ഘട്ടം 151

പഠനം

     

ഇയ്യോബ് 32:11-22

11 ഞാന്‍ നിങ്ങളുടെ വാക്കു ശ്രദ്ധിച്ചുകൊണ്ടിരുന്നു; നിങ്ങള്‍ തക്ക മൊഴികള്‍ ആരാഞ്ഞു കണ്ടെത്തുമോ എന്നു നിങ്ങളുടെ ഉപദേശങ്ങള്‍ക്കു ഞാന്‍ ചെവികൊടുത്തു.

12 നിങ്ങള്‍ പറഞ്ഞതിന്നു ഞാന്‍ ശ്രദ്ധകൊടുത്തു; ഇയ്യോബിന്നു ബോധം വരുത്തുവാനോ അവന്റെ മൊഴികള്‍ക്കുത്തരം പറവാനോ നിങ്ങളില്‍ ആരുമില്ല.

13 ഞങ്ങള്‍ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നുമനുഷ്യനല്ല, ദൈവമത്രേ അവനെ ജയിക്കും എന്നു നിങ്ങള്‍ പറയരുതു.

14 എന്റെ നേരെയല്ലല്ലോ അവന്‍ തന്റെ മൊഴികളെ പ്രയോഗിച്ചതു; നിങ്ങളുടെ വചനങ്ങള്‍കൊണ്ടു ഞാന്‍ അവനോടു ഉത്തരം പറകയുമില്ല.

15 അവര്‍ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല; അവര്‍ക്കും വാക്കു മുട്ടിപ്പോയി.

16 അവര്‍ ഉത്തരം പറയാതെ വെറുതെ നിലക്കുന്നു; അവര്‍ സംസാരിക്കായ്കയാല്‍ ഞാന്‍ കാത്തിരിക്കേണമോ?

17 എനിക്കു പറവാനുള്ളതു ഞാനും പറയും; എന്റെ അഭിപ്രായം ഞാന്‍ പ്രസ്താവിക്കും.

18 ഞാന്‍ മൊഴികള്‍കൊണ്ടു തിങ്ങിയിരിക്കുന്നു; എന്റെ ഉള്ളിലെ ആത്മാവു എന്നെ നിര്‍ബ്ബന്ധിക്കുന്നു.

19 എന്റെ ഉള്ളം അടെച്ചുവെച്ച വീഞ്ഞുപോലെ ഇരിക്കുന്നു; അതു പുതിയ തുരുത്തികള്‍പോലെ പൊട്ടു മാറായിരിക്കുന്നു.

20 എന്റെ വിമ്മിഷ്ടം തീരേണ്ടതിന്നു ഞാന്‍ സംസാരിക്കും; എന്റെ അധരം തുറന്നു ഉത്തരം പറയും.

21 ഞാന്‍ ഒരുത്തന്റെയും പക്ഷം പിടിക്കയില്ല; ആരോടും മുഖസ്തുതി പറകയുമില്ല.

22 മുഖസ്തുതി പറവാന്‍ എനിക്കു അറിഞ്ഞുകൂടാ; അങ്ങനെ ചെയ്താല്‍ എന്റെ സ്രഷ്ടാവു ക്ഷണത്തില്‍ എന്നെ നീക്കിക്കളയും.

ഇയ്യോബ് 33

1 എങ്കിലോ ഇയ്യോബേ, എന്റെ ഭാഷണം കേട്ടുകൊള്‍ക; എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊള്‍ക.

2 ഇതാ, ഞാന്‍ ഇപ്പോള്‍ എന്റെ വായ്തുറക്കുന്നു; എന്റെ വായില്‍ എന്റെ നാവു സംസാരിക്കുന്നു.

3 എന്റെ വചനങ്ങള്‍ എന്റെ ഉള്ളിലെ നേര്‍ ഉച്ചരിക്കും. എന്റെ അധരങ്ങള്‍ അറിയുന്നതു അവ പരമാര്‍ത്ഥമായി പ്രസ്താവിക്കും.

