ഘട്ടം 216

പഠനം

     

സഭാപ്രസംഗി 9

1 ഇതൊക്കെയും, നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്റെ കയ്യില്‍ ഇരിക്കുന്നു എന്നുള്ളതൊക്കെയും തന്നേ, ശോധനചെയ്‍വാന്‍ ഞാന്‍ മനസ്സുവെച്ചു; സ്നേഹമാകട്ടെ ദ്വേഷമാകട്ടെ ഒന്നും മനുഷ്യന്‍ അറിയുന്നില്ല; സര്‍വ്വവും അവരുടെ മുമ്പില്‍ ഇരിക്കുന്നു താനും.

2 എല്ലാവര്‍ക്കും എല്ലാം ഒരുപോലെ സംഭവിക്കുന്നു; നീതിമാന്നും ദുഷ്ടന്നും നല്ലവന്നും നിര്‍മ്മലന്നും മലിനന്നും യാഗം കഴിക്കുന്നവനും യാഗം കഴിക്കാത്തവന്നും ഒരേ ഗതി വരുന്നു; പാപിയും നല്ലവനും ആണ പേടിക്കുന്നവനും ആണയിടുന്നവനും ഒരുപോലെ ആകുന്നു.

3 എല്ലാവര്‍ക്കും ഒരേഗതി വരുന്നു എന്നുള്ളതു സൂര്യന്റെ കീഴില്‍ നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തില്‍ ഭ്രാന്തു ഉണ്ടു; അതിന്റെ ശേഷമോ അവര്‍ മരിച്ചവരുടെ അടുക്കലേക്കു പോകുന്നു.

4 ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്ളവന്നൊക്കെയും പ്രത്യാശയുണ്ടു; ചത്ത സിംഹത്തെക്കാള്‍ ജീവനുള്ള നായ് നല്ലതല്ലോ.

5 ജീവിച്ചിരിക്കുന്നവര്‍ തങ്ങള്‍ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാല്‍ അവര്‍ക്കും ഒരു പ്രതിഫലവും ഇല്ല; അവരെ ഔര്‍മ്മ വിട്ടുപോകുന്നുവല്ലോ.

6 അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂര്യന്നു കീഴെ നടക്കുന്ന യാതൊന്നിലും അവര്‍ക്കും ഇനി ഒരിക്കലും ഔഹരിയില്ല.

7 നീ ചെന്നു സന്തോഷത്തോടുകൂടെ അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്ക ദൈവം നിന്റെ പ്രവൃത്തികളില്‍ പ്രസാദിച്ചിരിക്കുന്നുവല്ലോ.

8 നിന്റെ വസ്ത്രം എല്ലായ്പോഴും വെള്ളയായിരിക്കട്ടെ; നിന്റെ തലയില്‍ എണ്ണ കുറയാതിരിക്കട്ടെ.

9 സൂര്യന്നു കീഴെ അവന്‍ നിനക്കു നല്കിയിരിക്കുന്ന മായയായുള്ള ആയുഷ്കാലത്തൊക്കെയും നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടെ മായയായുള്ള നിന്റെ ആയുഷ്കാലമെല്ലാം സുഖിച്ചുകൊള്‍ക; അതല്ലോ ഈ ആയുസ്സിലും സൂര്യന്റെ കീഴില്‍ നീ ചെയ്യുന്ന പ്രയത്നത്തിലും നിനക്കുള്ള ഔഹരി.

10 ചെയ്‍വാന്‍ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തില്‍ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.

11 പിന്നെയും ഞാന്‍ സൂര്യന്നു കീഴെ കണ്ടതുവേഗതയുള്ളവര്‍ ഔട്ടത്തിലും വീരന്മാര്‍ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികള്‍ക്കു ആഹാരവും വിവേകികള്‍ക്കു സമ്പത്തും സാമര്‍ത്ഥ്യമുള്ളവര്‍ക്കും പ്രീതിയും ലഭിക്കുന്നില്ല; അവര്‍ക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നതു.

12 മനുഷ്യന്‍ തന്റെ കാലം അറിയുന്നില്ലല്ലോ; വല്ലാത്ത വലയില്‍ പിടിപെടുന്ന മത്സ്യങ്ങളെപ്പോലെയും കണിയില്‍ അകപ്പെടുന്ന പക്ഷികളെപ്പോലെയും മനുഷ്യര്‍, പെട്ടെന്നു വന്നു കൂടുന്ന ദുഷ്കാലത്തു കണിയില്‍ കുടുങ്ങിപ്പോകുന്നു.

