ഘട്ടം 175

പഠനം

     

സങ്കീർത്തനങ്ങൾ 69:5-36

5 ദൈവമേ, നീ എന്റെ ഭോഷത്വം അറിയുന്നു; എന്റെ അകൃത്യങ്ങള്‍ നിനക്കു മറവായിരിക്കുന്നില്ല.

6 സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവേ, നിങ്കല്‍ പ്രത്യാശവെക്കുന്നവര്‍ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവര്‍ എന്റെ നിമിത്തം നാണിച്ചുപോകരുതേ.

7 നിന്റെ നിമിത്തം ഞാന്‍ നിന്ദ വഹിച്ചു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.

8 എന്റെ സഹോദരന്മാര്‍ക്കും ഞാന്‍ പരദേശിയും എന്റെ അമ്മയുടെ മക്കള്‍ക്കു അന്യനും ആയി തീര്‍ന്നിരിക്കുന്നു.

9 നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേല്‍ വീണിരിക്കുന്നു.

10 ഞാന്‍ കരഞ്ഞു ഉപവാസത്താല്‍ ആത്മതപനം ചെയ്തു. അതും എനിക്കു നിന്ദയായ്തീര്‍ന്നു;

11 ഞാന്‍ രട്ടുശീല എന്റെ ഉടുപ്പാക്കി; ഞാന്‍ അവര്‍ക്കും പഴഞ്ചൊല്ലായ്തീര്‍ന്നു.

12 പട്ടണവാതില്‍ക്കല്‍ ഇരിക്കുന്നവര്‍ എന്നെക്കുറിച്ചു സല്ലാപിക്കുന്നു; ഞാന്‍ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.

13 ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാര്‍ത്ഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താല്‍, നിന്റെ രക്ഷാവിശ്വസ്തതയാല്‍ തന്നേ, എനിക്കുത്തരമരുളേണമേ.

14 ചേറ്റില്‍നിന്നു എന്നെ കയറ്റേണമേ; ഞാന്‍ താണുപോകരുതേ; എന്നെ പകെക്കുന്നവരുടെ കയ്യില്‍നിന്നും ആഴമുള്ള വെള്ളത്തില്‍നിന്നും എന്നെ വിടുവിക്കേണമേ.

15 ജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴി എന്നെ അടെച്ചുകൊള്ളുകയുമരുതേ.

16 യഹോവേ, എനിക്കുത്തരമരുളേണമേ; നിന്റെ ദയ നല്ലതല്ലോ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എങ്കലേക്കു തിരിയേണമേ;

17 അടിയന്നു തിരുമുഖം മറെക്കരുതേ; ഞാന്‍ കഷ്ടത്തില്‍ ഇരിക്കയാല്‍ വേഗത്തില്‍ എനിക്കു ഉത്തരമരുളേണമേ.

18 എന്റെ പ്രാണനോടു അടുത്തുവന്നു അതിനെ വീണ്ടുകൊള്ളേണമേ; എന്റെ ശത്രുക്കള്‍നിമിത്തം എന്നെ വീണ്ടെടുക്കേണമേ.

19 എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; എന്റെ വൈരികള്‍ എല്ലാവരും നിന്റെ ദൃഷ്ടിയില്‍ ഇരിക്കുന്നു.

20 നിന്ദ എന്റെ ഹൃദയത്തെ തകര്‍ത്തു, ഞാന്‍ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാന്‍ നോക്കിക്കൊണ്ടിരുന്നു; ആര്‍ക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.

21 അവര്‍ എനിക്കു തിന്നുവാന്‍ കൈപ്പു തന്നു; എന്റെ ദാഹത്തിന്നു അവര്‍ എനിക്കു ചൊറുക്ക കുടിപ്പാന്‍ തന്നു.

22 അവരുടെ മേശ അവരുടെ മുമ്പില്‍ കണിയായും അവര്‍ സുഖത്തോടിരിക്കുമ്പോള്‍ കുടുക്കായും തീരട്ടെ.

23 അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ.

24 നിന്റെ ക്രോധം അവരുടെമേല്‍ പകരേണമേ. നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.

25 അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളില്‍ ആരും പാര്‍ക്കാതിരിക്കട്ടെ.

26 നീ ദണ്ഡിപ്പിച്ചവനെ അവര്‍ ഉപദ്രവിക്കുന്നു; നീ മുറിവേല്പിച്ചവരുടെ വേദനയെ അവര്‍ വിവിരക്കുന്നു.

27 അവരുടെ അകൃത്യത്തോടു അകൃത്യം കൂട്ടേണമേ; നിന്റെ നീതിയെ അവര്‍ പ്രാപിക്കരുതേ.

28 ജീവന്റെ പുസ്തകത്തില്‍നിന്നു അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ.

29 ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, നിന്റെ രക്ഷ എന്നെ ഉയര്‍ത്തുമാറാകട്ടെ.

30 ഞാന്‍ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും.

31 അതു യഹോവേക്കു കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.

32 സൌമ്യതയുള്ളവര്‍ അതു കണ്ടു സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.

33 യഹോവ ദരിദ്രന്മാരുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;

34 ആകാശവും ഭൂമിയും സമുദ്രങ്ങളും അവയില്‍ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ.

35 ദൈവം സീയോനെ രക്ഷിക്കും; അവന്‍ യെഹൂദാനഗരങ്ങളെ പണിയും; അവര്‍ അവിടെ പാര്‍ത്തു അതിനെ കൈവശമാക്കും.

36 അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; അവന്റെ നാമത്തെ സ്നേഹിക്കുന്നവര്‍ അതില്‍ വസിക്കും. (സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു ജ്ഞാപകസങ്കീര്‍ത്തനം.)

സങ്കീർത്തനങ്ങൾ 70

1 ദൈവമേ, എന്നെ വിടുവിപ്പാന്‍ , യഹോവേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.

2 എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനര്‍ത്ഥത്തില്‍ സന്തോഷിക്കുന്നവര്‍ പിന്തിരിഞ്ഞു അപമാനം ഏല്‍ക്കട്ടെ.

3 നന്നായി നന്നായി എന്നു പറയുന്നവര്‍ തങ്ങളുടെ നാണംനിമിത്തം പിന്തിരിഞ്ഞു പോകട്ടെ.

4 നിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നില്‍ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവര്‍ദൈവം മഹത്വമുള്ളവനെന്നു എപ്പോഴും പറയട്ടെ.

5 ഞാനോ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്റെ അടുക്കല്‍ വേഗം വരേണമേ; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; യഹോവേ, താമസിക്കരുതേ,

സങ്കീർത്തനങ്ങൾ 71:1-16

1 യഹോവ, ഞാന്‍ നിന്നില്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരുനാളും ലജ്ജിച്ചുപോകരുതേ.

2 നിന്റെ നീതിനിമിത്തം എന്നെ ഉദ്ധരിച്ചു വിടുവിക്കേണമേ; നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ രക്ഷിക്കേണമേ.

3 ഞാന്‍ എപ്പോഴും വന്നു പാര്‍ക്കേണ്ടതിന്നു നീ എനിക്കു ഉറപ്പുള്ള പാറയായിരിക്കേണമേ; എന്നെ രക്ഷിപ്പാന്‍ നീ കല്പിച്ചിരിക്കുന്നു; നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.

4 എന്റെ ദൈവമേ, ദുഷ്ടന്റെ കയ്യില്‍നിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കയ്യില്‍ നിന്നും എന്നെ വിടുവിക്കേണമേ.

5 യഹോവയായ കര്‍ത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതല്‍ നീ എന്റെ ആശ്രയം തന്നേ.

6 ഗര്‍ഭംമുതല്‍ നീ എന്നെ താങ്ങിയിരിക്കുന്നു; എന്റെ അമ്മയുടെ ഉദരത്തില്‍നിന്നു എന്നെ എടുത്തവന്‍ നീ തന്നെ; എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;

7 ഞാന്‍ പലര്‍ക്കും ഒരത്ഭുതം ആയിരിക്കുന്നു; നീ എന്റെ ബലമുള്ള സങ്കേതമാകുന്നു.

8 എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.

9 വാര്‍ദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോള്‍ എന്നെ ഉപേക്ഷിക്കയുമരുതേ.

10 എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചു സംസാരിക്കുന്നു; എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവര്‍ കൂടിയാലോചിക്കുന്നു.

11 ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടര്‍ന്നു പിടിപ്പിന്‍ ; വിടുവിപ്പാന്‍ ആരുമില്ല എന്നു അവര്‍ പറയുന്നു.

12 ദൈവമേ, എന്നോടു അകന്നിരിക്കരുതേ; എന്റെ ദൈവമേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.

13 എന്റെ പ്രാണന്നു വിരോധികളായവര്‍ ലജ്ജിച്ചു നശിച്ചുപോകട്ടെ; എനിക്കു അനര്‍ത്ഥം അന്വേഷിക്കുന്നവര്‍ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ.

14 ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാന്‍ മേലക്കുമേല്‍ നിന്നെ സ്തുതിക്കും.

15 എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വര്‍ണ്ണിക്കും; അവയുടെ സംഖ്യ എനിക്കു അറിഞ്ഞുകൂടാ.

16 ഞാന്‍ യഹോവയായ കര്‍ത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം ഞാന്‍ കീര്‍ത്തിക്കും.