ഘട്ടം 144

പഠനം

     

ഇയ്യോബ് 5:17-27

17 ദൈവം ശാസിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ ; സര്‍വ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുതു.

18 അവന്‍ മുറിവേല്പക്കിയും മുറി കെട്ടുകയും ചെയ്യുന്നു; അവന്‍ ചതെക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു.

19 ആറു കഷ്ടത്തില്‍നിന്നു അവന്‍ നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.

20 ക്ഷാമകാലത്തു അവന്‍ നിന്നെ മരണത്തില്‍നിന്നും യുദ്ധത്തില്‍ വാളിന്റെ വെട്ടില്‍നിന്നും വിടുവിക്കും.

21 നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും; നാശം വരുമ്പോള്‍ നീ ഭയപ്പെടുകയില്ല.

22 നാശവും ക്ഷാമവും കണ്ടു നീ ചിരിക്കും; കാട്ടുമൃഗങ്ങളെ നീ പേടിക്കയില്ല.

23 വയലിലെ കല്ലുകളോടു നിനക്കു സഖ്യതയുണ്ടാകും; കാട്ടിലെ മൃഗങ്ങള്‍ നിന്നോടു ഇണങ്ങിയിരിക്കും.

24 നിന്റെ കൂടാരം നിര്‍ഭയം എന്നു നീ അറിയും; നിന്റെ പാര്‍പ്പിടം നീ പരിശോധിക്കും, ഒന്നും കാണാതെയിരിക്കയില്ല.

25 നിന്റെ സന്താനം അസംഖ്യമെന്നും നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.

26 തക്ക സമയത്തു കറ്റക്കൂമ്പാരം അടുക്കിവെക്കുന്നതുപോലെ നീ പൂര്‍ണ്ണവാര്‍ദ്ധക്യത്തില്‍ കല്ലറയില്‍ കടക്കും.

27 ഞങ്ങള്‍ അതു ആരാഞ്ഞുനോക്കി, അതു അങ്ങനെതന്നേ ആകുന്നു; നീ അതു കേട്ടു ഗ്രഹിച്ചുകൊള്‍ക.

ഇയ്യോബ് 6

1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍

2 അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കില്‍! എന്റെ വിപത്തു സ്വരൂപിച്ചു തുലാസില്‍ വെച്ചെങ്കില്‍!

3 അതു കടല്പുറത്തെ മണലിനെക്കാള്‍ ഭാരമേറുന്നതു. അതുകൊണ്ടു എന്റെ വാക്കു തെറ്റിപ്പോകുന്നു.

4 സര്‍വ്വശക്തന്റെ അസ്ത്രങ്ങള്‍ എന്നില്‍ തറെച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവു കുടിക്കുന്നു; ദൈവത്തിന്റെ ഘോരത്വങ്ങള്‍ എന്റെ നേരെ അണിനിരന്നിരിക്കുന്നു.

5 പുല്ലുള്ളേടത്തു കാട്ടുകഴുത ചിനെക്കുമോ? തീറ്റി തിന്നുമ്പോള്‍ കാള മുക്കുറയിടുമോ?

6 രുചിയില്ലാത്തതു ഉപ്പുകൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളെക്കു രുചിയുണ്ടോ?

7 തൊടുവാന്‍ എനിക്കു വെറുപ്പു തോന്നുന്നതു എനിക്കു അറെപ്പുള്ള ഭക്ഷണമായിരിക്കുന്നു.

8 അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കില്‍! എന്റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കില്‍!

9 എന്നെ തകര്‍ക്കുംവാന്‍ ദൈവം പ്രസാദിച്ചെങ്കില്‍! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കില്‍!

10 അങ്ങനെ എനിക്കു ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയില്‍ ഞാന്‍ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്റെ വചനങ്ങളെ ഞാന്‍ നിഷേധിച്ചിട്ടില്ലല്ലോ;

11 ഞാന്‍ കാത്തിരിക്കേണ്ടതിന്നു എന്റെ ശക്തി എന്തുള്ളു? ദീര്‍ഘക്ഷമ കാണിക്കേണ്ടതിന്നു എന്റെ അന്തം എന്തു?

12 എന്റെ ബലം കല്ലിന്റെ ബലമോ? എന്റെ മാംസം താമ്രമാകുന്നുവോ?

