ഘട്ടം 183

പഠനം

     

സങ്കീർത്തനങ്ങൾ 89:38-52

38 എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.

39 നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.

40 നീ അവന്റെ വേലി ഒക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.

41 വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയല്‍ക്കാര്‍ക്കും അവന്‍ നിന്ദ ആയിത്തീര്‍ന്നിരിക്കുന്നു.

42 നീ അവന്റെ വൈരികളുടെ വലങ്കയ്യെ ഉയര്‍ത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.

43 അവന്റെ വാളിന്‍ വായ്ത്തലയെ നീ മടക്കി; യുദ്ധത്തില്‍ അവനെ നിലക്കുമാറാക്കിയതുമില്ല.

44 അവന്റെ തേജസ്സിനെ നീ ഇല്ലാതാക്കി; അവന്റെ സിംഹാസനത്തെ നിലത്തു തള്ളിയിട്ടു.

45 അവന്റെ യൌവനകാലത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ടു മൂടിയിരിക്കുന്നു. സേലാ.

46 യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?

47 എന്റെ ആയുസ്സു എത്രചുരുക്കം എന്നു ഔര്‍ക്കേണമേ; എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?

48 ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യന്‍ ആര്‍? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യില്‍ നിന്നു വിടുവിക്കുന്നവനും ആരുള്ളു? സേലാ.

49 കര്‍ത്താവേ, നിന്റെ വിശ്വസ്തതയില്‍ നി ദാവീദിനോടു സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകള്‍ എവിടെ?

50 കര്‍ത്താവേ, അടിയങ്ങളുടെ നിന്ദ ഔര്‍ക്കേണമേ; എന്റെ മാര്‍വ്വിടത്തില്‍ ഞാന്‍ സകലമഹാജാതികളുടെയും നിന്ദ വഹിക്കുന്നതു തന്നേ.

51 യഹോവേ, നിന്റെ ശത്രുക്കള്‍ നിന്ദിക്കുന്നുവല്ലോ. അവര്‍ നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു.

52 യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേന്‍ , ആമേന്‍ .

സങ്കീർത്തനങ്ങൾ 90

1 കര്‍ത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;

2 പര്‍വ്വതങ്ങള്‍ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിര്‍മ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.

3 നീ മര്‍ത്യനെ പൊടിയിലേക്കു മടങ്ങിച്ചേരുമാറാക്കുന്നു; മനുഷ്യപുത്രന്മാരെ, തിരികെ വരുവിന്‍ എന്നും അരുളിച്ചെയ്യുന്നു.

4 ആയിരം സംവത്സരം നിന്റെ ഭൃഷ്ടിയില്‍ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു.

5 നീ അവരെ ഒഴുക്കിക്കളയുന്നു; അവര്‍ ഉറക്കംപോലെ അത്രേ; അവര്‍ രാവിലെ മുളെച്ചുവരുന്ന പുല്ലുപോലെ ആകുന്നു.

6 അതു രാവിലെ തഴെച്ചുവളരുന്നു; വൈകുന്നേരം അതു അരിഞ്ഞു വാടിപ്പോകുന്നു.

7 ഞങ്ങള്‍ നിന്റെ കോപത്താല്‍ ക്ഷയിച്ചും നിന്റെ ക്രോധത്താല്‍ ഭ്രമിച്ചും പോകുന്നു.

8 നീ ഞങ്ങളുടെ അകൃത്യങ്ങളെ നിന്റെ മുമ്പിലും ഞങ്ങളുടെ രഹസ്യപാപങ്ങളെ നിന്റെ മുഖപ്രകാശത്തിലും വെച്ചിരിക്കുന്നു.

9 ഞങ്ങളുടെ നാളുകളൊക്കയും നിന്റെ ക്രോധത്തില്‍ കഴിഞ്ഞുപോയി; ഞങ്ങളുടെ സംവത്സരങ്ങളെ ഞങ്ങള്‍ ഒരു നെടുവീര്‍പ്പുപോലെ കഴിക്കുന്നു.

10 ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാല്‍ എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങള്‍ പറന്നു പോകയും ചെയ്യുന്നു.

11 നിന്റെ കോപത്തിന്റെ ശക്തിയെയും നിന്നെ ഭയപ്പെടുവാന്തക്കവണ്ണം നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവന്‍ ആര്‍?

12 ഞങ്ങള്‍ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍ ഞങ്ങളെ ഉപദേശിക്കേണമേ.

13 യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? അടിയങ്ങളോടു സഹതാപം തോന്നേണമേ.

14 കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ; എന്നാല്‍ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങള്‍ ഘോഷിച്ചാനന്ദിക്കും.

15 നീ ഞങ്ങളെ ക്ളേശിപ്പിച്ച ദിവസങ്ങള്‍ക്കും ഞങ്ങള്‍ അനര്‍ത്ഥം അനുഭവിച്ച സംവത്സരങ്ങള്‍ക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ.

16 നിന്റെ ദാസന്മാര്‍ക്കും നിന്റെ പ്രവൃത്തിയും അവരുടെ മക്കള്‍ക്കു നിന്റെ മഹത്വവും വെളിപ്പെടുമാറാകട്ടെ.

17 ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേല്‍ ഇരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ; അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ.

സങ്കീർത്തനങ്ങൾ 91:1-13

1 അത്യുന്നതന്റെ മറവില്‍ വസിക്കയും സര്‍വ്വശക്തന്റെ നിഴലിന്‍ കീഴില്‍ പാര്‍ക്കയും ചെയ്യുന്നവന്‍

2 യഹോവയെക്കുറിച്ചുഅവന്‍ എന്റെ സങ്കേതവും കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.

3 അവന്‍ നിന്നെ വേട്ടക്കാരന്റെ കണിയില്‍ നിന്നും നാശകരമായ മഹാമാരിയില്‍നിന്നും വിടുവിക്കും.

4 തന്റെ തൂവലുകള്‍കൊണ്ടു അവന്‍ നിന്നെ മറെക്കും; അവന്റെ ചിറകിന്‍ കീഴില്‍ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.

5 രാത്രിയിലെ ഭയത്തെയും പകല്‍ പറക്കുന്ന അസ്ത്രത്തെയും

6 ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.

7 നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.

8 നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാര്‍ക്കും വരുന്ന പ്രതിഫലം കാണും.

9 യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.

10 ഒരു അനര്‍ത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.

11 നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവന്‍ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;

12 നിന്റെ കാല്‍ കല്ലില്‍ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.

13 സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.