ഘട്ടം 208

പഠനം

     

സദൃശ്യവാക്യങ്ങൾ 11:12-31

12 കൂട്ടുകാരനെ നിന്ദിക്കുന്നവന്‍ ബുദ്ധിഹീനന്‍ ; വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു.

13 ഏഷണിക്കാരനായി നടക്കുന്നവന്‍ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറെച്ചുവെക്കുന്നു.

14 പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ടു.

15 അന്യന്നുവേണ്ടി ജാമ്യം നിലക്കുന്നവന്‍ അത്യന്തം വ്യസനിക്കും! ജാമ്യം നില്പാന്‍ പോകാത്തവനോ നിര്‍ഭയനായിരിക്കും.

16 ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാര്‍ സമ്പത്തു സൂക്ഷിക്കുന്നു.

17 ദയാലുവായവന്‍ സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.

18 ദുഷ്ടന്‍ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും.

19 നീതിയില്‍ സ്ഥിരപ്പെട്ടിരിക്കുന്നവന്‍ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവര്‍ത്തിക്കുന്നു.

20 വക്രബുദ്ധികള്‍ യഹോവേക്കു വെറുപ്പു; നിഷ്കളങ്കമാര്‍ഗ്ഗികളോ അവന്നു പ്രസാദം.

21 ദുഷ്ടന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാന്‍ കയ്യടിക്കാം; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.

22 വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കില്‍ പൊന്‍ മൂകൂത്തിപോലെ.

23 നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നേ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.

24 ഒരുത്തന്‍ വാരിവിതറീട്ടും വര്‍ദ്ധിച്ചുവരുന്നു; മറ്റൊരുത്തന്‍ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു.

25 ഔദാര്യമാനസന്‍ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.

26 ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങള്‍ ശപിക്കും; അതു വിലക്കുന്നവന്റെ തലമേലോ അനുഗ്രഹംവരും.

27 നന്മെക്കായി ഉത്സാഹിക്കുന്നവന്‍ രഞ്ജന സമ്പാദിക്കുന്നു; തിന്മയെ തിരയുന്നവന്നോ അതു തന്നേ കിട്ടും.

28 തന്റെ സമ്പത്തില്‍ ആശ്രയിക്കുന്നവന്‍ വീഴും; നീതിമാന്മാരോ പച്ചയിലപോലെ തഴെക്കും.

29 സ്വഭവനത്തെ വലെക്കുന്നവന്റെ അനുഭവം വായുവത്രെ; ഭോഷന്‍ ജ്ഞാനഹൃദയന്നു ദാസനായ്തീരും.

30 നീതിമാന്നു ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവന്‍ ഹൃദയങ്ങളെ നേടന്നു.

31 നീതിമാന്നു ഭൂമിയില്‍ പ്രതിഫലം കിട്ടുന്നു എങ്കില്‍ ദുഷ്ടന്നും പാപിക്കും എത്ര അധികം?

സദൃശ്യവാക്യങ്ങൾ 12

1 പ്രബോധനം ഇഷ്ടപ്പെടുന്നവന്‍ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൃഗപ്രായന്‍ .

2 ഉത്തമന്‍ യഹോവയോടു പ്രസാദം പ്രാപിക്കുന്നു; ദുരുപായിക്കോ അവന്‍ ശിക്ഷ വിധിക്കുന്നു.

3 ഒരു മനുഷ്യനും ദുഷ്ടതകൊണ്ടു സ്ഥിരപ്പെടുകയില്ല; നീതിമാന്മാരുടെ വേരോ ഇളകിപ്പോകയില്ല.

4 സാമര്‍ത്ഥ്യമുള്ള സ്ത്രീ ഭര്‍ത്താവിന്നു ഒരു കിരീടം; നാണംകെട്ടവളോ അവന്റെ അസ്ഥികള്‍ക്കു ദ്രവത്വം.

5 നീതിമാന്മാരുടെ വിചാരങ്ങള്‍ ന്യായം, ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ.

