ഘട്ടം 148

പഠനം

     

ഇയ്യോബ് 20:12-29

12 ദുഷ്ടത അവന്റെ വായില്‍ മധുരിച്ചാലും അവന്‍ അതു നാവിന്‍ കീഴെ മറെച്ചുവെച്ചാലും

13 അതിനെ വിടാതെ പിടിച്ചു വായ്ക്കകത്തു സൂക്ഷിച്ചുവെച്ചാലും

14 അവന്റെ ആഹാരം അവന്റെ കുടലില്‍ പരിണമിച്ചു അവന്റെ ഉള്ളില്‍ സര്‍പ്പവിഷമായിത്തീരും.

15 അവന്‍ സമ്പത്തു വിഴുങ്ങിക്കളഞ്ഞു; അതു വീണ്ടും ഛര്‍ദ്ദിക്കേണ്ടിവരും; ദൈവം അതു അവന്റെ വയറ്റില്‍നിന്നു പുറത്താക്കിക്കളയും.

16 അവന്‍ സര്‍പ്പവിഷം നുകരും; അണലിയുടെ നാവു അവനെ കൊല്ലും.

17 തേനും പാല്‍പാടയും ഒഴുകുന്ന തോടുകളെയും നദികളെയും അവന്‍ കണ്ടു രസിക്കയില്ല.

18 തന്റെ സമ്പാദ്യം അവന്‍ അനുഭവിക്കാതെ മടക്കിക്കൊടുക്കും; താന്‍ നേടിയ വസ്തുവകെക്കു ഒത്തവണ്ണം സന്തോഷിക്കയുമില്ല.

19 അവന്‍ ദരിദ്രന്മാരെ പീഡിപ്പിച്ചുപേക്ഷിച്ചു; താന്‍ പണിയാത്ത വീടു അപഹരിച്ചു.

20 അവന്റെ കൊതിക്കു പതംവരായ്കയാല്‍ അവന്‍ തന്റെ മനോഹരധനത്തോടുകൂടെ രക്ഷപ്പെടുകയില്ല.

21 അവന്‍ തിന്നുകളയാതെ ഒന്നും ശേഷിപ്പിക്കയില്ല; അതുകൊണ്ടു അവന്റെ അഭിവൃദ്ധി നിലനില്‍ക്കയില്ല.

22 അവന്റെ സമൃദ്ധിയുടെ പൂര്‍ണ്ണതയില്‍ അവന്നു ഞെരുക്കം ഉണ്ടാകും; അരിഷ്ടന്മാരുടെ കൈ ഒക്കെയും അവന്റെ മേല്‍ വരും.

23 അവന്‍ വയറു നിറെക്കുമ്പോള്‍ തന്നേ ദൈവം തന്റെ ഉഗ്രകോപം അവന്റെ മേല്‍ അയക്കും; അവന്‍ ഭക്ഷിക്കുമ്പോള്‍ അതു അവന്റെ മേല്‍ വര്‍ഷിപ്പിക്കും.

24 അവന്‍ ഇരിമ്പായുധം ഒഴിഞ്ഞോടും; താമ്രചാപം അവനില്‍ അസ്ത്രം തറെപ്പിക്കും.

25 അവന്‍ പറിച്ചിട്ടു അതു അവന്റെ ദേഹത്തില്‍നിന്നു പുറത്തുവരുന്നു. മിന്നുന്ന മുന അവന്റെ പിത്തത്തില്‍നിന്നു പുറപ്പെടുന്നു; ഘോരത്വങ്ങള്‍ അവന്റെമേല്‍ ഇരിക്കുന്നു.

26 അന്ധകാരമൊക്കെയും അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതാത്ത തീക്കു അവന്‍ ഇരയാകും; അവന്റെ കൂടാരത്തില്‍ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും;

27 ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും ഭൂമി അവനോടു എതിര്‍ത്തുനിലക്കും.

28 അവന്റെ വീട്ടിലെ വരവു പോയ്പോകും; അവന്റെ കോപത്തിന്റെ ദിവസത്തില്‍ അതു ഒഴുകിപ്പോകും.

29 ഇതു ദുഷ്ടന്നു ദൈവം കൊടുക്കുന്ന ഔഹരിയും ദൈവം അവന്നു നിയമിച്ച അവകാശവും ആകുന്നു.

ഇയ്യോബ് 21

1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍

2 എന്റെ വാക്കു ശ്രദ്ധയോടെ കേള്‍പ്പിന്‍ ; അതു നിങ്ങള്‍ക്കു ആശ്വാസമായിരിക്കട്ടെ.

3 നില്പിന്‍ , ഞാനും സംസാരിക്കട്ടെ; ഞാന്‍ സംസാരിച്ചു കഴിഞ്ഞിട്ടു നിനക്കു പരിഹസിക്കാം.

4 ഞാന്‍ സങ്കടം പറയുന്നതു മനുഷ്യനോടോ? എന്റെ ക്ഷമ അറ്റുപോകാതിരിക്കുന്നതെങ്ങനെ?

5 എന്നെ നോക്കി ഭ്രമിച്ചുപോകുവിന്‍ ; കൈകൊണ്ടു വായ്പൊത്തിക്കൊള്‍വിന്‍ .

6 ഔര്‍ക്കുംമ്പോള്‍ ഞാന്‍ ഞെട്ടിപ്പോകുന്നു; എന്റെ ദേഹത്തിന്നു വിറയല്‍ പിടിക്കുന്നു.

7 ദുഷ്ടന്മാര്‍ ജീവിച്ചിരുന്നു വാര്‍ദ്ധക്യം പ്രാപിക്കയും അവര്‍ക്കും ബലം വര്‍ദ്ധിക്കയും ചെയ്യുന്നതു എന്തു?

8 അവരുടെ സന്താനം അവരോടുകൂടെ അവരുടെ മുമ്പിലും അവരുടെ വംശം അവര്‍ കാണ്‍കെയും ഉറെച്ചു നിലക്കുന്നു.

9 അവരുടെ വീടുകള്‍ ഭയം കൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്റെ വടി അവരുടെമേല്‍ വരുന്നതുമില്ല.

10 അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; അവരുടെ പശു കിടാവിടുന്നു കരു അഴിയുന്നതുമില്ല.

11 അവര്‍ കുഞ്ഞുങ്ങളെ ആട്ടിന്‍ കൂട്ടത്തെപ്പോലെ പുറത്തയക്കുന്നു; അവരുടെ പൈതങ്ങള്‍ നൃത്തം ചെയ്യുന്നു.

12 അവര്‍ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു; കുഴലിന്റെ നാദത്തിങ്കല്‍ സന്തോഷിക്കുന്നു.

13 അവര്‍ സുഖമായി നാള്‍ കഴിക്കുന്നു; മാത്രകൊണ്ടു പാതാളത്തിലേക്കു ഇറങ്ങുന്നു.

14 അവര്‍ ദൈവത്തോടുഞങ്ങളെ വിട്ടുപോക; നിന്റെ വഴികളെ അറിവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല;

15 ഞങ്ങള്‍ സര്‍വ്വശക്തനെ സേവിപ്പാന്‍ അവന്‍ ആര്‍? അവനോടു പ്രാര്‍ത്ഥിച്ചാല്‍ എന്തു പ്രയോജനം എന്നു പറയുന്നു.

16 എന്നാല്‍ അവരുടെ ഭാഗ്യം അവര്‍ക്കും കൈവശമല്ല; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു.

17 ദുഷ്ടന്മാരുടെ വിളകൂ കെട്ടുപോകുന്നതും അവര്‍ക്കും ആപത്തു വരുന്നതും ദൈവം കോപത്തില്‍ കഷ്ടങ്ങളെ വിഭാഗിച്ചു കൊടുക്കുന്നതും എത്ര പ്രാവശ്യം!

18 അവര്‍ കാറ്റിന്നു മുമ്പില്‍ താളടിപോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിര്‍പോലെയും ആകുന്നു.

19 ദൈവം അവന്റെ അകൃത്യം അവന്റെ മക്കള്‍ക്കായി സംഗ്രഹിച്ചുവെക്കുന്നു; അവന്‍ അതു അനുഭവിക്കേണ്ടതിന്നു അവന്നു തന്നേ പകരം കൊടുക്കട്ടെ.

20 അവന്റെ സ്വന്ത കണ്ണു അവന്റെ നാശം കാണട്ടെ; അവന്‍ തന്നേ സര്‍വ്വശക്തന്റെ ക്രോധം കുടിക്കട്ടെ;

21 അവന്റെ മാസങ്ങളുടെ സംഖ്യ അറ്റുപോയാല്‍ തന്റെശേഷം തന്റെ ഭവനത്തോടു അവനെന്തു താല്പര്യം?

22 ആരെങ്കിലും ദൈവത്തിന്നു ബുദ്ധിയുപദേശിക്കുമോ? അവന്‍ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ.

23 ഒരുത്തന്‍ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി തന്റെ പൂര്‍ണ്ണക്ഷേമത്തില്‍ മരിക്കുന്നു.

24 അവന്റെ തൊട്ടികള്‍ പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു.

25 മറ്റൊരുത്തന്‍ മനോവ്യസനത്തോടെ മരിക്കുന്നു; നന്മയൊന്നും അനുഭവിപ്പാന്‍ ഇടവരുന്നതുമില്ല.

26 അവര്‍ ഒരുപോലെ പൊടിയില്‍ കിടക്കുന്നു; കൃമി അവരെ മൂടുന്നു.

27 ഞാന്‍ നിങ്ങളുടെ വിചാരങ്ങളെയും നിങ്ങള്‍ എന്റെ നേരെ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു.

28 പ്രഭുവിന്റെ ഭവനം എവിടെ? ദുഷ്ടന്മാര്‍ പാര്‍ത്ത കൂടാരം എവിടെ എന്നല്ലോ നിങ്ങള്‍ പറയുന്നതു?

29 വഴിപോക്കരോടു നിങ്ങള്‍ ചോദിച്ചിട്ടില്ലയോ? അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ?

30 അനര്‍ത്ഥദിവസത്തില്‍ ദുഷ്ടന്‍ ഒഴിഞ്ഞുപോകുന്നു; ക്രോധദിവസത്തില്‍ അവര്‍ക്കും വിടുതല്‍ കിട്ടുന്നു.

31 അവന്റെ നടപ്പിനെക്കുറിച്ചു ആര്‍ അവന്റെ മുഖത്തു നോക്കി പറയും? അവന്‍ ചെയ്തതിന്നു തക്കവണ്ണം ആര്‍ അവന്നു പകരം വീട്ടും?

32 എന്നാലും അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു; അവന്‍ കല്ലറെക്കല്‍ കാവല്‍നിലക്കുന്നു.

33 താഴ്വരയിലെ കട്ട അവന്നു മധുരമായിരിക്കും; അവന്റെ പിന്നാലെ സകലമനുഷ്യരും ചെല്ലും; അവന്നു മുമ്പെ പോയവര്‍ക്കും എണ്ണമില്ല.

34 നിങ്ങള്‍ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നതു എങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളില്‍ കപടം ഉണ്ടല്ലോ.

ഇയ്യോബ് 22

1 അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാല്‍

2 മനുഷ്യന്‍ ദൈവത്തിന്നു ഉപകാരമായിവരുമോ? ജ്ഞാനിയായവന്‍ തനിക്കു തന്നേ ഉപകരിക്കേയുള്ളു.

3 നീ നീതിമാനായാല്‍ സര്‍വ്വശക്തന്നു പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാല്‍ അവന്നു ലാഭമുണ്ടോ?

4 നിന്റെ ഭക്തിനിമിത്തമോ അവന്‍ നിന്നെ ശാസിക്കയും നിന്നെ ന്യായവിസ്താരത്തില്‍ വരുത്തുകയും ചെയ്യുന്നതു?

5 നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങള്‍ക്കു അന്തവുമില്ല.

6 നിന്റെ സഹോദരനോടു നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.

7 ക്ഷീണിച്ചവന്നു നീ വെള്ളം കൊടുത്തില്ല; വിശന്നവന്നു നീ ആഹാരം മുടക്കിക്കളഞ്ഞു.

8 കയ്യൂറ്റക്കാരന്നോ ദേശം കൈവശമായി, മാന്യനായവന്‍ അതില്‍ പാര്‍ത്തു.

9 വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ ഭുജങ്ങളെ നീ ഒടിച്ചുകളഞ്ഞു.

10 അതുകൊണ്ടു നിന്റെ ചുറ്റും കണികള്‍ ഇരിക്കുന്നു. പെട്ടെന്നു ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.

11 അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ?

12 ദൈവം സ്വര്ഗ്ഗോന്നതത്തില്‍ ഇല്ലയോ? നക്ഷത്രങ്ങള്‍ എത്ര ഉയര്‍ന്നിരിക്കുന്നു എന്നു നോക്കുക.

13 എന്നാല്‍ നീദൈവം എന്തറിയുന്നു? കൂരിരുട്ടില്‍ അവന്‍ ന്യായം വിധിക്കുമോ?

14 കാണാതവണ്ണം മേഘങ്ങള്‍ അവന്നു മറ ആയിരിക്കുന്നു; ആകാശമണ്ഡലത്തില്‍ അവന്‍ ഉലാവുന്നു എന്നു പറയുന്നു.

15 ദുഷ്ടമനുഷ്യര്‍ നടന്നിരിക്കുന്ന പുരാതനമാര്‍ഗ്ഗം നീ പ്രമാണിക്കുമോ?

16 കാലം തികയും മുമ്പെ അവര്‍ പിടിപെട്ടുപോയി; അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി.

17 അവര്‍ ദൈവത്തോടുഞങ്ങളെ വിട്ടുപോക; സര്‍വ്വശക്തന്‍ ഞങ്ങളോടു എന്തു ചെയ്യും എന്നു പറഞ്ഞു.

18 അവനോ അവരുടെ വീടുകളെ നന്മകൊണ്ടു നിറെച്ചു; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു.

19 നീതിമാന്മാര്‍ കണ്ടു സന്തോഷിക്കുന്നു; കുറ്റമില്ലാത്തവന്‍ അവരെ പരിഹസിച്ചു

20 ഞങ്ങളുടെ എതിരാളികള്‍ മുടിഞ്ഞുപോയി; അവരുടെ ശേഷിപ്പു തീക്കിരയായി എന്നു പറയുന്നു.

21 നീ അവനോടിണങ്ങി സമാധാനമായിരിക്ക; അതിനാല്‍ നിനക്കു നന്മ വരും.

22 അവന്റെ വായില്‍നിന്നു ഉപദേശം കൈക്കൊള്‍ക; അവന്റെ വചനങ്ങളെ നിന്റെ ഹൃദയത്തില്‍ സംഗ്രഹിക്ക.

23 സര്‍വ്വശക്തങ്കലേക്കു തിരിഞ്ഞാല്‍ നീ അഭിവൃദ്ധിപ്രാപിക്കും; നീതികേടു നിന്റെ കൂടാരങ്ങളില്‍നിന്നു അകറ്റിക്കളയും.

24 നിന്റെ പൊന്നു പൊടിയിലും ഔഫീര്‍തങ്കം തോട്ടിലെ കല്ലിന്‍ ഇടയിലും ഇട്ടുകളക.

25 അപ്പോള്‍ സര്‍വ്വശക്തന്‍ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും.

26 അന്നു നീ സര്‍വ്വശക്തനില്‍ പ്രമോദിക്കും; ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയര്‍ത്തും.

27 നീ അവനോടു പ്രാര്‍ത്ഥിക്കും; അവന്‍ നിന്റെ പ്രാര്‍ത്ഥന കേള്‍ക്കും; നീ നിന്റെ നേര്‍ച്ചകളെ കഴിക്കും.

28 നീ ഒരു കാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും; നിന്റെ വഴികളില്‍ വെളിച്ചം പ്രകാശിക്കും.

29 നിന്നെ താഴ്ത്തുമ്പോള്‍ ഉയര്‍ച്ച എന്നു നീ പറയും; താഴ്മയുള്ളവനെ അവന്‍ രക്ഷിക്കും.

30 നിര്‍ദ്ദോഷിയല്ലാത്തവനെപ്പോലും അവന്‍ വിടുവിക്കും; നിന്റെ കൈകളുടെ വെടിപ്പിനാല്‍ അവന്‍ വിടുവിക്കപ്പെടും.

ഇയ്യോബ് 23

1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍

2 ഇന്നും എന്റെ സങ്കടം കൊടിയതാകുന്നു; അവന്റെ കൈ എന്റെ ഞരക്കത്തിന്മേല്‍ ഭാരമാകുന്നു.

3 അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കില്‍ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കല്‍ ഞാന്‍ ചെല്ലുമായിരുന്നു.

4 ഞാന്‍ അവന്റെ മുമ്പില്‍ എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു.

5 അവന്റെ ഉത്തരം അറിയാമായിരുന്നു; അവന്‍ എന്തു പറയുമെന്നും ഗ്രഹിക്കാമായിരുന്നു.

6 അവന്‍ ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ? ഇല്ല; അവന്‍ എന്നെ ആദരിക്കേയുള്ളു.

7 അവിടെ നേരുള്ളവന്‍ അവനോടു വാദിക്കുമായിരുന്നു; ഞാന്‍ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യില്‍നിന്നു രക്ഷപ്പെടുമായിരുന്നു.

8 ഞാന്‍ കിഴക്കോട്ടു ചെന്നാല്‍ അവന്‍ അവിടെ ഇല്ല; പടിഞ്ഞാറോട്ടു ചെന്നാല്‍ അവനെ കാണുകയില്ല.

