ഘട്ടം 210

പഠനം

     

സദൃശ്യവാക്യങ്ങൾ 17

1 കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലതു.

2 നാണംകെട്ട മകന്റെമേല്‍ ബുദ്ധിമാനായ ദാസന്‍ കര്‍ത്തൃത്വം നടത്തും; സഹോദരന്മാരുടെ ഇടയില്‍ അവകാശം പ്രാപിക്കും.

3 വെള്ളിക്കു പുടം, പൊന്നിന്നു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ.

4 ദുഷ്കര്‍മ്മി നീതികെട്ട അധരങ്ങള്‍ക്കു ശ്രദ്ധകൊടുക്കുന്നു; വ്യാജം പറയുന്നവന്‍ വഷളത്വമുള്ള നാവിന്നു ചെവികൊടുക്കുന്നു.

5 ദരിദ്രനെ പരിഹസിക്കുന്നവന്‍ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തില്‍ സന്തോഷിക്കുന്നവന്നു ശിക്ഷ വരാതിരിക്കയില്ല.

6 മക്കളുടെ മക്കള്‍ വൃദ്ധന്മാര്‍ക്കും കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാര്‍ തന്നേ.

7 സുഭാഷിതം പറയുന്ന അധരം ഭോഷന്നു യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിന്നു എങ്ങിനെ?

8 സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും; അതു ചെല്ലുന്നെടത്തൊക്കെയും കാര്യം സാധിക്കും.

9 സ്നേഹം തേടുന്നവന്‍ ലംഘനം മറെച്ചുവെക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.

10 ഭോഷനെ നൂറു അടിക്കുന്നതിനെക്കാള്‍ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നതു അധികം ഫലിക്കും.

11 മത്സരക്കാരന്‍ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായോരു ദൂതനെ അവന്റെ നേരെ അയക്കും.

12 മൂഢനെ അവന്റെ ഭോഷത്വത്തില്‍ എതിരിടുന്നതിനെക്കാള്‍ കുട്ടികള്‍ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം.

13 ഒരുത്തന്‍ നന്മെക്കു പകരം തിന്മ ചെയ്യുന്നു എങ്കില്‍ അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.

14 കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാല്‍ കലഹമാകുംമുമ്പെ തര്‍ക്കം നിര്‍ത്തിക്കളക.

15 ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവേക്കു വെറുപ്പു.

16 മൂഢന്നു ബുദ്ധിയില്ലാതിരിക്കെ ജ്ഞാനം സമ്പാദിപ്പാന്‍ അവന്റെ കയ്യില്‍ ദ്രവ്യം എന്തിനു?

17 സ്നേഹിതന്‍ എല്ലാകാലത്തും സ്നേഹിക്കുന്നു; അനര്‍ത്ഥകാലത്തു അവന്‍ സഹോദരനായ്തീരുന്നു.

18 ബുദ്ധിഹീനനായ മനുഷ്യന്‍ കയ്യടിച്ചു കൂട്ടുകാരന്നു വേണ്ടി ജാമ്യം നിലക്കുന്നു.

19 കലഹപ്രിയന്‍ ലംഘനപ്രിയന്‍ ആകുന്നു; പടിവാതില്‍ പൊക്കത്തില്‍ പണിയുന്നവന്‍ ഇടിവു ഇച്ഛിക്കുന്നു.

20 വക്രഹൃദയമുള്ളവന്‍ നന്മ കാണുകയില്ല; വികട നാവുള്ളവന്‍ ആപത്തില്‍ അകപ്പെടും.

21 ഭോഷനെ ജനിപ്പിച്ചവന്നു അതു ഖേദകാരണമാകും; മൂഢന്റെ അപ്പന്നു സന്തോഷം ഉണ്ടാകയില്ല.

22 സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകര്‍ന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.

23 ദുഷ്ടന്‍ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്നു ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.

24 ജ്ഞാനം ബുദ്ധിമാന്റെ മുമ്പില്‍ ഇരിക്കുന്നു; മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു.

25 മൂഢനായ മകന്‍ അപ്പന്നു വ്യസനവും തന്നെ പ്രസവിച്ചവള്‍ക്കു കൈപ്പും ആകുന്നു.

26 നീതിമാന്നു പിഴ കല്പിക്കുന്നതും ശ്രേഷ്ഠന്മാരെ നേര്‍നിമിത്തം അടിക്കുന്നതും നന്നല്ല.

27 വാക്കു അടക്കിവെക്കുന്നവന്‍ പരിജ്ഞാനമുള്ളവന്‍ ; ശാന്തമാനസന്‍ ബുദ്ധിമാന്‍ തന്നേ.