4 ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു; സര്‍വ്വശക്തന്റെ ശ്വാസം എനിക്കു ജീവനെ തരുന്നു.

5 നിനക്കു കഴിയുമെങ്കില്‍ എന്നോടു പ്രതിവാദിക്ക; സന്നദ്ധനായി എന്റെ മുമ്പാകെ നിന്നുകൊള്‍ക.

6 ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിന്നുള്ളവന്‍ ; എന്നെയും മണ്ണുകൊണ്ടു നിര്‍മ്മിച്ചിരിക്കുന്നു.

7 എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല; എന്റെ ഘനം നിനക്കു ഭാരമായിരിക്കയുമില്ല.

8 ഞാന്‍ കേള്‍ക്കെ നീ പറഞ്ഞതും നിന്റെ വാക്കു ഞാന്‍ കേട്ടതും എന്തെന്നാല്‍

9 ഞാന്‍ ലംഘനം ഇല്ലാത്ത നിര്‍മ്മലന്‍ ; ഞാന്‍ നിര്‍ദ്ദോഷി; എന്നില്‍ അകൃത്യവുമില്ല.

10 അവന്‍ എന്റെ നേരെ വിരുദ്ധങ്ങളെ കണ്ടു പിടിക്കുന്നു; എന്നെ തനിക്കു ശത്രുവായി വിചാരിക്കുന്നു.

11 അവന്‍ എന്റെ കാലുകളെ ആമത്തില്‍ ഇടുന്നു; എന്റെ പാതകളെ ഒക്കെയും സൂക്ഷിച്ചുനോക്കുന്നു.

12 ഇതിന്നു ഞന്‍ നിന്നോടു ഉത്തരം പറയാംഇതില്‍ നീ നീതിമാന്‍ അല്ല; ദൈവം മനുഷ്യനെക്കാള്‍ വലിയവനല്ലോ.

13 നീ അവനോടു എന്തിന്നു വാദിക്കുന്നു? തന്റെ കാര്യങ്ങളില്‍ ഒന്നിന്നും അവന്‍ കാരണം പറയുന്നില്ലല്ലോ.

14 ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യന്‍ അതു കൂട്ടാക്കുന്നില്ലതാനും.

15 ഗാഢനിദ്ര മനുഷ്യര്‍ക്കുംണ്ടാകുമ്പോള്‍, അവര്‍ ശയ്യമേല്‍ നിദ്രകൊള്ളുമ്പോള്‍, സ്വപ്നത്തില്‍, രാത്രിദര്‍ശനത്തില്‍ തന്നേ,

16 അവന്‍ മനുഷ്യരുടെ ചെവി തുറക്കുന്നു; അവരോടുള്ള പ്രബോധനെക്കു മുദ്രയിടുന്നു.

17 മനുഷ്യനെ അവന്റെ ദുഷ്കര്‍മ്മത്തില്‍നിന്നു അകറ്റുവാനും പുരുഷനെ ഗര്‍വ്വത്തില്‍നിന്നു രക്ഷിപ്പാനും തന്നേ.

18 അവന്‍ കുഴിയില്‍നിന്നു അവന്റെ പ്രാണനെയും വാളാല്‍ നശിക്കാതവണ്ണം അവന്റെ ജീവനെയും കാക്കുന്നു.

19 തന്റെ കിടക്കമേല്‍ അവന്‍ വേദനയാല്‍ ശിക്ഷിക്കപ്പെടുന്നു; അവന്റെ അസ്ഥികളില്‍ ഇടവിടാതെ പോരാട്ടം ഉണ്ടു.

20 അതുകൊണ്ടു അവന്റെ ജീവന്‍ അപ്പവും അവന്റെ പ്രാണന്‍ സ്വാദുഭോജനവും വെറുക്കുന്നു.