6 ദുഷ്ടന്മാര്‍ പ്രാണഹാനി വരുത്തുവാന്‍ പറഞ്ഞൊക്കുന്നു; നേരുള്ളവരുടെ വാക്കോ അവരെ വിടുവിക്കുന്നു.

7 ദുഷ്ടന്മാര്‍ മറിഞ്ഞുവീണു ഇല്ലാതെയാകും; നീതിമാന്മാരുടെ ഭവനമോ നിലനിലക്കും.

8 മനുഷ്യന്‍ തന്റെ ബുദ്ധിക്കു ഒത്തവണ്ണം ശ്ളാഘിക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.

9 മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന്നു മുട്ടുള്ളവനെക്കാള്‍ ലഘുവായി മതിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവന്‍ ശ്രേഷ്ഠന്‍ ആകുന്നു.

10 നീതിമാന്‍ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു; ദുഷ്ടന്മാരുടെ ഉള്ളമോ ക്രൂരമത്രെ.

11 നിലം കൃഷി ചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിന്‍ ചെല്ലുന്നവനോ ബുദ്ധിഹീനന്‍ .

12 ദുഷ്ടന്‍ ദോഷികളുടെ കവര്‍ച്ച ആഗ്രഹിക്കുന്നു; നീതിമാന്മാരുടെ വേരോ ഫലം നലകുന്നു.

13 അധരങ്ങളുടെ ലംഘനത്തില്‍ വല്ലാത്ത കണിയുണ്ടു; നീതിമാനോ കഷ്ടത്തില്‍നിന്നു ഒഴിഞ്ഞുപോരും.

14 തന്റെ വായുടെ ഫലത്താല്‍ മനുഷ്യന്‍ നന്മ അനുഭവിച്ചു തൃപ്തനാകും; തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന്നു കിട്ടും.

15 ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു.

16 ഭോഷന്റെ നീരസം തല്‍ക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവനോ ലജ്ജ അടക്കിവെക്കുന്നു.

17 സത്യം പറയുന്നവന്‍ നീതി അറിയിക്കുന്നു; കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു.

18 വാളുകൊണ്ടു കുത്തുംപോലെ മൂര്‍ച്ചയായി സംസാരിക്കുന്നവര്‍ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.

19 സത്യം പറയുന്ന അധരം എന്നേക്കും നിലനിലക്കും; വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു.

20 ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തില്‍ ചതിവു ഉണ്ടു; സമാധാനം ആലോചിക്കുന്നവര്‍ക്കോ സന്തോഷം ഉണ്ടു.

21 നീതിമാന്നു ഒരു തിന്മയും ഭവിക്കയില്ല; ദുഷ്ടന്മാരോ അനര്‍ത്ഥംകൊണ്ടു നിറയും.

22 വ്യാജമുള്ള അധരങ്ങള്‍ യഹോവേക്കു വെറുപ്പു; സത്യം പ്രവര്‍ത്തിക്കുന്നവരോ അവന്നു പ്രസാദം.

23 വിവേകമുള്ള മനുഷ്യന്‍ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്മാരുടെ ഹൃദയമോ ഭോഷത്വം പ്രസിദ്ധമാക്കുന്നു.

24 ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലെക്കു പോകേണ്ടിവരും.

25 മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.

26 നീതിമാന്‍ കൂട്ടുകാരന്നു വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.

27 മടിയന്‍ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യന്നു വിലയേറിയ സമ്പത്താകുന്നു.

28 നീതിയുടെ മാര്‍ഗ്ഗത്തില്‍ ജീവനുണ്ടു; അതിന്റെ പാതയില്‍ മരണം ഇല്ല.

സദൃശ്യവാക്യങ്ങൾ 13

1 ജ്ഞാനമുള്ള മകന്‍ അപ്പന്റെ പ്രബോധനഫലം; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.