13 ഞാന്‍ സൂര്യന്നു കീഴെ ഇങ്ങനെയും ജ്ഞാനം കണ്ടു; അതു എനിക്കു വലുതായി തോന്നി;

14 ചെറിയോരു പട്ടണം ഉണ്ടായിരുന്നു; അതില്‍ മനുഷ്യര്‍ ചുരുക്കമായിരുന്നു; വലിയോരു രാജാവു അതിന്റെ നേരെ വന്നു, അതിനെ നിരോധിച്ചു, അതിന്നെതിരെ വലിയ കൊത്തളങ്ങള്‍ പണിതു.

15 എന്നാല്‍ അവിടെ സാധുവായോരു ജ്ഞാനി പാര്‍ത്തിരുന്നു; അവന്‍ തന്റെ ജ്ഞാനത്താല്‍ പട്ടണത്തെ രക്ഷിച്ചു; എങ്കിലും ആ സാധുമനുഷ്യനെ ആരും ഔര്‍ത്തില്ല.

16 ജ്ഞാനം ബലത്തെക്കാള്‍ നല്ലതു തന്നേ, എങ്കിലും സാധുവിന്റെ ജ്ഞാനം തുച്ഛീകരിക്കപ്പെടുന്നു; അവന്റെ വാക്കു ആരും കൂട്ടാക്കുന്നതുമില്ല എന്നു ഞാന്‍ പറഞ്ഞു.

17 മൂഢന്മാരെ ഭരിക്കുന്നവന്റെ അട്ടഹാസത്തെക്കാള്‍ സാവധാനത്തില്‍ പറയുന്ന ജ്ഞാനികളുടെ വചനങ്ങള്‍ നല്ലതു.

18 യുദ്ധായുധങ്ങളെക്കാളും ജ്ഞാനം നല്ലതു; എന്നാല്‍ ഒരൊറ്റ പാപി വളരെ നന്മ നശിപ്പിച്ചുകളയുന്നു.

സഭാപ്രസംഗി 10

1 ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു; അല്പഭോഷത്വം ജ്ഞാനമാനങ്ങളെക്കാള്‍ ഘനമേറുന്നു.

2 ജ്ഞാനിയുടെ ബുദ്ധി അവന്റെ വലത്തുഭാഗത്തും മൂഢന്റെ ബുദ്ധി അവന്റെ ഇടത്തുഭാഗത്തും ഇരിക്കുന്നു.

3 ഭോഷന്‍ നടക്കുന്ന വഴിയില്‍ അവന്റെ ബുദ്ധി ക്ഷയിച്ചുപോകുന്നു; താന്‍ ഭോഷന്‍ എന്നു എല്ലാവര്‍ക്കും വെളിവാക്കും.

4 അധിപതിയുടെ കോപം നിന്റെ നേരെ പൊങ്ങുന്നു എങ്കില്‍ നീ നിന്റെ സ്ഥലം വിട്ടുമാറരുതു; ക്ഷാന്തി മഹാപാതകങ്ങളെ ചെയ്യാതിരിപ്പാന്‍ കാരണമാകും.

5 അധിപതിയുടെ പക്കല്‍നിന്നു പുറപ്പെടുന്ന തെറ്റുപോലെ ഞാന്‍ സൂര്യന്നു കീഴെ ഒരു തിന്മ കണ്ടു;

6 മൂഢന്മാര്‍ ശ്രേഷ്ഠപദവിയില്‍ എത്തുകയും ധനവാന്മാര്‍ താണനിലയില്‍ ഇരിക്കയും ചെയ്യുന്നതു തന്നേ.

7 ദാസന്മാര്‍ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാര്‍ ദാസന്മാരെപ്പോലെ കാല്‍നടയായി നടക്കുന്നതും ഞാന്‍ കണ്ടു.

8 കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും; മതില്‍ പൊളിക്കുന്നവനെ പാമ്പു കടിക്കും.

9 കല്ലു വെട്ടുന്നവന്നു അതുകൊണ്ടു ദണ്ഡം തട്ടും; വിറകു കീറുന്നവന്നു അതിനാല്‍ ആപത്തും വരും.

