ഘട്ടം 186

പഠനം

     

സങ്കീർത്തനങ്ങൾ 98:4-9

4 സകല ഭൂവാസികളുമായുള്ളോരേ, യഹോവേക്കു ആര്‍പ്പിടുവിന്‍ ; പൊട്ടിഘോഷിച്ചു കീര്‍ത്തനം ചെയ്‍വിന്‍ .

5 കിന്നരത്തോടെ യഹോവേക്കു കീര്‍ത്തനം ചെയ്‍വിന്‍ ; കിന്നരത്തോടും സംഗീതസ്വരത്തോടും കൂടെ തന്നേ.

6 കാഹളങ്ങളോടും തൂര്‍യ്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയില്‍ ഘോഷിപ്പിന്‍ !

7 സമുദ്രവും അതിന്റെ നിറെവും ഭൂതലവും അതില്‍ വസിക്കുന്നവരും മുഴങ്ങട്ടെ.

8 പ്രവാഹങ്ങള്‍ കൈകൊട്ടട്ടെ; പര്‍വ്വതങ്ങള്‍ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചു ഘോഷിക്കട്ടെ.

9 അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നു; ഭൂലോകത്തെ നീതിയോടും ജാതികളെ നേരോടുംകൂടെ വിധിക്കും.

സങ്കീർത്തനങ്ങൾ 99

1 യഹോവ വാഴുന്നു; ജാതികള്‍ വിറെക്കട്ടെ; അവന്‍ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.

2 യഹോവ സീയോനില്‍ വലിയവനും സകലജാതികള്‍ക്കും മീതെ ഉന്നതനും ആകുന്നു.

3 അവന്‍ പരിശുദ്ധന്‍ എന്നിങ്ങനെ അവര്‍ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.

4 ന്യായതല്പരനായ രാജാവിന്റെ ബലത്തെ നീ നേരോടെ സ്ഥിരമാക്കിയിരിക്കുന്നു. നീ യാക്കോബില്‍ നീതിയും ന്യായവും നടത്തിയിരിക്കുന്നു.

5 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിന്‍ ; അവന്റെ പാദപീഠത്തിങ്കല്‍ നമസ്കരിപ്പിന്‍ ; അവന്‍ പരിശുദ്ധന്‍ ആകുന്നു.

6 അവന്റെ പുരോഹിതന്മാരില്‍ മോശെയും അഹരോനും, അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരില്‍ ശമൂവേലും; ഇവര്‍ യഹോവയോടു അപേക്ഷിച്ചു; അവന്‍ അവര്‍ക്കും ഉത്തരമരുളി.

7 മേഘസ്തംഭത്തില്‍നിന്നു അവന്‍ അവരോടു സംസാരിച്ചു; അവര്‍ അവന്റെ സാക്ഷ്യങ്ങളും അവന്‍ കൊടുത്ത ചട്ടവും പ്രമാണിച്ചു.

8 ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവര്‍ക്കുംത്തരമരുളി; നീ അവര്‍ക്കും ക്ഷമ കാണിക്കുന്ന ദൈവവും അവരുടെ പ്രവൃത്തികള്‍ക്കു പ്രതികാരകനും ആയിരുന്നു.

9 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിന്‍ ; അവന്റെ വിശുദ്ധപര്‍വ്വതത്തില്‍ നമസ്കരിപ്പിന്‍ ; നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ. (ഒരു സ്തോത്രസങ്കീര്‍ത്തനം.)

സങ്കീർത്തനങ്ങൾ 100

1 സകല ഭൂവാസികളുമായുള്ളോരേ, യഹോവേക്കു ആര്‍പ്പിടുവിന്‍ .

2 സന്തോഷത്തോടെ യഹോവയെ സേവിപ്പിന്‍ ; സംഗീതത്തോടെ അവന്റെ സന്നിധിയില്‍ വരുവിന്‍ .

3 യഹോവ തന്നേ ദൈവം എന്നറിവിന്‍ ; അവന്‍ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവര്‍ ആകുന്നു; അവന്റെ ജനവും അവന്‍ മേയിക്കുന്ന ആടുകളും തന്നേ.

4 അവന്റെ വാതിലുകളില്‍ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളില്‍ സ്തുതിയോടും കൂടെ വരുവിന്‍ ; അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിന്‍ .

5 യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.

സങ്കീർത്തനങ്ങൾ 101

1 ദാവീദിന്റെ ഒരു സങ്കീര്‍ത്തനം

2 ഞാന്‍ ദയയെയും ന്യായത്തെയും കുറിച്ചു പാടും; യഹോവേ, ഞാന്‍ നിനക്കു കീര്‍ത്തനം പാടും.

3 ഞാന്‍ നിഷ്കളങ്കമാര്‍ഗ്ഗത്തില്‍ ശ്രദ്ധവേക്കും; എപ്പോള്‍ നീ എന്റെ അടുക്കല്‍ വരും? ഞാന്‍ എന്റെ വീട്ടില്‍ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.

4 ഞാന്‍ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പില്‍ വെക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാന്‍ വെറുക്കുന്നു; അതു എന്നോടു ചേര്‍ന്നു പറ്റുകയില്ല.

5 വക്രഹൃദയം എന്നോടു അകന്നിരിക്കും; ദുഷ്ടതയെ ഞാന്‍ അറികയില്ല.

6 കൂട്ടുകാരനെക്കുറിച്ചു ഏഷണി പറയുന്നവനെ ഞാന്‍ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാന്‍ സഹായിക്കയില്ല.

7 ദേശത്തിലെ വിശ്വസ്തന്മാര്‍ എന്നോടുകൂടെ വസിക്കേണ്ടതിന്നു എന്റെ ദൃഷ്ടി അവരുടെമേല്‍ ഇരിക്കുന്നു; നിഷ്കളങ്കമാര്‍ഗ്ഗത്തില്‍ നടക്കുന്നവന്‍ എന്നെ ശുശ്രൂഷിക്കും.

8 വഞ്ചനചെയ്യുന്നവന്‍ എന്റെ വീട്ടില്‍ വസിക്കയില്ല; ഭോഷകു പറയുന്നവന്‍ എന്റെ മുമ്പില്‍ ഉറെച്ചുനില്‍ക്കയില്ല.

സങ്കീർത്തനങ്ങൾ 102:1-7

1 അരിഷ്ടന്റെ പ്രാര്‍ത്ഥന; അവന്‍ ക്ഷീണിച്ചു യഹോവയുടെ മുമ്പാകെ തന്റെ സങ്കടത്തെ പകരുമ്പോള്‍ കഴിച്ചതു.

2 യഹോവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; എന്റെ നിലവിളി തിരുസന്നിധിയില്‍ വരുമാറാകട്ടെ.

3 കഷ്ടദിവസത്തില്‍ നിന്റെ മുഖം എനിക്കു മറെക്കരുതേ; നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ; ഞാന്‍ വിളിക്കുന്ന നാളില്‍ വേഗത്തില്‍ എനിക്കു ഉത്തരമരുളേണമേ.

4 എന്റെ നാളുകള്‍ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികള്‍ തീക്കൊള്ളിപോല വെന്തിരിക്കുന്നു.

5 എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാന്‍ ഭക്ഷണംകഴിപ്പാന്‍ മറന്നുപോകുന്നു.

6 എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികള്‍ മാംസത്തോടു പറ്റുന്നു.

7 ഞാന്‍ മരുഭൂമിയിലെ വേഴാമ്പല്‍പോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നേ.