21 അവന്റെ മാംസം ക്ഷയിച്ചു കാണ്മാനില്ലാതെയായിരിക്കുന്നു; കാണ്മാനില്ലാതിരുന്ന അവന്റെ അസ്ഥികള്‍ പൊങ്ങിനിലക്കുന്നു.

22 അവന്റെ പ്രാണന്‍ ശവകൂഴിക്കും അവന്റെ ജീവന്‍ നാശകന്മാര്‍ക്കും അടുത്തിരിക്കുന്നു.

23 മനുഷ്യനോടു അവന്റെ ധര്‍മ്മം അറിയിക്കേണ്ടതിന്നു ആയിരത്തില്‍ ഒരുത്തനായി മദ്ധ്യസ്ഥനായോരു ദൂതന്‍ അവന്നു വേണ്ടി ഉണ്ടെന്നുവരികില്‍

24 അവന്‍ അവങ്കല്‍ കൃപ വിചാരിച്ചുകുഴിയില്‍ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാന്‍ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും

25 അപ്പോള്‍ അവന്റെ ദേഹം യൌവനചൈതന്യത്താല്‍ പുഷ്ടിവേക്കും; അവന്‍ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.

26 അവന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കും; അവന്‍ അവങ്കല്‍ പ്രസാദിക്കും; തിരുമുഖത്തെ അവന്‍ സന്തോഷത്തോടെ കാണും; അവന്‍ മനുഷ്യന്നു അവന്റെ നീതിയെ പകരം കൊടുക്കും.

27 അവന്‍ മനുഷ്യരുടെ മുമ്പില്‍ പാടി പറയുന്നതുഞാന്‍ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന്നു എന്നോടു പകരം ചെയ്തിട്ടില്ല.

28 അവന്‍ എന്റെ പ്രാണനെ കുഴിയില്‍ ഇറങ്ങാതവണ്ണം രക്ഷിച്ചു; എന്റെ ജീവന്‍ പ്രകാശത്തെ കണ്ടു സന്തോഷിക്കുന്നു.

29 ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം ഇവയൊക്കെയും മനുഷ്യനോടു ചെയ്യുന്നു.

30 അവന്റെ പ്രാണനെ കുഴിയില്‍നിന്നു കരേറ്റേണ്ടതിന്നും ജീവന്റെ പ്രകാശംകൊണ്ടു അവനെ പ്രകാശിപ്പിക്കേണ്ടതിന്നും തന്നേ.

31 ഇയ്യോബേ, ശ്രദ്ധവെച്ചു കേള്‍ക്ക; മിണ്ടാതെയിരിക്ക; ഞാന്‍ സംസാരിക്കാം.

32 നിനക്കു ഉത്തരം പറവാനുണ്ടെങ്കില്‍ പറക; സംസാരിക്ക; നിന്നെ നീതീകരിപ്പാന്‍ ആകുന്നു എന്റെ താല്പര്യം.

33 ഇല്ലെന്നുവരികില്‍, നീ എന്റെ വാക്കു കേള്‍ക്ക; മിണ്ടാതിരിക്ക; ഞാന്‍ നിനക്കു ജ്ഞാനം ഉപദേശിച്ചുതരാം.

ഇയ്യോബ് 34

1 എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാല്‍

2 ജ്ഞാനികളേ, എന്റെ വചനം കേള്‍പ്പിന്‍ ; വിദ്വാന്മാരേ, എനിക്കു ചെവിതരുവിന്‍ .

3 അണ്ണാകൂ ആഹാരത്തെ രുചിനോക്കുന്നു; ചെവിയോ വചനങ്ങളെ ശോധന ചെയ്യുന്നു;

4 ന്യായമായുള്ളതു നമുക്കു തിരഞ്ഞെടുക്കാം; നന്മയായുള്ളതു നമുക്കു തന്നേ ആലോചിച്ചറിയാം.

5 ഞാന്‍ നീതിമാന്‍ , ദൈവം എന്റെ ന്യായം തള്ളിക്കളഞ്ഞു; എന്റെ ന്യായത്തിന്നെതിരെ ഞാന്‍ ഭോഷകു പറയേണമോ?