2 തന്റെ വായുടെ ഫലത്താല്‍ മനുഷ്യന്‍ നന്മ അനുഭവിക്കും; ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നേ.

3 വായെ കാത്തുകൊള്ളുന്നവന്‍ പ്രാണനെ സൂക്ഷിക്കുന്നു; അധരങ്ങളെ പിളര്‍ക്കുംന്നവന്നോ നാശം ഭവിക്കും.

4 മടിയന്‍ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണന്നോ പുഷ്ടിയുണ്ടാകും.

5 നീതിമാന്‍ ഭോഷകു വെറുക്കുന്നു; ദുഷ്ടനോ ലജ്ജയും നിന്ദയും വരുത്തുന്നു.

6 നീതി സന്മാര്‍ഗ്ഗിയെ കാക്കുന്നു; ദുഷ്ടതയോ പാപിയെ മറിച്ചുകളയുന്നു.

7 ഒന്നും ഇല്ലാഞ്ഞിട്ടും ധനികന്‍ എന്നു നടിക്കുന്നവന്‍ ഉണ്ടു; വളരെ ധനം ഉണ്ടായിട്ടും ദരിദ്രന്‍ എന്നു നടിക്കുന്നവനും ഉണ്ടു;

8 മനുഷ്യന്റെ ജീവന്നു മറുവില അവന്റെ സമ്പത്തു തന്നേ; ദരിദ്രനോ ഭീഷണിപോലും കേള്‍ക്കേണ്ടിവരുന്നില്ല

9 നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും.

10 അഹങ്കാരംകൊണ്ടു വിവാദംമാത്രം ഉണ്ടാകുന്നു; ആലോചന കേള്‍ക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ടു;

11 അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞു കുറഞ്ഞു പോകും; അദ്ധ്വാനിച്ചു സമ്പാദിക്കുന്നവനോ വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വരും.

12 ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നേ.

13 വചനത്തെ നിന്ദിക്കുന്നവന്‍ അതിന്നു ഉത്തരവാദി. കല്പനയെ ഭയപ്പെടുന്നവനോ പ്രതിഫലം പ്രാപിക്കുന്നു.

14 ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു; അതിനാല്‍ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.

15 സല്‍ബുദ്ധിയാല്‍ രഞ്ജനയുണ്ടാകുന്നു; ദ്രോഹിയുടെ വഴിയോ ദുര്‍ഘടം.

16 സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവര്‍ത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്വം വിടര്‍ത്തു കാണിക്കുന്നു.

17 ദുഷ്ടദൂതന്‍ ദോഷത്തില്‍ അകപ്പെടുന്നു; വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നലകുന്നു.

18 പ്രബോധനം ത്യജിക്കുന്നവന്നു ദാരിദ്ര്യവും ലജ്ജയും വരും. ശാസനക്കുട്ടാക്കുന്നവനോ ബഹുമാനം ലഭിക്കും.

19 ഇച്ഛാനിവൃത്തി മനസ്സിന്നു മധുരമാകുന്നു; ദോഷം വിട്ടകലുന്നതോ ഭോഷന്മാര്‍ക്കും വെറുപ്പു.

20 ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാര്‍ക്കും കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.

21 ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാര്‍ക്കോ നന്മ പ്രതിഫലമായി വരും.

22 ഗുണവാന്‍ മക്കളുടെ മക്കള്‍ക്കു അവകാശം വെച്ചേക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാന്നു വേണ്ടി സംഗ്രഹിക്കപ്പെടുന്നു.

23 സാധുക്കളുടെ കൃഷി വളരെ ആഹാരം നലകുന്നു; എന്നാല്‍ അന്യായം ചെയ്തിട്ടു നശിച്ചുപോകുന്നവരും ഉണ്ടു.

24 വടി ഉപയോഗിക്കാത്തവന്‍ തന്റെ മകനെ പകെക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.

25 നീതിമാന്‍ വേണ്ടുവോളം ഭക്ഷിക്കുന്നു; ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.