ഘട്ടം 206

പഠനം

     

സദൃശ്യവാക്യങ്ങൾ 5:15-23

15 നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റില്‍നിന്നു ഒഴുകുന്ന വെള്ളവും കുടിക്ക.

16 നിന്റെ ഉറവുകള്‍ വെളിയിലേക്കും നിന്റെ നീരൊഴുക്കുകള്‍ വീഥിയിലേക്കും ഒഴുകിപ്പോകേണമോ?

17 അവ നിനക്കും അന്യന്മാര്‍ക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവു.

18 നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൌവനത്തിലെ ഭാര്യയില്‍ സന്തോഷിച്ചുകൊള്‍ക.

19 കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാന്‍ പേടയും പോലെ അവളുടെ സ്തനങ്ങള്‍ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താല്‍ നീ എല്ലായ്പോഴും മത്തനായിരിക്ക.

20 മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു?

21 മനുഷ്യന്റെ വഴികള്‍ യഹോവയുടെ ദൃഷ്ടിയില്‍ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവന്‍ തൂക്കിനോക്കുന്നു.

22 ദുഷ്ടന്റെ അകൃത്യങ്ങള്‍ അവനെ പിടിക്കും; തന്റെ പാപപാശങ്ങളാല്‍ അവന്‍ പിടിപെടും.

23 പ്രബോധനം കേള്‍ക്കായ്കയാല്‍ അവന്‍ മരിക്കും; മഹാഭോഷത്വത്താല്‍ അവന്‍ വഴിതെറ്റിപ്പോകും.

സദൃശ്യവാക്യങ്ങൾ 6

1 മകനേ, കൂട്ടുകാരന്നു വേണ്ടി നീ ജാമ്യം നില്‍ക്കയോ അന്യന്നു വേണ്ടി കയ്യടിക്കയോ ചെയ്തിട്ടുണ്ടെങ്കില്‍,

2 നിന്റെ വായിലെ വാക്കുകളാല്‍ നീ കുടുങ്ങിപ്പോയി; നിന്റെ വായിലെ മൊഴികളാല്‍ പിടിപ്പെട്ടിരിക്കുന്നു.

3 ആകയാല്‍ മകനേ, ഇതു ചെയ്ക; നിന്നെത്തന്നേ വിടുവിക്ക; കൂട്ടുകാരന്റെ കയ്യില്‍ നീ അകപ്പെട്ടുപോയല്ലോ; നീ ചെന്നു, താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക.

4 നിന്റെ കണ്ണിന്നു ഉറക്കവും നിന്റെ കണ്ണിമെക്കു നിദ്രയും കൊടുക്കരുതു.

5 മാന്‍ നായാട്ടുകാരന്റെ കയ്യില്‍നിന്നും പക്ഷി വേട്ടക്കാരന്റെ കയ്യില്‍നിന്നും എന്നപോലെ നീ നിന്നെത്തന്നേ വിടുവിക്ക,

6 മടിയാ, ഉറുമ്പിന്റെ അടുക്കല്‍ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.

7 അതിന്നു നായകനും മേല്‍വിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും

8 വേനല്‍ക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്തു തന്റെ തീന്‍ ശേഖരിക്കുന്നു.

9 മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോള്‍ ഉറക്കത്തില്‍ നിന്നെഴുന്നേലക്കും?

10 ക്കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടിക്കിടക്ക.

11 അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.

12 നിസ്സാരനും ദുഷ്കര്‍മ്മിയുമായവന്‍ വായുടെ വക്രതയോടെ നടക്കുന്നു.

13 അവന്‍ കണ്ണിമെക്കുന്നു; കാല്‍കൊണ്ടു പരണ്ടുന്നു; വിരല്‍കൊണ്ടു ആംഗ്യം കാണിക്കുന്നു.

14 അവന്റെ ഹൃദയത്തില്‍ വക്രതയുണ്ടു; അവന്‍ എല്ലായ്പോഴും ദോഷം നിരൂപിച്ചു വഴക്കുണ്ടാക്കുന്നു.

15 അതുകൊണ്ടു അവന്റെ ആപത്തു പെട്ടെന്നു വരും; ക്ഷണത്തില്‍ അവന്‍ തകര്‍ന്നുപോകും; പ്രതിശാന്തിയുണ്ടാകയുമില്ല.

16 ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന്നു അറെപ്പാകുന്നു

17 ഗര്‍വ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും

18 ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഔടുന്ന കാലും

19 ഭോഷകു പറയുന്ന കള്ളസാക്ഷിയും സഹോദരന്മാരുടെ ഇടയില്‍ വഴക്കുണ്ടാക്കുന്നവനും തന്നേ.

20 മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.