6 ലംഘനം ഇല്ലാഞ്ഞിട്ടും എന്റെ മുറിവു പൊറുക്കുന്നില്ല എന്നിങ്ങനെ ഇയ്യോബ് പറഞ്ഞുവല്ലോ.

7 ഇയ്യോബിനെപ്പോലെ ഒരാളുണ്ടോ? അവന്‍ പരിഹാസത്തെ വെള്ളംപോലെ കുടിക്കുന്നു;

8 അവന്‍ ദുഷ്പ്രവൃത്തിക്കാരോടു കൂട്ടുകൂടുന്നു; ദുര്‍ജ്ജനങ്ങളോടുകൂടെ സഞ്ചരിക്കുന്നു.

9 ദൈവത്തോടു രഞ്ജനയായിരിക്കുന്നതുകൊണ്ടു മനുഷ്യന്നു പ്രയോജനമില്ലെന്നു അവന്‍ പറഞ്ഞു.

10 അതുകൊണ്ടു വിവേകികളേ, കേട്ടുകൊള്‍വിന്‍ ; ദൈവം ദുഷ്ടതയോ സര്‍വ്വശക്തന്‍ നീതികേടോ ഒരിക്കലും ചെയ്കയില്ല.

11 അവന്‍ മനുഷ്യന്നു അവന്റെ പ്രവൃത്തിക്കു പകരം ചെയ്യും; ഔരോരുത്തന്നു അവനവന്റെ നടപ്പിന്നു തക്കവണ്ണം കൊടുക്കും.

12 ദൈവം ദുഷ്ടത പ്രവര്‍ത്തിക്കയില്ല നിശ്ചയം; സര്‍വ്വശക്തന്‍ ന്യായം മറിച്ചുകളകയുമില്ല.

13 ഭൂമിയെ അവങ്കല്‍ ഭരമേല്പിച്ചതാര്‍? ഭൂമണ്ഡലമാകെ സ്ഥാപിച്ചതാര്‍?

14 അവന്‍ തന്റെ കാര്യത്തില്‍ മാത്രം ദൃഷ്ടിവെച്ചെങ്കില്‍ തന്റെ ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുത്തെങ്കില്‍

15 സകലജഡവും ഒരുപോലെ കഴിഞ്ഞുപോകും; മനുഷ്യന്‍ പൊടിയിലേക്കു മടങ്ങിച്ചേരും.

16 നിനക്കു വിവേകമുണ്ടെങ്കില്‍ ഇതു കേട്ടുകൊള്‍ക; എന്റെ വചനങ്ങളെ ശ്രദ്ധിച്ചുകൊള്‍ക;

17 ന്യായത്തെ പകെക്കുന്നവന്‍ ഭരിക്കുമോ? നീതിമാനും ബലവാനുമായവനെ നീ കുറ്റം വിധിക്കുമോ?

18 രാജാവിനോടുനീ വഷളന്‍ എന്നും പ്രഭുക്കന്മാരോടുനിങ്ങള്‍ ദുഷ്ടന്മാര്‍ എന്നും പറയുമോ?

19 അവന്‍ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല; ദരിദ്രനെക്കാള്‍ ധനവാനെ ആദരിക്കുന്നതുമില്ല; അവരെല്ലാവരും തൃക്കൈയുടെ പ്രവൃത്തിയല്ലോ.

20 പെട്ടെന്നു അര്‍ദ്ധരാത്രിയില്‍ തന്നേ അവര്‍ മരിക്കുന്നു; ജനം കുലുങ്ങി ഒഴിഞ്ഞു പോകുന്നു; കൈ തൊടാതെ ബലശാലികള്‍ നീങ്ങിപ്പോകുന്നു.

21 അവന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിന്മേല്‍ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവന്‍ കാണുന്നു.

22 ദുഷ്പ്രവൃത്തിക്കാര്‍ക്കും ഒളിച്ചുകൊള്ളേണ്ടതിന്നു അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല.

