ഘട്ടം 152

പഠനം

     

ഇയ്യോബ് 36

1 എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാല്‍

2 അല്പം ക്ഷമിക്ക, ഞാന്‍ അറിയിച്ചുതരാം; ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു.

3 ഞാന്‍ ദൂരത്തുനിന്നു അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും.

4 എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം; അറിവു തികഞ്ഞവന്‍ നിന്റെ അടുക്കല്‍ നിലക്കുന്നു.

5 ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവന്‍ വിവേകശക്തിയിലും ബലവാന്‍ തന്നേ.

6 അവന്‍ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാര്‍ക്കോ അവന്‍ ന്യായം നടത്തിക്കൊടുക്കുന്നു.

7 അവന്‍ നീതിമാന്മാരില്‍നിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തില്‍ ഇരുത്തുന്നു; അവര്‍ എന്നേക്കും ഉയര്‍ന്നിരിക്കുന്നു.

8 അവര്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടു കഷ്ടതയുടെ പാശങ്ങളാല്‍ പിടിക്കപ്പെട്ടാല്‍

9 അവന്‍ അവര്‍ക്കും അവരുടെ പ്രവൃത്തിയും അഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും.

10 അവന്‍ അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു; അവര്‍ നീതികേടു വിട്ടുതിരിവാന്‍ കല്പിക്കുന്നു.

11 അവര്‍ കേട്ടനുസരിച്ചു അവനെ സേവിച്ചാല്‍ തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.

12 കേള്‍ക്കുന്നില്ലെങ്കിലോ അവര്‍ വാളാല്‍ നശിക്കും; ബുദ്ധിമോശത്താല്‍ മരിച്ചുപോകും.

13 ദുഷ്ടമാനസന്മാര്‍ കോപം സംഗ്രഹിച്ചുവെക്കുന്നു; അവന്‍ അവരെ ബന്ധിക്കുമ്പോള്‍ അവര്‍ രക്ഷെക്കായി വിളിക്കുന്നില്ല.

14 അവര്‍ യൌവനത്തില്‍ തന്നേ മരിച്ചു പോകുന്നു; അവരുടെ ജീവന്‍ ദുര്‍ന്നടപ്പുകാരുടേതു പോലെ നശിക്കുന്നു.

15 അവന്‍ അരിഷ്ടനെ അവന്റെ അരിഷ്ടതയാല്‍ വിടുവിക്കുന്നു; പീഡയില്‍ തന്നേ അവരുടെ ചെവി തുറക്കുന്നു.

16 നിന്നെയും അവന്‍ കഷ്ടതയുടെ വായില്‍ നിന്നു ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേല്‍ സ്വാദുഭോജനം വെക്കുമായിരുന്നു.

17 നീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും.

18 കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു; മറുവിലയുടെ വലിപ്പം ഔര്‍ത്തു നീ തെറ്റിപ്പോകയുമരുതു.

19 കഷ്ടത്തില്‍ അകപ്പെടാതിരിപ്പാന്‍ നിന്റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങള്‍ ഒക്കെയും മതിയാകുമോ?

20 ജാതികള്‍ തങ്ങളുടെ സ്ഥലത്തുവെച്ചു മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുതു.

21 സൂക്ഷിച്ചുകൊള്‍ക; നീതികേടിലേക്കു തിരിയരുതു; അതല്ലോ നീ അരിഷ്ടതയെക്കാള്‍ ഇച്ഛിക്കുന്നതു.

22 ദൈവം തന്റെ ശക്തിയാല്‍ ഉന്നതമായി പ്രവര്‍ത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകന്‍ ആരുള്ളു?

23 അവനോടു അവന്റെ വഴിയെ കല്പിച്ചതാര്‍? നീ നീതികേടു ചെയ്തു എന്നു അവനോടു ആര്‍ക്കും പറയാം?