21 അതു എല്ലായ്പോഴും നിന്റെ ഹൃദയത്തോടു ബന്ധിച്ചുകൊള്‍ക; നിന്റെ കഴുത്തില്‍ അതു കെട്ടിക്കൊള്‍ക.

22 നീ നടക്കുമ്പോള്‍ അതു നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോള്‍ അതു നിന്നെ കാക്കും; നീ ഉണരുമ്പോള്‍ അതു നിന്നോടു സംസാരിക്കും.

23 കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്റെ ശാസനകള്‍ ജീവന്റെ മാര്‍ഗ്ഗവും ആകുന്നു.

24 അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തില്‍നിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളില്‍നിന്നും നിന്നെ രക്ഷിക്കും.

25 അവളുടെ സൌന്ദര്യത്തെ നിന്റെ ഹൃദയത്തില്‍ മോഹിക്കരുതു; അവള്‍ കണ്ണിമകൊണ്ടു നിന്നെ വശീകരിക്കയുമരുതു.

26 വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും; വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു.

27 ഒരു മനുഷ്യന്നു തന്റെ വസ്ത്രം വെന്തു പോകാതെ മടിയില്‍ തീ കൊണ്ടുവരാമോ?

28 ഒരുത്തന്നു കാല്‍ പൊള്ളാതെ തീക്കനലിന്മേല്‍ നടക്കാമോ?

29 കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കല്‍ ചെല്ലുന്നവന്‍ ഇങ്ങനെ തന്നേ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷവരാതെയിരിക്കയില്ല.

30 കള്ളന്‍ വിശന്നിട്ടു വിശപ്പടക്കുവാന്‍ മാത്രം കട്ടാല്‍ ആരും അവനെ നിരസിക്കുന്നില്ല.

31 അവനെ പിടികിട്ടിയാല്‍ അവന്‍ ഏഴിരട്ടി മടക്കിക്കൊടുക്കാം; തന്റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കാം;

32 സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനന്‍ ; അങ്ങനെ ചെയ്യുന്നവന്‍ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.

33 പ്രഹരവും അപമാനവും അവന്നു ലഭിക്കും; അവന്റെ നിന്ദ മാഞ്ഞുപോകയുമില്ല.

34 ജാരശങ്ക പുരുഷന്നു ക്രോധഹേതുവാകുന്നു; പ്രതികാരദിവസത്തില്‍ അവന്‍ ഇളെക്കുകയില്ല.

35 അവന്‍ യാതൊരു പ്രതിശാന്തിയും കൈക്കൊള്ളുകയില്ല; എത്ര സമ്മാനം കൊടുത്താലും അവന്‍ തൃപ്തിപ്പെടുകയുമില്ല.

സദൃശ്യവാക്യങ്ങൾ 7

1 മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു എന്റെ കല്പനകളെ നിന്റെ ഉള്ളില്‍ സംഗ്രഹിച്ചുകൊള്‍ക.

2 നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊള്‍ക.

3 നിന്റെ വിരലിന്മേല്‍ അവയെ കെട്ടുക; ഹൃദയത്തിന്റെ പലകയില്‍ എഴുതുക.

4 ജ്ഞാനത്തോടുനീ എന്റെ സഹോദരി എന്നു പറക; വിവേകത്തിന്നു സഖി എന്നു പേര്‍ വിളിക്ക.

5 അവ നിന്നെ പരസ്ത്രീയുടെ കയ്യില്‍നിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.

6 ഞാന്‍ എന്റെ വീട്ടിന്റെ കിളിവാതില്‍ക്കല്‍ അഴിക്കിടയില്‍കൂടി നോക്കിക്കൊണ്ടിരിക്കുമ്പോള്‍

7 ഭോഷന്മാരുടെ ഇടയില്‍ ഒരുത്തനെ കണ്ടു; യൌവനക്കാരുടെ കൂട്ടത്തില്‍ ബുദ്ധിഹീനനായോരു യുവാവിനെ കണ്ടറിഞ്ഞു.

8 അവന്‍ വൈകുന്നേരം, സന്ധ്യാസമയത്തു, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയില്‍,

9 അവളുടെ വീട്ടിന്റെ കോണിന്നരികെ വീഥിയില്‍കൂടി കടന്നു, അവളുടെ വീട്ടിലേക്കുള്ള വഴിയെ നടന്നു ചെല്ലുന്നു.

10 പെട്ടെന്നു ഇതാ, വേശ്യാവസ്ത്രം ധരിച്ചും ഹൃദയത്തില്‍ ഉപായം പൂണ്ടും ഉള്ളോരു സ്ത്രീ അവനെ എതിരേറ്റുവരുന്നു.

11 അവള്‍ മോഹപരവശയും തന്നിഷ്ടക്കാരത്തിയും ആകുന്നു; അവളുടെ കാല്‍ വീട്ടില്‍ അടങ്ങിയിരിക്കയില്ല.