23 മനുഷ്യന്‍ ദൈവസന്നിധിയില്‍ ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നു അവന്‍ അവനില്‍ അധികം ദൃഷ്ടിവെപ്പാന്‍ ആവശ്യമില്ല.

24 വിചാരണ ചെയ്യാതെ അവന്‍ ബലശാലികളെ തകര്‍ത്തുകളയുന്നു; അവര്‍ക്കും പകരം വേറെ ആളുകളെ നിയമിക്കുന്നു.

25 അങ്ങനെ അവന്‍ അവരുടെ പ്രവൃത്തികളെ അറിയുന്നു; രാത്രിയില്‍ അവരെ മറിച്ചുകളഞ്ഞിട്ടു അവര്‍ തകര്‍ന്നുപോകുന്നു.

26 കാണികള്‍ കൂടുന്ന സ്ഥലത്തുവെച്ചു അവന്‍ അവരെ ദുഷ്ടന്മാരെപ്പോലെ ശിക്ഷിക്കുന്നു.

27 അവര്‍, എളിയവരുടെ നിലവിളി അവന്റെ അടുക്കല്‍ എത്തുവാനും പീഡിതന്മാരുടെ നിലവിളി അവന്‍ കേള്‍പ്പാനും തക്കവണ്ണം

28 അവനെ ഉപേക്ഷിച്ചു പിന്മാറിക്കളകയും അവന്റെ വഴികളെ ഗണ്യമാക്കാതിരിക്കയും ചെയ്തുവല്ലോ.

29 വഷളനായ മനുഷ്യന്‍ വാഴാതിരിക്കേണ്ടതിന്നും ജനത്തെ കുടുക്കുവാന്‍ ആരും ഇല്ലാതിരിക്കേണ്ടതിന്നും

30 അവന്‍ സ്വസ്ഥത നല്കിയാല്‍ ആര്‍ കുറ്റം വിധിക്കും? ഒരു ജാതിക്കായാലും ഒരാള്‍ക്കായാലും അവന്‍ മുഖം മറെച്ചുകളഞ്ഞാല്‍ ആര്‍ അവനെ കാണും?

31 ഞാന്‍ ശിക്ഷ സഹിച്ചു; ഞാന്‍ ഇനി കുറ്റം ചെയ്കയില്ല;

32 ഞാന്‍ കാണാത്തതു എന്നെ പഠിപ്പിക്കേണമേ; ഞാന്‍ അന്യായം ചെയ്തിട്ടുണ്ടെങ്കില്‍ ഇനി ചെയ്കയില്ല എന്നു ആരെങ്കിലും ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?

33 നീ മുഷിഞ്ഞതുകൊണ്ടു അവന്‍ നിന്റെ ഇഷ്ടംപോലെ പകരം ചെയ്യേണമോ? ഞാനല്ല, നീ തന്നേ തിരഞ്ഞെടുക്കേണ്ടതല്ലോ; ആകയാല്‍ നീ അറിയുന്നതു പ്രസ്താവിച്ചുകൊള്‍ക.

34 ഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു; അവന്റെ വാക്കുകളിലും ജ്ഞാനമില്ല എന്നു വിവേകമുള്ള പുരുഷന്മാരും

35 എന്റെ വാക്കു കേള്‍ക്കുന്ന ഏതു ജ്ഞാനിയും എന്നോടു പറയും.

36 ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കകൊണ്ടു അവനെ ആദിയോടന്തം പരിശോധിച്ചാല്‍ കൊള്ളാം.

37 അവന്‍ തന്റെ പാപത്തോടു ദ്രോഹം ചേര്‍ക്കുംന്നു; അവന്‍ നമ്മുടെ മദ്ധ്യേ കൈ കൊട്ടുന്നു; ദൈവത്തിന്നു വിരോധമായി വാക്കു വര്‍ദ്ധിപ്പിക്കുന്നു.