24 അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാന്‍ നീ ഔര്‍ത്തുകൊള്‍ക; അതിനെക്കുറിച്ചല്ലോ മനുഷ്യര്‍ പാടിയിരിക്കുന്നതു.

25 മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; ദൂരത്തുനിന്നു മര്‍ത്യന്‍ അതിനെ സൂക്ഷിച്ചുനോക്കുന്നു.

26 നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതന്‍ ; അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തതു.

27 അവന്‍ നീര്‍ത്തുള്ളികളെ ആകര്‍ഷിക്കുന്നു; അവന്റെ ആവിയാല്‍ അവ മഴയായി പെയ്യുന്നു.

28 മേഘങ്ങള്‍ അവയെ ചൊരിയുന്നു; മനുഷ്യരുടെമേല്‍ ധാരാളമായി പൊഴിക്കുന്നു.

29 ആര്‍ക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും അവന്റെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?

30 അവന്‍ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു; സമുദ്രത്തിന്റെ അടിയെ മൂടുന്നു.

31 ഇവയാല്‍ അവന്‍ ജാതികളെ ന്യായം വിധിക്കുന്നു; ആഹാരവും ധാരാളമായി കൊടുക്കുന്നു.

32 അവന്‍ മിന്നല്‍കൊണ്ടു തൃക്കൈ നിറെക്കുന്നു; പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.

33 അതിന്റെ മുഴക്കം അവനെയും കന്നുകാലികള്‍ എഴുന്നെള്ളുന്നവനെയും കുറിച്ചു അറിവുതരുന്നു.

ഇയ്യോബ് 37

1 ഇതിനാല്‍ എന്റെ ഹൃദയം വിറെച്ചു തന്റെ സ്ഥലത്തുനിന്നു പാളിപ്പോകുന്നു.

2 അവന്റെ നാദത്തിന്റെ മുഴക്കവും അവന്റെ വായില്‍നിന്നു പുറപ്പെടുന്ന ഗര്‍ജ്ജനവും ശ്രദ്ധിച്ചുകേള്‍പ്പിന്‍ .

3 അവന്‍ അതു ആകാശത്തിന്‍ കീഴിലൊക്കെയും അതിന്റെ മിന്നല്‍ ഭൂമിയുടെ അറ്റത്തോളവും അയക്കുന്നു.

4 അതിന്റെ പിന്നാലെ ഒരു മുഴക്കം കേള്‍ക്കുന്നു; അവന്‍ തന്റെ മഹിമാനാദംകൊണ്ടു ഇടമുഴക്കുന്നു; അവന്റെ നാദം കേള്‍ക്കുമ്പോള്‍ അവയെ തടുക്കുന്നില്ല.

5 ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നുമുകൂ ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു.

6 അവന്‍ ഹിമത്തോടുഭൂമിയില്‍ പെയ്യുക എന്നു കല്പിക്കുന്നു; അവന്‍ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.

7 താന്‍ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിവാന്തക്കവണ്ണം അവന്‍ സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു.

8 കാട്ടുമൃഗം ഒളിവിടത്തു ചെന്നു തന്റെ ഗുഹയില്‍ കിടക്കുന്നു.

9 ദക്ഷിണമണ്ഡലത്തില്‍നിന്നു കൊടുങ്കാറ്റും ഉത്തരദിക്കില്‍നിന്നു കുളിരും വരുന്നു.

10 ദൈവത്തിന്റെ ശ്വാസംകൊണ്ടു നീര്‍ക്കട്ട ഉളവാകുന്നു; വെള്ളങ്ങളുടെ വിശാലത ഉറെച്ചു പോകുന്നു.

11 അവന്‍ കാര്‍മ്മേഘത്തെ ഈറംകൊണ്ടു കനപ്പിക്കുന്നു; തന്റെ മിന്നലുള്ള മേഘത്തെ പരത്തുന്നു.