12 ഇപ്പോള്‍ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഔരോ കോണിലും അവള്‍ പതിയിരിക്കുന്നു.

13 അവള്‍ അവനെ പിടിച്ചു ചുംബിച്ചു, ലജ്ജകൂടാതെ അവനോടു പറയുന്നതു

14 എനിക്കു സമാധാനയാഗങ്ങള്‍ ഉണ്ടായിരുന്നു; ഇന്നു ഞാന്‍ എന്റെ നേര്‍ച്ചകളെ കഴിച്ചിരിക്കുന്നു.

15 അതുകൊണ്ടു ഞാന്‍ നിന്നെ കാണ്മാന്‍ ആഗ്രഹിച്ചു. നിന്നെ എതിരേല്പാന്‍ പുറപ്പെട്ടു നിന്നെ കണ്ടെത്തിയിരിക്കുന്നു.

16 ഞാന്‍ എന്റെ കട്ടിലിന്മേല്‍ പരവതാനികളും മിസ്രയീമ്യനൂല്‍കൊണ്ടുള്ള വരിയന്‍ പടങ്ങളും വിരിച്ചിരിക്കുന്നു.

17 മൂറും അകിലും ലവംഗവുംകൊണ്ടു ഞാന്‍ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.

18 വരിക; വെളുക്കുംവരെ നമുക്കു പ്രേമത്തില്‍ രമിക്കാം; കാമവിലാസങ്ങളാല്‍ നമുക്കു സുഖിക്കാം.

19 പുരുഷന്‍ വീട്ടില്‍ ഇല്ല; ദൂരയാത്ര പോയിരിക്കുന്നു;

20 പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ടു; പൌര്‍ണ്ണമാസിക്കേ വീട്ടില്‍ വന്നെത്തുകയുള്ളു.

21 ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാല്‍ അവള്‍ അവനെ വശീകരിച്ചു അധരമാധുര്യംകൊണ്ടു അവനെ നിര്‍ബ്ബന്ധിക്കുന്നു.

22 അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും,

23 പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കണിയിലേക്കു ബദ്ധപ്പെടുന്നതുപോലെയും കരളില്‍ അസ്ത്രം തറെക്കുവോളം അവന്‍ അവളുടെ പിന്നാലെ ചെല്ലുന്നു.

24 ആകയാല്‍ മക്കളേ, എന്റെ വാക്കു കേള്‍പ്പിന്‍ ; എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിപ്പിന്‍ .

25 നിന്റെ മനസ്സു അവളുടെ വഴിയിലേക്കു ചായരുതു; അവളുടെ പാതകളിലേക്കു നീ തെറ്റിച്ചെല്ലുകയുമരുതു.

26 അവള്‍ വീഴിച്ച ഹതന്മാര്‍ അനേകര്‍; അവള്‍ കൊന്നുകളഞ്ഞവര്‍ ആകെ വലിയോരു കൂട്ടം ആകുന്നു.

27 അവളുടെ വീടു പാതാളത്തിലേക്കുള്ള വഴിയാകുന്നു; അതു മരണത്തിന്റെ അറകളിലേക്കു ചെല്ലുന്നു.

സദൃശ്യവാക്യങ്ങൾ 8:1-11

1 ജ്ഞാനമായവള്‍ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവള്‍ തന്റെ സ്വരം കേള്‍പ്പിക്കുന്നില്ലയോ?

2 അവള്‍ വഴിയരികെ മേടുകളുടെ മുകളില്‍ പാതകള്‍ കൂടുന്നേടത്തു നിലക്കുന്നു.

3 അവള്‍ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്‍ക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നതു

4 പുരുഷന്മാരേ, ഞാന്‍ നിങ്ങളോടു വിളിച്ചു പറയുന്നു; എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു.

5 അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്‍വിന്‍ ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിന്‍ .

6 കേള്‍പ്പിന്‍ , ഞാന്‍ ഉല്‍കൃഷ്ടമായതു സംസാരിക്കും; എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന്നു ആയിരിക്കും.

7 എന്റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്റെ അധരങ്ങള്‍ക്കു അറെപ്പാകുന്നു.

8 എന്റെ വായിലെ മൊഴി ഒക്കെയും നീതിയാകുന്നു; അവയില്‍ വക്രവും വികടവുമായതു ഒന്നുമില്ല.

9 അവയെല്ലാം ബുദ്ധിമാന്നു തെളിവും പരിജ്ഞാനം ലഭിച്ചവര്‍ക്കും നേരും ആകുന്നു.

10 വെള്ളിയെക്കാള്‍ എന്റെ പ്രബോധനവും മേത്തരമായ പൊന്നിനെക്കാള്‍ പരിജ്ഞാനവും കൈക്കൊള്‍വിന്‍ .

11 ജ്ഞാനം മുത്തുകളെക്കാള്‍ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.