9 വടക്കു അവന്‍ പ്രവര്‍ത്തിക്കയില്‍ നോക്കീട്ടു അവനെ കാണുന്നില്ല; തെക്കോട്ടു അവന്‍ തിരിയുന്നു; അവനെ കാണുന്നില്ലതാനും.

10 എന്നാല്‍ ഞാന്‍ നടക്കുന്ന വഴി അവന്‍ അറിയുന്നു; എന്നെ ശോധന കഴിച്ചാല്‍ ഞാന്‍ പൊന്നുപോലെ പുറത്തു വരും.

11 എന്റെ കാലടി അവന്റെ ചുവടു തുടര്‍ന്നു ചെല്ലുന്നു; ഞാന്‍ വിട്ടുമാറാതെ അവന്റെ വഴി പ്രമാണിക്കുന്നു.

12 ഞാന്‍ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായലിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാള്‍ സൂക്ഷിച്ചിരിക്കുന്നു.

13 അവനോ അനന്യന്‍ ; അവനെ തടുക്കുന്നതു ആര്‍? തിരുവുള്ളത്തിന്റെ താല്പര്യം അവന്‍ അനുഷ്ഠിക്കും.

14 എനിക്കു നിയമിച്ചിരിക്കുന്നതു അവന്‍ നിവര്‍ത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവന്റെ പക്കല്‍ ഉണ്ടു.

15 അതുകൊണ്ടു ഞാന്‍ അവന്റെ സാന്നിദ്ധ്യത്തിങ്കല്‍ ഭ്രമിക്കുന്നു; ഔര്‍ത്തുനോക്കുമ്പോള്‍ ഞാന്‍ അവനെ ഭയപ്പെടുന്നു.

16 ദൈവം എനിക്കു ധൈര്യക്ഷയം വരുത്തി, സര്‍വ്വശക്തന്‍ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.

17 ഞാന്‍ പരവശനായിരിക്കുന്നതു അന്ധകാരം നിമിത്തമല്ല, കൂരിരുട്ടു എന്റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല.

ഇയ്യോബ് 24:1-12

1 സര്‍വ്വശക്തന്‍ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും അവന്റെ ഭക്തന്മാര്‍ അവന്റെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്തു?

2 ചിലര്‍ അതിരുകളെ മാറ്റുന്നു; ചിലര്‍ ആട്ടിന്‍ കൂട്ടത്തെ കവര്‍ന്നു കൊണ്ടുപോയി മേയക്കുന്നു.

3 ചിലര്‍ അനാഥന്മാരുടെ കഴുതയെ കൊണ്ടു പൊയ്ക്കളയുന്നു; ചിലര്‍ വിധവയുടെ കാളയെ പണയംവാങ്ങുന്നു.

4 ചിലര്‍ സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ എളിയവര്‍ ഒരുപോലെ ഒളിച്ചുകൊള്ളുന്നു.

5 അവര്‍ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഇര തേടി വേലെക്കു പുറപ്പെടുന്നു; ശൂന്യപ്രദേശം മക്കള്‍ക്കു വേണ്ടി അവര്‍ക്കും ആഹാരം.

6 അവര്‍ വയലില്‍ അന്യന്റെ പയറ് പറിക്കുന്നു; ദുഷ്ടന്റെ മുന്തിരിത്തോട്ടത്തില്‍ കാലാ പെറുക്കുന്നു.

7 അവര്‍ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിരില്‍ അവര്‍ക്കും പുതപ്പും ഇല്ല.

8 അവര്‍ മലകളില്‍ മഴ നനയുന്നു; മറവിടം ഇല്ലായ്കയാല്‍ അവര്‍ പാറയെ ആശ്രയിക്കുന്നു.

9 ചിലര്‍ മുലകുടിക്കുന്ന അനാഥകൂട്ടികളെ അപഹരിക്കുന്നു; ചിലര്‍ ദരിദ്രനോടു പണയം വാങ്ങുന്നു.

10 അവര്‍ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; പട്ടിണി കിടന്നുകൊണ്ടു കറ്റ ചുമക്കുന്നു.

11 അന്യരുടെ മതിലുകള്‍ക്കകത്തു അവര്‍ ചക്കാട്ടുന്നു; മുന്തരിച്ചകൂ ചവിട്ടുകയും ദാഹിച്ചിരിക്കയും ചെയ്യുന്നു.

12 പട്ടണത്തില്‍ ആളുകള്‍ ഞരങ്ങുന്നു; പട്ടുപോയവരുടെ പ്രാണന്‍ നിലവിളിക്കുന്നു; ദൈവത്തിന്നോ അതില്‍ നീരസം തോന്നുന്നില്ല.