12 അവന്‍ അവയോടു കല്പിക്കുന്നതൊക്കെയും ഭൂമിയുടെ ഉപരിഭാഗത്തു ചെയ്യേണ്ടതിന്നു അവന്റെ ആദേശപ്രകാരം അവ ചുറ്റി സഞ്ചരിക്കുന്നു.

13 ശിക്ഷെക്കായിട്ടോ ദേശത്തിന്റെ നന്മെക്കായിട്ടോ ദയെക്കായിട്ടോ അവന്‍ അതു വരുത്തുന്നു.

14 ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊള്‍ക; മിണ്ടാതിരുന്നു ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊള്‍ക.

15 ദൈവം അവേക്കു കല്പന കൊടുക്കുന്നതും തന്റെ മേഘത്തിലെ മിന്നല്‍ പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്നു നീ അറിയുന്നുവോ?

16 മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂര്‍ണ്ണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ?

17 തെന്നിക്കാറ്റുകൊണ്ടു ഭൂമി അനങ്ങാതിരിക്കുമ്പോള്‍ നിന്റെ വസ്ത്രത്തിന്നു ചൂടുണ്ടാകുന്നതു എങ്ങനെ?

18 ലോഹദര്‍പ്പണംപോലെ ഉറപ്പുള്ള ആകാശത്തെ നിനക്കു അവനോടുകൂടെ വിടര്‍ത്തു വെക്കുമോ?

19 അവനോടു എന്തു പറയേണമെന്നു ഞങ്ങള്‍ക്കു ഉപദേശിച്ചു തരിക; അന്ധകാരംനിമിത്തം ഞങ്ങളള്‍ക്കു ഒന്നും പ്രസ്താവിപ്പാന്‍ കഴിവില്ല.

20 എനിക്കു സംസാരിക്കേണം എന്നു അവനോടു ബോധിപ്പിക്കേണമോ? നാശത്തിന്നിരയായ്തീരുവാന്‍ ആരാനും ഇച്ഛിക്കുമോ?

21 ഇപ്പോള്‍ ആകാശത്തില്‍ വെളിച്ചം ശോഭിക്കുന്നതു കാണുന്നില്ല; എങ്കിലും കാറ്റു കടന്നു അതിനെ തെളിവാക്കുന്നു.

22 വടക്കുനിന്നു സ്വര്‍ണ്ണശോഭപോലെ വരുന്നു; ദൈവത്തിന്റെ ചുറ്റും ഭയങ്കരതേജസ്സുണ്ടു.

23 സര്‍വ്വശക്തനെയോ നാം കണ്ടെത്തുകയില്ല; അവന്‍ ശക്തിയില്‍ അത്യുന്നതനാകുന്നു; അവന്‍ ന്യായത്തിന്നും പൂര്‍ണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല. അതുകൊണ്ടു മനുഷ്യര്‍ അവനെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവന്‍ കടാക്ഷിക്കുന്നില്ല.

ഇയ്യോബ് 38

1 അനന്തരം യഹോവ ചുഴലിക്കാറ്റില്‍ നിന്നു ഇയ്യോബിനോടു ഉത്തരം അരുളിച്ചെയ്തതെന്തെന്നാല്‍

2 അറിവില്ലാത്ത വാക്കുകളാല്‍ ആലോചനയെ ഇരുളാക്കുന്നോരിവനാര്‍?

3 നീ പുരുഷനെപ്പോലെ അര മുറുക്കികൊള്‍ക; ഞാന്‍ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക.

4 ഞാന്‍ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കില്‍ പ്രസ്താവിക്ക.

5 അതിന്റെ അളവു നിയമിച്ചവന്‍ ആര്‍? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂല്‍ പിടിച്ചവനാര്‍?

6 പ്രഭാതനക്ഷത്രങ്ങള്‍ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാര്‍ക്കുംകയും ചെയ്തപ്പോള്‍

7 അതിന്റെ അടിസ്ഥാനം ഏതിന്മേല്‍ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവന്‍ ആര്‍?

