ഘട്ടം 154

പഠനം

     

സങ്കീർത്തനങ്ങൾ 1

1 ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയില്‍ നില്‍ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തില്‍ ഇരിക്കാതെയും

2 യഹോവയുടെ ന്യായപ്രമാണത്തില്‍ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാന്‍ .

3 അവന്‍, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവന്‍ ചെയ്യുന്നതൊക്കെയും സാധിക്കും.

4 ദുഷ്ടന്മാര്‍ അങ്ങനെയല്ല; അവര്‍ കാറ്റു പാറ്റുന്ന പതിര്‍പോലെയത്രേ.

5 ആകയാല്‍ ദുഷ്ടന്മാര്‍ ന്യായവിസ്താരത്തിലും പാപികള്‍ നീതിമാന്മാരുടെ സഭയിലും നിവര്‍ന്നു നില്‍ക്കുകയില്ല.

6 യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.

സങ്കീർത്തനങ്ങൾ 2

1 ജാതികള്‍ കലഹിക്കുന്നതും വംശങ്ങള്‍ വ്യര്‍ത്ഥമായതു നിരൂപിക്കുന്നതും എന്തു?

2 യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാര്‍ എഴുന്നേല്‍ക്കുയും അധിപതികള്‍ തമ്മില്‍ ആലോചിക്കയും ചെയ്യുന്നതു

3 നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.

4 സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവന്‍ ചിരിക്കുന്നു; കര്‍ത്താവു അവരെ പരിഹസിക്കുന്നു.

5 അന്നു അവന്‍ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.

6 എന്റെ വിശുദ്ധപര്‍വ്വതമായ സീയോനില്‍ ഞാന്‍ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.

7 ഞാന്‍ ഒരു നിര്‍ണ്ണയം പ്രസ്താവിക്കുന്നുയഹോവ എന്നോടു അരുളിച്ചെയ്തതുനീ എന്റെ പുത്രന്‍ ; ഇന്നു ഞാന്‍ നിന്നെ ജനിപ്പിച്ചിരിക്കുന്നു.

8 എന്നോടു ചോദിച്ചുകൊള്‍ക; ഞാന്‍ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;

9 ഇരിമ്പുകോല്‍കൊണ്ടു നീ അവരെ തകര്‍ക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.

10 ആകയാല്‍ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിന്‍ ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്‍വിന്‍ .

11 ഭയത്തോടെ യഹോവയെ സേവിപ്പിന്‍ ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിന്‍ .

12 അവന്‍ കോപിച്ചിട്ടു നിങ്ങള്‍ വഴിയില്‍വെച്ചു നശിക്കാതിരിപ്പാന്‍ പുത്രനെ ചുംബിപ്പിന്‍ . അവന്റെ കോപം ക്ഷണത്തില്‍ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാര്‍.

സങ്കീർത്തനങ്ങൾ 3

1 യഹോവേ, എന്റെ വൈരികള്‍ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിര്‍ക്കുംന്നവര്‍ അനേകര്‍ ആകുന്നു.

2 അവന്നു ദൈവത്തിങ്കല്‍ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. സേലാ.

3 നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയര്‍ത്തുന്നവനും ആകുന്നു.

4 ഞാന്‍ യഹോവയോടു ഉച്ചത്തില്‍ നിലവിളിക്കുന്നു; അവന്‍ തന്റെ വിശുദ്ധപര്‍വ്വതത്തില്‍നിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.

5 ഞാന്‍ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാല്‍ ഉണര്‍ന്നുമിരിക്കുന്നു.

6 എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാന്‍ ഭയപ്പെടുകയില്ല.

7 യഹോവേ, എഴുന്നേല്‍ക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ലു തകര്‍ത്തുകളഞ്ഞു.

8 രക്ഷ യഹോവെക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേല്‍ വരുമാറാകട്ടെ. സേലാ.

സങ്കീർത്തനങ്ങൾ 4

1 എന്റെ നീതിയായ ദൈവമേ, ഞാന്‍ വിളിക്കുമ്പോള്‍ ഉത്തരമരുളേണമേ; ഞാന്‍ ഞെരുക്കത്തില്‍ ഇരുന്നപ്പോള്‍ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപതോന്നി എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.

2 പുരുഷന്മാരേ, നിങ്ങള്‍ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ.

3 യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിന്‍ ; ഞാന്‍ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോള്‍ അവന്‍ കേള്‍ക്കും.

4 നടുങ്ങുവിന്‍ ; പാപം ചെയ്യാതിരിപ്പിന്‍ ; നിങ്ങളുടെ കിടക്കമേല്‍ ഹൃദയത്തില്‍ ധ്യാനിച്ചു മൌനമായിരിപ്പിന്‍ . സേലാ.

5 നീതിയാഗങ്ങളെ അര്‍പ്പിപ്പിന്‍ ; യഹോവയില്‍ ആശ്രയം വെപ്പിന്‍ .

6 നമുക്കു ആര്‍ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേല്‍ ഉദിപ്പിക്കേണമേ.

7 ധാന്യവും വീഞ്ഞും വര്‍ദ്ധിച്ചപ്പോള്‍ അവര്‍ക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തില്‍ നല്കിയിരിക്കുന്നു.

8 ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിര്‍ഭയം വസിക്കുമാറാക്കുന്നതു.

സങ്കീർത്തനങ്ങൾ 5:1-7

1 യഹോവേ, എന്റെ വാക്കുകള്‍ക്കു ചെവി തരേണമേ; എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ;

2 എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ, എന്റെ സങ്കടയാചന കേള്‍ക്കേണമേ; നിന്നോടല്ലോ ഞാന്‍ പ്രാര്‍ത്ഥിക്കുന്നതു.

3 യഹോവേ, രാവിലെ എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; രാവിലെ ഞാന്‍ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.

4 നീ ദുഷ്ടതയില്‍ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടന്‍ നിന്നോടുകൂടെ പാര്‍ക്കയില്ല.

5 അഹങ്കാരികള്‍ നിന്റെ സന്നിധിയില്‍ നില്‍ക്കയില്ല; നീതികേടു പ്രവര്‍ത്തിക്കുന്നവരെയൊക്കെയും നീ പകെക്കുന്നു.

6 ഭോഷ്ക്കുപറയുന്നവരെ നീ നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവന്‍ യഹോവെക്കു അറെപ്പാകുന്നു;

7 ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താല്‍ നിന്റെ ആലയത്തിലേക്കു ചെന്നു നിന്റെ വിശുദ്ധമന്ദിരത്തിന്നു നേരെ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും.