത്തിലും

34 ലോദിലും ശില്പികളുടെ താഴ്വരയായ ഔനോവിലും പാര്‍ത്തു.

35 യെഹൂദയില്‍ ഉണ്ടായിരുന്ന ലേവ്യരുടെ ചില ക്കുറുകള്‍ ബെന്യാമീനോടു ചേര്‍ന്നിരുന്നു.

നെഹെമ്യാവു 12

1 ശെയല്‍തീയേലിന്റെ മകനായ സെരുബ്ബാബേലിനോടും യേശുവയോടുംകൂടെ വന്ന പുരോഹിതന്മാരും ലേവ്യരും ആവിതു

2 സെരായാവു, യിരെമ്യാവു, എസ്രാ, അമര്‍യ്യാവു,

3 മല്ലൂക്, ഹത്തൂശ്, ശെഖന്യാവു, രെഹൂം,

4 മെരേമോത്ത്, ഇദ്ദോ, ഗിന്നെഥോയി,

5 അബ്ബീയാവു, മീയാമീന്‍ ; മയദ്യാവു, ബില്ഗാ,

6 ശെമയ്യാവു, യോയാരീബ്, യെദായാവു,

7 സല്ലൂ, ആമോക്, ഹില്‍ക്കീയാവു, യെദായാവു. ഇവര്‍ യേശുവയുടെ കാലത്തു പുരോഹിതന്മാരുടെയും തങ്ങളുടെ സഹോദരന്മാരുടെയും തലവന്മാര്‍ ആയിരുന്നു.

8 ലേവ്യരോ യേശുവ, ബിന്നൂവി, കദ്മീയേല്‍, ശേരെബ്യാവു, യെഹൂദാ എന്നിവരും സ്തോത്രഗാനനായകനായ മത്ഥന്യാവും സഹോദരന്മാരും. അവരുടെ സഹോദരന്മാരായ ബക്ക്ബൂക്ക്യാവും ഉന്നോവും അവര്‍ക്കും സഹകാരികളായി ശുശ്രൂഷിച്ചുനിന്നു.

9 യേശുവ യോയാക്കീമിനെ ജനിപ്പിച്ചു; യോയാക്കീം എല്യാശീബിനെ ജനിപ്പിച്ചു; എല്യാശീബ് യോയാദയെ ജനിപ്പിച്ചു;

10 യോയാദാ യോനാഥാനെ ജനിപ്പിച്ചു; യോനാഥാന്‍ യദ്ദൂവയെ ജനിപ്പിച്ചു.

11 യോയാക്കീമിന്റെ കാലത്തു പിതൃഭവനത്തലവന്മാരായിരുന്ന പുരോഹിതന്മാര്‍ സെറായാ കുലത്തിന്നു മെരായ്യാവു; യിരെമ്യാകുലത്തിന്നുഹനന്യാവു;

12 എസ്രാകുലത്തിന്നു മെശുല്ലാം;

13 അമര്‍യ്യാകുലത്തിന്നു യെഹോഹാനാന്‍ ; മല്ലൂക്‍ കുലത്തിന്നു യോനാഥാന്‍ ; ശെബന്യാകുലത്തിന്നു യോസേഫ്;

14 ഹാരീംകുലത്തിന്നു അദ്നാ; മെരായോത്ത് കുലത്തിന്നു ഹെല്‍ക്കായി;

15 ഇദ്ദോകുലത്തിന്നു സെഖര്‍യ്യാവു; ഗിന്നെഥോന്‍ കുലത്തിന്നു മെശുല്ലാം;

16 അബീയാകുലത്തിന്നു സിക്രി; മിന്യാമീന്‍ കുലത്തിന്നും മോവദ്യാകുലത്തിന്നും പില്‍തായി;

17 ബില്‍ഗാകുലത്തിന്നു ശമ്മൂവ; ശെമയ്യാകുലത്തിന്നു യെഹോനാഥാന്‍ ;

18 യോയാരീബ് കലത്തിന്നു മഥെനായി; യെദായാകുലത്തിന്നു ഉസ്സി;

19 സല്ലായി കുലത്തിന്നു കല്ലായി; ആമോക്‍ കുലത്തിന്നു ഏബെര്‍;

20 ഹില്‍ക്കീയാകുലത്തിന്നു ഹശബ്യാവു; യെദായാകുലത്തിന്നു നെഥനയേല്‍.

21 എല്യാശീബ്, യോയാദാ, യോഹാനാന്‍ , യദ്ദൂവ എന്നിവരുടെ കാലത്തു ലേവ്യരെയും പാര്‍സിരാജാവായ ദാര്‍യ്യാവേശിന്റെ കാലത്തു പുരോഹിതന്മാരെയും പിതൃഭവനത്തലവന്മാരായി എഴുതിവെച്ചു.

22 ലേവ്യരായ പിതൃഭവനത്തലവന്മാര്‍ ഇന്നവരെന്നു എല്യാശീബിന്റെ മകനായ യോഹാനാന്റെ കാലംവരെ ദിനവൃത്താന്തപുസ്തകത്തില്‍ എഴുതിയിരുന്നു.

23 ലേവ്യരുടെ തലവന്മാര്‍ഹശബ്യാവു, ശേരെബ്യാവു, കദ്മീയേലിന്റെ മകന്‍ യേശുവ എന്നിവരും അവരുടെ സഹകാരികളായ സഹോദരന്മാരും ദൈവപുരുഷനായ ദാവീദിന്റെ കല്പനപ്രകാരം തരംതരമായി നിന്നു സ്തുതിയും സ്തോത്രവും ചെയ്തുവന്നു.

24 മത്ഥന്യാവും ബ്ക്കുബൂക്ക്യാവു, ഔബദ്യാവു, മെശുല്ലാം, തല്മോന്‍ , അക്കൂബ്, എന്നിവര്‍ വാതിലുകള്‍ക്കരികെയുള്ള ഭണ്ഡാരഗൃഹങ്ങള്‍ കാക്കുന്ന വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു.

25 ഇവര്‍ യോസാദാക്കിന്റെ മകനായ യേശുവയുടെ മകനായ യോയാക്കീമിന്റെ കാലത്തും ദേശാധിപതിയായ നെഹെമ്യാവിന്റെയും ശാസ്ത്രിയായ എസ്രാപുരോഹിതന്റെയും കാലത്തും ഉണ്ടായിരുന്നു.

26 യെരൂശലേമിന്റെ മതില്‍ പ്രതിഷ്ഠിച്ച സമയം അവര്‍ സ്തോത്രങ്ങളോടും സംഗീതത്തോടും കൂടെ കൈത്താളങ്ങളും വീണകളും കിന്നരങ്ങളും കൊണ്ടു സന്തോഷപൂര്‍വ്വം പ്രതിഷ്ഠ ആചരിപ്പാന്‍ ലേവ്യരെ അവരുടെ സര്‍വ്വവാസസ്ഥലങ്ങളില്‍നിന്നും യെരൂശലേമിലേക്കു അന്വേഷിച്ചു വരുത്തി.

27 അങ്ങനെ സംഗീതക്കാരുടെ വര്‍ഗ്ഗം യെരൂശലേമിന്റെ ചുറ്റുമുള്ള പ്രദേശത്തുനിന്നും നെതോഫാത്യരുടെ ഗ്രാമങ്ങളില്‍നിന്നും

28 ബേത്ത്-ഗില്‍ഗാലില്‍നിന്നും ഗേബയുടെയും അസ്മാവെത്തിന്റെയും നാട്ടുപുറങ്ങളില്‍നിന്നും വന്നുകൂടി; സംഗീതക്കാര്‍ യെരൂശലേമിന്റെ ചുറ്റും തങ്ങള്‍ക്കു ഗ്രാമങ്ങള്‍ പണിതിരുന്നു.

29 പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നേ ശുദ്ധീകരിച്ചിട്ടു ജനത്തെയും വാതിലുകളെയും മതിലിനെയും ശുദ്ധീകരിച്ചു.