8 ഗര്‍ഭത്തില്‍നിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോള്‍ അതിനെ കതകുകളാല്‍ അടെച്ചവന്‍ ആര്‍?

9 അന്നു ഞാന്‍ മേഘത്തെ അതിന്നു ഉടുപ്പും കൂരിരുളിനെ അതിന്നു ചുറ്റാടയും ആക്കി;

10 ഞാന്‍ അതിന്നു അതിര്‍ നിയമിച്ചു കതകും ഔടാമ്പലും വെച്ചു.

11 ഇത്രത്തോളം നിനക്കുവരാം; ഇതു കടക്കരുതു; ഇവിടെ നിന്റെ തിരമാലകളുടെ ഗര്‍വ്വം നിലെക്കും എന്നു കല്പിച്ചു.

12 ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിന്നും ദുഷ്ടന്മാരെ അതില്‍നിന്നു കുടഞ്ഞുകളയേണ്ടതിന്നും

13 നിന്റെ ജീവകാലത്തൊരിക്കലെങ്കിലും നീ പ്രഭാതത്തിന്നു കല്പന കൊടുക്കയും അരുണോദയത്തിന്നു സ്ഥലം ആദേശിക്കയും ചെയ്തിട്ടുണ്ടോ?

14 അതു മുദ്രെക്കു കീഴിലെ അരകൂപോലെ മാറുന്നു; വസ്ത്രംപോലെ ആസകലം വിളങ്ങിനിലക്കുന്നു.

15 ദുഷ്ടന്മാര്‍ക്കും വെളിച്ചം മുടങ്ങിപ്പോകുന്നു; ഔങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു.

16 നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തില്‍ സഞ്ചരിച്ചിട്ടുണ്ടോ?

17 മരണത്തിന്റെ വാതിലുകള്‍ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ?

18 ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും അറിയുന്നുവെങ്കില്‍ പ്രസ്താവിക്ക.

19 വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏതു? ഇരുളിന്റെ പാര്‍പ്പിടവും എവിടെ?

20 നിനക്കു അവയെ അവയുടെ അതിരോളം കൊണ്ടുപോകാമോ? അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ?

21 നീ അന്നേ ജനിച്ചിരുന്നുവല്ലോ; നിനക്കു ആയുസ്സു ഒട്ടും കുറവല്ലല്ലോ; നീ അതു അറിയാതിരിക്കുമോ?

22 നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?

23 ഞാന്‍ അവയെ കഷ്ടകാലത്തേക്കും പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചുവെച്ചിരിക്കുന്നു.

24 വെളിച്ചം പിരിഞ്ഞുപോകുന്നതും കിഴക്കന്‍ കാറ്റു ഭൂമിമേല്‍ വ്യാപിക്കുന്നതും ആയ വഴി ഏതു?

25 നിര്‍ജ്ജനദേശത്തും ആള്‍ പാര്‍പ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കേണ്ടതിന്നും

26 തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീര്‍ക്കേണ്ടതിന്നും ഇളമ്പുല്ലു മുളെപ്പിക്കേണ്ടതിന്നും

27 ജലപ്രവാഹത്തിന്നു ചാലും ഇടിമിന്നലിന്നു പാതയും വെട്ടിക്കൊടുത്തതാര്‍?

28 മഴെക്കു അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്‍?

29 ആരുടെ ഗര്‍ഭത്തില്‍നിന്നു ഹിമം പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആര്‍ പ്രസവിക്കുന്നു?

30 വെള്ളം കല്ലുപോലെ ഉറെച്ചുപോകുന്നു. ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു.

31 കാര്‍ത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങള്‍ അഴിക്കാമോ?

32 നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തര്‍ഷികളെയും മക്കളെയും നിനക്കു നടത്താമോ?

33 ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? അതിന്നു ഭൂമിമേലുള്ള സ്വാധീനത നിര്‍ണ്ണയിക്കാമോ?

