ഘട്ടം 187

പഠനം

     

സങ്കീർത്തനങ്ങൾ 102:8-28

8 ഞാന്‍ ഉറക്കിളെച്ചിരിക്കുന്നു; വീട്ടിന്മുകളില്‍ തനിച്ചിരിക്കുന്ന കുരികില്‍ പോലെ ആകുന്നു.

9 എന്റെ ശത്രുക്കള്‍ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നോടു ചീറുന്നവര്‍ എന്റെ പേര്‍ ചൊല്ലി ശപിക്കുന്നു.

10 ഞാന്‍ അപ്പംപോലെ ചാരം തിന്നുന്നു; എന്റെ പാനീയത്തില്‍ കണ്ണുനീര്‍ കലക്കുന്നു;

11 നിന്റെ കോപവും ക്രോധവും ഹേതുവായിട്ടു തന്നേ; നീ എന്നെ എടുത്തു എറിഞ്ഞുകളഞ്ഞുവല്ലോ.

12 എന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴല്‍ പോലെയാകുന്നു; ഞാന്‍ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.

13 നീയോ, യഹോവേ, എന്നേക്കുമുള്ളവന്‍ ; നിന്റെ നാമം തലമുറതലമുറയായി നിലനിലക്കുന്നു.

14 നീ എഴുന്നേറ്റു സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിപ്പാനുള്ള കാലം, അതേ, അതിന്നു സമയം വന്നിരിക്കുന്നു.

15 നിന്റെ ദാസന്മാര്‍ക്കും അവളുടെ കല്ലുകളോടു താല്പര്യവും അവളുടെ പൂഴിയോടു അലിവും തോന്നുന്നു.

16 യഹോവ സീയോനെ പണികയും തന്റെ മഹത്വത്തില്‍ പ്രത്യക്ഷനാകയും

17 അവന്‍ അഗതികളുടെ പ്രാര്‍ത്ഥന കടാക്ഷിക്കയും അവരുടെ പ്രാര്‍ത്ഥന നിരസിക്കാതെയിരിക്കയും ചെയ്തതുകൊണ്ടു

18 ജാതികള്‍ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും ഭയപ്പെടും.

19 വരുവാനിരിക്കുന്ന തലമുറെക്കു വേണ്ടി ഇതു എഴുതിവേക്കും; സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.

20 യഹോവയെ സേവിപ്പാന്‍ ജാതികളും രാജ്യങ്ങളും കൂടി വന്നപ്പോള്‍

21 സീയോനില്‍ യഹോവയുടെ നാമത്തെയും യെരൂശലേമില്‍ അവന്റെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിന്നു

22 ബദ്ധന്മാരുടെ ഞരക്കം കേള്‍പ്പാനും മരണത്തിന്നു നിയമിക്കപ്പെട്ടവരെ വിടുവിപ്പാനും

23 യഹോവ തന്റെ വിശുദ്ധമായ ഉയരത്തില്‍നിന്നു നോക്കി സ്വര്‍ഗ്ഗത്തില്‍നിന്നു ഭൂമിയെ തൃക്കണ്‍പാര്‍ത്തുവല്ലോ.

24 അവന്‍ വഴിയില്‍വെച്ചു എന്റെ ബലം ക്ഷയിപ്പിച്ചു; അവന്‍ എന്റെ നാളുകളെ ചുരുക്കിയിരിക്കുന്നു.

25 എന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തില്‍ എന്നെ എടുത്തുകളയരുതേ എന്നു ഞാന്‍ പറഞ്ഞു; നിന്റെ സംവത്സരങ്ങള്‍ തലമുറതലമുറയായി ഇരിക്കുന്നു.

26 പൂര്‍വ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.

27 അവ നശിക്കും നീയോ നിലനിലക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും.

28 നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങള്‍ അവസാനിക്കയുമില്ല.

സങ്കീർത്തനങ്ങൾ 103

1 ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.

2 എന്‍ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സര്‍വ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.

3 എന്‍ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങള്‍ ഒന്നും മറക്കരുതു.

4 അവന്‍ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു;

5 അവന്‍ നിന്റെ ജീവനെ നാശത്തില്‍നിന്നു വീണ്ടെടുക്കുന്നു; അവന്‍ ദയയും കരുണയും നിന്നെ അണിയിക്കുന്നു.

6 നിന്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവന്‍ നിന്റെ വായക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു.

7 യഹോവ സകലപീഡിതന്മാര്‍ക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു.

8 അവന്‍ തന്റെ വഴികളെ മോശെയെയും തന്റെ പ്രവൃത്തികളെ യിസ്രായേല്‍മക്കളെയും അറിയിച്ചു.

9 യഹോവ കരുണയും കൃപയും നിറഞ്ഞവന്‍ ആകുന്നു; ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍ തന്നേ.

10 അവന്‍ എല്ലായ്പോഴും ഭര്‍ത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല.

11 അവന്‍ നമ്മുടെ പാപങ്ങള്‍ക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.

12 ആകാശം ഭൂമിക്കുമീതെ ഉയര്‍ന്നിരിക്കുന്നതുപോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു.

13 ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവന്‍ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.

14 അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവേക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു.

15 അവന്‍ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവന്‍ ഔര്‍ക്കുംന്നു.

16 മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവന്‍ പൂക്കുന്നു.

17 കാറ്റു അതിന്മേല്‍ അടിക്കുമ്പോള്‍ അതു ഇല്ലാതെപോകുന്നു; അതിന്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല.

18 യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാര്‍ക്കും അവന്റെ നീതി മക്കളുടെ മക്കള്‍ക്കും ഉണ്ടാകും.

19 അവന്റെ നിയമത്തെ പ്രാണിക്കുന്നവര്‍ക്കും അവന്റെ കല്പനകളെ ഔര്‍ത്തു ആചരിക്കുന്നവര്‍ക്കും തന്നേ.

20 യഹോവ തന്റെ സിംഹാസനത്തെ സ്വര്‍ഗ്ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.

21 അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍ .

22 അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്റെ സകലസൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍ ;

സങ്കീർത്തനങ്ങൾ 104:1-4

1 എന്‍ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവന്‍ ; മഹത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു;

2 വസ്ത്രം ധരിക്കുമ്പോലെ നീ പ്രകാശത്തെ ധരിക്കുന്നു; തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു.

3 അവന്‍ തന്റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേല്‍ നിരത്തുന്നു; മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിന്‍ ചിറകിന്മേല്‍ സഞ്ചരിക്കുന്നു.

4 അവന്‍ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.