30 പിന്നെ ഞാന്‍ യെഹൂദാപ്രഭുക്കന്മാരെ മതിലിന്മേല്‍ കൊണ്ടു പോയി; സ്തോത്രഗാനം ചെയ്തുംകൊണ്ടു പ്രദക്ഷിണം ചെയ്യേണ്ടതിന്നു രണ്ടു വലിയ കൂട്ടങ്ങളെ നിയമിച്ചു; അവയില്‍ ഒന്നു മതിലിന്മേല്‍ വലത്തുഭാഗത്തുകൂടി കുപ്പവാതില്‍ക്കലേക്കു പുറപ്പെട്ടു.

31 അവരുടെ പിന്നാലെ ഹോശയ്യാവും യെഹൂദാപ്രഭുക്കന്മാരില്‍ പാതിപേരും നടന്നു.

32 അസര്‍യ്യാവും എസ്രയും മെശുല്ലാമും

33 യെഹൂദയും ബെന്യമീനും ശെമയ്യാവും

34 യിരെമ്യാവും കാഹളങ്ങളോടുകൂടെ പുരോഹിതപുത്രന്മാരില്‍ ചിലരും ആസാഫിന്റെ മകനായ സക്കൂരിന്റെ മകനായ മീഖായാവിന്റെ മകനായ മത്ഥന്യാവിന്റെ മകനായ ശെമയ്യാവിന്റെ മകനായ യോനാഥാന്റെ മകന്‍ സെഖര്‍യ്യാവും

35 ദൈവപുരുഷനായ ദാവീദിന്റെ വാദ്യങ്ങളോടുകൂടെ അവന്റെ സഹോദരന്മാരായ ശെമയ്യാവു അസരയേലും മീലലായിയും ഗീലലായിയും മായായിയും നെഥനയേലും യെഹൂദയും ഹനാനിയും നടന്നു; എസ്രാശാസ്ത്രി അവരുടെ മുമ്പില്‍ നടന്നു.

36 അവര്‍ ഉറവുവാതില്‍ കടന്നു നേരെ ദാവീദിന്റെ നഗരത്തിന്റെ പടിക്കെട്ടില്‍കൂടി ദാവീദിന്റെ അരമനെക്കപ്പുറം മതിലിന്റെ കയറ്റത്തില്‍ കിഴക്കു നീര്‍വ്വാതില്‍വരെ ചെന്നു.

37 സ്തോത്രഗാനക്കാരുടെ രണ്ടാം കൂട്ടം അവര്‍ക്കും എതിരെ ചെന്നു; അവരുടെ പിന്നാലെ ഞാനും ജനത്തില്‍ പാതിയും മതിലിന്മേല്‍ ചൂളഗോപുരത്തിന്നു അപ്പുറം വിശാലമതില്‍വരെയും എഫ്രയീംവാതിലിന്നപ്പുറം

38 പഴയവാതിലും മീന്‍ വാതിലും ഹനനേലിന്റെ ഗോപുരവും ഹമ്മേയാഗോപുരവും കടന്നു ആട്ടുവാതില്‍വരെയും ചെന്നു; അവര്‍ കാരാഗൃഹവാതില്‍ക്കല്‍ നിന്നു.

39 അങ്ങനെ സ്തോത്രഗാനക്കാരുടെ കൂട്ടം രണ്ടും ഞാനും എന്നോടുകൂടെയുള്ള പ്രമാണികളില്‍ പാതിപേരും നിന്നു.

40 കാഹളങ്ങളോടുകൂടെ എല്യാക്കീം, മയസേയാവു, മിന്യാമീന്‍ , മീഖായാവു, എല്യോവേനായി, സെഖര്‍യ്യാവു, ഹനന്യാവു, എന്ന പുരോഹിതന്മാരും മയസേയാവു,

41 ശെമയ്യാവു, എലെയാസാര്‍, ഉസ്സി, യെഹോഹാനാന്‍ മല്‍ക്കീയാവു, ഏലാം, ഏസെര്‍ എന്നിവരും ദൈവാലയത്തിന്നരികെ വന്നുനിന്നു; സംഗീതക്കാര്‍ ഉച്ചത്തില്‍ പാട്ടുപാടി; യിസ്രഹ്യാവു അവരുടെ പ്രമാണിയായിരുന്നു.

42 അവര്‍ അന്നു മഹായാഗങ്ങള്‍ അര്‍പ്പിച്ചു സന്തോഷിച്ചു; ദൈവം അവര്‍ക്കും മഹാസന്തോഷം നല്കിയിരുന്നു; സ്ത്രീകളും പൈതങ്ങളുംകൂടെ സന്തോഷിച്ചു; അതുകൊണ്ടു യെരൂശലേമിലെ സന്തോഷഘോഷം ബഹുദൂരത്തോളം കേട്ടു.

43 അന്നു ശുശ്രൂഷിച്ചുനിലക്കുന്ന പുരോഹിതന്മാരെയും ലേവ്യരെയും കുറിച്ചു യെഹൂദാജനം സന്തോഷിച്ചതുകൊണ്ടു അവര്‍ പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും ന്യായപ്രമാണത്താല്‍ നിയമിക്കപ്പെട്ട ഔഹരികളെ, പട്ടണങ്ങളോടു ചേര്‍ന്ന നിലങ്ങളില്‍നിന്നു ശേഖരിച്ചു ഭണ്ഡാരത്തിന്നും ഉദര്‍ച്ചാര്‍പ്പണങ്ങള്‍ക്കും ഉള്ള അറകളില്‍ സൂക്ഷിക്കേണ്ടതിന്നു ചില പുരുഷന്മാരെ മേല്‍വിചാരകന്മാരായി നിയമിച്ചു.

44 അവര്‍ തങ്ങളുടെ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും നടത്തി; സംഗീതക്കാരും വാതില്‍കാവല്‍ക്കാരും ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും കല്പനപ്രകാരം ചെയ്തു.

45 പണ്ടു ദാവീദിന്റെയും ആസാഫിന്റെയും കാലത്തു സംഗീതക്കാര്‍ക്കും ഒരു തലവനും ദൈവത്തിന്നു സ്തുതിയും സ്തോത്രവും ആയുള്ള ഗീതങ്ങളും ഉണ്ടായിരുന്നു.

46 എല്ലായിസ്രായേലും സെരുബ്ബാബേലിന്റെ കാലത്തും നെഹെമ്യാവിന്റെ കാലത്തും സംഗീതക്കാര്‍ക്കും വാതില്‍കാവല്‍ക്കാര്‍ക്കും ദിവസേന ആവശ്യമായ ഉപജീവനം കൊടുത്തുവന്നു. അവര്‍ ലേവ്യര്‍ക്കും നിവേദിതങ്ങളെ കൊടുത്തു; ലേവ്യര്‍ അഹരോന്യര്‍ക്കും നിവേദിതങ്ങളെ കൊടുത്തു.

നെഹെമ്യാവു 13

1 അന്നു ജനം കേള്‍ക്കെ മോശെയുടെ പുസ്തകം വായിച്ചതില്‍ അമ്മോന്യരും മോവാബ്യരും ദൈവത്തിന്റെ സഭയില്‍ ഒരു നാളും പ്രവേശിക്കരുതു;

2 അവര്‍ അപ്പവും വെള്ളവുംകൊണ്ടു യിസ്രായേല്‍മക്കളെ എതിരേറ്റുവരാതെ അവരെ ശപിക്കേണ്ടതിന്നു അവര്‍ക്കും വിരോധമായി ബിലെയാമിനെ കൂലിക്കു വിളിച്ചു; എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി എന്നു എഴുതിയിരിക്കുന്നതു കണ്ടു.

3 ആ ന്യായപ്രമാണം കേട്ടപ്പോള്‍ അവര്‍ സമ്മിശ്രജാതികളെ ഒക്കെയും യിസ്രായേലില്‍നിന്നു വേറുപിരിച്ചു.

4 അതിന്നു മുമ്പെ തന്നേ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ അറകള്‍ക്കു മേല്‍വിചാരകനായി നിയമിക്കപ്പെട്ടിരുന്ന എല്യാശീബ് പുരോഹിതന്‍ തോബീയാവിന്റെ ബന്ധുവായിരുന്നതിനാല്‍ അവന്നു ഒരു വലിയ അറ ഒരുക്കിക്കൊടുത്തിരുന്നു.

5 മുമ്പെ അവിടെ ഭോജനയാഗം, കുന്തുരുക്കം, ഉപകരണങ്ങള്‍ എന്നിവയും ലേവ്യര്‍ക്കും സംഗീതക്കാര്‍ക്കും വാതില്‍കാവല്‍ക്കാര്‍ക്കും വേണ്ടി നിയമിച്ച ധാന്യം, വീഞ്ഞു, എണ്ണ, എന്നിവയുടെ ദശാംശവും പുരോഹിതന്മാര്‍ക്കുംള്ള ഉദര്‍ച്ചാര്‍പ്പണങ്ങളും വെച്ചിരുന്നു.

6 ഈ കാലത്തൊക്കെയും ഞാന്‍ യെരൂശലേമില്‍ ഉണ്ടായിരുന്നില്ലബാബേല്‍ രാജാവായ അര്‍ത്ഥഹ് ശഷ്ടാവിന്റെ മുപ്പത്തിരണ്ടാം ആണ്ടില്‍ ഞാന്‍ രാജാവിന്റെ അടുക്കല്‍ പോയിരുന്നു; കുറെനാള്‍ കഴിഞ്ഞിട്ടു

7 ഞാന്‍ രാജാവിനോടു അനുവാദം വാങ്ങി യെരൂശലേമിലേക്കു വന്നാറെ എല്യാശീബ് തോബീയാവിന്നു ദൈവാലയത്തിന്റെ പ്രാകാരങ്ങളില്‍ ഒരു അറ ഒരുക്കിക്കൊടുത്തതിനാല്‍ ചെയ്തദോഷം ഞാന്‍ അറിഞ്ഞു.

8 അതു എനിക്കു അത്യന്തം വ്യസനമായതുകൊണ്ടു ഞാന്‍ തോബീയാവിന്റെ വീട്ടുസാമാനമൊക്കെയും അറയില്‍നിന്നു പുറത്തു എറിഞ്ഞുകളഞ്ഞു.

9 പിന്നെ ഞാന്‍ കല്പിച്ചിട്ടു അവര്‍ ആ അറകളെ ശുദ്ധീകരിച്ചു; ദൈവാലയത്തിലെ ഉപകരണങ്ങളും ഭോജനയാഗവും കുന്തുരുക്കവും ഞാന്‍ വീണ്ടും അവിടെ വരുത്തി.

10 ലേവ്യര്‍ക്കും ഉപജീവനം കൊടുക്കായ്കയാല്‍ വേല ചെയ്യുന്ന ലേവ്യരും സംഗീതക്കാരും ഔരോരുത്തന്‍ താന്താന്റെ നിലത്തിലേക്കു പൊയ്ക്കളഞ്ഞു എന്നു ഞാന്‍ അറിഞ്ഞു

11 പ്രമാണികളെ ശാസിച്ചുദൈവാലയത്തെ ഉപേക്ഷിച്ചുകളഞ്ഞതു എന്തു എന്നു ചോദിച്ചു അവരെ കൂട്ടി വരുത്തി അവരുടെ സ്ഥാനത്തു നിര്‍ത്തി.

12 പിന്നെ എല്ലായെഹൂദന്മാരും ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരഗൃഹങ്ങളിലേക്കു കൊണ്ടുവന്നു.

13 ഞാന്‍ ശേലെമ്യാപുരോഹിതനെയും സാദോക്‍ ശാസ്ത്രിയെയും ലേവ്യരില്‍ പെദായാവെയും ഇവര്‍ക്കും സഹായിയായിട്ടു മത്ഥന്യാവിന്റെ മകനായ സക്കൂരിന്റെ മകന്‍ ഹാനാനെയും ഭണ്ഡാരഗൃഹങ്ങളുടെ മേല്‍വിചാരകന്മാരായി നിയമിച്ചു; അവരെ വിശ്വസ്തരെന്നു എണ്ണിയിരുന്നു; തങ്ങളുടെ സഹോദരന്മാര്‍ക്കും പങ്കിട്ടുകൊടുക്കുന്നതായിരുന്നു അവരുടെ ഉദ്യോഗം.

14 എന്റെ ദൈവമേ, ഇതു എനിക്കായി ഔര്‍ക്കേണമേ; ഞാന്‍ എന്റെ ദൈവത്തിന്റെ ആലയത്തിന്നും അതിലെ ശുശ്രൂഷെക്കും വേണ്ടി ചെയ്ത എന്റെ സല്‍പ്രവൃത്തികളെ മായിച്ചുകളയരുതേ.

15 ആ കാലത്തു യെഹൂദയില്‍ ചിലര്‍ ശബ്ബത്തില്‍ മുന്തിരിച്ചകൂ ചവിട്ടുന്നതും കറ്റ കൊണ്ടുവരുന്നതും കഴുതപ്പുറത്തു ചുമടുകയറ്റുന്നതും ശബ്ബത്തില്‍ വീഞ്ഞു, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായ ചുമടെല്ലാം യെരൂശലേമിലേക്കു ചുമന്നുകൊണ്ടു വരുന്നതും കണ്ടു; അവര്‍ ഭക്ഷണസാധനം വിലക്കുന്ന ദിവസത്തില്‍ ഞാന്‍ അവരെ പ്രബോധിപ്പിച്ചു.

16 സോര്‍യ്യരും അവിടെ പാര്‍ത്തു മത്സ്യവും പല ചരക്കും കൊണ്ടുവന്നു ശബ്ബത്തില്‍ യെഹൂദ്യര്‍ക്കും യെരൂശലേമിലും വിറ്റുപോന്നു.

17 അതുകൊണ്ടു ഞാന്‍ യെഹൂദാശ്രേഷ്ഠന്മാരെ ശാസിച്ചു; നിങ്ങള്‍ ശബ്ബത്തുനാള്‍ അശുദ്ധമാക്കി ഇങ്ങനെ ദോഷം ചെയ്യുന്നതെന്തു?

18 നിങ്ങളുടെ പിതാക്കന്മാര്‍ ഇങ്ങനെ ചെയ്തതിനാലല്ലയോ നമ്മുടെ ദൈവം നമ്മുടെ മേലും ഈ നഗരത്തിന്മേലും ഈ അനര്‍ത്ഥം ഒക്കെയും വരുത്തിയിരിക്കുന്നതു? എന്നാല്‍ നിങ്ങള്‍ ശബ്ബത്തിനെ അശുദ്ധമാക്കുന്നതിനാല്‍ യിസ്രായേലിന്മേല്‍ ഉള്ള ക്രോധം വര്‍ദ്ധിപ്പിക്കുന്നു എന്നു അവരോടു പറഞ്ഞു.

19 പിന്നെ ശബ്ബത്തിന്നു മുമ്പെ യെരൂശലേം നഗരവാതിലുകളില്‍ ഇരുട്ടായിത്തുടങ്ങുമ്പോള്‍ വാതിലുകള്‍ അടെപ്പാനും ശബ്ബത്ത് കഴിയുംവരെ അവ തുറക്കാതിരിപ്പാനും ഞാന്‍ കല്പിച്ചു; ശബ്ബത്തുനാളില്‍ ഒരു ചുമടും അകത്തു കടത്താതിരിക്കേണ്ടതിന്നു വാതിലുകള്‍ക്കരികെ എന്റെ ആളുകളില്‍ ചിലരെ നിര്‍ത്തി.

20 അതുകൊണ്ടു കച്ചവടക്കാരും പലചരകൂ വിലക്കുന്നവരും ഒന്നു രണ്ടു പ്രാവശ്യം യെരൂശലേമിന്നു പുറത്തു രാപാര്‍ത്തു.

21 ആകയാല്‍ ഞാന്‍ അവരെ പ്രബോധിപ്പിച്ചുനിങ്ങള്‍ മതിലിന്നരികെ രാപാര്‍ക്കുംന്നതെന്തു? നിങ്ങള്‍ ഇനിയും അങ്ങനെ ചെയ്താല്‍ ഞാന്‍ നിങ്ങളെ പിടിക്കും എന്നു അവരോടു പറഞ്ഞു. ആ കാലംമുതല്‍ അവര്‍ ശബ്ബത്തില്‍ വരാതെയിരുന്നു.

22 ലേവ്യരോടു ഞാന്‍ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കേണ്ടതിന്നു തങ്ങളെത്തന്നേ വിശുദ്ധീകരിക്കയും വന്നു വാതിലുകളെ കാക്കുകയും ചെയ്‍വാന്‍ കല്പിച്ചു. എന്റെ ദൈവമേ, ഇതുവും എനിക്കായി ഔര്‍ത്തു നിന്റെ മഹാദയപ്രകാരം എന്നോടു കനിവു തോന്നേണമേ.

23 ആ കാലത്തു ഞാന്‍ അസ്തോദ്യരും അമ്മോന്യരും മോവാബ്യരും ആയ സ്ത്രീകളെ വിവാഹം കഴിച്ച യെഹൂദന്മാരെ കണ്ടു.

24 അവരുടെ മക്കള്‍ പാതി അസ്തോദ്യഭാഷ സംസാരിച്ചു; അവര്‍ അതതു ജാതിയുടെ ഭാഷയല്ലാതെ യെഹൂദ്യഭാഷ സംസാരിപ്പാന്‍ അറിഞ്ഞില്ല.

25 അവരെ ഞാന്‍ ശാസിച്ചു ശപിച്ചു അവരില്‍ ചിലരെ അടിച്ചു അവരുടെ തലമുടി പറിച്ചു; നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കും കൊടുക്കരുതു; അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കോ നിങ്ങള്‍ക്കോ എടുക്കയുമരുതു എന്നു ആജ്ഞാപിച്ചു അവരെക്കൊണ്ടു ദൈവനാമത്തില്‍ സത്യം ചെയ്യിച്ചു.

26 യിസ്രായേല്‍രാജാവായ ശലോമോന്‍ ഇതിനാല്‍ പാപം ചെയ്തില്ലയോ? അവനെപ്പോലെ ഒരു രാജാവു അനേകംജാതികളുടെ ഇടയില്‍ ഉണ്ടായിരുന്നില്ല; അവന്‍ തന്റെ ദൈവത്തിന്നു പ്രിയനായിരുന്നതിനാല്‍ ദൈവം അവനെ എല്ലായിസ്രായേലിന്നും രാജാവാക്കി; എങ്കിലും അവനെയും അന്യജാതിക്കാരത്തികളായ ഭാര്യമാര്‍ വശീകരിച്ചു പാപം ചെയ്യിച്ചുവല്ലോ.

27 നിങ്ങള്‍ അന്യജാതിക്കാരത്തികളെ വിവാഹം കഴിക്കുന്നതിനാല്‍ നമ്മുടെ ദൈവത്തോടു ദ്രോഹിക്കേണ്ടതിന്നു ഈ വലിയ ദോഷം ഒക്കെയും ചെയ്‍വാന്‍ തക്കവണ്ണം ഞങ്ങള്‍ നിങ്ങളെ സമ്മതിക്കുമോ എന്നു പറഞ്ഞു.

28 യോയാദയുടെ പുത്രന്മാരില്‍ മഹാപുരോഹിതനായ എല്യാശീബിന്റെ മകന്‍ ഹോരോന്യനായ സന്‍ ബല്ലത്തിന്റെ മരുമകന്‍ ആയിരുന്നു; അതുകൊണ്ടു ഞാന്‍ അവനെ എന്റെ അടുക്കല്‍നിന്നു ഔടിച്ചുകളഞ്ഞു.

29 എന്റെ ദൈവമേ, അവര്‍ പൌരോഹിത്യത്തെയും പൌരോഹിത്യത്തിന്റെയും ലേവ്യരുടെയും നിയമത്തെയും മലിനമാക്കിയിരിക്കുന്നതു അവര്‍ക്കും കണക്കിടേണമേ.

30 ഇങ്ങനെ ഞാന്‍ അന്യമായതൊക്കെയും നീക്കി അവരെ ശുദ്ധീകരിക്കയും പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും ഔരോരുത്തന്നു താന്താന്റെ വേലയില്‍ ശുശ്രൂഷക്രമവും നിശ്ചിതസമയങ്ങള്‍ക്കു വിറകുവഴിപാടും

31 ആദ്യഫലവും നിയമിക്കയും ചെയ്തു. എന്റെ ദൈവമേ, ഇതു എനിക്കു നന്മെക്കായിട്ടു ഔര്‍ക്കേണമേ.