28 മിണ്ടാതിരുന്നാല്‍ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടെച്ചുകൊണ്ടാല്‍ വിവേകിയായും എണ്ണും.

സദൃശ്യവാക്യങ്ങൾ 18

1 കൂട്ടംവിട്ടു നടക്കുന്നവന്‍ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവന്‍ കയര്‍ക്കുംന്നു.

2 തന്റെ മനസ്സു വെളിപ്പെടുത്തുന്നതില്‍ അല്ലാതെ മൂഢന്നു ബോധത്തില്‍ ഇഷ്ടമില്ല.

3 ദുഷ്ടനോടുകൂടെ അപമാനവും ദുഷ്കീര്‍ത്തിയോടുകൂടെ നിന്ദയും വരുന്നു.

4 മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവു ഒഴുകൂള്ള തോടും ആകുന്നു.

5 നീതിമാനെ ന്യായവിസ്താരത്തില്‍ തോല്പിക്കേണ്ടതിന്നു ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല.

6 മൂഢന്റെ അധരങ്ങള്‍ വഴക്കിന്നു ഇടയാക്കുന്നു; അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു.

7 മൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങള്‍ അവന്റെ പ്രാണന്നു കണി.

8 ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.

9 വേലയില്‍ മടിയനായവന്‍ മുടിയന്റെ സഹോദരന്‍ .

10 യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാന്‍ അതിലേക്കു ഔടിച്ചെന്നു അഭയം പ്രാപിക്കുന്നു.

11 ധനവാന്നു തന്റെ സമ്പത്തു ഉറപ്പുള്ള പട്ടണം; അതു അവന്നു ഉയര്‍ന്ന മതില്‍ ആയിത്തോന്നുന്നു.

12 നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന്നു മുമ്പെ താഴ്മ.

13 കേള്‍ക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു.

14 പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകര്‍ന്ന മനസ്സിനെയോ ആര്‍ക്കും സഹിക്കാം?

15 ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.

16 മനുഷ്യന്‍ വെക്കുന്ന കാഴ്ചയാല്‍ അവന്നു പ്രവേശനം കിട്ടും; അവന്‍ മഹാന്മാരുടെ സന്നിധിയില്‍ ചെല്ലുവാന്‍ ഇടയാകും.

17 തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവന്‍ നീതിമാന്‍ എന്നു തോന്നും; എന്നാല്‍ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും.

18 ചീട്ടു തര്‍ക്കങ്ങളെ തീര്‍ക്കയും ബലവാന്മാരെ തമ്മില്‍ വേറുപെടുത്തുകയും ചെയ്യുന്നു.

19 ദ്രോഹിക്കപ്പെട്ട സഹോദരന്‍ ഉറപ്പുള്ള പട്ടണത്തെക്കാള്‍ ദുര്‍ജ്ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഔടാമ്പല്‍പോലെ തന്നേ.

20 വായുടെ ഫലത്താല്‍ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ടു അവന്നു തൃപ്തിവരും;

21 മരണവും ജീവനും നാവിന്റെ അധികാരത്തില്‍ ഇരിക്കുന്നു; അതില്‍ ഇഷ്ടപ്പെടുന്നവര്‍ അതിന്റെ ഫലം അനുഭവിക്കും.

22 ഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.

23 ദരിദ്രന്‍ യാചനാരീതിയില്‍ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു.

24 വളരെ സ്നേഹിതന്മാരുള്ള മനുഷ്യന്നു നാശം വരും; എന്നാല്‍ സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ടു.

സദൃശ്യവാക്യങ്ങൾ 19

1 വികടാധരം ഉള്ള മൂഢനെക്കാള്‍ പരമാര്‍ത്ഥതയില്‍ നടക്കുന്ന ദരിദ്രന്‍ ഉത്തമന്‍ .

2 പരിജ്ഞാനമില്ലാത്ത മനസ്സു നന്നല്ല; തത്രപ്പെട്ടു കാല്‍ വെക്കുന്നവനോ പിഴെച്ചുപോകുന്നു.

3 മനുഷ്യന്റെ ഭോഷത്വം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു.

4 സമ്പത്തു സ്നേഹിതന്മാരെ വര്‍ദ്ധിപ്പിക്കുന്നു; എളിയവനോ കൂട്ടുകാരനോടു അകന്നിരിക്കുന്നു.

5 കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷകു നിശ്വസിക്കുന്നവന്‍ ഒഴിഞ്ഞുപോകയുമില്ല.

6 പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാന്‍ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന്നു ഏവനും സ്നേഹിതന്‍ .

7 ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകെക്കുന്നു; അവന്റെ സ്നേഹിതന്മാര്‍ എത്ര അധികം അകന്നുനിലക്കും? അവന്‍ വാക്കു തിരയുമ്പോഴേക്കു അവരെ കാണ്മാനില്ല.

8 ബുദ്ധി സമ്പാദിക്കുന്നവന്‍ തന്റെ പ്രാണനെ സ്നേഹിക്കുന്നു; ബോധം കാത്തുകൊള്ളുന്നവന്‍ നന്മ പ്രാപിക്കും.

9 കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷകു നിശ്വസിക്കുന്നവന്‍ നശിച്ചുപോകും.

10 സുഖജീവനം ഭോഷന്നു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേല്‍ കര്‍ത്തൃത്വം നടത്തുന്നതോ ദാസന്നു എങ്ങനെ?

11 വിവേകബുദ്ധിയാല്‍ മനുഷ്യന്നു ദീര്‍ഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.

12 രാജാവിന്റെ ക്രോധം സിംഹഗര്‍ജ്ജനത്തിന്നു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.

13 മൂഢനായ മകന്‍ അപ്പന്നു നിര്‍ഭാഗ്യം; ഭാര്യയുടെ കലമ്പല്‍ തീരാത്ത ചോര്‍ച്ചപോലെ.

14 ഭവനവും സമ്പത്തും പിതാക്കന്മാര്‍ വെച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.

15 മടി ഗാഢനിദ്രയില്‍ വീഴിക്കുന്നു; അലസചിത്തന്‍ പട്ടണികിടക്കും.

16 കല്പന പ്രമാണിക്കുന്നവന്‍ പ്രാണനെ കാക്കുന്നു; നടപ്പു സൂക്ഷിക്കാത്തവനോ മരണശിക്ഷ അനുഭവിക്കും.

17 എളിയവനോടു കൃപ കാട്ടുന്നവന്‍ യഹോവേക്കു വായ്പ കൊടുക്കുന്നു; അവന്‍ ചെയ്ത നന്മെക്കു അവന്‍ പകരം കൊടുക്കും.

18 പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക; എങ്കിലും അവനെ കൊല്ലുവാന്‍ തക്കവണ്ണം ഭാവിക്കരുതു.

19 മുന്‍ കോപി പിഴ കൊടുക്കേണ്ടിവരും; നീ അവനെ വിടുവിച്ചാല്‍ അതു പിന്നെയും ചെയ്യേണ്ടിവരും.

20 പിന്നത്തേതില്‍ നീ ജ്ഞാനിയാകേണ്ടതിന്നു ആലോചന കേട്ടു പ്രബോധനം കൈക്കൊള്‍ക.

21 മനുഷ്യന്റെ ഹൃദയത്തില്‍ പല വിചാരങ്ങളും ഉണ്ടു; യഹോവയുടെ ആലോചനയോ നിവൃത്തിയാകും.

22 മനുഷ്യന്‍ തന്റെ മനസ്സുപോലെ ദയ കാണിക്കും; ഭോഷകു പറയുന്നവനെക്കാള്‍ ദരിദ്രന്‍ ഉത്തമന്‍ .

23 യഹോവാഭക്തി ജീവഹേതുകമാകുന്നു; അതുള്ളവന്‍ തൃപ്തനായി വസിക്കും; അനര്‍ത്ഥം അവന്നു നേരിടുകയില്ല.

24 മടിയന്‍ തന്റെ കൈ തളികയില്‍ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരികയില്ല.

25 പരിഹാസിയെ അടിച്ചാല്‍ അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാല്‍ അവന്‍ പരിജ്ഞാനം പ്രാപിക്കും.

26 അപ്പനെ ഹേമിക്കയും അമ്മയെ ഔടിച്ചുകളകയും ചെയ്യുന്നവന്‍ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.

27 മകനേ, പരിജ്ഞാനത്തിന്റെ വചനങ്ങളെ വിട്ടുമാറേണ്ടതിന്നുള്ള ഉപദേശം കേള്‍ക്കുന്നതു മതിയാക്കുക.

28 നിസ്സാരസാക്ഷി ന്യായത്തെ പരിഹസിക്കുന്നു; ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു.

29 പരിഹാസികള്‍ക്കായി ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിന്നു തല്ലും ഒരുങ്ങിയിരിക്കുന്നു.

സദൃശ്യവാക്യങ്ങൾ 20

1 വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാല്‍ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.