ഇയ്യോബ് 35

1 എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാല്‍

2 എന്റെ നീതി ദൈവത്തിന്റേതിലും കവിയും എന്നു നീ പറയുന്നു; ഇതു ന്യായം എന്നു നീ നിരൂപിക്കുന്നുവോ?

3 അതിനാല്‍ നിനക്കു എന്തു പ്രയോജനം എന്നും ഞാന്‍ പാപം ചെയ്യുന്നതിനെക്കാള്‍ അതുകൊണ്ടു എനിക്കെന്തുപകാരം എന്നും നീ ചോദിക്കുന്നുവല്ലോ;

4 നിന്നോടും നിന്നോടുകൂടെയുള്ള സ്നേഹിതന്മാരോടും ഞാന്‍ പ്രത്യുത്തരം പറയാം.

5 നീ ആകാശത്തേക്കു നോക്കി കാണുക; നിനക്കു മീതെയുള്ള മേഘങ്ങളെ ദര്‍ശിക്ക;

6 നീ പാപം ചെയ്യുന്നതിനാല്‍ അവനോടു എന്തു പ്രവര്‍ത്തിക്കുന്നു? നിന്റെ ലംഘനം പെരുകുന്നതിനാല്‍ നീ അവനോടു എന്തു ചെയ്യുന്നു?

7 നീ നീതിമാനായിരിക്കുന്നതിനാല്‍ അവന്നു എന്തു കൊടുക്കുന്നു? അല്ലെങ്കില്‍ അവന്‍ നിന്റെ കയ്യില്‍നിന്നു എന്തു പ്രാപിക്കുന്നു?

8 നിന്റെ ദുഷ്ടത നിന്നെപ്പോലെയുള്ള ഒരു പുരുഷനെയും നിന്റെ നീതി മനുഷ്യനെയും സംബന്ധിക്കുന്നു. പീഡയുടെ പെരുപ്പം ഹേതുവായി അവര്‍ അയ്യംവിളിക്കുന്നു; മഹാന്മാരുടെ ഭുജംനിമിത്തം അവര്‍ നിലവിളിക്കുന്നു.

9 എങ്കിലും രാത്രിയില്‍ സ്തോത്രഗീതങ്ങളെ നലകുന്നവനും ഭൂമിയിലെ മൃഗങ്ങളെക്കാള്‍ നമ്മെ പഠിപ്പിക്കുന്നവനും

10 ആകാശത്തിലെ പക്ഷികളെക്കാള്‍ നമ്മെ ജ്ഞാനികളാക്കുന്നവനുമായി എന്റെ സ്രഷ്ടാവായ ദൈവം എവിടെ എന്നു ഒരുത്തനും ചോദിക്കുന്നില്ല.

11 അവിടെ ദുഷ്ടന്മാരുടെ അഹങ്കാരംനിമിത്തം അവര്‍ നിലവിളിക്കുന്നു; എങ്കിലും ആരും ഉത്തരം പറയുന്നില്ല.

12 വ്യര്‍ത്ഥമായുള്ളതു ദൈവം കേള്‍ക്കയില്ല; സര്‍വ്വശക്തന്‍ അതു വിചാരിക്കയുമില്ല നിശ്ചയം.

13 പിന്നെ നീ അവനെ കാണുന്നില്ല എന്നു പറഞ്ഞാല്‍ എങ്ങനെ? വ്യവഹാരം അവന്റെ മുമ്പില്‍ ഇരിക്കയാല്‍ നീ അവന്നായി കാത്തിരിക്ക.

14 ഇപ്പോഴോ, അവന്റെ കോപം സന്ദര്‍ശിക്കായ്കകൊണ്ടും അവന്‍ അഹങ്കാരത്തെ അധികം ഗണ്യമാക്കായ്കകൊണ്ടും

15 ഇയ്യോബ് വൃഥാ തന്റെ വായ്തുറക്കുന്നു; അറിവുകൂടാതെ വാക്കു വര്‍ദ്ധിപ്പിക്കുന്നു.