34 ജലപ്രവാഹം നിന്നെ മൂടേണ്ടതിന്നു നിനക്കു മേഘങ്ങളോളം ശബ്ദം ഉയര്‍ത്താമോ?

35 അടിയങ്ങള്‍ വിടകൊള്ളുന്നു എന്നു നിന്നോടു പറഞ്ഞു പുറപ്പെടുവാന്തക്കവണ്ണം നിനക്കു മിന്നലുകളെ പറഞ്ഞയക്കാമോ?

36 അന്തരംഗത്തില്‍ ജ്ഞാനത്തെ വെച്ചവനാര്‍? മനസ്സിന്നു വിവേകം കൊടുത്തവന്‍ ആര്‍?

37 ഉരുക്കിവാര്‍ത്തതുപോലെ പൊടിതമ്മില്‍ കൂടുമ്പോഴും മണ്‍കട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും

38 ജ്ഞാനത്താല്‍ മേഘങ്ങളെ എണ്ണുന്നതാര്‍? ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാര്‍?

39 സിംഹങ്ങള്‍ ഗുഹകളില്‍ പതുങ്ങിക്കിടക്കുമ്പോഴും അവ മുറ്റുകാട്ടില്‍ പതിയിരിക്കുമ്പോഴും

40 നീ സിംഹിക്കു ഇര വേട്ടയാടിക്കൊടുക്കുമോ? ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ?

41 കാക്കകൂഞ്ഞുങ്ങള്‍ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോള്‍ അതിന്നു തീന്‍ എത്തിച്ചു കൊടുക്കുന്നതാര്‍?

ഇയ്യോബ് 39:1-12

1 പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാന്‍ പേടകളുടെ ഈറ്റുനോവു നീ കാണുമോ?

2 അവേക്കു ഗര്‍ഭം തികയുന്ന മാസം നിനക്കു കണകൂ കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്കു അറിയാമോ?

3 അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തില്‍ വേദന കഴിഞ്ഞുപോകുന്നു.

4 അവയുടെ കുട്ടികള്‍ ബലപ്പെട്ടു കാട്ടില്‍ വളരുന്നു; അവ പുറപ്പെട്ടുപോകുന്നു; മടങ്ങിവരുന്നതുമില്ല.

5 കാട്ടുകഴുതയെ അഴിച്ചുവിട്ടതു ആര്‍? വനഗര്‍ദ്ദഭത്തെ കെട്ടഴിച്ചതാര്‍?

6 ഞാന്‍ മരുഭൂമിയെ അതിന്നു വീടും ഉവര്‍ന്നിലത്തെ അതിന്നു പാര്‍പ്പിടവുമാക്കി.

7 അതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്റെ ഒച്ച കൂട്ടാക്കുന്നതുമില്ല.

8 മലനിരകള്‍ അതിന്റെ മേച്ചല്പുറമാകുന്നു; പച്ചയായതൊക്കെയും അതു തിരഞ്ഞുനടക്കുന്നു.

9 കാട്ടുപോത്തു നിന്നെ വഴിപ്പെട്ടു സേവിക്കുമോ? അതു നിന്റെ പുല്തൊട്ടിക്കരികെ രാപാര്‍ക്കുംമോ?

10 കാട്ടു പോത്തിനെ നിനക്കു കയറിട്ടു ഉഴവിന്നു കൊണ്ടുപോകാമോ? അതു നിന്റെ പിന്നാലെ നിലം നിരത്തുമോ?

11 അതിന്റെ ശക്തി വലുതാകയാല്‍ നീ അതിനെ വിശ്വസിക്കുമോ? നിന്റെ വേല നീ അതിന്നു ഭരമേല്പിച്ചു കൊടുക്കുമോ?

12 അതു നിന്റെ വിത്തു കൊണ്ടുവരുമെന്നും നിന്റെ കളപ്പുരയില്‍ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?