10 ഇരിമ്പായുധം മൂര്‍ച്ചയില്ലാഞ്ഞിട്ടു അതിന്റെ വായ്ത്തല തേക്കാതിരുന്നാല്‍ അവന്‍ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; ജ്ഞാനമോ, കാര്യസിദ്ധിക്കു ഉപയോഗമുള്ളതാകുന്നു.

11 മന്ത്രപ്രയോഗം ചെയ്യുംമുമ്പെ സര്‍പ്പം കടിച്ചാല്‍ മന്ത്രവാദിയെ വിളിച്ചിട്ടു ഉപകാരമില്ല.

12 ജ്ഞാനിയുടെ വായിലെ വാക്കു ലാവണ്യമുള്ളതു; മൂഢന്റെ അധരമോ അവനെത്തന്നേ നശിപ്പിക്കും.

13 അവന്റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്വവും അവന്റെ സംസാരത്തിന്റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നേ.

14 ഭോഷന്‍ വാക്കുകളെ വര്‍ദ്ധിപ്പിക്കുന്നു; സംഭവിപ്പാനിരിക്കുന്നതു മനുഷ്യന്‍ അറിയുന്നില്ല; അവന്റെ ശേഷം ഉണ്ടാകുവാനുള്ളതു ആര്‍ അവനെ അറിയിക്കും?

15 പട്ടണത്തിലേക്കു പോകുന്ന വഴി അറിയാത്ത മൂഢന്മാര്‍ തങ്ങളുടെ പ്രയത്നത്താല്‍ ക്ഷീണിച്ചുപോകുന്നു.

16 ബാലനായ രാജാവും അതികാലത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു അയ്യോ കഷ്ടം!

17 കുലീനപുത്രനായ രാജാവും മദ്യപാനത്തിന്നല്ല ബലത്തിന്നു വേണ്ടി മാത്രം തക്കസമയത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു ഭാഗ്യം!

18 മടിവുകൊണ്ടു മേല്പുര വീണുപോകുന്നു; കൈകളുടെ ആലസ്യംകൊണ്ടു വീടു ചോരുന്നു.

19 സന്തോഷത്തിന്നായിട്ടു വിരുന്നു കഴിക്കുന്നു; വീഞ്ഞു ജീവനെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിന്നും ഉതകുന്നു.

സഭാപ്രസംഗി 11

1 നിന്റെ അപ്പത്തെ വെള്ളത്തിന്മേല്‍ എറിക; ഏറിയനാള്‍ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും;

2 ഒരു ഔഹരിയെ ഏഴായിട്ടോ എട്ടായിട്ടോ വിഭാഗിച്ചുകൊള്‍ക; ഭൂമിയില്‍ എന്തു അനര്‍ത്ഥം സംഭവിക്കും എന്നു നീ അറിയുന്നില്ലല്ലോ.

3 മേഘം വെള്ളംകൊണ്ടു നിറഞ്ഞിരുന്നാല്‍ ഭൂമിയില്‍ പെയ്യും; വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീണാല്‍ വീണെടത്തു തന്നേ കിടക്കും.

4 കാറ്റിനെ വിചാരിക്കുന്നവന്‍ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവന്‍ കൊയ്കയുമില്ല.

5 കാറ്റിന്റെ ഗതി എങ്ങോട്ടെന്നും ഗര്‍ഭിണിയുടെ ഉദരത്തില്‍ അസ്ഥികള്‍ ഉരുവായ്‍വരുന്നതു എങ്ങനെ എന്നും നീ അറിയാത്തതുപോലെ സകലവും ഉണ്ടാക്കുന്ന ദൈവത്തിന്റെ പ്രവൃത്തികളെ നീ അറിയുന്നില്ല. രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെ കൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.

6 വെളിച്ചം മനോഹരവും സൂര്യനെ കാണുന്നതു കണ്ണിന്നു ഇമ്പവുമാകുന്നു.

7 മനുഷ്യന്‍ ബഹുകാലം ജീവിച്ചിരിക്കുന്നു എങ്കില്‍ അവന്‍ അതില്‍ ഒക്കെയും സന്തോഷിക്കട്ടെ; എങ്കിലും അന്ധകാരകാലം ദീര്‍ഘമായിരിക്കും എന്നും അവന്‍ ഔര്‍ത്തുകൊള്ളട്ടെ; വരുന്നതൊക്കെയും മായ അത്രേ.

8 യൌവനക്കാരാ, നിന്റെ യൌവനത്തില്‍ സന്തോഷിക്ക; യൌവനകാലത്തില്‍ നിന്റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്കു ഇഷ്ടമുള്ള വഴികളിലും നിനക്കു ബോധിച്ചവണ്ണവും നടന്നുകൊള്‍ക; എന്നാല്‍ ഇവ ഒക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക.

9 ആകയാല്‍ നിന്റെ ഹൃദയത്തില്‍നിന്നു വ്യസനം അകറ്റി, നിന്റെ ദേഹത്തില്‍നിന്നു തിന്മ നീക്കിക്കളക; ബാല്യവും യൌവനവും മായ അത്രേ.

സഭാപ്രസംഗി 12

1 നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഔര്‍ത്തുകൊള്‍ക; ദുര്‍ദ്ദിവസങ്ങള്‍ വരികയും എനിക്കു ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കയും

2 സൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകയും മഴ പെയ്ത ശേഷം മേഘങ്ങള്‍ മടങ്ങി വരികയും ചെയ്യുംമുമ്പെ തന്നേ.

3 അന്നു വീട്ടുകാവല്‍ക്കാര്‍ വിറെക്കും; ബലവാന്മാര്‍ കുനിയും; അരെക്കുന്നവര്‍ ചുരുക്കമാകയാല്‍ അടങ്ങിയിരിക്കും; കിളിവാതിലുകളില്‍കൂടി നോക്കുന്നവര്‍ അന്ധന്മാരാകും;

4 തെരുവിലെ കതകുകള്‍ അടയും; അരെക്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിങ്കല്‍ ഉണര്‍ന്നുപോകും; പാട്ടുകാരത്തികള്‍ ഒക്കെയും തളരുകയും ചെയ്യും;

5 അന്നു അവര്‍ കയറ്റത്തെ പേടിക്കും; വഴിയില്‍ ഭീതികള്‍ ഉള്ളതായി തോന്നും; ബദാംവൃക്ഷം പൂക്കും; തുള്ളന്‍ ഇഴഞ്ഞുനടക്കും; രോചനക്കുരു ഫലിക്കാതെ വരും; മനുഷ്യന്‍ തന്റെ ശാശ്വതഭവനത്തിലേക്കു പോകും; വിലാപം കഴിക്കുന്നവര്‍ വീഥിയില്‍ ചുറ്റി സഞ്ചരിക്കും.

6 അന്നു വെള്ളിച്ചരടു അറ്റുപോകും; പൊന്‍ കിണ്ണം തകരും; ഉറവിങ്കലെ കുടം ഉടയും; കിണറ്റിങ്കലെ ചക്രം തകരും.

7 പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.

8 ഹാ മായ, മായ, സകലവും മായ അത്രേ എന്നു സഭാപ്രസംഗി പറയുന്നു.

9 സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവന്‍ ജനത്തിന്നു പരിജ്ഞാനം ഉപദേശിച്ചു കൊടുക്കയും ചിന്തിച്ചു ശോധന കഴിച്ചു അനേകം സദൃശവാക്യം ചമെക്കയും ചെയ്തു.

10 ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാന്‍ സഭാപ്രസംഗി ഉത്സാഹിച്ചു.

11 ജ്ഞാനികളുടെ വചനങ്ങള്‍ മുടിങ്കോല്‍പോലെയും, സഭാധിപന്മാരുടെ വാക്കുകള്‍ തറെച്ചിരിക്കുന്ന ആണികള്‍പോലെയും ആകുന്നു; അവ ഒരു ഇടയനാല്‍ തന്നേ നല്കപ്പെട്ടിരിക്കുന്നു.

12 എന്നാല്‍ എന്റെ മകനേ, പ്രബോധനം കൈക്കൊള്‍ക; പുസ്തകം ഔരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല; അധികം പഠിക്കുന്നതു ശരീരത്തിന്നു ക്ഷീണം തന്നേ.

13 എല്ലാറ്റിന്റെയും സാരം കേള്‍ക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊള്‍ക; അതു ആകുന്നു സകല മനുഷ്യര്‍ക്കും വേണ്ടുന്നതു.

14 ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.