13 ഞാന്‍ കേവലം തുണയില്ലാത്തവനല്ലയോ? രക്ഷ എന്നെ വിട്ടുപോയില്ലയോ?

14 ദുഃഖിതനോടു സ്നേഹിതന്‍ ദയ കാണിക്കേണ്ടതാകുന്നു; അല്ലാഞ്ഞാല്‍ അവന്‍ സര്‍വ്വശക്തന്റെ ഭയം ത്യജിക്കും.

15 എന്റെ സഹോദരന്മാര്‍ ഒരു തോടുപോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ചാല്‍പോലെ തന്നേ.

16 നീര്‍ക്കട്ടകൊണ്ടു അവ കലങ്ങിപ്പോകുന്നു; ഹിമം അവയില്‍ ഉരുകി കാണാതെപോകുന്നു.

17 ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോള്‍ അവ അവിടെനിന്നു പൊയ്പോകുന്നു.

18 സ്വാര്‍ത്ഥങ്ങള്‍ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; അവ മരുഭൂമിയില്‍ ചെന്നു നശിച്ചുപോകുന്നു.

19 തേമയുടെ സ്വാര്‍ത്ഥങ്ങള്‍ തിരിഞ്ഞുനോക്കുന്നു; ശെബയുടെ യാത്രാഗണം അവെക്കായി പ്രതീക്ഷിക്കുന്നു.

20 പ്രതീക്ഷിച്ചതുകൊണ്ടു അവര്‍ ലജ്ജിക്കുന്നു; അവിടത്തോളം ചെന്നു നാണിച്ചു പോകുന്നു.

21 നിങ്ങളും ഇപ്പോള്‍ അതുപോലെ ആയി വിപത്തു കണ്ടിട്ടു നിങ്ങള്‍ പേടിക്കുന്നു.

22 എനിക്കു കൊണ്ടുവന്നു തരുവിന്‍ ; നിങ്ങളുടെ സമ്പത്തില്‍നിന്നു എനിക്കുവേണ്ടി കൈക്കൂലി കൊടുപ്പിന്‍ ;

23 വൈരിയുടെ കയ്യില്‍നിന്നു എന്നെ വിടുവിപ്പിന്‍ ; നിഷ്ഠൂരന്മാരുടെ കയ്യില്‍നിന്നു എന്നെ വീണ്ടെടുപ്പിന്‍ എന്നിങ്ങനെ ഞാന്‍ പറഞ്ഞിട്ടുണ്ടോ?

24 എന്നെ ഉപദേശിപ്പിന്‍ ; ഞാന്‍ മിണ്ടാതെയിരിക്കാം; ഏതില്‍ തെറ്റിപ്പോയെന്നു എനിക്കു ബോധം വരുത്തുവിന്‍ .

25 നേരുള്ള വാക്കുകള്‍ക്കു എത്ര ബലം! നിങ്ങളുടെ ശാസനെക്കോ എന്തു ഫലം?

26 വാക്കുകളെ ആക്ഷേപിപ്പാന്‍ വിചാരിക്കുന്നുവോ? ആശയറ്റവന്റെ വാക്കുകള്‍ കാറ്റിന്നു തുല്യമത്രേ.

27 അനാഥന്നു നിങ്ങള്‍ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ടു കച്ചവടം ചെയ്യുന്നു.

28 ഇപ്പോള്‍ ദയ ചെയ്തു എന്നെ ഒന്നു നോക്കുവിന്‍ ; ഞാന്‍ നിങ്ങളുടെ മുഖത്തു നോക്കി ഭോഷകുപറയുമോ?

29 ഒന്നുകൂടെ നോക്കുവിന്‍ ; നീതികേടു ഭവിക്കരുതു. ഒന്നുകൂടെ നോക്കുവിന്‍ ; എന്റെ കാര്യം നീതിയുള്ളതു തന്നേ.

30 എന്റെ നാവില്‍ അനീതിയുണ്ടോ? എന്റെവായി അനര്‍ത്ഥം തിരിച്ചറികയില്ലയോ?

ഇയ്യോബ് 7

1 മര്‍ത്യന്നു ഭൂമിയില്‍ യുദ്ധസേവയില്ലയോ? അവന്റെ ജീവകാലം കൂലിക്കാരന്റെ ജീവകാലംപോലെ തന്നേ.