2 രാജാവിന്റെ ഭീഷണം സിംഹഗര്‍ജ്ജനം പോലെ; അവനെ കോപിപ്പിക്കുന്നവന്‍ തന്റെ പ്രാണനോടു ദ്രോഹം ചെയ്യുന്നു.

3 വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷന്നു മാനം; എന്നാല്‍ ഏതു ഭോഷനും ശണ്ഠകൂടും.

4 മടിയന്‍ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്തു അവന്‍ ഇരക്കും; ഒന്നും കിട്ടുകയുമില്ല.

5 മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.

6 മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാല്‍ വിശ്വസ്തനായ ഒരുത്തനെ ആര്‍ കണ്ടെത്തും?

7 പരമാര്‍ത്ഥതയില്‍ നടക്കുന്നവന്‍ നീതിമാന്‍ ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാര്‍.

8 ന്യായാസനത്തില്‍ ഇരിക്കുന്ന രാജാവു തന്റെ കണ്ണുകൊണ്ടു സകലദോഷത്തെയും പേറ്റിക്കളയുന്നു.

9 ഞാന്‍ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിര്‍മ്മലനായിരിക്കുന്നു എന്നു ആര്‍ക്കും പറയാം?

10 രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവേക്കു വെറുപ്പു.

11 ബാല്യത്തിലെ ക്രിയകളാല്‍ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം.

12 കേള്‍ക്കുന്ന ചെവി, കാണുന്ന കണ്ണു, ഇവ രണ്ടും യഹോവ ഉണ്ടാക്കി.

13 ദരിദ്രനാകാതെയിരിക്കേണ്ടതിന്നു നിദ്രാപ്രിയനാകരുതു; നീ കണ്ണു തുറക്ക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും.

14 വിലെക്കു വാങ്ങുന്നവന്‍ ചീത്തചീത്ത എന്നു പറയുന്നു; വാങ്ങി തന്റെ വഴിക്കു പോകുമ്പോഴോ അവന്‍ പ്രശംസിക്കുന്നു.

15 പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം.

16 അന്യന്നു വേണ്ടി ജാമ്യം നിലക്കുന്നവന്റെ വസ്ത്രം എടുത്തുകൊള്‍ക; അന്യജാതിക്കാരന്നു വേണ്ടി ഉത്തരവാദി ആകുന്നവനോടു പണയം വാങ്ങുക.

17 വ്യാജത്താല്‍ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായില്‍ ചരല്‍ നിറയും.

18 ഉദ്ദേശങ്ങള്‍ ആലോചനകൊണ്ടു സാധിക്കുന്നു; ആകയാല്‍ ഭരണസാമര്‍ത്ഥ്യത്തോടെ യുദ്ധം ചെയ്ക.

19 നുണയനായി നുടക്കുന്നവന്‍ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാല്‍ വിടുവായനോടു ഇടപെടരുതു.

20 ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാല്‍ അവന്റെ വിളകൂ കൂരിരുട്ടില്‍ കെട്ടുപോകും.

21 ഒരു അവകാശം ആദിയില്‍ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.

22 ഞാന്‍ ദോഷത്തിന്നു പ്രതികാരം ചെയ്യുമെന്നു നീ പറയരുതു; യഹോവയെ കാത്തിരിക്ക; അവന്‍ നിന്നെ രക്ഷിക്കും.

23 രണ്ടുതരം തൂക്കം യഹോവേക്കു വെറുപ്പു; കള്ളത്തുലാസും കൊള്ളരുതു.

24 മനുഷ്യന്റെ ഗതികള്‍ യഹോവയാല്‍ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന്നു തന്റെ വഴി എങ്ങനെ ഗ്രഹിക്കാം?

25 “ഇതു നിവേദിതം” എന്നു തത്രപ്പെട്ടു നേരുന്നതും നേര്‍ന്നശേഷം നിരൂപിക്കുന്നതും മനുഷ്യന്നു ഒരു കണി.

26 ജ്ഞാനമുള്ള രാജാവു ദുഷ്ടന്മാരെ പേറ്റിക്കളയുന്നു; അവരുടെ മേല്‍ അവന്‍ മെതിവണ്ടി ഉരുട്ടുന്നു.

27 മനുഷ്യന്റെ ആത്മാവു യഹോവയുടെ ദീപം; അതു ഉദരത്തിന്റെ അറകളെ ഒക്കെയും ശോധനചെയ്യുന്നു.

28 ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു; ദയകൊണ്ടു അവന്‍ തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു.

29 യൌവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം.

30 ഉദരത്തിന്റെ അറകളിലേക്കു ചെല്ലുന്ന തല്ലും പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു.