ഘട്ടം 159

പഠനം

     

സങ്കീർത്തനങ്ങൾ 24:7-10

7 വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍ ; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍ ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.

8 മഹത്വത്തിന്റെ രാജാവു ആര്‍? ബലവാനും വീരനുമായ യഹോവ യുദ്ധവീരനായ യഹോവ തന്നേ.

9 വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍ ; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍ ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.

10 മഹത്വത്തിന്റെ രാജാവു ആര്‍? സൈന്യങ്ങളുടെ യഹോവ തന്നേ; അവനാകുന്നു മഹത്വത്തിന്റെ രാജാവു. സേലാ.

സങ്കീർത്തനങ്ങൾ 25

1 യഹോവേ, നിങ്കലേക്കു ഞാന്‍ മനസ്സു ഉയര്‍ത്തുന്നു;

2 എന്റെ ദൈവമേ, നിന്നില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ലജ്ജിച്ചു പോകരുതേ; എന്റെ ശത്രുക്കള്‍ എന്റെമേല്‍ ജയം ഘോഷിക്കരുതേ.

3 നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല; വെറുതെ ദ്രോഹിക്കുന്നവര്‍ ലജ്ജിച്ചുപോകും.

4 യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!

5 നിന്റെ സത്യത്തില്‍ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാന്‍ നിങ്കല്‍ പ്രത്യാശവെക്കുന്നു.

6 യഹോവേ, നിന്റെ കരുണയും ദയയും ഔര്‍ക്കേണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.

7 എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഔര്‍ക്കരുതേ; യഹോവേ, നിന്റെ കൃപപ്രകാരം നിന്റെ ദയനിമിത്തം എന്നെ ഔര്‍ക്കേണമേ.

8 യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു അവന്‍ പാപികളെ നേര്‍വ്വഴികാണിക്കുന്നു.

9 സൌമ്യതയുള്ളവരെ അവന്‍ ന്യായത്തില്‍ നടത്തുന്നു; സൌമ്യതയുള്ളവര്‍ക്കും തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.

10 യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവര്‍ക്കും അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു.

11 യഹോവേ, എന്റെ അകൃത്യം വലിയതു; നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ.

12 യഹോവാഭക്തനായ പുരുഷന്‍ ആര്‍? അവന്‍ തിരഞ്ഞെടുക്കേണ്ടുന്ന വഴി താന്‍ അവന്നു കാണിച്ചുകൊടുക്കും.

13 അവന്‍ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും.

14 യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാര്‍ക്കും ഉണ്ടാകും; അവന്‍ തന്റെ നിയമം അവരെ അറിയിക്കുന്നു.

15 എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവന്‍ എന്റെ കാലുകളെ വലയില്‍നിന്നു വിടുവിക്കും.

16 എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ; ഞാന്‍ ഏകാകിയും അരിഷ്ടനും ആകുന്നു.

17 എനിക്കു മന:പീഡകള്‍ വര്‍ദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളില്‍നിന്നു എന്നെ വിടുവിക്കേണമേ.

18 എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കേണമേ.

19 എന്റെ ശത്രുക്കളെ നോക്കേണമേ; അവര്‍ പെരുകിയിരിക്കുന്നു; അവര്‍ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;

20 എന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ; നിന്നെ ശരണമാക്കിയിരിക്കയാല്‍ ഞാന്‍ ലജ്ജിച്ചുപോകരുതേ.

21 നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാന്‍ നിങ്കല്‍ പ്രത്യാശവെച്ചിരിക്കുന്നുവല്ലോ.

22 ദൈവമേ, യിസ്രായേലിനെ അവന്റെ സകലകഷ്ടങ്ങളില്‍നിന്നും വീണ്ടെടുക്കേണമേ.

സങ്കീർത്തനങ്ങൾ 26

1 യഹോവേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഞാന്‍ എന്റെ നിഷ്കളങ്കതയില്‍ നടക്കുന്നു; ഞാന്‍ ഇളകാതെ യഹോവയില്‍ ആശ്രയിക്കുന്നു.

2 യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്റെ അന്തരംഗവും എന്റെ ഹൃദയവും പരിശോധിക്കേണമേ.

3 നിന്റെ ദയ എന്റെ കണ്ണിന്മുമ്പില്‍ ഇരിക്കുന്നു; നിന്റെ സത്യത്തില്‍ ഞാന്‍ നടന്നുമിരിക്കുന്നു.

4 വ്യര്‍ത്ഥന്മാരോടുകൂടെ ഞാന്‍ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കല്‍ ഞാന്‍ ചെന്നിട്ടുമില്ല.

5 ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാന്‍ പകെച്ചിരിക്കുന്നു; ദുഷ്ടന്മാരോടുകൂടെ ഞാന്‍ ഇരിക്കയുമില്ല.

6 സ്തോത്രസ്വരം കേള്‍പ്പിക്കേണ്ടതിന്നും നിന്റെ അത്ഭുതപ്രവൃത്തികളൊക്കെയും വര്‍ണ്ണിക്കേണ്ടതിന്നും

7 ഞാന്‍ കുറ്റമില്ലായ്മയില്‍ എന്റെ കൈകളെ കഴുകുന്നു; യഹോവേ, ഞാന്‍ നിന്റെ യാഗപീഠത്തെ വലംവെക്കുന്നു.

8 യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്കു പ്രിയമാകുന്നു.

9 പാപികളോടുകൂടെ എന്റെ പ്രാണനെയും രക്തപാതകന്മാരോടുകൂടെ എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.

10 അവരുടെ കൈകളില്‍ ദുഷ്കര്‍മ്മം ഉണ്ടു; അവരുടെ വലങ്കൈ കോഴ നിറഞ്ഞിരിക്കുന്നു.

11 ഞാനോ, എന്റെ നിഷ്കളങ്കതയില്‍ നടക്കും; എന്നെ വീണ്ടെടുത്തു എന്നോടു കൃപ ചെയ്യേണമേ.

12 എന്റെ കാലടി സമനിലത്തു നിലക്കുന്നു; സഭകളില്‍ ഞാന്‍ യഹോവയെ വാഴ്ത്തും.

സങ്കീർത്തനങ്ങൾ 27:1-6

1 യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാന്‍ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാന്‍ ആരെ പേടിക്കും?

2 എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കര്‍മ്മികള്‍ എന്റെ മാംസം തിന്നുവാന്‍ എന്നോടു അടുക്കുമ്പോള്‍ ഇടറിവീഴും.

3 ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാന്‍ നിര്‍ഭയമായിരിക്കും.

4 ഞാന്‍ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാന്‍ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തില്‍ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാന്‍ യഹോവയുടെ ആലയത്തില്‍ പാര്‍ക്കേണ്ടതിന്നു തന്നേ.

5 അനര്‍ത്ഥദിവസത്തില്‍ അവന്‍ തന്റെ കൂടാരത്തില്‍ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവില്‍ എന്നെ മറെക്കും; പാറമേല്‍ എന്നെ ഉയര്‍ത്തും.

6 ഇപ്പോള്‍ എന്റെ ചുറ്റുമുള്ള ശത്രുക്കളുടെ മേല്‍ എന്റെ തല ഉയരും; ഞാന്‍ അവന്റെ കൂടാരത്തില്‍ ജയഘോഷയാഗങ്ങളെ അര്‍പ്പിക്കും; ഞാന്‍ യഹോവേക്കു പാടി കീര്‍ത്തനം ചെയ്യും.