2 വേലക്കാരന്‍ നിഴല്‍ വാഞ്ഛിക്കുന്നതുപോലെയും കൂലിക്കാരന്‍ കൂലിക്കു കാത്തിരിക്കുന്നതുപോലെയും

3 വ്യര്‍ത്ഥമാസങ്ങള്‍ എനിക്കു അവകാശമായ്‍വന്നു, കഷ്ടരാത്രികള്‍ എനിക്കു ഔഹരിയായ്തീര്‍ന്നു.

4 കിടക്കുന്നേരംഞാന്‍ എപ്പോള്‍ എഴുന്നേലക്കും എന്നു പറയുന്നു; രാത്രിയോ ദീര്‍ഘിച്ചുകൊണ്ടിരിക്കുന്നു; വെളുക്കുവോളം എനിക്കുരുളുക തന്നേ പണി.

5 എന്റെ ദേഹം പുഴുവും മണ്‍കട്ടയും ഉടുത്തിരിക്കുന്നു. എന്റെ ത്വക്കില്‍ പുണ്‍വായ്കള്‍ അടഞ്ഞു വീണ്ടും പഴുത്തുപൊട്ടുന്നു.

6 എന്റെ നാളുകള്‍ നെയ്ത്തോടത്തിലും വേഗതയുള്ളതു; പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു.

7 എന്റെ ജീവന്‍ ഒരു ശ്വാസം മാത്രം എന്നോര്‍ക്കേണമേ; എന്റെ കണ്ണു ഇനി നന്മയെ കാണുകയില്ല.

8 എന്നെ കാണുന്നവന്റെ കണ്ണു ഇനി എന്നെ കാണുകയില്ല; നിന്റെ കണ്ണു എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും.

9 മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ പാതാളത്തിലിറങ്ങുന്നവന്‍ വീണ്ടും കയറിവരുന്നില്ല.

10 അവന്‍ തന്റെ വീട്ടിലേക്കു മടങ്ങിവരികയില്ല; അവന്റെ ഇടം ഇനി അവനെ അറികയുമില്ല.

11 ആകയാല്‍ ഞാന്‍ എന്റെ വായടെക്കയില്ല; എന്റെ മന:പീഡയില്‍ ഞാന്‍ സംസാരിക്കും; എന്റെ മനോവ്യസനത്തില്‍ ഞാന്‍ സങ്കടം പറയും.

12 നീ എനിക്കു കാവലാക്കേണ്ടതിന്നു ഞാന്‍ കടലോ കടലാനയോ ആകുന്നുവോ?

13 എന്റെ കട്ടില്‍ എന്നെ ആശ്വസിപ്പിക്കും; എന്റെ മെത്ത എന്റെ വ്യസനം ശമിപ്പിക്കും എന്നു ഞാന്‍ പറഞ്ഞാല്‍

14 നീ സ്വപ്നംകൊണ്ടു എന്നെ അരട്ടുന്നു; ദര്‍ശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു.

15 ആകയാല്‍ ഞാന്‍ ഞെക്കിക്കുലയും ഈ അസ്ഥിക്കൂടത്തെക്കാള്‍ മരണവും തിരഞ്ഞെടുക്കുന്നു.

16 ഞാന്‍ അഴിഞ്ഞിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല; എന്നെ വിടേണമേ; എന്റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ.

17 മര്‍ത്യനെ നീ ഗണ്യമാക്കേണ്ടതിന്നും അവന്റെമേല്‍ ദൃഷ്ടിവെക്കേണ്ടതിന്നും

18 അവനെ രാവിലെതോറും സന്ദര്‍ശിച്ചു മാത്രതോറും പരീക്ഷിക്കേണ്ടതിന്നും അവന്‍ എന്തുള്ളു?

19 നീ എത്രത്തോളം നിന്റെ നോട്ടം എങ്കല്‍ നിന്നു മാറ്റാതിരിക്കും? ഞാന്‍ ഉമിനീര്‍ ഇറക്കുവോളം എന്നെ വിടാതെയുമിരിക്കും?

20 ഞാന്‍ പാപം ചെയ്തുവെങ്കില്‍, മനുഷ്യപാലകനേ, ഞാന്‍ നിനക്കെന്തു ചെയ്യുന്നു? ഞാന്‍ എനിക്കു തന്നേ ഭാരമായിരിക്കത്തക്കവണ്ണം നീ എന്നെ നിനക്കു ലക്ഷ്യമായി വെച്ചിരിക്കുന്നതെന്തു?

21 എന്റെ അതിക്രമം നീ ക്ഷമിക്കാതെയും അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്തു? ഇപ്പോള്‍ ഞാന്‍ പൊടിയില്‍ കിടക്കും; നീ എന്നെ അന്വേഷിച്ചാല്‍ ഞാന്‍ ഇല്ലാതിരിക്കും.

ഇയ്യോബ് 8

1 അതിന്നു ശൂഹ്യനായ ബില്‍ദാദ് ഉത്തരം പറഞ്ഞതെന്തെന്നാല്‍

2 എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? നിന്റെ വായിലെ വാക്കുകള്‍ വങ്കാറ്റുപോലെ ഇരിക്കും?

3 ദൈവം ന്യായം മറിച്ചുകളയുമോ? സര്‍വ്വശക്തന്‍ നീതിയെ മറിച്ചുകളയുമോ?

4 നിന്റെ മക്കള്‍ അവനോടു പാപം ചെയ്തെങ്കില്‍ അവന്‍ അവരെ അവരുടെ അതിക്രമങ്ങള്‍ക്കു ഏല്പിച്ചുകളഞ്ഞു.

5 നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും സര്‍വ്വശക്തനോടപേക്ഷിക്കയും ചെയ്താല്‍,

6 നീ നിര്‍മ്മലനും നേരുള്ളവനുമെങ്കില്‍ അവന്‍ ഇപ്പോള്‍ നിനക്കു വേണ്ടി ഉണര്‍ന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും.

7 നിന്റെ പൂര്‍വ്വസ്ഥിതി അല്പമായ്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും.

8 നീ പണ്ടത്തെ തലമുറയോടു ചോദിക്ക; അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊള്‍ക.

9 നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ; ഭൂമിയില്‍ നമ്മുടെ ജീവകാലം ഒരു നിഴലത്രെ.

10 അവര്‍ നിനക്കു ഉപദേശിച്ചുപറഞ്ഞുതരും; തങ്ങളുടെ ഹൃദയത്തില്‍നിന്നു വാക്കുകളെ പുറപ്പെടുവിക്കും.

11 ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ലു വളരുമോ?

12 അതു അരിയാതെ പച്ചയായിരിക്കുമ്പോള്‍ തന്നേ മറ്റു എല്ലാ പുല്ലിന്നും മുമ്പെ വാടിപ്പോകുന്നു.

13 ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നേ; വഷളന്റെ ആശ നശിച്ചുപോകും;

14 അവന്റെ ആശ്രയം അറ്റുപോകും; അവന്റെ ശരണം ചിലന്തിവലയത്രെ.

15 അവന്‍ തന്റെ വീട്ടിനെ ആശ്രയിക്കും; അതോ നില്‍ക്കയില്ല; അവന്‍ അതിനെ മുറുകെ പിടിക്കും; അതോ നിലനില്‍ക്കയില്ല.

16 വെയിലത്തു അവന്‍ പച്ചയായിരിക്കുന്നു; അവന്റെ ചില്ലികള്‍ അവന്റെ തോട്ടത്തില്‍ പടരുന്നു.

17 അവന്റെ വേര്‍ കല്‍ക്കുന്നില്‍ പിണയുന്നു; അതു കല്ലടുക്കില്‍ ചെന്നു പിടിക്കുന്നു.

18 അവന്റെ സ്ഥലത്തുനിന്നു അവനെ നശിപ്പിച്ചാല്‍ ഞാന്‍ നിന്നെ കണ്ടിട്ടില്ല എന്നു അതു അവനെ നിഷേധിക്കും.

19 ഇതാ, ഇതു അവന്റെ വഴിയുടെ സന്തോഷം; പൊടിയില്‍നിന്നു മറ്റൊന്നു മുളെച്ചുവരും.

20 ദൈവം നിഷ്കളങ്കനെ നിരസിക്കയില്ല; ദുഷ്പ്രവൃത്തിക്കാരെ താങ്ങുകയുമില്ല.

21 അവന്‍ ഇനിയും നിന്റെ വായില്‍ ചിരിയും നിന്റെ അധരങ്ങളില്‍ ഉല്ലാസഘോഷവും നിറെക്കും.

22 നിന്നെ പകക്കുന്നവര്‍ ലജ്ജ ധരിക്കും; ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും.